നന്ദവൈശാഖം: ഭാഗം 6

nanthavaishakham

A Story by സുധീ മുട്ടം

കുഞ്ഞിളം ചുണ്ടുകൾ ആർത്തിയോടെ മുലപ്പാൽ നുകർന്നു....കുഞ്ഞാറ്റയുടെ കരച്ചിലുമടങ്ങി... വൈശാഖനും അച്ഛനും പെട്ടെന്ന് മുറിവിട്ടിറങ്ങി കതക് ചാരി... മനസ്സിലുയർന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അടക്കം ചെയ്ത് വിശാഖ് മുറ്റത്തുകൂടി നടന്നു. "എവിടെ ആ ഒരുമ്പെട്ടവൾ " അലറിപ്പാഞ്ഞ് ഓടിവന്ന നളിനിക്ക് മുമ്പിലായി മാധവ് വഴി തടഞ്ഞ് നിന്നു. "നീ അങ്ങോട്ട് പോകണ്ടാ" ശാന്തനായി കഴിവതും സ്വരം മയപ്പെടുത്തി അയാൾ പറഞ്ഞു. "എനിക്കറിയണം അവളവിടെ എന്താ ചെയ്യുന്നെന്ന്" "കുഞ്ഞിന് പാല് കൊടുക്കുവാ" ഭാര്യയുടെ കാതിലടക്കം ചൊല്ലി.. കേട്ടതും അവരൊന്ന് ഞെട്ടിപ്പോയി. "മുലപ്പാലില്ലാത്ത വിധവ് എന്ത് കൊടുക്കാനാ..മാറ് മനുഷ്യ മുമ്പിൽ നിന്ന്" മാധവനെ തള്ളിയകറ്റി അകത്തേക്ക് ഓടിക്കയറി.. നളിനി മുറിയിലെത്തിയതൊന്നും നന്ദ അറിഞ്ഞില്ല..അവൾ മറ്റൊരു ലോകത്തിലായിരുന്നു.അമ്മയും കുഞ്ഞും മാത്രമുള്ള ലോകത്തിൽ.. മാറിടം നുകർന്ന് ചിരിക്കുന്ന കുഞ്ഞാറ്റയെ വേദനയോടെ നോക്കി ചിരിച്ചു..കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ സ്വയം മറന്നു പോയി.മറ്റൊന്നും ആലോചിച്ചില്ല ഓടിക്കയറി വൈശാഖിൽ നിന്ന് കുഞ്ഞിനെ വാങ്ങുമ്പോൾ വിധി തട്ടിത്തെറുപ്പിച്ച പൊന്നുമോളെയാണ് ഓർത്തത്. പാലില്ലാത്ത മാറിടം നുകർന്ന് കരച്ചിലടങ്ങിയ കുഞ്ഞാറ്റ നന്ദക്കൊരു അത്ഭുതമായി..കുഞ്ഞിനെ എടുത്തു തനിക്ക് അഭിമുഖമായി നിർത്തി കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി.കുഞ്ഞിച്ചുണ്ടുകൾ പിളർത്തി ചിരിച്ചു കാണിച്ച കുഞ്ഞിന്റെ കവിളിൽ തുരുതുരാ ഉമ്മ നൽകി. "എന്തോന്ന് കാണിക്കുവാടീ നീ കുഞ്ഞിനെ" അലറിക്കൊണ്ട് നളിനി നന്ദക്ക് നേരെ ചീറിയതും ഞെട്ടിത്തിരിഞ്ഞു നോക്കി.കൊല്ലാനുളള കലിപ്പോടെ നിൽക്കുന്നവരെ കണ്ടു പകച്ചു പോയെങ്കിലും ആദ്യത്തെ അമ്പരപ്പുമാറി തെളിഞ്ഞയൊരു പുഞ്ചിരി സമ്മാനിച്ചു.

"അമ്മയും പ്രസവിച്ചതല്ലേ പിന്നെയെന്തൊരു ചോദ്യമാണ്?" കൂസലില്ലാതെ എഴുന്നേറ്റു കുഞ്ഞാറ്റയെ മാറോട് ചേർത്തു പിടിച്ചു വെളിയിലേക്കിറങ്ങി..നളിനിക്ക് തടയാൻ കഴിഞ്ഞില്ല.നന്ദയുടെ ദേഷ്യം കുറച്ചു മുൻപ് അനുഭവിച്ചു അറിഞ്ഞതാണ്. "ഞാൻ കുഞ്ഞിനെ കൊണ്ടു പോകുവാ വൈശാഖ്‌. കാണണമെന്നുളളപ്പോൾ അങ്ങോട്ടുവാ" അനുവാദത്തിനു കാത്തു നിൽക്കാതെ കുഞ്ഞാറ്റയുമായി വീട്ടിലേക്ക് പോയി..വൈശാഖ് തറഞ്ഞങ്ങനെ നിന്നുവെങ്കിലും മാധവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. "എടാ ഭർത്താവും കുഞ്ഞും വാഴാത്തവൾ കൊച്ചിനേയും കൊണ്ടു പോയത് കണ്ടില്ലേ..പോയി വാങ്ങീട്ടു വാടാ.ഇല്ലെങ്കിലതിനെ അവൾ കൊന്നു തിന്നും.. മുറിയിൽ നിന്ന് ഇറങ്ങി വന്ന നളിനി മകനു സമീപം ചെന്ന് അലറിപ്പറഞ്ഞു. " ഒന്ന് നിർത്തുന്നുണ്ടോ.എല്ലാവരും കൂടി ബാക്കിയുള്ളവരുടെ സമാധാനം നശിപ്പിക്കുവല്ലോ" അവർ വിശ്വാസം വരാതെ മകനെ തുറിച്ചു നോക്കി..എല്ലാം കൂടി ആയപ്പോഴേക്കും അയാളുടെ തലയാകെ മന്ദിച്ചു പോയിരുന്നു.. "നന്ദ കുഞ്ഞിനെ കൊല്ലുകയോ തിന്നുകയോ ചെയ്യട്ടേ..അമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ" മുടികളിൽ കൊരുത്തി വലിച്ചു ദേഷ്യം തീർത്ത് മുറിയിലേക്ക് കയറിപ്പോയി.. "നളിനി ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്" കൈ കൂപ്പി തൊഴുത് പറഞ്ഞിട്ട് മാധവും മകനു പിന്നാലെ കയറിപ്പോയി...നളിനിയുണ്ടായൊരു പുഞ്ചിരി അവർ കണ്ടില്ല.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 "മോളേ കുഞ്ഞാറ്റ" "അതേ അച്ഛാ മോളേ ഞാനിങ്ങു കൊണ്ടുപോന്നു" നന്ദ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനു പിന്നാലെ രാമചന്ദ്രനും ഭാര്യ സരസ്വതിയും കൂടെ പോയിരുന്നു...വൈശാഖിന്റെ വീട്ടിലേക്ക് ആകുമെന്നു ഉറപ്പായിരുന്നു.മകൾ അകത്തേക്ക് ഓടിക്കയറുന്നത് കണ്ടിരുന്നു. "നമുക്കു കൂടി ചെല്ലാം..മോളെ നളിനി എന്തെങ്കിലും ചെയ്താലോ?"

അങ്ങനെയൊരു ഭയം സരസ്വതിയിൽ ഉണ്ടായിരുന്നു..അങ്ങോട്ട് പോകാനായി തുനിഞ്ഞ അവരെ അയാൾ തടഞ്ഞു നിർത്തി. "കുറച്ചു സമയം നോക്കാം സരസ്വതി.. കുഴപ്പമുണ്ടെങ്കിൽ അങ്ങോട്ട് പോകാം" ഭാര്യയെ ആശ്വസിപ്പിച്ചു പുറത്തവർ കാത്തു നിന്നു...രാമചന്ദ്രന് അറിയാം കുഞ്ഞാറ്റയുമായേ നന്ദ മടങ്ങി വരികയുളളൂന്ന്.അതങ്ങനെ തന്നെ സംഭവിച്ചു. കുഞ്ഞാറ്റയുമായി വീട്ടിലേക്ക് നടന്ന നന്ദക്ക് പിന്നാലെ അവരും നടന്നു..സരസ്വതിൽ അപ്പോഴും ഭീതി നിറഞ്ഞിരുന്നു.. മുറിയിലെത്തിയ നന്ദ കുഞ്ഞിനെ തനിക്ക് അരികിലായി കിടത്തി..കുഞ്ഞാറ്റയെ കൊഞ്ചിച്ച് തുടങ്ങിയതോടെ അവളെല്ലാ സങ്കടങ്ങളും മറന്നു.എല്ലാം കണ്ടും കേട്ടും നിന്ന അവരുടെ കണ്ണുകളും ഈറനണിഞ്ഞു. "ഇപ്പോഴാ മോളുടെ മനസ്സൊന്ന് തണുത്തത്" "അതേ സരസ്വതി" കിടപ്പുമുറിയിലേക്ക് കയറി ബെഡ്ഡിന്റെ ഓരോ ചേർന്ന് ഇരുന്നു രാമചന്ദ്രൻ.. ഭർത്താവിനു അരികിലായി സരസ്വതിയും. "എത്രാ നാളെന്നുവെച്ചാ ചേട്ടാ മോളിങ്ങനെ ഒറ്റക്ക് തീ തിന്നു ജീവിക്കുന്നത്.. നമ്മുടെ കാലശേഷം അവൾക്കാരുണ്ട്?" ഇടനെഞ്ച് രണ്ടായി പകുത്ത് മാറിയതു പോലെയൊരു നോവിറങ്ങി..വിവാഹവം കഴിച്ചയച്ച ശേഷം തനിച്ചായി ജീവിക്കേണ്ടി വരുന്ന മകളെ ഓർത്തുളള ഏത് മാതാപിതാക്കളുടെയും സങ്കടം അവരിലും നിറഞ്ഞു. "ചിന്തിക്കാഞ്ഞിട്ടല്ല നളിനി..നന്ദന്റെയും മോളുടെയും ഓർമ്മയിൽ ജീവിക്കാനായി തീരുമാനിച്ചളെ എന്തു പറഞ്ഞു മാറ്റാൻ കഴിയും.. " മറ്റൊരു വിവാഹം അതിനു സമ്മതിക്കില്ലവൾ" വേദനയോടെ ഓർത്തുപോയി... "പ്രതീക്ഷ അർപ്പിച്ചു ജീവിക്കാനായി നൽകിയ കുഞ്ഞിനെ പോലും ഈശ്വരൻ തിരികെ വിളിച്ചു "

"കരായാതെ സരസ്വതി എല്ലാം നേരെയാകും" ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ഉള്ളിലൊരു കടലിരമ്പുന്നുണ്ടായിരുന്നു.. ഒറ്റക്ക് ജീവിക്കാൻ കഴിയും ഒരു കുഞ്ഞുണ്ടെങ്കിൽ...എത്രകാലം വേണമെങ്കിലും പോരാടി ജീവിക്കാം..ഇനിയൊരു വിവാഹം കഴിപ്പിച്ചാൽ കൂടി ശാശ്വതമാകുമോന്ന് മറ്റൊരു ഭയവും മനസ്സിൽ തിളച്ചു മറിയുന്നുണ്ട്... "മകളൊന്ന് വീണു പോയാൽ.... ഓർക്കുന്തോറും പിന്നെയുമാ നീറ്റലിൽ ആ മാതാപിതാക്കൾ വെന്തുരുകി... " അമ്മേ കുഞ്ഞാറ്റക്ക് കുടിക്കാൻ പാൽ ഇരിപ്പുണ്ടാവോ?" നന്ദ കുഞ്ഞുമായി മുറിയിലേക്ക് കയറി വന്നതും സരസ്വതി എഴുന്നേറ്റു. "മോൾക്കു കുടിക്കാനുളള പാൽ ഉണ്ടല്ലോ. അമ്മ ഒന്നുകൂടി തിളപ്പിച്ച് ആറ്റി വരാം" അവർ അടുക്കളയിലേക്ക് പോയി..രാമചന്ദ്രൻ എഴുന്നേറ്റു ചെന്ന് കുഞ്ഞിനെ വാങ്ങി. "മോളൊന്ന് ഫ്രഷായി വാ.. കുഞ്ഞിനെ അച്ഛൻ നോക്കാം".. ഫ്രഷാകുന്നത് നല്ലതാണ്.. നന്ദ പോയതും രാമചന്ദ്രൻ കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി.. വൈശാഖിന്റെ തനിപ്പകർപ്പാണ് കുഞ്ഞാറ്റ... വൈശാഖ്‌ നല്ല പയ്യനാണ്...അവനെക്കൊണ്ട് നന്ദയെ വിവാഹം കഴിപ്പിക്കാൻ വലിയ ആഗ്രഹമായിരുന്നു..പക്ഷേ അവനൊരു പ്രണയം ഉണ്ടെന്ന് അറിഞ്ഞതോടെ അത് ഉപേക്ഷിച്ചു.. കുളി കഴിഞ്ഞു നന്ദ വരുമ്പോഴേക്കും തിളപ്പിച്ച് ആറ്റിയ പാലുമായി സരസ്വതിയെത്തി..കുഞ്ഞാറ്റയുമായി അവൾ മുറിയിലേക്ക് പോയി... 💙💙💙💙💙💙💙💙💙💙💙💙💙 കിടന്നിട്ട് വൈശാഖിനു ഉറക്കം വന്നില്ല...നെഞ്ചോടൊട്ടി കിടന്നിരുന്ന കുഞ്ഞാറ്റയും ഭാര്യയുമില്ല.ഓരോന്നും ഓർക്കുന്തോറും അയാളിൽ വേദന നിറഞ്ഞു നിന്നു... എങ്ങനെയെക്കയോ നേരം വെളുപ്പിച്ച ശേഷം വൈശാഖൻ രാവിലെ എഴുന്നേറ്റു നന്ദയുടെ വീട്ടിലേക്ക് പോയി..കുഞ്ഞാറ്റയെ കാണാനായി മനസ്സ് ദാഹിച്ചു.. " നന്ദ " മുറ്റത്ത് നിന്നും നീട്ടി വിളിച്ചു... കുറച്ചു സമയം കഴിഞ്ഞാണു കതക് തുറക്കപ്പെട്ടത്.. "ആഹ്..വൈശാഖ്‌ മോനോ കയറി വാ" കതക് തുറന്ന രാമചന്ദ്രൻ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.. തെല്ലൊന്ന് മടിച്ചു...നന്ദൻ ഉളളപ്പോൾ മിക്കവാറും വരുമായിരുന്നു..

അയാളുടെ മരണശേഷം അകത്തേക്ക് കയറാറില്ല.. "വാ മോനേ" പുഞ്ചിരിയോടെ രാമചന്ദ്രനു പിന്നാലെ വന്ന സരസ്വതിയും ക്ഷണിച്ചതോടെ മടിച്ചു മടിച്ചു അകത്തേക്ക് കയറി ഇരുന്നു. "കുഞ്ഞാറ്റ" "ഇപ്പോൾ കൊണ്ടുവരാം" സരസ്വതി ചെന്ന് നന്ദയെ വിളിച്ചു തിരികെയെത്തി... വൈശാഖിനെ കണ്ടു നന്ദ ഞെട്ടിയില്ല..പ്രതീക്ഷിച്ചിരുന്നു കാലത്തെ എത്തുമെന്ന്... "മോള് ഉറക്കമാണ്.ഉണർന്നില്ല" വൈശാഖ്‌ ഒന്നും മിണ്ടിയില്ല.. എഴുന്നേറ്റു നന്ദയുടെ റൂമിലേക്ക് കയറി. തെല്ലൊന്ന് മടിച്ചെങ്കിലും അയാൾക്ക് പിന്നാലെ ചെന്നു.. കഴുത്തറ്റം വരെ മൂടിപ്പുതച്ച് ഉറങ്ങുന്ന കുഞ്ഞിനെ നോക്കി നിന്നു.. മെല്ലെ കൈകളിൽ കോരിയെടുത്ത് ഉമ്മവെച്ചു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന കുഞ്ഞാറ്റ കരയാനായി ചുണ്ട് പിളർത്തിയെങ്കിലും ആളെ മനസ്സിലായ പോലെ ചിരിച്ചു. നന്ദയുടെ കണ്ണുകൾ വൈശാഖിൽ ആയിരുന്നു.. അയാൾ ഉറങ്ങിയട്ടില്ലെന്ന് അവൾക്ക് വ്യക്തമായി. കടുത്ത കുറ്റബോധമുണ്ടായി.. "സോറി വിശാഖ്..ഞാൻ മറ്റൊന്നും ചിന്തിച്ചില്ല..ഇന്നലെ ആകെ അപ്സെറ്റായി പോയി" "ഹേയ് സാരമില്ല" കുഞ്ഞിനേയും എടുത്തു ഹാളിലേക്ക് വന്നു...അയാൾക്ക് പിന്നിലായി നന്ദയും.. അതേ സമയത്താണ് നളിനി അങ്ങോട്ട് കയറി വന്നത്.....എല്ലാവരുമൊന്ന് ഞെട്ടി.. നന്ദക്കൊപ്പം വൈശാഖിനെ കണ്ടതും കുറച്ചു നിമിഷത്തേക്ക് മിഴികളൊന്ന് വിടർന്നു...എങ്കിലുമത് മറച്ചു പിടിച്ചു.. "അതുശരി നിനക്ക് ഭാര്യ പോയതോടെ അഴിഞ്ഞാടാൻ സ്വാതന്ത്ര്യമായല്ലോ?നീയും മോശമല്ലല്ലോടി എന്റെ മോനെ വിടാനുളള ഭാവമില്ലല്ലോ..മകൾക്ക് സപ്പോർട്ട് ചെയ്യാൻ സ്വന്തം മാതാപിതാക്കളും കൊള്ളാം.നല്ല വീട്ടുകാർ" എല്ലാവരുടെയും മുഖം വിളറിപ്പോയി...നന്ദയുടെ കണ്ണുകൾ നിറഞ്ഞു തൂവി... "നിനക്ക് ഇവളെ മതിയെങ്കിൽ അവളുടെ കഴുത്തിലൊരു താലികെട്ടി കൂടെപ്പൊറുപ്പിക്കെടാ..അതാടാ അന്തസ്സ്" നളിനിയുടെ സംസാരം കേട്ടു വൈശാഖും നന്ദയും ഒരുപോലെ തളർന്നു പോയി...........................................തുടരും…………

നന്ദവൈശാഖം : ഭാഗം 5

Share this story