താലി 🥀: ഭാഗം 2

thali

എഴുത്തുകാരി: Crazy Girl

തിരികെ വീട്ടിലെത്തുമ്പോൾ അവളുടെ പുഞ്ചിരി നിറഞ്ഞ മുഖം മങ്ങി വന്നു.... "ഈ വീട് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുവാ "കാർ നിർത്തുമ്പോൾ അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് നിശ്വസിച്ചു... "നിനക്ക് എപ്പോ വേണേലും എന്റടുത്തു വരാം വൈച്ചു... പിന്നെ ഇന്ന് നിന്നെ കാശി ചവിട്ടിയതോടു കൂടെ അയാൾ നിന്നേം ഉപദ്രവിക്കും എന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലായി കാണും... അതുകൊണ്ട് നീ എങ്ങനെ ജീവിച്ചാലും അവരൊന്നും പറയാൻ പോണില്ല... പേരിനൊരു മരുമകളെ അവർക്ക് കിട്ടി... പക്ഷെ ഇപ്പോഴും നീ എന്റെ വൈച്ചു മാത്രമാണ് കേട്ടോ " ദേവ് പറഞ്ഞത് കേൾക്കെ അവളിൽ നേരിയ ആശ്വാസം തോന്നി..... "എങ്ങനാ ഉണ്ട് മോളെ ഇപ്പൊ... ചതവുണ്ടോ "അകത്തേക്ക് കയറിവരുന്ന വൈശാലിയെ കണ്ട് ദേവകി വെപ്രാളംത്തോടെ ചോദിച്ചു... "ചതവൊന്നുമില്ലമ്മേ "അവൾ പുഞ്ചിരി വരുത്തി പറഞ്ഞു... അവളോട് കണ്ണ് കൊണ്ട് പറഞ്ഞു ദേവ് മുകളിലേക്ക് കയറി പോയി.. "എന്റെ കുട്ടിയോട് മോൾക് ദേഷ്യമൊന്നും തോന്നരുത്... വയ്യാത്തത് കൊണ്ടാ അല്ലേൽ എന്റെ മോൻ തൊട്ട് നോവിക്കുക പോലുമില്ല " ദേവകിയുടെ കണ്ണുകൾ നിറഞ്ഞു വന്നു...

അമ്മക്ക് അമ്മയുടെ മോൻ വലുതാകും പക്ഷെ എനിക്ക് അയാൾ ആരുമല്ല... അയാളുടെ ഭ്രാന്തിനു ഞാൻ വേദനിക്കുന്നതെന്തിനാ... അവൾ മനസ്സിൽ അലമുറയിട്ട് പറഞ്ഞെങ്കിലും ചുണ്ടിൽ മന്ദഹാസം നിറച്ചു കണ്ണ് നിറച്ചുനോക്കുന്ന അമ്മയെ നോക്കിയവൾ അവൾ മുകളിലേക്ക് നടന്നു... "അറിയില്ല തന്റെ ജീവിതം ഇനി എങ്ങനെ ആയിരിക്കുമെന്ന്... ദേവ് അവനിൽ മാത്രമാണ് എന്റെ പ്രധീക്ഷ "പടികൾ കയറുമ്പോൾ അവൾ മനസ്സിൽ ഓർത്തു... മുറിയിലെ ഡോർ അടച്ചത് കണ്ട് അവൾ രണ്ട് തവണ ആലോചിച്ചു... പിന്നെ ദൈര്യം വരുത്തിയവൾ ഡോർ തുറന്നു... ബെഡ്‌ഡിലൊന്നും കാണാത്തത് കണ്ട് അവൾ വേഗം ഡോറിന് പുറകിൽ നോക്കി... ഒരു തവണ ചവിട്ടിയതിന്റെ വേദന അവൾക് മറക്കാൻ ആകില്ലായിരുന്നു... എന്നാൽ മൂലയിൽ ചുമരിൽ ചാരി മുട്ടിനുമേൽ മുഖവും വെച്ചു ഇരിക്കുന്നത് കാണെ അവൾ രണ്ടടി പുറകിൽ നിന്നു..... തന്നെ കണ്ടാൽ എന്തേലും ചെയ്യുമോ എന്നവൾ ഭയന്നു... എന്നാൽ അവളുടെ സാനിദ്യം അറിഞ്ഞവൻ തല ഉയർത്തി നോക്കി... അവന്റെ കണ്ണുകൾ കാണെ അവൾക് വല്ലാതെ തോന്നി...

കരഞ്ഞു തളർന്ന ചുവന്ന കണ്ണുകൾ...ഇത്രയും നേരം കരയുകയായിരുന്നോ അവൾ ഓർത്തു... "വാവക്ക് വേദനിച്ചോ "അവളെ നോക്കിയവൻ വിതുമ്പി ചോദിക്കുന്നത് കേട്ട് അവൾ അവനെ ഉറ്റുനോക്കി... "സോറി ട്ടോ... ഇന്നലെ എന്നെ സൂചി കുത്തിയത് കൊണ്ടല്ലേ... എനിക്ക് നല്ലോണം വേദനിച്ചു... രാവിലെയും മരുന്ന് എടുത്ത് കുത്താൻ വന്നത് കൊണ്ടല്ലേ ചവിട്ടിയത്.." അവൻ വിതുമ്പി പറയുന്നത് കേൾക്കെ അവളുടെ ഹൃദയം പിടച്ചു പോയി... ഇന്നലെ രാത്രിയിലെ നിമിഷങ്ങൾ മനസ്സിൽ കടന്നു വന്നു.. "മനുഷ്യൻ ആണെന്ന പരിഗണന നൽകാതെയാണ് ആ സിറിഞ്ചു ഞാൻ കുത്തിയിറക്കിയത്...ഇന്നും മരുന്ന് ബോക്സ്‌ എടുക്കുന്നത് കണ്ട് പേടിച്ചു കാണും അവൾ ഓർത്തു... "ഇനി എന്നെ കുത്തല്ലെട്ടോ "വീണ്ടും അവളോട് അവൻ പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി.. "എന്നെ തൊട്ടാൽ ഇനിയും ഞാൻ കുത്തും "അവനെ നോക്കി പറഞ്ഞുകൊണ്ടവൾ പോകുമ്പോൾ മനസ്സിന്റെ കോണിൽ നേരിയ വേദന ഉയർന്നുവോ...?

"ദേവ് ചായ " "ആഹാ വാ കേർ "അവന് അകത്തേക്ക് വിളിച്ചത് കെട്ട് അവൾ ചിരിയോടെ മുറിയിലേക്ക് കയറി... "ഇന്നെന്താ മുഖത്ത് നല്ല തെളിച്ചം "അവന് അവളുടെ കയ്യില് നിന്ന് ചായ കപ്പ് വാങ്ങികൊണ്ട് ചോദിച്ചു... "അടി കിട്ടിയതിനു ശേഷം നിന്റെ ആ ഭ്രാന്തൻ ചേട്ടൻ എന്റെ അടുത്തോട്ടു പോലും വരാൻ പേടിക്കുന്നുണ്ട് " അവൾ പറഞ്ഞത് കെട്ട് അവന് ഒന്ന് മൂളി... "എനിയെന്താ നിന്റെ പ്ലാൻ... എത്രകാലം അയാളുടെ ഭാര്യയായി ഞാൻ കഴിയണം "അവള്ടെ ചോദ്യം കേട്ടതും അവന് അവളിൽ നിന്ന് തിരിഞ്ഞു നിന്നു... "അവന്റെ ഭാര്യ ആണേലും നീ എന്റേതല്ലേ വൈച്ചു... പിന്നെ ചേട്ടന്റെ ഭാര്യയെ ഞാൻ എങ്ങനാ കല്യാണം കഴിക്കുന്നേ... നാട്ടുകാർക് മുന്നിൽ എങ്ങനാ ഞാൻ ചെല്ലും " ചായ കപ്പ് ചുണ്ടോട് ചേർത്ത് പറഞ്ഞത് കെട്ട് അവൾ അവൻറെ തോളിൽ പിടിച്ചു ശക്തിയോടെ അവൾ നേരെ തിരിച്ചു നിർത്തി... "അത് വെച്ച് അയാളുടെ ഭാര്യയായി ജീവിത കാലം മുഴുവൻ കഴിയാണോ "അവൾക് ദേഷ്യം വരുന്നുണ്ടായിരുന്നു... "അല്ലേടി എല്ലാരുടേം മുന്നിൽ നീ അവന്റെ ഭാര്യ ആണ്... അപ്പൊ നിനക്ക് ഞാൻ താലി ചാർത്തിയാൽ നാട്ടുകാരും വീട്ടുകാരും എന്ത് പറയും " "ഒന്ന് നിർത്തുന്നുണ്ടോ... കുറെ നേരമായല്ലോ നാട്ടുകാർ വീട്ടുക്കാർ എന്നൊക്കെ പറയുന്നു...

അന്ന് ഈ വീട്ടിൽ എന്നേ കൊണ്ട് വരുമ്പോ നാട്ടുകാരും വീട്ടുകാരും ഉള്ളത് നീ മറന്നോ... അന്ന് ഇതേ നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ എന്റെ അച്ഛനോടപ്പം ഇറങ്ങി പോകുമ്പോ അവർ എന്നേ പറ്റി എന്തൊക്കെയാ കരുതിയിട്ടുണ്ടാവുന്നേ... നിനക്ക് മാത്രമേ അഭിമാനവും കുടുംബ മഹിമയും ഒക്കെ ഉള്ളൂ....." അവൾ ദേഷ്യത്തോടെ ചോദിച്ചതും എന്ത് പറയണം എന്നറിയാതെ അവന് കുടുങ്ങി നിന്നു... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ പുറകിലൂടെ അവന് പുണർന്നതും അവൾ കുതറാൻ ശ്രേമിച്ചു... "ഒന്ന് ക്ഷമിക്ക് വൈച്ചു... ഇപ്പൊ നീയുമായി വിവാഹം നടന്നാൽ എന്റെ അച്ഛനും അമ്മയും എന്നേം നിന്നേം പുറത്താക്കും.. നാട്ടുകാരുടെ മുന്നിൽ ചേട്ടന്റെ ഭാര്യയുമായി ഒളിച്ചോടിയവൻ ആകും... എങ്ങനാ തലയുയർത്തി നടക്കും നമ്മള്... ഇപ്പൊ നീ ആ ഭ്രാന്തന്റെ ഭാര്യ ആണേലും എന്റെ പെണ്ണാ... നമുക്ക് ഇങ്ങനെ ജീവിച്ചു പോകാന്നെ "അവളുടെ കഴുത്തിൽ മുഖം ചേർത്തവൻ പറയുമ്പോൾ അവനിലും ശെരിയുണ്ടെന്ന് അവൾക് തോന്നി... എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു...

എന്നാൽ അന്ന് ഇവളെ വീട്ടിലേക്ക് കൊണ്ട് വരാൻ തോന്നിയ നിമിഷത്തെ അവന് സ്വയം ശപിച്ചു കൊണ്ടിരുന്നു... "നീ വിട് ആരേലും വരും "അവന്റെ കൈകൾ മാറ്റിയവൾ പറഞ്ഞു.. "ഹ്മ്മ് അവന് ഉറങ്ങിയിട്ട് വാ "അവളുടെ കവിളിൽ കൈകൾ വെച്ചവൻ പറഞ്ഞു.. അവൾ പുഞ്ചിരി വരുത്തി കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് നടന്നതും കാലുകൾ നിഛലമായി നിന്നു... "മുത്തശ്ശി... മുത്തശ്ശി എപ്പോ വന്നു "അവൾക് പുറകെ വന്നവൻ മുന്നിൽ നിൽക്കുന്നവരെ കണ്ടു വെപ്രാളത്തോടെ ചോദിച്ചു... "ഞാൻ വന്നിട്ട് വർഷങ്ങൾ കുറെ ആയി..."അവരുടെ കനപ്പിച്ചു ശബ്ദം കേൾക്കേ അവന് ഒന്ന് വിയർത്തു... അച്ഛന് കേശവൻ നായരുടെ അമ്മയാണ് ശ്രീ കോവിലത്തെ പദ്മാവതി...നാട്ടുകാരെ വിറപ്പിച്ചു നിർത്തുന്ന പട്ടാളം ശേഖറിന്റെ ഭാര്യ... മുത്തശ്ശൻ മരിച്ചതോടു കൂടെ മുത്തശ്ശി ആയി വീട്ടിലെ കാർണോർ... മുത്തശ്ശനെ പോലെ വിറപ്പിച്ചു വരച്ച വരയിൽ നിർത്തുന്ന സ്ത്രീ...

കുടുംബങ്ങൾ പേടിയോടെ തലകുനിച്ചു മാറും മുത്തശ്ശിയുടെ മുന്നിൽ... പലരും പലതും ഉന്നയിച്ചാലും മുത്തശ്ശിയുടെ തീരുമാനം ആണ് അവസാനം...അത്രയും ഗംഭീരവും തലയെടുപ്പും പിന്നെ ഏവരും ബഹുമാനത്തോടെയും നോക്കി കാണുന്ന സ്ത്രീ... എന്നാൽ വൈശാലി അവരെ നോക്കി കാണുകയായിരുന്നു...നരച്ച മുടിയില്ല ചുളിഞ്ഞ മുഖമല്ലാ സാരിയിൽ പോലും ഒരു ചുളിവോ വിരിവോ ഇല്ലാ... പകരം ആരെയും ആകർഷിക്കുന്ന തലയെടുപ്പ്... കാണുമ്പോൾ തന്നെ പേടിയും ബഹുമാനവും ഒരേ സമയം തോന്നുന്നു... "വൈശാലി അല്ലെ "ആ സ്ത്രീയുടെ ഗംഭീര ശബ്ദം ഉയർന്നതും അവൾ പോലും അറിയാതെ തലയാട്ടി പോയി.. "വൈശാലി ഇത് അച്ഛന്റെ അമ്മ ആണ് നമ്മുടെ മുത്തശ്ശി...മുത്തശ്ശൻ മരിച്ചതിനു ശേഷം മുത്തശ്ശന്റെ പേരിൽ ഒരു സ്കൂൾ പണിതിരുന്നു അങ്ങ് തമിഴ്നാട്ടിൽ... അതിനു ചെറിയ പ്രോബ്ലെംസ് അത് തീർപ്പാക്കാൻ പോയതാ...

അതാ കല്യാണത്തിന് കാണാഞ്ഞേ " "നിന്നോട് ഞാൻ പറയാൻ പറഞ്ഞോ ദേവ് " ദേവ് പറഞ്ഞു കഴിഞ്ഞതും മുത്തശ്ശിയുടെ ചോദ്യം കേട്ടവൻ വിളറി വെളുത്തു...വൈശാലിയുടെ ഉള്ളിലും ഭയം നിറഞ്ഞിരുന്നു.. "നീയെന്താ ഇവന്റെ മുറിയിൽ "വൈശാലിക്ക് നേരെ പദ്മവതി ചോദിച്ചതും അവൾക് പേടിയോടെ ശബ്ദം പുറത്ത് വരാത്തത് പോലെ തോന്നി.. "അവൾ എനിക്ക് ചായ തരാൻ "ദേവ് അവളുടെ നിർത്തം കണ്ടു പറയാൻ നിന്നതും പദ്മവതി അവനു നേരെ കയ്യ് ഉയർത്തി... "നീ കൊറേ നേരായല്ലോ വൈശാലി അവൾ എന്നൊക്കെ സംബോധന ചെയ്യുന്നേ... നിന്റെ ഏട്ടന്റെ ഭാര്യയെ എന്ത് വിളിക്കണം എന്നറിയാനുള്ള സാമാനിക ബുദ്ധിയില്ലെ നിനക്ക് "പദ്മവതിയുടെ ശബ്ദത്തിൽ കടുപ്പം നിറഞ്ഞതും അവന്റെ തല കുനിച്ചു.. "മുത്തശ്ശി ഇവള് എന്റെ ഫ്രണ്ട് ആണ് "അവന് തലകുനിച്ചു പറഞ്ഞത് കേട്ട് വൈശാലി അവനെ ഒന്ന് നോക്കി നിർവികരമായി "ഫ്രണ്ട് "അവൾ സ്വയം മനസ്സിൽ പുച്ഛിച്ചു..

"ഫ്രണ്ട് ആവാം മറ്റെന്തെങ്കിലും ആവാം പക്ഷെ ഏട്ടനെ കല്യാണം കഴിച്ചവളെ എന്താ വിളിക്കേണ്ടത് "പദ്മവധി കൈകൾ കെട്ടിയവനെ നോക്കി... "ചോദിച്ചത് കേട്ടില്ലേ നീ "അവരുടെ ശബ്ദം ഉയർന്നതും അവന് ഞെട്ടി.. "ഏ... ഏട്ടത്തി "അവന് പറഞ്ഞതും അവരുടെ ചുണ്ടിൽ മന്ദഹാസം വിടർന്നു... "എനി ഏട്ടത്തി എന്നല്ലാതെ മറ്റേതെങ്കിലും നീ വിളിച്ചാൽ അറിയാലോ എന്നേ"അവനു നേരെ കൈകൾ ചൂണ്ടിയതും അവന് പേടിയോടെ തലയാട്ടി... "പിന്നെ ഫ്രണ്ടിന് ചായ ഒക്കെ കൊണ്ട് കൊടുത്തു... കെട്ടിയോന് കൊടുത്തൊ നീ " പദ്മവധി അവൾക് നേരെ തിരിഞ്ഞതും എന്ത് പറയണം എന്നറിയാതെ അവളുടെ തല കുമ്പിട്ടു നിന്നു... തല കുനിച്ചു നിൽക്കുന്ന ഇരുവരേം പദ്മവധി മുരണ്ട് നോക്കി നിന്നു... "ആ അമ്മേ.. വൈശാലി മോളെ പരിചയപെട്ടോ " പടികൾ കയറി വന്ന സുഭദ്ര പറഞ്ഞത് കേട്ട് അവർ ഒന്ന് അമർത്തി മൂളി... ശേഷം രണ്ടുപേരെയും ഒന്ന് നോക്കി അവർ കാശിയുടെ മുറിയിലേക്ക് നടന്നു... "വാ മോളെ "വൈശാലിയുടെ കയ്യില് പിടിച്ചു സുഭദ്രയും അവർക്ക് പുറകിൽ നടന്നു....

മുറിയിലേക്ക് കയറിയതും ബെഡിൽ ചമ്രം പടിഞ്ഞിരുന്നു ജനൽ ഭാഗത്തു ചാരി പുറത്തേക് നോക്കിയിരിക്കുന്ന കാശിയെ കണ്ടു അവരുടെ ചുണ്ടിൽ വാത്സല്യത്തിൽ കുതിർന്ന പുഞ്ചിരി നിറഞ്ഞു... "കാശിനാഥാ "മുത്തശ്ശിയുടെ കൊഞ്ചലോടെയുള്ള വിളി കേട്ടതും കാശിയുടെ കണ്ണുകൾ പദ്മവധിയിലേക്ക് നീണ്ടു... "മുത്തശ്ശി..."അവന്റെ നീട്ടി വിളി വന്നതും അവർ അവനടുത്തു ചെന്നിരുന്നു... അവന് ജനൽ ഭാഗത്തു നിന്നു അവർക്കടുത്തേക്ക് നീങ്ങി ഇരുന്നു... "മുത്തശ്ശിടെ മോന്റെ മുഖമെന്താ വല്ലാതെ...."അവന്റെ കവിളിൽ തലോടി ചോദിച്ചതും അവന്റെ കണ്ണ് നിറഞ്ഞു വന്നു... "അച്ഛാ അടിച്ചു മുത്തശ്ശി "കൈകൾ നീട്ടി ബെൽറ്റ്‌ പതിഞ്ഞ പാടുകൾ അവർക്ക് നേരെ നീട്ടി കാണിച്ചതും അവരുടെ മുഖം ഇരുണ്ടു വന്നു... "എന്താ സുഭദ്രേ ഇത് "സുഭദ്രക്ക് നേരെ അവർ ക്രോധിച്ചു... "അമ്മേ അത്... അവന് മോളെ ചവിട്ടി.. അതാ ചേട്ടൻ "അവർ തല താഴ്ത്തി പറഞ്ഞു.. പദ്മാവധി വൈശാലിയെ ഒന്ന് നോക്കിയതും അവളുടെ മുഖം കുനിഞ്ഞു... "മുത്തശ്ശി പറഞ്ഞിട്ടില്ലേ കാശി ആരേം ഉപദ്രവിക്കരുത് എന്ന്...നീ മോശം കുട്ടി ആയോ വീണ്ടും "പദ്മാവധി കപട ദേഷ്യത്തിൽ അവനോട് ചോദിച്ചതും അവന് നിഷ്കളങ്കമായി ഇല്ലെന്ന് തലയാട്ടി... "പിന്നെന്തിനാ അവളെ ചവിട്ടിയത് " "വാവ സൂചി വെച്ച് മുത്തശ്ശി...

കാശിക്ക് വേദനിച്ചു... കണ്ടോ... ഇപ്പോഴും വേദനിക്കുന്നു... വീണ്ടും കുത്താൻ വന്നപ്പോൾ ചവിട്ടിയതാ "ടീഷർട്ടിന്റെ കൈ ലേശം പൊക്കി മസിൽ ഉരുണ്ട് കിടക്കുന്ന കൈകളിൽ ബെൽറ്റിന്റെ പാടോടപ്പം സൂചിയുടെ കുത്തിയതിന്റെ പാട് കണ്ടതും അവരിൽ ദേഷ്യം ഉറഞ്ഞു പൊന്തി... സുഭദ്ര വൈശാലിയെ ഉറ്റുനോക്കി... അവൾക് വല്ലാതെ തോന്നി... സ്വന്തം മകന് ആണ്... ആര് നോവിച്ചാലും ആ മനസ്സ് നോവും... അവൾക് മനസ്സ് വിങ്ങി പൊട്ടുന്നത് പോലെ തോന്നി... അവൾ കുറ്റവാളിയെ പോലെ തല കുനിച്ചു നില്കുന്നത് കണ്ടു പദ്മാവധി അവള്കടുത്ത് ചെന്നു നിന്നു.. "ആര് പറഞ്ഞു നിന്നോട് അവനെ സിറിഞ്ചു വെക്കാൻ "അവരുടെ ശബ്ദം ശാന്താമാണ് പക്ഷെ ഭാവം മറ്റൊന്നായിരുന്നു... അവളുടെ കണ്ണുകൾ വാതിക്കൽ നിൽക്കുന്ന ദേവിലേക്ക് നീണ്ടു... അവന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു... "കേട്ടില്ലേ നീ "അവരുടെ ശബ്ദം കടുത്തതും അവൾ ഞെട്ടി... "അത് ഞാൻ... എന്നേ തൊട്ടപ്പോ പേടിച്ചു അപ്പോഴാ സിറിഞ്ചു "അവൾ വാക്കുകൾക്ക് പരതി... "നിർത്ത് "കൈകൾ നിവർത്തിയവർ അവളെ തടഞ്ഞു...

"ഇവന് സുഖമില്ലെന്ന് കരുതി നിന്നെ പോലെ ഒരുത്തിയുടെ തലയിൽ എന്റെ മോനെ കെട്ടിവെക്കേണ്ട ഒരു ആവിശ്യവും ഞങ്ങൾക്കില്ല.. കല്യാണം കഴിഞ്ഞില്ലേലും അവനു ജീവിക്കാൻ അറിയാം... ആരുമില്ലാത്ത നേരം ഫ്രണ്ടിന്റെ വീട്ടിലേക്ക് വന്നു നാട്ടുകാരുടെ മുന്നിൽ തലകുനിച്ചു നിന്ന നിന്റെം നിന്റെ തന്തക്കും വെച്ച് നീട്ടിയ ഔദാര്യമാണ് ഇവന്റെ ഭാര്യ പതവി... എനി ഇവനെ നോവിച്ചെന്ന് അറിഞ്ഞാൽ പിന്നെ നിനക്ക് ഈ വീട്ടിൽ സ്ഥാനം ഉണ്ടാകില്ല..."അവളെ നോക്കി അവർ കണ്ണുകളിൽ തീ നിറച്ചു പറഞ്ഞതും അവൾ ഉരുകി തീരുന്നത് പോലെ തോന്നി... "പദ്മാവധിക്ക് വാക്ക് ഒന്നേയുള്ളു... എനിയും ധിക്കരിക്കാൻ ആണെങ്കിൽ കുടുംബത്തോടെ പിഴുതെറിയും ഞാൻ... " അത്രയും പറഞ്ഞു അവളിൽ തീഷ്ണമായി നോട്ടം എറിഞ്ഞു കൊണ്ടവർ ബെഡിൽ ഇരിക്കുന്ന കാശിക്ക് അടുത്തേക്ക് നീങ്ങി... "വാ മുത്തശ്ശി ചായ തരാം എന്റെ മോന് "അവനെ ബെഡിൽ നിന്ന് എണീപ്പിച്ചു അവരുടെ കയ്യും പിടിച്ചു കാശി പുറത്തേക്ക് നടന്നു... "വേണ്ടിയിരുന്നില്ല മോളെ...സുഖമില്ലെന്ന് കരുതി വേദനിപ്പിക്കേണ്ടിയിരുന്നില്ല "

കണ്ണിലേ ഉരുണ്ടു കൂടിയ നീര്തിളക്കം സാരി വെച്ച് ഒപ്പിയെടുത്തുകൊണ്ട് സുഭദ്ര പറഞ്ഞു പോകുമ്പോൾ അവളിൽ കുറ്റബോധത്താൽ മനസ്സ് നീറി... വെറും നിലത്തവൾ നിലംപതിഞ്ഞിരുന്നു... "ഒരുപാട് ക്രൂരയായോ ഞാൻ...മനുഷ്യനെന്നോ മൃഖമെന്നോ വേർതിരിവില്ലാതെ ഭൂമിയിലെ ജീവാചാലങ്ങൾക്ക് സ്നേഹവും കരുതലും നൽകണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന മാഷിന്റെ മകൾ ഒരുപാട് തരംതാണു പോയോ..... ഈശ്വരാ വെറുക്കല്ലേ എന്നേ... മനസ്സിന്റെ താളം തെറ്റിപോകുവാ..."അവളുടെ കണ്ണുനീർ അവിടം പൊഴിഞ്ഞു... "വൈച്ചു "തോളിലെ കരസ്പർശം അറിഞ്ഞവൾ അവനെ നിർവികരമായി നോക്കി... "എല്ലായിടത്തും ഞാൻ കുറ്റക്കാരി... ഇതിനു മാത്രം എന്ത് തെറ്റാ ദേവ് ഞാൻ ചെയ്തത്... നിന്നെ സ്നേഹിച്ചതോ.. അതിനാണോ ഈശ്വരൻ എന്നേ ഇങ്ങനെ പരീക്ഷിക്കുന്നെ "അവനെ നോക്കിയവൾ തേങ്ങി കൊണ്ട് ചോദ്യം ഉന്നയിച്ചു... "വൈച്ചു ഞാൻ "വാക്കുകൾ കിട്ടാതെ അവന് നിന്നു...

"ദേവ് "പെട്ടെന്ന് മുറിക്ക് പുറത്ത് മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവന് ഞെട്ടലോടെ അവളുടെ തോളിൽ നിന്ന് കൈകൾ എടുത്തു തിരിഞ്ഞു നോക്കി... "ചെന്ന് താഴത്തെ മുറിയിൽ നിന്ന് എന്റെ സാധനങ്ങൾ എല്ലാം മേലെത്തെ മുറിയിൽ കൊണ്ട് വെക്ക്... ഉടനെ "അവനെ നോക്കി തറപ്പിച്ചു പറഞ്ഞു കൊണ്ട് നിലത്തിരിക്കുന്ന വൈശാലിയെ ഒന്ന് നോക്കി അവർ പോയതും ദേവ് വെപ്രാളത്തോടെ പുറത്തേക്കിറങ്ങി... അപ്പോഴും നിലത്തിരുന്നവൾ വിതുമ്പിക്കൊണ്ടിരുന്നു... ************** പിന്നീട് ആരും ഒന്നും മിണ്ടിയില്ല... അമ്മയുടെ മുഖത്ത് നോക്കാൻ പറ്റാതെ അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു... രാത്രിയിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും തീന്മേഷയിൽ ഇരുന്നതും അവൾക് അവിടം ചെല്ലാൻ മടി തോന്നി... "വൈശാലി "തിരികെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയതും മുത്തശ്ശിയുടെ ശബ്ദം കേട്ടവൾ നിന്നു.. "വന്ന് കഴിക്ക്..."അവരുടെ ശബ്ദം നേർമയായിരുന്നു... അവൾക് അത്ഭുദം തോന്നി... നേരത്തെ തന്നെ വഴക്ക് പറഞ്ഞിരുന്ന സ്ത്രീ തന്നെയാണോ എന്നവൾക് സംശയം തോന്നി...

"കേട്ടില്ലേ നീ "വീണ്ടും മുത്തശ്ശിയുടെ ശബ്ധം ഉയർന്നത് ആലോചനയിൽ നിന്ന് ഞെട്ടിയവൾ മേശക്ക് അടുത്ത് ചെന്നു... ടേബിളിന്റെ ഇരു സൈഡിലും മൂന്ന് മൂന്ന് കസേരയാണ്... എതിർവശത് അച്ഛനും അമ്മയും ദേവും ഇരിക്കുന്നുണ്ട്... മറുവശം മുത്തശ്ശിയും മുത്തശ്ശിക്ക് അടുത്ത് കാശിയും... കാശിയുടെ അടുത്തുള്ള ചെയറിൽ ആരുമില്ലെന്ന് അറിഞ്ഞതും അവൾ മെല്ലെ അവിടെ ഇരുന്നു... "എടുത്ത് കഴിക്കാൻ എനി പ്രതേകിച്ചു പറയണോ "മുന്നിലെ കാലി പ്ലേറ്റിൽ നോക്കിയിരിക്കുന്നവളെ കണ്ടു അവർ പറഞ്ഞതും എല്ലാവരുടേം നോട്ടം അവളിൽ തങ്ങി നിന്നു... പദ്മാവധിക്ക് മുന്നിൽ ശബ്ദം ഉയർത്താൻ ആർക്കും ദൈര്യമില്ലായിരുന്നു...കാശിക്ക് ഒഴികെ അവൾക് കരച്ചിൽ വന്നു... എല്ലാവരുടേം നോട്ടം അവളെ തളർത്തുന്ന പോലെ... "മുത്തശ്ശി വാവ പാവല്ലേ... "മുത്തശ്ശിയെ നോക്കി കാശി പറഞ്ഞതും അവർ ചിരിയോടെ അവന്റെ മുടിയിൽ തലോടി... "വാവ കഴിക്ക് ട്ടൊ മുത്തശ്ശി ഒന്നും പറയില്ല..."അവളുടെ പത്രത്തിൽ ദോശയും കറിയും ഒഴിച്ച് കൊണ്ട് കാശി പറഞ്ഞതും അവൾ കണ്ണുകൾ ഉയർത്തിയവനെ നോക്കി...

താടിയും മുടിയും നീട്ടി വളർത്തിയ ആ രൂപത്തിൽ കണ്ണുകൾ മാത്രം തെളിഞ്ഞു കാണുന്നു....കാപ്പികണ്ണുകൾ... സംസാരിക്കുമ്പോൾ മാത്രം അത് കുറുകി വരുന്നു... അവളെ നോക്കിയവൻ കണ്ണിറുക്കിയതും അവൾ അവനിൽ നിന്ന് നോട്ടം മാറ്റി... എതിർവശത്തിരിക്കുന്ന ദേവിലേക്ക് നോക്കി... അവനെന്നാൽ ഭക്ഷണത്തിൽ കണ്ണിട്ടിരിക്കുകയായിരുന്നു... അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... കഴിച്ചു എണീറ്റവൾ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും ദേവ് കണ്ണുകൊണ്ട് ഉറങ്ങി കഴിഞ്ഞാൽ വരണമെന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി... വൈശാലി മുറിയിലേക്ക് കയറിയതും കാശി ബെഡിൽ കിടന്നിരുന്നു തൊട്ടടുത്തു അവന്റെ മുടിയിൽ തലോടി മുത്തശ്ശിയും... അവളെ കണ്ടതും അവർ എണീറ്റു.. ഒന്നും പറയാതെ തന്നെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി... "വാവേ വാ "കാശ്ശിയുടെ ശബ്ദം കേട്ടതും അവൾ അവനെ നോക്കി... അവളിൽ വീണ്ടും ഭയം ഉരുണ്ടു കൂടി... "നീ വരില്ലേ വാവേ "അവന്റെ ശബ്ദം ഉയർന്നതും മുത്തശ്ശി കേൾക്കുമെന്ന് പേടിച്ചു അവൾ വേഗം ബെഡിനടുത്തു ചെന്നു...

"ഇരിക്ക് "ബെഡിൽ കൈ തട്ടി ഇരിക്കാൻ പറയുന്നത് കണ്ടു അവൾ മെല്ലെ അവിടെ ഇരുന്നു... പെട്ടെന്ന് അവന്റെ തല അവളുടെ മടിയിൽ വെച്ചതും അവൾ ഞെട്ടി പോയി... അവന്റെ തല പതിഞ്ഞ കാലുകൾ തളരുന്ന പോലെ... ഞെട്ടിനിൽക്കുന്ന അവളുടെ കൈകൾ എടുത്തവൻ അവന്റെ മുടിയിൽ വെച്ചതും അവൾ പേടിച്ചു പോയി... "സൂചി വേണ്ടാ.. ഇങ്ങനെ ആക്കിയ ഞാൻ ഉറങ്ങും "അവളെ നോക്കിയവൻ പറഞ്ഞത് കേട്ടവളിൽ മനസ്സൊന്നു പിടഞ്ഞു... യാദ്രിശ്ചികമായി അവളുടെ കൈകൾ അവന്റെ മുടിയിഴയിൽ തലോടി... ചെയ്ത തെറ്റിന് പ്രായശ്ചിത്തം എന്ന പോലെ... അവന് ഉറങ്ങിയതും അവന്റെ തല എടുത്തുമാറ്റിയവൾ അവനെ പുതപ്പിച്ചു... ദേവ് വിളിച്ചത് ഓർത്തതും അവൾ വാതിക്കൽ നടന്നുകൊണ്ട് ഡോർ തുറന്നു... എന്നാൽ മുന്നിലെ മുറിയുടെ വാതിക്കൽ നിൽക്കുന്ന മുത്തശ്ശിയെ കണ്ടതും അവൾ ഞെട്ടി.... അവർ അവൾക്കടുത്തേക്ക് നടന്നു വരുമ്പോൾ അവളുടെ കാലുകൾ വിറയലോടെ കൂട്ടിയിടിക്കുകയായിരുന്നു... "ഉറങ്ങാൻ ആയില്ലേ നിനക്ക് "അവർ ചോദിച്ചത് കേട്ട് അവൾ നിന്ന് വിയർത്തു..

. "അത് വെള്ളം.. വെള്ളം കുടിക്കാൻ..."അവൾ പറഞ്ഞത് കേട്ട് അവർ മുറിയിലേക്ക് തലയിട്ടു നോക്കി...അവളും അവർ നോക്കുന്നിടം കണ്ണുകൾ പതിപ്പിച്ചു കാലിയായ ജഗ് കാണെ അവളിൽ നേരിയ ആശ്വാസം തോന്നി... "നാളെ മുതൽ കിടക്കുമ്പോൾ ജഗ്ഗിൽ വെള്ളവുമായി വരണം...അർധരാത്രി വെള്ളം കുടിക്കാൻ എണീച്ചുകൊണ്ടിരിക്കണം എന്നില്ല "അവർ പറഞ്ഞത് കേട്ട് അവൾ അനുസരണയോടെ തലയാട്ടി... "ഹ്മ്മ് "ഒന്ന് മൂളിക്കൊണ്ടവർ നടക്കാൻ തുനിഞ്ഞു പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾക്ടുത്തു വന്നു നിന്നു... കാശിയുടെ പേര് കൊത്തിയ താലിയിൽ പിടിച്ചു ഒന്ന് ഉയർത്തി... "മനസ്സാലെ ആണെങ്കിലും അല്ലെങ്കിലും ഒരാളുടെ താലി ഈ കഴുത്തിൽ അണിഞ്ഞാൽ ഏഴ് ജന്മവും അവന്റെ പാതിയായി ആണ് ദൈവത്തിനു മുന്നിൽ....

ഇതണിഞ്ഞുകൊണ്ട് ദൈവത്തിനു നിരക്കാത്തത് ചെയ്‌താൽ എനിയുള്ള ഏഴ് ജന്മവും താലിയുടെ ശാപം നിന്റെ തലക്ക് മുകളിൽ നിന്ന് മായില്ല... ഓർത്തോ നീ " അവളെ നോക്കി ശാന്തമായി പറഞ്ഞുകൊണ്ട് മുത്തശ്ശി പോയതും അവൾ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നി.. നിറഞ്ഞു വന്ന കണ്ണുകളോടെ അകത്തു കയറിയവൾ ഡോർ അടച്ചു അതിൽ ചാരി നിന്നു... കഴുത്തിലെ താലി ചുട്ടു പൊള്ളുന്ന പോലെ തോന്നിയവൾക്ക്... അവൾ കാശിനാദ് എന്ന പേരിലേക്ക് ഒന്ന് നോക്കി... അവളുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ ആ പേരിൽ ഒലിച്ചിറങ്ങി... കണ്ണുകൾ ഉയർത്തിയവൾ ബെഡിൽ ഉറങ്ങുന്നവനെ നോക്കി.. "നിങ്ങളെ ഭർത്താവായി കാണാൻ എനിക്ക് പറ്റില്ലാ.."സ്വയം പുലമ്പിയവൾ നിലത്ത് ഊർന്നിരുന്നു... ഡോറിൽ തലചാരി കണ്ണുകൾ അടച്ചു....................തുടരും…………

താലി : ഭാഗം 1

Share this story