തമസ്സ്‌ : ഭാഗം 21

തമസ്സ്‌ : ഭാഗം 21

എഴുത്തുകാരി: നീലിമ

“”സൈമൺ… ഞാൻ കാൾ കട്ട്‌ ആക്കുന്നില്ല…. സ്റ്റേഷനുള്ളിൽ നടക്കുന്നതൊക്കെ നിനക്ക് ഈ ഫോണിൽ കൂടി കേൾക്കാം…. ഇവളുടെ വായിൽ നിന്നും എന്തെങ്കിലും വീഴുവാണെങ്കിൽ ഒന്നും നോക്കണ്ട… രണ്ടിനേം അപ്പൊത്തന്നെ തീർത്തേക്കണം….. എന്നെ കുരുതി കൊടുത്തിട്ട് ഇവൾ അങ്ങനെ സന്തോഷിക്കാൻ പാടില്ലല്ലോ…..”””” പറഞ്ഞത് സൈമണോടാണെങ്കിലും നോട്ടം ജാനകിയുടെ മുഖത്തായിരുന്നു….. “””””വാ… അകത്തേയ്ക്ക് പോകാം….””””” ഫോൺ പോക്കറ്റിൽ ഇട്ട് അവൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ തറഞ്ഞു നിൽക്കുകയായിരുന്നു ജാനകി…!!!! 🍀🍀🍀🍀

സാർ ഒക്കെ പറഞ്ഞിട്ടും ഒന്നും വിശ്വസിക്കാത്തത് പോലെ ജയേട്ടൻ എന്റെ കയ്യിൽ പിടിച്ചു ഒപ്പം വരാൻ വിളിച്ചപ്പോ തകർന്നു പോയത് എന്റെ ചങ്കാണ്…. ആ അവസ്ഥയിലും അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം കണ്ടാപ്പോ ഒക്കെ തുറന്ന് പറയാൻ നാവ് പൊന്തിയതാണ്…… പക്ഷെ അപ്പൊ മുന്നിൽ തെളിഞ്ഞത് വെള്ള തുണി കൊണ്ട് മൂടിയ എന്റെ അമ്മേടേം അച്ഛന്റേം ശരീരങ്ങൾ ആയിരുന്നു….. കണ്ണീരു പുറത്ത് ചാടാതെ പിടിച്ച് നിൽക്കുമ്പോ ഹൃദയം പറിഞ്ഞു പോകുന്ന പോലെ നോവുന്നുണ്ടായിരുന്നു എനിക്ക്…… കുഞ്ഞീടെ കരച്ചിലിന് നേരെ പോലും ചെവികൾ കൊട്ടി അടയ്ക്കുമ്പോൾ ഒരു അമ്മേടെ മനസ്സ് എത്ര വേദന തിന്നിട്ടുണ്ടാകുമെന്ന് നിങ്ങൾക്കൊന്നും ഊഹിക്കാൻ പോലും കഴിയില്ല.

മനസ്സ് മരിച്ച ഒരു ശരീരമായി ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. എന്നെ വിറ്റ കാശ് അവന്റെ കൈകളിൽ എത്തില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു വില്പനചരക്കായി ജീവിക്കേണ്ടി വന്നാൽ അതെന്റെ ജയേട്ടനോട് ചെയ്യുന്ന നീതികേടാണെന്ന് എനിക്ക് തോന്നി….. അവൻ എന്നെ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നിടത്തേയ്ക്ക് ജീവനോടെ എത്തുന്നതിനേക്കാൾ പോകുന്ന വഴിയിൽ കാറിൽ നിന്നും പുറത്തേയ്ക്ക് ചാടി ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു തീരുമാനിച്ചു ഞാൻ ….. പക്ഷെ ഓരോ തവണയും എന്റെ മനസ്സ് മനസിലാക്കിയിട്ടെന്ന പോലെ ആയിരുന്നു അവന്റെ പെരുമാറ്റം….

കാറിൽ അല്ല ഒരു വാനിലേയ്ക്കാണ് സ്റ്റേഷനിൽ നിന്നും അവൻ എന്നെ കയറ്റിയത്. അപ്പോൾത്തന്നെ ബലം പ്രയോഗിച്ചു എന്തോ മരുന്ന് കുത്തി വച്ചു എന്നെ മയക്കിക്കളഞ്ഞു. കാഴ്ച മങ്ങലിൽ നിന്നും തെളിച്ചത്തിലേയ്ക്ക് വന്നപ്പോൾ കണ്മുന്നിൽ കണ്ട മുഖം എനിക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു….. ഡോക്ടർ വരുൺ നായർ! ഒരിക്കൽ ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും രക്ഷിച്ചതിന്റെയും അവൾക്ക് നീതി നേടിക്കൊടുത്തതിന്റെയും പേരിൽ മാധ്യമങ്ങളിൽ ആകെ നിറഞ്ഞു നിന്ന മുഖം! ആ മുഖം മുന്നിൽ കണ്ടപ്പോൾ ഒരു വലിയ ആപത്തിൽ നിന്നും രക്ഷപെട്ടു എന്ന തോന്നൽ ആണ് എനിക്ക് ഉണ്ടായത്.

എഴുന്നേൽക്കാൻ തുടങ്ങിയ എന്റെ കയ്യിൽ മൃദുവായി പിടിച്ചു “കിടന്നോളൂ ജാനകി” എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായാണ് ബെഡിലേയ്ക്ക് കിടന്നത്….. അത്രയും സൗമ്യമായിരുന്നു ആ മുഖവും പുഞ്ചിരിയും വാക്കുകളുമൊക്കെ…… എന്നാൽ വിനോദ് മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ, എനിക്കുള്ള വില ചെക്കിന്റെ രൂപത്തിൽ അവന്റെ കയ്യിലേയ്ക്ക് അയാൾ വച്ച് കൊടുക്കുന്നത് കണ്ടപ്പോൾ, നടുങ്ങി വിറച്ചു പോയി ഞാൻ…… എന്റെ മുന്നിൽ ഇരിക്കുന്നവനാണ് വിനോദ് പറഞ്ഞ ഡോക്ടർ സാർ എന്ന തിരിച്ചറിവ് തലച്ചോറിൽ ഒരു സ്ഫോടനം സൃഷ്ടിച്ചു. തിന്മകൾക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ…. സാമൂഹ്യ പ്രവർത്തങ്ങളിൽ മുന്നിട്ട് നിൽക്കുന്നതിന്റെ പേരിൽ….

നിരാലംബരായ പലർക്കും ആശ്രയമായതിന്റെ പേരിലൊക്കെ നിരവധി തവണ മാധ്യമങ്ങളിൽ നിറഞ്ഞാടിയ ഡോക്ടർ വരുൺ നായർ….!!!!! അവൻ മാലാഖയുടെ മുഖമൂടി അണിഞ്ഞ ചെകുത്താനാണെന്ന എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് അല്പ സമയം വേണ്ടി വന്നു…. മറ്റൊരു സ്ത്രീ കൂടി അപ്പോൾ മുറിയിലേയ്ക്ക് കടന്ന് വന്നു…. ചുണ്ടുകൾ ചായം തേച്ചു ചുമപ്പിച്ചു കണ്ണുകളിൽ വാലിട്ട് കണ്മഷി എഴുതി.,.. നെറ്റിയിൽ ഒരു വലിയ ചുവന്ന പൊട്ടും തൊളറ്റം ഞാന്നു കിടക്കുന്ന വലിയ കമ്മലുകളും അവർക്ക് ഒട്ടും പാകമാകാത്ത ശരീരത്തിൽ ഇറുകി കിടക്കുന്ന കുർത്തി പോലൊരു വസ്ത്രവും ധരിച്ച ഒരു വെളുത്തു തടിച്ചു ഉരുണ്ട സ്ത്രീ…..!

വന്യമായ ഒരു ചിരിയോടെ അവരെന്റെ അരികിലേയ്ക്ക് വന്നപ്പോൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു ഓടാനാണ് ഞാൻ ശ്രമിച്ചത്…. അവരെന്നെ ബലമായി പിടിച്ചു വച്ചു… കുതറി ഓടാൻ നോക്കിയപ്പോ വലത് കൈ വീശി അടിക്കാൻ ശ്രമിച്ചു…. അവരെ തടഞ്ഞത് അയാളാണ്… വരുൺ! ഒപ്പം അവരെ ശാസിക്കുകയും ചെയ്തു… ആരുടേയും ശരീരം നോവിക്കുന്നത് അയാൾക്ക് ഇഷ്ടമില്ലത്രേ….. അത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് എനിക്ക് അറിയില്ലായിരുന്നു….. അയാൾ അവരെ രുക്കു എന്ന് വിളിച്ചപ്പോൾ അവരയാളെ വരുൺ എന്ന് വിളിച്ചാണ് സംബോധന ചെയ്തത്…. അവരെന്നെ പലതിനും നിർബന്ധിച്ചു….

ഞാൻ അനുസരിക്കില്ല എന്ന് മനസിലായപ്പോൾ മാനസികമായി തളർത്താൻ നോക്കി….. ഭീഷണി മുഴക്കി… എന്നിട്ടും അവരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങില്ല എന്ന് മനസിലായത് കൊണ്ടാകും അയാൾ ആ ദ്രാവാകം എന്റെ സിരകളിലേയ്ക്ക് കുത്തി വച്ചത്…. അതെന്റെ ഞരമ്പുകളിലൂടെ ഒഴുകി പരക്കുമ്പോൾ അഗ്നി പടരുന്നത് പോലെയാനെനിക്ക് തോന്നിയത്…. പതിയെ ആ ലഹരി എന്റെ മനസിനെയും ശരീരത്തെയും കീഴ്പ്പെടുത്തി…… മനസ്സും ശരീരവും എന്റെ വരുതിയിൽ വരാത്തത് പോലെ….. വല്ലാത്തൊരു ഉന്മാധാവസ്ഥയിൽ എത്തിയത് പോലെ….. പതിയെ എന്റെ ബോധം മറഞ്ഞു….

കണ്ണുകൾ കൂമ്പി അടയുന്നതിനു മുൻപ് കണ്ടത് അയാളുടെ ചിരിക്കുന്ന മുഖമാണ്….. മനോഹരമായ ആ പുഞ്ചിരിയ്ക്ക് പിന്നിലെ ക്രൂരമായ മുഖം തിരിച്ചറിയാനായത് കൊണ്ടാകും ആ അവസ്ഥയിലും അയാളുടെ സുന്ദരമായ ചിരി എന്നിൽ ഭയം നിറച്ചത്….. പിന്നീട് എപ്പോഴോ ബോധത്തിലേയ്ക്ക് മടങ്ങി വരുമ്പോഴേ കാതുകളിലേയ്ക്ക് തുളഞ്ഞു കയറിയത് ഒരു പെൺകുട്ടിയുടെ ഉറക്കെയുള്ള കരച്ചിലിന്റെ ചീളുകളാണ്….. പിടഞ്ഞെഴുന്നേറ്റ് ചുറ്റിനും കണ്ണുകൾ കൊണ്ട് പരതുമ്പോൾ കണ്ടു മുറിയുടെ ഒരു കോണിലായിരുന്നു നിർത്താതെ കരയുന്ന ഒരു പെൺകുട്ടിയെ……

കഷ്ട്ടിച്ചു ഒരു ഇരുപത് വയസ്സ് പ്രായമുണ്ടാകും…..ശരീരത്തിന് അപ്പോഴും വല്ലാത്ത ഒരു പിരിമുറുക്കം ഉണ്ടായിരുന്നു…. അത് അവഗണിച്ചു അവളുടെ അരികിലേയ്ക്ക് വേഗത്തിൽ ഓടി ചെല്ലുമ്പോൾ കണ്ടു അവൾ ഭയന്ന് ഒന്ന് കൂടി ചുമരിലേയ്ക്ക് ചേർന്നിരിക്കുന്നത്…. ആദ്യം അവളുടെ തോളിലേയ്ക്ക് കൈ വച്ച് ഞാൻ ശത്രു അല്ല എന്ന് ബോധ്യപ്പെടുത്തി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മോള് എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോൾ എന്നെ കെട്ടിപിടി പൊട്ടിക്കരഞ്ഞു ആ പാവം….. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ പറഞ്ഞു തന്നു അവൾക്ക് സംഭവിച്ച ചതിയുടെ കഥ….

അച്ഛൻ കുഞ്ഞിലേ മരിച്ചു… ആകെ ഉള്ള ഒരേട്ടനും ആക്സിഡന്റിൽ മരിച്ചപ്പോ അവളും അമ്മയും മാത്രമായി…. ഒരു ബ്രെഡ് ഫാക്ട്ടറിയിൽ അവളുടെ അമ്മയ്ക്ക് ഒരു ചെറിയ ജോലി ഉണ്ടായിരുന്നു. ആ വരുമാനത്തിൽ അവർ കഷ്ടിച്ചു ജീവിച്ചു പൊന്നു….. ഫാക്ടറിയിലെ എന്തോ അപകടത്തിപ്പെട്ടു അവളുടെ അമ്മയും തളർന്നു കിടപ്പായപ്പോൾ അവളുടെ അമ്മാവൻ അവളെ ഒഴിവാക്കാൻ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു അവളുടെ വിവാഹം…. പതിനെട്ടാമത്തെ വയസിൽ അനാഥനായ ഒരു കൂലിപ്പണിക്കാരനെ വിവാഹം ചെയ്യുമ്പോ അവൾ ജീവിതദുരിതങ്ങൾക്ക് അറുതി വന്നു എന്ന് വെറുതെ ആശിച്ചു…. പക്ഷെ അതവളുടെ വെറും പ്രതീക്ഷിക്ക മാത്രമായിരുന്നു….

ഏതോ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആള് മാറി അവനെ വെട്ടി കൊല്ലുമ്പോൾ പത്തൊൻപത് തികയാത്ത ആ പെണ്ണ് മൂന്ന് മാസം ഗർഭിണി ആയിരുന്നു. എന്നിട്ടും തളരാതെ അവൾ അവളുടെ അമ്മയ്ക്ക് അപകടമുണ്ടായ അതേ ഫാക്റട്ടറിയിൽ ജോലിക്ക് പോയിത്തുടങ്ങി….. കുഞ്ഞു ജനിക്കുമ്പോൾ ഫാക്ട്ടറിയിൽ ഉള്ള സഹപ്രവർത്തകരാണ് അവളുടെ സഹായത്തിനെത്തിയത്. കുഞ്ഞു വളരുംതോറും കുഞ്ഞിന്റെ ചിലവും അമ്മേടെ ചികിത്സ ചിലവും കൂടി കയ്യിൽ നിൽക്കാതെയായി …. അപ്പോഴാണ് രാഹുൽ എന്ന് പേരുള്ള ഒരാൾ ജോലി വാഗ്ദാനവുമായി അവളുടെ അടുത്തെത്തിയത്. ഫാക്ട്ടറിയിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരൻ സുഹൃത്ത്‌ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ അവളും സംശയിച്ചില്ല…..

താമസവും ശമ്പളവുമൊക്കെ അവിടെ കമ്പനി വക, ഒപ്പം നാലക്ക ശമ്പളവും…. പാവം പെണ്ണ് വീണു പോയി….. അമ്മയെയും 8 മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മാവനെ ഏൽപ്പിക്കുമ്പോ കടം വാങ്ങി ഒരു തുക കൂടി നൽകേണ്ടി വന്നു. അമ്മയേം കുഞ്ഞിനേം നോക്കാനുള്ള കൂലി….! ബാംഗ്ലൂർ എത്തിയാൽ കഴിയുന്നതും ഉടനെ തന്നെ ഒരു പുതിയ വീട് സംഘടിപ്പിച്ചു അമ്മയെയും കുഞ്ഞിനേയും കൂടി അങ്ങോട്ട് കൊണ്ട് പോകണം എന്ന് മനസ്സിൽ ഉറപ്പിച്ചാണ് അവൾ ബാംഗ്ലൂർയ്ക്ക് തിരിച്ചത്…. പക്ഷെ….. ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് ഇവിടെ എത്തിയ ശേഷം മാത്രമാണ്……

അമ്മേം കുഞ്ഞിനേം അമ്മാവൻ കൊന്നു കളയുമെന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരയുന്ന ആ പെൺകുട്ടിയെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും അവളുടെ ഒപ്പം കരഞ്ഞു……. എന്റെ ജയേട്ടനെയും കുഞ്ഞിയേം ഓർമ വന്നപ്പോ ഹൃദയം പൊട്ടിത്തന്നെ കരഞ്ഞു….. അവിടം മുതൽ ഞാൻ മനസിലാക്കുകയായിരുന്നു അവിടെ എത്തിപ്പെടുന്ന ഓരോ പെൺകുട്ടിയ്ക്കും ഇത്തരത്തിൽ ഒരു ചതിയുടെ കഥ പറയാനുണ്ടെന്ന് ….. അതിൽ വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവുമൊക്കെ നൽകി ചതിക്കപ്പെട്ടവരുണ്ട്…. ഫേസ്ബുക്കും വാട്സ്ആപ്പും ഒക്കെവഴി പ്രണയം നടിച്ചു കബളിപ്പിക്കപ്പെട്ടവരുണ്ട്…… എന്നെപ്പോലെ ഭീഷണിയിൽ അകപ്പെട്ടു പോകുന്നവരുണ്ട്….

വിനോദിനെയും രാഹുലിനെയും പോലുള്ളവരുടെ പ്രണയം നാടകത്തിൽ വിശ്വസിച്ചു സ്വയം ഇറങ്ങിത്തിരിക്കുന്നവരുണ്ട്….. അങ്ങനെ പല തരത്തിൽ അവിടെ എത്തി ആത്മഹത്യക്ക് പോലും കഴിയാതെ വെറുമൊരു ശരീരമായി മരിച്ചു ജീവിക്കുന്ന നൂറ് കണക്കിന് പെൺകുട്ടികളെ ഞാൻ അവിടെ കണ്ടു…. അവർക്ക് ഓരോരുത്തർക്കും പറയാനുണ്ടായിരുന്നു എന്റെ മുന്നിലിരുന്ന് പെൺകുട്ടിയ്ക്ക് പറയാനുള്ളത് പോലെ കണ്ണും മനസ്സും കണ്ണീരിൽ കുതിർക്കാൻ പൊന്ന ഒരു കഥനകഥ…..!!! ചിലത് മരവിച്ച മനസോടെ കേട്ടിരുന്നപ്പോൾ മറ്റു ചിലത് കേൾക്കാൻ പോലും കഴിയാതെ ചെവികൾ പൊത്തി…..

ഓരോ പെൺകുട്ടിയും അവിടെ എത്തുമ്പോൾ അവളെപ്രതി അലറിക്കരയുന്ന, ഈ ലോകം മുഴുവൻ അവളെ തിരഞ്ഞു അലയുന്ന ഒരമ്മയോ അച്ഛനോ ഭർത്താവോ സഹോദരങ്ങളോ കൂടി ഉണ്ടാകുമല്ലോ എന്നൊർക്കുമ്പോഴാണ് നെഞ്ചിൽ വിങ്ങലും വേദനയും നിറഞ്ഞിരുന്നത്….. അവിടെ എത്തുന്ന പെൺകുട്ടികളിൽ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തവരുടെയെല്ലാം ശരീരത്തിലേയ്ക്ക് അവർ ആ മരുന്ന് കുത്തി വച്ചു. സ്ഥിരമായി… ഒടുവിൽ അതിന് അടിമയായിക്കഴിയുമ്പോൾ മയക്കുമരുന്നിനു വേണ്ടി മാത്രം അവർ പറയുന്നതെന്തും ഒരുമടിയും കൂടാതെ അനുസരിക്കും എന്നവർക്ക് അറിയാമായിരുന്നു…..

രുക്കുവിന്റെ ഭാഷയിൽ “കസ്റ്റമേഴ്സിന് ” ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ പാടില്ല ഇന്ന് അവർക്ക് നിര്ബന്ധമാണ്…. എങ്കിലേ “കസ്റ്റമേഴ്സിന്റെ” എണ്ണം കൂടുകയുള്ളൂ…. ഒപ്പം കൈ നിറയെ കാശും കിട്ടുള്ളൂ….. പല വഴികളിലൂടെ അവിടെ എത്തുന്ന കുട്ടികൾ ബഹളം വച്ചാൽ അത് “കസ്റ്റമേഴ്‌സ്നിനു” ബുദ്ധിമുട്ടാണത്രേ…. ഞാൻ ബഹളം വയ്ക്കുമെന്നോ ആത്‍മഹത്യയ്ക്ക് ശ്രമിക്കുമെന്നോ ഒക്കെ തോന്നിയത് കൊണ്ടാകും അവര് മയക്കുമരുന്നിനൊപ്പം മറ്റെന്തൊക്കെയോ കൂടി എന്നിൽ കുത്തി വച്ച് എന്നെ അബോധാവസ്ഥയിൽ ആക്കി കിടത്തിയിരുന്നത് …. അധികം സമയവും അങ്ങനെ തന്നെ… സ്വബോധത്തിലേയ്ക്ക് വരുമ്പോ ചില ദിവസങ്ങളിൽ ഉണ്ടാകും റൂമിൽ ഒരു പെൺകുട്ടി….

കൂട്ടായി ഹൃദയം കീറി മുറിച്ചു ചോര പൊടിക്കാൻ പൊന്ന് ഒരു കഥയും…!!! പിന്നെ പിന്നെ അങ്ങനെ കാണുന്ന കുട്ടികളോട് അവരുടെ ജീവിതം ഞാൻ ചോദിക്കാതെയായി……. എല്ലാ പെൺകുട്ടികളെയും അവരവിടെ അല്ല താമസിപ്പിക്കുന്നത് എന്ന് പറഞ്ഞു കേട്ടിരുന്നു…. ചിലപ്പോൾ അവർക്ക് അത് പോലെ വേറെയും സ്ഥലങ്ങൾ ഉണ്ടാകുമായിരിക്കും …… ഞാൻ ആത്‍മഹത്യ ചെയ്യാതെ അവർ ഒരാളെ എനിക്ക് കാവലാക്കിയിരുന്നു….. ആദ്യമൊക്കെ എനിക്ക് അവരോട് വെറുപ്പായിരുന്നു…. എന്നോട് മിണ്ടാൻ വരുമ്പോ എനിക്ക് ആഹാരം കൊണ്ട് വരുമ്പോ തട്ടി എറിഞ്ഞിട്ടുണ്ട് പലപ്പോഴും…..

പിന്നീട് എപ്പോഴോ മനസിലായി എന്നെപ്പോലെ ചതിക്കപ്പെട്ടു അവിടെ എത്തിപ്പെട്ടതാണ് അവരും എന്ന്….. പലപ്പോഴും മയക്കുമരുന്നിന്റെ ലഹരിയിൽ ആയിരിക്കും… ബാക്കി സമയം എന്തൊക്കെയോ മരുന്ന് കുത്തി വച്ച് അബോധാവസ്ഥയിൽ ആക്കിയിരിക്കും….. അതിനിസയിൽ ബോധത്തിലേയ്ക്ക് വരുന്ന കുറച്ചു സമയം… അപ്പോഴാണ് അവരെനിക്ക് ഭക്ഷണവുമായി വരുന്നത്…. കഴിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന എന്റെ വായിലേയ്ക്ക് കൈയ്യിൽ ഭക്ഷണമെടുത്തു കഴിക്കു മോളെ അമ്മ തരുന്നതല്ലേ എന്ന് പറയുമ്പോ അറിയാതെ വാ തുറന്ന് പോകും…..എന്റെ അമ്മയെ ഓർത്ത് പോകും ഞാൻ…….

ആ കുറഞ്ഞ സമയത്താണ് ഞാനെന്റെ അമ്മയെയും അച്ഛനെയും ജയേട്ടനെയും കുഞ്ഞിയെയുമൊക്കെ ഓർത്ത് മനസ്സ് കൊണ്ട് ആർത്തു കരയുന്നത്…….. ഇതിനിടയിൽ രുഗ്മിണിയെയും ആ ഡോക്ടർ എന്ന് പറയുന്ന വൃത്തികെട്ടവനെയും പച്ചയ്ക്ക് കത്തിക്കാൻ മനസ്സിൽ തോന്നിയ പല വാർത്തകളും അവരിൽ നിന്നും കേൾക്കുകയുണ്ടായി…. അതിൽ ഒന്ന് ചില നാരാധമന്മാരുടെ ക്രൂരതയിൽ ഇനി ഒരിക്കലും എഴുന്നേൽക്കാൻ പോലും പറ്റാത്ത വിധം അപകടങ്ങൾ സംഭവിക്കുന്ന പെൺകുട്ടികളുടെ അവയവങ്ങൾ പോലും വരുൺ എന്ന അസുരജന്മം കീറിമുറിച്ചു വിൽപ്പനയ്ക്ക് വയ്ക്കാറുണ്ട് എന്ന നടുക്കുന്ന വാർത്ത ആയിരുന്നു. കേട്ടപ്പോൾ ആ നികൃഷ്ട ജന്മത്തെ ജീവനോടെ കത്തിക്കാനാണ് തോന്നിയത്….

അവിടെ എത്തിയ ശേഷമാണ് അറിഞ്ഞത് വിനോദിനെയും രാഹുലിനെയും പോലെ ഒരുപാട് ഏജന്റുമാർ അവർക്കുണ്ടെന്നു….. എന്നെ അവിടെ എത്തിച്ച ആ ദിവസത്തിന് ശേഷം ഞാൻ വരുണിനെ കണ്ടിട്ടില്ല. വിനോദിനെയും… ആ മുറിയിൽ നിന്നും എന്നെ അവർ പുറത്തേയ്ക്ക് കൊണ്ട് പോയതുമില്ല. ഇടയ്ക്കൊക്കെ രുഗ്മിണി വരും… പിന്നെ ഇടയ്ക്ക് സ്മിതയെപ്പോലെ ചില പെൺകുട്ടികളും….. എന്നെപ്പോലെ പോലെ അവിടെ ഓരോ മുറിയിലും അവര് മയക്കുമരുന്ന് നൽകി തളർത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ ജന്മങ്ങൾ ഉണ്ടെന്നു എനിക്ക് ഊഹിക്കാമായിരുന്നു….. 🍁🍁🍁

പതിയെ പതിയെ എന്റെ മനസ്സും ശരീരവും മയക്കുമരുന്ന് എന്ന മഹാവിപത്തിന് അടിമപ്പെടാൻ തുടങ്ങിയിരുന്നു….അത് കിട്ടാതെ വരുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ആസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി…… അതിനനുസരിച്ചു അവരതെനിക്ക് നൽകുന്ന ഇടവേളകൾ വർധിപ്പിച്ചു. അത് ലഭിക്കാത്തതിലുള്ള ആസ്വസ്ഥതകൾ കൂടുമ്പോൾ ഞാൻ തന്നെ അത് അവരോട് ചോദിക്കണം…. അതിന് വേണ്ടി അവർ പറയുന്നതെന്തും ഞാൻ അനുസരിക്കണം.. അതായിരുന്നു അവരുടെ ഉദ്ദേശം…. ഇതിനിടയിലെപ്പോഴോ ഒരു ദിവസം…… അന്ന് അന്ന്……എന്റെ കുഞ്ഞി മോളുടെ പിറന്നാളായിരുന്നു….. അവരന്നെനിക്ക് ഒരു തവണ പോലും ആ മരുന്ന് നൽകിയില്ല….. തലയാകെ വല്ലാത്ത പെരുപ്പും വേദനയും….. ഞരമ്പുകളാകെ വലിഞ്ഞു മുറുകുന്നത് പോലെ…. എന്തൊക്കെയോ ആസ്വസ്ഥതകൾ…..

കുഞ്ഞിയുടേം ജയേട്ടന്റെയും മുഖവും അവരുമൊത്തുള്ള കഴിഞ്ഞ കുഞ്ഞിയുടെ പിറന്നാൾ ഓർമകളുമൊക്കെ മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി എനിക്ക്…. അല്ല അലറി വിളിച്ച് കൊണ്ട് എന്റെ ഒപ്പം ഉണ്ടായിരുന്നവരെ തള്ളി മാറ്റി പുറത്തേയ്ക്കൽ ഇറങ്ങി ഓടുമ്പോൾ എനിക്ക് ഭ്രാന്ത്‌ തന്നെ ആയിരുന്നു…… ചെന്ന് പെട്ടത് രുഗ്മിണി തങ്കച്ചിയുടെ മുന്നിലാണ്. ചെകിട് പൊട്ടുന്ന കണക്കിന് ഒന്ന് കിട്ടി….തറയിലേയ്ക്ക് വീണപ്പോൾ എവിടെയോ തല ശക്തിയായി ഇടിച്ചു. ബോധത്തോടൊപ്പം എന്റെ ഓർമകളും മറഞ്ഞിരുന്നു….. 🍀🍀🍀

“”””””ഒരിക്കലും മറക്കാൻ കഴിയാത്ത പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അവിടെ മരണമടഞ്ഞു….. ഒരു കണക്കിന് എനിക്ക് അതൊരു അനുഗ്രഹമായിരുന്നു….. അത്രയും നാളും ഹൃദയത്തെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്ന ആ ഓർമകൾ എന്നിൽ നിന്നും പടിയിറങ്ങുമ്പോൾ മനസ്സ് സന്തോഷിച്ചിട്ടുണ്ടാകണം….. പിന്നീട് നടന്നതൊന്നും ഇപ്പൊ എന്റെ ഓർമകളിൽ ഇല്ല…. അവര് പറഞ്ഞതൊക്കെയും ഞാൻ അനുസരിച്ചിട്ടുണ്ടാകണം… അതല്ലേ ഞാൻ അന്ന് ഞാൻ ആ അവസ്ഥയിൽ……””””” ബാക്കി പറയാതെ അവൾ അവിടെ അവസാനിപ്പിച്ചു….. ഒരു പെണ്ണ് അനുഭവിച്ചു തീർത്ത ദുരിതങ്ങളുടെ പെർമഴ അവിടെ പെയ്തു തോരുമ്പോൾ ശ്വാസമുതിർക്കാൻ പോലുമാകാതെ വിറങ്ങലിച്ചിരിക്കുകയായിരുന്നു ശരത്തും മദറും……..

ചുമരിലേയ്ക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചിരുന്ന ജാനിയുടെ കണ്ണുകളിൽ പെട്ടെന്നൊരു പിടപ്പ് ദൃശ്യമായി…… വരണ്ടുണങ്ങിയിരുന്ന മിഴികൾ നിമിഷം കൊണ്ട് സജലങ്ങളായി…. അത് വരെ നിർവികാരമായിരുന്ന, ദൃഢമായിരുന്ന മുഖത്ത് നോവിന്റെ അലകൾ രൂപം കൊണ്ടു…. “”””””എന്റെ പൊന്നു….. അവളും…. അവളും എന്നോ…. എന്നെ… എന്നെ വിട്ട് പോയിരുന്നു……”””””” അവളുടെ ശബ്ദം ഇടറി….. കാൽമുട്ടിൽ മുഖമൊളിപ്പിച്ചു പൊട്ടിക്കരഞ്ഞു അവൾ….. അവളുടെ തോളിലേയ്ക്ക് പതിഞ്ഞ മദറിന്റെ കൈകൾക്കോ നാവിൽ നിന്നുതിർന്ന ആശ്വാസ വാക്കുകൾക്കോ ആ വേദന ശമിപ്പിക്കാനായില്ല…..

കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ വേദനയുടെ അവസാന തുള്ളിയും ഇറ്റ് വീണ് കഴിഞ്ഞാണവൾ മുഖമുയർത്തിയത്….. അപ്പോഴവളുടെ കണ്ണുകളിൽ ചുമന്നു നിന്നിരുന്നത് പകയുടെ അണയാത്ത കനലുകളായിരുന്നു…..! “”””””കൊല്ലണം എനിക്ക്…. ആ മൂന്നിനെയും… ഇഞ്ചിഞ്ചായി കാല്ലണം……””””” “”””””മോളെ…. ആരെയും കൊല്ലാൻ നമുക്ക് അധികാരമില്ല കുട്ടീ…… നമുക്ക് അവരെ നിയമത്തിനു വിട്ടു കൊടുക്കാം…… നീ ഒപ്പം ഉണ്ടല്ലോ… എല്ലാ തെളിവുകളോടും കൂടി നമുക്ക് അവരെ കുടുക്കാം…..””””” അവൾ തല തിരിച്ചു മദറിനെ നോക്കി…. “”””””നിയമം!!!!”””””” അവൾ ഒന്ന് ചിരിച്ചു…. പുച്ഛത്തോടെ….. “”

“”””കണ്ണ് കെട്ടിയ ആ നിയമത്തെ എനിക്ക് വിശ്വാസമില്ല മദർ……എനിക്ക് ഒരേ ഒരു നിയമമേ ഉള്ളൂ… ഒരു യഥാർത്ഥ മനസുഷ്യന്റെ നിയമം…!!!!! ഒരേ ഒരു നീതിയെ ഉള്ളൂ… മനുഷ്യത്വത്തിന്റെ നീതി……!!!!! അവർ കാരണം കുഞ്ഞിനെ നഷ്ടമായ വേദനയിൽ ഉരുകി തീരുന്ന ഒരമ്മയും ഇനി ജന്മംകൊള്ളരുത്……! ഉള്ളുരുകുമ്പോഴും, തന്റെ കുഞ്‌ എവിടെ എങ്കിലും ജീവനോടെയെങ്കിലും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ, ഒരു നോക്ക് കാണാനുള്ള കൊതിയോടെ, ഓടിപ്പാഞ്ഞു നടന്ന് തളർന്നു ഒടുവിൽ മരവിച്ച മനസുമായി മരിച്ചു ജീവിക്കേണ്ടി വരരുത് ഒരച്ഛനും…..

ചതിയിലൂടെയും വഞ്ചനയിലൂടെയും കാപട്യത്തിലൂടെയും ഒരു പെൺകുട്ടിയുടെയും സ്വപനങ്ങളും മോഹങ്ങളും നിറഞ്ഞ ജീവിതത്തിന്റെ ചിറകുകൾ അവരിനി അറിഞ്ഞു വീഴ്ത്തരുത്….! ജീവനുള്ള ശരീരങ്ങളിൽ നിന്നു പോലും അവയവങ്ങൾ അറുത്തു വിൽക്കാൻ മാന്യതയുടെ മുഖമൂടി അണിഞ്ഞ ആ സത്വത്തിന്റെ കൈ ഇനി പൊങ്ങരുത്……! ഒരു തെരിവ് നായോളം പോലും വില കൊടുക്കാതെ പെണ്ണിന്റെ മാനത്തിന് വില പറയുന്ന ആ മൂന്ന് ജീവനുകൾ ഇനി ഈ ഭൂമിയിൽ വേണ്ട …..! കൊല്ലണം എനിക്ക്….. വേദന അറിഞ്ഞു….. ജീവന്റെ വില അറിഞ്ഞു പിടഞ്ഞു ഇല്ലാതാകണം……മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും എന്നിലെ സ്ത്രീ അവർക്ക് വിധിക്കില്ല……”””

“” അവളുടെ ഓരോ വാക്കുകൾക്കും വാളിനെക്കാൾ മൂർച്ചയുണ്ടായിരുന്നു….. “””””സഹായിക്കാമോ സാറിനെന്നെ?”””””” കണ്ണുകൾ അവൾ ശരത്തിന്റെ മുഖത്തേയ്ക്ക്‌ തിരിച്ചു….. “””””ഞാനുണ്ടാകും ജാനകി…. നിന്റെ ലക്ഷ്യം പൂർത്തിയാകുന്നത് വരെ ഞാൻ ഉണ്ടാകും നിന്നോടൊപ്പം……”””””” തന്റെ കണ്ണുകളിലേയ്ക്ക് പ്രതീക്ഷയോടെ നോക്കുന്നവൾക്ക് മറുപടി നൽകാൻ ഒരു നിമിഷം പോലും അവന് കാക്കേണ്ടി വന്നില്ല…. വാഗ്ദാനം നൽകും പോലെ ജാനകിയുടെ കൈയുടെ മുകളിൽ കൈ വയ്ക്കുമ്പോൾ അവന്റെ കണ്ണിൽ ജാനകിയ്ക്ക് കാവുവിന്റെ മുഖമായിരുന്നു….!!!!… തുടരും

തമസ്സ്‌ : ഭാഗം 20

Share this story