ശ്രീയേട്ടൻ… B-Tech : PART 8

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ ഒരുപാട് നഷ്ടങ്ങൾ എഴുതിചേർത്തുകൊണ്ടു കുംഭമാസം അണഞ്ഞു തീർന്നു..
മീനച്ചൂടിനെയും വെല്ലുന്ന പൊള്ളുന്ന ഹൃദയവുമായി ശ്രീയുടെ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു..
വിച്ചുവെട്ടന്റെ വിളിക്കായി അവൻ കാത്തിരുന്നു..
ആ കാര്യം പറയുമ്പോഴൊക്കെ അമ്മയുടെ കണ്ണു നിറയും..
ആ വിങ്ങൽ ശ്രീക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..അമ്മയ്ക്കെപ്പോഴും ഈ മകനോട് ഇത്തിരി വാത്സല്യ കൂടുതൽ ഉണ്ട്…മുതിർന്നിട്ടും വിദ്യ ചേച്ചിയെക്കാളും ല ച്ചുവിനെക്കാളും ഒക്കെ അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് താനാണ്…
അങ്ങനെയിരുന്നപ്പോൾ വിച്ചുവെട്ടന്റെ വിളി വന്നു..മൂന്നാഴ്ചക്കുള്ളിൽ കയറിപോരാൻ റെഡി ആയിരിക്കണം..
പുഴക്കടവിൽ പോയി വെള്ളത്തിലേക്ക് കല്ലെറിഞ്ഞിരിക്കുമ്പോൾ ശ്രീ ഓർത്തു..
“ഇനി പ്രവാസ ജീവിതം..സത്യത്തിൽ ഈനാടുംപുഴയും,പുഴക്കരമഹാദേവനും,ഡേവിച്ചനും ഫൈസിയുമൊക്കെയില്ലാതെ ഒരു ജീവിതം അവനു സങ്കൽപ്പിക്കാനേ കഴിയുന്നില്ലായിരുന്നു…
ഇടയ്ക്കെപ്പോഴോ ജലാശയത്തിൽ തെളിഞ്ഞു വന്ന സേതുവിന്റെ മുഖം അവൻ കാൽ ജലത്തിലിട്ട് ഇളക്കി ഓളത്തിലൂടെ മായ്ച്ചു കളഞ്ഞു..”
താനുമൊരു പ്രവാസി ആകാൻ പോകുന്നു..ഒരു നഷ്ടം മറക്കാൻ വേറെ കുറെ നഷ്ടങ്ങളുടെ നടുവിലേക്ക്…
വീട്ടുകാരെ വിട്ട്,പാതി മെയ്യായിരുന്നവരെ വിട്ട്,ജീവന്റെ അംശമായ കുരുന്നുകളെ വിട്ട് ആ മണലാരണ്യത്തിൽ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ…കൂടുകൂട്ടാനുള്ള നാരുകൾ തേടിയെത്തുന്ന ഓരോ പ്രവാസിക്കുമുണ്ടാകും പറയാനൊരു നഷ്ടത്തിന്റെ കഥ..വിരഹവേദനയുടെ കഥ…ഉറ്റവരുടെയും ഉടയവരുടെയും പ്രിയസൗഹൃദങ്ങളുടെയും ഇടറിയ ശബ്ദങ്ങൾ മാത്രം കേട്ടു കൊണ്ടു ജീവിക്കുന്നതിന്റെ കഥ…ഒരു മരുഭൂമി ചൂടിനും അലിയിക്കാൻ കഴിയാത്തൊരു സങ്കടകഥ..
ഇതിനിടയിൽ രണ്ടു മൂന്നു തവണ മഹാദേവന്റെ അമ്പലത്തിലെ ആൽചുവട്ടിൽ ശ്രീ ശിവശങ്കറിനെ കണ്ടു…ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി…
കുറ്റിതലമുടിയും താടിയുമായി ചെറു ചുവപ്പു വീണ വലിയകണ്ണുകളോടെ പലപ്പോഴും അവൻ തന്നെ തുറിച്ചു നോക്കുന്നത് ശ്രീ കണ്ടില്ലെന്നു നടിച്ചു..
സേതു അമ്പലത്തിനകത്ത് വലത്തിട്ടു തൊഴുന്നത് അവൻ കാണാറുണ്ടായിരുന്നു…
ആ കണ്ണുകൾ തന്നെ തേടുന്നതറിഞ്ഞിട്ടും അവൻ വെറുപ്പിൽ മുഖം തിരിച്ചു നടന്നു..
സേതുവിനെ കാത്ത് ആണ് ശിവശങ്കർ അമ്പലപ്പടവിൽ നിൽക്കാറുള്ളത് എന്നവൻ മനസ്സിലാക്കിയിരുന്നു…
പിന്നെയും കണ്ടു ഒരു ദിവസം ടൗണിലുള്ള ഒരു തുണിക്കടയിൽ നിന്നും രണ്ടു മൂന്നു കവറുകളുമായി ഇറങ്ങി വരുന്ന സേതുവിനെ..
അകത്തേക്ക് കയാറാനൊരുങ്ങിയ ശ്രീ അവളെ നോക്കാതെ അവിടെ നിന്നു..
അവൾ മറികടന്നു പോയപ്പോൾ അകത്തേക്ക് കയറിയ അവൻ കണ്ടു ക്യാഷ് കൗണ്ടറിൽ നിന്നു ബില്ല് അടക്കുന്ന ശിവശങ്കറിനെ…
രണ്ടാഴ്ചകൾക്കു ശേഷമുള്ള ഒരു വൈകുന്നേരം…
അമ്മയും മകനും കൂടിയിരുന്നു ഉച്ചയൂണ് കഴിച്ചതിനു ശേഷം വിശ്രമിക്കുകയായിരുന്നു…
അടുക്കളക്കു പുറത്തെ വരാന്തയുടെ അരഭിത്തിയിൽ കാൽനീട്ടിവെച്ച് ഇരിക്കുകയാണ് ശ്രീ…സുമംഗല അവന്റെ കാലിൽ തഴുകി കൊണ്ടു തൂണിൽ ചാരി ഇരിക്കുന്നു…
അവർ അവന്റെ നഗ്നമായ കഴുത്തിലേക്കു നോക്കി പറഞ്ഞു…
“എന്നാലും ആ മാലയെക്കുറിച്ച് ഒരറിവും കിട്ടിയില്ലല്ലോ മോനേ… നീ അന്വേഷിച്ചായിരുന്നോ..?”
ശ്രീ പെട്ടെന്ന് തന്റെ കഴുത്തിൽ തടവിക്കൊണ്ടു പറഞ്ഞു..
“അതു കിട്ടിയാരുന്നമ്മേ..ഡേവിച്ചന്റെ വീട്ടിലുണ്ടായിരുന്നു…അവൻ വിളിച്ചു തന്നായിരുന്നു..അതു ഞാൻ മറന്നുപോയി അമ്മയോട് പറയാൻ”
“ഓഹ്…മഹാദേവ…കാത്തു..അച്ഛനോട് എങ്ങനെ പറയും എന്നു കരുതി ഇരിക്കുവായിരുന്നു..നീ മഹാദേവന് ഒരു എരിക്കിന് മാല ചാർത്തിയെക്കു കേട്ടോ..”എന്നിട്ടെന്താടാ ഇടാതെ നടക്കുന്നെ..?
“അതു പൊട്ടിക്കിടക്കുവാമ്മേ..”
“വൈകിട്ട് പുറത്തേക്കിറങ്ങുമ്പോൾ ആ വേലുതട്ടാന്റെ അടുത്തു കൊണ്ടു ചെന്നു വിളക്കിക്ക്…ഇന്നേവരെ കഴുത്തൊഴിഞ്ഞു ഞാൻ നടത്തിച്ചിട്ടില്ല…”സുമംഗല എഴുന്നേറ്റു അകത്തേക്ക് പോയി..
ശ്രീ മുറിയിലേക്ക് ചെന്നു…
മേശവലിപ്പുതുറന്നുമാലയെടുത്തു..അന്ന് ഗീതേച്ചി തന്നപടി ഇട്ടിരിക്കുകയാണ്…അവൻ ആ മാലയെടുത്തു നോക്കി…
അവളുമായി അടുത്തു നിന്ന ആ രാത്രി അവന്റെ ഓർമയിലേക്കു വന്നു…കാച്ചെണ്ണയുടെ ഗന്ധം തട്ടിയെന്ന വണ്ണം അവൻ കണ്ണോന്നടച്ചു മൂക്കുകൾ വിടർത്തി…ശ്വാസം അകത്തേക്കെടുത്തു…
★★★ഇപ്പൊഴുമുണ്ട്… ആ മനം മയക്കുന്ന ഗന്ധം….★★★
പെട്ടെന്നാണ് അവൻ മാലയിലേക്കു സൂക്ഷിച്ചു നോക്കിയത്…”ഇതിൽ കിടന്ന ലോക്കറ്റ് എവിടെപ്പോയി..”?
അവൻ മേശ മുഴുവൻ അരിച്ചു പെറുക്കി…പക്ഷെ ലോക്കറ്റ് കിട്ടിയില്ല..
വൈകിട്ട് പുറത്തേക്കിറങ്ങാൻ നേരം അമ്മ ഓർമിപ്പിച്ചു മാലയുടെ കാര്യം..
മാലയും എടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ഗീതേച്ചി PHC യിൽ നിന്നും വരുന്ന കണ്ടു…
ഗീതേച്ചിയോട് ലോക്കറ്റിന്റെ കാര്യം ചോദിച്ചെങ്കിലും ഇതു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഗീതേച്ചി തറപ്പിച്ചു പറഞ്ഞു..
“എനിക്കോർമയുണ്ട് ശ്രീ നിന്റെ മാലയിലെ ആ ലോക്കറ്റ്…പക്ഷെ എന്റെ കയ്യിൽ കിട്ടിയത് ഇതു മാത്രമേയുള്ളൂ..ചിലപ്പോൾ പോയി കാണുമായിരിക്കുമല്ലേ..നമുക്ക് അവളോട് ചോദിച്ചാലോ..”?
“അവൾ തന്നെ നഷ്ടപ്പെട്ടുപോയി…പിന്നെയാ ലോക്കറ്റ്…പോട്ടെ ഗീതേച്ചി…വിട്ടു കള”…ശ്രീ പകുതി കളിയായും പകുതി കാര്യമായും ചിരിയോടെ പറഞ്ഞു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഡേവിച്ചനും ഫൈസിയുമായ് പാലത്തിൽ നിൽക്കുമ്പോൾ ദൂരെ ഒരു പൊട്ടു പോലെ അച്ഛൻ നടന്നുവരുന്നത് ശ്രീ കണ്ടു…
പാടത്തു പോകണ്ടാത്ത ദിവസം ഒരു സായാഹ്നസവാരി ഉള്ളതാണ് അച്ഛന്..കൂട്ടിനു ബാലൻ മാഷും ഉണ്ടാവും…
” എടാ..ശ്രീ..അവളുടെ കൂടെ ഒരുത്തനെ ഇപ്പൊ സ്ഥിരം കാണാറുണ്ടല്ലോ അതാരാ..”ഡേവിച്ചന്റെ ചോദ്യമാണ് ശ്രീയെ ഓർമയിൽ നിന്നുണർത്തിയത്..
“അവളുടെ മുറച്ചേറുക്കൻ..”അവർ തമ്മിൽ ഇഷ്ടത്തിലാണ്…
ഫൈസി അതു കേട്ടു അവന്റെ മുഖത്തേക്ക് നോക്കി…
“എന്നവൾ പറഞ്ഞോ..?അതോ നീ ഊഹിച്ചോ..”?ഫൈസി ചോദിച്ചു..
“പറഞ്ഞു…”
“അപ്പൊ നീ അന്ന് പറഞ്ഞതോ..അവൾക്കിഷ്ടമാണെന്നു നിനക്ക് ഉറപ്പാണെന്നു…”
“മ്മ്ഹ്….ഒരു തിരിനാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ…ആ നറു വെളിച്ചം അവൾക്കു വേണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അത് മെല്ലെമെല്ലെ അണച്ചു കളഞ്ഞേനെ…ഇതിപ്പോ നല്ല എണ്ണയൊഴിച്ചു അവൾ കത്തിച്ചു തന്നിട്ട്..അവൾ തന്നെ ഊതിക്കെടുത്തി…”
“അവനാണെങ്കിൽ എന്നെക്കാണുമ്പോൾ കലിപ്പിച്ചുള്ളൊരു നോട്ടവും…”
ശ്രീ ദൂരേക്ക് നോക്കി പറഞ്ഞു…
“അതെന്തിനാ..അവനറിയോ അവളെ നിനക്കിഷ്ടമാണെന്നു…”
“ആ…ആർക്കറിയാം എന്താ പറഞ്ഞുകൊടുത്തിരിക്കുന്നതെന്നു…ഇതിനി നിർത്തിയെക്കു ഫൈസി…നമുക്കീ വിഷയം ഇനി ഒരിക്കലും സംസാരിക്കണ്ട…നമുക്ക് നമ്മൾ മൂന്നുപേരും മതി…ഡേവിച്ചൻ പണ്ട് പറഞ്ഞ പോലെ…”ശ്രീ സംസാരിച്ചവസാനിപ്പിച്ചു…
ആ സമയം സേതു പടിഞ്ഞാറേക്കരയിൽ നിന്നും പാലം കയറി വരുന്നുണ്ടായിരുന്നു…ശിവശങ്കർ കിഴക്കേകരയിൽ നിന്നും…
പാലത്തിന്റെ ഒത്തനടുക്കാണ് ശ്രീയും കൂട്ടുകാരും നിൽക്കുന്നത്…
സേതു അവരെ മറികടന്നു രണ്ടുമൂന്നു ചുവടു മുന്നിലേക്ക് പോയി..
ശിവശങ്കർ സേതുവിന്റെ തൊട്ടടുത്തെത്തി….
ആ സമയം തന്നെയാണ് കിഴക്കെ കരയിൽ നിന്നു പാലം കയറി സൈക്കിൾ ചവിട്ടി അപ്പൂട്ടനും എത്തിയത്…
ആരാണ് അടുത്തു നിൽക്കുന്നത് എന്നു ശ്രെദ്ധിക്കാതെ അപ്പൂട്ടൻ പറഞ്ഞു…
“ദേ നിൽക്കുന്നു സേതുവേച്ചീ…കറുത്ത ഷർട്ടും ഇട്ടോണ്ട്.. ചേച്ചിയെ കേറിപ്പിടിച്ചവൻ…”
സേതുവിന്റെ കണ്ണുകൾ ഭയം കൊണ്ടു ചുവന്നു..
ക്രോധത്തോടെ മീശ പിരിച്ചു മുന്നോട്ടാഞ്ഞ ശിവശങ്കറിന്റെ കയ്യിൽ കയറി പിടിച്ചു അവൾ…
“വേണ്ട ശിവേട്ട..വേണ്ട ശിവേട്ട…”
ആ ശബ്ദ്ദം കെട്ടുകൊണ്ടാണ് കൂട്ടുകാർ മൂവരും തിരിഞ്ഞു നോക്കിയത്…
അപ്പൂട്ടനും അബദ്ധം പറ്റിയ പോലെ വിരൽ കടിച്ചു നിൽക്കുകയായിരുന്നു…
എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കുന്നതിന് മുൻപേ ശ്രീയുടെ നെഞ്ചിൽ ശിവശങ്കർ ആഞ്ഞുചവിട്ടിയിരുന്നു…
വേച്ചു വീഴാൻ പോയ ശ്രീയെ ഡേ വിച്ചൻ കയറി പിടിച്ചെങ്കിലും ബാലൻസ് തെറ്റി രണ്ടുപേരും കൂടി താഴെ വീണു..
അവിടുന്നു എഴുന്നേൽക്കുന്നതിനു മുൻപേ അവന്റെ അടുത്ത ചവിട്ടും ശ്രീക്കു കിട്ടിയിരുന്നു..
ഡേവിച്ചൻ എഴുന്നേറ്റു ഫൈസിയുമാ യി ചേർന്നു ശിവനെ പിടിച്ചു മാറ്റി..അവൻ കുതറിക്കൊണ്ടിരുന്നു..ഡേവിച്ചന്റെയും ഫൈസിയുടെയും കൈകൾക്കുള്ളിൽ അവൻ നിൽക്കുന്നില്ലായിരുന്നു..അത്രക്ക് തണ്ടും വീറുമായിരുന്നു..
ആ ഗ്യാപ്പിൽ ശ്രീ ചാടി എഴുന്നേറ്റു..
അപ്പോഴേക്കും അവൻ വീണ്ടും വന്നു ശ്രീയെ ഉരുട്ടിപ്പിടിച്ചു…
“നീ എന്റെ പെണ്ണിനെ കേറിപ്പിടിക്കും അല്ലെടാ…”
അവന്റെ ഉരുട്ടിപ്പിടുത്തം തടയുന്നതിനിടയിൽ രണ്ടുപേരും മറിഞ്ഞുവീണു കിഴക്കെ കരയിലേക്കുള്ള പാലത്തിന്റെ പടികളിലൂടെ ഉരുണ്ടുരുണ്ടു റോഡിൽ പോയി വീണു…
അവിടുന്നു ചാടി എഴുന്നേറ്റ രണ്ടുപേരും നേർക്കുനേർ നിന്നു ഒരു നിമിഷത്തേക്ക്…
“വേണ്ട ശിവേട്ട..”എന്നു പറഞ്ഞു സേതു കരഞ്ഞുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു…
പുറകെ ആവലാതിയോടെ ഫൈസിയും ഡേവിച്ചനും…
ശിവൻ ഓടി വന്നു ശ്രീയെ തള്ളിക്കൊണ്ട് സമീപത്തെ വലിയ വാകമരത്തിൽ ചേർത്തു നിർത്തി..ഒരു കൈ കൊണ്ടു ശക്തമായി അവനെ തടഞ്ഞു വെച്ചിട്ട് അരയിൽ നിന്നു കത്തിയൂരി കയ്യിലെടുത്തു..
തന്റെ ചുവന്നകണ്ണുകളിൽ ക്രൂരമായ ഒരു ചിരി വരുത്തി അവൻ ശ്രീയുടെ നേരെ കത്തി വീശി…
“തൊട്ടുപോകരുത്..ശ്രീയേട്ടനെ..”
പെട്ടെന്നാണ് എങ്ങു നിന്നോ കിട്ടിയ ഒരു ഉൾശക്തിയിൽ സേതു ശ്രീയുടെ മുന്നിൽ കയറി കൈവരിച്ചു നിന്നത്…
ഒന്നു പതറിയ ശിവൻ കൈകൾ മാറ്റിയെങ്കിലും സേതുവിന്റെ കഴുത്തിൽ ഒരു പൂളൽ വീഴ്ത്തിക്കൊണ്ടു കത്തി വീശിപ്പോയി…
മാറിനിൽക്കേടി..ശിവൻ പുറം കൈ കൊണ്ട് അവളെ തട്ടിയേറിഞ്ഞു…
ആ ഒരു നിമിഷം മതിയായിരുന്നു ശ്രീക്ക്…അവൻ ശിവന്റെ കൈ പിടിച്ചു തിരിച്ചു മരത്തിലേക്ക് ചേർത്തു നിർത്തി…കത്തി കൈക്കലാക്കി..
ശ്രീ കത്തി ശിവന്റെ കഴുത്തിൽ വെച്ചു..
“ആരോടാ..മോനെ.. നിന്റെ രണ്ടും കെട്ട കളി…ചീന്തിക്കളയും ഞാൻ…നിനക്കറിയോടാ ഞാനാരാണെന്നു…പോയി തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിങ് കോളേജ് കയറി നിരങ്ങുന്ന രാഷ്ട്രീയ ഗുണ്ടകളോട് ചോദിച്ചു നോക്ക്… ശ്രീഹരി മാധവൻ ആരാണെന്നു…വെറുതേയിരിക്കുന്നവന്റെ നെഞ്ചത്തു കയറാൻ ശ്രീ പോകാറില്ല…പക്ഷെ..ചൊറിയാൻ വന്നാൽ.. …മാന്തിപൊട്ടിച്ചു ചോര കിനിച്ചിട്ടെ ശ്രീ തിരികെ അയയ്ക്കൂ..”
“”””ശ്രീ…”””
ആ ശബ്ദം കേട്ടതും അവന്റെ ശിവന്റെ മേലുള്ള പിടി അയഞ്ഞു..
അവൻ തിരിഞ്ഞു നോക്കി…
അച്ഛനും..ബാലൻമാഷും…
ബാലൻ മാഷ് ഓടി ശ്രീക്ക് അരികിൽ വന്നു…
“എന്തുവാ ശ്രീ…കണ്ട റൗഡികളുമായി…”അദ്ദേഹം ശ്രീയുടെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി പുഴയിലേക്കെറിഞ്ഞു…
“നിന്നോട് പറഞ്ഞിട്ടില്ലേ ശിവാ..ഈ കരയിൽ വരരുതെന്ന്…”ബാലൻ മാഷ് ശിവനോട് ചോദിച്ചു..
“ഞാൻ പോയേക്കാം…പക്ഷെ ശിവൻ തിരിച്ചു വരും…എനിക്ക് നിങ്ങൾ കുറച്ചുപേർ ചേർന്നു ഒരു വാക്ക് തന്നിട്ടുണ്ടായിരുന്നു മുൻപ്…അതിനു ചില മാറ്റങ്ങൾ വന്നു തുടങ്ങി എന്നറിഞ്ഞു വന്നതാ..മാറ്റം വന്നാൽ..
ശിവൻ ആരാണെന്ന് എല്ലാവരും അറിയും..”
ശിവൻ മുണ്ടോന്നഴിച്ചിട്ട് വീണ്ടും മടക്കി കുത്തി…
“ഹാ….”ഒരു നിലവിളി കേട്ട്ശ്രീയും ബാലൻ മാഷും തിരിഞ്ഞു നോക്കി..
കൈ നെഞ്ചിൽ അമർത്തിപ്പിടിച്ചു സേതുമാധവൻ കുഴഞ്ഞു താഴേക്കു വീണിരുന്നു അപ്പോൾ…
ഓടിച്ചെന്നു ആ ദേഹം താങ്ങി അടുത്തു കിടന്ന ഓട്ടോയിലേക്കു കിടത്തി കൊണ്ടു ശ്രീ അലറി..
“ഫൈസി..വണ്ടിയെടുക്കേടാ..”
ആരുടെ ഓട്ടോയാണെന്നു പോലും നോക്കാതെ ഓടി വന്നു വണ്ടിയെടുത്ത ഫൈസിയുടെ അരികിൽ ഡേ വിച്ചനുമുണ്ടായിരുന്നു…
മുറിവിൽ നിന്നു വാർന്നോഴുകുന്ന ചോരയുമായി നിന്ന സേതുവിനെ ചേർത്തു പിടിച്ചു കൊണ്ട് ബാലൻ മാഷ് ഓട്ടോയ്ക്ക് അരികിലേക്കു നടന്നെത്തിയപ്പോൾ ഓട്ടോ അതിവേഗത്തിൽ നീങ്ങിക്കഴിഞ്ഞിരുന്നു…..
തുടരും….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…