താലി 🥀: ഭാഗം 9

thali

എഴുത്തുകാരി: Crazy Girl

"എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല... തലേന്ന് രാത്രി പാർടൈം ജോബിന് പോയ അലോക് കാശിയെ വിളിച്ചു പറഞ്ഞത്രേ അലോശി ഒറ്റക്കാണ് അവളെ ഒന്ന് പോയി നോക്കണേ എന്ന്.... പണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ ചുറ്റും ആൾക്കൂട്ടമായിരുന്നു.... എന്തെന്നറിയാതെ അലോക് അവിടെ പാഞ്ഞു എത്തുമ്പോൾ കാണുന്നത് വിവസ്ത്രയായ ദേഹത്തു പുതപ്പ് ചുറ്റി ദേഹം മറച്ചു ചോരയിൽ കിടക്കുന്ന അനിയത്തിയേയും തൊട്ടടുത്ത് ഷർട്ട്‌ ഇല്ലാതെ തല കുനിച്ചിരിക്കുന്ന കാശിയെയും ആണ്... നാട്ടുകാരുടെ അടി കിട്ടിയതിനാൽ ദേഹത്തും മുഖത്തും പാട് ഉണ്ടായിരുന്നു അവനു... ഞാൻ എത്തുമ്പോൾ കാശിയെ പോലീസ് കൊണ്ട് പോയിരുന്നു... അലോഷിയെ ആംബുലൻസിലും കൊണ്ട് പോയി... കൂടെ പൊട്ടികരഞ്ഞുകൊണ്ട് അലോക്കും.... ഹോസ്പിറ്റലിൽ നിന്ന് അലോഷിയുടെ ജീവനറ്റ ശരീരമായി വരുമ്പോൾ അലോകിന്റെ ആത്മാവും ഇല്ലാതായത് പോലെയാണ്..

കരയുന്നില്ല അനങ്ങുന്നില്ല എന്തിനു ഒന്ന് നോക്കുന്നത് പോലും ഇല്ലാ... ആരുടെ കൂടെ നിക്കണം എന്ന് എനിക്ക് അറിയില്ല ആന്റി...ഒരുഭാഗത്തു കാശിയെ ഒന്ന് കാണാൻ പോലീസ് സമ്മതിക്കുന്നില്ല... മറുഭാഗത്തു അലോക് ആകെയുള്ള പെങ്ങൾ അവനെ വിട്ട് പോയേക്കുന്നു സമനില തെറ്റിയ പോലെ അവനും... എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലലോ ആന്റി... " അന്ന് ഞങ്ങളുടെ മുന്നിൽ. പൊട്ടിക്കരയുന്ന പ്രവീണിനോട് എന്ത് പറയണം എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു.... കാരണം എന്റെ മകനാ ആ ജയിലിൽ പീഡനപ്രതിയായി...എന്റെ മകളാ പിച്ചിച്ചീന്തി മരിച്ചു കിടക്കുന്നത്.... തകർന്നു പോയി ഞങ്ങൾ... അതിലേറെ തളർത്തി ഒരു വാക്ക് പോലും മിണ്ടാത്ത കാശിയെ..

ഞാനല്ല എന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസികുമായിരുന്നു... പക്ഷെ അവന് ഒന്നും മിണ്ടുന്നില്ല ആരെയും നോക്കുന്നില്ല... സെൻട്രൽ ജയിലിലേക്ക് മാറ്റുമ്പോഴും അവന്റെ നിശബ്ദത ഞങ്ങളെ തളർത്തികൊണ്ടിരുന്നു.." അമ്മ പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ പോലും ചിമ്മാതെ ശ്വാസം വിലങ്ങി അവൾ കേൾക്കുകയായിരുന്നു... കണ്ണുകൾ മങ്ങിയപ്പോൾ ആണ് കണ്ണ് നിറഞ്ഞൊഴുകകയാണെന്ന് അവൾ അറിഞ്ഞത്... അപ്പോഴും അത് തുടച്ചു മാറ്റാൻ ആകാതെ ഫോണിൽ പിടി മുറുക്കിയവൾ ഇരുന്നു... "കാശിയേട്ടന് പറ്റുമോ.. അങ്ങനെ "അവൾ ശബ്ദം പുറത്ത് വരാതെ വിക്കി... "ഞങ്ങളും ഓർത്തു അവനു അങ്ങനെ ചെയ്യാൻ കഴിയുമോ എന്ന്.... പക്ഷെ തെളിവല്ലാം അവനു എതിരായിരുന്നു....

ഒന്നര വർഷം വേണ്ടി വന്നു അവനെ ജയിലിൽ നിന്ന് ഇറക്കാൻ... അവനല്ല അലോഷിയുടെ മരണത്തിനു പിന്നിൽ എന്ന് തെളിയിക്കാനും യഥാർത്ഥ പ്രതിയെ കണ്ടെത്താനും പ്രവീണിന്റെ അച്ഛന്റെ സഹായം വേണ്ടി വന്നു... പക്ഷെ ജയിലിൽ നിന്ന് ഇറങ്ങിയത് മുതൽ വെട്ടവും വെളിച്ചവുമില്ലാതെ മുറിയിൽ ചുരുണ്ടു കൂടി കാശി ...ആരോടും മിണ്ടാതെ ചോദിക്കുന്നതിനു മറുപടി ഇല്ലാതെ...ജീവനുണ്ട് എന്ന് മനസ്സിലാകുന്നത് ഓരോ ദിവസം കൂടുമ്പോൾ കഴിച്ചു തീരുന്ന കാലി ഭക്ഷണ പാത്രം കാണുമ്പോൾ ആണ്... തെറ്റുകൾ ചെയ്തിട്ടില്ലെന്ന് ലോകം മൊത്തം ബോധ്യപ്പെട്ടിട്ടും അവന് സ്വയം ശിക്ഷിക്കുന്നത് എന്തിനാണെന്ന് അറിയില്ല...... അന്ന് പ്രധീക്ഷിക്കാതെയാണ് അലോക് വീട്ടിലേക്ക് വന്നത്... ഒന്നരവർഷം കൊണ്ട് മെലിഞ്ഞു എല്ലും തോട് പോലെയുള്ള ഒരു ശരീരം അതായിരുന്നു അന്ന് അലോക്... അവൻ ഒന്നേ പറഞ്ഞുള്ളു കാശിയെ കാണണം എന്ന്...

പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി...അവൾ അമ്മയുടെ കൈകളിൽ ആശ്വാസിപ്പിക്കാൻ എന്ന പോൽ മുറുകെ പിടിച്ചു... തിരികെ പോകുമ്പോൾ യാത്രയാക്കാൻ കാശിയും അവനു പുറകെ ഇറങ്ങിയത് കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടുപോയി...അഞ്ചു മാസത്തോളം മുറിയിൽ നിന്ന് ഇറങ്ങാത്തവൻ ഇന്ന് ഇറങ്ങിയേക്കുന്നു.... പിന്നീടും വലിയ മാറ്റമൊന്നുമില്ലെങ്കിലും അവന് മുറിയിൽ അടച്ചു പൂട്ടി ഇരിക്കാറില്ല... അലോകും പ്രവീണും ഇടയ്ക്കിടെ കാശിയെ കാണാൻ വന്ന് തുടങ്ങി...എങ്കിലും ആ പഴയ ഉത്സാഹം ഒന്നുമില്ലാ... അലോഷിയുടെ ഓർമ്മകൾ മൂവരേം വേട്ടയാടുന്ന പോലെ തോന്നും.... പിന്നീട് മാസങ്ങൾക് ശേഷമാണ് കാശി കൊച്ചിയിലേക്ക് വീണ്ടും യാത്ര പോയത്... ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് രാത്രിയാവുമ്പോഴേക്കും വീട്ടിൽ എത്തിയിരുന്നു.... എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് പ്രധീക്ഷിക്കാതെ ആയിരുന്നു അവനെ തേടി ആ വാർത്ത വന്നത്...

.കൊച്ചിയിലെ ലോഡ്ജിൽ ഒരുമുളം കയറിൽ ജീവൻ വടിഞ്ഞു ഇരുപതിനാലുകാരൻ അലോക്... ഞെട്ടി പോയി ഞങ്ങൾ അനിയത്തി പുറകെ ചേട്ടനും... പക്ഷെ എന്തിനാണ് അവന് ഇത് ചെയ്തത് എന്ന് എത്ര ആലോജിട്ടും ഞങ്ങള്ക്ക് അറിയില്ലായിരുന്നു.... അതിനേക്കാൾ വേദനയുള്ള അവസ്ഥയിലായിരുന്നു എന്റെ കാശി... ചരമകോളത്തിൽ ഒതുങ്ങിപോയ ആ വാർത്തയിൽ അവന് നോക്കിയിരിക്കും... ഇടക്ക് പൊട്ടിപ്പൊട്ടി കരയും... ഇടക്ക് അനങ്ങില്ല.... അവന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി.... ചിലപ്പോ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി ഓടും... അടുത്തേക്ക് ചെല്ലുന്നവരെ ഉപദ്രവിക്കും...ഹൃദയം പിടഞ്ഞാലും അവനെ ഞങ്ങൾ മുറിയിൽ അടച്ചിടും ഒരിക്കെ ആരും കാണാതെ റോഡിൽ ഇറങ്ങി ഓടിയവനെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടിട്ടു...

അവന്റെ സമനില തെറ്റിയെന്ന് അറിയാമായിരുന്നു എങ്കിലും മറ്റുള്ളവരിൽ നിന്ന് കേൾക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടാ ഒരു ഹോസ്പിറ്റലിലും കൊണ്ട് ചെല്ലാഞ്ഞേ.... എന്നാൽ അവനെ അവിടെ അടച്ചിട്ടു... ഷോക്ക് ട്രീറ്റ്മെന്റ് നൽകി... അമ്മയുടെ നിർബന്ധപ്രകാരം അവനെ വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നു.... ഷോക്ക് ട്രീറ്റ്മെന്റിൽ അവന് എല്ലാം മറന്നിരുന്നു... അവന്റെ സ്വഭാവം കൊച്ചു കുഞ്ഞിനെ പോലെ സ്വയബോധമില്ലാതെ എന്തെല്ലാമോ വിളിച്ചു പറയും.... ഇപ്പൊ എന്റെ കാശി കൊച്ചു കുഞ്ഞിനെ പോലെ...ഒന്നുമറിയാതെ... പൊട്ടനെ പോലെ... ദൈവം എന്തിനാ എന്റെ കുട്ടിയെ ഇങ്ങനെ പരീക്ഷിക്കുന്നെ എന്ന് ഞങ്ങള്ക്ക് അറിയില്ലാ...മോളെ... ഒരുപാട് അനുഭവിച്ചു...." അമ്മ കരഞ്ഞു പോയി... അച്ഛന്റെ തേങ്ങലും ഉയർന്നു... വൈശാലിക്ക് ഹൃദയം പൊട്ടിപിളരും പോലെ വേദന തോന്നി....

"പൊട്ടനലമ്മേ... കാശിയേട്ടൻ സ്പെഷ്യലാ...സ്നേഹിക്കാൻ മാത്രമറിയുന്ന സ്പെഷ്യൽ ആണ് കാശിയേട്ടൻ " അലറി കരയുന്ന അമ്മയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.... അവൾക് ഹൃദയത്തിൽ ചോര കിനിയുന്നത് പോലെ തോന്നി... വേദന... തൊണ്ടക്കുഴിയിൽ എന്തോ കുരുങ്ങിയ പോലെ... നെഞ്ചിൽ എന്തോ ചെന്നിടിച്ച പോലെ വേദന....... ഒരുമാത്ര എല്ലാം കണ്ടറിഞ്ഞത് പോലെ അവൾ വിങ്ങിപ്പൊട്ടി... തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു..... സ്വപ്നത്തിൽ പോലും കാണാത്ത ദുസ്വപ്നം പോലെയാണ് ജീവിതത്തിൽ പ്രധീക്ഷിക്കാതെ പലതും നടക്കുന്നത് .... പ്രണയമാണെന്ന് പറഞ്ഞു ഒരുവൻ ജീവത്തിലേക്ക് കടന്നു വരുമ്പോൾ അറിഞ്ഞില്ലാ സ്വന്തം സ്വാർത്ഥമായാ രക്ഷയ്ക്കു വേണ്ടി സ്നേഹിച്ചവളുടെ പ്രണയം വലിച്ചെറിയുമെന്ന് .....

മനസ്സാൽ പോലും കരുതാതെ അവന്റെ ചതിക്കുഴിയിൽ കുടുങ്ങി അവന്റെ ഭ്രാന്തനായ കൂടപ്പിറപ്പിന്റെ താലി കഴുത്തിൽ വീഴുന്നു... വെറുപ്പ് തോന്നി താലി അണിയച്ചവനോട്... എന്നാൽ വെറുക്കേണ്ടത് താലി ചാർത്തിയവനെ അല്ല താലിച്ചാർത്താം എന്ന് പറഞ്ഞു കബളിപ്പിച്ചവനെയാണ് എന്ന് താലി തെളിയിച്ചു.. ഭ്രാന്തൻ ആണെലെന്താ തന്നെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് സമാധനിച്ചു മടുത്തു പോയ ജീവിതത്തിൽ വീണ്ടും സന്തോഷം കണ്ടെത്തി ... എന്നാൽ വീണ്ടും ചുരുളഴിയാത്ത രഹസ്യങ്ങൾ തന്റെ ജീവിതത്തിൽ ചുറ്റിപറ്റി നടക്കുന്നു...ഒന്നും മനസ്സിലാകുന്നില്ലല്ലോ ഈശ്വരാ... ജീവിതം കാലം മുഴുവൻ കാശിയേട്ടൻ ഭ്രാന്തൻ ആയിരിക്കുമോ?....എന്തിനായിരിക്കും അലോകേട്ടൻ ആത്മഹത്യ ചെയ്തത്?... കുന്നോളം ചോദ്യമുണ്ട്... പക്ഷെ ഒന്നിനും ഉത്തരമില്ല... വൈശാലി ദീർഘശ്വാസമെടുത്തുകൊണ്ട് മുറിയിലേക്ക് കയറി... ഉറങ്ങുന്ന കാശിയെ കാണെ അവൾക് അവൾക് സങ്കടം അലയടിച്ചു വന്നു... ഡോർ അടച്ചുകൊണ്ടവൾ ബെഡിൽ ഹെഡ്ബോർഡിൽ മുട്ടിയിരുന്നു അവന്റെ മുടിയിഴയിൽ തലോടി....

"ഒരുഭാഗത്തു സ്വന്തം സ്വാർത്ഥതയ്ക്കും സുഖങ്ങൾക്കും വേണ്ടി ആരെയും നഷ്ടപ്പെടുത്തുന്ന അനിയൻ... മറുഭാഗത്തു സ്വന്തമൊ ബന്ധമോ അല്ലാഞ്ഞിട്ടും നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ സമനില തെറ്റിയ മറ്റൊരുവൻ... കാശിയേട്ടാ നിങ്ങൾക് മാത്രമേ ഇങ്ങനെ സ്നേഹിക്കാൻ കഴിയൂ...ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നു ഒന്നുമറിയാതെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഈ കാശിയേട്ടൻ തന്നെ മതി... നിങ്ങളുടെ ഓർമ്മകൾ തിരിച്ചു ലഭിച്ചാൽ വീണ്ടും നിങ്ങള് വേദനയിൽ മുങ്ങി താഴും... എനിക്കത് കാണാൻ കഴിയില്ല.... അറിയില്ല നിങ്ങൾ വേദനിക്കുമ്പോൾ അതിനിരട്ടിയായി ഈ എനിക്ക് വേദനിക്കുന്നു.... നിങ്ങളുടെ കണ്ണ് നിറയുമ്പോൾ എന്റെ നെഞ്ചം പിടയുന്നു.... പ്രണയമാണോ... അറിയില്ലാ...

പക്ഷെ ഒന്നറിയാം ഇന്നെന്റെ മനസ്സ് നിറയെ നിങ്ങളുടെ മുഖമാണ്.... " കണ്ണുകൾ നിറഞ്ഞവൾ ഓർത്തു... അവന്റെ നെറ്റിയിലെ പാറിവീണ മുടിയിഴയിൽ പുറകിൽ ഒതുക്കി അവന്റെ നെറ്റിത്തടത്തിൽ അവൾ നേർമയായി ചുംബിച്ചു...ഒരിറ്റു കണ്ണുനീർ അവന്റെ നെറ്റിയിൽ പതിഞ്ഞുകൊണ്ടവൾ ഉയർന്നു.. അവന് ഒന്ന് കുറുകികൊണ്ടവളുടെ മടിയിൽ ചെരിഞ്ഞു തലവെച്ചു കിടന്നു... അവൾ കണ്ണുകൾ തുടച്ചുകൊണ്ട് ചാരി ഇരുന്നു... അപ്പോഴും അവളുടെ കൈകൾ അവന്റെ മുടിയിഴയിൽ ഇഴച്ചുകൊണ്ടിരുന്നു....  "അയ്യേ ഇങ്ങനെ ആണോ അമ്പലത്തിൽ പോകുന്നെ " ഷോർട്സും ഷർട്ടും അണിഞ്ഞു ബെഡിൽ ഇരിക്കുന്ന കാശിയെ നോക്കി വൈശാലി മുഖം ചുളിച്ചു...

"പിന്നെന്താ വേണ്ടേ വാവേ "അവൻ സ്വയം നോക്കി... "മുണ്ട് എവിടെ ". "മുണ്ടോ... അച്ചനല്ലേ മുണ്ട് ഇടുന്നെ... കാശിക്ക് അത് ഇല്ലല്ലോ "അവളെ നോക്കി അവൻ പറഞ്ഞതും അവൾ ഷെൽഫിന്റെ അടുത്തേക്ക് നടന്നു... ഷെൽഫ് തുറന്നു ചുറ്റും പരതി നോക്കി... ശെരിയാ പാന്റും ഷോർട്സും അല്ലാതെ ഇവിടെ മുണ്ട് ഒന്നും ഇല്ലാ.... "ഇനി എന്ത് ചെയ്യും "അവൾ അവനെ ചുണ്ട് പിളർത്തി നോക്കിയതും അവൻ കൈ മലർത്തി കാണിച്ചു... അവളുടെ മുഖത്ത് കുസൃതി നിറഞ്ഞു... "ഇവിടെ അടങ്ങി ഒതുങ്ങി ഇരിക്കണം ട്ടോ "അവനെ നോക്കി അവൾ പതിയെ പറഞ്ഞത് കേട്ട് അവൻ അനുസരണയോടെ തലയാട്ടി... അവൾ പുറത്ത് ഇറങ്ങി കുറച്ചു കഴിഞ്ഞതും കിതച്ചുകൊണ്ട് മുറിയിലേക്ക് വന്നു...

അവൻ അവളെ മിഴിച്ചുനോക്കി... "ടണ്ഠടെ "പുറകിലെ കറുപ് കരയുള്ള വെള്ള മുണ്ട് ഉയർത്തി അവൾ മെല്ലെ കൂവിയതും അവൻ കൈകൾ മുട്ടി... "ഇന്നാ വേഗം ഇട്ടോ... "അവനു നേരെ അവൾ നീട്ടിയതും അവൻ വേഗം അത് വാങ്ങി... അവൾ ചിരിയോടെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് മുകളിൽ കെട്ടി വെച്ചിരുന്ന മുടി വിടർത്തിയിട്ടു.... കണ്ണാടിയിൽ ഒട്ടിച്ചുവെച്ചിരുന്ന കറുത്ത കുഞ്ഞി പൊട്ടു നെറ്റിയിൽ ഒട്ടിച്ചവൾ കുറച്ചു പൌഡർ മുഖത്ത് ഇട്ടു..... കണ്ണും എഴുതി... സാരിയുടെ ഞൊറിവും ചുളിവും നേരെയാക്കി... ഒരുങ്ങിയെന്ന് കണ്ണാടിയിൽ നോക്കി ഉറപ്പിച്ചവൾ തിരിഞ്ഞു നോക്കി... കാശിയെ കാണെ അവൾക് ചിരി വന്നു... അത്രേം വലിയ മുണ്ട് ആയിരുന്നിട്ടും അകത്തു ഇട്ടിരിക്കുന്ന ഷോർട്സ് കാണുന്നുണ്ട്... ഒരുമാതിരി കള്ളുകുടിയൻ മാരെ പോലെ ഉണ്ട്... അവൾക് ചിരി പൊട്ടി... "കൊള്ളാവോ വാവേ "അവൻ അവളെ നോക്കി കണ്ണ് വിടർത്തി "നമ്മളെങ്ങോട്ടാ പോണേ "

അവൾ കൈകൾ മാറിൽ പിണച്ചുകൊണ്ട് ചോദിച്ചു... "കൃഷ്ണനെ കാണാൻ "അവൻ നിഷ്കളങ്കമായി മറുപടി നൽകി "അല്ലാതെ കള്ള് ശാപ്പിൽ അല്ലല്ലോ "അവൾ ചിരിപ്പൊട്ടി പറഞ്ഞത് കേട്ട് അവൻ മുഖം ചുളിച്ചു... "അവിടേം പോകണോ "അവൻ ചോദിച്ചത് കേട്ട് അവൾ തലക്കുടഞ്ഞു... ഇന്നലെ പുറത്ത് കൊണ്ട് പോകാം എന്ന് പറഞ്ഞതിന് ഈ സമയം വരെ പുറകെ വാശിയോട് നടക്കുവായിരുന്നു... ഇന്നലെത്തെ സാഹചര്യം ഓർക്കേ ഇന്നലെ പോകാൻ തോന്നിയില്ല... അതുകൊണ്ട് ഏതായാലും ഇന്ന് അമ്പലത്തിലേക്ക് പോകാം എന്ന് പറഞ്ഞാണ് ഈ ഒരുങ്ങി നില്കുന്നത്.. അറിയാതെ വായിൽ കള്ള്ശാപ്പ് എന്ന് പറഞ്ഞു... കൂടുതൽ എന്തേലും പറഞ്ഞാൽ ഇനിയിപ്പോ കള്ള് ശാപ്പിൽ പോകണം എന്നായിരിക്കും വാശി... അവൾ ഓർത്തു കൊണ്ട് അവനടുത്തേക്ക് നടന്നു... "ഇങ് താ ഞാൻ ഇട്ടു തരാം " ചുരുട്ടി കൂട്ടി ഇരുക്കിവെച്ചിരിക്കുന്ന മുണ്ടിന്റെ പിടിയിൽ പിടിച്ചതും കാശി പുറകിലേക്ക് അയ്യേ എന്നും പറഞ്ഞ് പുറകിലേക്ക് നീങ്ങി... "നിക്ക് കാഷിയേട്ടാ "അവൾ കൂർപ്പിച്ചു നോക്കി

അവന്റെ മുഖം എന്നാൽ നാണം നിറഞ്ഞു നില്കുന്നത് കാണെ അവൾക് ചിരി പൊട്ടി... "ശ്യോ ഒരു നാണക്കാരൻ വന്നേക്കുന്നു... ഇങ് വാ വേഗം മുണ്ടുടത്താൽ മഴ വരുന്നതിനു മുന്നേ പോയി വരാം "അവൾ അവനടുത്തേക്ക് നീങ്ങി പറഞ്ഞതും അവൻ ആണോ എന്ന് പോലെ നോക്കി..... "ഞാൻ കാശിയേട്ടന്റെ ആരാ " വീണ്ടും നാണത്തോടെ പുറകിലേക്ക് നീങ്ങാൻ പോകുന്നവന്റെ ശ്രെദ്ധ മാറ്റാനായി അവൾ ചോദിച്ചു... "വാവ "അവൻ അവളെ നോക്കി പറഞ്ഞു... "എന്റെ പേരെന്താണെന്ന് അറിയുമോ " അവൾ അവനെ നോക്കി ചോദിച്ചു കൊണ്ട് മുണ്ടിന്റെ കെട്ടഴിച്ചു.... അടിയിൽ ഷോർട്സ് ഉണ്ടായിരുന്നു എന്നിട്ടാണ് ഈ നാണം അവൾ മനസ്സിൽ ഓർത്തു... "ഹ്മ്മ് വാവന്നല്ലേ "അവൻ അവളെ സംശയത്തോടെ നോക്കി... "ആണോ "അവൾ കുറുമ്പോടെ ചോദിക്കുമ്പോഴും അവൾ മുണ്ട് മടക്കികൊണ്ടിരുന്നു... "ആ അതെ... വാവായല്ലേ നീ " "ആരാ പറഞ്ഞെ ഞാൻ വാവ ആണെന്ന് "അവൾ അവനെ മുഖമുയർത്തി നോക്കി.. "അടുത്ത വീട്ടിലെ ശീതലാന്റിയുടെ വാവ എന്നെ കണ്ടപ്പോ കരഞ്ഞല്ലോ... അപ്പൊ അമ്മ പറഞ്ഞു വാവായല്ലേ പേടിച്ചിട്ടാണെന്ന്..

അന്ന് വാവ വന്നപ്പോഴും എന്നെ കണ്ട് കരഞ്ഞില്ലേ... അപ്പൊ വാവ ആയോണ്ടാല്ലേ പേടിച്ചേ "അവൻ പറഞ്ഞത് കേട്ട് അവൾ അവനെ ഉറ്റുനോക്കി... "ഇങ്ങനെ നിഷ്കളങ്ങാനാവല്ലേ കാശിയേട്ടാ..." അവൾ അവനെ കണ്ണ് നിറച്ചു നോക്കി കൊണ്ട് മൊഴിഞ്ഞു... "എന്താ വാവേ "അവൻ അവളുടെ മുഖത്ത് ഉറ്റുനോക്കി... "ഏയ് എന്റെ കാശിയേട്ടാൻ ക്യൂട്ട് ആണെന്ന് പറഞ്ഞതാ "അവൾ അവനെ നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് മുണ്ടിന്റെ അറ്റം ഇറുക്കി കൊടുത്തു... "ഇക്കിളിയാവുന്നു വാവേ "അവൻ ചിരിയോടെ കുണുങ്ങിയത് കണ്ട് അവൾക് ചിരി പൊട്ടി... "ഇക്കിളിയോ എവിടെ നോക്കട്ടെ...ഇവിടെ ആണോ... ഏഹ് ഇവിടെ ഇക്കി ഉണ്ടോ "അവന്റെ വയറ്റിലും കഴുത്തിലും ഇക്കിളിയാക്കിയവൾ കുറുമ്പോടെ ചോദിക്കുമ്പോൾ അവന്റെ ചിരിയാകേ ആ മുറിയിൽ ഉയർന്നിരുന്നു... അവളുടേതും...  "സുഭദ്രേ... മുണ്ടെവിടെ... ഇസ്തിരിയിട്ട് വെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് " മുറിയിലെ അച്ഛന്റെ ശബ്ദം ഉയർന്നു കേട്ടുകൊണ്ടാണ് ഇരുവരും പടികളിൽ നിന്ന് ഇറങ്ങിയത്... "കാശിയേട്ടാ ഒച്ചയക്കാതെ വാ "അവൾ അവന്റെ കയ്യില് പിടിച്ചു മെല്ലെ നടന്നു...

മുന്നിൽ നടക്കുന്നവൾ പതുങ്ങി നടക്കുന്നത് കണ്ടു ഒന്നും മനസ്സിലാകാതെ അവനും അവളെ അനുഗമിച്ചു... "അവിടെ ബെഡിൽ ഉണ്ട് ഏട്ടാ നേരെ നോക്ക്..."അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദവും ഉയർന്നു... "അമ്മേ ഞങ്ങൾ ഇറങ്ങുവാണെ "വൈശാലി ചെരുപ്പണിഞ്ഞു കാശിക്കും ചെരുപ്പ് ഇട്ടു കൊടുത്തുകൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞവൾ അവന്റെ കയ്യും പിടിച്ചു ഓടി... "ഈ പിള്ളേരെന്താ പെട്ടെന്ന് പറഞ് പോയേ "അമ്മ ഉമ്മറത്തു വന്ന് കാശിയെയും വൈശാലിയെയും കാണാത്തത് കണ്ടു നെറ്റിച്ചുളിച്ചു "സുഭദ്രേ എന്റെ മുണ്ട് "കേശവൻ അലറി... "ദാ വരണു മനുഷ്യാ "സുഭദ്ര നെറ്റിക്ക് അടിച്ചുകൊണ്ട് അകത്തേക്ക് കയറി ഗേറ്റ് കടന്നു കുറച്ചു ദൂരം എത്തിയതും അവൾ നിന്നു കിതച്ചു... "എൻ... ന്തിനാ.. വാവേ... ഓടിയെ.."അവനും കിതച്ചു... "അച്ഛന് കടയിൽ പോകാൻ തേച്ചു വെച്ച മുണ്ടാ ഇത്... ഇതിനാണ് അച്ഛന് അവിടുന്ന് അലറുന്നെ "അവൾ ചിരിപൊട്ടി പറഞ്ഞത് കേട്ട് അവൻ അവളെ ഉറ്റുനോക്കി "വാവേടെ ചിരി കാണാൻ എന്ത് രസവാ "അവളെ കണ്ണ് വിടർത്തിയവൻ നോക്കി... "എന്റെ കാശിയേട്ടന്റെ അത്രയൊന്നുമില്ല...

"സാരിയുടെ അറ്റം കയ്യിലെടുത്തു കൊണ്ട് ഒന്ന് ഉയർന്നവൾ അവന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു... വഴിയിൽ നടക്കുന്നവർ അവരെ നോക്കി പിറുപിറുത്തു പോകുന്നത് കണ്ടവൾ നേരെ നിന്നു... "കേശവന്റെ മോനല്ലേ അത്... അതിനു ഭ്രാന്തല്ലേ.. എന്നിട്ടെന്താ പുറത്ത് " "നീ അറിഞ്ഞില്ലേ.. അതിനെ നോക്കാൻ വന്നവളാ ആ കൂടെ...അവന് അന്ന് കയറി പിടിച്ചെന്നാ കേട്ടത്...അവസാനം അതിന്റെ മാനം രക്ഷിക്കാൻ രണ്ടിനേം കെട്ടിച്ചതാ... ആ പെണ്ണിന്റെ ഒരു അവസ്ഥ നോക്കണേ... അവനെ പോലെ ഒരുത്തന്റെ കൂടെ എങ്ങനെയാ അത്...." പദംപറച്ചിൽ ആണെങ്കിലും അവൾക് നല്ല പോലെ കേൾക്കാൻ പാകത്തിലായിരുന്നു അവരുടെ ശബ്ദം... അവൾ അവരെ തറപ്പിച്ചു ഒന്ന് നോക്കിയതും അവരുടെ മുഖം വിളറി വെളുത്തു മുന്നോട്ട് വേഗം നടന്നു... "വാ കാശിയേട്ടാ "അവന്റെ കൈകളിൽ കോർത്തവൾ ചെറുചിരിയോടെ നടന്നു... "കാശിയേട്ടനെന്താ നോക്കുന്നെ "മിണ്ടാതെ ചുറ്റും നോക്കി നടക്കുന്ന കാശിയെ അവൾ തല ഉയർത്തി നോക്കി... "അമ്പലത്തിൽ എത്താൻ ആയോ"അവന് സംശയത്തോടെ അവളെ നോക്കി...

"കാശിയേട്ടൻ അമ്പലത്തിൽ പോകാറില്ലേ " "ഇല്ലല്ലോ " "ഇതുവരെ "അവൾ നെറ്റിച്ചുളിച്ചു... "എനിക്കൊർമയില്ലാ വാവേ..."അവന് തലചൊറിഞ്ഞു... "എന്നോട് വീട്ടീന്ന് ഇറങ്ങാൻ പാടില്ലാ എന്ന് അച്ഛന് പറഞ്ഞല്ലോ...എനിക്ക് സുഖമില്ലെന്ന് പറയും...എന്നേം കൂട്ടി ആരും പോകാറില്ല... എല്ലാർക്കും പേടിയാ എന്നേ "കാശി പറഞ്ഞത് കേൾക്കേ അവൾക് വല്ലാതെ തോന്നി... "അതിനെന്താ കാശിയേട്ടന് വാവയുണ്ടല്ലോ..."അവൾ നേർമയായി പറഞ്ഞു... "ശെരിക്കും "അവന് കണ്ണു വിടർത്തി അവളെ നോക്കി... അവൾ കൺചിമ്മി കാണിച്ചതും അവൻ ഉത്സാഹത്തോടെ ചുറ്റും കണ്ണോടിച്ചുകൊണ്ട് നടന്നു... അവൾ അവന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു... അവന്റെ കണ്ണിലേ തിളക്കം അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സന്തോഷം നൽകുന്നതറിഞ്ഞു... അവനിൽ കണ്ണ് പതിപ്പിച്ചു നടന്നവൾ മുന്നിലെ കല്ല് കാണാതെ അതിൽ തടഞ്ഞു മുന്നോട്ട് ചാഞ്ഞതും ഉറച്ച കൈകൾ അവളുടെ വയറിൽ അമർന്നിരുന്നു... "വീഴും വാവേ "അവളെ നേരെ നിർത്തി അവന് വെപ്രാളത്തോടെ പറഞ്ഞത് കേട്ട് അവളിൽ പുഞ്ചിരി നിറഞ്ഞു... അവൾ വലം കൈ അവന്റെ വിരലുകൾക്കിടയിൽ അമർത്തി കോർത്തുകൊണ്ട് ഇടംകയ്യ് അവന്റെ കൈമുട്ടിനുമേലെ വെച്ചു അവനിൽ ചേർന്ന് നടന്നു... മഴ പെയ്തു കഴിഞ്ഞുള്ള ആ തണുത്ത കാറ്റ് അവരിൽ കുളിരേകി... അവൾ അവനിൽ ഒന്നൂടെ ചേർന്നു ..........................തുടരും…………

താലി : ഭാഗം 8

Share this story