ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 7

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ഒന്നു നിന്നേ..”ശ്രീ വേഗത്തിൽ ചെന്നു അവളെ തിരിച്ചു നിർത്തി…
“എന്താ നീ പറഞ്ഞെ..?”അവന്റെ കണ്ണുകൾ കുറുകി…
“സത്യമാണ് ഞാൻ പറഞ്ഞത്..എനിക്കൊരാളെ ഇഷ്ടമാണ്…എന്റെ മുറചെറുക്കൻ..ശിവശങ്കർ!!!…താമരപുഴയിലാ വീട്…
അവരുടെ അയൽ ഗ്രാമമാണ് താമരപ്പുഴ…

“ഓഹോ..എന്നാൽ അവനെ ഊട്ടിയാ പോരായിരുന്നോ…എന്തിനാ എന്നെ ഊട്ടാൻ വന്നത്”അവൻ ദേഷ്യം വന്നു ചുവന്ന കണ്ണുകളോടെ ചോദിച്ചു…

“ഞാൻ പറഞ്ഞല്ലോ…ഇയാള്ടെ സ്ഥാനത് മറ്റാര് ആയിരുന്നെങ്കിലും ഞാനിതേ ചെയ്യൂ… ഞാൻ കാരണമല്ലേ കൈ പൊള്ളിയത്…അതുകൊണ്ട്..”

“ഓ.. ഒരു പരോപകാരി വന്നിരിക്കുന്നു…ആരാണെങ്കിലും ഊട്ടുമത്രെ…പോടി എന്റെ മുൻപീന്നു…മേലാൽ എന്റെ കൺവെട്ടത്ത് കണ്ടുപോകരുത്..”

ശ്രീ മുഷ്ടി ചുരുട്ടി മതിലിലിടിച്ചു…

അവനു ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ചു വരുന്നുണ്ടായിരുന്നു…

അവൻ മതിലിൽ കൈ വെച്ചു ദൂരെ പുഴയിലേക്ക് നോക്കി നിന്നു…

കണ്ണു നിറഞ്ഞുവരുന്നുണ്ടായിരുന്നു…
അതിനെ കഴുകി കളയാനെന്നവണ്ണം അപ്രതീക്ഷമായി ഒരു മഴ ആർത്തലച്ചു എങ്ങു നിന്നോ വന്നെത്തി..

ആ മഴയിലും നനഞ്ഞു കുളിച്ചു ശ്രീ അവിടെ തന്നെ നിന്നു…

പൊള്ളിയ ഹൃദയത്തിന്റെ ചൂട് ശമിപ്പിക്കാനെന്ന വണ്ണം..

ഇടയ്ക്കെപ്പോഴോ മഴയൊന്നു തോർന്നപ്പോൾ ഇടനെഞ്ചിൽ കൂടു കൂട്ടിയ ആ സ്വപ്നം..ആ സ്വപ്നക്കൂട്…അതും അതോടൊപ്പം ഒലിച്ചു പോകുന്നതവൻ അറിയുന്നുണ്ടായിരുന്നു…ഇപ്പോൾ നെഞ്ചിനകം ശൂന്യമാണ്…അവിടുത്തെ വർണ്ണങ്ങൾ മഴയിൽ ഒഴുകി പോയിരിക്കുന്നു..അവിടമാകെ ഇരുട്ടിന്റെ നിറം പരക്കുന്നത് അവനറിഞ്ഞു…

വലതു കൈ എടുത്തു അവൻ നെഞ്ചോടു ചേർത്തു വെച്ചു…കുറച്ചു നേരം മതിലിൽ മുഖം ചേർത്തു താഴോട്ടു നോക്കി നിന്നു…

ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്നവണ്ണം കലി തുള്ളി ചവിട്ടിമെതിച്ചു നടന്നു നീങ്ങി ആ മഴയത്ത് ബുള്ളറ്റ് സ്റ്റാർട് ചെയ്തു വേഗത്തിൽ ഓടിച്ചു പോകുന്ന ശ്രീയെ ഇരുട്ടിന്റെ മറവിൽ നിന്നു നിറകണ്ണുകളോടെ സേതു കാണുന്നുണ്ടായിരുന്നു…

വീട്ടിൽ ചെന്നുടനെ വിച്ചുവെട്ടനെ വിളിച്ചു…എത്രയും വേഗം തനിക്കും കുവൈറ്റിലേക്ക് വരണം എന്നു പറഞ്ഞു..

വിച്ചു പറഞ്ഞതനുസരിച്ചു പിറ്റേദിവസം തന്നെ സര്ടിഫിക്കറ്റ്‌സ് ഒക്കെ മെയിൽ ചെയ്തു..

പേപ്പേഴ്‌സ് ഒക്കെ ശെരിയാക്കാം എന്നു വിച്ചുവും പറഞ്ഞു..

എല്ലാം കഴിഞ്ഞാണ് അമ്മയോട് പറഞ്ഞത്…

പതിവുപോലെ കരച്ചിലും പിഴിച്ചിലും…

“എന്റമ്മേ..ഞാൻ നാളെ തന്നെയൊന്നും പോകുന്നില്ലല്ലോ…സമയമെടുക്കും…വിച്ചുവെട്ടൻ എല്ലാം ശെരിയാക്കട്ടെ…”

പാത്തൂന്റെ നിക്കാഹ് ദിവസം..

ശ്രീയുടെ വീട്ടിൽ നിന്ന് എല്ലാവരും ഉണ്ടായിരുന്നു…

വിദ്യചേച്ചിയെയും ഫൈസി വിളിച്ചിട്ടുണ്ടായിരുന്നു…
വിദ്യയും നന്ദമോളും കൂടി വന്നിട്ടുണ്ടായിരുന്നു…

ശ്രീ എന്തൊക്കെയോ പണിതിരക്കിലായിരുന്നു…

തന്റെ പരിസരത്തു കൂടി നടന്നു പോയ സേതുവിനെ അവൻ നോക്കിയതെയില്ല…

ഇടക്ക് നോക്കുമ്പോഴൊക്കെ ആ മുഖം വല്ലാതെ മുറുകിയിരിക്കുന്നത് അവളും കണ്ടു..

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വിദ്യയും,ലച്ചുവും, നന്ദമോളും കൂടിയാണിരുന്നത്..ലച്ചുവിന്റെ മടിയിലായിരുന്നു നന്ദമോൾ..

സീറ്റ്‌ കിട്ടാതെ നിന്ന സേതുവും സുകു മോളും കൂടി അവരുടെ അടുത്ത് രണ്ടു സീറ്റ് കിടക്കുന്ന കണ്ടു അവിടെ ചെന്നിരുന്നു…

തന്റെ അടുത്തു വന്നിരുന്ന ചേച്ചിയെ നന്ദമോൾ ഒന്നു നോക്കി…എന്നിട്ടു പരിചയഭാവത്തിൽ ഒരു ചിരി ചിരിച്ചു..അവളുടെ കവിളിൽ തോണ്ടി..

സേതു അവളുടെ കൈ പിടിച്ചു കുലുക്കി..

നന്ദമോൾ കുലുങ്ങിച്ചിരിച്ചു…

ബിരിയാണി വിളമ്പിക്കൊണ്ടു ശ്രീ വരുന്നുണ്ടായിരുന്നു…

അവൻ അടുത്തു വന്നതും നന്ദമോൾ ആർത്തു ചിരിച്ചു…

“എടാ മാമാ..ദേ നിന്റെ മഞ്ച് കൊതിച്ചി…ദേ നോച്ചടാ മാമാ”അവൾ സേതുവിനെ കാട്ടി കൈകൊട്ടി ചിരിച്ചു..

ശ്രീ വിയർത്തുപോയി..

അവൻ വളിച്ച ഒരു ചിരിയോടെ ഇടംകണ്ണിട്ട് ലച്ചുവിനെയും വിദ്യ ചേച്ചിയെയും നോക്കി…

വിദ്യ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു..ലച്ചു അവനെ നോക്കി വീട്ടിലോട്ടു വാ കാണിച്ചു തരാം.. എന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചു…

അവൻ വേഗം അവിടുന്നു പോയിക്കളഞ്ഞു…സേതുവിനെ നോക്കുക കൂടി ചെയ്തില്ല…

സേതു ചമ്മി കുനിഞ്ഞിരിക്കുകയായിരുന്നു..

നന്ദമോൾ അവളെ തോണ്ടി..

അവൾ നന്ദമോളെ നോക്കി ചെറുതായി ഒന്നു ചിരിച്ചു…

അതോടൊപ്പം തന്നെ ലചുവും സേതുവിനെ ഒന്നു നോക്കി..

ലച്ചു നന്ദമോളോട് പതിയെ ചോദിച്ചു..

“ആരാടാ..നന്ദൂട്ടാ..ഇത്..”?

“അതോ…അത് മാമന്റെ ചൂട്ടുകാരി..മഞ്ച് കൊതിച്ചിയാ..മാമൻ മഞ്ച് വാഞ്‌ച്ചു തരുമല്ലോ..എനിച്ചും ഇവക്കും…”

ലച്ചുവിന് ചിരി വന്നു…അവൾ സേതുവിനെ നോക്കി…

സേതു ഒരു ചമ്മിയ ചിരി ചിരിച്ചു ലച്ചുവിനെ നോക്കി..

കുറച്ചകലെ മാറി നിന്നു ശ്രീ അങ്ങോട്ടു നോക്കി…

നന്ദമോൾ ബഹളം വെച്ചതിനെ തുടർന്ന് അമ്മ നന്ദമോളേയും എടുത്തു സേതു ഇരിക്കുന്ന സീറ്റിന്റെ പുറകിൽ നിൽക്കുന്നു…

ലച്ചു ഇടക്കിടെ അവൾക്കു വാരിക്കൊടുക്കുന്നുണ്ട്…

നന്ദമോൾ ഇടക്ക് സേതുവിന്റെ നീണ്ടമുടിയിൽ പിടിച്ചു വലിക്കുന്നു..

അമ്മ അവളുടെ കൈ വിടുവിച്ചു ആ മുടി ഒതുക്കി വെച്ചു കൊടുക്കുന്നു…

അവൾ പുഞ്ചിരിയോടെ അമ്മയെ തിരിഞ്ഞു നോക്കി കുഴപ്പമില്ല എന്നു പറയുന്നു…

അമ്മയോടും പെങ്ങാമ്മാരോടും ഒരുമിച്ചു അവളെ കണ്ടപ്പോൾ ശ്രീയുടെ ഇടനെഞ്ചിൽ വീണ്ടും ഒരു നീറ്റൽ അനുഭവപ്പെട്ടു..

അവൻ അവളെ ആകെയൊന്നു നോക്കി…

ദാവണി മാറ്റി സാരിയാണ് വേഷം…
ആ ഇടതൂർന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുകയാണ്…
നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ട്..
അതിനും മേലെ മഞ്ഞൾക്കുറി…
കഴുത്തിൽ നേർത്ത ഒരു സ്വർണ്ണമാല..
കയ്യിൽ ഒരു സ്വർണ്ണവളയ്ക്ക് ഇരുവശവും സാരിയുടെ നിറത്തിലെ ഈരണ്ടു കല്ലുവെച്ച വളകൾ…
ഇടതുമൂക്കിന്റെ വശത്തുള്ള ആ മറുക് അവൾക്കു അഴക് കൂട്ടുന്നുണ്ട്….

പെട്ടെന്ന് എന്തോ ഓർത്തി ട്ടെന്നപോലെ അവൻ നോട്ടം മാറ്റി..

ശിവശങ്കർ!!!!..”ആ പേര് ആരോ തന്റെ ചുറ്റും നിന്നു ഉച്ചത്തിൽ വിളിച്ചു പറയുന്ന പോലെ അവനു തോന്നി…

💥💥💥💥💥💥💥💥💥💥💥💥💥

ശിവരാത്രി നാൾ വന്നെത്തി..

മഹാദേവന്റെ അമ്പലത്തിൽ ഉത്സവവും അതാണ്…

വൈകിട്ട് ദീപാരാധന തൊഴുതു ശ്രീ വെളിയിലിറങ്ങി…

ഫൈസിയും ഡേവിച്ചനും വെളിയിൽ നിൽപ്പുണ്ട്…

ഷർട്ടിട്ടു കൊണ്ട് ശ്രീ അവരുടെ അടുത്തേക്ക് വന്നു…

മൂവരും കൂടി ആൽത്തറക്കടുത്തുള്ള ഒരു അരമതിലിൽ കയറിയിരുന്നു…

ഇരുട്ടായി തുടങ്ങുന്നു…

അത്യാവശ്യം നല്ല തിരക്കുണ്ട് അമ്പലത്തിൽ…രാത്രി പരിപാടിയൊക്കെ ഉള്ളതിനാൽ സ്റ്റെജൊക്കെ കെട്ടിയിട്ടുണ്ട്…

പെട്ടെന്നാണ് ശ്രീ അത് കണ്ടത്..

സേതു ഒരാളുടെ ഒപ്പം അമ്പല പടവുകൾ കയറി പോകുന്നു…

തിരിഞ്ഞു നടന്നു പോകുന്നതിനാൽ അയാളുടെ മുഖം കാണാൻ വയ്യ..

മുണ്ടും ഷർട്ടും ആണ് വേഷം…

ഇടക്കെപ്പോഴോ പടവിൽ ആൾക്കാർ തിങ്ങിയപ്പോൾ അവൻ അവളുടെ കൈ തന്റെ കൈക്കുള്ളിൽ തെരുപ്പിടിക്കുന്നത് ശ്രീ കണ്ടു…

അവൻ ദൂരേക്ക് നോക്കിയിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടു പേരും കൂടി ഒരു കടയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു….എന്തോ വാങ്ങുന്നു…

“ഫൈസി…വാടാ…ഒരു പുകയെടുക്കാം..”ശ്രീ അരമതിലിൽ നിന്നു ചാടിയിറങ്ങി…

“ഡാ.. അച്ഛനില്ലേ അമ്പലത്തിൽ…”ഫൈസി ചോദിച്ചു..

“സാരമില്ല… ഒതുങ്ങി നിൽക്കാം…”

സിഗരറ്റ് വാങ്ങി കടയുടെ പിന്നിലേക്ക് പോയി മൂവരും…

അവിടെ ഒരാൾ നിന്നു സിഗരറ്റ് വലിക്കുന്നു…

ശ്രീയെ കണ്ടു അവൻ തല തിരിച്ചു നോക്കി…

“തീപ്പെട്ടി വേണോ…”അവൻ വെട്ടത്തെക്കു മുഖം മാറ്റിക്കൊണ്ട് ചോദിച്ചു…

“”സേതുവിന്റെ കൂടെ കണ്ട ആൾ””

അപ്പോഴേക്കും ഡേവിച്ചൻ ലൈറ്റർ കത്തിച്ചുകൊടുത്തിരുന്നു ശ്രീക്ക്…

“ഡാ ശിവാ…”ആരോ വിളിച്ചിട്ട് അവൻ അങ്ങോട്ടു പോയി..

ശ്രീ കണ്ടു..കുറച്ചു ദൂരെ ശിവശങ്കറിനായി കാത്തു നിൽക്കുന്ന സേതുവിനെ…

സേതുവും കണ്ടു വിഷാദം നിറഞ്ഞ കണ്ണുകളാൽ തന്നെയോന്നു പാളിനോക്കി ബുള്ളറ്റ് സ്റ്റാർട് ചെയ്തു നീങ്ങുന്ന ശ്രീയെ…

💥💥💥💥💥💥💥💥💥💥💥💥💥

രാവിലെ പാൽ സൊസൈറ്റിയിൽ കൊണ്ടു കൊടുക്കാനായി എഴുന്നേറ്റതാണ് ശ്രീ…

പുഴയിൽ കുളിച്ചു വന്നപ്പോൾ കണ്ടത് പാൽ ക്യാനുമായി സ്കൂട്ടർ സ്റ്റാർട് ചെയ്യുന്ന അച്ഛനെ ആണ്…

“ഞാൻ പോകാം അച്ഛാ..”അവൻ തല തുവർത്തിക്കൊണ്ടു പറഞ്ഞു…

“വേണ്ടെടാ…ഞാൻ പൊയ്ക്കോളാം..”സേതുമാധവൻ സ്കൂട്ടറിൽ കയറിപ്പോയി…

ശ്രീ അമ്മയുടെ കയ്യിൽ നിന്നും ഒരു ചായയും മേടിച്ചു കുടിച്ചു പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അച്ഛൻ തിരികെ വന്നത്…

വന്നതും മുൻവശത്തെ വരാന്തയിലേക്കിരുന്നു സേതുമാധവൻ…അദ്ദേഹം കിതക്കുന്നുണ്ടായിരുന്നു….

“എന്തുപറ്റി അച്ഛാ..”ശ്രീ വേഗം അടുത്തു വന്നിരുന്നു ചോദിച്ചു…

“ഒന്നൂല്ല…എന്തോ ക്ഷീണം പോലെ…”

ഉസ്കൂളിലേക്കു പോകാൻ വണ്ടി എടുക്കുന്ന അച്ഛനെ കണ്ടു ശ്രീ പറഞ്ഞു…

“ഞാൻ കൊണ്ടു ആക്കാം അച്ഛാ…”

അന്ന് മകന്റെ ഒപ്പമാണ് സേതുമാധവൻ ഉസ്കൂളിലേക്കു പോയത്….

തിരിച്ചു വരുന്ന വഴി ഫൈസിയേയും കൂട്ടി ഡേവിച്ചന്റെ വീട്ടിൽ പോയി ശ്രീ..

ഡേവിച്ചനോട് പുഴക്കരയിലേക്കു വരാൻ പറഞ്ഞു അവര് രണ്ടു പേരും കൂടി റോഡിനോട് ചേർന്നുള്ള പുഴയുടെ പടവിൽ ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഡേവിച്ചനും എത്തി…

എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദൂരെ നിന്ന് സേതു വരുന്നത് ഡേ വിച്ചൻ കണ്ടത്…

“ദേ വരുന്നെടാ..നിന്റെ കാന്താരി…”

ശ്രീ മുഖം തിരിച്ചിരുന്നു…

അടുത്തു വന്നതും അവൾ ചിരിയോടെ ഫൈസിയോട് ചോദിച്ചു…

“എന്താ ഫൈസിക്കാടെ കൂട്ടുകാരന്റെ മുഖത്തു കടന്നല് കുത്തിയോ…എന്തൊരു വീർക്കല്..”

ഫൈസി വെറുതെ ചിരിച്ചു…

അവൾ അല്പം കുനിഞ്ഞു ശ്രീയുടെ മുഖത്തിനു നേരെ മുഖം കൊണ്ടു വന്നു..

“ഈ ഭാവം ചേരുന്നില്ലാട്ടോ…എന്താ ബിടെക് ശ്രീയേട്ടൻ എന്തോ പോയ എന്തൊന്നിനെയോ പോലിരിക്കുന്നെ..??ഒന്നു ചിരിക്ക് മാഷേ…ഈ നിരാശകാമുകന്റെ ഭാവം ഒന്നു മാറ്റിപ്പിടി…”

ശ്രീയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

അവൻ ചാടി എഴുന്നേറ്റു അവളുടെ നേരെ വിരൽ ചൂണ്ടി…

“എന്റെ മുൻപിൽ വരരുത് എന്നു പറഞ്ഞതല്ലെടി നിന്നോട്…പൊയ്ക്കോണം…മേലാൽ കണ്ടുപോകരുത്..അവൾ ചളി അടിക്കാൻ വന്നിരിക്കുന്നു…ഇനി എന്റെ മേലെ കുതിരകയറാൻ വന്നാൽ ഈ പുഴയിൽ ഞാൻ മുക്കിതാഴ്ത്തും..ഒരുത്തനും ചോദിക്കാൻ വരില്ല കേട്ടോടി…നിന്റെ മറ്റവൻ പോലും..വന്നിരിക്കുന്നു ശവം ഇളിച്ചോണ്ടു…ക്ഷേമം അന്വേഷിക്കാൻ”

അവൻ വിറയ്ക്കുകയായിരുന്നു…

സേതു തറഞ്ഞു നിന്നുപോയി.. അവനിൽ നിന്നു അങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു…

എല്ലാവരും നോക്കി നിൽക്കെ കത്തുന്ന മിഴികളോടെ സേതുവിനെ നോക്കി കൊണ്ടു ശ്രീ ബുള്ളറ്റ് സ്റ്റാർട് ചെയ്തു പാഞ്ഞു…. ഫൈസിയുടെ പിൻവിളി കേൾക്കാതെ….

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

Share this story