നിനക്കായ് : ഭാഗം 41

നിനക്കായ് : ഭാഗം 41

എഴുത്തുകാരി: ഫാത്തിമ അലി

“ഇച്ചായാ….” മിഴിച്ച് നോക്കുന്ന അലക്സിന്റെ ദേഹത്തേക്ക് ചാടി കയറി ഇറുകെ പുണർന്നതും അവൻ ബാലൻസ് കിട്ടാതെ പിന്നിലെ ചുവരിലേക്കായി ഇടിച്ച് നിന്നു…. അവളുടെ പ്രവർത്തിയിൽ ഞെട്ടി നിന്ന അലക്സ് അന്നമ്മയെ താഴെ ഇറക്കാൻ ആവുന്നത് ശ്രമിച്ചു….പക്ഷേ അവൾ ഇരുകാലുകളും കൊണ്ട് അരയിലൂടെ ലോക്ക് ചെയ്ത് അവനെ പറ്റി ചേർന്ന് നിന്നു… “കർത്താവേ…ഇവളെന്നെ ജോയിൻ ചെയ്ത അന്ന് തന്നെ റിസൈൻ ചെയ്യിപ്പിക്കും എന്നാ തോന്നുന്നേ….” പുറത്തൂടെ ആരോ വരുന്നുണ്ടോ എന്ന് പരിഭ്രമത്തോടെ നോക്കവേ അലക്സ് മനസ്സിൽ പറഞ്ഞു.. അന്നമ്മയോട് രണ്ട് ചീത്ത പറയാൻ ഒരുങ്ങിയപ്പോഴാണ് അവൾ അവന്റെ തോളിൽ ചായ്ച്ച മുഖം ഉയർത്തി അലക്സിനെ നോക്കിയത്…

“ഞാൻ ഒരുപാട് ഒരുപാട് ഒരുപാട് ഹാപ്പിയാ ഇച്ചായാ….എത്ര നാളായി എന്നറിയോ ഞാനിത് ആഗ്രഹിക്കുന്നു… ഒന്നിലും താൽപര്യം ഇല്ലാതെ നടക്കുന്ന ഇച്ചായനെ ഓർത്ത് എന്ത് മാത്രം ഞങ്ങൾ എല്ലാവരും വിഷമിച്ചിട്ടുണ്ടെന്ന് അറിയോ…ഇപ്പോ….എന്താ പറയാ…സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയാത്ത അവസ്ഥയിലാ ഞാൻ…” അലക്സിന്റെ മുഖം ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് അന്നമ്മ പറഞ്ഞ് കൊണ്ടിരുന്നു… അവളുടെ സന്തോഷം നിറഞ്ഞ മുഖവും നനഞ്ഞ കണ്ണുകളും കാണെ അവന്റെ മുഖത്തുണ്ടായിരുന്ന ദേഷ്യം പാടെ മാഞ്ഞ് പോയി…

അന്നമ്മ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ ഉള്ളിലുള്ള സന്തോഷം അത്രയും അവനോട് പങ്ക് വെച്ച് കൊണ്ടിരുന്നു… അന്ന് ആദ്യമായി അലക്സ് അന്നയെ ശ്രദ്ധിച്ച് തുടങ്ങി… അവളുടെ വെളുത്ത കുഞ്ഞ് മുഖത്ത് അവന്റെ കണ്ണുകൾ ഓടി നടന്നു…. സംസാരത്തിനിടക്ക് പലപ്പോഴായി ആ വിടർന്ന കണ്ണുകൾ ചുരുങ്ങുന്നുണ്ടായിരുന്നു…. ഇളം കാപ്പി നിറത്തിലെ കൃഷ്ണ മണിയുടെ ചലനം അവനിൽ കൗതുകം നിറച്ചു… നീളൻ മൂക്കിൻ തുമ്പത്ത് തിളങ്ങുന്ന മൂക്കുത്തിയിലേക്കും പിങ്ക് നിറത്തിലെ അധരത്തിലേക്കും മാറി മാറി നോട്ടമെറിഞ്ഞു… മേൽചുണ്ടിലും കഴുത്തിലുമായി പറ്റി പിടിച്ച വിയർപ്പ് തുള്ളികൾ അവന്റെ ഹൃദയ മിടിപ്പ് ഏറ്റി…

“എന്നാലും ഇച്ചായൻ എന്നോട് ജോയിൻ ചെയ്ത കാര്യം പറഞ്ഞില്ലല്ലോ….” പരിഭവത്തോടെ അലക്സിന്റെ മുഖത്തേക്ക് നോക്കിയ അന്നമ്മ ഇമ വെട്ടാതെയുള്ള അവന്റെ നോട്ടത്തിൽ പതറി പോയി…. അവന്റെ കണ്ണുകളുടെ കാന്തികതയിൽ പെട്ട് പോയ അവൾ അലക്സിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചപ്പോഴാണ് താൻ അവന്റെ ദേഹത്താണെന്ന് ഓർമ വന്നത്… അപ്പോഴത്തെ എക്സൈറ്റ്മെന്റിൽ അവൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല…. അന്നമ്മക്ക് അലക്സിന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ജാള്യത തോന്നി…. മറ്റെങ്ങോട്ടോ നോട്ടമെറിഞ്ഞ് നിലത്തേക്ക് ഇറങ്ങാൻ ശ്രമിച്ച അന്നമ്മയെ അവളുടെ കാലിൽ പിടിച്ച് അലക്സ് ഒന്ന് കൂടി അവനിലേക്ക് ചേർത്ത് നിർത്തി…

“ഇ…ച്ചായാ…” അലക്സിനോട് ഒട്ടി നിൽക്കെ അന്നക്ക് ശബ്ദം പോലും പുറത്തേക്ക് വന്നില്ല… “മ്മ്….?” ആർദ്രമായിരുന്നു അവന്റെ സ്വരം…. “എ..നിക്ക്…പോ..പോവണം….” അലക്സിന്റെ നിശ്വാസം അടിച്ചിട്ടോ അവന്റെ കൊല്ലുന്ന നോട്ടമോ എന്താണെന്നറിയില്ല അവളാകെ വിയർത്ത് കുളിച്ചിരുന്നു… “എന്റെ സമ്മതം ചോദിച്ചിട്ടാണോ നീ എന്റെ മേലേക്ക് ചാടി വീണത്….?” അവളുടെ നോട്ടം കാണെ അവന്റെ ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞത് പോലെ അന്നമ്മക്ക് തോന്നി…. “മ്ഹും….” ഇല്ലെന്ന് തല ചലിപ്പിച്ചതും അവൻ അവളെയും കൊണ്ട് ഒന്ന് കറങ്ങി അന്നമ്മയെ ചുവരിലേക്ക് ചേർത്ത് നിർത്തി….

“എന്നാലേ…ഇനി ഇവിടുന്ന് ഇറങ്ങാൻ എന്റെ സമ്മതം വേണം…” കുസൃതി ചിരിയോടെ അലക്സ് പറഞ്ഞത് കേട്ട് അന്നമ്മ കണ്ണ് തള്ളി നിന്നു…. ആദ്യമായിട്ടാവും അവന്റെ പക്കൽ നിന്ന് ഇത് പോലെ അനുകൂലമായൊരു പെരുമാറ്റം ഉണ്ടായത്… അവൾക്ക് എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയി… അവളുടെ ഹൃദയം ദ്രുത ഗതിയിൽ മിടിക്കുന്നതറിഞ്ഞ് അലക്സ് ഒന്ന് കൂടി അവളിലേക്ക് അമർന്നു… അവന്റെ ഹൃദയമിടപ്പിന്റെ താളം അവളുടെ ഹൃദയ മിടിപ്പുമായി ചേർന്നു…..അത് വരെ വേഗത്തിൽ മിടിച്ചിരുന്ന ഹൃദയം ശാന്തമായി… “ചെകുത്താനേ….”

പതിഞ്ഞ സ്വരത്തോടെയുള്ള വിളായൊച്ച അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിച്ചു…. അവന്റെ പുഞ്ചിരി കാണെ അത്രയും പ്രണയത്തോടെ..വെട്ടി ഒതുക്കിയ താടിരോമങ്ങൾ നിറഞ്ഞ കവിളിൽ ചെറുതായി കണ്ട് തുടങ്ങിയ…അവൾക്കേറെ പ്രിയപ്പെട്ട നുണക്കുഴിയിൽ അന്നമ്മ ചുണ്ടുകൾ അമർത്തി… അവന്റെ നെറ്റിയിലും കൺപോളകളിലുമെല്ലാം അവളുടെ അധരങ്ങൾ പതിച്ചപ്പോൾ അലക്സ് അസ്വസ്ഥനായില്ല…. മറിച്ച് അവളുടെ ഓരോ ചുംബനവും ഏറ്റ് വാങ്ങി വളുടെ പ്രണയത്തിന് വിധേയപ്പെട്ട് അലക്സ് കണ്ണുകൾ അടച്ച് നിന്നു… അധരങ്ങളിലൊഴികെ മുഖത്താകമാനം ചുംബിച്ച് അന്നമ്മ അവന്റെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ച് കണ്ണുകൾ അടച്ചു…

കോറിഡോറിലൂടെ ആരോ സംസാരിച്ച് വരുന്നത് അറിഞ്ഞപ്പോഴാണ് ഇരുവരും കണ്ണുകൾ തുറന്നത്… അലക്സ് വേഗം അവളിൽ നിന്ന് പിടി വിട്ട് ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാൻ ഒരു സൈഡിലേക്കായി മറഞ്ഞ് നിന്നു… ആ കാലടി ശബ്ദം മറ്റൊരു ദിശയിലേക്ക് അകന്നതും അന്നമ്മ സമാധാനത്തിൽ നെഞ്ചിൽ കൈ വെച്ചു… ഇടം കണ്ണിട്ട് അലക്സിനെ നോക്കിയപ്പോൾ അവന്റെ നോട്ടവും അവളിലാണെന്ന് കണ്ട് അന്നക്കാകെ പരവേശമായി… നിലത്തേക്ക് മിഴികൾ നട്ട് അവൾ വേഗം ക്ലാസ് റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി ഓടി…

അന്നമ്മയുടെ ഓട്ടം കണ്ട് ചിരിയോടെ ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ച അലക്സിന്റെ മനസ്സിലേക്ക് അവൻ മറക്കാനാഗ്രഹിച്ച പലതും ഒരു തിരശ്ശീലയിലെന്ന പോലെ കടന്ന് വന്നു… അവന്റെ അധരങ്ങളിലെ പുഞ്ചിരിയെ അത് മായ്ച് കളഞ്ഞു… അലക്സിന്റ മുഖം വേദനയാലും ദേഷ്യത്താലും ചുളുങ്ങി വന്നു… “പാടില്ല…ഒരു തരത്തിലും അവൾക്ക് പ്രതീക്ഷ കൊടുക്കരുത്…” തന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ….അലക്സ് കണ്ണുകൾ ഇറുക്കെ അടച്ചു… അവളുടെ ചുംബനങ്ങൾ ഓരോന്നും അവനെ ചുട്ട് പൊള്ളിച്ച് കൊണ്ടിരുന്നു… അതിന്റെ ഫലമെന്നോണം കണ്ണുകളിൽ നീരുറവ സ്ഥാനം പിടിച്ചു…

അവന്റെ മനസ്സ് അസ്വസ്ഥമായതും നെറ്റിയിലേയും കഴുത്തിലേയും ഞരമ്പ് വലിഞ്ഞ് മുറുകി… മുഷ്ടി ചുരുട്ടി ചുമരിലേക്ക് ആഞ്ഞ് ആഞ്ഞ് അടിച്ചു…. “ഇച്ചായാ….” അന്നയുടെ സ്വരം അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ തട്ടി പ്രതിഭലിച്ചു…. പ്രക്ഷുബ്ദമായ മനസ്സ് പതിയെ ശാന്തത കൈവരിച്ചു…. “വേണ്ട….അകലണം…അവളിൽ നിന്നും അകന്നേ പറ്റു….” ഒടുവിൽ തീരുമാനിച്ചുറപ്പിച്ച പോലെ മുഖം അമർത്തി തുടച്ച് അലക്സ് പുറത്തേക്കിറങ്ങി…

അലക്സിന്റെ അടുത്ത് നിന്നും ഓടിയ അന്ന അവളുടെ ക്ലാസിനടുത്ത് എത്തിയപ്പോഴാണ് നിന്നത്…. കുറേ സമയം ആയിട്ടും അവളെ കാണാഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ശ്രീയെ ഇറുകെ പുണർന്ന് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു… അന്നമ്മയുടെ വരവും കെട്ടി പിടുത്തവും ഉമ്മവെക്കലും ഒക്കെ കണ്ട് അന്തം വിട്ട ശ്രീ അവളെ തട്ടി വിളിച്ചു… “എന്താ ടീ….നീ ഇത് എവിടെ ആയിരുന്നു…?” “ഞാൻ…ഇച്ചായനെ കാണാൻ….” “മ്മ്….എനിക്ക് തോന്നി…എന്നിട്ട് ഏട്ടായിയെ കണ്ടോ..എന്ത് പറഞ്ഞു…” “അത്….” അന്നമ്മ വിരൽ കടിച്ച് ശ്രീയെ നോക്കി… “എന്താ ടീ…ഏട്ടായി ചീത്ത പറയേ അടിക്കേ വല്ലതും ചെയ്തോ…?” “മ്ചും…എത് അതൊന്നും അല്ല…” “പിന്നെ….?”

“നീയിങ്ങ് വന്നേ…” ശ്രീയുടെ കൈയും പിടിച്ച് അന്നമ്മ ക്ലാസിലേക്ക് കയറി നോക്കി… “സ്വാതി എവിടെ…?” “അവള് വാഷ് റൂമിൽ പോയി…നീ കാര്യം പറ പെണ്ണേ….” ശ്രീ അന്നമ്മയെ പിടിച്ച് ഇരുത്തി അവൾക്ക് അരികിലേക്ക് ഇരുന്നു… കുറച്ച് ഭാഗങ്ങൾ സെൻസർ ചെയ്ത് ശ്രീയോട് പറഞ്ഞ് കൊടുത്തതും അവൾ കണ്ണ് ഇപ്പോ പുറത്തേക്ക് ചാടും എന്ന അവസ്ഥയിൽ ആയിരുന്നു… “ഞാൻ എന്ത് വിശ്വസിച്ചാ ടീ എന്റെ ഏട്ടായിയെ നിനക്ക് തരുന്നേ…ഇങ്ങനെ പോയാ നീ അതിനെ ബാക്കി വെച്ചേക്കും എന്ന് എനിക്ക് ഒരു ഉറപ്പുമില്ല…” ശ്രീ താടിക്ക് കൈ കൊടുത്ത് പറഞ്ഞത് കേട്ടതും അന്നമ്മ ഇളിച്ച് ബാഗിന്റെ ഭംഗി നോക്കി ഇരുന്നു…

“ചേച്ചീ….” ഡോറിനടുത്തായി വന്ന് നിന്ന ടീന അവരെ നോക്കി വിളിച്ചതും അന്ന കൈ കാണിച്ച് അകത്തേക്ക് വരാനായി പറഞ്ഞു… “ചേച്ചി അലക്സ് ഇച്ചായനെ…ശ്ശ് സോറി…സർ നെ കണ്ടിരുന്നോ….?” അവർക്ക് അടുത്തേക്ക് വന്ന് ഇരുന്ന് ചോദിച്ചതും അന്നമ്മയും ശ്രീയും പരസ്പരം നോക്കി പുഞ്ചിരിച്ചു… “കണ്ടു മോളെ…ഞങ്ങൾ അതാ സംസാരിച്ച് കൊണ്ടിരുന്നത്….” “സർ ഞങ്ങളുടെ ക്ലാസ് ഇൻചാർജ് ലത മാമിന് പകരം വന്നതാണ്…” “ലത മാം…?പ്രഗ്നന്റ് ആയിരുന്ന മിസ്സ് അല്ലേ…?” ശ്രീ സംശയത്തോടെ ചോദിച്ചതും ടീന അതേ എന്ന് തലയാട്ടി… “ആ…അത് തന്നെ മാം ഡെലിവറി ആയത് കൊണ്ട് മൂന്നാല് മാസം ലീവ് ആണ്….

ആ പോസ്റ്റിലേക്കാണ് സർ ജോയിൻ ചെയ്തത്…” “ശ്ശെടാ…അപ്പോ ഏട്ടായി നമുക്ക് ക്ലാസെടുക്കാൻ ചാൻസ് ഇല്ല…” താടിക്ക് കൈ കൊടുത്ത് വിഷമത്തോടെ ശ്രീ അന്നമ്മയെ നോക്കി… “ഹാ…എന്നാലും കുഴപ്പം ഇല്ല…ഇനി ഡെയ്ലീ കാണുന്നില്ല എന്ന് സങ്കടം ഉണ്ടാവില്ലല്ലോ ദച്ചൂ…” ശ്രീയുടെ കവിളിൽ നുള്ളിക്കൊണ്ട് അന്നമ്മ കുസൃതിയോടെ പറഞ്ഞു… “ആ അതും ശരിയാ….” “എന്നാ ഞാൻ പോയേ…ക്ലാസ് തുടങ്ങാറായില്ലേ… അസ്സൈൻമെന്റ് എഴുതാനുണ്ട്….” ടീന ചെയറിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു… “മ്മ്…ഓക്കെ ടാ…” ടീന പോയതും ശ്രീ അന്നമ്മയെ ഒന്ന് ഇരുത്തി നോക്കി… അവളുടെ നോട്ടത്തിന്റെ കാരണം മനസ്സിലായതും അന്നമ്മ കണ്ണിറുക്കി കള്ളച്ചിരിയോടെ ശ്രീയുടെ തോളിലേക്ക് ചാഞ്ഞു…

ബാൽക്കണിയിൽ കിടന്ന് മയങ്ങുന്നതിനിടെ റോഡിലൂടെ പോയ ഏതോ വാഹനത്തിന്റെ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റതാണ് സാം… നേരം വൈകി എന്ന് കരുതി വേഗം ഫോണെടുത്ത് നോക്കിയപ്പോഴാണ് കിടന്നിട്ട് അര മണിക്കൂർ പോലും ആയിട്ടില്ലെന്ന് മനസ്സിലായത്… അവർക്ക് എങ്ങാനും ക്ലാസ് നേരത്തെ കഴിയുകയാണെങ്കിൽ അലക്സിനോട് പറയണമെന്ന് പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു… പക്ഷേ ഇത് വരെ അങ്ങനെ ഒരു മെസ്സേജും അവന് വന്നിരുന്നില്ല… സമയം ഒച്ചിനേക്കാൾ പതുക്കെ ആണ് ഇഴയുന്നതെന്ന് വരെ സാമിന് തോന്നി….

എങ്ങനെയെങ്കിലും ഒന്ന് ഈവനിങ് ആയി കിട്ടാൻ കാത്തിരിക്കുകയായിരുന്നു അവൻ… ആട്ട് കട്ടിലിന്റെ ചലങ്ങലയിലേക്ക് തല ചാരി വെച്ച് അവൻ കണ്ട് കൊണ്ടിരുന്ന…പകുതിക്ക് വെച്ച് മുറിഞ്ഞ് പോയ സ്വപ്നത്തെ കുറിച്ച് ചിന്തിച്ചു… കോട മഞ്ഞ് പുതച്ച് കിടക്കുന്ന ഏതോ ഒരു താഴ് വാരത്തായി നിൽക്കുകയാണ് സാമും ശ്രീയും.. അവളുടെ വലം കൈ അവന്റെ ഇടം കൈയിൽ കോർത്തിട്ടുണ്ട്… പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കെ അവൾ പെരും വിരലിൽ ഉയർന്ന് വന്ന് അവന്റെ നെറ്റിയിൽ നനുത്ത ചുംബനം നൽകി… “ദുർഗാ…” അവന്റെ പ്രണയാതുരമായ സ്വരം അവളുടെ കവിളിണകളെ അരുണാഭമാക്കി…

ആ പിടക്കുന്ന മിഴികളിൽ ചുടു ചുംബനം നൽകി അവളെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിക്കാനൊരുങ്ങായപ്പോഴാണ് നശിച്ച ഹോൺ മുഴക്കം കേട്ടത്… “സ്വപ്നം പകുതി വെച്ച് മുറിഞ്ഞാൽ എന്താ…അതിന്റെ ബാക്കി ജീവിതത്തിൽ നമുക്ക് പൂർത്തിയാക്കാം…അല്ലേ ദുർഗാ….?” വാൾപേപ്പറിലുള്ള ശ്രീയുടെ ഫോട്ടോയിലേക്ക് നോക്കി കുസൃതി ചിരിയോടെ അവൻ പറഞ്ഞു.. എങ്ങനെയൊക്കെയോ തള്ളി നീക്കി സമയം ആവാറായതും സാം കാറുമെടുത്ത് കോളേജിലേക്ക് വിട്ടു…

“ഞാനേ ഈ ബുക്ക് ഒന്ന് ലൈബ്രറിയിൽ കൊടുത്ത് വരാം… രാവിലെ പോയപ്പോ മറന്ന് പോയതാണ്…ഇനി ഇതും കൊണ്ട് തിരിച്ച് പോവാൻ വയ്യ…നിങ്ങൾ രണ്ട് പേരും നടന്നോ…” ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ശ്രീ അന്നമ്മയെയും സ്വാതിയെയും നോക്കി പറഞ്ഞ് ലൈബ്രറിയിലേക്ക് നടന്നു… “നീ വാ…നമുക്ക് പാർക്കിങ്ങിനടുത്ത് അവളെ വെയിറ്റ് ചെയ്യാം…” അന്നമ്മ സ്വാതിയെയും കൂട്ടി വരാന്തയിലൂടെ നടന്നു… നടക്കുന്നതിനിടയിലും അവളുടെ കണ്ണുകൾ അലക്സിന് വേണ്ടി ചുറ്റിലും പരതിയിരുന്നു… സ്റ്റാഫ് റൂമിന് അടുത്തായി എത്തിയതും അവൾ പതിയെ ഉള്ളിലേക്ക് നോക്കി…

അവിടെ എങ്ങും അലക്സിനെ കാണാഞ്ഞ് നിരാശയോടെ തല ചെരിച്ചപ്പോഴാണ് അങ്ങേ തലക്കലുള്ള ക്ലാസ് റൂമിൽ നിന്നും അലക്സ് പുറത്തേക്ക് വരുന്നത് കണ്ടത്… അവനെ കണ്ടതും വാടി നിന്ന അവളുടെ മുഖം സന്തോഷത്താൽ വിടർന്നു… എന്നാൽ തൊട്ടടുത്ത നിമിഷം അത് മായ്ഞ്ഞു പോയി…. അവളുടെ മുഖം ദേഷ്യത്താൽ ചുളുങ്ങി…. അലക്സ് ക്ലാസിന് വിളിയിലേക്ക് വന്നതും അവിടെയുള്ള രണ്ട് മൂന്ന് സ്റ്റുഡന്റ്സ് ബുക്കുമായി അവനടുത്തേക്ക് ചെന്ന് എന്തോ ഡൗട്ട് ചോദിക്കുന്നത് അന്നമ്മ കാണുന്നുണ്ടായിരുന്നു… അവൻ ബുക്ക് വാങ്ങി ഡൗട്ടുള്ള പോർഷൻ ക്ലിയർ ചെയ്ത് കൊടുക്കാൻ തുടങ്ങി…

ചുമരിലേക്ക് ചാരി നിന്ന് ഒരു കൈ കൊണ്ട് ബുക്ക് പിടിച്ച് മറു കൈയാൽ താടിയിലും മീശയിലും തടവിക്കൊണ്ടാണ് അവന്റെ സംസാരം…. എന്നാൽ അന്നമ്മയെ ദേഷ്യം പിടിപ്പിച്ചത് ഇതൊന്നുമല്ല… അവന്റെ ചുറ്റിലും നിൽക്കന്ന പെൺകുട്ടികൾ മൂന്ന് പേരും അലക്സിനെ നോക്കി കൊല്ലുന്നത് അന്നമ്മ നല്ലത് പോലെ കണ്ടിരുന്നു…. അലക്സ് ആണെങ്കിൽ അതൊന്നും അറിയാതെ ഡൗട്ട് ക്ലിയർ ചെയ്ത് കൊടുക്കുകയാണ്… അന്നമ്മക്ക് കുശുമ്പ് കുത്താൻ തുടങ്ങി….അവൾ ചുണ്ട് കൂർപ്പിച്ച് വെച്ച് അവനെ വായി നോക്കുന്ന പെൺകുട്ടികളെ നന്നായി സ്കാൻ ചെയ്തു… അലക്സ് പറഞ്ഞ് കഴിഞ്ഞതും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു….

അപ്പോഴാണ് തനിക്കെതിരെ വരുന്ന അന്നമ്മയെ അവൻ കണ്ടത്… അവളുടെ കണ്ണുകളിലെ തിളക്കം കാണെ അവന്റെ നെഞ്ചൊന്ന് പിടച്ചെങ്കിലും നേരത്തെ തീരുമാനിച്ചത് പോലെ അവളെ ശ്രദ്ധിക്കാതെ കടന്ന് പോവാൻ തുടങ്ങി… “ഇച്ചാ…” അന്നമ്മ തന്നെ നോക്കാതെ പോവുന്ന അലക്സിനെ കണ്ട് വിളിച്ച് തുടങ്ങിയപ്പോഴേക്കും അവൻ തിരിഞ്ഞ് നിന്ന് ദേഷ്യത്തോടെ അവളെ നോക്കി…. “നിങ്ങൾക്ക് ക്ലാസ് കഴിഞ്ഞില്ലേ….?” സ്വാതിയോടാണ് ചോദ്യം… “ഉവ്വ് സർ…” “എന്നാ തിരിഞ്ഞ് കളിക്കാതെ വേഗം പോവാൻ നോക്ക്… മാളു…സോറി ശ്രീദുർഗ…അവൾ എവിടെ…?” “ശ്രീ ലൈബ്രറിയിലേക്ക് പോയതാണ്….

ഞങ്ങൾ അവളെ വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു….” “ഹ്മ്….” അലകസിന്റെ ചോദ്യവും പറച്ചിലുമെല്ലാം സ്വാതിയെ നോക്കി ആയിരുന്നു… അറിയാതെ പോലും തന്റെ നേർക്ക് അവന്റെ നോട്ടം എത്തുന്നില്ലെന്ന് കണ്ടതും അന്നമ്മക്ക് വിഷമം ആയി… ഇങ്ങോട്ട് മിണ്ടുന്നില്ലെങ്കിലും അവനോട് മിണ്ടിക്കളയാം എന്ന് കരുതി വാ തുറന്നതും അലക്സ് വേഗത്തിൽ തിരിഞ്ഞ് നടന്നിരുന്നു.. “ഇങ്ങേരെന്താ അന്യൻ കളിക്കുവാണോ….ഉച്ചക്ക് റെമോ ഇപ്പോ അന്യൻ…ഹും….കള്ള ബടുവ…” അവന്റെ പോക്ക് കണ്ട് ചുണ്ടു ചുളുക്കി പറഞ്ഞത് കേട്ട് സ്വാതി വാപൊത്തി ചിരിച്ചു… “ഇളിക്കാതെ വാ പെണ്ണേ….”

സ്വാതിയുടെ ചിരി കണ്ട് കെറുവോടെ പറഞ്ഞ് അന്നമ്മ വേഗത്തിൽ നടന്നു…. പാർക്കിങ്ങിൽ എത്തിയതും തന്റെ ബുള്ളറ്റിന് തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുന്ന ബ്ലാക്ക് കളർ ബെൻസിലേക്ക് അന്നമ്മയുടെ നോട്ടം പോയി… ഒന്ന് സംശയിച്ച് അതിനടുത്തേക്ക് നടന്നതും ഡ്രൈവിങ് സീറ്റിലെ ഡോർ തുടന്ന് സാം പുറത്തേക്ക് ഇറങ്ങിയിരുന്നു… “ഇച്ചേ…ഇതെപ്പോ എത്തി…?” സാമിനെ കണ്ട് അന്നമ്മ ഓടി അവന്റെ അടുത്തേക്ക് ചെന്നു… “ഉച്ച ആയപ്പോഴേക്കും എത്തി എന്റെ കൊച്ചേ…അല്ല…നിന്റെ ഇച്ചായനെ കണ്ടിരുന്നോ നീ…സർപ്രൈസ് എങ്ങനെ ഉണ്ടായിരുന്നു…” “ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയി പോയി ഇച്ചേ…

ഇങ്ങനൊരു കാര്യം ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല…. ആഹ്….മറന്നു സ്വാതി ഇതാണ് എന്റെ ഇച്ച…സാമുൽ എഡ്വേർഡ് ഫിലിപ്പ്…നീ ഇത് വരെ കണ്ടിട്ടില്ലല്ലോ… ഇച്ചേ….ഇത് സ്വാതി…” “ഹായ് ചേട്ടായിനെ കുറിച്ച് ഇവൾ എപ്പഴും പറയും….കാണണം എന്ന് കുറേ നാളായി ആഗ്രഹിച്ചിരുന്നു…ഇപ്പഴാ പറ്റിയത്…” സാം സ്വാതിയോട് സംസാരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ അവന് പ്രിയപ്പെട്ട ആർക്കോ വേണ്ടി തിരച്ചിലായിരുന്നു… “അവൾ ലൈബ്രറിയിൽ പോയതാ….ഇപ്പോ വരും…” അവന് കേൾക്കാൻ മാത്രം ശബ്ദത്തിൽ അന്നമ്മ പറഞ്ഞു… “ആ…ദേ…ദച്ചു വരുന്നു…”

സ്വാതിയോടെന്ന പോലെ അന്നമ്മ വിളിച്ച് പറഞ്ഞതും സാം ആവേശത്തോടെ കണ്ണുകൾ അവൾ കാണിച്ച ദിശയിലേക്ക് ഓടിച്ചു… തോളിലിരുന്ന ബാഗ് മുന്നോട്ട് വെച്ച് കൈയിലിരുന്ന ബുക്ക് അതിലേക്ക് ഇട്ട് കൊണ്ടാണ് ശ്രീ നടന്ന് വരുന്നത്… ബേബി പിങ്ക് കളറിലെ ചുരിദാറിൽ അവൾ മനോഹരി ആയിരുന്നു… അത്രയും നേരം അനുസരണയില്ലാതെ മിടിച്ചിരുന്ന ഹൃദയം അവളെ കണ്ട മാത്രയിൽ താളത്തിൽ തുടിക്കാൻ ആരംഭിച്ചു… ബാഗ് തോളിലേക്ക് ഇട്ട് തല ഉയർത്തിയ ശ്രീ അപ്പോഴാണ് സാമിനെ കാണുന്നത്… പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും ഒരു കുഞ്ഞ് പുഞ്ചിരി അവനായി നൽകിക്കൊണ്ട് അവർക്കരികിലേക്ക് നടന്നടുത്തു…

രണ്ട് മൂന്ന് ദിവസം ശ്രീയെ കാണാഞ്ഞ് പരിഭവിച്ച മനസ്സിന് അതെല്ലാം മറക്കാൻ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു… ശ്രീയെ കാണെ സ്വയം മറന്ന് നിന്ന സാമിന്റെ കൈയിൽ അന്നമ്മ ഒരു നുള്ള് വെച്ച് കൊടുത്തപ്പോഴാണ് അവന് ബോധം വന്നത്…. “ഹായ്…” “ഹായ്…” സാമിന് മറുപടി നൽകി അവൾ സ്വാതിയുടെ അടുത്തേക്ക് നിന്നു… അന്നമ്മയും സ്വാതിയും കൂടെ സാമിനോട് പലതും സംസാരിക്കുന്നുണ്ടെങ്കിലും ശ്രീ അതിലൊന്നും പെടാതെ ചുറ്റിലും കണ്ണോടിച്ച് നിൽക്കുകയായിരുന്നു…. സാം അവർക്ക് മറുപടി കൊടുക്കുന്നുണ്ടെങ്കിലും കണ്ണുകൾ ശ്രീയിൽ മാത്രം തറഞ്ഞ് നിന്നു…

“ടാ….” കുറച്ച് സമയം കഴിഞ്ഞതും അലക്സും അവരുടെ അടുത്തേക്ക് വന്നു… അന്നമ്മ എന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും ഭാവിക്കാത്ത രീതിയിലുള്ള അവന്റെ പെരുമാറ്റം കണ്ട് ശ്രീ അവളെ നോക്കി… നേരത്തെ അന്നമ്മ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ശ്രീ നോക്കിയത് സ്വാഭാവികം ആണ്… അവളുടെ നോട്ടം കണ്ട് അന്നമ്മ ഒന്ന് ഇളിച്ച് കൈയിലെ നെയിൽ പോളിഷിന്റെ ഭംഗി നോക്കി നിന്നു… “നമുക്കും പോയാലോ…” അലക്സ് അവരോട് യാത്ര പറഞ്ഞ് പോയതും സാം അന്നയെ നോക്കി ചോദിച്ചു…. “ഇച്ചേ എന്റെ ബുള്ളറ്റ്….?” “അത് ജെയ്സണോട് എടുത്ത് വീട്ടിലെത്തികകാൻ പറഞ്ഞിട്ടുണ്ട്….

സ്വാതി താനും കയറൂ…പോവുന്ന വഴി ഡ്രോപ്പ് ചെയ്യാം…” സാം ഡ്രൈവിങ് സീറ്റിലേക്ക് കയറി…കോ ഡ്രൈവർ സീറ്റിലായി അന്നമ്മയും…സ്വാതിയും ശ്രീയും പിന്നിലേക്ക് ഇരുന്നതും സാം കാർ സ്റ്റാർട്ട് ചെയ്തു… “ചേട്ടായി എന്നെ ഇവിടെ ഇറക്കിയാൽ മതി….ഞാൻ കസിന്റെ വീട്ടിലേക്കാണ്…അവൾ വന്ന് പിക്ക് ചെയ്യും…” ടൗണിൽ എത്താനായതും സ്വാതി പറഞ്ഞത് അനുസരിച്ച് അവളെ ബസ് സ്റ്റോപ്പിൽ ഇറക്കി… “ഇച്ചേ…ആ ബുക്ക് സ്റ്റാളിൽ ഒന്ന് നിർത്തണേ… ഞങ്ങൾക്ക് ഒന്ന് രണ്ട് ബുക്ക്സ് നോക്കാനുണ്ട്…” ടൗണിലെ ബുക്ക് സ്റ്റാളിലേക്ക് കയറ്റി സാം കാർ നിർത്തി….

ശ്രീയും അന്നമ്മയും പോവുന്നത് ചെറു പുഞ്ചിരിയോടെ നോക്കി ഇരുന്നു… “കർത്താവേ…ബാലൻസ് വാങ്ങിച്ചില്ല…നീ കയറിക്കോ… ഞാനിപ്പോ വരാം…” ബുക്ക് വാങ്ങി തിരിച്ച് കാറിനടുത്ത് എത്തിയപ്പോഴാണ് അന്നമ്മക്ക് ബാലൻസ് വാങ്ങിക്കാത്ത കാര്യം ഓർമ വന്നത്… ശ്രീയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അന്നമ്മ വേഗം ഷോപ്പിലേക്ക് പോയി… അവളുടെ ഓട്ടം കണ്ട് ചിരിയോടെ ശ്രീ ബാക്ക് സീറ്റിലേക്ക് കയറി ഇരുന്നു… “അവളെന്തിനാ ഓടിയത്…?” തിരിഞ്ഞ് നോക്കാതെ ഫ്രണ്ട് മിററിലൂടെ കാണുന്ന ശ്രീയുടെ പ്രതിബിംബത്തിലേക്ക് കണ്ണ് നട്ട് അവൻ ചോദിച്ചു..

“ബാലൻസ് അഞ്ച് രൂപ കിട്ടാനുണ്ടായിരുന്നു…അതിന് വേണ്ടി പോയതാ…” ശ്രീ പതിഞ്ഞ സ്വരത്തിൽ നേർത്ത ചിരിയോടെ പറഞ്ഞതും സാമും ചിരിച്ചു… അവർ രണ്ടു പേർക്കുമിടയിൽ നിശബ്ദത നിറഞ്ഞു… “ദുർഗാ…” ഒടുവിലാ നിശബ്ദതയെ ഭേദിച്ച്കൊണ്ട് സാം ശ്രീയെ വിളിച്ചതും അവൾ മുഖം ചെരിച്ച് നോക്കി…….തുടരും

നിനക്കായ് : ഭാഗം 40

Share this story