ധ്രുവികം: ഭാഗം 08

druvikam

A story by സുധീ മുട്ടം

കുനിഞ്ഞ മുഖവുമായി താഴേക്കു നോക്കിയിരുന്നു. ദഹിപ്പിക്കുന്ന നോട്ടം കാണാനുള്ള ത്രാണി ഇല്ലായിരുന്നു. ചുവന്ന് തുടുത്ത മുഖത്ത് കോപം ഇരച്ചു കയറുന്നത് കാണാമായിരുന്നു. അറിയാതെയൊരു വിറയിൽ എന്നിലൂടെ പാഞ്ഞു കയറി. "ഇനിയെന്നും ഇവിടെ കാണുമല്ലോ" എനിക്ക് അരികിലെത്തിയ ത്രയയുടെ ശബ്ദം കേട്ടാണ് മുഖമുയർത്തിയത്.ഇപ്പോൾ സൗമ്യമായിരുന്നാ മുഖം.ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു. "എന്താ ധ്രുവി മനസ്സിലാകാത്ത പോലെ നോക്കുന്നത്?" "അത് ഞാൻ..." വാക്കുകകൾക്കായി വിക്കി തുടങ്ങി.. എനിക്കെന്താ സംഭവിക്കുന്നതെന്ന് അറിഞ്ഞു കൂടായിരുന്നു..ആകെയൊരു മന്ദത. "സുഖമില്ലെങ്കിൽ പിന്നെ കാണാം"

സ്വരത്തിലും ഭാവത്തിലും സൗമ്യത വരുത്തി പറഞ്ഞിട്ട് ത്രയമ്പക പിന്നിലെ സീറ്റിലേക്കിരുന്നു. "എന്ത് പറ്റി ധ്രുവി" എന്റെ ഭാവം ശ്രദ്ധിച്ചായിരുന്നു വൈമികയുടെ ചോദ്യം..ഒന്നുമില്ലെന്ന് മിഴികളാൽ സിഗ്നൽ നൽകി.പിന്നെയൊന്നും വൈമിയിൽ നിന്നും ഉണ്ടായില്ല.കുറച്ചു കഴിഞ്ഞു ഒരു പ്രൊഫസർ ക്ലാസിലേക്ക് കയറി വന്നു. സ്വയം പരിചയപ്പെടുത്തി ഞങ്ങളേയും പരിചയപ്പെട്ടു. ഫസ്റ്റ് ഡേ ആയിരുന്നതിനാൽ ഉച്ചക്ക് മുമ്പേ ഞങ്ങൾ ഫ്രീയായി..ഞാൻ വൈമിക്ക് ഒപ്പമായിരുന്നു ബസ് സ്റ്റോപ്പിലേക്ക് നടന്നത്. "ത്രയയെ മുമ്പ് അറിയാമായിരുന്നോ ധ്രുവി" അപ്രതീക്ഷിതമായ വൈമിയുടെ തുറന്നുളള ചോദ്യമൊന്ന് ഞെട്ടിച്ചു. "അറിയാം"

ഇത്രയും അടുപ്പത്തിൽ ത്രയ സംസാരിച്ചത് അറിയില്ലെന്ന് പറഞ്ഞാലത് കളവാകും. "പിന്നെ നിനക്കെന്താ ആകെയൊരു അസ്വസ്ഥത" "അത് നിനക്ക് തോന്നുന്നതാ വൈമി" എന്തോ അവളൊന്നും അതിനെ കുറിച്ച് സംസാരിക്കാഞ്ഞത് ആശ്വാസമാണ് അനുഭവപ്പെട്ടത്.ബസ് സ്റ്റോപ്പിലെത്തി രണ്ടു പേരും റോഡിന് അപ്പുറവും ഇപ്പുറവുമായി നിന്നു.രണ്ടു ദിശയിലേക്കാണ് രണ്ടു പേരുടേയും യാത്ര. എംസി റോഡിലൂടെ വാഹനങ്ങളുടെ നീണ്ട ഒഴുക്ക് ഉണ്ടായിരുന്നു. തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും പോകാനുളള ബസ് വന്നില്ല.അതങ്ങനെ ആണല്ലോ യാത്ര പോകാനുളള സ്ഥലത്തേക്ക് ബസ് എത്തില്ല..

വിദ്യാർത്ഥികളാൽ സ്റ്റോപ് നിറഞ്ഞു. പ്രൈവറ്റ് ബസും ട്രാൻസ്പോർട്ട് ബസും ഓടുന്ന സ്ഥലമാണ്. എന്നിട്ടും സമയത്തിന് ഒരു ബസുമില്ല..സമയം ഇഴഞ്ഞ് നീങ്ങി..ഒരു പ്രൈവറ്റ് ബസ് വന്ന് നിന്നതും അതിൽ നുഴഞ്ഞ് കയറി. മാവേലിക്കരയിൽ നിന്നും ചെങ്ങൂന്നൂർ ബസിൽ കയറി. അവിടെ നിന്ന് മറ്റൊരു ബസിൽ കയറി വീട്ടിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ വീട്ടിൽ വൈഭമിയെ കണ്ടില്ല.അപ്പുവേച്ചി ജോലിയിലായിരുന്നു.നേരെ അമ്മയുടെ മുറിയിലേക്ക് കയറി. അമ്മ മയക്കത്തിലായിരുന്നു. "മോള് നേരത്തെ വന്നോ" എന്നെ കണ്ടു അപ്പുവേച്ചി മുറിയിലേക്ക് കയറി വന്നു. "ഇന്ന് ഫസ്റ്റ് ഡേ അല്ലായിരുന്നോ.നേരത്തെ വിട്ടു..അപ്പുവേച്ചി വൈഭി എവിടെ?" വീട്ടിൽ അവളെ കാണാഞ്ഞിട്ട് ചോദിച്ചു.

"മോള് കോളേജിലേക്ക് പോയതിന് ശേഷം വൈഭി കുഞ്ഞ് .കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞു പോയതാ.ഇതുവരെ വന്നട്ടില്ല.കുഞ്ഞ് വന്ന് വല്ലതും കഴിക്ക്" "അമ്മ വല്ലതും കഴിച്ചോ?" "കഞ്ഞി കൊടുത്തു. രണ്ടു വറ്റ് കഴിച്ചു കാണും.മരുന്ന് കഴിച്ചതോടെ ചേച്ചിയൊന്ന് മയങ്ങുവാ" "ഞാൻ വേഷം മാറിയട്ട് വരാം അപ്പുവേച്ചി പൊയ്ക്കോളൂ" ചേച്ചി മുറിവിട്ട് ഇറങ്ങിയതും ഞാൻ വേഷം മാറ്റി ധരിച്ചു...പഴയൊരു ചുരീദാർ എടുത്തിട്ടു. വൈഭി എവിടെ പോയതായിരിക്കും.ഒന്ന് വിളിച്ചു നോക്കാം" മൊബൈലിൽ വിളിച്ചു എങ്കിലും സ്വിച്ച്ഡ് ഓഫ് എന്നാണ് മറുപടി ലഭിച്ചത്.ഇതെന്താ ഇവൾ ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുന്നത്.മനസ്സ് സങ്കടത്താൽ മൂടി.

"എന്നാലും വൈഭി എവിടേക്ക് ആയിരിക്കും പോയിരിക്കുക..ഏത് കൂട്ടുകാരിയുടെ വീട്ടിലായിരിക്കും" എന്നൊക്കെ ചിന്തിച്ചു അടുക്കളയിലെത്തി..അപ്പുവേച്ചി ചൂടു കഞ്ഞി രണ്ടു പ്ലേറ്റിലേക്ക് പകർന്നു വെച്ചിരുന്നു. "അപ്പുവേച്ചി ഒന്നും കഴിച്ചില്ലായിരുന്നോ" "കുറയേറെ ജോലി ഉണ്ടായിരുന്നു.." "എന്ത് ജോലി" "ഉളള സ്ഥലത്ത് കുറച്ചു പച്ചക്കറികൾ നടാനായി തടമെടുത്തു.വൈഭി വരുമ്പോൾ കുറച്ചു വിത്തുകൾ കൊണ്ട് വരും‌.വിഷമില്ലാത്ത കുറച്ചു പച്ചക്കറികൾ കഴിക്കാമല്ലോ?" അപ്പുവേച്ചി അങ്ങനെയാണ്.. ഒരിടത്തും അടങ്ങിയിരിക്കില്ല.ചെറിയ ഓരോ പണികളും ചെയ്തോണ്ടിരിക്കും..ശീലമായി പോയി. "അപ്പുവേച്ചി വാ..നമുക്ക് ഒരുമിച്ച് കഴിക്കാം"

ചേച്ചിയേയും വിളിച്ചു ഒരുമിച്ച് ഇരുന്നു കഞ്ഞി കോരിക്കുടിച്ചു..ചുട്ട മുളക് ചമ്മന്തിക്ക് നല്ല രുചിയായിരുന്നു.അപ്പുവേച്ചിയുടെ സ്നേഹവും കൂടിയതിൽ ചാലിച്ചിരുന്നു. കഞ്ഞികുടി കഴിഞ്ഞു ചേച്ചി എടുത്ത തടങ്ങൾ കാണിച്ചു തന്നു. "വൈഭമി മോൾക്ക് വേറെ എന്തെക്കയോ പ്ലാനുണ്ട് മോളെ" "എന്ത് പ്ലാൻ" ഞാൻ കണ്ണുകൾ മിഴിച്ചു. "അറിയില്ല മോളേ..മനസ്സ് തുറന്നാലല്ലേ അറിയാൻ കഴിയൂ" അപ്പുവേച്ചിയുടെ പുഞ്ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്.വിടർന്ന നിരയൊത്ത ദന്തനിരകൾ പുറത്ത് കാട്ടിയാണ് ചിരിക്കുക. "എന്തായാലും വൈഭി വരട്ടെ" അങ്ങനെ പറഞ്ഞിട്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു..അമ്മ ഉണർന്നിരുന്നു..അരികിലിരുന്ന് മുടിയിലൂടെ തഴുകി..

കോളേജിലെ വിശേഷങ്ങൾ പങ്കുവെച്ചതും അമ്മയിലൊരു നനുത്ത പുഞ്ചിരി തെളിഞ്ഞു. വൈഭിയെ വീണ്ടും വിളിച്ചു നോക്കി..പഴയത് പോലെ ഫോൺ സ്വിച്ച് ഓഫ്.എന്നിൽ ആധി വളർന്നു.. അരുതാത്തത് എന്തെങ്കിലും. ഓർക്കാൻ കൂടി വയ്യ. വൈകുന്നേരമായി വൈഭമി വീട്ടിലെത്തുമ്പോൾ.. "എവിടെ ആയിരുന്നു മോളേ നീ" വഴിക്കണ്ണുമായി ഞാൻ നോക്കി നിൽക്കുവാരുന്നു.. "ഒരു കൂട്ടുകാരിയെ കാണാൻ പോയതാ ചേച്ചി." "വെറുതെ പോയതാണോ" "അല്ലല്ലോ?" "പിന്നെ" അപ്പോഴാണ് വൈഭമി അവളുടെ പദ്ധതികൾ വിശദീകരിച്ചത്..എന്റെ മുഖം തെളിഞ്ഞു. കൂട്ടുകാരിയുടെ പരിചയപെടുത്തൽ കുറച്ചു കോഴിക്കുഞ്ഞുങ്ങളെയും മുയലുകളെയും വാങ്ങാനുളള പ്ലാനിലായിരുന്നു..

രണ്ടു നല്ല ആദായമുളള കൃഷിയാണ്. "ആദ്യത്തെ കുറച്ചു മാസമുളള കഷ്ടപ്പാടുള്ളൂ ചേച്ചി..വിജയിച്ചാൽ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാമല്ലോ" അനിയത്തിയുടെ ബുദ്ധിശക്തിയിൽ എനിക്ക് അഭിമാനം വന്നു..ഞാനാണ് മൂത്തതെങ്കിലും പ്രവൃത്തിയിൽ വൈഭിയാണെന്റെ ചേച്ചി. കൂടപ്പിറപ്പിനെ ചേർത്ത് പിടിച്ചു കവിളിൽ ചുണ്ടുകൾ അമർത്തി.. ഒരിറ്റ് കണ്ണുനീർ എന്നിൽ നിന്നും അടർന്നു വീണു. "സെന്റിയാകാതെ കോളേജ് വിശേഷങ്ങൾ പറയ് ചേച്ചി" "വാ നീ വന്ന് ചായ കുടിക്ക്..അതിനു ശേഷം പറയാം" വൈഭിയും ഞാനും വീട്ടിലേക്ക് കയറാനായി തിരിഞ്ഞതും വഴിയരുകിലായി ഒരു വാഹനം വന്ന് നിൽക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി..

"പോലീസ് ജീപ്പ്" അതിൽ നിന്നും പോലീസുകാരും ദേവദത്തും ഇറങ്ങി വരുന്നത് കണ്ട് എന്നിലൂടെയൊരു വിറയൽ പാഞ്ഞു കയറി.. സ്വർണ്ണം വാങ്ങാനുളള വരവാണെന്ന് എനിക്ക് മനസ്സിലായി..ഞാൻ വൈഭിയെ നോക്കി..അവൾക്കൊരു കുലുക്കവും ഇല്ലായിരുന്നു.. പേടിയോടെ അവളുടെ കയ്യിൽ മുറുക്കി പിടിച്ചതും ഒന്നും ഇല്ലെന്ന ഭാവത്തിൽ വൈഭമി എന്നെ നോക്കി കണ്ണിറുക്കി. "ഞാൻ പറഞ്ഞതു പോലെയങ്ങ് പെരുമാറിയാൽ മതി ചേച്ചി..ബാക്കി ഞാനേറ്റു.................തുടരും………

ധ്രുവികം : ഭാഗം 7

Share this story