ധ്രുവികം: ഭാഗം 05

druvikam

A story by സുധീ മുട്ടം

"എന്താ വൈഭി നിനക്ക് പ്രാന്തായോ" ചിരിയോടെ പറഞ്ഞവളുടെ മുഖത്തേക്ക് ഞാൻ മിഴികളെറിഞ്ഞു.അവിടെ പുഞ്ചിരിയാണ് തെളിഞ്ഞത്. "ഞാനെന്തിനാ ചേച്ചി പ്രാന്ത് പുലമ്പുന്നത്.എനിക്കും വീടിനുമായി പഠിത്തം നിർത്തി ജോലിക്കായി ഇറങ്ങിയതല്ലേ.പഠിക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നിട്ടും കുറെ കഷ്ടപ്പെട്ടതല്ലേ.ഇനി ഞാൻ കുറച്ചു നാൾ കഷ്ടപ്പെടാം" എനിക്ക് വൈഭമിയിലെ മനസ്സിലാകുന്നില്ല.അവളുടെ മിഴികളിൽ നിശ്ചയാദാർഢൃമായിരുന്നു. "ചേച്ചി പറയുന്നത് കേൾക്കെടീ..നീ പഠിച്ചാൽ മതി" ഞാൻ പിന്നെയും ഓരോന്നും പറഞ്ഞു എതിർത്തു കൊണ്ടിരുന്നു..എന്നിട്ടും വൈഭിയൊന്നും സമ്മതിച്ചു തന്നില്ല.

"എന്റെ വൈഭി നീ ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ ധർമ്മ സങ്കടത്തിലാക്കരുതേ" അപേക്ഷയോടെ നോക്കി..എന്നിട്ടും അവളുടെ മുഖത്തെ ഭാവം മാറിയില്ല. "ചേച്ചി പഠിച്ചൊരു ജോലി നേടൂ..അതു കഴിഞ്ഞു എന്നെ പഠിപ്പിച്ചാൽ മതി" വാശിയോടെ പറഞ്ഞവളെ കൺചിമ്മാതെ നോക്കി.എന്തൊക്കെ പറഞ്ഞാലും അവളിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. "വൈഭി നീ വെറുതെ വാശി പിടിക്കാതെ" "വാശിയല്ല ചേച്ചി എല്ലാവർക്കും മുമ്പിൽ തല കുനിഞ്ഞ് പോയവളാ എന്റെ ചേച്ചി..അവർക്ക് മുമ്പിൽ നീ തല ഉയർത്തി പിടിച്ചു നിൽക്കണം.ഒരുദിവസമെങ്കിൽ ആ ഒരു ദിവസം മാത്രം" മിഴിനീരിൽ ഉപ്പ് രസം നിറയുന്നത് ഞാനറിഞ്ഞു.

കാഴ്ചകൾ കണ്ണുനീരിൽ മങ്ങിയെങ്കിലും അഭിമാനത്തോടെ അനിയത്തിയെ ചേർത്ത് പിടിച്ചു തഴുകി. എന്റെ എല്ലാമെല്ലാം ആണിവൾ‌.കൂടപ്പിറപ്പും കൂട്ടുകാരിയും. "നമുക്ക് പാർട്ട് ടൈം ആയിട്ട് പഠിക്കാം വൈഭി." അവസാനം കീഴടങ്ങിയ പോലെ പറഞ്ഞു. "അത് വേണ്ട ചേച്ചി.എന്റെ ചേച്ചി കോളേജിൽ പോയി പഠിക്കണം.എന്റെ ഒരു ആഗ്രഹമാണത്" "അതിനുള്ള പണമൊക്കെ എവിടുന്നാ വൈഭി" "അത് അയാൾ തന്നെ തന്നിട്ടുണ്ടല്ലേ ദേവദത്ത്.സ്വർണ്ണമായി" പകയോടെ പല്ല് ഞെരിക്കുന്ന ഒച്ച കേട്ടു.എന്നെക്കാൾ കൂടുതൽ കലിപ്പ് ജാസ്തി അനിയത്തിക്കാണ്. "വേണ്ടാ ആ ദുഷ്ടന്റെ ഒരു നുള്ള് മണ്ണ് പോലും വേണ്ടാ..നമുക്ക് അർഹിക്കാത്തതൊന്നും വേണ്ടാ"

കേശവമാമയെ തല്ലിയതിന്റെ ദേഷ്യം നന്നേ ഉണ്ടാകും ദേവദത്തിന്.അയാളുടെ സ്വർണ്ണവും കൂടി എടുത്തെന്ന് അറിഞ്ഞാൽ അടുത്ത പുലിവാലാകും.എപ്പോഴാണ് സ്വർണ്ണം ചോദിച്ചു വരികയെന്ന് അറിയില്ല. "അതെന്താ ചേച്ചി വേണ്ടാത്തത്" വൈഭമിയുടെ മുഖത്ത് ദേഷ്യം കലർന്നു. "ചേച്ചിയെ വേഷം കെട്ടിച്ചു അപമാനിച്ചതിന്റെ നഷ്ട പരിഹാരമായി കൂട്ടിയാൽ മതി" "അതൊന്നും വേണ്ട മോളേ..അർഹിക്കാത്തത് ആഗ്രഹിക്കരുത്" "എന്റെ ചേച്ചി ഞാൻ കുറെ പറഞ്ഞു നീയിത്ര പാവമാകരുതെന്ന്.നഷ്ട പരിഹാരമായി കേസ് കൊടുത്താൽ നമുക്ക് എന്ത് കിട്ടും‌.ഒന്നും കിട്ടുകയില്ലെന്ന് മാത്രമല്ല പണവും സ്വാധീനവും ഉളളവർ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടും"

എന്തോ എനിക്ക് അവൾ പറയുന്നതൊന്നും ഉൾക്കൊളളാൻ കഴിയുന്നില്ല..അർഹിക്കാത്തത് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല. "അയാളുടെ വീട്ടിൽ നിന്നും സ്വർണ്ണം മോഷണം പോയെന്ന് പരാതി കൊടുത്താൽ എന്താകും അവസ്ഥ.നീയൊന്ന് ചിന്തിച്ചു നോക്കൂ വൈഭി" ഗഹനമായി ആലോചിക്കും പോലെ താടിക്ക് കയ്യും കൊടുത്തു വൈഭി നിന്നു..പതിയെ ഒരു പുഞ്ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞു. "ചേച്ചി കരുതുന്നുണ്ടോ അയാൾ കേസ് കൊടുക്കുമെന്ന്.ഇല്ല ചേച്ചി ഒരിക്കലും ഇല്ല.കാരണം നാണം കെടാൻ അയാളെ പോലൊരാൾ ഈ അവസരത്തിൽ മുതിരില്ല"

അനിയത്തി എനിക്ക് അരികിലെത്തി എന്റെ താടി പിടിച്ചു ഉയർത്തി കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. "അയാളുടെ സ്വർണ്ണം എടുക്കണ്ടാ എങ്കിൽ എടുക്കുന്നില്ല.മറ്റ് വഴികളുണ്ട്.എന്റെ ആഗ്രഹം പോലെ ചേച്ചി കോളേജിൽ പോകണം.പഠിക്കണം.എനിക്ക് വാക്ക് താ" എനിക്ക് നേരെ കൈ നീട്ടിയവളെ പകച്ചു നോക്കി.ഞാനാകെ ധർമ്മ സങ്കടത്തിലായി.അനിയത്തിയുടെ പഠനം അതാണ് എനിക്ക് മുന്നിലുളളത്.പക്ഷേ വൈഭി വാശിയോടെ നിൽക്കുന്നു. "ശരി നിന്റെ ആഗ്രഹം പോലെ നടക്കട്ടെ" ഒടുവിൽ അവളുടെ സന്തോഷത്തിനായി ഞാൻ കീഴടങ്ങി.. ഒരു തുള്ളി കണ്ണുനീർ അവളിലൂടെ ചാലിട്ടൊഴുകിയത് ഞാൻ തുടച്ചു കളഞ്ഞു.

"നല്ല ചേച്ചി ചക്കരയുമ്മ" എന്നെ കെട്ടിപ്പിടിച്ചു കവിളിൽ അവൾ ചുംബിച്ചു.പാവപ്പെട്ട വീട്ടിൽ പണമില്ല എങ്കിലും സ്നേഹവും സന്തോഷവും നില നിൽക്കും..അതിന്റെ ഉദാഹരണം ഇത്രയും തന്നെ ധാരാളം. "അതൊക്കെ പോട്ടേ പണം എവിടെ നിന്ന് കണ്ടെത്തും" "അതൊന്നും ചേച്ചി അറിയേണ്ടാ..ആരുടെയും മോഷ്ടിച്ച പണമൊന്നും ആകില്ലാ" എനിക്ക് വൈഭമിയെ മനസ്സിലാകുന്നില്ല..എങ്ങനെയൊക്കെ ചിന്തിച്ചിട്ടും.. "ഒരുമാസം കൂടി കഴിഞ്ഞു ചേച്ചി കോളേജിൽ പോകുന്നു.ഓക്കേ" "ഓക്കേ" വൈഭി ഫോൺ എടുത്ത് വെളിയിലേക്ക് ഇറങ്ങി.. ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു.ഞാൻ അമ്മയുടെ മുറിയിലേക്ക് കയറി.

എന്റെ സാന്നിധ്യം മനസ്സിലായതാകും അമ്മ മിഴികൾ എനിക്ക് നേരെ തിരിച്ചു. ഞാൻ അമ്മക്ക് അരികിലെത്തി താഴെ ഇരുന്നു..അമ്മയുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു. "അമ്മേ എനിക്ക് വൈഭമിയെ അങ്ങോട്ട് മനസ്സിലാകുന്നില്ല... ഞാൻ പഠിക്കാൻ പോകണമെന്നാ അവളുടെ കൽപ്പന" അമ്മയുടെ മുഖത്ത് കൂടി കണ്ണുനീർ ഒലിച്ചിറങ്ങിയത് തുണി എടുത്തു ഒപ്പി.അമ്മക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി..പക്ഷേ അസപ്ഷ്ടമായ വാക്കുകൾ എനിക്ക് ഉത്തരം നൽകിയില്ല.അമ്മയെ മിഴിച്ചു നോക്കി അങ്ങനെ ഇരുന്നു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙

ദിനങ്ങൾ ഓരോന്നായി കടന്നു പോയി..ഒരിക്കൽ പോലും ദേവദത്ത് സ്വർണ്ണം ചോദിച്ചു വരാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി..കഴിഞ്ഞ ഓർമ്മകൾ ഓരോന്നായി മറക്കാൻ ശ്രമിച്ചു നോക്കി..കഴിയാതെ ഒരു കനലായി നെഞ്ചിനെ ഇടക്കിടെ നീറ്റിക്കൊണ്ട് ഇരുന്നു.അമ്മയിലേക്ക് മാത്രമായി ഞാൻ ചുരുങ്ങി.വൈഭമി മാത്രം ഇടക്കിടെ പുറത്തേക്കിറങ്ങി.. പതിവ് പോലെ അന്നൊരു ദിവസം അമ്മയുടെ മുറിയിൽ നിലത്ത് വിരിച്ച പായയിൽ അനിയത്തിയെ കെട്ടിപ്പിടിച്ചു കിടന്നു.

"ചേച്ചി നാളെ രാവിലെ നമുക്ക് ഒരിടം വരെ പോകണം" "എവിടേക്കാടീ" "അതൊക്കെ നാളെ അറിഞ്ഞാൽ മതി" എത്രയൊക്കെ കിള്ളി ചോദിച്ചിട്ടും വൈഭമി മനസ്സ് തുറന്നില്ല.. അടുത്ത ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി..ഞാൻ സാരിയും അവൾ ചുരീദാറുമാണ് ധരിച്ചത്.. അമ്മയെ നോക്കാനായി ബന്ധത്തിലുള്ളൊരു ചേച്ചിയെ പറഞ്ഞു ഏൽപ്പിച്ചു വീട്ടിൽ നിന്ന് ഇറങ്ങി.ബസ് സ്റ്റോപ്പിലെത്തി ബസ് കയറിയട്ടും വൈഭമി ഒന്നും പറഞ്ഞില്ല.ബസ് ഓടുന്ന വഴികളെല്ലാം എനിക്ക് സുപരിചിതമായിരുന്നു.. "ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്"

എന്ന് ഉറക്കെ കണ്ടക്ടർ വിളിച്ചു കൂവുന്നത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു..ഞാനും വൈഭിയും പഠിച്ചിരുന്ന കോളേജ്.. ബസിറങ്ങി റോഡ് മുറിച്ച് മുന്നിലുള്ള റോഡിലൂടെ നടന്നു...ഞങ്ങൾക്ക് മുന്നിലുള്ള കവാടത്തിലൂടെ കേറി ക്യാമ്പസിന്റെ മണ്ണിലേക്ക് കാൽ ചവുട്ടിയതും എന്നിലൊരു തരിപ്പ് പാദങ്ങളിലൂടെ അരിച്ചു കയറി ശരീരമാകെ വ്യാപിച്ചു കോൾമയിൽ കൊണ്ടു... "എനിക്ക് അത്രയേറെ പ്രിയപ്പെട്ട എന്റെ കോളേജ്" കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി ഇറങ്ങി... ...............തുടരും………

ധ്രുവികം : ഭാഗം 4

Share this story