സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 48

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 48

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കിച്ചു പറഞ്ഞു.. ആ വാക്കുകൾ അവളിൽ നല്ല ആത്മവിശ്വാസം നിറച്ചു.. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവൾ പുതിയ പ്രതീക്ഷകൾ നെയ്തു കൂട്ടി.. ആ വരന്തയ്ക്കപ്പുറം മറവിൽ നിന്ന ക്രൂരമായ ചിരിയോടെ അവരുടെ സംസാരം കേട്ടു നിന്ന രാജേന്ദ്രനാഥിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു.. നീ വാ സൂര്യാ.. നിനക്കായി ഞാനൊരുക്കിയ കെണിയിലേയ്ക്ക് നീ വാ.. ഒരു ഈയാംപാറ്റയെ പോലെ.. അതും മനസ്സിൽ പറഞ്ഞു അയാൾ ക്രൂരമായി ചിരിച്ചു.. ആ ക്രൂരതയറിയതെ രക്ഷപെടുവാനുള്ള അവസാന ശ്രമവും കാത്തിരിക്കുകയായിരുന്നു ആതിരയപ്പോഴും..

അച്ഛനുറപ്പാണോ അവനാണോ അവളെ വിളിച്ചത്. വിഷ്ണു ചോദിച്ചു.. അതേ.. അവൻ തന്നെയാണ്.. പക്ഷെ എന്താണ് സംസാരിച്ചത് എന്ന് വ്യക്തമായില്ല.. അയാൾ പറഞ്ഞു.. അപ്പോൾ അവർ തമ്മിൽ ഇപ്പോഴും ബന്ധം ഉണ്ടല്ലേ.. അവൻ ചോദിച്ചു.. അതറിയാൻ തന്നെയാണ് ഞാൻ അവൾക്ക് ഫോൺ കൊടുത്തേക്കാൻ പറഞ്ഞത്.. അവൻ വരും.. അത് തന്നെയാണ് എനിക്ക് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത്.. അയാൾ പറഞ്ഞു.. നമ്മൾ പ്ലാൻ ചെയ്തതിൽ മാറ്റമൊന്നും ഇല്ലല്ലോ അല്ലെ.. വിഷ്ണു ചോദിച്ചു.. ഇല്ല.. അവന്റെ മൂവ്മെന്റ്‌സ് അറിയുവാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്.. അയാൾ പറഞ്ഞു..

അവൾ അവന്റെയൊപ്പം ജീവിക്കാൻ ഇവിടുന്നിറങ്ങില്ല.. ഇറങ്ങിയാലും രാജേന്ദ്രനാഥ് അതിനു സമ്മതിക്കില്ല.. അയാൾ കുടിലതയോടെ പറഞ്ഞു.. തലയ്ക്ക് മീതേയ്ക്ക് അവൻ ചാഞ്ഞു തുടങ്ങി.. ഇനി വെട്ടി മാറ്റണം. അതാണ് ശെരി.. അയാൾ പറഞ്ഞു.. വിഷ്ണുവിന്റെ കണ്ണിലും പക നിറഞ്ഞു.. അവനെ ഇല്ലാതാക്കുവാൻ പോന്ന പക.. ***

അച്ഛനുറപ്പാണോ.. അവൻ ചോദിച്ചു.. അതേ.. ഇതുവരെയും അങ്ങനെ ഒരു നീക്കം അവന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.. അയാൾ ഉറപ്പോടെ പറഞ്ഞു.. അപ്പോൾ അവരുടെ പ്ലാൻ എന്താകും.. ഇനി കല്യാണത്തിന് വന്നു വല്ല ബഹളവും ഉണ്ടാക്കി വിളിച്ചിറക്കിക്കൊണ്ട് പോകാനാണോ.. വിഷ്ണു ചോദിച്ചു.. നോക്കാം.. അയാൾ പറഞ്ഞു.. കല്യാണത്തിന് ആകെ രണ്ടു ദിവസമേയുള്ളൂ.. ഡ്രസ് എടുക്കാനും മറ്റും അവൾ ഇല്ലാഞ്ഞതെ എല്ലാവരിലും മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.. പ്രമീള പറഞ്ഞു.. നിങ്ങളാരും പേടിക്കേണ്ട.. അവളിപ്പോൾ ബഹളമില്ലാതെ ഇരിക്കുകയല്ലേ.. നടക്കട്ടെ . ഏതായാലും മറ്റന്നാൾ വിവാഹം നടന്നിരിക്കും..

അതും അഖിലുമായി തന്നെ.. രാജേന്ദ്രനാഥ് പറഞ്ഞു.. അവളെ പ്രത്യേകം നീ ശ്രദ്ധിച്ചോണം കേട്ടല്ലോ.. പ്രമീളയോടായി അയാൾ പറഞ്ഞതും അവർ തലയാട്ടി.. കണക്കുകൾ കൂട്ടികിഴിച്ചു പരിശോധിക്കുകയായിരുന്നു അയാൾ അപ്പോഴും.. പ്രമീള പോയതും വിഷ്ണു അയാൾക്ക് നേരെ തിരിഞ്ഞു.. അച്ഛനല്ലേ പറഞ്ഞത് കല്യാണത്തിന് മുൻപ് അവൻ ഇവിടെ എത്തുമെന്ന്.. വിഷ്ണു ചോദിച്ചു.. ആ രീതിയിലാണ് അവൾ സംസാരിച്ചത്.. അന്ന് ഫോണിലൂടെ പറയുന്നത് ഞാൻ കേട്ടതാണ്.. അവളെ കൊണ്ടുപോകണം എന്നു. അയാൾ പറഞ്ഞു.. അച്ഛന് തോന്നിയതാകും.. അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവനത് ചെയ്തേനെ.. വിഷ്ണു പറഞ്ഞു.. ഇനിയും സമയമുണ്ടല്ലോ… കല്യാണത്തിന്.. രാജേന്ദ്രനാഥ് പറഞ്ഞു.. അയാൾ ആലോചനയോടെ നിൽക്കുന്നത് കണ്ട വിഷ്ണുവും മനസ്സിൽ പല കണക്ക് കൂട്ടലുകളും നടത്തുകയായിരുന്നു. ***

മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ബാഗിലേയ്ക്ക് കയ്യിലിരുന്ന കിച്ചുവിന്റെ ഫോട്ടോ കൂടി എടുത്തുവെച്ചു ആതിര ബാഗ് അടച്ചു.. അവൾ ഒരു ദീര്ഘനിശ്വാസമെടുത്തു.. മനസ്സിൽ ഒരുപാട് ചോദ്യോത്തരങ്ങൾ നിലനിൽക്കുന്നു.. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു.. അവൾ മേശപ്പുറത്തു വെച്ചിരുന്ന കല്യാണ കുറിയിലേയ്ക്ക് നോക്കി.. വെറുതെ അതെടുത്തു വായിച്ചു നോക്കി.. അഖിൽ വെഡ്‌സ് ആതിര.. അവൾ പുച്ഛത്തോടെ ചിരിച്ചു. ഇല്ല അഖിൽ.. ഒരു കുറ്റബോധവും എനിക്കില്ല.. എല്ലാം തുറന്ന് പറഞ്ഞിരുന്നതാണ് ഞാൻ.. എന്നിട്ടും.. അവൾ ആലോചനയോടെ നിന്നു.. ഇറങ്ങിപ്പോടാ നായെ..

രാജേന്ദ്രനാഥിന്റെ അലർച്ച കേട്ടാണ് ആതിര സ്വബോധത്തിലേയ്ക്ക് വന്നത്.. അവൾ വേഗം ബാഗുമെടുത്തു പുറത്തേക്കിറങ്ങി.. ഞാൻ ആതിരയെ കാണാനാണ് വന്നതെങ്കിൽ അത് കഴിഞ്ഞേ ഞാൻ പോകു.. കിച്ചു ഉറപ്പോടെ പറഞ്ഞു.. സൂര്യാ.. ആതിര വിളിച്ചു.. അവനവളെ നോക്കി.. പോകാൻ തയാറായി വന്നതാണ്.. കയ്യിൽ ഇരിക്കുന്ന ബാഗും അവളെയും രാജന്ദ്രനാഥും പ്രമീളയും നോക്കി . എങ്ങോട്ട് പോകുവാടി ഒരുമ്പെട്ടോളെ.. പ്രമീള ചീറി.. സൂക്ഷിച്ചു സംസാരിക്കണം.. അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല.. ആതിരയും പറഞ്ഞു.. ഡി.. രാജേന്ദ്രനാഥ് അകത്തേയ്ക്ക് കയറി ചെന്ന് അവളുടെ മുടിക്കുത്തിനു പിടിച്ചു..

അച്ഛനോടും കൂടിയാണ്.. എന്റെ ശരീരം വേദനിപ്പിച്ചാൽ ശാരീരിക പീഡനത്തിന് ഞാൻ കേസ് കൊടുക്കും.. ആതിര പറഞ്ഞു.. ഡാ.. നീ അവളെയും വിളിച്ചിറക്കി കൊണ്ടുപോയി ജീവിക്കാം എന്നു കരുതിയോ… ജീവനോടെ നീയിവിടെ നിന്നും പോകില്ല.. വിഷ്ണു പറഞ്ഞു.. കരുതി.. അല്ല.. നീ എന്നെ തട്ടാൻ പ്ലാനിട്ടാണോ ഈ നിൽക്കുന്നെ.. കിച്ചു പുച്ഛത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു.. മുൻപൊരിക്കൽ ഇവിടെ നിന്ന് അവസാനമായി ഇറങ്ങിയ ദിവസം എന്റെ കൈകൊണ്ട് കിട്ടിയതോന്നും മറന്ന് കാണാൻ വഴിയില്ലല്ലോ അല്ലെ.. കിച്ചു അത് കൂടി ചോദിച്ചതും വിഷ്ണുവിന്റെ മുഖം ചുവന്നു..

ദേഷ്യത്താൽ അവൻ വിറച്ചു.. ആ ദേഷ്യത്തിൽ കിച്ചുവിനെ അടിക്കാൻ ഇറങ്ങിയതും ഗേറ്റ് കടന്നൊരു പോലീസ് ജീപ്പ് വന്നതും ഒരുമിച്ചായിരുന്നു.. രാജേന്ദ്രനാഥ് ഒന്നു പരിഭ്രമത്തോടെ അവനെ ഒന്നു നോക്കി…. എന്താ ഇവിടെ പ്രശ്നം.. പോലീസ് ജീപ്പിൽ നിന്നും ഇറങ്ങിയ കാക്കി വസ്ത്രധാരി ചോദിച്ചു.. ഇവിടെ എന്ത് പ്രശ്നം.. ഒന്നുമില്ല സർ.. പിന്നെ ഇവാൻ ഇവിടെ വന്നു കിടന്നു വെറുതെ ബഹളം ഉണ്ടാക്കുകയാണ്.. രാജേന്ദ്രനാഥ് പറഞ്ഞു. എന്താണ് മിസ്റ്റർ പ്രശ്നം.. നിങ്ങളാണോ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്.. അയാൾ കിച്ചുവിനോടായി ചോദിച്ചു.. അതേ സർ. എന്റെ പേര് സൂര്യ..

ഇത് എന്റെ അമ്മയുടെ ആങ്ങളയാണ്.. ഇദ്ദേഹത്തിന്റെ മകളെ ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിനായി നിർബന്ധിച്ചു നിർത്തിയിരിക്കുകയാണ് . ഞാൻ അവളെ കൂട്ടികൊണ്ട് പോകാൻ വന്നതാണ്.. കിച്ചു സൗമ്യമായി പറഞ്ഞതും അവൻ എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് നിന്നവർക്ക് ബോധ്യമായി.. വറുതെയാണ് സർ..ഇവൻ ഞങ്ങളോടുള്ള ദേഷ്യത്തിനു ഓരോന്ന് വിളിച്ചു പറയുവാ.. പ്രമീള പറഞ്ഞു.. നിങ്ങളുടെ മോളെവിടെ.. അദ്ദേഹം ചോദിച്ചു.. ഞാനാണ് സർ.. ആതിര പറഞ്ഞു.. എന്താ കുട്ടീ പ്രശ്നം.. ഇയാൾ പറയുന്നതൊക്കെ ശെരിയാണോ..

പോലീസ് ഓഫീസർ ചോദിച്ചു. അതേ സർ.. സൂര്യ പറഞ്ഞതൊക്കെ സത്യമാണ്.. ആതിര ഉറപ്പോടെ പറഞ്ഞു.. ഡി.. പ്രമീള ശാസനയോടെ വിളിച്ചു.. വേണ്ട.. ആതിര കയ്യുയർത്തി തടഞ്ഞു.. മകളാണെന്ന അധികാരത്തിൽ എന്നോട് കൽപ്പിക്കാൻ നിങ്ങൾ വരേണ്ട.. ആ ബന്ധം കൂടി ഈ നിമിഷം ഞാൻ വലിച്ചെറിയുകയാണ്.. ആതിര വീറോടെ പറഞ്ഞു.. ക്ഷമിക്കണം സർ..എന്റെ പേര് ആതിര.. ഇവരെല്ലാം ചേർന്ന് എനിക്കിഷ്ടമില്ലാത്ത ഒരു ബന്ധം ഉറപ്പിച്ചിരിക്കുകയാണ്.. ഇത്രയും ദിവസം പുറം ലോകവുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത വിധം ഞാനീ വീട്ടിൽ തടങ്കലിലായിരുന്നു..

ഫോൺ കിട്ടിയപ്പോൾ ആകെ സഹായത്തിനായി വിളിച്ചതാണ് ഞാൻ സൂര്യയെ.. എന്റെ നിർദേശപ്രകാരമാണ് സൂര്യ പോലീസിൽ വിവരമറിയിച്ചത്.. എന്നെ സഹായിക്കണം സർ.. എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്.. എനിക്ക് ഇനി ഇവിടെ നിൽക്കാൻ താൽപര്യമില്ല.. ആതിര പറഞ്ഞു.. കുട്ടി പിന്നെ എവിടെ പോകും.. അദ്ദേഹം ചോദിച്ചു.. മുൻപിൽ മറ്റ് വീടുകളിൽ നിന്നുള്ള ആളുകൾ കൂടി കൂടിയതും രാജേന്ദ്രനാഥ് ദേഷ്യം കടിച്ചുപിടിച്ചു നിൽക്കുകയായിരുന്നു.. എന്റെ കൂടെ വരും.. കിച്ചു പറഞ്ഞു.. ആതിരയുടെ കണ്ണിൽ വിരിഞ്ഞ നക്ഷത്രങ്ങളെ..

അവളുടെ പ്രണയത്തെ കാണാതെ അറിയാതെ അവൻ ഉറപ്പോടെ പറഞ്ഞു.. ആതിരയ്ക്ക് ഇഷ്ടമുള്ളിടത്തോളം കാലം അവൾക്ക് സുരക്ഷിതമായി താമസിക്കാൻ എന്റെ വീടുണ്ട്. എനിക്ക് അവിടെന്റെ അമ്മയും സഹോദരിയുമുണ്ട്.. കിച്ചു പറഞ്ഞു.. കുട്ടിയുടെ തീരുമാനം എന്താണ്.. പോലീസ് ഓഫീസർ ചോദിച്ചു.. സർ.. എനിക്ക് നാളെ മോർണിംഗ് ഫ്ളൈറ്റിന് യു എസിലേക്ക് പോകും.. എന്റെ വിസയും ടിക്കറ്റുമൊക്കെ റെഡിയായിരിക്കുകയാണ്.. ആതിര പറഞ്ഞു.. രാജേന്ദ്രനാഥിന്റെ മൗനം വിഷ്ണുവിനെ ചൊടിപ്പിച്ചെങ്കിലും അവൻ പരമാവധി ദേഷ്യത്തിൽ തന്നെ പ്രതികരിച്ചു.. ഇവളെങ്ങോട്ടും പോകില്ല..

രണ്ടു ദിവസം കഴിഞ്ഞാൽ ഇവളുടെ കല്യാണമാണ്.. വിഷ്ണു പറഞ്ഞു.. സർ.. നിങ്ങൾ ഇതിൽ ഇടപെടേണ്ട കാര്യമില്ല. ഇവൾ ഞങ്ങളുടെ മോളാണ്.. പ്രമീളയും പറഞ്ഞു.. ഈ കുട്ടി പ്രായപൂർത്തിയായ കുട്ടിയാണ്.. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ മാത്രമല്ല വിവാഹം കഴിക്കാതിരിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം അവർക്കുണ്ട്.. ആതിരയ്ക്ക് ഇപ്പോൾ ഇയാളുടെ കൂടെ പോകാനാണ് താത്പര്യമെങ്കിൽ ഞങ്ങൾക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല.. പോലീസ് ഓഫീസർ പറഞ്ഞു.. സർ.. രാജേന്ദ്രനാഥ് വിളിച്ചു. വളർത്തി വലുതാക്കുക എന്നതേ അച്ഛനും അമ്മയ്ക്കും ചെയ്യാനാകൂ.. അത് കഴിഞ്ഞാൽ പിന്നെ മക്കളുടെ തീരുമാനം.. ഹാ. നടക്കട്ടെ.. അവൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോട്ടെ..

രാജേന്ദ്രനാഥ് പറയുന്നത് കേട്ട് എല്ലാവരും ഞെട്ടലോടെ അയാളെ നോക്കി.. നിനക്ക് ഇഷ്ടമുള്ളയാളോടൊപ്പം നിനക്ക് ജീവിക്കാം.. എന്നെങ്കിലും ആ ജീവിതം പോരാന്ന് തോന്നിയാലും മടങ്ങി വരണം.. അച്ഛനും അമ്മയും ഇല്ലെങ്കിലും നീ വെറുക്കുന്ന ഈ കൂടിപ്പിറപ്പ് കാണും നിനക്ക്.. രാജേന്ദ്രനാഥ് സങ്കടത്തോടെ പറഞ്ഞു.. ശരിയാ ആതി.. എന്റെ അമ്മയ്ക്ക് നിന്റെ അച്ഛനെന്ന പോലെ.. തൊട്ടടുത്ത നിമിഷം കിച്ചു പറയുന്നത് കേട്ട് ആതിരയും പുച്ഛത്തോടെ അയാളെ നോക്കി.. വെറുപ്പില്ല എനിക്ക്.. ആരോടും.. പക്ഷെ ഈ അഭിനയം ബോറാണ് അച്ഛാ.. പോട്ടെ.. ആതിര പറഞ്ഞു.. പ്രമീള കരച്ചിൽ തുടങ്ങിയിരുന്നു.. വിഷ്ണു രാജേന്ദ്രനാഥിന്റെ മലക്കം മറിച്ചിൽ കണ്ട് അത്ഭുതത്തോടെ നിന്നു .

ഉള്ളിലുള്ള ദേഷ്യത്തെ കടിച്ചമർത്തി അവൻ നിന്നു.. അവർ പറഞ്ഞതും കിച്ചു പോലീസ് ഓഫീസറുടെ അടുത്തു ചെന്നു.. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.. പേപ്പറിൽ ആതിര തനിക്കിഷ്ടമുള്ള ആളോടൊപ്പം പോകുകയാണെന്നും ..അവളുടെ സംരക്ഷണം താൻ ഏറ്റെടുക്കുകയാണെന്നു കിച്ചുവും എഴുതി ഒപ്പിട്ടു നൽകി.. ശേഷം കിച്ചു രാജേന്ദ്രനാഥിനരികിലേയ്ക്ക് ചെന്നു.. ഈ വരവ് പ്രതീക്ഷിച്ചെങ്കിലും ഇങ്ങനെ അല്ലല്ലേ പ്രതീക്ഷിച്ചത്.. കിച്ചു ചോദിച്ചു.. അയാൾ ദേഷ്യത്തോടെ അവനെ നോക്കി.. ഈ ഒറ്റയ്ക്ക് വന്ന് മാസ് കാണിച്ചു നിങ്ങളുടെ ഗുണ്ടകളുടെ അടിയും വാങ്ങി തിരിച്ചും കൊടുത്തു ഞാൻ നിൽക്കുമെന്നാ അല്ലെ പ്രതീക്ഷിച്ചത്..

അതിനിടയ്ക്ക് ഒത്തു വന്നാൽ എന്നെ അങ്ങു തട്ടി കളയുകയും ചെയ്താൽ ഡബിൾ ഓകെ.. അല്ലെ അങ്കിൾ.. അവൻ ചോദിച്ചു.. എന്നെ നിരീക്ഷിക്കാൻ ആളെ ഏർപ്പാടാക്കിയത് ഒക്കെ ഞാൻ അറിഞ്ഞു.. പിന്നെ പ്രതികരിക്കാതെ ഇരുന്നത് മനഃപൂര്വമാ.. ഇന്ന് കാലത്തെ ഞങ്ങളുടെ നാട്ടിലെ പോലീസ് അവരെ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്തു.. അതാ ഞാൻ ഇങ്ങോട്ട് പോന്നത് അങ്കിൾ അറിയാതെ പോയത്.. ഈ സിനിമാ സ്റ്റൈൽ അടി പിടിയൊന്നും എനിക്ക് ശെരിയാകില്ല.. തല്ലുന്നേൽ നേർക്ക് നേരെ.. കൊണ്ടും കൊടുത്തും ഇപ്പൊ നല്ല ശീലവുമാ.. പിന്നെ മോളെ ഞാൻ കൊണ്ടുപോകുകയാ.. അവൾക്ക് ഇഷ്ടമുള്ള അവളോടൊപ്പം അവൾ ജീവിക്കും…

അതിനെന്ത് സഹായത്തിനും ഞാനുണ്ടാകും.. പോട്ടെ.. അങ്കിൾ.. അവൻ അർത്ഥം വെച്ചു പറഞ്ഞതും അയാൾ ക്രൗര്യത്തോടെ അവനെ നോക്കി. ഇതിനുള്ള മറുപടി ഞാൻ തരും സൂര്യാ.. നീ കാത്തിരുന്നോ.. അത്രയും പറഞ്ഞു അയാൾ അകത്തേയ്ക്ക് കയറി പോയി.. ആതിരയെ കുറെ പ്രാകി പ്രമീളയും നിന്നു.. കിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു.. ആതിര അവനോടൊപ്പം കയറി.. പോകും വഴി അവൾ ജനിച്ചുവളർന്ന വീട്ടിലേയ്ക്ക് ഒരിക്കൽ കൂടി നോക്കി.. ശേഷം നിറഞ്ഞുവന്ന കണ്ണുകളെ അടക്കിനിർത്തി അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു.. ***

രാത്രിയോടടുത്താണ് കിച്ചുവിന്റെ കാർ ചന്ദ്രോത് വീടിന്റെ പടികടന്നെത്തിയത്. വിമൽ വാതിൽക്കൽ തന്നെ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അവൻ പുറത്തു നിൽക്കുന്നതിനാൽ നിലാവിനെയും നോക്കി കയ്യിലെ പാവയെയും കളിപ്പിച്ചു ദേവുവും നിൽക്കുന്നുണ്ടായിരുന്നു.. കാർ വന്നതും ദേവു ഓടി കാറിനടുത്ത് എത്തി.. കിച്ചു ഇറങ്ങിയതും അവന്റെ കയ്യിലേയ്ക്കവൾ തൂങ്ങി . അപ്പോഴേയ്ക്കും കോൾ കട്ടാക്കി വിമലും അവിടേയ്ക്ക് എത്തിയിരുന്നു.. എവിടെ പോയതാ കിച്ചൂ.. നിനക്കൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ.. ഞാൻ എത്ര വട്ടം വിളിച്ചു.. ഫോണെങ്കിലും എടുത്തൂടെ.. വിമൽ ചോദിച്ചു..

ഒന്നൊന്നായി ചോദിക്കെന്റെ വിമലേ.. കിച്ചു പറഞ്ഞു.. ആഹാ വന്നോ നീ… വിമൽ എത്ര നേരമായി വിളിക്കുകയാ കിച്ചൂ.. നിനക്കാ ഫോണൊന്നെടുത്തൂടെ.. രാധിക അതും പറഞ്ഞിറങ്ങി വന്നു.. ഓ സോറി അമ്മേ. പിന്നെ ഞാൻ അത്യവിശമായി ഒരിടം വരെ പോയതാ.. ഒരാളെ കൂട്ടീട്ട് വരാൻ.. കിച്ചു പറഞ്ഞു.. ആരെയാടാ.. രാധിക ചോദിച്ചു. വിമലും അവനെ ആകാംഷയോടെ നോക്കി.. എത്തിയോ.. പെട്ടെന്ന് ഭദ്രയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു . അവൾ മതിലിനരികിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.. നിങ്ങൾക്കീ നാട് വിട്ട് പോകുന്ന സ്വഭാവമുണ്ടെങ്കിൽ ഒരു കത്തെഴുതി വെച്ചിട്ട് പൊയ്ക്കൂടെ.. ഭദ്ര ചോദിച്ചതും കിച്ചു സംശയത്തോടെ വിമലിനെ നോക്കി..

നിന്നെ കാണാതെ വന്നപ്പോൾ ഞൻ ഭദ്രയെ കണ്ട് നിന്നെ കണ്ടോന്ന് അന്വേഷിച്ചിരുന്നു.. വിമൽ പറഞ്ഞു…. ഞാൻ നാട് വിട്ട് പോയില്ല.. ഒരാളെ കൂട്ടാൻ പോയതാടോ… അവനതും പറഞ്ഞു ചെന്ന് ഡോർ തുറന്നപ്പോഴാണ് കാറിനുള്ളിൽ മറ്റൊരാൾ ഉണ്ടെന്നു പോലും ബാക്കി ഉള്ളവർ ശ്രദ്ധിച്ചത്.. പുറത്തേയ്ക്ക് ഒരു ചെറു പുഞ്ചിരിയോടെ ബാഗുമായി ഉറങ്ങി വരുന്ന ആതിരയെ കണ്ടതും രാധികയുടെയും വിമലിന്റെയും മുഖം മങ്ങി.. കിച്ചു അത് ശ്രദ്ധിച്ചെങ്കിലും അവൻ കുറുമ്പോടെ നോക്കിയത് ഭദ്രയുടെ മുഖത്തായിരുന്നു.. അവനെ തീർത്തും നിരാശനാക്കിയ ഗൗരവം മാത്രമായിരുന്നു അവളുടെ മുഖത്തും.. ആതിരയും ഭദ്രയെ ശ്രദ്ധിച്ചിരുന്നു..ആതിര അവൾക്കായി ഹൃദ്യമായൊരു പുഞ്ചിരി നൽകി..

അവൾ പക്ഷെ അതൊന്നും ഗൗനിക്കാതെ അപ്പോൾ തന്നെ അകത്തേയ്ക്ക് പോയി.. ആതിരയ്ക്ക് അതൊരു ക്ഷീണമായി.. അവൾ കിച്ചുവിനെ നോക്കി.. അതങ്ങനെ ഒരു ടൈപ്പ് ആണ്.. താൻ വാ.. കിച്ചു പറഞ്ഞു.. ആതിരയെന്താ ഇവിടെ.. രാധിക ചോദിച്ചു.. അവരുടെ മുഖത്തെ തെളിച്ചക്കുറവ് അവളും ശ്രദ്ധിച്ചിരുന്നു.. ഞാൻ…അപ്പച്ചി.. ആതിര രണ്ടീസം ഇവിടെ കാണും അമ്മേ.. വഴിയേ പറയാം.. കിച്ചു പറഞ്ഞു.. ദേവു.. ആതിര വേഗം ചെന്ന് ദേവുവിനെ ചേർത്തു പിടിച്ചതും അവൾ കുതറിക്കൊണ്ട് അകത്തേയ്ക്ക് പോയി..

ആതിരയ്ക്ക് നല്ല സങ്കടം തോന്നി.. വിമലിനെ കണ്ടതും അവൾ അത് മറച്ചുപിടിച്ചു ഒന്നു പുഞ്ചിരിച്ചു.. അവനും അവൾക്കായി ഒരു പുഞ്ചിരി നൽകി.. കേറി വാ മോളെ.. രാധിക പറഞ്ഞതും അവൾ അകത്തേയ്ക്ക് നടന്നു.. അപ്പോഴും എതിർ വശത്തുള്ള വീട്ടിലേയ്ക്ക് കിച്ചുവിന്റെ നോട്ടം പാളി വീഴുന്നത് ആതിര ഞെട്ടലോടെ തിരിച്ചറിയുന്നുണ്ടായിരുന്നു……തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 47

Share this story