ശ്രീയേട്ടൻ… B-Tech : PART 9

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
പുറകെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു ബാലൻ മാഷ് സേതുവുമായി അതിനുള്ളിലേക്കു കയറി..
ആരോ പറഞ്ഞു കാര്യങ്ങൾ അറിഞ്ഞ ശ്രീധരേട്ടനും ഓടി വന്നു ഓട്ടോയിലേക്കു കയറി…
സേതുവിന്റെ കഴുത്തിൽ നിന്നു ചോര ഒഴുകുന്നത് കണ്ടു ശ്രീധരേട്ടൻ തോളിൽ കിടന്ന തോർത്തെടുത്തു ആ മുറിവിലേക്കു അമർത്തിപ്പിടിച്ചു..
ഫൈസി ഓടിച്ച ഓട്ടോ സേതുമാധവനുമായി ടൗണിലെ പ്രശസ്തമായ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്നു നിന്നു..
ഓട്ടോയുടെ വരവുകണ്ടാവണ്ം സെക്യൂരിറ്റി ജീവനക്കാരും അറ്റൻഡർമാരും സ്‌ട്രേചറുമായി ഓടി വന്നു…
വേഗം തന്നെ സേതുമാധവനെ അതിലെടുത്തു കിടത്തി അത്യാഹിതത്തിലേക്കു കയറ്റി…
അദ്ദേഹത്തിന്റെ അവസ്ഥ മോശമായിതുടങ്ങിയിരുന്നു…ശരീരമാകെ വെട്ടിവിയർത്തു കണ്ണുകൾ മുകളിലേക്കു മറിഞ്ഞുതുടങ്ങി..
പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ വിളിച്ചു പറഞ്ഞു..
“കമോൻ..ഫാസ്റ്..മൂഫ് ടു ICU..”
പെട്ടെന്ന് തന്നെ അദ്ദേഹത്തെ ICU വിലെക്ക് മാറ്റി..
രണ്ടാം നിലയിലെ ICU വിന്റെ ചില്ലിട്ട വാതിലിനു മുന്നിൽ ശ്രീ വിറങ്ങലിച്ചു നിന്നു…
എപ്പോഴോ ഫൈസി അവനെ പിടിച്ചു അടുത്തുള്ള ചെയർസീരീസിൽ ഒരെണ്ണത്തിൽ ഇരുത്തി..ഇരുവശത്തും കൂട്ടുകാർ രണ്ടുപേരും ഇരുന്നു…
ഇതിനിടയിൽ ഡോക്ടർ വന്നു 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാൻ പറ്റൂന്നു ശ്രീയുടെ തോളിൽ തട്ടിപറഞ്ഞു…
ശ്രീ ഫൈസിയുടെ തോളിൽ ചാരിക്കിടന്നു…ഫൈസി ഒരു കൈകൊണ്ട് അവനെ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു..
ശ്രീ ഒരു സ്വപ്നം കാണുകയായിരുന്നു…
°°°°അച്ഛൻ നടന്നു പോകുന്നു… ഇപ്പോഴത്തെ അച്ഛന്റെ രൂപമല്ല.. തനിക്കു ആറോ ഏഴോ വയസ്സുള്ളപ്പോൾ ഉള്ള അച്ഛൻ…ഇരുട്ടിലൂടെയാണ് അച്ഛൻ നടക്കുന്നത്…കൊച്ചു ശ്രീ കുറെ പുറകിൽ നിന്നും അച്ഛനെ വിളിക്കുന്നു..
അച്ഛൻ തിരിഞ്ഞു നിന്നു പൊയ്ക്കോ..വരണ്ടാ..എന്നു ആംഗ്യം കാണിക്കുന്നു…താനത് കേൾക്കാതെ അച്ഛന്റെ അടുത്ത് എത്താനായി ഓ ടുന്നു…അടുത്തെത്തിയപ്പോഴേക്കും അച്ഛൻ നിലവിളിയോടെ ഒരു ഗർത്തത്തിലേക്കു താഴ്ന്നു പോകുന്നു…°°°°°°
“അച്ഛാ…”ഒരു ഞെട്ടലോടെ ശ്രീ മുഖംപിടച്ചെഴുന്നേറ്റു..
ഫൈസി അവനെ ചേർത്തുപിടിച്ചു..’ധൈര്യമായിരിക്കു ശ്രീ..”അവൻ പറഞ്ഞു…
“എടാ..അമ്മയെ അറിയിക്കണ്ടേ..”?ഇന്ന് തിരികെ ചെല്ലാൻ പറ്റില്ലല്ലോ…
ശ്രീ ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു…അമ്മയുടെയും ല ച്ചുവിന്റെയും ഒപ്പമുണ്ടാവണമെന്നും അമ്മയോട് ചെറിയൊരു തലകറക്കം പോലെ തോന്നി കൊണ്ടുവന്നതാണെന്നു പറയണമെന്നും ശട്ടം കെട്ടി…
നന്ദേട്ടനെയും വിളിച്ചു പറഞ്ഞു…
ഇടക്ക് താഴേക്കു പോയ ഡേവിച്ചൻ തിരികെ വന്നപ്പോൾ ബാലൻ മാഷും സേതുവുമൊക്കെ അത്യാഹിതത്തിലുണ്ടെന്നു പറഞ്ഞു..
സേതുവിന്റെ കഴുത്തിൽ സ്റ്റിച്ചുണ്ട്…കുറച്ചുനേരം കൂടി കിടന്നതിന് ശേഷം അവർക്ക് തിരിച്ചുപോകാമെന്നു പറഞ്ഞത്രേ…
ഡ്യൂട്ടി മാറി രാത്രി പുതുതായി വന്ന നേഴ്‌സ് ശ്രീയെ കണ്ടു അടുത്തു വന്നു..
“ശ്രീഹരിയല്ലേ…എന്നെ മനസ്സിലായോ..”
അവൻ ആ നേഴ്സിനെ നോക്കി..കൂടെ പഠിച്ച നീലിമയുടെ ചേച്ചി മാലിനി…ചേച്ചിയുടെ കല്യാണത്തിന് അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്…ഇപ്പൊ ഓർക്കുന്നു…ചേച്ചിയെ ഈ ടൗണിലേക്കാണ് കല്യാണം കഴിച്ചുകൊണ്ടു വന്നത്..
“ആഹ്…മാലുചേച്ചി…”അവനെഴുന്നേറ്റു മലിനിയുടെ കരം കവർന്നു…
മാലിനി കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി…ശ്രീയുടെ നിർബന്ധം കാരണം അച്ഛനെ ജസ്റ്റ് ഒന്നു കാണാനുള്ള അനുവാദം കൊടുത്തു…
കുറെയേറെ വയറുകൾക്കും ടൂബുകൾക്കും നടുവിൽ തളർന്നു കിടക്കുന്ന അച്ഛനെ കണ്ടു അവന്റെ നിയന്ത്രണം വിട്ടു…
മാലിനി തന്നെ അവനെ പിടിച്ചു കൊണ്ട് വന്നു പുറത്ത് ഫൈസിയെ ഏൽപ്പിച്ചു…
ICU വിന്റെ ഡോറിൽ ചാരിനിന്നു കരഞ്ഞ ശ്രീയെ സമാധാനിപ്പിക്കാൻ ഫൈസിക്കും ഡേവിച്ചനും കഴിഞ്ഞില്ല..
ആരോ അലച്ചു വന്നു തന്റെ തോളിൽ വീണപ്പോഴാണ് ശ്രീ തലയുയർത്തിയത്..
“”വിദ്യചേച്ചി..””
അകലെ നിന്നു നന്ദേട്ടൻ മോളേയും എടുത്തു വേഗത്തിൽ നടന്നു വരുന്നുണ്ടായിരുന്നു…
“എന്തു പറ്റി ശ്രീക്കുട്ട…നമ്മുടെ അച്ഛന്..”വിദ്യ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു..
അവൻ വിദ്യയെ ചേർത്തുപിടിച്ചു ദൂരെക്കു നോക്കികൊണ്ടു പറഞ്ഞു…
“മകന്റെ കൊള്ളരുതായ്മ കണ്ടു നെഞ്ചു പൊട്ടി…തകർന്നു വീണു നമ്മുടെ അച്ഛൻ…”
ബാലന്മാഷിനും അച്ഛനും ഒപ്പം പടികൾ കയറി വന്ന സേതു അതു വ്യക്തമായി കേട്ടു…
അവൾ ഒരു പിടച്ചിലോടെ ആ മുഖത്ത് നോക്കി.
പക്‌ഷേ അവന്റെ ചുറ്റുവട്ടത്തിലോ ബോധമണ്ഡലത്തിലോ ഒന്നും തന്നെ അവൾ ഇല്ലായിരുന്നു..
ശ്രീധരേട്ടൻ അവന്റെ തോളിൽ കയ്യമർത്തി…
തിരിഞ്ഞു നോക്കിയ ശ്രീയോട് കൈകൂപ്പി നിറകണ്ണുകളോടെ പറഞ്ഞു..””മാപ്പ്”’…
കുറച്ചു നേരം ശ്രീയുമായും മറ്റും ഡാംസാരിച്ചു നിന്നതിനു ശേഷം അവർ പോകാനിറങ്ങി..
ഈ സമയം മുഴുവൻ സേതു കുറച്ചു ദൂരെ മാറി ഒരു ജനാലയ്ക്കരികിൽ ശ്രീയെ തന്നെ നോക്കി നിൽക്കുകയായിരുന്നു..
പക്ഷെ അറിയാതെ പോലും അവന്റെ ഒരു നോട്ടം അവളിലേക്ക് വന്നില്ല…
ഇടക്ക് ഫൈസിയും ഡേവിച്ചനും കൂടി അവളുടെ അടുത്തുപോയി മുറിവിന്റെ കാര്യമൊക്കെ ചോദിച്ചു..
ICU വിലെക്ക് വാങ്ങികൊടുക്കേണ്ട മരുന്നിന്റെ ചീട്ടുമായി ശ്രീ ഫാർമസിയിലേക്കു പോകാനിറങ്ങിയപ്പോൾ നന്ദമോൾക്കു അപ്പം മാമന്റെ കൂടെ പോണം..
അവളുടെ വഴക്കു കണ്ടു ശ്രീ അവളെയുമെടുത്ത് താഴേക്കിറങ്ങി…
ഫാർമസിയുടെ മുന്നിൽ ചെന്നു നിന്നപ്പോൾ ശ്രീധരേട്ടൻ നിന്നു സേതുവിനുള്ള മരുന്ന് വാങ്ങുന്നു…
തൊട്ടടുത്ത് സേതുവുമുണ്ട്…
സേതുവിനെ കണ്ടു നന്ദമോളുടെ മുഖം വിടർന്നു…”””ദേ…”” അവൾ ശ്രീയെ തോണ്ടി കൊണ്ടു സേതുവിന് നേരെ വിരൽ ചൂണ്ടി…
“മിണ്ടാതിരിക്ക്..”ശ്രീ അവളെ
ശാസിച്ചു..
അവൾ വീണ്ടും ശ്രീയുടെ മുഖം പിടിച്ചു സേതുവിന് നേരെ തിരിച്ചു..
ഒന്നു രണ്ടു വട്ടം അത് ആവർത്തിച്ചപ്പോൾ…”നിന്നോടല്ലേ മിണ്ടാതിരിക്കാൻ പറഞ്ഞത് “എന്നു പറഞ്ഞു കൊണ്ട് ശ്രീ അവളുടെ കുഞ്ഞുതുടയിൽ ഒരു അടി വെച്ചു കൊടുത്തു…
സേതു കണ്ണുകളടച്ചു കളഞ്ഞു..ആ അടി
അവളുടെ മുഖത്ത് കൊണ്ടപോലെയാണ് അവൾക്കു തോന്നിയത്…
വിതുമ്മിയ ചുണ്ടുകളോടെ നിറഞ്ഞ കുഞ്ഞികണ്ണുകളുമായി നന്ദമോൾ മാമന്റെ തോളിലേക്കു ചാഞ്ഞു കിടന്നു..
വാങ്ങിയ മരുന്നുകളുമായി ശ്രീ തിരികെ നടന്നു…ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ…
രണ്ടു ദിവസം കഴിഞ്ഞു സേതുമാധവനെ പോസ്റ്റ് ICU വിലെക്ക് മാറ്റി…
ആർക്കെങ്കിലും ഒരാൾക്ക് കൂടെ നിൽക്കാം…
രാത്രി നന്ദേട്ടൻ നിൽക്കും…രാവിലെ ശ്രീ പാലൊക്കെ സൊസൈറ്റിയിൽ കൊടുത്ത് ഭക്ഷണവുമായി അമ്മയോടൊപ്പം വരും…അമ്മ അച്ഛനൊപ്പം നിൽക്കും…അവൻ ആ ആശുപത്രി പരിസരത്തൊക്കെ കാണും..സന്ദർശകരെ ഒഴിവാക്കിയിരുന്നു…
മൂന്നു ദിവസം കൂടി കഴിഞ്ഞു റൂമിലേക്ക് മാറ്റി…
പ്രൈവറ്റ് ഹോസ്പിറ്റലിലെ ചികിത്സാചെലവ് പിടിച്ചുനിൽക്കാൻ പറ്റുന്നതിലും അധികമായിരുന്നു…
ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും പേപ്പേഴ്‌സ് ശരിയാവാൻ കാലതാമസമുണ്ടായിരുന്നു…
ഒരു ജോലി എന്ന അത്യന്താപേക്ഷിതമായ കാര്യം ശ്രീയുടെ മുന്നിൽ വന്നു നിന്നു പല്ലിളിച്ചു കാട്ടിക്കൊണ്ടിരുന്നു പലപ്പോഴും…
ഡിസ്ചാർജ് ആയാലും രണ്ടു മാസത്തോളം അച്ഛന് പരിപൂർണ റെസ്റ്റാണ് പറഞ്ഞിരിക്കുന്നത്..
നാളെ കഴിഞ്ഞു ശ്രീക്ക് കുവൈറ്റിലേക്ക് പോകേണ്ട ദിവസമാണ്…
അതിനെക്കുറിച്ചു അവൻ ചിന്തിക്കുന്ന പോലുമില്ലെന്നു സേതുമാധവന് തോന്നി…
അന്നാണ് ബാലൻ മാഷ് സേതുമാധവ നെ കാണാൻ വന്നത്…
സേതുമാധവൻ ബാലൻ മാഷിനോട് കുവൈറ്റിൽ പോകുന്ന കാര്യം ശ്രീയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു..
“ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ മാറി നിന്നാൽ ശരിയാവില്ല മാഷേ ..എല്ലാം ക്യാൻസൽ ചെയ്യാൻ ഞാൻ വിച്ചുവെട്ടനോട് എന്നേ വിളിച്ചു പറഞ്ഞു….പിന്നെ ജോലി…അതുടനെ വേണം…ഞാൻ ശ്രമിക്കുകയാണ്..”
അവനെ നിര്ബന്ധിച്ചിട്ടു കാര്യമില്ല എന്നു ബാലൻ മാഷിനും തോന്നി..പിന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല…
ഒരാഴ്ച കൂടി കഴിഞ്ഞു സേതുമാധവ നെ ഡിസ്ചാർജ് ചെയ്തു…
ലീവ് ആപ്ലിക്കേഷൻ ശ്രീ സ്കൂളിൽ കൊണ്ട് കൊടുക്കുകയും DEO ക്കു മെയിൽ ചെയ്യുകയും ചെയ്തു…
അദ്ദേഹം പരിപൂർണ്ണ വിശ്രമത്തിലായിരുന്നു…
ആയിടക്കാണ് PSC ,LD ക്ളർക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്…അതേതുടർന്നു എല്ലായിടത്തും കോച്ചിങ് ക്ലാസ്സുകൾ ഒക്കെ ആരംഭിച്ചിരുന്നു…
അന്ന് രാവിലെ പത്രം വായിക്കുമ്പോഴാണ് ശ്രീ ആ പരസ്യം കണ്ടത്…
“ടൗണിൽ പുതുതായി തുടങ്ങുന്ന ഇന്റലിജൻസ് ബാങ്ക് കോച്ചിങ് ആൻഡ് PSC കോച്ചിങ് സെന്ററിന് എല്ലാ വിഷയങ്ങൾക്കും യോഗ്യരായ അധ്യാപകരെ ആവശ്യമുണ്ട്…കോച്ചിങ് സെന്ററിന്റെ ഹെഡ്ഓഫീസ് കൊച്ചിയിലാണെങ്കിലും അവർക്ക് ഈ ടൗണിൽ ബ്രാഞ്ചുകൾ ഇല്ലാത്തതിനാൽ ഇവിടെ പുതിയതായി തുടങ്ങുകയാണ്…എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാനറിയുന്നവർക്ക് മുൻഗണനയും ആകർഷകമായഅധികശമ്പളവും…”
ഒന്നു വിളിച്ചു നോക്കാമെന്ന് ശ്രീ തീരുമാനിച്ചു…
അതിൽ കണ്ട നമ്പറിലേക്ക് വിളിക്കുമ്പോൾ അവന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു പുതുനാമ്പ് പൊട്ടി തളിർത്തിരുന്നു…
അടുത്തെവിടെയെങ്കിലും തന്നെ തനിക്കു പറ്റിയ നല്ലൊരു ജോലി കിട്ടുന്ന വരെ പിടിച്ചു നിൽക്കാൻ അവനു ഒരു പിടിവള്ളി അനിവാര്യമായിരുന്നു…
അവർ പറഞ്ഞ പ്രകാരം പിറ്റേദിവസം തന്നെ കൊച്ചിയിൽ പോയി കണ്ടു സംസാരിച്ചു…ഏത് വിഷയവും പഠിപ്പിക്കാം എന്നുള്ളത് കൊണ്ടു തന്നെ ബാങ്ക് കോച്ചിങ്ങിനും Psc കോച്ചിങ്ങിനും അവനു ക്‌ളാസ് എടുക്കണമായിരുന്നു….
ടൗണിൽ പുതിയതായി തുടങ്ങുന്നത് കൊണ്ടു ശ്രീഹരിയുടെ നാട്ടിൽ നിന്നും കുറച്ചുപിള്ളേരെ സംഘടിപ്പിക്കാമോ എന്നു അവർ ചോദിച്ചപ്പോൾ അതും അവൻ ഏറ്റു…
തിരിച്ചു വന്നു ഡേവിച്ചൻ വഴി വായനശാലയുടെയും ആർട്‌സ് ക്ലബ്ബിന്റെയും ഒക്കെ മുഖേന പതിനഞ്ചോളം കുട്ടികളെ സംഘടിപ്പിച്ചു…
ഡേവിച്ചൻ നിർബന്ധിച്ചു ജാൻസിയേയും ചേർത്തു..അവളാണെങ്കിൽ ഒരു കുഴിമടിച്ചി…രാവിലത്തെ 10 മണിയുടെ ബാച്ചിൽ കയറണമെങ്കിൽ പുഴക്കരയിൽ നിന്നും ഏഴു നാല്പതിന്റെ കാശിനാഥൻ ബസിൽ പോകണം..അവൾ എഴുന്നേൽക്കുമ്പോൾ തന്നെ എട്ടു മണിയാകും…അതുകൊണ്ടു അവൾ 2 മണിയുടെ ബാച്ചിൽ ചേർന്നു…അപ്പോൾ അവൾക്കു അടുത്ത പ്രശ്നം..
കൂട്ട് ആരുമില്ല..
പുഴക്കരയിലെ മിക്ക പെണ്കുട്ടികളും രാവിലത്തെ ബാച്ചിലാണ്….അതും പറഞ്ഞു പോകുന്നില്ല എന്നു അവൾ വീട്ടിൽ പറഞ്ഞു….
ശ്രീ പറഞ്ഞൊരു കാര്യമായത് കൊണ്ടും മകൾ സർക്കാർ ഉദ്യോഗസ്ഥ ആയിക്കാനാനുള്ള ആഗ്രഹം കൊണ്ടും അവരുടെ അപ്പച്ചൻ അന്തോണിച്ചായ ൻ ശ്രീധരേട്ടനോട് സേതുവിനെ കൂടി അയക്കാൻ പറഞ്ഞു….
ശ്രീധരേട്ടനും സമ്മതം ..എന്നാലും ബാലൻ മാഷിനോടും കൂടി അഭിപ്രായം ചോദിച്ചിട്ടാകാമെന്നു അന്തോണിയോട് പറഞ്ഞു…
ശ്രീയാണ് അവിടെ മുഖ്യമായും പടിപ്പിക്കുന്നതെന്നു ഇതിനോടകം സേതു അറിഞ്ഞിരുന്നു…
പോകുന്നില്ല എന്നുള്ള അവളുടെ നിർബന്ധംപിടിക്കലിനു ബാലൻ മാഷ് വഴങ്ങി കൊടുത്തില്ല…
അമ്മയുടെ അടുത്ത് ആരുമുണ്ടാവില്ല എന്ന അവളുടെ വാദത്തിനും മാഷ് പരിഹാരം കണ്ടു…
സേതു പോയി തിരിച്ചു വരുന്നത് വരെ മാഷിന്റെ ഭാര്യ സാവിത്രി ടീച്ചറും ജാനുവമ്മയും കൂടി അമ്മയെ നോക്കിക്കൊള്ളും എന്നു മാഷ് പറഞ്ഞു…
അവസാനം സേതുവിന് psc ക്ലാസ്സിൽ ചേരേണ്ടതായി തന്നെ വന്നു…ജാൻസിക്കും സന്തോഷം…സേതുവുമായി അത്ര പരിചയം ഒന്നുമില്ലായിരുന്നെങ്കിലും ഒരു കൂട്ടായല്ലോ…ഇനി കൂട്ടാകുകയും ചെയ്യാം….
ക്ലാസ് കഴിഞ്ഞു വൈകിട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് ഓഫീസ് റൂമിനു മുന്നിൽ നിൽക്കുന്ന ബാലൻ മാഷേ ശ്രീ കണ്ടത്..
ചിരിയോടെ അടുത്ത് ചെന്നപ്പോഴാണ് സേതുവിനെ ചേർക്കാനായി വന്നതാണെന്ന് മാഷ് പറഞ്ഞത്…
അകത്തേക്ക് നോക്കിയപ്പോൾ ഓഫീസ് സ്റ്റാഫായ സബിതചേച്ചിയുടെ മുന്നിലിരുന്നു ഫോം ഫിൽ ചെയ്യുന്ന സേതുവിനെ കണ്ടു..
അവന്റെ സാന്നിധ്യം അറിഞ്ഞെന്നവണ്ണം അവളും അപ്പോൾ തന്നെ തിരിഞ്ഞു നോക്കി…
കരിനീല ഷർട്ടും അതിനു ചേർന്ന കരയുള്ള മുണ്ടും ധരിച്ച ശ്രീയേട്ടൻ എന്നത്തെതിലും സുന്ദരനായിരിക്കുന്നെന്നു സേതുവിന് തോന്നി…
മാഷുടെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തങ്ങളുടെ അടുത്തു കൂടി പുറത്തേക്കിറങ്ങിയ സേതുവിന്റെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധം ഒരിക്കൽ കൂടി അവന്റെ നാസികയെ കുളിരണിയിച്ചു കടന്നു പോയി…ഒരു നിമിഷത്തേക്ക് ശ്രീ എല്ലാം മറന്നു നിന്നു പോയി….
കാത്തിരിക്കുമല്ലോ…
തുടരും….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…