സാഫല്യം: ഭാഗം 3

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പെട്ടെന്ന് വൈശാഖ് ഗ്ലാസ് താഴ്ത്തിയിരുന്നു..... "എന്താ സാർ......! ഒരു പോലീസുകാരനും അയാൾക്ക് ചുറ്റും രണ്ടുമൂന്ന് ആളുകളും നിൽക്കുന്നത് വൈശാഖ് കണ്ടിരുന്നു...... പോലീസ് ഉദ്യോഗസ്ഥന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ ദേവികയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു..... " കുറെ നേരമായി സാറേ ഇവിടെ വണ്ടി നിർത്തിയിട്ട്...... ഞങ്ങൾ രണ്ടുമൂന്നു പ്രാവശ്യം ഇതിലെ കൂടെ പോയി........ അപ്പോഴൊന്നും ഈ വണ്ടി പോയിട്ടില്ല...... ഒന്നുകൂടി തിരിച്ചു വന്ന് നോക്കിയപ്പോൾ വണ്ടിക്കകത്ത് ഒരു പെണ്ണും കൂടി ഉണ്ടെന്ന് മനസ്സിലായത്...... ഇത് വേറെ എന്തോ ഏർപ്പാടാണെന്ന് തോന്നുന്നു........ കഴിഞ്ഞ ആഴ്ച ഇത് പോലെ തന്നെ ഒരു വണ്ടിയിൽ രണ്ടെണ്ണത്തിനെ പിടിച്ചതേ ഉള്ളൂ........ നാട്ടുകാരിൽ ഒരാൾ എന്നു തോന്നുന്ന ആൾ പോലീസുകാരനോട് പറഞ്ഞപ്പോൾ ദേവിക്ക് ശരീരത്തിൽ കൂടി ഒരു വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു....... "അല്ല സാറേ...... അങ്ങനെയൊന്നുമല്ല ഞാൻ ഇവിടുത്തെ സിറ്റിയിലെ പവിഴം ടെക്സ്റ്റൈൽസ് ഓണർ ആണ്...... വൈശാഖ് മേനോൻ......

വണ്ടിയിൽ നിന്നും ഇറങ്ങി അവൻ പോലീസുകാരനോട് പറഞ്ഞിരുന്നു........ " അപ്പൊൾ കൂടെയുള്ളത് ആരാ....? ഭാര്യയാണോ....? " ഭാര്യ അല്ല.....! എൻറെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന കുട്ടിയാണ്..... പെട്ടെന്ന് കൂടെ നിന്നവരുടെ മുഖത്ത് ഒരു പുച്ഛഭാവം വിരിയുന്നതും അവർ ഒരുമാതിരി അവജ്ഞയോടെ തന്നെ നോക്കുന്നതും ദേവിക അറിഞ്ഞിരുന്നു..... " മുതലാളിയും തൊഴിലാളിയും കൂടി എന്താണ് ഇവിടെ നടുറോഡിൽ കാറിലിരുന്ന് സംസാരിക്കുന്നത്......? നിങ്ങൾക്ക് ടെക്സ്റ്റൈൽസിൽ സംസാരിക്കാൻ പറ്റാത്ത എന്ത് കാര്യം.....? ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഒരു ജീവനക്കാരിയായ ഇവളെ കാറിൽ വിളിച്ചു കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വന്നു എന്ത് സംസാരിക്കാൻ....? അത്തരത്തിൽ ഉള്ള എന്ത് ആഭ്യന്തര കാര്യം ആണ് ഉള്ളത്.....? അങ്ങനെ പോലീസുകാരൻ വിവിധ തരത്തിലുള്ള ചോദ്യശരങ്ങൾ അവനുനേരെ എയ്തു തുടങ്ങി....... എന്ത് മറുപടി പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം വൈശാഖൻ..... " സർ ...! ഞങ്ങൾ ഒരു പേഴ്സണൽ കാര്യം സംസാരിക്കാൻ വേണ്ടി വന്നതാ...... ഈ വളവ് തിരിഞ്ഞ് കുറേക്കൂടി പോകുമ്പോഴാണ് ഈ കുട്ടിയുടെ വീട്...... അവളെ അവിടേക്ക് കൊണ്ട് വിടാം എന്ന് വിചാരിച്ചാണ് വണ്ടിയിൽ കയറ്റിയത്.......

സംസാരിക്കാൻ വേണ്ടി ആയിരുന്നു വണ്ടി നിർത്തിയത്..... അല്ലാതെ സാറും ഇവരും ഒക്കെ ധരിക്കുന്നത് പോലെ മറ്റു തരത്തിലുള്ള ഒരു ബന്ധവും കാറിനുള്ളിൽ നടന്നിട്ടില്ല....... വൈശാഖ് തന്റെ നിരപരാധിത്വം വ്യക്തമാക്കി..... "എല്ലാം നമുക്ക് സ്റ്റേഷനിൽ ചെന്ന് സംസാരിക്കാം...... തൽക്കാലം താൻ വണ്ടി കൊണ്ട് നേരെ സ്റ്റേഷനിലേക്ക് വാ..... ഇത് നാട്ടുകാർ ഇടപെട്ട കേസ് ആണ്..... അതുകൊണ്ട് തൽക്കാലം വെറുതെ തന്നെ വിടാൻ പറ്റില്ല........ നാളെ ഈ പെൺകൊച്ച് ഒക്കെ ഒരു തുണ്ട് കയറിന്റെ അറ്റത്ത് തൂങ്ങിയാടുന്നത് അറിഞ്ഞാൽ ഞാൻ തന്നെ വിചാരിക്കല്ലേ എനിക്ക് വേണമെങ്കിൽ ഒന്ന് സഹായിക്കായിരുന്നു എന്ന്...... പെട്ടെന്ന് ദേവിക കാറിൽ നിന്നും ഇറങ്ങി വന്നിരുന്നു....... "സത്യമായിട്ടും നിങ്ങൾ വിചാരിക്കുന്നതുപോലെ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല സാർ....... എനിക്കൊരു ലിഫ്റ്റ് തന്നു എന്നെ ഉള്ളൂ...... പോലീസുകാരൻ വൈശാഖിന്റെ മുഖത്തേക്ക് നോക്കി...... ഇനിയും താൻ ഒന്നും മറച്ചു വയ്ക്കുന്നത് ശരിയല്ലെന്ന് വൈശാഖിന് തോന്നിയിരുന്നു...... അവൻ രണ്ടുംകൽപ്പിച്ച് പോലീസുകാരോട് പറഞ്ഞു..... " ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് വരാം സർ..... ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ലാത്തതുകൊണ്ട് എനിക്ക് ഭയമില്ല...... ദേവികേ വാ കയറ്.... വൈശാഖ് പറഞ്ഞു.......

യന്ത്രികമായി അവൾ വണ്ടിയിലേക്ക് കയറിയിരുന്നു...... ആദ്യം മുൻപിലേക്ക് പോയത് അവന്റെ കാർ ആയിരുന്നു..... അതിന് പിന്നിൽ പോലീസ് ജീപ്പ് ആയിരുന്നു..... ഭീകരമായ മൗനം ഘനീഭവിച്ച നിമിഷങ്ങൾ...... അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് പോലും അവന് അറിയില്ലായിരുന്നു....... അവളുടെ ചുവന്നു തുടുത്ത മുഖം കണ്ടാൽ അറിയാം അവൾ കരയാനുള്ള പുറപ്പാടിലാണ് എന്ന്........ നെഞ്ചിലൊരു ഭാരം ഉരുണ്ടു കൂടി അത്‌ തൊണ്ടകുഴിയുടെ അറ്റത്തു വന്നു ശ്വാസം മുട്ടിക്കും പോലെ അവൾക്ക് തോന്നി...... അപ്പോഴേക്കും കണ്ണുകൾ പെയ്തു തുടങ്ങി....... ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട് എന്ന് അവളുടെ ആ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു..... ഇപ്പോൾ താൻ എന്തു പറഞ്ഞാലും അവളെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു....... ഇനി വരുന്നതുപോലെ വരട്ടെ എന്ന് അവനും ചിന്തിച്ചിരുന്നു....... വണ്ടി നേരെ കൊണ്ട് ചെന്ന് നിർത്തിയത് പോലീസ് സ്റ്റേഷനു മുൻപിൽ ആണ്....... രണ്ടുപേരും ഇറങ്ങി ചെന്നപ്പോൾ തന്നെ എസ്ഐ നോക്കി ഇരിക്കുന്നുണ്ടായിരുന്നു......

തങ്ങളെ കണ്ട പൊലീസുകാരൻ എസ്ഐയുടെ അരികിലിരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...... കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണ് എന്ന് വൈശാഖിന് മനസ്സിലായിരുന്നു....... കണ്ടപ്പോഴേക്കും എസ്ഐ ഇരിക്കാൻ പറഞ്ഞിരുന്നു..... " എന്താടോ പ്രശ്നം.....? തന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... അവൻ ചുരുങ്ങിയ വാക്കുകളിൽ നടന്ന കാര്യങ്ങൾ വിവരിച്ചു..... " മിസ്റ്റർ വൈശാഖൻ...., അവിടുത്തെ ഒരുപറ്റം നാട്ടുകാർ അറിഞ്ഞ സംഭവമാണ്...... ഞങ്ങൾ ഇപ്പോൾ തന്നെ വെറുതെ വിട്ടു എന്ന് പറഞ്ഞാലും അവർ വിചാരിക്കുന്നത് മറ്റെന്തെങ്കിലും രീതിയിലായിരിക്കും..... പണത്തിന്റെ പവർ കണ്ടു ഞങ്ങൾ വെറുതെ വിട്ടു എന്ന് വരും..... കാരണം എന്ത് കാര്യം നടന്നാൽ പോലീസുകാർക്ക് ആണല്ലോ കുറ്റം വരുന്നത്...... " സർ നിങ്ങൾ പറയുന്നതുപോലെ ഒരു കാര്യങ്ങളും വണ്ടിക്കുള്ളിൽ നടന്നിട്ടില്ല...... പിന്നീട് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ സർ......? " എല്ലാ കാര്യങ്ങളിലും എനിക്കൊരു ക്ലാരിഫിക്കേഷൻ ആവശ്യമാണ് വൈശാഖ്... നിങ്ങളുടെ വീട്ടിലെ നമ്പർ തരൂ...... ഞാൻ നിങ്ങളുടെ വീട്ടുകാരുമായി ഒന്ന് സംസാരിക്കട്ടെ..... അതുപോലെ ആ കുട്ടിയുടെ അച്ഛൻറെ നമ്പർ തരണം..... ദേവികയുടെ ഹൃദയത്തിൽ ഒരു വാൾ കൊണ്ട് മുറിക്കുന്നത് പോലെയാണ് തോന്നിയത്......

ഇത് അറിയുമ്പോൾ അച്ഛൻറെ അവസ്ഥ എന്തായിരിക്കുമെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നു...... അച്ഛൻറെ പ്രതീക്ഷ മുഴുവൻ തന്നിലാണ്...... മകളെ പറ്റി ഇങ്ങനെ ഒരു വാർത്ത ചെല്ലുമ്പോൾ ആ മനസ്സിന് അത് താങ്ങാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു....... " വീട്ടിൽ വിളിക്കേണ്ട സർ..... വൈശാഖന്റെ മറുപടി എസ്ഐക്ക് വീണ്ടും സംശയം ഉണർത്തി.... " മറ്റൊന്നും കൊണ്ടല്ല എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ് അത് പറയാൻ വേണ്ടി തന്നെ ആയിരുന്നു ഞാൻ ആ കുട്ടിയെ വിളിച്ചു സംസാരിക്കാൻ ഇരുന്നത്....... സംസാരിക്കാൻ വേറെ സ്ഥലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കാറിൽ തന്നെ ഇരുന്നു സംസാരിച്ചത്...... എൻറെ വീട്ടിൽ ആർക്കും അറിയില്ല...... ഇങ്ങനെ ഒരു സാഹചര്യത്തിൽ ഈ വിവരം എൻറെ വീട്ടിൽ അറിഞ്ഞാൽ ഒരിക്കലും എൻറെ വീട്ടിൽ ആരും ഈ ബന്ധത്തിന് സമ്മതിക്കാൻ പോകുന്നില്ല....... പതുക്കെ വീട്ടുകാരോട് ഈ വിവരം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്...... പെട്ടന്ന് വിവരം എൻറെ വീട്ടിൽ അറിഞ്ഞാൽ എൻറെ അച്ഛൻ ഈ കുട്ടിയെ ജോലിയിൽ നിന്ന് പിരിച്ചു വിടും...... ഇവളെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബം ഉണ്ട്....... അവർക്ക് അതൊരു വലിയ ബുദ്ധിമുട്ട് ആയി മാറും...... വൈശാഖ് പറഞ്ഞു... " താൻ ഒക്കെ എന്തൊരു മനുഷ്യനാടോ...?

ഒരു പെണ്ണിനെ ഇഷ്ടമാണെങ്കിൽ അത് ആദ്യം നീ നിന്റെ വീട്ടിലാണ് പറയേണ്ടത്..... അല്ലാതെ ആളില്ലാത്ത സ്ഥലത്തു കൊണ്ട് പോയി അല്ല.... അത് പറഞ്ഞപ്പോൾ താൻ വല്ലാതെ ചെറുതാകുന്നത് പോലെ വൈശാഖിനെ തോന്നിയിരുന്നു..... " ഇത്രയും അറിഞ്ഞിട്ട് ഞാൻ തന്റെ വീട്ടിൽ സംസാരിക്കാതിരിക്കില്ല....... മറ്റൊന്നും കൊണ്ടല്ല ഒരു പാവം പെൺകുട്ടിയുടെ ജീവിതമാണ്....... പ്രതീക്ഷ നൽകി അവസാനം ഇതിനെപ്പറ്റി കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു നിയൊക്കെ കൈ കഴുകും..... എസ്ഐ പറഞ്ഞതൊന്നും അവൾ കേട്ടില്ല....... അവളുടെ മനസ്സിൽ ആ നിമിഷവും അച്ഛൻ ഈ വിവരം അറിയുമ്പോൾ എന്തായിരിക്കും എന്നുള്ള ഒരു പേടി മാത്രമായിരുന്നു....... നമ്പര് കൊടുക്കാതിരിക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല...... " നിങ്ങൾ പുറത്തു ഇരിക്കൂ. ആ പോലീസ് വരാന്തയിലെ കസേരയിൽ തകർന്നത് പോലെ ഇരിക്കുന്നവളെ കണ്ടപ്പോൾ വൈശാഖിനെ നെഞ്ചു പിടഞ്ഞു പോയിരുന്നു..... " എടോ ഇങ്ങനെയൊന്നും ആകും എന്ന് ഞാൻ കരുതിയില്ല..... ഒരു കുസൃതിക്ക് വേണ്ടിയാണ് വണ്ടിയിൽ കയറണമെന്ന് ഞാൻ തന്നോട് പറഞ്ഞത്...... എൻറെ ഇഷ്ടം നിന്നോട് തുറന്നു പറയണം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.....

ഇപ്പൊൾ കൈപ്പിടിയിൽ നിന്നും ഒരുപാട് ദൂരേക്ക് പോയി...... എന്ന് വിചാരിച്ചു വിഷമിക്കേണ്ട.... ആ എസ്‌ ഐ പറഞ്ഞതുപോലെ തന്നെ പറ്റിക്കാൻ എനിക്ക് ഉദ്ദേശം ഇല്ല........ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും തന്നെ പറ്റിക്കാൻ വഞ്ചിക്കാനും ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല....... അങ്ങനെയായിരുന്നെങ്കിൽ ഇത്ര നിർബന്ധിച്ചത് ഇഷ്ടം പിടിച്ചു വാങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ...... എന്ത് പ്രശ്നം വന്നാലും തന്നെ ഞാൻ ഒറ്റയ്ക്ക് ആക്കില്ല...... ആ ഒരു വാക്കിനപ്പുറം മറ്റൊന്നും എനിക്കിപ്പോ തനിക്ക് നൽകാനില്ല....... അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ ഒരു മറുപടിയും അവൾക്ക് പറയാനുണ്ടായിരുന്നില്ല...... പെട്ടെന്ന് പൊട്ടി പോയിരുന്നു അവൾ..... കണ്ണുനീർ കവിളിലൂടെ ഒഴുകി തുടങ്ങിയിരുന്നു...... കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിലൂടെ ചാലുകൾ ഇട്ടു ഒഴുകി തുടങ്ങിയിരുന്നു...... തന്റെ വിഷമം പറഞ്ഞാൽ എങ്ങനെ അയാൾക്ക് മനസിലാകും, ഒരാളുടെ വേദന അതെ തീവ്രതയിൽ മറ്റൊരാൾക്ക്‌ മനസ്സിലാകുമോ....? " ഞാൻ ആദ്യമേ സാറിനോട് പറഞ്ഞതല്ലേ....... അതൊന്നും ശരിയാവില്ല എന്ന്...... ജോലി പോകുന്നതല്ലാതെ മറ്റു ഉപകാരം ഒന്നും ഇല്ല..... എന്റെ അച്ഛൻ, അനുജത്തി അവരൊക്കെ അറിയുമ്പോൾ എന്നെപ്പറ്റി എന്തായിരിക്കും കരുതുന്നത്...... ഞാൻ ഒരു ചേച്ചി അല്ലേ സർ....

എന്റെ അനുജത്തിയുടെ ഭാവി..... ഞാൻ അമ്മയാണ് അവൾക്ക്..... അവളെ നേർവഴിക്ക് നടത്തുന്ന ഒരു അമ്മ...... ആ ഞാൻ ഇങ്ങനെ ആണെന്നറിയുമ്പോൾ അവൾക്ക് എന്നോട് എന്തെങ്കിലും ഒരു ബഹുമാനം ഇനി തോന്നുമൊ.....? അതിലെല്ലാമുപരി എൻറെ അച്ഛൻ ഈ വാർത്ത കേൾക്കുമ്പോൾ തകർന്നുപോകും....... എൻറെ കുടുംബത്തിൽ എന്തൊക്കെ ദുരന്തങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്ന് എനിക്കറിയില്ല...... അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങി...... വൈശാഖന് അവളെ കണ്ടപ്പോൾ സഹതാപം തോന്നി........ താൻ കാരണമാണ് അവളുടെ കണ്ണുകൾ നിറഞ്ഞത്....... തന്റെ ഒരു കുസൃതിക്ക് ആണ് അവൾ ഇപ്പോൾ വലിയ വില നൽകേണ്ടി വരുന്നത് ....... വണ്ടിയിൽ കയറാൻ പലവട്ടം താൻ പറഞ്ഞപ്പോഴും വിസമ്മതിച്ചതാണ്....... തിരിച്ചു പോകാം എന്ന് പറഞ്ഞു...... താൻ വണ്ടി എടുക്കില്ല എന്ന് കണ്ടപ്പോഴാണ് ബഹുമാനം ഉണ്ടെന്ന് പോലും പറയാനായി അവൾ തീരുമാനിച്ചത്...

തുളസി പൂവിൻറെ നൈർമല്യമുള്ള പരിശുദ്ധിയുള്ള ഒരു പാവം പെണ്ണാണ് ഇന്ന് സ്വഭാവശുദ്ധി യുടെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറി ഇരിക്കുന്നത്...... അതും താൻ കാരണം..... അവന് വല്ലാത്ത വേദന തോന്നി..... എന്ത് തന്നെ വന്നാലും ഈ പെണ്ണിനെ കൈവിടില്ല എന്ന് ആ നിമിഷം അവൻ മനസ്സിൽ പ്രതിജ്ഞ ചെയ്തിരുന്നു...... കുറച്ച് സമയം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിലെ മുൻപിൽ ഒരു വണ്ടി വന്നിരുന്നു....... അതിൽനിന്നും വിശ്വം മേനോൻ ഇറങ്ങിയിരുന്നു...... ഗാംഭീര്യമുള്ള അയാളുടെ മുഖത്ത് ആ നിമിഷം നിറഞ്ഞുനിന്നത് ദേഷ്യവും അമർഷവും മാത്രമായിരുന്നു...... അയാളുടെ മുഖം ദേഷ്യം നിറഞ്ഞ മുഖത്തോടെ അകത്തേക്ക് കയറുന്നതിനു മുൻപ് അയാൾ പോലീസ് വരാന്തയിൽ നിന്നിരുന്ന ദേവികയുടെയും വൈശാഖിന്റെയും മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി ഇരുന്നു....... വലിഞ്ഞുമുറുകി നിന്ന് അയാളുടെ ആ മുഖഭാവത്തിൽ നിന്ന് തന്നെ ആ നിമിഷം അയാൾക്ക് എത്രത്തോളം ദേഷ്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു......... എസ്ഐയുടെ മുറിയിലേക്ക് ചെന്നതും വിശ്വനാഥൻ എന്തൊക്കെയോ സംസാരിക്കുന്നത് വൈശാഖൻ കണ്ടിരുന്നു......

കുറച്ചു സമയങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനു മുൻപിൽ പുണ്യാളൻ എന്നെഴുതിയ ഒരു ഓട്ടോ വന്നു നിന്നിരുന്നു...... അതിൽ നിന്നും ആദ്യം ഇറങ്ങിയത് ദേവികയുടെ അച്ഛൻ ആയിരുന്നു..... ഒരു കാവിമുണ്ടും മുഷിഞ്ഞ ഒരു ഷർട്ടും ആയിരുന്നു അയാളുടെ വേഷം...... ഒരു കാവി നിറത്തിലുള്ള തോർത്തും തോളിൽ ഇട്ടിട്ടുണ്ടായിരുന്നു...... അയാൾ എത്ര സാധുവാണെന്ന് ആ വേഷം തന്നെ വിളിച്ചോതുന്നുണ്ടായിരുന്നു...... ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് വേദന ഒന്നും ആയിരുന്നില്ല മറിച്ച് നിസ്സഹായത മാത്രമായിരുന്നു..... അതിൻറെ കാരണം എന്തായിരുന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു...... എങ്കിലും അച്ഛനെ കണ്ട നിമിഷം ഹൃദയംപൊട്ടി പോകുമെന്ന് ദേവികയ്ക്ക് തോന്നിയിരുന്നു...... പോലീസ് വരാന്തയിലേക്ക് കയറി നിന്ന് ദേവികയുടെ അടുത്തേക്കാണ് ആദ്യം അയാൾ വന്നത്.... "എന്ത് പറ്റി മോളെ....! അവളുടെ തല മുടിയിൽ തഴുകി കൊണ്ടാണ് അയാൾ ചോദിച്ചത്..... അയാളൊന്ന് ദേഷ്യപ്പെട്ടു എങ്കിൽ പോലും തനിക്ക് വിഷമം തോന്നില്ലായിരുന്നു എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു....... പിന്നീട് പിടിച്ചുനിർത്താൻ അവൾക്ക് കഴിഞ്ഞില്ല..... പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്നു കഴിഞ്ഞിരുന്നു................... (തുടരും )………..

സാഫല്യം : ഭാഗം 2

Share this story