ധ്രുവികം: ഭാഗം 04

druvikam

A story by സുധീ മുട്ടം

"എന്റെ ചേച്ചി നീയിത്ര പാവമാകരുതേ.എല്ലാവരും കൂടി ഫുട്ബോൾ തട്ടുകയുള്ളൂ" പുറത്തേക്ക് ഇറങ്ങിയവൾ വന്ന സ്പീഡിൽ തിരികെയെത്തി. ഞാൻ സാകൂതമവളെ നോക്കി പുഞ്ചിരിച്ചു. "ഞാൻ കാര്യമായിട്ടാ ചേച്ചി പറഞ്ഞത്.വെറുതെ ചിരിച്ചു തള്ളരുത്" ചേച്ചിയുടെ ഭാവമായിരുന്നാ മുഖത്ത്.ദേഷ്യവും സങ്കടവും സ്നേഹവും വാത്സല്യവും തുല്യമായ അളവിൽ വൈഭിയുടെ മുഖത്ത് തെളിഞ്ഞു. "ചേച്ചി പാവമായാലെന്താ അതിനെക്കാളേറെ ആർജ്ജവുള്ളൊരു അനിയത്തി എനിക്കില്ലേ?" പിന്നെയും അവളുടെ മുഖത്ത് കോപമിരച്ചു കയറുന്നത് കണ്ടു.മിഴിയിണകൾ കൂർപ്പിച്ചു പുരികക്കൊടി വില്ലുപോലെ വളച്ചു ഉയർത്തി.

ചുരുണ്ട മുടിയാണെങ്കിലും ഇടതൂർന്നുണ്ട്.തോളിനേക്കാൾ കുറച്ചു കൂടി ഇറക്കത്തിലാണ്.എനിക്കാണെങ്കിൽ കോലൻ മുടിയാണ് .വിടർത്തിയിട്ടാൽ കാർകൂന്തൽ നിതംബം മറഞ്ഞു കിടക്കും. "ചേച്ചി കുറച്ചു കൂടി ബോൾഡാകണം" ദേഷ്യം കലർന്ന സ്വരത്തിൽ വാൽസല്യം കലർന്നൊഴുകി.എനിക്ക് അരികിലെത്തി മുടിയിഴകളിലായി പതിയെ തലോടിക്കൊണ്ട് പറഞ്ഞു. "കഴിഞ്ഞതൊന്നും ഒരിക്കലും മറക്കരുത് ചേച്ചി..പൊരുതി ജീവിക്കാനത് നമുക്ക് കരുത്തേകും.ഒരിക്കൽ നമുക്കും വരും നല്ല കാലം. ആക്ഷേപിച്ചവരും അഹങ്കരിച്ചവരുമൊക്കെ താഴെ വീഴും.എത്രയൊക്കെ ഉയരെ പറന്നാലും താഴെ വന്നേ മതിയാകൂ"

അനിയത്തിയുടെ വാക്കുകൾ ഓരോന്നും എന്നിലേക്ക് തറഞ്ഞ് കയറി. ചുട്ടു പൊള്ളിക്കുന്ന ഓർമ്മകളിൽ പിന്നെയും വെന്തുരുകാൻ തുടങ്ങി. കതിർമണ്ഡപവും നിറഞ്ഞ സദസ്സും ഒരിക്കൽ കൂടി മിന്നി മറഞ്ഞു."ഇറങ്ങിപ്പോടി" എന്ന അലർച്ചയിൽ ഉളളം കിടുങ്ങി എഴുന്നേറ്റു തല കുനിച്ചു നിന്നു.നിറഞ്ഞ കണ്ണുകൾക്കിടയിലും കണ്ടും മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി വീഴുന്നത്.ഒന്ന് പിടഞ്ഞ് ഉണർന്നു. ഒരു നടുക്കം സിരകളിലൂടെ ഒഴുകി ഇറങ്ങി. എന്റെ സ്ഥാനത്ത് വൈഭമി ആയിരുന്നെങ്കിലോ? വെറുതെയൊന്ന് സങ്കൽപ്പിച്ചു നോക്കി.

നിറഞ്ഞ സദസ്സിനെ ഇളക്കി മറിച്ച് ദേവദത്തിനെ നാണം കെടുത്തിയേനെ.വേണ്ടി വന്നാൽ അവനെ കൊണ്ട് കഴുത്തിൽ താലി കെട്ടിച്ചേനെ.പിന്നീട് ദേവദത്തിന് സ്വൈര്യക്കേടിന്റെ നാളുകൾ ആയിരിക്കും. "ചേച്ചി എന്താ ആലോചിക്കുന്നത്" ചൂണ്ടു വിരലാൽ എന്റെ താടിത്തുമ്പ് അവൾ മുകളിലേക്ക് ഉയർത്തി കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. "ഒന്നൂല്ലെടി ഓരോന്നും ഓർത്തതാ" പറയുമ്പോഴേക്കും സ്വരം ചെറുതായി ഇടറിയിരുന്നു.എത്രയായാലും നോവുന്ന ഓർമ്മകളാണെല്ലാം. അച്ഛൻ ജീവിച്ചിരുന്ന കാലം ഒരു ബുദ്ധിമുട്ടും അറിഞ്ഞിരുന്നില്ല. പാവം അമ്മയും അച്ഛന്റെ നിഴലിൽ ആയിരുന്നു. അച്ഛന്റെ മരണം ഏറ്റവും കൂടുതൽ തളർത്തിയതും അമ്മയെ ആണ്.

പിന്നീടങ്ങോട്ടെല്ലാം പരീക്ഷണത്തിന്റെ നാളുകൾ.മക്കളെ രണ്ടിനേയും ചേർത്ത് പിടിച്ചു ആദ്യമൊക്കെ പകച്ചെങ്കിലും കൂലിപ്പണിക്ക് ഇറങ്ങി.പഠിക്കാൻ മിടുക്കരായ മക്കളെ കഴിയും വിധം പഠിപ്പിച്ചു.പക്ഷേ വിധി പിന്നെയും തോൽപ്പിച്ചു കളഞ്ഞു.അമ്മ തളർന്നു വീണതോടെ മൂന്ന് വയറിനുളള അന്നത്തിനും അമ്മക്ക് മരുന്നിനും അനിയത്തിയുടെ പഠിപ്പിനുമായി ജോലി തേടിയിറങ്ങി.കുറച്ചു അലഞ്ഞെങ്കിലും തെറ്റില്ലാത്ത ശമ്പളം കിട്ടുന്ന മാന്യമായൊരു ജോലി ലഭിച്ചു. അവിടെയും ഈശ്വരൻ അല്ല ദേവദത്ത് തോൽപ്പിച്ചു കളഞ്ഞു.

അച്ഛന്റെ മരണശേഷം അതായത് പ്ലസ്ടു കാലയളവിലാണ് ദേവദത്ത് എനിക്ക് പിന്നാലെ നടക്കാൻ തുടങ്ങിയത്.കാണുന്നതേ വെറുപ്പായിരുന്നു.പ്രായഭേദമന്യേ നാട്ടിലുളള സ്ത്രീകളോടും പെൺകുട്ടികളോടും അശ്ലീല ചുവയോടു കൂടിയുളള ദ്വയാർത്ഥം വരുന്ന വാക്കുകളേ സംസാരിക്കൂ.പണത്തിന്റെ ഹുങ്കിൽ അഹങ്കരിച്ചു നടക്കുന്നവനെ എല്ലാവർക്കും ഭയമാണ്.എതിർത്ത് നാട്ടിലുളളാരും അങ്ങനെ അവനോട് സംസാരിക്കില്ല.തറവാട്ടിലെ പണവും ബന്ധുക്കളുടെ സ്വാധീനവും എല്ലാം ദേവദത്തിന്റെ അഹങ്കാരം കൂട്ടിയട്ടേയുള്ളൂ. ഒരിക്കൽ എന്നെ വഴിയിൽ തടഞ്ഞ് നിർത്ത് ഇഷ്ടമാണെന്ന് പറഞ്ഞവനെ ഇഷ്ടമല്ലെന്ന് ധൈര്യപൂർവ്വം പറഞ്ഞു. കേട്ടവർക്കൊക്കെ അത്ഭുതമായിരുന്നു.

ആദ്യമായാണ് ചന്ദോത്തെ രാജേശ്വരിയമ്മയുടെ മകനെ എതിർത്തു സംസാരിക്കുന്നത്. "നിന്നെ ഒരിക്കൽ ഞാൻ എടുത്തോളാം കേട്ടോടീ" പിന്തിരിഞ്ഞ് നടക്കുമ്പോൾ ദേവദത്തിന്റെ ശബ്ദം പിന്നാലെ എത്തി. "അതൊക്കെ ചേട്ടന് ബുദ്ധിമുട്ടാകും..തന്നെയുമല്ല എനിക്ക് നടക്കുന്നതാ ഇഷ്ടം" തിരിഞ്ഞ് നിന്നു മറുപടി കൊടുക്കുമ്പോൾ അയാൾ പല്ല് ഞെരിക്കുന്ന ഒച്ച കേട്ടു.എനിക്ക് തന്നെ അത്ഭുതമായിരുന്നു പാവമായ ഞാൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ.പിന്നീട് ഒരിക്കലും അയാൾ പിന്നാലെ വന്നട്ടില്ലെങ്കിലും ഓരോരോ മോശം അഭിപ്രായങ്ങൾ കേട്ടിരുന്നു. വർഷങ്ങൾ പിന്നെയും കഴിഞ്ഞു.. പഠിപ്പ് പാതിക്കിട്ട് ജോലി തിരക്കി ഇറങ്ങി..

പല ഇടങ്ങളിലും അവസരം നഷ്ടപ്പെടാനുളള കാരണം ദേവദത്ത് ആണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.. പഴയതൊക്കെ ഞാൻ മറന്നെങ്കിലും അയാളൊന്നും മറന്നില്ല.നിഴലു പോലെ എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. ഞാൻ പോലും അറിയാതെ. ദേവദത്തിന്റെ ആലോചന കേശവമാമ കൊണ്ട് വന്നപ്പോഴും എതിർത്തത് അയാളുടെ സ്വഭാവം ശരിക്ക് അറിയാമായിരുന്നതിനാലാണ്.എന്നിട്ടും വിധി ആലോചന സ്വീകരിക്കാൻ നിർബന്ധിതയാക്കി..ഒടുവിൽ അയാളുടെ പ്രതികാരത്തിന് ഇരയായി നാണം കെട്ടു. വയ്യ ഓരോന്നും ഓർക്കാൻ..കണ്ണുകൾ പിന്നെയും ചുട്ടു നീറുന്നു. ഓർമ്മകളിൽ നിന്നും ഉണരുമ്പോൾ എനിക്ക് അരുകിൽ വൈഭമി ഉണ്ടായിരുന്നില്ല.

അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം ഇടക്കിടെ കേൾക്കാമായിരുന്നു.അവൾ അവിടെയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.. ഞാൻ അമ്മയുടെ മുറിയിലെത്തി..അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ ചാലിട്ടൊഴുകുന്നത് കണ്ട് അരികിലായി നിലത്തേക്ക് മുട്ടുകൾ കുത്തിയിരുന്ന് മിഴിനീര് തുടച്ചു കളഞ്ഞു..പതിയെ ചുണ്ടുകൾ കവിളോട് ചേർത്തമർത്തി. "അമ്മ കരയണ്ടാ എനിക്ക് സങ്കടമൊന്നും ഇല്ല" അങ്ങനെ പറഞ്ഞെങ്കിലും എന്റെ കണ്ണുകളും ചാലിട്ടൊഴുകി തുടങ്ങി.. ആശ്രയിക്കാൻ ആരുമില്ല..ചെറിയ ഒരു സഹായത്തിന് പോലും...മൂന്ന് സ്ത്രീകൾ മാത്രം താമസമുളള വീട്..

യവ്വനത്തിലെത്തി നിൽക്കുന്ന രണ്ടു പെൺകുട്ടികളുടെ അംഗലാവണ്യത്തിലായിരിക്കും പലരുടേയും മിഴികൾ ഒപ്പിയെടുക്കുക.. പുതിയ ഒരുജോലി കണ്ടെത്തണം..അമ്മയുടെ ട്രീറ്റ്മെന്റ്..അനിയത്തിയുടെ പഠിപ്പ് എല്ലാം നടക്കണം.. എങ്ങനെ എനിക്കൊരു ഉത്തരവും കിട്ടിയില്ല. "അത് ശരി രണ്ടും കൂടി ഇവിടെ ഇരുന്ന് കരയുവാ അല്ലേ" അടുക്കളയിൽ നിന്നും കയറി വന്ന വൈഭമി ഇടുപ്പിൽ കൈ കുത്തി നിന്നു.. "എടീ ചേച്ചി എന്നെക്കാൾ കൂടുതൽ പഠിക്കാൻ ആഗ്രഹമുളളത് നിനക്കല്ലേ..ഞാൻ പഠിച്ചു ജോലി നേടാൻ താമസമുണ്ടാകും..നീയാകുമ്പോഴെ പെട്ടെന്ന് പഠിച്ചിറങ്ങും"

വൈഭി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാതെ ഞാൻ പകച്ചു നോക്കി.. "ഇപ്പോഴത്തെ ഓർമ്മകളിൽ നിന്നൊരു മോചനം ചേച്ചിക്ക് ആവശ്യമാണ്" ശരിയാണ്.. ഒരു ജോലി കിട്ടിയാൽ ഓർമ്മകളിൽ നിന്നൊരു മോചനവും വരുമാനവും കിട്ടും.. "അതേ തൽക്കാലം ഞാൻ പഠിപ്പ് നിർത്തുവാ...ചേച്ചി തുടർന്ന് പഠിക്കുക..നല്ലൊരു ജോലി നേടിക്കഴിഞ്ഞ് എന്നെ പഠിപ്പിച്ചോളൂ" അവൾ പറയുന്നത് കേട്ട് ഞാൻ നടുങ്ങിപ്പോയി.. "നീയെന്താ വൈഭി ആവശ്യമില്ലാത്തത് ചിന്തിക്കുന്നത്.. നീയങ്ങ് പഠിച്ചാൽ മതി..കാശ് എങ്ങനേലും ഞാൻ ഉണ്ടാക്കിക്കോളാം" ദയനീയമായിരുന്നു എന്റെ സ്വരം..

"ഈ കാര്യത്തിൽ മറിച്ചൊരു തീരുമാനം ഇല്ല ചേച്ചി..ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞു. ചേച്ചി തുടർന്ന് പഠിക്കും..ഇതെന്റെ തീരുമാനം ആണ്. ഞാനൊരു തീരുനാനം എടുത്താലതിന് മാറ്റമുണ്ടാകില്ലെന്ന് എന്നെക്കാൾ ചേച്ചിക്ക് നന്നായി അറിയാമല്ലോ" "മോളേ വൈഭീ നീയെന്തൊക്കെയാടി പറയണത്..ഒന്നും ചിന്തിക്കാതെ വെറും വാക്ക് പറയല്ലേ" "പാഴ് വാക്കല്ല ചേച്ചി തുടർന്ന് പഠിക്കും..പണം ഞാൻ തരും" ഒന്നും മനസ്സിലാകാതെ വൈഭിയെ ഞാൻ പകച്ചു നോക്കി..അവളുടെ ചുണ്ടിലൊരു പുഞ്ചിരി മാത്രം തെളിഞ്ഞ് നിന്നു...............തുടരും………

ധ്രുവികം : ഭാഗം 3

Share this story