ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 3

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

വെളുപ്പിന് അഞ്ചു മണി…
സേതു എഴുന്നേറ്റു വിതറിക്കിടന്നിരുന്ന മുടി വാരിക്കെട്ടി….
ദാവണി പിടിച്ചു നേരെയിട്ടു കൊണ്ടവൾ ലൈറ്റിട്ടു…
തൊട്ടടുത്ത കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി…

ഉറങ്ങുകയാണ്….

നെറ്റിത്തടത്തിലേക്കു വീണു കിടക്കുന്ന അമ്മയുടെ മുടിയിഴകൾ അവൾ മാടി വെച്ചു..

കാലിലേക്ക് നോക്കി…നീര്‌ അല്പം കൂടുതലാണ്…

പാവം!!എത്ര വർഷമായി ഈ കിടപ്പ് തുടങ്ങിയിട്ട്…

ചിലപ്പോഴൊക്കെ ജീവിതം മടുത്ത പോലുള്ള ദയനീയമായ ആ നോട്ടം കാണുമ്പോൾ സേതൂന്റെ ചങ്ക് പൊടിയും..

പതിമൂന്നു വർഷമാകുന്നു…ഈ കിടപ്പ്!!

തനിക്കു എട്ട് വയ്യസുള്ളപ്പോഴാണ് അമ്മക്ക്….

അവൾ ആ ദിവസം ഓർത്തെടുക്കാൻ ശ്രെമിച്ചു..

അച്ഛന്റെ കച്ചവടം തുടങ്ങിയ സമയം…വീട്ടിൽ രണ്ടു മൂന്നു പശുക്കളും ഉണ്ട്…എല്ലാം കൊണ്ടു നല്ല രീതിയിൽ പോവുകയായിരുന്നു..

അന്ന്…ഒരു കർക്കിടകമാസത്തിൽ…മഴ പെയ്യാൻ തുടങ്ങുന്നത് കണ്ടു പറമ്പിൽ കെട്ടിയിരുന്ന പശുക്കളെ കൊണ്ടു വന്നു തൊഴുത്തിൽ കെട്ടുകയായിരുന്നു അമ്മ…

രണ്ടെണ്ണത്തിനെ കെട്ടി മൂന്നാമത്തവളെ കെട്ടാനായി കയറൂരിയപ്പോൾ..

കൂട്ടത്തിൽ കുറുമ്പി ആണവൾ..

അവൾ കയറും വലിച്ചുകൊണ്ട് ഓടി..

അമ്മയുടെ കയ്യിൽ കയർ കുരുങ്ങിപ്പോയിരുന്നു…

സമീപത്തെ പറമ്പിലൂടെയൊക്കെ അവൾ ഓടി..അമ്മയേം വലിച്ചുകൊണ്ട്..

ആ കുരുക്കിൽ പെട്ടു എവിടെയൊക്കെയോ ഇടിച്ചു..സർവ്വ നാടിഞ്ഞരമ്പുകളും ചതഞ്ഞു തന്റെ അമ്മ….

അമ്മയെ കാണാഞ്ഞു മഴ കുതിർന്നു പറമ്പിലേക്കിറങ്ങിയ താൻ കണ്ടത്..ചോരയിൽ കുളിച്ചു ബോ ധരഹിതയായി കിടക്കുന്ന അമ്മയെ…

അമ്മയുടെ തലയെടുത്തു മടിയിൽ വെച്ചു കാറിക്കരയുമ്പോൾ അത് കേൾക്കാൻ ആ കർക്കിടക പേമാരിയിൽ അടുത്തെങ്ങും ആരുമില്ലായിരുന്നു…

ഒരു ധൈര്യത്തിനു ..പതിവിലും ഇരുട്ടിയ ആ സന്ധ്യക്ക് കോരി ചൊരിയുന്ന മഴയത്ത് വലിയവായിൽ കരഞ്ഞുകൊണ്ട് അച്ചന്റെ കട ലക്ഷ്യമാക്കി ഓടിയ എട്ടുവയസ്സുകാരിയുടെ ചിത്രം അവളുടെ മനസ്സിലിന്നും മായാതെ നിൽപ്പുണ്ട്…

അന്നുമുതലുള്ള ചികിത്സയാണു…പക്ഷെ…

സംസാരിക്കാതെ ഇരുന്ന ആൾ എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി എന്നതൊഴിച്ചാൽ കാര്യമായ മാറ്റമൊന്നുമില്ല…

പ്ലസ് ടു വിനു നല്ല മാർക്കുണ്ടായിരുന്നിട്ടും ടൗണിലെ കോളേജിൽ പോയി പടിക്കാതിരുന്നത് അതുകൊണ്ടാണ്…

താൻ പോയാൽ അമ്മയ്ക്ക് ആരാണ് ഒരു കൂട്ടിനു…
ഇത്തിരി വെള്ളം വേണമെങ്കിൽ പോലും പറയാനാവാത്ത അവസ്ഥ…

അവൾ കണ്ണുതുടച്ചു..

അപ്പുറത്തെ മുറിയിൽ പോയി അച്ഛനെ വിളിച്ചു..

കുളിച്ചു വന്ന അച്ഛന് കട്ടൻകാപ്പി കൊടുത്തു അമ്മയ്ക്കുള്ള കാപ്പിയും ആറ്റി കൊണ്ടു അമ്മയുടെ അടുത്തേക്ക് ചെന്നു…

അപ്പോഴാണ് അച്ഛൻ അകത്തേക്ക് വന്നത്..

“മോളെ ..വൈദ്യർ മരുന്നു കൊടുത്തു വിട്ടിട്ടുണ്ടെന്നു വിളിച്ചുപറഞ്ഞായിരുന്നു..നീ പോയി വാങ്ങുവോ..”

“ഞാൻ പോകാം അച്ഛാ..”

PHC യിൽ വരുന്ന ഒരു ഡോക്ടറിന്റെ കയ്യിലാണ് ടൗണിൽ നിന്നു വൈദ്യർ ആയുർവേദ മരുന്നു കൊടുത്തയക്കുന്നത്..ഡോക്ടർ അത് ഗീതേച്ചിയെ ഏൽപ്പിക്കും…സേതുവിന് സമയം കിട്ടുമ്പോൾ അവൾ അത് PHC യിൽ ചെന്നു ഗീതേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങുകയാണ് പതിവ്..

അച്ഛൻ പോകുന്നതിനു മുൻപ് അവൾ അച്ഛന്റെ ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു..എപ്പോ വരണമെന്ന് അറിയാനായി…

“യ്യോ സേതൂ…ഞാനിന്ന് ലീവാണല്ലോ..
സുകുമോൾക്കൊരു പനി… ഇന്ന് ഉസ്കൂളിലും വിടുന്നില്ല..നീ വീട്ടിലോട്ടു വരുവോ..”?

“ആം…ഞാൻ വരാം ഗീതേച്ചി..”

അവൾ തിരക്കിട്ടു കുളിച്ചു..പ്രാതലുണ്ടാക്കി ..അമ്മയ്ക്ക് വാരിക്കൊടുത്ത്..വടക്കെതിലെ ജാനുവമ്മയെ വിളിച്ചു അമ്മയെ ഏൽപ്പിച്ചു..അച്ഛനുള്ള ഭക്ഷണം പൊതിക്കുള്ളിലാക്കി കടയിൽ കൊണ്ടു കൊടുത്ത് ഗീതേച്ചിയുടെ വീട്ടിലേക്കു നടന്നു…

അതിരാവിലെ എട്ടരയ്ക്ക് എഴുന്നേറ്റ ക്ഷീണത്തിൽ മൂരിനിവർത്തി എക്സർസയ്സ് ഇനത്തിൽ കയ്യും കാലും പൊക്കി രണ്ടു ചാട്ടമൊക്കെ ചാടി വായിൽ ബ്രെഷ്മായി മതിലിനു മേലെ കൂടി തല ഉയർത്തിവെച്ചു നിന്നു പല്ലുതേക്കുമ്പോഴാണ് ദൂരെ നിന്നും പൊൻമാൻനീലനിറത്തിലെ ദാവണിയൊക്കെ ചുറ്റി സേതു വരുന്നത് ശ്രീ കണ്ടത്..

ഷർട്ടിടാത്ത സ്വന്തം ശരീരത്തിലേക്ക് നോക്കി ഒരു നിമിഷം നിന്നിട്ട് അവൻ ഓടിപ്പോയി ഒരു ടീഷർട്ടെടുത്തിട്ടു മതിലിനടുത്തേക്കു വന്നു നിന്നു…

തന്നെ കടന്നു പോയിട്ടും മൈൻഡ് ചെയ്യാഞ്ഞ അവളോട്‌..

“എന്താണ് കാന്താരിമുളകിനൊരു മൈന്റ്ല്ലാത്തെ” എന്നു ചോദിച്ചപ്പോൾ

അവൾ എന്റെ തലയ്ക്ക് മീതെ കൂടി നോക്കി ‘നമസ്കാരം സർ’എന്നു പറയുന്ന കണ്ടു..

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സിറ്റ് ഔട്ടിൽ നിന്നുകൊണ്ട് ധൃതിയിൽ പത്രം നോക്കുന്ന അച്ഛനെ..ഉസ്കൂളിലേക്കു പോകാനിറങ്ങുന്ന നേരം…

“നമസ്കാരം സേതുലക്ഷ്മി ..എങ്ങോട്ടാ?”

“ഗീതേച്ചിടെ അടുത്ത്..”അവൾ ചിരിയോടെ നടന്നകന്നു…

“ങ്ഹേ…അച്ഛനും അറിയാവോ ഇവളെ”അവന്റെ കണ്ണുമിഴിഞ്ഞു..

തൊട്ടു വടക്കേ വീടാണ് ഗീതേച്ചിയുടെ..

മധുവേട്ടൻ പട്ടാളത്തിൽ ആയതുകൊണ്ട് ആ വശത്ത് അച്ഛനെ കൊണ്ടു ‘അമ്മ മതിൽ കെട്ടിച്ചിട്ടില്ല..

“ആ പെണ്ണ് അവിടെ തനിച്ചല്ലേയുള്ളൂ…നമ്മുടെ ഒരു നോട്ടം അതിനു വേണം”എന്നു പറഞ്ഞു..’അമ്മ….

അവൻ വടക്കേപുറത്തേക്കു നടന്നു..
ഒരു മാവിന്റെ മറ പറ്റി ഗീതേച്ചിയുടെ വീട്ടിലേക്കു നോക്കി…

ഒരു പെണ്കുട്ടി അപ്പുറത്തേക്ക് കയറുന്നതും ശ്രീ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതും സുമംഗലാമ്മ കണ്ടു..

“അടുക്കളവശത്തിപ്പോ എന്താ ഒരു കോഴി ശല്യം…”അവർ ശ്രീയെ നോക്കി ആക്കിച്ചിരിച്ചു..

ശ്രീ ഒരു വളിച്ച ചിരി ചിരിച്ചു….

“ഡാ..രണ്ടു മൂന്നു തേങ്ങാ പൊതിച്ചു തന്നേ…അവന്റെ ഒരു വായിനോക്കല്..”

“ദാ..വരുന്നു…

സേതു തിരികെ പിക്കുന്നത് അവൻ കണ്ടു….

ശ്രീ ഗീതേടെ വീട്ടിലേക്കു ചെല്ലുമ്പോൾ അവൾ സുകുമോൾക്കു മരുന്നു കൊടുക്കുകയായിരുന്നു..

“ആഹ്..ശ്രീയോ…സേതു അവളുടെ അമ്മയ്ക്കുള്ള മരുന്നു വാങ്ങാൻ വന്നതാടാ…”ഗീത കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഒന്നു പോ ഗീതേച്ചി..അമ്മ പറഞ്ഞു തേങ്ങാ പൊതിക്കുന്ന പാര ഗീതേച്ചി വാങ്ങിച്ചെന്നു ഞാനത് എടുക്കാൻ വന്നതാ…”

“ഓ.. അതാരുന്നോ?.. ഞാനെടുത്തു തരാം”..

“അല്ല ഗീതേച്ചി..അവളുടെ അമ്മയ്ക്കെന്താ…”?

ഗീത അരഭിത്തിയിലിരുന്നു കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു..

“പാവമാടാ.. അവൾ…ഈ തുള്ളിച്ചാട്ടം ഒക്കെ വെറുതെയാ…ഒരു പാവം കുട്ടി”

“അച്ഛനും വർത്തമാനം പറയുന്ന കേട്ടു..അച്ഛനും അറിയാം അവളെ..”

“സേതുവേട്ടൻ പടിപ്പിച്ചതാവും..നീ കോച്ചിങ്ങും പടിത്തോം ഹോസ്റ്റലുമൊക്കെയായി അഞ്ചു അഞ്ചര വർഷം നാട്ടിലില്ലാരുന്നല്ലോ..അതാണ് മിസ് ആയിപ്പോയെ…”

“സേതുവേച്ചിയുടെ കാര്യമാണോ അമ്മേ പറയുന്നേ..”അകത്തു നിന്നും സുകുമോൾ വിളിച്ചു ചോദിച്ചു..

“ഉം…” ഗീത മൂളി…”അവളുടെ ആളാ സേതുവേച്ചീ..വലിയ കൂട്ടാ രണ്ടും കൂടി..”

അവിടുന്നു പോരുമ്പോൾ ശ്രീയുടെ മനസ്സിനുള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു..

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തണുപ്പ്..എന്തൊക്കെയോ ഒരു സന്തോഷവും…
തലസ്ഥാനനഗരിയിലെ പ്രശസ്തമായ കോളേജിൽ വെച്ചു പോലും ആരോടും തോന്നാത്ത ഒരു വികാരം..

ആ പേരും ആ മുഖവും ആണ് താനിന്നു ഏറ്റവും കൂടുതൽ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് എന്നവൻ മനസിലാക്കുകയായിരുന്നു…

ഒരു മൂളിപ്പാട്ടും പാടി അവൻ അകത്തേക്ക് കയറി..

പിന്നെയങ്ങോട്ടുള്ള ദിവസങ്ങളിൽ ആ മുഖമൊന്നു കാണാനായി തോണിക്കടവിലും മഹാദേവന്റെ നടക്കലുമൊക്കെ പരതി നടന്നു അവൻ…

കാണുമ്പോഴൊക്കെ അവൾ മുഖം തിരിച്ചും ചുണ്ട് കൂർപ്പിച്ചും നടന്നു പോകുമായിരുന്നെങ്കിലും അവന്റെ ഉള്ളു നിറയുകയായിരുന്നു..നെഞ്ചിന്റെ മിടിപ്പ് വര്ധിക്കുകയായിരുന്നു…

‘നിന്റെ പെണ്ണാണ് സേതു ‘ എന്നു ആരോ തന്റെ ഉള്ളിൽ വന്നു പറയും പോലെ…

എങ്കിലും അവളെ കുറുമ്പ് പിടിപ്പിക്കുന്നത് തുടർന്ന് പോന്നു…

അന്നൊരു ദിവസം വൈകിട്ട് ടൗണിൽ പോയി മടങ്ങും വഴി ശ്രീധരേട്ടന്റെ ചായക്കടയിൽ കയറി ശ്രീയും ഫൈസിയും കൂടി…

സപ്ലയർ രാജൻ മാമൻ ഇല്ലാതിരുന്ന കൊണ്ട് സേതുവിന്റെ അച്ഛനാണ് ചായ നൽകിയത്…

അവൻ പതിയെ കടയിലേക്കോന്നു എത്തി നോക്കിയപ്പോൾ ആൾ ക്യാഷ് മേടിക്കുന്നിടത്ത് ഇരിപ്പുണ്ട്…

“ഇപ്പൊ വരാം “..എന്ന് ഫൈസീടെ അടുത്തു പറഞ്ഞിട്ട് അവൻ അങ്ങോട്ട് ചെന്നു…

അപ്പോഴാണ് കണ്ടത് തൊട്ടടുത്തു ഒരു സ്റ്റൂളിൽ ആ ഉണ്ടപക്രുവുമുണ്ടു..സിപ് അപ് കഴിക്കുന്നു…

‘ഇന്ന് മിക്കവാറും എന്തെങ്കിലുമൊക്കെ കേൾക്കും…”

ശ്രീ അവനെ മൈന്റ് ചെയ്യാതെ സേതുവിനോട് പറഞ്ഞു..”2 കിലോ പഞ്ചസാര”

അവൾ അത് കേൾക്കാത്ത ഭാവത്തിൽ ഇരുന്നു…

“ഡി.. നിന്നോടാ പഞ്ചാര ചോദിച്ചത്..”

“എന്നോടെന്തിനാ ചോദിക്കുന്നെ..അല്ലെങ്കിൽ തന്നെ പഞ്ചാര അല്ലെ..”

“ഡി…. നീ മേടിക്കും കേട്ടോ..ഡീ.. എന്റമ്മയാ എന്നോട് വരുന്നവഴിക്കു പഞ്ചസാര മേടിച്ചോണ്ട് വരാൻ പറഞ്ഞേ..”

“മേടിക്കുന്നതെന്തിനാ…ഒരു പാത്രത്തിൽ സ്വയം കയറിയിരുന്നിട്ടു അങ്ങോട്ട് ചെന്നാൽ മതി..”അവൾ കിറി കോട്ടി കാണിച്ചു..

“ഡീ…നിന്നോടാ പറഞ്ഞേ…”ശ്രീ വീണ്ടും പറഞ്ഞു..

“നീ പോടാ കുട്ടൂസ…” ഉടൻ വന്നു അവളുടെ മറുപടി..

അതു കേട്ടു അപ്പൂട്ടൻ ആർത്തുച്ചിരിച്ചു..

” നീ പോടാ… ലുട്ടാപ്പി..”ശ്രീ അവനെ മീശ പിരിച്ചു കാണിച്ചു

അപ്പൂട്ടൻ ശ്രീയെ നോക്കി കൊഞ്ഞനംകുത്തി…

“ദേ.. പെണ്ണേ.. തരുന്നുണ്ടോ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..”

അവൾ അനങ്ങാതിരിക്കുന്നത് കണ്ട ശ്രീ ഉച്ചത്തിൽ വിളിച്ചു…

“ശ്രീധരേട്ടാ…..ഒന്നിങ്‌ വന്നേ….””

അപ്പൂട്ടൻ ഉടനെ സ്ഥലം കാലിയാക്കി

അവൾ വേഗം തന്നെ പഞ്ചസാര കൂടിലാക്കി കൊടുത്തു..

പൈസ കൊടുത്തു ബാലൻസ് വാങ്ങുന്നതിനിടയിൽ അവൻ ചോദിച്ചു..

“എന്റെ ഡാകിനി ആകാൻ വരുവോ..?

“എന്താ…”അവൾ അവനെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി..

“അല്ലാ..നീയല്ലേ എന്നെ കുട്ടൂസൻ എന്നു വിളിച്ചത്… ഡാകിനി ഭയങ്കര കുട്ടൂസൻ ഫാനാ..ഇതുവരെ യാതൊരു പേരുദോഷവും കേൾപ്പിക്കാത്ത ബന്ധമല്ലേ അവരുടെ…ഭയങ്കര സ്നേഹമാ രണ്ടുപേരും കൂടി..ആകുവോടീ നീ എന്റെ ഡാകിനി…”

എന്തോ പറയാൻ ഓങ്ങിയെങ്കിലും ഫൈസിയെ കണ്ടു അവൾ നിർത്തി…

ശ്രീ അവളെ ഒന്നു കണ്ണിറുക്കി കാട്ടിയിട്ടു ഫൈസിയോടൊപ്പം ചെന്നു ബുള്ളറ്റ് സ്റ്റാർട് ചെയ്തു..

പോകുന്നതിനിടയിൽ ഫൈസി പറഞ്ഞു..

“ഡാ.. കളിപ്പിക്കല്ലേടാ..അവളെ…അത് ഒരു പാവമാ…”

ശ്രീ ബുള്ളറ്റ് നിർത്തി അവനെ തിരിഞ്ഞു നോക്കി..

“പാവമാടാ…”ഫൈസി വീണ്ടും പറഞ്ഞു..

“നിനക്കെന്താ ഒരു സോഫ്റ്റ് കോർണർ…..
എന്തെങ്കിലും ഉണ്ടോ മനസ്സിൽ…”ശ്രീ ആകാംഷയോടെ ഫൈസിയെ നോക്കി..

“ഇയ്യോ..ഇല്ല…പാത്തൂന്റെ കൂട്ടുകാരിയല്ലേ..എനിക്കറിയാം നല്ലപോലെ അവളെ…ഒത്തിരി കഷ്ടപ്പാടുണ്ട് അതിനു..അതാ…”

ശ്രീയുടെ മനസ്സ് തണുത്തു…

“ഓഹ്…ആശ്വാസമായി…ഞാൻ വിചാരിച്ചു ഇടങ്ങേറായീന്നു….”

“എന്താടാ..ശ്രീ നീ പറയുന്നേ…ശെരിക്കും സീരിയസ് ആയിട്ടാണോ..” ഫൈസി വിശ്വാസം വരാതെ ചോദിച്ചു..

ശ്രീ മിററിലൂടെ ഫൈസിയെ നോക്കി കണ്ണിറുക്കി കാണിച്ചു…

“പക്ഷെ ആ കാന്താരിമുളകിനോട് എങ്ങനാ ഒന്നു പറയുക…തിരിച്ചുള്ള റിയാക്ഷൻ ഒന്നും പറയാൻ പറ്റില്ല..ആദ്യം തന്നെ ആ ലുട്ടാപ്പിയോട് പറയും അവൾ…അവൻ വേണമെങ്കിൽ സ്‌കൂളിൽ ചെല്ലുമ്പോൾ എന്റെ അച്ഛനോടും പറഞ്ഞു കൊടുക്കും…”

അതുകേട്ട് ഫൈസി ഉച്ചത്തിൽ ചിരിച്ചു..

അടുത്ത ഞായറാഴ്ച സന്ധ്യാസമയം…ശ്രീയും ഡേവിച്ചനും കൂടി പാലത്തിന്റെ കൈവരിയിൽ ചാരി നിൽക്കുവായിരുന്നു..

അപ്പോഴാണ് സേതുവും അപ്പൂട്ടനും കൂടി ആ വഴി വന്നത്..

“ആഹ്..എവിടെ പോണു..ബോബനും മോളിയും കൂടി..” ശ്രീ ചോദിച്ചു..

കേൾക്കേണ്ട താമസം…ഡേവിച്ചൻ കുടഞ്ഞിട്ടു ചിരിക്കാൻ തുടങ്ങി..

ചീത്ത പറയാൻ തിരിഞ്ഞ സേതു പുറകിൽ ഒരാൾ നടന്നു വരുന്നത് കണ്ടു മുഖത്തു ചെറിയൊരു ചിരി വരുത്തി നടന്നു നീങ്ങി..

ബാലന്മാഷ് ആയിരുന്നു അത്…
ഇവരുടെയൊക്കെ ഹൈ സ്‌കൂളിലെ ഹെഡ്മാസ്റ്റർ…റിട്ടയേർഡ് ആയിട്ട് ഒരുപാട് വർഷമായി…മക്കൾ രണ്ടുപേരും കാനഡയിൽ ആണ്…തീരെ വരാറില്ല….വീട്ടിൽ മാഷും ഭാര്യ സാവിത്രി ടീച്ചറും മാത്രം..അവരും സ്‌കൂളിൽ നിന്നു വിരമിച്ചതാണ്….

“ശ്രീയിങ് വന്നേ…”ബാലൻ മാഷ് അവന്റെ തോളിൽ കയ്യിട്ടു കൊണ്ടു നടന്നു…കൂടെ ഡേവിച്ചനും…

“ജോലിക്കാര്യമൊക്കെ എന്തായി…?”

ഒന്നും ആയില്ല മാഷേ..അപ്പ്ലിക്കേഷൻ കുറെ അയച്ചിട്ടുണ്ട്..പുറത്തേക്കൊന്നും പോകാൻ അമ്മ സമ്മതിക്കുന്നില്ല..ഇല്ലെങ്കിൽ കുറച്ചു ഫ്രണ്ട്‌സ് US ലുണ്ടായിരുന്നു…അവന്മാർ നോക്കാം എന്നു പറഞ്ഞതാ…”

“ഉം….നാട്ടിലാടോ നല്ലത്…പോയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചുവരവൊന്നുമില്ല…എന്റെ മക്കൾ തന്നെ കണ്ടില്ലേ…ആറു വർഷം കഴിഞ്ഞു വന്നിട്ട്…അല്ലാ…വരാൻ മിനക്കെടാറുമില്ലാ…”

“കഴിഞ്ഞ ദിവസം ഏതോ ഇന്റർവ്യൂ ഉണ്ടായിരുന്നല്ലോ….സേതുമാധവൻ പറഞ്ഞായിരുന്നു..അത് മിസ് ആയല്ലേ..ആക്സിഡന്റ് കാരണം…”

“ആക്സിഡന്റ് കാരണം അല്ല..മുൻപേ കുണുങ്ങികുണുങ്ങി പോകുന്ന കാന്താരി കാരണമാണെന്ന് പറയണമെന്നുണ്ടായിരുന്നു ശ്രീക്ക്..പക്ഷെ മൂളിയതേയുള്ളൂ…

“അതേ…സേതു നല്ല കുട്ടിയാട്ടോ…ഒരു പാവം….അവളോട് ദേഷ്യം ഒന്നുമുണ്ടാവരുത്…”ബാലൻ മാഷ് പറഞ്ഞുകൊണ്ട് മുന്നോട്ട് നീങ്ങി…

ശ്രീ സ്തബ്ദനായി നിന്നു…__”മാഷെന്താവും അങ്ങനെ പറഞ്ഞേ…”__അവനു അതെത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല….”ഇനി വല്ലതും അറിഞ്ഞോ…മാഷിന് മനസ്സു വായിക്കാനറിയോ…”ശ്രീയുടെ തല പുകഞ്ഞു…

അവൻ പാലത്തിന്റെ കൈവരിയിൽ പിടിച്ചുകൊണ്ടു അത്യഗാധമായ ആ ജലാശയത്തിലേക്കു നോക്കി നിന്നു…

ഗീതേച്ചിയുടെയും,ഫൈസിയുടെയും,ബാലൻ മാഷിന്റെയും വാക്കുകൾ അവന്റെ കാതിൽ തെല്ലൊരു പ്രകമ്പനത്തോടെ മുഴങ്ങിക്കൊണ്ടിരുന്നു….

💕സേതു…അവൾ ഒരു പാവം കുട്ടിയാ…ഒരുപാട് കഷ്ടപ്പാടൊക്കെയുള്ള ഒരു പാവം കൊച്ച്….💕

💓…..ശ്രീയുടെ മനസ്സിൽ ഒരു കൊച്ചു കൂടു ഒരുങ്ങുകയായിരുന്നു…ആയിരക്കണക്കിന് സ്വർണ്ണനൂലുകൾ കൊണ്ടു നെയ്തു തീർക്കാനുള്ള…ഒരു കൊച്ചു സ്വപ്നക്കൂട്…സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ കൂട്ടിനായി തന്റെ ഇണക്കിളിയെ കൂടെകൂട്ടാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു്….💓

അവന്റെ ചിന്തകളെ ഉണർത്തിക്കൊണ്ടു പുഴക്കര മഹാദേവന്റെ നടക്കൽ ദീപാരാധന മണി മുഴങ്ങി….

°°°°°°”ന്റെ മഹാദേവ!!നീയാണ് അവളെ എനിക്ക് കാണിച്ചു തന്നത്…നിന്റെ കാല്പടവിൽ വെച്ചാണ് ഞാനാദ്യമായി അവളെ കാണുന്നത്….അന്നേ ഈ ഇടനെഞ്ചിൽ സ്ഥാനം പിടിച്ചതാണ്…. കൈവിട്ടുപോകാതെ ഈ കരങ്ങളിലേക്ക് തന്നെക്കണേ…..”°°°°°°

അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു….

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

Share this story