മഴപോൽ: ഭാഗം 22

mazhapol

എഴുത്തുകാരി: മഞ്ചാടി

""അമ്പൂട്ടി....ഉറക്കെ പറ നിക്ക് കേൾക്കണില്ല...."" നേർത്ത് വരുന്നവളുടെ ശബ്ദം കേട്ടതും ചിണുങ്ങി കൊണ്ടവൻ അവളോട് കൂടുതൽ പറ്റി ചേർന്ന് കിടന്നു... അമ്പിളി പെണ്ണപ്പോൾ നിശ്ചലമായിരുന്നു.... കവിൾ തടങ്ങൾ ആ ഭ്രാന്തനോടുള്ള അടങ്ങാത്ത പ്രണയത്താൽ ചെഞ്ചോപ്പണിഞ്ഞു....അധരങ്ങൾ ഏറെ ചേലോടെ വിറ പൂണ്ടു.... മൂക്കിന്റെ തുമ്പിലെ ഒറ്റക്കൽ മൂക്കുത്തിക്ക് ഇത്തിരി കൂടി ചന്തമേറിയത് പോലെ.... ""ഉ... ഉണ്ണിയേട്ടാ...."" ഒത്തിരി ലജ്ജയോടെ കുഞ്ഞി ശബ്ദത്തിലവൾ വിളിച്ചു...വയറിൽ മുഖം പൂഴ്ത്തി കിടന്നവൻ പെട്ടന്ന് മുഖമുയർത്തി.... നാല് മിഴികൾ പരസ്പരം ഇടഞ്ഞ നിമിഷം....ആ പെണ്ണിന്റെ കണ്ണിലെ ഗോളങ്ങൾ എന്തിനോ വേണ്ടി പിടക്കുന്നത് ഏറെ കൗതുകത്തോടെയവൻ നോക്കി കിടന്നു.... ""അമ്പൂട്ടി.... അനങ്ങല്ലേ..."" അമ്പൂട്ടിയുടെ മടിയിൽ കിടന്നിരുന്ന ഉണ്ണിക്കുട്ടൻ പിടഞ്ഞെഴുന്നേറ്റു....അവന്റെ പാതിരാ കണ്ണുകൾ ആ പെണ്ണിന്റെ തുടുത്ത കവിളിലും പുരികക്കൊടികൾക്കിടയിലെ തൊട്ടു വെച്ച കുഞ്ഞു പൊട്ടിലും പാഞ്ഞു കൊണ്ടിരുന്നു....

പിന്നെ പനി വന്ന് ചെറുതായി കുഴിഞ്ഞു പോയ അവളുടെ കൺ തടങ്ങളിൽ വീണു കിടക്കുന്ന പീലിയിൽ അവ തറഞ്ഞു നിന്നു... ""ദേ..അമ്പൂട്ടി അനങ്ങല്ലേ.... ട്ടോ...."" ഉണ്ണിക്കുട്ടനിൽ ഒരു തരം ഉത്സാഹമായിരുന്നു...ആ ഭ്രാന്തനിൽ നിന്നുതിരുന്ന ഓരോ നോട്ടവും താങ്ങാനാവാതെ അമ്പിളി പെണ്ണിന്റെ കണ്മണികൾ ഉഴറി കൊണ്ടിരുന്നു.... ഏതൊക്കെയോ കോണിലൂടെ നാണം ഉള്ളിലേക്ക് ഇരിച്ചു കയറുന്നത് പോലെ തോന്നിയവൾക്ക്.... ""എന്താ... എന്താ... ഉ... ഉണ്ണിയേട്ടാ.... ഇങ്ങനെ നോക്കുന്നെ...."" വാക്കുകളിൽ പതർച്ച കലർന്നു...മൂക്കിൻ തുമ്പിൽ ഉണ്ണിയേട്ടന്റെ നിശ്വാസം പതിഞ്ഞതും....നിറഞ്ഞ പരവേഷത്തോടെയവൾ കിടക്കവിരിയിൽ മുറുകെ പിടിച്ചു... ""ദേ... ഇത് കണ്ടോ അമ്പൂട്ടി.... കൺ പീലി.... അമ്പൂട്ടി ആദ്യം കണ്ണടച്ചേ... ന്നിട്ട് എന്ത് വേണേലും ആഗ്രഹിക്ക്‌...."" കൊഴിഞ്ഞു വീണൊരു കൺ പീലി അമ്പൂട്ടിയുടെ മുഖത്ത് നിന്നും മെല്ലെ നുള്ളിയെടുത്തു... കണ്ണുകൾ ആവേശത്തോടെ വിടരുന്നുണ്ടായിരുന്നു..... ചൊടികളിൽ ഒരു കുസൃതി ചിരി മൊട്ടിട്ടു....

എന്നിട്ടവളുടെ ചുരുട്ടി പിടിച്ചിരുന്ന കൈ മുന്നിലേക്ക് നീട്ടി പിടിപ്പിച്ചു.... പിന്നെ ഏറെ സൂക്ഷ്മതയോടെ ആ കൺ പീലി അവളുടെ ഉള്ളം കയ്യിൽ ഇട്ടു കൊടുത്തു.. അവന്റെ ഓരോ ചെയ്തികളേയും ഉള്ളിൽ നിറഞ്ഞ പ്രേത്തോടെ ഉറ്റു നോക്കിയിരിക്കുന്നവളെ അവനൊന്ന് പിടിച്ചുലച്ചു... ""അമ്പൂട്ടി..... വിചാരിച്ചോ.... പെട്ടന്ന് വിചാരിക്ക് അമ്പൂട്ടി....."" ഉണ്ണിയേട്ടനെ പ്രേമിച്ച് ഇനിയും ഒത്തിരി കാലം അവനോടൊപ്പം ജീവിക്കാനും ആ ഭ്രാന്തന്റെ ഇട നെഞ്ചിലെ സ്നേഹം മതിവരുവോളം ആസ്വദിക്കാനും ആ പെണ്ണ് ഉള്ളു നിറഞ്ഞാഗ്രഹിച്ചു.... ""ഉണ്ണിയേട്ടാ.. ആഗ്രഹിച്ചു...."" ""ആഹ്.... ഇനി അമ്പൂട്ടി ന്ത്‌ ചെയ്യണം എന്നറിയോ.... കൈയ്യില് വെച്ചിരിക്കുന്ന കൺ പീലി മെല്ലെ ഒന്ന് ഊതിയാ മതി.... അമ്പൂട്ടി മനസ്സിൽ വിചാരിച്ച ആഗ്രഹം എന്തായാലും നടക്കും... ഉറപ്പാ.... നിക്കില്ലേ... ഈ കളി മുത്തശ്ശി പഠിപ്പിച്ചു തന്നതാ...."" ആ ഭ്രാന്തൻ ഏറെ നിഷ്കളങ്കതയോടെ പറയുന്ന ഓരോ കാര്യവും നിറഞ്ഞ ചിരിയോടെയവൾ കേട്ടിരുന്നു... പിന്നെ അവൻ പറഞ്ഞ പോലെ കൺപോളകൾ ചിമ്മിയടച്ചാ പീലിയെ ഊതി പറപ്പിച്ചു....

""ഉണ്ണിയേട്ടാ.... ഉറപ്പായിട്ടും ആഗ്രഹം സാധിക്കുവോ... ഹ്മ്മ് ഉറപ്പാണോ...."" ""ഉറപ്പാ.... എന്തായാലും നടക്കും "" ""ഞാനെന്താ ആഗ്രഹിച്ചേന്ന്....ന്റെ ഉണ്ണിക്കുട്ടന് അറിയണ്ടേ..."" അവന്റെ തോളിലവൾ മെല്ലെ തല വെച്ചു കിടന്നു...കനത്ത കൈ വിരലുകൾ തന്റെ വിരലിനാൽ ഏറെ ഇഷ്ടത്തോടെ കോർത്തു പിടിച്ചു... ""അയ്യോ.. അത് പറ്റില്ല... നമ്മൾ വിചാരിച്ചത് ആരോടും പറയാൻ പാടില്ല .... ആരോടേലും പറഞ്ഞാ പിന്നെ ആ ആഗ്രഹം ഒരിക്കലും നടക്കില്ലാന്ന് ന്നോട് മുത്തശ്ശി പറഞ്ഞൂലോ...."" എന്തോ വലിയ കാര്യം പോലെയവൻ പറയുന്നതും കേട്ടവൾ മിഴികൾ കൂമ്പിയടച്ച് കിടന്നു.... ഉണ്ണിയേട്ടനുമൊത്തുള്ള ഓരോ നിമിഷവും ഏറെ പ്രിയപ്പെട്ടതാകുന്നത് പോലെ.... വാതിലിൽ തുടരെ തുടരേയുള്ള മുട്ട് കേട്ടതും അമ്പൂട്ടി ചടപ്പോടെ എഴുന്നേറ്റ് കതകിനടുത്തേക്ക് നടന്നു.... ഉണ്ണിയേട്ടനോട് ചേർന്നിരുന്ന് കൊതി തീർന്നിട്ടില്ലവൾക്ക്.... കതക് തുറക്കുമ്പോൾ ഗായുവുണ്ട് മുന്നിൽ ഇളിച്ചു നിൽക്കുന്നു...നെറ്റി മെല്ലെ ചുളിഞ്ഞു വന്നു... ""സ്വർഗ്ഗത്തിലെ കട്ടുറുമ്പായെങ്കിൽ ക്ഷമിക്കണം.... പിന്നെ താഴെ ഭഗീരൻ വന്നിട്ടുണ്ട്....

വല്യച്ഛന്റെ മോനാ.... ചെന്നൈലായിരുന്നു അങ്ങേര്....ഇന്നലെ കെട്ടിയെടുത്തതാ.... വായോ... നിങ്ങളെ ഒന്നും കണ്ടിട്ടില്ലല്ലോ.... അങ്ങേര്... മുത്തശ്ശി വിളിക്കുന്നുണ്ട്....."" ഗായുവിന്റെ ശബ്ദത്തിൽ എന്തോ ഒരനിഷ്ടം നിഴലിക്കും പോലെ തോന്നിതും അമ്പിളിക്കുള്ളിൽ ഒരസ്വസ്ഥത വന്ന് മൂടി... കണ്ണാടിക്ക് മുന്നിൽ ചെന്ന് പാറിയിരുന്ന മുടി ഒന്ന് ചീകി വെച്ചു....ഉടുത്തിരുന്ന സാരി ഒന്ന് കൂടി നേരായാക്കുമ്പോഴാണ് താഴെ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്....ജനാലിലൂടെ ഒന്നെത്തി നോക്കിയതും കണ്ടത് താൻ ഇനി ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച മുഖത്തെ... ഭദ്രൻ... കൈ കാലുകൾ തളരുന്നത് പോലെ തോന്നിയവൾക്ക്.... ഹൃദയം കൂടുതൽ ഉച്ചത്തിൽ പിടച്ചു .... നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു... വല്ലാത്തൊരു ഭയം തന്നെ വരിഞ്ഞു മുറുക്കുന്നതാ പെണ്ണറിഞ്ഞു.... ധൈര്യത്തിന് വേണ്ടി കഴുത്തിൽ കിടന്ന താലി മാലയിൽ മുറുകെ പിടിച്ചു.... തിരിഞ്ഞു നോക്കുമ്പോൾ ഉണ്ണിയേട്ടനുണ്ട് കിടക്കയിൽ വണ്ടി ഉരുട്ടി കളിക്കുന്നു.... ""ഉണ്ണിയേട്ടാ.... മുത്തശ്ശി... വി .. വിളിക്കുന്നുണ്ട്....

താഴെ ആരോ വന്നിട്ടുണ്ട്.... വായോ..."" വാക്കുകളിൽ പതർച്ച നിറഞ്ഞു... ""ആരാ അമ്പൂട്ടി വന്നേക്കുന്നെ.... വിരുന്നുകാരാണോ.... ഹയ്... അപ്പൊ നിറയെ പലഹാരങ്ങൾ കൊടുന്നു കാണും...."" ""ഉണ്ണിക്കുട്ടന് പലഹാരം വേണെങ്കി അമ്പൂട്ടിയോട് പറഞ്ഞാ... മതീ ട്ടോ... അമ്പൂട്ടി ഉണ്ടാക്കി തരും... കേട്ടോടാ.... കൊതിയൻ ഉണ്ണിക്കുട്ടാ...."" കൊതിയോടെ അവളെ തന്നെ നോക്കി ഇരിക്കുന്നാ ഭ്രാന്തന്റെ മുഖം കൈ കുമ്പിളിൽ എടുത്തവൾ ഒത്തിരി... ഒത്തിരി സ്നേഹത്തോടെ നെറ്റിയിലൊന്ന് മുത്തി... പിന്നെ അലങ്കോലമായി കിടന്നിരുന്നവന്റെ മുടി ഒന്ന് ഒതുക്കി വെച്ചു കൊടുത്തു... ഉള്ളിൽ അണ പൊട്ടി ഒഴുക്കുന്ന ഭയത്തോടെ ഗോവണി പടികൾ ഇറങ്ങുമ്പോൾ അമ്പൂട്ടി തന്റെ ഉണ്ണിക്കുട്ടന്റെ കൈ ഒരു ധൈര്യതിനെന്നോണം മുറുകെ... മുറുകെ പിടിച്ചിരുന്നു .... ഉമ്മറത്ത് നിന്ന് പൊട്ടിച്ചിരിക്കലും തമാശകളും ഉയർന്ന് കേൾക്കുന്നുണ്ട്.... ""ആഹാ.... ആരിത്.... ഉണ്ണിയോ.... ഹാ ഇങ്ങനെ ഒളിച്ചു നിക്കാതെ..... ഇങ്ങോട്ട് വാടാ...."" ഭഗീരനെ കണ്ട പാടെ ഉണ്ണിയേട്ടനിൽ ഒരു തരം പരിഭ്രാന്തിയായിരുന്നു... പേടിയോടെ അമ്പൂട്ടിയുടെ പിറകിലേക്കവൻ ഒളിച്ചു നിന്നു....

""ഇതാണോ അമ്മേ.... ഇവന്റെ പെണ്ണ്.... ഹാ.... ഇത് നല്ല കഥ.... നിങ്ങളിതിന് തിന്നാനൊന്നും കൊടുക്കാറില്ലേ.... ഉണങ്ങിയ ചുള്ളിക്കമ്പ് ഇതിനേക്കാളും ഭേതാണല്ലോ....."" മുത്തശ്ശിയുടെ മടിയിൽ നീണ്ട് നിവർന്നു കിടക്കുന്ന ഭഗീരൻ ഉച്ചത്തിൽ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും വല്യമ്മ ശാസനയോടെ അവന്റെ തുടയിൽ ഊക്കാനൊരടി വെച്ചു കൊടുത്തു... ""അമ്പിളി മോൾ... ഇതൊന്നും കാര്യമാക്കണ്ടാ ട്ടോ... ഈ ഭഗീരൻ ഇങ്ങനെ തന്നെയാ...."" വല്യമ്മക്ക് നേരെ അമ്പിളിയൊരു വിളറിയ ചിരി ചിരിച്ചു... ആ പെണ്ണിന്റെ നോട്ടം മുഴുവനും ഉമ്മറ തിണ്ണയിലിരുന്ന് അവളെ തന്നെ കൊത്തി വലിക്കുന്ന ഭദ്രന്റെ കാമ കണ്ണുകളിലായിരുന്നു... """ഹും മനക്കലെ പേര് പറഞ്ഞ് എന്നെ ഭീഷണി പെടുത്തിയാൽ ഞാനങ് ഒഴിഞ്ഞു പോവും എന്ന് കരുതണ്ട.... ഭദ്രൻ മോഹിച്ചതാ നിന്റെ ഈ മെയ്യ്‌... ഒരിക്കെ ഞാൻ വരും......ഓർത്തിരുന്നോ അമ്പിളി...... """ കാതിൽ അന്നവൻ പറഞ്ഞ വാക്കുകൾ ഒരിടി മുഴക്കം പോലെ അലയടിച്ചു.... തല പെരുക്കുന്നത് പോലെ തോന്നിയവൾക്ക്....

ഭദ്രൻ അപ്പോഴും പരിഹാസം കലർന്ന വിജയചിരിയോടെ ആ പെണ്ണിന്റെ വിറക്കുന്ന ശരീരത്തെ ചൂഴ്ന്ന് നോക്കി കൊണ്ടിരുന്നു.... ഉണ്ണിയേട്ടന്റെ മറവിലേക്കവൾ പേടിയോടെ ഒളിച്ചു നിന്നു... ""നിങ്ങൾ രണ്ട് പേരും ഇതെന്താ ഒളിച്ചു കളിക്ക്യേ.... ഇങ്ങോട്ട് വാടാ.. ഉണ്ണീ.... നിന്നെ ഞാനൊന്ന് കാണട്ടെ...."" ഭഗീരൻ ഉണ്ണിയേട്ടന്റെ കൈ പിടിച്ചു വലിച്ച് അടുത്തിരുത്താൻ നോക്കിയതും ആ ഭ്രാന്തൻ ഒരു തരം വെപ്രാളത്തോടെ അവനിൽ നിന്നും കുതറി മാറി അമ്പിളി പെണ്ണിന്റെ കൈകലെ ഭയപ്പാടോടെ കോർത്തു പിടിച്ചു... ""ഹും... പെണ്ണ് കെട്ടിയപ്പോൾ... ഇവന്റെ വട്ടൊക്കെ മാറിയല്ലേ... മുത്തശ്ശി.... ഹ്മ്മ്...ഇപ്പൊ ഏത് നേരവും ഈ പെണ്ണിന്റെ കൂടെ ആണോ..."" പുച്ഛം കലർത്തിയുള്ള ഭഗീരന്റെ ചോദ്യം കേട്ടതും അമ്പിളി പെണ്ണിന്റെ മുഖം നന്നേ മങ്ങി വന്നു... അത് മനസ്സിലാക്കിയെന്നോണം മുത്തശ്ശി മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു.... ""ഇത് ഭദ്രൻ.... ഭഗീരന്റെ കൂട്ടുകാരനാ...രണ്ട് മൂന്ന് ദിവസം അവരിനി ഇവിടെ കാണും...."" മുത്തശ്ശിയുടെ ഓരോ വാക്കും ചെവിക്കുള്ളിൽ തുളച്ച് കയറിയതും അമ്പിളിക്ക് തല കറങ്ങുന്നത് പോലെ തോന്നി.... ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്നവൾ മോഹിച്ചു.................….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 21

Share this story