ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 4

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു പോയി…

മനസ്സിനുള്ളിൽ മൂടിപ്പൊതിഞ്ഞു വെച്ചിരിക്കുന്ന തന്റെ കുഞ്ഞുപ്രണയവുമായി തന്റെ പ്രാണന്റെ മുന്നിലൂടെ പലവുരു ശ്രീ കറങ്ങിത്തിരിയുന്നുണ്ടായിരുന്നു…

എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു…പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ഒറ്റക്ക് പലവട്ടം അവൻ അവളോട്‌ പറഞ്ഞു കഴിഞ്ഞു…

ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ ടെറസിൽ പോയി നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ..അവയോടു….

ഒരു കുഞ്ഞിളംകാറ്റ് കിന്നാരം ചൊല്ലി മെല്ലെ തന്നെ തഴുകി പോകുമ്പോൾ… ആ കാറ്റിനോട്…

മഴച്ചാറ്റിൽ കുളിച്ചുനിന്നു സുഗന്ധം പെയ്യുന്ന മുറ്റത്തെ ചെമ്പകത്തോട്…

അവൻ മന്ത്രിക്കുമായിരുന്നു ..തന്റെ പ്രണയം ..തന്റെ പെണ്ണിനോട് ചൊല്ലും പോലെ…

കോടമഞ്ഞിൻ പുതപ്പണിഞ്ഞു വൃശ്ചികപ്പുലരി എത്തി…

വൃശ്ചികമാസത്തിലെ നനുത്ത തണുപ്പിൽ പുഴക്കരഗ്രാമം അതിമനോഹരമാണ്…

മഞ്ഞിന്റെ വെള്ളപ്പട്ടു വിരിച്ചുകിടക്കുന്നതിനാൽ അക്കര കാണാൻ പറ്റില്ല…ഇളം മഞ്ഞ നിറത്തിലെ സൂര്യാംശു ആ ജലപരപ്പിൽ തട്ടി പ്രതിഫലിക്കുന്നത് കാണാൻ നല്ല ചന്തമാണ്…

വൃശ്ചികമാസം….വ്രതാനുഷ്ഠാനത്തിന്റെയും ശരണം വിളിയുടെയും അയ്യപ്പൻപാട്ടിന്റെയും നാളുകൾ..

നാൽപതോന്നു നോമ്പ് നോറ്റു മാലയിട്ടു കെട്ടുമുറുക്കി മലചവിട്ടാൻ അയ്യപ്പന്മാർ…

എന്നും നിർമാല്യം തൊഴാൻ ശ്രീ മഹാദേവന്റെ നടക്കൽ എത്തുമായിരുന്നു..മഹാദേവന്റെ ഉപമൂർത്തിയായ ശാസ്താവിനെയും തൊഴുത് ആൽത്തറയിൽ കുറച്ചു നേരമിരുന്നു പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച ശേഷം മടക്കം..

എന്നും ഓടിപ്പിടഞ്ഞേത്തി തന്റെയൊപ്പം നിന്നു വെളുപ്പിനെ നിർമാല്യം തൊഴുന്ന..എത്ര തിരക്കിലും ക്യൂ നിന്ന് “ഭാനുമതി ,അത്തം”എന്ന പേരു പുഷ്പാഞ്ജലി രശീതിൽ ആക്കി വഴിപാട് വാങ്ങുന്ന…

ആറുമണിക്കെത്തുന്ന തന്റെ ഒറ്റചായ കുടികാർക്കായി ചായയിടാൻ കടതുറക്കാനായി അല്പം താമസിച്ചുകിട്ടുന്ന വഴിപാടുമായി തത്രപ്പാടിൽ ആഞ്ഞു സൈക്കിൾ ചവിട്ടി പോകുന്ന ശ്രീധരേട്ടനെ മറികടന്നാണ് ശ്രീ പലപ്പോഴും തിരികെ വീട്ടിലേക്കു പോകാറുണ്ടായിരുന്നത്…

ഒരു ദിവസം അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ വെളുപ്പിന് വീടിന്റെ ഇടവഴിയിൽ കാത്തുനിന്നാൽ മതിയെന്നും ദർശനം കഴിഞ്ഞു തിരിച്ചുമടങ്ങുമ്പോൾ കടയിൽ ആക്കാമെന്നും ശ്രീ പറഞ്ഞപ്പോൾ ആ കണ്ണുകളിലുണ്ടായ സ്നേഹവും നന്ദിയും മറ്റൊരു ബന്ധത്തിനും വിശ്വാസത്തിനും പിറവിയെടുക്കുകയായിരുന്നു…

എല്ലാവർഷവും ശ്രീ മലക്ക് പോകാറുണ്ട്…കുഞ്ഞുന്നാളിൽ അത് അച്ഛനോടൊപ്പമായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് കൂട്ടുകാർക്കോപ്പമായി..ഇപ്പൊ നാലു വർഷമായി വിദ്യചേച്ചിയുടെ ഭർത്താവ് നന്ദേട്ടനുമായാണ് പോകുന്നത്..

ഇത്തവണയും മഹാദേവന്റെ ഉപക്ഷേത്രത്തിലെ ശാസ്താനടക്കൽ നെയ്‌തേങ്ങാ നിറച്ചു കെട്ടുമുറുക്കി തേങ്ങായുടച്ചു ശരണം വിളിച്ച് അവർ യാത്രയായി…അയ്യപ്പ ദർശനത്തിനായി…

🙏“അയ്യപ്പൻ…!!!!ദേവനും ദാസനും ഒരാൾ തന്നെയാകുന്ന ദേവദാസൻ..ദേവനും അയ്യപ്പൻ..ദാസനും അയ്യപ്പൻ ..ഈശ്വരനും മനുഷ്യനും ഒന്നു തന്നെ എന്ന സങ്കല്പം വരുന്ന ഒരേയൊരു ഭഗവാൻ”🙏

അങ്ങു പർവ്വതമുകളിലിരിക്കുന്ന തങ്ങളുടെ അയ്യനെ കാണാൻ..പടി പതിനെട്ടും ചവിട്ടി സന്നിധാനത്തിൽ എത്തി ആ മഹത്പ്രഭയുടെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ശ്രീ ഒന്നേ പ്രാര്ഥിച്ചുള്ളൂ…”എത്രയും പെട്ടെന്ന് ഒരു ജോലി കരസ്ഥമാക്കി തന്റെ പെണ്ണിനെ ഒപ്പം കൂട്ടാൻ കഴിയണമെന്നു…”

ശബരിമലയിൽ നിന്നു വന്ന ശേഷം നന്ദേട്ടൻ പോയെങ്കിലും വിദ്യചേച്ചിയും നന്ദ മോളും കുറച്ചു ദിവസം കൂടി വീട്ടിൽ നിൽക്കാമെന്നു വിചാരിച്ചു..

ശ്രീയേ കണ്ടുകഴിഞ്ഞാൽ നന്ദ മോൾക്ക് പിന്നെ ആരെയും വേണ്ടാ..

“എടാ മാമാ..നമുച്ചു ബുള്ളറ്റി കറങ്ങാം” എന്നും പറഞ്ഞു ബഹളമാണ്…

അന്നും അവൾ കിടന്നു ബഹളം വെച്ചതിനെ തുടർന്ന് ശ്രീ അവളെയും വണ്ടിയിലിരുത്തി കുറച്ചു കറങ്ങി…

ഡേവിച്ചന്റെ വീട്ടിൽ പോയി കുറെ ഇരുന്ന ശേഷം തിരിച്ചു പോരാനായി പാലം കയറാൻ പോയപ്പോൾ പാലത്തിനടുത്തെ കട കണ്ട നന്ദമോൾക്കു അപ്പൊ മിഠായി വേണം..

_രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് _എന്നു മനസ്സിലോർത്തു ശ്രീ ബുള്ളറ്റ് കടയുടെ വാതിൽക്കൽ നിർത്തി നന്ദ മോളേയും എടുത്തു കടത്തിണ്ണയിലേക്ക് കയറി..

താഴെ കുനിഞ്ഞിരുന്നു എന്തോ അടുക്കിവെയ്ക്കുകയായിരുന്ന സേതു ആരോ വന്നെന്ന് തോന്നി തലയുയർത്തി എഴുന്നേറ്റത്തും അപ്പോഴാണ്..

തൊട്ടു മുന്നിൽ അവളുടെ മുഖം കണ്ടു ശ്രീ ചെറുതായൊന്നു പകച്ചു..

“ആഹ്!..എവിടെ പോണു ബി.ടെക് മാമനും കുഞ്ഞാവയും കൂടി..”സേതുവിന്റെ ചിരിയോടെയുള്ള ചോദ്യം അവനെ പരിസരബോധത്തിലേക്കു എത്തിച്ചു..

അതുകേൾക്കേണ്ട താമസം..സേതുവിന്റെ ചിരി കണ്ടിട്ടാണെന്നു തോന്നുന്നു നന്ദമോളും ഉച്ചത്തിൽ ഒരു ചിരി പാസാക്കി…

“ഡീ..കുരുപ്പേ.. നീ ആരുടെ സൈഡാ.. എന്റേയോ അതോ ഇവളുടെയോ” ശ്രീ അവളെ നോക്കി കണ്ണുരുട്ടി…

സ്വിച്ച് ഓഫാക്കിയ പോലെ നന്ദമോളുടെ ചിരി നിന്നു..

പൊതുവെ ഇത്തിരി ബോഡിയൊക്കെയുള്ള മസില്മാനായ നമ്മുടെ ശ്രീയുടെ കയ്യിൽ ഇത്തിരിപ്പോന്ന നന്ദ മോള് ഇരിക്കുന്ന കണ്ടു സേതുവിന് വീണ്ടും ചിരി പൊട്ടി…

“ശെരിക്കും ആനവായിൽ അമ്പഴങ്ങ പോലുണ്ട്”..അവൾ അവരെ നോക്കി വീണ്ടും ചിരിച്ചു..

വീണ്ടും ചിരിക്കാനാഞ്ഞ നന്ദമോൾ ശ്രീയെ നോക്കിയിട്ട് വായിൽ കൈ വെച്ചു മിണ്ടാതിരുന്നു…

അവളുടെ ആ ഭാവം കണ്ടു വാത്സല്യം തോന്നിയ സേതു ഒരു മിഠായി എടുത്തു അവളുടെ നേരെ നീട്ടി…

“എനിച്ചു വേണ്ട..”നന്ദമോൾ കൈകെട്ടിയിരുന്നു..

“ഡീ അവളും നിന്നെ പോലെ മഞ്ച് മാത്രേ കഴിക്കൂ…അല്ലെങ്കിൽ ചിലപ്പോൾ നീ അടുത്തു നിൽക്കുവല്ലേ വല്ല മഞ്ച് തിന്ന മണവും വന്നു കാണും..”

“പോടാ..”അവൾ അവനെ ആട്ടി..

“നീ പോടീ.. എന്റെ മാമനെ ചീത്ത വിളിച്ചുന്നോടീ..”നന്ദമോള് അവളെ തല്ലാൻ ആഞ്ഞു…

“അയ്യോ..നന്ദൂട്ടി ഒന്നും ചെയ്യണ്ടാ..അതൊക്കെ മാമൻ സമായമാവുമ്പോ കൊടുത്തോളാം..”ശ്രീ ഒരു കള്ളച്ചിരിയോടെ സേതുവിനെ നോക്കി കൊണ്ടു പോക്കറ്റിൽ നിന്നും അൻപത് രൂപയെടുത്ത് അവിടെവെച്ചിട്ട് മഞ്ച് തരാൻ പറഞ്ഞു..

ആ കണ്ണുകളിൽ ഒരു ആശങ്ക..

അവൾ പത്തു മഞ്ച് എടുത്തു അവിടെയിരുന്ന മിഠായി ഭരണിയുടെ മുകളിൽ വെച്ചു..

അതിൽ നിന്നു അഞ്ച് മഞ്ച് ശ്രീയെടുത്ത് നന്ദൂട്ടിക്കു കൊടുത്തു കൊണ്ട് കടയിൽ നിന്നിറങ്ങി..

“എന്റെ മഞ്ച് കൊതിച്ചി കഴിച്ചോട്ടാ അത്..”നന്ദമോളോട് പറയും പോലെ പറഞ്ഞു കൊണ്ട് ശ്രീ ഇടങ്കണ്ണിട്ടു സേതുവിനെ നോക്കി..

ആ നോട്ടം കണ്ട അവളുടെ കണ്ണിൽ പൂത്ത നക്ഷത്രം ശ്രീ കണ്ടുവെങ്കിലും ഞൊടിയിടനേരം കൊണ്ടു ആ മുഖത്തൊരു ഗൗരവത്തിന്റെ ആവരണവും വന്നു ചേർന്നതിനാൽ ആ മനസ്സിലെന്താണെന്നു ശ്രീക്ക് ഊഹിക്കാൻ കഴിഞ്ഞില്ല..

വണ്ടിയിൽ കയറിയിരുന്ന ശേഷം ശ്രീ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയെങ്കിലും അവൾ നിന്നിടം ശൂന്യമായിരുന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അങ്ങനെ മഞ്ഞിന്റെ ഇളംപുതപ്പിട്ടുമൂടിയ വൃശ്ചികമാസം പോയി കോടമഞ്ഞിൻ മരംകോച്ചുന്ന തണുപ്പുമായി ധനുമാസം വന്നണഞ്ഞു..

പുഴക്കരക്കാർക്കിത് ആഘോഷത്തിന്റെ മാസം..

പുഴക്കര പള്ളിയിലെ പെരുന്നാൾ ഈ മാസമാണ്..പെരുന്നാളും ക്രിസ്മസും ന്യൂയിയറും ഒക്കെയായി അടിച്ചുപോളിക്കുന്ന മാസം..

പുഴമീനും കള്ളൂമായി ഡേവിച്ചന്റെ അപ്പനായ അന്തോണിച്ചായനും കൂട്ടുകാരും വീടിന്റെ പിന്നാമ്പുറത്തെ ഇളംതിണ്ണയിൽ കൂടിയിട്ടുണ്ട്..

അമ്മച്ചി സലോമിക്കു അടുക്കളയിൽ നിന്നിറങ്ങാൻ നേരം കിട്ടിയിട്ടില്ല..വൈകുന്നേരത്തെക്കുള്ള
കപ്പയും ബീഫും കരിമീനുമായുള്ള മൽപിടുത്തിലാണ്..കൂട്ടിനു ജാൻസിയും….

പെരുന്നാൾ പ്രമാണിച്ചു ശ്രീക്കും ഫൈസിക്കും അവിടുന്നായിരുന്നു ഊണ്…

ഊണ് കഴിഞ്ഞു ഡേവിച്ചന്റെ മുറിയിൽ വിശ്രമത്തിലാണ് മൂവരും..

അപ്പോഴാണ് ഡേവിച്ചന്റെ ഇടവക ഫ്രണ്ട്സിൽ ചിലർ അങ്ങോട്ട് വന്നത്…

എല്ലാവർഷവും അവർ ക്രിസ്മസ്കരോളിനു പോകാറുണ്ട്..

“ഡേവിച്ചായാ…നമ്മുടെ ജോസൂട്ടിക്ക് പനിയടിച്ചു കിടക്കുവാ…ഇനിയിപ്പോ ആരാ പപ്പാഞ്ഞി ആകുന്നേ…കരോളിനു പോകണ്ടെ നമുക്ക്…”കൂട്ടത്തിലുള്ള ഒരുത്തൻ പറഞ്ഞു..

“ശ്ശെടാ…ഇനിയാരാകാനാ..?”ഡേവിച്ചൻ ആലോചിച്ചു…

കുറച്ചു നേരത്തെ ചർച്ചക്കൊടുവിലും ആളെ തിരഞ്ഞെടുക്കാൻ കഴിയാതെ വന്നപ്പോൾ എന്തോ ആലോചിച്ചുറപ്പിച്ചെന്ന പോലെ ശ്രീ പറഞ്ഞു..

“ഡാ.. ഡേവിച്ചാ നീയായാൽ മതി..പപ്പാഞ്ഞി…ഉറപ്പിച്ചു..”

ശ്രീ പറഞ്ഞാൽ പിന്നെ ഡേവിച്ചന് അപ്പീൽ ഇല്ലാത്ത കൊണ്ടു ആ കാര്യം അപ്പോൾ തന്നെ തീരുമാനിക്കപ്പെട്ടു…

അങ്ങനെ ആ ക്രിസ്മസ് തലേന്ന് ക്രിസ്മസ്‌പപ്പായുടെ വേഷവും കെട്ടി ആട്ടവും പാട്ടുമായി അവരുടെ പന്ത്രണ്ടംഗ ഗ്രൂപ്പ് വീടുവീടാന്തിരം കയറിയിറങ്ങി..

ഡേവിച്ചനൊപ്പം പാട്ടും ഡാൻസുമായി ശ്രീയും ..സംഭാവനപ്പെട്ടി തൂക്കി ഫൈസിയും മുൻനിരയിലുണ്ടായിരുന്നു..

സംഭാവന നല്കുന്നവർക്കെല്ലാം വർണ്ണക്കടലാസിൽ പൊതിഞ്ഞ ചെറിയ സമ്മാനങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു…

പാലത്തിന്റെ അടുത്തുള്ള വലിയ കിളിച്ചുണ്ടൻ മാവിന്റെ ഇടവഴിയിലേക്കു സംഘം നീങ്ങിയപ്പോൾ ഫൈസിയുടെ കയ്യിലെ സംഭാവനപെട്ടിയിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന സമ്മാനപ്പൊതിയെടുത്തു ശ്രീ ഡേവിച്ചന്റെ കയ്യിലേക്ക് കൊടുത്തു…

തൊട്ടടുത്ത വീട്ടിൽ നിന്നും കരോൾ സംഘം വീട്ടിലേക്കു വരുന്നത് കണ്ടു മുൻവശത്തെ അരഭിത്തിയുടെ തൂണിൽ കൈചുറ്റി,വൈകിട്ടത്തെ കുളി കഴിഞ്ഞു ഇനിയുമുണ്ങ്ങാത്ത നീണ്ട മുടി മുന്നിലേക്ക് വിതറിയിട്ടു ഇളംനീല നിറത്തിലെ നീളൻപാവാടയും ജാക്കറ്റുമണിഞ്ഞു അവൾ നിൽപ്പുണ്ടായിരുന്നു…നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടിനു മുകളിലുള്ള ഭസ്മക്കുറി ആ സൗന്ദര്യത്തിനു മാറ്റു കൂട്ടി…

പാട്ടിന്റെയും ഡാന്സിന്റെയും ബഹളത്തിനിടയിൽ ഫൈസിയെ കണ്ടു ചിരിയോടെ ഇതാരാ…എന്നു ക്രിസ്മസ് പപ്പായെ ചൂണ്ടി അവൾ ചോദിക്കുന്നതും ഫൈസി അവളുടെ ചെവിയോട് ചേർന്നു എന്തോ പറയുന്നതും…അതു കേട്ട മാത്രയിൽ ആ കണ്ണുകൾ മറ്റാരെയോ ആ കൂട്ടത്തിൽ പരതുന്നതും ചുവന്നചെമ്പരത്തി പൂക്കൾ ഇടതൂർന്നു പിടിച്ചുനിൽക്കുന്ന ചെമ്പരത്തിവേലിക്കും ഇപ്പുറം നിന്ന്‌ ശ്രീ കാണുന്നുണ്ടായിരുന്നു…

ഫൈസി കൊടുത്ത സമ്മാനപ്പൊതി ഡേവിച്ചൻ ആ കൈകളിലേക്ക് വെച്ചു കൊടുക്കുമ്പോഴും ആ മിഴികൾ ചുറ്റുപാടും ആരെയോ തിരയുന്ന കണ്ട ശ്രീയുടെ ഇടനെഞ്ചിലൂടെ ധനുമാസകാറ്റിന്റെ നേരിയ ഇളംതണുപ്പ് അരിച്ചിറങ്ങി…💓

അവിടെ നിന്നു പോരുന്ന വരെ ശ്രീ മിഴിയെടുക്കാതെ അവളെ നോക്കി നിന്നു….

കിട്ടിയ സമ്മാനപ്പൊതി തുറന്നുനോക്കിയ സേതു ആശ്ചര്യപ്പെട്ടു…ഒരു പെട്ടി നിറയെ മഞ്ച്…

അപ്പുറത്ത് നിന്നും ഓടിയെത്തിയ അപ്പൂട്ടൻ ഒരു പിടി വാരിക്കൊണ്ടു ഓടിക്കളഞ്ഞു…

ബാക്കിവന്നവയുമായി അവൾ അമ്മയുടെ മുറിയിലേക്ക് ചെന്നു..മിഠായിപ്പെട്ടി മേശപ്പുറത്തു വെച്ചു അതിൽ നിന്നൊരെണ്ണം എടുത്തു കവറു പൊളിച്ചു പകുതി പൊട്ടിച്ചു അമ്മയുടെ വായിലേക്ക് വെച്ചുകൊടുത്തു…

ബാക്കി പകുതി സ്വന്തം വായിലേക്ക് ഇട്ടു കൊണ്ടവൾ അമ്മയുടെ കട്ടിലിൽ ചമ്രം പടഞ്ഞിരുന്നു…

അങ്ങനെയിരുന്നു കൊണ്ട് ആ മിഠായി പെട്ടിയിലേക്കു നോക്കിയപ്പോഴാണ് അതിന്റെ അടിയിൽ നാലായി മടക്കിവെച്ചിരിക്കുന്ന ഒരു പേപ്പർ അവൾ കണ്ടത്…

വിറയ്ക്കുന്ന കൈകളോടെ അവൾ ആ പേപ്പർ നിവർത്തി….

അതു വായിച്ച അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഉതിർന്നു വീണു….

വായിച്ചു മതിയാവാതെ അവളത് വീണ്ടും വീണ്ടും വായിച്ചു…

ആ നേരം തന്നെ ഭയാനകമായ ഏതോ ഒരു ഓർമ്മയിൽ ആ കടലാസു അവൾ ചുരുട്ടി കൂട്ടി മുറിയുടെ മൂലയിലേക്കു എറിഞ്ഞു…..

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

Share this story