മഴപോൽ: ഭാഗം 17

mazhapol

എഴുത്തുകാരി: മഞ്ചാടി

""വാവാച്ചി.... മ്മക്ക്.... കുളിക്കാം.... ന്നിട്ട് പുതിയ ഉടുപ്പിടാം.... മഹ്ഹ്....കരയല്ലേടാ... മ്മക്ക് വെള്ളത്തിൽ കച്ചണ്ടേ..... ഡാ... കണ്ണാ...."" വാവിട്ട കരയുന്ന ഉണ്ണിക്കുട്ടനെ കാതിൽ സ്വകാര്യം പോലെ പറഞ്ഞതും കരഞ്ഞു വീർത്ത കണ്ണുകൾ വിടർന്നു.... ഉണ്ടക്കവിളിൽ പതിയെ നുണക്കുഴികൾ തെളിയുന്നുണ്ട്.... ""ബെല്ലത്തി.... കച്ചണം...."" (വെള്ളത്തിൽ കളിക്കണം ) കുഞ്ഞരി പല്ല് കാണിച്ച് ചിരി തൂകുന്ന ഉണ്ണിക്കുട്ടന്റെ കുഞ്ഞു നെറ്റിയിൽ വാത്സല്യത്തോടെ അല്ലി വീണ്ടുമൊന്ന് മുത്തി പിന്നെ അവനേയും തോളിലിട്ട് കുളി മുറിയിലേക്ക് നടന്നിരുന്നു... നടുവിലായുള്ള തണുത്ത വെള്ളം നിറച്ച വലിയ തട്ടിൽ ഉണ്ണിക്കുട്ടനെ ഇരുത്തിയതും കുളിരു കോരി പൊട്ടി ചിരിക്കുന്നുണ്ടവൻ... ""ഹീ... ഹീ... മ്മാ... തക്കുണു...."" ""ആണോടാ.... തക്കുടു.... ന്റെ കുട്ടന് തണുക്കുന്നുണ്ടോ.... നമ്മക്ക് വേഗം കുളിക്കാവേ..."" ചെറിയ കോപ്പയിൽ വെള്ളം കോരി അവന്റെ കുഞ്ഞു മേനിയിൽ ഒഴിക്കുമ്പോൾ ആഹ്ലാദത്തിൽ കിടന്ന് തുള്ളുന്നുണ്ടാ കുട്ടി കുറുമ്പൻ.... ""ചോപ്പ്.... തേക്കമ്മേ...."" ""ചോപ്പ് തേച്ച് നമ്മക്ക് ഉച്ചക്ക് കുളിക്കാട്ടോ....ഇപ്പൊ അമ്മേടെ വാവക്ക് തണുക്കും...."" ഉണ്ണിക്കുട്ടന്റെ മേൽ കഴുകി കഴിഞ്ഞതും കുഞ്ഞു തോർത്ത് കൊണ്ട് ദേഹം പെട്ടന്ന് തുടച്ചു കൊടുത്തു....തണുപ്പേറ്റ് കൂട്ടിയിടിക്കുന്ന പാൽ പല്ലുകളുടെ ശബ്ദം കേട്ട് കുറച്ച് നേരം മാറിലേക്ക് അണച്ചു പിടിച്ചിരുന്നവൾ...പുറത്ത് മരം കോച്ചും തണുപ്പാണ്....

അത് കൊണ്ടാണെന്ന് തോന്നുന്നു വെള്ളത്തിൽ കളിക്കാൻ ഉണ്ണിക്കുട്ടൻ വാശി പിടിക്കാഞ്ഞത്..... അല്ലെങ്കിൽ വെള്ളച്ചെമ്പിലിരുന്ന് കളിക്കുന്നതിനിടെ എങ്ങാനും എടുത്ത് കൊടുന്നാൽ കരഞ്ഞ് ബഹളം വെക്കുന്നതാ.... അല്ലിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കിടപ്പാണവൻ... ഇടക്ക് കുറുകി കൊണ്ട് കൂടുതലായവളോട് അള്ളി പിടിച്ചു കിടന്നു... തണുപ്പ് മാറിയിട്ടില്ലെന്ന് തോന്നുന്നു.... വേഗം അലമാര തുറന്ന് ഒരു കുട്ടി കുപ്പായവും ട്രൗസറും ഇട്ടു കൊടുത്തു.... ""അമ്മേടെ കുഞ്ഞാപ്രിക്ക് ഉറങ്ങണ്ടേ.... മ്മ്ഹ്... ഉറങ്ങണ്ടേ.... അമ്മ പാട്ട് പാടി തരാവേ.... വാവാ... വോ.. വാവേ...." തോളിൽ കിടന്നിരുന്ന ഉണ്ണിക്കുട്ടനെ വിവിയേട്ടന്റെ അടുത്തായി കിടത്തുകയായിരുന്നവൾ.... നെറ്റിയിലും കവിളിലുമായി തുരു തുരെ ഉമ്മ വെച്ച് കൊണ്ടിരുന്നു.....ലൈറ്റണച്ചവൾ തിരികെ വന്ന് കിടന്നപ്പോഴേക്കും അച്ഛനും മോനും നല്ല കളിയാ.... ""ഒച്ചോളി ഒളി ഒളി... കണ്ടേ.... ഒളിച്ചേ.... കണ്ടേ..."" പുതപ്പിനുള്ളിൽ കിടന്ന് കൊണ്ടുള്ള ഉണ്ണിക്കുട്ടന്റെ കുടു കുടേയുള്ള ചിരി ഉയർന്നു കേൾക്കുന്നുണ്ട്... പുതപ്പ് മുഖത്തിട്ട് വിവിയേട്ടൻ ഒളിക്കും.... ഉണ്ണിക്കുട്ടൻ കുഞ്ഞിക്കാല് വെച്ച് ഏന്തി വലിഞ്ഞ് പുതപ്പ് വലിച്ചിടും... എന്നിട്ട് അച്ഛന്റെ മുഖം കാണുമ്പോൾ പൊട്ടി ചിരിക്കും.... എന്ത് രാസാന്നറിയോ ആ കുഞ്ഞാപ്രീടെ കൂടെ കളിക്കാൻ.... ""ഹമ്പടാ.... അച്ചേടെ കൂടെ കളിച്ചിരിക്കാണോടാ കുന്നിമണി.... ഉറങ്ങണ്ടേ നിനക്ക്...."" കട്ടിലിൽ കമിഴ്ന്നു കിടന്ന് രണ്ട് കയ്യും താടക്ക് കൊടുത്ത് അച്ഛനും മോനും കൂടി കിടന്ന് കുത്തി മറിയുന്നത് ഒരു ചിരിയോടെ അല്ലി പെണ്ണ് നോക്കി നിന്നു...വിവിയേട്ടന്റെ വിരലുകൾ ഇടയ്ക്കിടെ അവളിൽ കുസൃതി കാട്ടുന്നുണ്ട്... ""അമ്മ ബാ കച്ചാ.... ഒച്ച് കച്ചാ..."" ""ആണോടാ....ഒളിച്ചു കളിക്കണോ....""

അല്ലി പെണ്ണ് സ്നേഹത്തോടെ ഉണ്ണിക്കുട്ടന്റെ നെറ്റിയിലൊന്ന് നെറ്റി മുട്ടിച്ചു.... കുഞ്ഞികവിളിൽ മൃദുവായി ഒന്ന് പിച്ചി.... ""വാടി.... നമ്മക്ക് കളിക്കാന്നെ... നല്ല രസാ... അല്ലേടാ കുഞ്ഞാപ്രീ...."" അല്ലി പെണ്ണിനെ പിടിച്ചു വലിച്ച് വിവിയേട്ടൻ അടുത്തിരുത്തി. ശേഷം പുതപ്പിനുള്ളിലേക്ക് അവളെയും കൊണ്ട് നുണഞ്ഞു കയറുമ്പോൾ ഉണ്ണിക്കുട്ടൻ കുണുങ്ങി... കുണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു ... ""ഒളിച്ചേ.. അമ്മയും അച്ഛയും ഒളിച്ചേ.... ഉണ്ണിക്കുട്ടൻ ഇനി കണ്ടു പിടിച്ചേ...."" പുതപ്പിനുള്ളിലിരുന്ന് അല്ലി പെണ്ണിനോട് കുറുമ്പ് കൂടുകയായിരുന്നു വിവിയേട്ടൻ...കഴുത്തിനിടയിലേക്ക് വിവിയേട്ടന്റെ നിശ്വാസമേറ്റതും അല്ലി പെണ്ണൊന്ന് പിടഞ്ഞു മാറി.... ""ദേ.... മാഷേ കളിക്കല്ലേ കൊച്ച് കാണുവേ..."" വിവിയേട്ടന്റെ ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയും കണ്ണിലെ അടങ്ങാത്ത പ്രണയവും താങ്ങാനാവാതെ പെണ്ണിന്റെ മിഴികൾ താഴ്ന്നു പോയി... വീണ്ടുമവന്റെ കുസൃതികൾ ഏറി വന്നതും തുടയിൽ ഊക്കാനൊരടി വെച്ച് കൊടുത്തവൾ... അപ്പോഴേക്കും അവരെ മറച്ചിരുന്ന പുതപ്പ് വലിച്ചിട്ട് ഉണ്ണിക്കുട്ടൻ അച്ഛന്റെ മടിയിലേക്ക് ചാടിയിരുന്നു.... ഒത്തിരി നേരം കളിച്ചതും ഉണ്ണിക്കുട്ടന് ക്ഷീണം കുടുങ്ങി അല്ലിയുടെ മാറിലേക്ക് ചാഞ്ഞു.... കുഞ്ഞി കൺപോളകൾ മെല്ലെ ഉറക്കം തൂങ്ങിയതും അല്ലി അവന്റെ പുറം തോളിൽ പതിയെ തട്ടി കൊടുത്തു.... എതോ താരാട്ട് പാട്ട് നേർത്ത ശബ്ദത്തിൽ മൂളുന്നുണ്ടവൾ.... വിവിയേട്ടൻ കണ്ണുകളടച്ച് ആ പെണ്ണിന്റെ മടിയിൽ കിടപ്പുണ്ട്.... അവന്റെ കുറു നിരകളിലൂടെ ഇടയ്ക്കിടെ അല്ലി പെണ്ണൊന്ന് വിരലോടിക്കുകയും ചെയ്തു...

ഉണ്ണിക്കുട്ടൻ ഉറങ്ങി കഴിഞ്ഞതും കട്ടിലിൽ പതിയെ കിടത്തി ചുറ്റും തലയിണ കൊണ്ട് വേലി തീർത്തു... വിവിയേട്ടനെ നോക്കുമ്പോൾ ചുണ്ടിലൊരു കുസൃതി ചിരിയോടെ ആ പെണ്ണിന്റെ ഓരോ ചെയ്തികളും വീക്ഷിച്ച് ഇരിക്കാ.... ""അല്ലി കൊച്ചേ... കുഞ്ഞാപ്രീ.... ഉറക്കയില്ലേ... ഇത്തിരി നേരം നമ്മുക്കൊന്ന് പ്രേമിച്ചാലോ..."" അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞവളെ നെഞ്ചിലേക്ക് പിടിച്ചിട്ടവൻ.... നാണം കുണുങ്ങി നിന്നവളുടെ കവിളിലൂടെ പതിയെ വിരലോടിച്ചു....അരയിലൂടെ വട്ടം പിടിച്ച് കൂടുതലായവളെ ചേർത്ത് നിർത്തി... ""അയ്യടാ... മാഷേ ആ പൂതി അങ്ങ് വാങ്ങി വെച്ചേക്ക്.... നിക്ക് അടുക്കളേൽ നൂറൂട്ടം പണിയാ.... ഉണ്ണിക്കുട്ടൻ ഉണർന്നാലേ പിന്നെ നിന്ന് തിരിയാൻ സമ്മതിക്കില്ല.... അത് കൊണ്ടേ മോനിപ്പോ കൊച്ചിനേം കെട്ടി പിടിച്ച് ചാച്ചിക്കോ.... നേരം ആറര കഴിഞ്ഞു..."" അവനിൽ നിന്നും കുതറി മാറിയവൾ എഴുന്നേറ്റിരുന്നു. സ്വിച്ചമർത്തി ലൈറ്റണച്ച് അടുക്കളയിലേക്ക് പോകുന്നതിന് മുന്നേ ചിണുങ്ങി നിന്ന വിവിയേട്ടന്റെ കവിളിൽ പിടി മുറിക്കിയൊരു മുത്തവും കൊടുത്തു...  വെന്ത് മുരിഞ്ഞു വന്ന 'ദോശ' കല്ലിൽ നിന്നും ഇളക്കിയെടുത്ത് കാസ്രോളിലേക്ക് മാറ്റുന്ന അല്ലിയെ വിവിയേട്ടൻ പമ്മി ചെന്ന് പിന്നിലൂടെ ഇറുകെ പുണർന്നു...താടി രോമങ്ങൾ പുറം കഴുത്തിൽ ഉരസിയതും ഇക്കിളി കൊണ്ട് അല്ലി പിടയുന്നുണ്ട്.... ""ന്ത്യേ.... മാഷ് ഉറങ്ങിയില്ലേ...."" "'മ്മ്ഹ്ഹ്.... കിടന്നിട്ട് ഉറക്കം വന്നില്ല..... അപ്പൊ നേരെ ഇങ്ങ് പോന്നു...."" ""ഉവ്വോ... ന്നിട്ട് ഉണ്ണിക്കുട്ടൻ ഉണർന്നോ മാഷേ...."" ""മ്മ്ഹ്ഹ്..... കുഞ്ഞാപ്രി നല്ലൊറക്കാ....."' അടുപ്പോഫാക്കി അടച്ചു വെച്ച കാസ്രോൾ വീണ്ടും തുറന്നവൾ വെന്ത ദോശയിൽ നിന്നും ചെറിയൊരു കഷ്ണം മുറിച്ചെടുത്തു... മുഖം തിരിച്ച് വിവിയേട്ടന്റെ വായിലേക്ക് തിരുകി കൊടുത്തിരുന്നു.... ഒരു കുസൃതി ചിരിയോടെ വീണ്ടുമവളുടെ പുറം കഴുത്തിൽ താടിരോമങ്ങളമർത്തി ഇക്കിളിപ്പെടുത്തി....

""മാഷേ അടങ്ങിക്കെ...."" ഏറെ നേർത്തതായിരുന്നവളുടെ ശബ്ദം...അവളിലെ വിറയലും വെപ്രാളവും ഉള്ളിൽ നിറഞ്ഞു കവിഞ്ഞ പ്രേമത്തോടെ ആ പെണ്ണിന്റെ മാഷ് നിന്നാസ്വധിക്കുകയായിരുന്നു... ""കൊച്ചൊരണ്ണം.... ആയില്ലേ പെണ്ണെ.... ഇത് വരെ മാറിയില്ലേ.. ഈ വെപ്രാളം...മ്മ്മ് പെണ്ണെ.... ന്റെ ഏലക്കാ ചായ എന്ത്യേ...."" കാതരികിൽ വീണ്ടും ഒരു സ്വകാര്യമെന്ന പോലെ ചോദിച്ചു.... തിണ്ണയിൽ വെച്ചിരുന്ന ചായ പത്രത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വെക്കുമ്പോളും തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ഏലക്ക പൊടിയവൾ തൂവുമ്പോഴും വിവിയേട്ടൻ അല്ലി പെണ്ണിന്റെ വയറിലൂടെ ചുറ്റി പിടിച്ച കൈകൾ അടർത്തി മാറ്റിയിരുന്നില്ല... ഏറെ പ്രേമത്തോടെ തോളിൽ തല ചായ്ച്ചു കിടന്നു... ""മാഷേ ചായ...."" ചായ കപ്പ് പിടിച്ച് പുറം തിരിഞ്ഞു നിന്നവളെ മുന്നിലേക്ക് പിടിച്ചു നിർത്തി....കപ്പ് മുന്നിലേക്കവൾ നീട്ടിയെങ്കിലും വാങ്ങാതെ അൽപ്പ നേരം അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു..... നാണാത്താൽ രക്ത വർണ്ണം പടർന്ന മുഖമവനിലേക്ക് അടുപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ ഉണ്ണിക്കുട്ടൻ ഉണർന്ന് കരച്ചിൽ തുടങ്ങിയിരുന്നു.... വിവിയേട്ടന്റെ ചുണ്ടുകൾ പരിഭവത്തോടെ പുറത്തേക്കുന്നത്തുന്നത് അടക്കി പിടിച്ച ചിരിയോടെ അല്ലി കൊച്ച് നോക്കി നിന്നു....….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 16

Share this story