ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 5

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

കൊട്ടും പാട്ടും മേളവുമൊക്കെ നിർത്തി കരോൾ സംഘം തിരിച്ചെത്തി..ബാക്കിയുള്ളവരെല്ലാം പോയതോടെ മൂവർ സംഘം മാത്രമായി..
ഡേവിച്ചന്റെ വീടിന്റെ പിന്നാമ്പുറത്ത് പുഴയിലേക്കെത്തുന്ന കൈത്തോടിന്റെ ഓരം ചേർന്നുള്ള പൊട്ടിയ പടവിൽ ബിയറും താറാവ് വരട്ടിയതുമായി ഒരു പിടിപിടിക്കാനായി മൂവരും കൂടി ഇരുന്നു..

ആഘോഷദിനങ്ങളിൽ പതിവുള്ള ഒരു കൂടിച്ചേരൽ…

ഡേവിച്ചൻ എന്തോ ചളിയൊക്കെ അടിച്ചു തനിയെ ചിരിക്കുന്നുണ്ട്..ഇടക്കിടക്ക് ചിരിച്ചു ചിരിച്ചു ശ്രീക്കിട്ടും ഫൈസിക്കിട്ടും ഓരോ അടിയൊക്കെ കൊടുക്കുന്നുമുണ്ട്…

ഫൈസി ശ്രീയെ ശ്രെദ്ധിച്ചിരിക്കുകയായിരുന്നു..

കയ്യിലെ ബിയർ ഗ്ലാസ് അതുപോലെ തന്നിരുപ്പുണ്ട്..
നല്ല നിലാവത്ത് തോട്ടിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു മരച്ചില്ലയുടെ നിഴലിനിടയിലൂടെ പൊന്നിൽ കുളിച്ചു നിൽക്കുന്ന പൂർണചന്ദ്രന്റെ പ്രതിബിംബത്തെ…പ്രകൃതി സ്വയം വരച്ച ആ ചിത്രത്തെ ഉറ്റു നോക്കി ചെറുചിരിയോടെ ഇരിക്കുകയാണ് ശ്രീ…

ആ കണ്ണുകളിലെ തിളക്കം ഇതിനുമുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പൊന്നിൻതിളക്കമാണെന്നു ഫൈസിക്ക് തോന്നി..

ശ്രീ തന്റെ സ്വപ്നക്കൂട്ടിലായിരുന്നു…ഇന്ന് തന്റെ മനസ്സറിയാൻ പോകുന്ന തന്റെ കൂട്ടുകാരിയെ തന്റെ സ്വപ്നക്കൂട്ടിലേക്കു സ്വപ്നം കാണാൻ ക്ഷണിക്കാനുള്ള വെമ്പലിൽ ആയിരുന്നു ആ മനസ്സ്..

“ഡാ.. ശ്രീ ..നീയിത് ഏതു ലോകത്താ..
അല്ലെങ്കിലും എല്ലാവന്മാരും ഇങ്ങനാ..ഏതെങ്കിലും ഒരുത്തിയെ മനസ്സിലോട്ടു കയറ്റിയാ പിന്നെ ചങ്ക് പറിച്ചു കൂടെ നിന്ന കൂട്ടുകാരെ പിന്നെ വേണ്ടാതാവും…അവന്റെയൊരു സ്വപ്നം..”
ഡേവിച്ചന് കലി കയറി…

“പോട്ടെടാ. …അവനിത്തിരി സ്വപ്നം കണ്ടോട്ടെ…”ഫൈസി അവന്റെ തല പിടിച്ചു തന്റെ തോളിലേക്കു ചായ്ച്ചു വെച്ചു..

“എനിക്ക് നല്ല വേദനയുണ്ടെടാ.”.ഡേ വിച്ചൻ വീണ്ടും തല പൊക്കി..

“ആ മുറിവിൽ നമുക്കിത്തിരി മുറിവെണ്ണ പുരട്ടാം” ഫൈസി വീണ്ടും അവന്റെ തല താഴ്ത്തി വെച്ചു..ചിരിയോടെ…

ശ്രീ ഈ സംഭാഷണമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..

അവിടെ മറ്റൊരാളും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവായിരുന്നു..

കണ്ണടക്കുമ്പോഴൊക്കെ ഒരു താടിക്കാരൻ കണ്ണിറുക്കി ചിരിക്കുന്ന മുഖം ആണ് കാണുന്നത്…

ആശങ്കയോടെ അവൾ എഴുന്നേറ്റിരുന്നു…
മുറിയിൽ വെട്ടമില്ല… എങ്കിലും പുറത്തെ നിലാംവെളിച്ചം തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ ആവോളം അകത്തേക്കെത്തുന്നുണ്ട്…

അവൾ തൊട്ടടുത്തെ കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി…

ഉറങ്ങുകയാണ്….വല്ലാത്തൊരു ശാന്തതയോടെ…

മുറിയിൽ ലൈറ്റിട്ടാൽ അമ്മ എഴുന്നേൽക്കും…അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ചെന്നു ഒരു മെഴുകുതിരി കത്തിച്ചു മേശപ്പുറത്തു വെച്ചു…

കുറച്ചു മുൻപ് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞ ആ കടലാസു കഷണം ശ്രെദ്ധയോടെ എടുത്തു മെല്ലെ തുറന്നു..

ഒരിക്കൽ കൂടി നീണ്ടു വടിവൊത്ത ആ അക്ഷരങ്ങളിലൂടെ അവൾ വിരലോടിച്ചു…

ആദ്യം വായിച്ച അതേ ആകാംഷയോടെ തന്നെ വീണ്ടും വീണ്ടും വായിച്ചു…
💓💓💓💓💓💓💓💓💓💓💓💓💓

സേതുവിന്…
എങ്ങനെയാപറയേണ്ടതെന്നറിയില്ല.
പറഞ്ഞാൽ ഒരു പക്ഷെ നീ വിശ്വസിക്കുവോ എന്നു പോലും എനിക്ക് നിശ്ചയമില്ല…പക്ഷെ വെറും വാക്കാണെന്നു കരുതി തള്ളിക്കളയരുത്….ഒരുപാടിഷ്ടമാണ് എനിക്ക്…വെറുതെ ഒരിഷ്ടമല്ല.
എന്റെ പ്രാണന്റെ പകുതിയായി കൂടെ കൂട്ടാനുള്ള ഇഷ്ടം..വഴക്കിടുമ്പോഴും കുറുമ്പ് പിടിപ്പിക്കുമ്പോഴും ഈ ഇഷ്ടം കൂടുന്നെ ഉണ്ടായിരുന്നുള്ളൂ…ഇനി നമുക്കിടയിൽ വഴക്കു വേണ്ട..ഒരു ജോലി കിട്ടിയിട്ടു കൂടെ കൂട്ടാൻ ഞാൻ വരും..അല്ലെങ്കിൽ എന്റെ കൂട്ടുകാരിയായി ഈ മകളെ തന്നെക്കുവോ എന്നു അച്ഛനോട് ചോദിക്കാനായി വരും..ഇനി കഷ്ടപ്പാടുകൾ ഒറ്റക്ക് താങ്ങണ്ടാ..ഒരു താങ്ങായി…സ്നേഹമായി..പ്രാണനായി ..കൂട്ടായി…കരുതലായി…ജീവിതകാലം മുഴുവൻ ഞാനുണ്ടാവും നിനക്ക്..ഉറപ്പ്..

ഒത്തിരി ഇഷ്ടത്തോടെ,
ശ്രീ…..💓

അവൾ ആ കടലാസ് നെഞ്ചോടു ചേർത്തു കൊണ്ട് കട്ടിലിലേക്ക് കയറി ഭിത്തിയിൽ ചാരി ഇരുന്നു..

എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല…
എന്തോ പേടിസ്വപ്നം കണ്ട പോലെ അവൾ ഞെട്ടിയുണർന്നു…
അപ്പോഴും ആ കടലാസ് അവളുടെ നെഞ്ചോരം ഉണ്ടായിരുന്നു..

അമ്മയുടെ മിഴികൾ തിളങ്ങുന്നുവോ..

മെഴുകുതിരി കത്തിത്തീരാറായിരുന്നു..

ആ കുഞ്ഞുതിരിനാളത്തിൻ വെട്ടത്തിൽ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി…

‘ഇല്ലാ…തനിക്കു തോന്നിയതാണ്…അമ്മ ഉണർന്നിട്ടില്ല…ഉറങ്ങുകയാണ്…’

മെഴുകുതിരി ഊതിക്കെടുത്താൻ ആഞ്ഞതും പുറത്തൊരു പട്ടി ഓരിയിട്ടു

എന്തോ ഒരു ഉൾഭയത്തിൽ അവൾ ആ കടലാസിലേക്കു നോക്കി..

കഠിനമായ വേദനയോടെ തയ്യൽ മിഷ്യന്റെ അടുത്തിരുന്ന വേസ്റ്റ് ബാസ്‌കെറ്റിന്റെ അടിയിലേക്കു അതു പൂഴ്ത്തി വെച്ചു…

പിറ്റേദിവസം ക്രിസ്മസ്…

ശ്രീധരേട്ടൻ കട ഉച്ച വരെ തുറന്നായിരുന്നു…

അവൾ ജാനുവമ്മയെ വിളിച്ചു അമ്മയെ ഏല്പിച്ചു അച്ഛന് പ്രാതൽ കൊടുക്കുവാനായി പോയി…

അപ്പൂട്ടന്റെ അമ്മൂമ്മയാണ് ജാനുവമ്മ..

ജാനുവമ്മ ഭാനുമതിയുടെ അടുത്തിരുന്നു ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു..

ഇടക്ക് ഭാനുമതി അവ്യക്തമായി എന്തോ ശബ്ദം ഉണ്ടാക്കുന്നത് കണ്ടു ജാനുവമ്മ ചോദിച്ചു…

“എന്താ..ഭാനു..വെള്ളം വല്ലതും വേണോ..?”

അവർ കണ്ണു കൊണ്ടു എന്തോ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു..

വർഷങ്ങളായി ഭാനുവിന് കൂട്ടിരിക്കുന്നതിനാൽ കുറച്ചൊക്കെ ഭാവങ്ങളും ഭാഷകളുമൊക്കെ ജാനുവമ്മക്ക് മനസ്സിലാകുമായിരുന്നു..

അവർ ഭാനുവിന്റെ കണ്ണു പോകുന്ന ദിക്കിലേക്ക് നോക്കി..

അവരുടെ ഭാഷയിൽ നിന്നു അവിടെ വേസ്റ്റ് തുണി കഷണം ഇടുന്ന ബാസ്‌ക്കറ്റ് എടുക്കാനാണെന്നു മനസിലായി..

ജാനുവമ്മ അതെടുത്തു ഭാനുവിന്റെ അടുത്തു കൊണ്ടു വന്നു..
അതിലുള്ളത് ഓരോന്നായി എടുത്തു കാണിച്ചു..

ഒരു കടലാസ് കഷണം കണ്ടപ്പോൾ അത് നിവർത്തി കാണിക്കാൻ ഭാനുമതി ആവശ്യപെട്ട പ്രകാരം ജാനുവമ്മ അതു ഭാനുമതിയുടെ കണ്ണിനു മുകളിലായി നിവർത്തി പിടിച്ചു…

അതിസൂക്ഷ്മം അതു വായിച്ച ഭാനുമതിയുടെ കണ്ണിൽ നിന്നും…ഇരു ചെന്നിയും പൊള്ളിച്ചു കൊണ്ടു ചുടുകണ്ണീർ ഇറ്റുവീണു…

°°°°°°°°°ക്രിസ്മസ് കഴിഞ്ഞു…ന്യുയിയറിനെ വരവേൽക്കാൻ പുഴക്കരക്കാർ ഒരുങ്ങി കഴിഞ്ഞു…

ഈ കഴിഞ്ഞ ആറു ദിവസങ്ങളിലും അവളെ കാണാനേ ശ്രീക്ക് പറ്റിയില്ല…

ഒരു നോക്കൊന്നു കാണുവാനായി മഹാദേവന്റെ നടക്കലും,തോണിക്കടവിലും,കിളിച്ചുണ്ടൻ മാവിന്റെ വശത്തുള്ള പൊതു പൈപ്പിന് അരികിലൂടെയുമൊക്കെ പലവുരു അവൻ ബുള്ളറ്റിൽ പാഞ്ഞു..

ഞായറാഴ്ച വൈകിട്ട് എന്നും കടയിൽ ഇരിക്കാറുള്ളത് കൊണ്ടു അവിടെയും ചെന്നു..

പക്ഷെ നിരാശ ആയിരുന്നു ഫലം..

“അവൾക്കു ആ കത്തു കിട്ടിക്കാണില്ലേ..അവളത് കണ്ടിട്ടുണ്ടാവില്ലേ..”

**ചുട്ടുപൊള്ളുന്ന ഹൃദയവേദനയിൽ അവന്റെ നെഞ്ചകം നീറിപ്പുകഞ്ഞു..**
**ഈ വേദന..ഈ പുകച്ചിൽ..ഇതു താങ്ങാനാവുന്നില്ലല്ലോ..**
**കുറെ ചില്ലുകഷണങ്ങൾ ഒന്നിച്ചു പാഞ്ഞുവന്നു ഹൃദയത്തിന്റെ ഒത്തനടുക്കിരുന്നു ചിന്നിചിതറും പോലെ**

ഇതാണോ ആ പേരറിയാത്ത നൊമ്പരം…💓അവന്റെ മനസ്സ് വിങ്ങുകയായിരുന്നു..

ശ്രീ വീണ്ടും വീണ്ടും ആ ഇടവഴിക്കു മുന്നിലൂടെയുള്ള റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു…

അങ്ങനെ ഡിസംബർ 31 രാത്രിയെത്തി…

പുഴക്കര ഗ്രാമം മൊത്തം ജാതിമതഭേദമന്യേ പുഴക്കര പള്ളിയിൽ എത്തുന്ന ദിവസം..

12 മണികഴിഞ്ഞു പാതിരാ കുർബാനയും കഴിഞ്ഞേ മടക്കമുള്ളു..

“ഞാൻ അമ്മയുടെ അടുത്തിരുന്നു കൊള്ളാം..മോള് പ്രകാശേട്ടന്റെയൊക്കെ ഒപ്പം പള്ളിയിൽ പൊയ്ക്കൊള്ളു…”ശ്രീധരേട്ടൻ സേതുവിനോട് പറഞ്ഞു…

അപ്പൂട്ടന്റെ അച്ഛനാണ് ഓട്ടോ ഓടിക്കുന്ന പ്രകാശൻ…

പ്രകാശനും ഭാര്യ ഉഷയും അപ്പൂട്ടനും ജാനുവമ്മയും കൂടി സേതുവിനെയും കൂട്ടി പള്ളിയിലേക്കു പോയി..

പള്ളിയുടെ ഇരുവശങ്ങളിലുമായി കുറെ വഴിയൊരക്കച്ചവടക്കാരൊക്കെ എത്തിയിട്ടുണ്ട്…

കുറെ നേരം അവിടവിടെ ചുറ്റിനടന്ന ശേഷം അവരെല്ലാവരും കൂടി ഒഴിഞ്ഞ ഒരു കോണിൽ ഇരുന്നു…

അപ്പോഴാണ് അപ്പൂട്ടന് ഏതോ കളിപ്പാട്ടം വേണമെന്ന് പറഞ്ഞു ബഹളം തുടങ്ങിയത്…

അവസാനം നിർബന്ധം സഹിക്കാൻ വയ്യാതെ സേതു അവനെയും കൂട്ടി ഒരു കടയിലേക്ക് നടന്നു…

ഒരു കടയിൽ ചെന്നു അവിടിരിക്കുന്ന കളിപ്പാട്ടങ്ങൾ മാറിമാറി പരിശോധിക്കുന്ന അപ്പൂട്ടനെ സേതു കൗതുകത്തോടെ നോക്കിക്കൊണ്ട് നിന്നു…

രണ്ടു കുമ്പിൾ കപ്പലണ്ടിയും വാങ്ങി വായിലിട്ടു കൊണ്ടു നടക്കുകയായിരുന്നു ശ്രീയും ഡേവിച്ചനും ഫൈസിയും കൂടി..

അപ്പോഴാണ് കുറച്ചകലെ നിൽക്കുന്ന സേതുവിനെ ഫൈസി കണ്ടത്…

അവൻ ശ്രീയെ തോണ്ടി അവിടേക്ക് വിരൽ ചൂണ്ടി…

അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ശ്രീ കണ്ടു… ടൂബ്‌ലൈറ്റിന്റെ
മിന്നിച്ചോരിയുന്ന പ്രഭയിൽ കരിവയലറ്റ് ദാവണിയുടുത്തു നിൽക്കുന്ന തന്റെ പെണ്ണിനെ…

അവനെ എന്നും മയക്കുന്ന ആ ഇടതൂർന്ന മുടി അങ്ങനെയങ്ങു വിതർത്തിട്ടിരിക്കുകയാണ്…

ഒരു നിമിഷം എല്ലാം മറന്നു അവൻ അവളെ തന്നെ നോക്കി നിന്നു…

പിന്നീട് അവളുടെ അടുത്തേക്ക് ചെന്നു..

പുറകിൽ നിന്നു പതിഞ്ഞ സ്വരത്തിൽ വിളിച്ചു…

“”””’സേതു….”””””

“മ്..അവൾ ഞെട്ടിത്തിരിഞ്ഞു..

പുറകിൽ ശ്രീയെ കണ്ടു ആ മിഴികൾ വിടർന്നുവെങ്കിലും പതിവ് പോലെ ഒരു പരിഹാസ ഭാവം മുഖത്തു വരുത്തി ചോദിച്ചു…

“ആഹ്…ബിടെക് മാമൻ ഒറ്റക്കെയുള്ളോ…എന്തിയെ വാനരപ്പട..”

ശ്രീ അവളെ സംശയത്തോടെ നോക്കി..

‘ഇവൾക്കത് കിട്ടിയില്ലേ..
അതോ ജാടയിടുവാണോ..’

“സേതു…നിനക്കത് കിട്ടിയാരുന്നോ…?”

“എന്ത്…?”

“ആ ലെറ്റർ…ഞാൻ മഞ്ച് ബോക്സിൽ വെച്ചിരുന്ന….”അവൻ പകുതിക്ക് നിർത്തി…

“ഓ.. അതോ…?കിട്ടി കിട്ടി…കിട്ടിബോധിച്ചു…ഇങ്ങനെ എത്രയെണ്ണം കിട്ടുന്നു…ഇതൊക്കെ വലിയ കാര്യമാണോ..”

“സേതു..നീ തമാശ മതിയാക്കിക്കെ…അത് നീ പറഞ്ഞ പോലെ ഒന്നല്ല…”അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു..

“അല്ല മാഷേ കോളേജിൽ വേറെ ആരും ഇല്ലായിരുന്നോ…വുശ്വസിക്കാൻ ഇത്തിരി പ്രയാസം ഉണ്ടേ…പ്രൊഫഷണൽ കോളേജിലൊക്കെ പടിച്ചോരാൾ ഈ നാട്ടുമ്പുറത്തെ പെണ്കുട്ടിയോട്…അതോ ഇത് ഒരു സ്ഥിരം ഏർപ്പാടാണോ…”അവൾ ചിരിച്ചു..

“ഞാൻ ആ ടൈപ്പല്ല…”ശ്രീ വീറോടെ പറഞ്ഞു…

“ആയിക്കോട്ടെ….”അവൾ അപ്പുവിന്റെ കയ്യും പിടിച്ചു നടന്നകന്നു…

കട തീരുന്നിടത്തെ ചെറിയ ഇരുട്ടിന്റെ മറവിൽ വന്നപ്പോൾ അവൾ തിരിഞ്ഞു നോക്കി..

‘ഇല്ല…ആളവിടെ ഇല്ല…’

അച്ഛനെയും അമ്മയെയും കളിപ്പാട്ടം കാണിക്കാനുള്ള ആകാംക്ഷയിൽ സേതുവിന്റെ കൈവിടുവിച്ചു കൊണ്ടു അപ്പൂട്ടൻ ഓടിയകന്നു..

അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി…

പെട്ടെന്നാണ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സമീപത്തെ പുളിയൻ മാവിന്റെ ഇരുട്ടിന്റ മറവിലേക്കു ഒരാൾ അവളെ ചേർത്തു നിർത്തിയത്…

“വലിയ ഡയലോഗ് അടിച്ചു പോയിട്ട് നീ ആരെയാടി കൂടെക്കൂടെ തിരിഞ്ഞു നോക്കുന്നത്…”

അവളെ മാവിനോട് ചേർത്തു നിർത്തി,അവൾക്കു അനങ്ങാനാകാത്ത വിധം രണ്ടു കയ്യും അവളുടെ ഇരു വശങ്ങളിലും വെച്ചു ആഞ്ഞു നിന്നുകൊണ്ട് അവളുടെ മിഴികളിലേക്കു നോക്കി ശ്രീ ചോദിച്ചു…

ആ നോട്ടം താങ്ങാനാവാതെ അവൾ കണ്ണുകൾ താഴ്ത്തി…

“മുഖത്തു നോക്കേടി…”അവൻ വീണ്ടും പറഞ്ഞു…

അവൾ നോക്കിയില്ല..

തന്നിലേക്ക് ചേർന്നു വന്നുകൊണ്ടിരുന്നു ശ്രീയെ അവൾ തള്ളിമാറ്റാൻ ശ്രീമിക്കുന്നുണ്ടായിരുന്നു…എന്നാൽ അവൻ ഒന്നു അനങ്ങുന്നപോലുമില്ലായിരുന്നു…

“പറയെടി..നീ ആരെയാ തിരിഞ്ഞു നോക്കിയേ…”

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളുടെ മുഖത്തിനു നേരെ ശ്രീ തന്റെ മുഖമടുപ്പിച്ചു…

“നീ ചോദിച്ചില്ലേ…കോളേജിൽ വേറെ പെണ്പിള്ളേരില്ലായിരുന്നോ എന്നു..
അങ്ങനെ ഇല്ലായിരുന്നു …എന്നു തീർത്തു പറയാനൊന്നും പറ്റില്ല…ചില അവളുമാരെല്ലാം എന്റെ പുറകെ വന്നിട്ടൊക്കെയുണ്ട്….ഞാനാരോടും ഇഷ്ടമല്ല എന്നു പറഞ്ഞിട്ടില്ല..
എന്നാൽ ഇഷ്ടമാണെന്നും പറഞ്ഞിട്ടില്ല….കേട്ടോടി..”

“എന്താണെന്നറിയോ…അവർക്കൊന്നും ഈ കാച്ചെണ്ണയുടെ സുഗ്ഗന്ധം ഇല്ലായിരുന്നു…”

അവൻ കണ്ണുകളടച്ചു അവളുടെ മുടിയിഴകൾക്കിടയിലേക്കു തന്റെ മുഖം പൂഴ്ത്തി…

അവനെ ശക്തിയായി തള്ളിമാറ്റുന്നതിനിടയിലുള്ള പിടിവലിക്കിടെ അവന്റെ നെഞ്ചിൽ പറ്റിക്കിടന്ന ശ്രീ എന്നു പേര് കൊത്തിയ ലോക്കറ്റ് ഉള്ള സ്വര്ണചെയിൻ പൊട്ടി അവളുടെ വിരലിൽ കുടുങ്ങി…

അവളിൽ നിന്നു അകന്നു മാറി തെല്ലൊരു കള്ളച്ചിരിയോടെ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയ ശ്രീയെ പിൻവിളി വിളിക്കാൻ ശബ്ദം കിട്ടാതെ ആ പേര് കൊത്തിയ സ്വർണ്ണ ചെയിനിലേക്കും നോക്കി അവൾ നിന്നു..
തെല്ലൊരു ആധിയോടെ….തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

Share this story