തമസ്സ്‌ : ഭാഗം 36

തമസ്സ്‌ : ഭാഗം 36

എഴുത്തുകാരി: നീലിമ

എന്തായാലും ഉടനെ തന്നെ അമ്മയെയും അച്ഛനെയും കൂട്ടി ജാനിയുടെ അടുത്തേയ്ക്ക് പോകണം. പോകുന്ന വിവരം തൽക്കാലം ആൽവിയെയും ശരത് സാറിനെയും അറിയിക്കാതിരിക്കുന്നതാണ് നല്ലത്. കുറച്ചു ദിവസങ്ങളായി അവരെന്തോ മറയ്ക്കുന്നതായി ഒരു തോന്നൽ….. എറണാകുളത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് പറയുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞു മുടക്കുന്നു… ജാനിയെക്കുറിച്ച് പറയുമ്പോഴൊക്കെ ഒരു ഒളിച്ചു കളി പോലെ…അരുതാത്തത് എന്തെങ്കിലും സംഭവിച്ചോ എന്നൊരു ഭയമുണ്ട്….എന്തായാലും അങ്ങോട്ടേക്ക് പോയി നോക്കണം… അച്ഛനെയും അമ്മയെയും കുഞ്ഞിയെയും ഒപ്പം കൂട്ടാം… ആലോചനയോടെ മോഹൻ എഴുന്നേറ്റു വീടിനുള്ളിലേയ്ക്ക് നടന്ന്. ☘☘☘☘

“””ഇത്രയും അടുത്ത സ്ഥിതിയ്ക്ക് നമുക്ക് നേരിലൊന്നു കണ്ടു കൂടെ റോസ്….. ഇങ്ങനെ ഫോൺ വിളികളിൽ മാത്രം ഒതുങ്ങേണ്ടതാണോ നമ്മുടെ സൗഹൃദം?””” അന്നത്തെ സംഭാഷണങ്ങൾക്കിടയിൽ എപ്പോഴോ വിനോദിന്റെ ചോദ്യം വന്നു. “””നേരിൽ കാണണമെന്ന് എനിക്കുമുണ്ട് വിനോദ് ആഗ്രഹം… നമുക്ക് കാണാന്നെ…..””” ഇത്തരം ഒരു മീറ്റിംഗ് ആണ് ഞാനും ആഗ്രഹിച്ചത് വിനോദ്…. നിന്നെ കുടുക്കാൻ…. ചിരിയോടെ ജാനകി മനസ്സിൽ ഓർത്തു. “””എന്നാ താൻ ഫ്രീ ആവുക?””” “””നാളെ ആയാലോ?””” എത്രയും വേഗം വിനോദിനെ കയ്യിൽ കിട്ടാനുള്ള ദൃതി ആയിരുന്നു ജാനിയ്ക്ക്. “””Ok…. ഞാൻ റെഡി. കഫെയോ പാർക്കോ ബീച്ചോ തീയേറ്ററോ…. എവിടെയാ വരേണ്ടത് എന്ന് താൻ പറഞ്ഞാൽ മതി. ഞാൻ എത്താം…””” നേരിൽ കാണാം എന്ന് പറഞ്ഞതിലെ സന്തോഷം വിനോദിന്റെ വാക്കുകളിൽ നിന്നും അവൾക്ക് വായിച്ചെടുക്കമായിരുന്നു.

“””അതെന്താ വിനോദ് ഈ സ്ഥലങ്ങൾ മാത്രം….? താൻ എന്റെ വീട്ടിലേയ്ക്ക് വാടോ… ഇവിടെ ഞാൻ മാത്രേ ഉണ്ടാവുള്ളൂ….””” വിനോദിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തി. എന്നാൽ രുഗ്മിണി പറഞ്ഞതൊക്കെ ഓർത്തപ്പോൾ ആ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതെയായി. “””വീട്ടിലേക്ക് ഒക്കെ വരാൻ ഇനിയും സമയമുണ്ടല്ലോ. തൽക്കാലം നമുക്ക് പാർക്കിലോ ബീച്ചിലോ മീറ്റ് ചെയ്യാം. തനിക്ക് എവിടെയാണ് സൗകര്യം എന്ന് പറഞ്ഞാൽ മതി.””” കൂടുതൽ അവനെ നിർബന്ധിക്കാൻ ഇരിക്കുന്നതാണ് നല്ലത് എന്ന് ജാനകിക്ക് തോന്നി. നീ ഇനിയും നിർബന്ധിച്ചാൽ അത് അവനിൽ സംശയം ജനിപ്പിച്ചാലോ എന്ന് ചിന്തിച്ചു അവൾ…. “””ഓക്കേ വിനോദ്… എവിടെ വരണമെന്ന് ഞാൻ ഈവെനിംഗ് പറഞ്ഞാൽ പോരെ?”””” “””മതിയെടോ… അത് മതി….നാളെ മുതൽ നമ്മുടെ സൗഹൃദം കൂടുതൽ സ്ട്രോങ്ങ്‌ ആവുകയാണ്.””””

സന്തോഷത്തോടെയാണ് വിനോദ് കാൾ അവസാനിപ്പിച്ചത്. എന്നാൽ ജാനിയുടെ ചിന്തകൾ അപ്പോൾ കാടുകയറിതുടങ്ങിയിരുന്നു. പുറത്ത് വച്ചൊരു മീറ്റിംഗ്…? തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആൾവിചായനും മായേച്ചിയും അതിന് അനുവദിക്കില്ല എന്നുറപ്പാണ്. വിനോദിനോട് കൂടുതൽ അടുക്കണമെങ്കിൽ… നാളെ താൻ വിളിക്കുന്നിടത്തേയ്ക്ക് അവൻ വരണമെങ്കിൽ അവന്റെ ആവശ്യം അംഗീകരിച്ചേ മതിയാകൂ… എന്തായാലും തന്നെ അപകടപ്പെടുത്തുകയല്ല അവന്റെ ഉദ്ദേശം …. അങ്ങനെ ആണെങ്കിൽ ഒരിക്കലും അവൻ പുറത്ത് വച്ചു കാണാമെന്നു പറയില്ല…. ഇത്തവണ ഓരോ സ്റ്റെപ്പും കൂടുതൽ കെയർഫുൾ ആയിട്ടാണ് അവൻ നീങ്ങുന്നത്. ഞാൻ ജനുവിൻ ആണോ എന്നറിയാനാകും പുറത്ത് വച്ചൊരു മീറ്റിംഗ് അവൻ അറേഞ്ച് ചെയ്തകത്. ഞാൻ ജനുവിൻ ആണെന്ന് അവനെ തെറ്റിദ്ധരിപ്പിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്‌…

അത് കൊണ്ട് തന്നെ തമ്മിൽ കാണാൻ കഴിയുന്ന ഈ അവസരം ഒഴിവാക്കാൻ കഴിയില്ല. എന്താണ് വേണ്ടത്….? ആൽവിയോട് സംസാരിച്ച ശേഷം ഒരു തീരുമാനത്തിലെത്താം എന്നുറപ്പിച്ചാണ് അവൾ ആൽവിനെ വിളിച്ചത്. വിവരം ധരിപ്പിച്ചപ്പോൾ അവന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ആവശ്യം തങ്ങളുടേതായത് കൊണ്ട് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. ഒടുവിൽ ആൽവിയുടെ സുഹൃത്തിന്റെ കഫെയിൽ വച്ചു മീറ്റ് ചെയ്യാം എന്ന തീരുമാനത്തിൽ എത്തി. അതാകുമ്പോൾ വിനോദ് അറിയാതെ കഫെയ്ക്കുള്ളിൽ ഇരുന്ന് രഹസ്യമായി അവനെ നിരീക്ഷിക്കാൻ ആൽവിന് കഴിയുമല്ലോ… റോസ് വിനോദിനോട് വിവരം പറഞ്ഞപ്പോൾ തന്റെ പദ്ധതികൾ വിജയത്തിലേയ്ക്കെത്തുന്ന സന്തോഷം ആയിരുന്നു അവന്. 🍀🍀🍀🍀🍀

പിറ്റേന്ന് വിനോദ് എത്തുന്നതിനും വളരെ മുൻപ് തന്നെ ആൽവിയും അവന്റ രണ്ട് സുഹൃത്തുക്കളും ജാനിയോടൊപ്പം കഫെയിൽ എത്തിയിരുന്നു. ജാനകി ഇരിക്കുന്ന ടേബിളിൽ നിന്നും കുറച്ചു മാറി പെട്ടന്ന് ശ്രദ്ധിക്കാത്ത വിധം ആൽവിയും മറ്റ് രണ്ട് പേര് ഇരുന്നു. കഫെയിലേയ്ക്ക് കയറിയപ്പോഴേ വിനോദ് കണ്ണുകൾ കൊണ്ട് ചുറ്റും റോസിനെ തിരഞ്ഞു…. അടുത്തായിത്തന്നെ ഒരു ടേബിളിലിൽ ജ്യൂസ് സിപ് ചെയ്യുന്നവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരി തന്നെ… അവൻ മന്ത്രിച്ചു…. നിന്നിലൂടെ എന്റെ പോക്കറ്റിലേയ്ക്ക് എത്താൻ പോകുന്നത് ലക്ഷങ്ങൾ ആണ് മോളെ. നിന്നെ കാണുമ്പോൾ അയാൾ പറയുന്നതിലും കൂടുതൽ തുക എനിക്ക് തന്നാലും അതിശയിക്കാനില്ല… പരിസരം മറന്നു റോസിനെതന്നെ നോക്കി കുറച്ചു സമയം അവൻ അവിടെത്തന്നെ നിന്നു.

സ്ഥലകാലബോധം വന്നപ്പോൾ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരിയുമായി അവൾക്കരികിലേയ്ക്ക് നടന്നു….. വിനോദിനെ കണ്ട ഉടനെ ജാനക്കിയും അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. “””യു ലുക്ക് സൊ ബ്യൂട്ടിഫുൾ…. ഈ മൂക്കുത്തി തനിക്ക് നന്നായിട്ടുണ്ട് ഇണങ്ങുന്നുണ്ട്…””” അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൻ അവൾക്ക് മുന്നിലായി ഇരുന്ന് കൊണ്ട് പറഞ്ഞു….. മറുപടിയായി അവൾ മനോഹരമായൊന്നു ചിരിച്ചു…. ഹോ.. ഇങ്ങനെ ചിരിക്കാതെ എന്റെ റോസേ….. നിന്റെ ഈ ചിരി എന്റെ മനസിനെ കീഴ്പ്പെടുത്തുന്നത് പോലെ തോന്നുന്നു റോസ്… ഇങ്ങനെ ആയാൽ ഞാൻ നിന്നെ ആ ഡോക്ടറിനു കൊടുക്കാതെ പ്രേമിച്ചു കെട്ടാൻ തീരുമാനമെടുത്തു പോകും…. ചതിക്കല്ലേ എന്റെ മനസ്സേ….. അങ്ങനെ എങ്ങാനും നിനക്ക് തോന്നിപ്പോയാൽ എനിക്ക് ലക്ഷങ്ങളാണ് നഷ്ടം…..

അവൻ സ്വന്തം മനസിനെ ശാസിച്ചു… “””എന്താടോ ഇങ്ങനെ നോക്കുന്നത് …?”””” ചോദ്യത്തോടൊപ്പം ജാനകി അവന്റെ മുഖത്തിന്‌ മുന്നിലായി വിരൽ ഞൊടിച്ചു…. വിനോദ് ഞെട്ടലോടെ നോട്ടം മാറ്റി… “””ഹേയ്.. നതിംഗ് …. തന്റെ മുഖത്തിനും രൂപത്തിനും പോലും മീരയുമായി വല്ലാത്തൊരു സാമ്യം ഉള്ളത് പോലെ….””” അതിനും മറുപടി അവൾ ഒരു പുഞ്ചിരിയിൽ ഒതുക്കി…. വിനോദ് അറിയാതെ ആൽവിനും ഫ്രണ്ട്സും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം എന്തൊക്കെയോ സംസാരിച്ചിരുന്നതിനു ശേഷമാണ് വിനോദ് അവന്റെ സ്ഥിരം തന്ത്രത്തിലേയ്ക്ക് കടന്നത്. റോസ്…… വല്ലാതെ ആർദ്രമായിരുന്നു അവന്റെ ശബ്ദം…. അവൻ പറയാൻ പോകുന്നതെന്താണെന്ന് ആ ശബ്ദവെത്യാസത്തിൽ നിന്നു തന്നെ ജാനിയ്ക്ക് മനസിലായിരുന്നു…. എന്റെ ദൈവമേ.. ഇവൻ ഷുഗറിന്റെ ഹോൾസെയിൽ ഡീലർ ആണെന്ന തോന്നുന്നത്..

ഒരു വിളിയിൽ ഇത്രയും പഞ്ചാരയോ? വിളിക്ക് വിളിക്ക്… നിന്റ ഒടുക്കത്തെ വിളിയല്ലേ? അവൾ ഉള്ളിൽ പുച്ഛത്തോടെ ചിരിച്ചു. റോസ്… ഒരു തവണ കൂടി വിളിച്ചു അവൻ… ഒപ്പം ടേബിളിൽ ഇരുന്ന ജാനിയുടെ കയ്യിലേയ്ക്ക് കൈ ചേർത്ത് വച്ചു… വല്ലാത്തൊരു അറപ്പും വെറുപ്പും തോന്നി അവൾക്ക്… തന്റെ കയ്യുടെ മുകളിലുള്ള അവന്റെ കൈ കുടഞ്ഞെറിയാൻ തോന്നി…. ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അവൾ പണിപ്പെട്ടു അടക്കി നിർത്തി. “”””റോസ്…. ആദ്യം കേട്ട തന്റെ ശബ്ദം തന്നെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്റെ മീരയുടെ അതേ ശബ്ദം….. സംസാരിച്ചപ്പോൾ വല്ലാത്തൊരു അടുപ്പം തോന്നി….. നല്ലൊരു സുഹൃത്തായി…. പിന്നീടെപ്പോഴോ ആ സൗഹൃദം ഞാൻ പോലും അറിയാതെ പ്രണയമായി മാറി. ഇത്ര പെട്ടെന്ന് ഒരാളോട് പ്രണയം തോന്നുമോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടി ഇല്ല….. പക്ഷെ ഒന്നറിയാം. ഇപ്പൊ ഞാൻ തന്നെ പ്രണയിക്കുന്നുണ്ട്. തിരികെ അത് വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്….. താൻ ഇപ്പൊ ഒരു മറുപടി പറയണ്ട…. ആലോചിച്ചു പറഞ്ഞാൽ മതി.”””””

റോസിന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൻ പറഞ്ഞു നിർത്തുമ്പോൾ അവൾ ഉള്ളാലെ ചിരിക്കുകയായിരുന്നു. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് വിനോദ്.. പക്ഷെ ഇത്രയും പെട്ടെന്ന്….? ഹാ… അല്ലെങ്കിൽ അതല്ലേ നല്ലത്…. നിന്റെ മരണത്തിലേയ്ക്കുള്ള ദൂരം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലത്…..ഞാനും തകർത്തു അഭിനയിക്കാൻ പോവുകയാണ് വിനോദെ…. എനിക്ക് ജയിച്ചേ മതിയാകൂ…. നിനക്കായി ഇനി ഒരവസരം എനിക്ക് ലഭിച്ചു എന്ന് വരില്ല. ചിരിയോടെ തന്നെ അവൾ അവനെ നോക്കി. “”””ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു താനും എന്റെ ആരൊക്കെയോ ആയത് പോലെ… സൗഹൃദത്തിനുമപ്പുറം മറ്റെന്തോ…. അതിന് പ്രണയം എന്ന് പറയാമോ എന്നെനിക്കറിയില്ല…

ഒന്നറിയാം തന്നോട് സംസാരിക്കാൻ ഞാനും ഇഷ്ടപ്പെടുന്നുണ്ട്. മനസിലുള്ള ചെറിയ വിഷങ്ങൾ പോലും തന്നോട് സംസാരിക്കുമ്പോൾ അളിഞ്ഞില്ലാതാകുന്നതെങ്ങനെയെന്നു എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്…. മറുപടി എന്റെ മനസിലുണ്ട്.. പക്ഷെ ഞാനത് ഇപ്പോൾ പറയുന്നില്ല. ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനമല്ലേ? ഒരിക്കൽക്കൂടി എനിക്ക് ആലോചിക്കണം… ഉടനെ മറുപടി തരാം ഞാൻ…..”””” പറഞ്ഞു നിർത്തുമ്പോഴും ജാനാകിയുടെ ചുണ്ടിൽ ആ ചിരി മായാതെ നിന്നു. “””മതി… ആലോചിച്ചു പറഞ്ഞാൽ മതി….. മറുപടി അനുകൂലമാകും എന്ന് ഞാൻ പ്രതീക്ഷിക്കും കേട്ടൊ….””” ഒരു പുഞ്ചിരിയോടെ തന്നെ അവൻ അവളുടെ കൈയ്ക്ക് മുകളിലുള്ള അവന്റെ കൈ പിൻവലിച്ചു…. ഉള്ളിൽ അവൻ ആർത്തു ചിരിക്കുകയായിരുന്നു…

തന്റെ പദ്ധതികൾ വിജയത്തിലേയ്ക്ക് അടുക്കുന്നത് ഓർത്ത് സന്തോഷിക്കുന്നുണ്ടായിരുന്നു. നീ ഇത്ര പെട്ടന്ന് വീഴുമെന്ന് കരുതിയില്ല റോസ്…. നീ ഇപ്പോൾ പറഞ്ഞ മറുപടി തന്നെ ധാരാളം… നീ എനിക്കൊരു ലോട്ടറി ആണ് മോളെ…. എന്നെ തേടി എത്തിയ ലോട്ടറി….! കളഞ്ഞു കിട്ടിയ ലോട്ടറിയക്ക് ഒന്നാം സമ്മാനം അടിച്ച സന്തോഷമാണ് എനിക്കിപ്പോ….. ഇന്ന് തന്നെ രുക്കുമ്മയെ വിളിച്ച് എല്ലാം സെറ്റിൽ ചെയ്യണം. നിന്നെ ബാംഗ്ലൂർ എത്തിക്കാൻ ഈ കഴുത്തിൽ ഒരു താലി കെട്ടേണ്ടി വരുമെങ്കിൽ അതിനും ഈ വിനോദ് തയാറാണ്…..അവൻ മനസ്സിൽ ഉറപ്പിച്ചു. “”””ഇതെന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത്? നമുക്ക് പോകണ്ടേ?””‘”” തന്റെ മുഖത്തേയ്ക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുന്ന വിനോദിന്റെ മുഖത്തിന്‌ നേരെ അവൾ കൈ വീശി കാണിച്ചു… “”””ഓഹ്… സോറി റോസ്.. ഞാൻ എന്തോ ആലോചിച്ചിരുന്നു പോയി… നമുക്ക് ഇറങ്ങാം…”””” അവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു… വിനോദ് തന്നെ ജ്യൂസിന്റെ കാശ് കൊടുത്തു…

അവരിരുവരും ഒരുമിച്ചാണ് കഫെയ്ക്ക് പുറത്തേയ്ക്ക് വന്നത്.. ആൽവിൻ കുറച്ചു മാറി നിന്നു അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ തന്നെ കണ്ട് ഒരു നാടോടി സ്ത്രീ ഒക്കത്തു ഒരു കുഞ്ഞുമായി അവർക്കരികിലേയ്ക്ക് വരുന്നത്. അവരുടെ കയ്യിൽ വിൽപ്പനയ്ക്കായി ചിരട്ടയും തൂവലുമൊക്കെ വച്ച് നിർമിച്ച കുറച്ചു അലങ്കാരാവസ്തുക്കളും ഉണ്ടായിരുന്നു. അവർക്കരികിലേക്കെതിയ ആ സ്ത്രീ കയ്യിലുള്ള വസ്തുക്കൾ വാങ്ങാൻ ജാനിയോടും വിനോദിനോടും അപേക്ഷ പോലെ പറഞ്ഞു … തമിഴ്ലാണ് സംസാരം…. എങ്കിലും സംസാരിക്കുന്നതൊക്കെ വ്യക്തമാകുന്നുണ്ട്. “”””പാവം അല്ലെ റോസ്…. എന്തെങ്കിലും വാങ്ങിയേക്കാം…. എനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല എങ്കിലും ഞാൻ ഇത് വാങ്ങുന്നത് കൊണ്ട് ഇവർക്ക് ഉപകാരം ആകുമല്ലോ… ഈ കുഞ്ഞിന്റെ വിശപ്പ്‌ മാറ്റാണെങ്കിലും ഉപകരിക്കില്ലേ?””””

റോസിന്റെ മുന്നിൽ നല്ലവനാകാനായിരുന്നു വിനോദിന്റെ ഉദ്ദേശം…. അത് മനസിലാക്കി ജാനി ഉള്ളിൽ ചിരിച്ചു…. നിനക്ക് ഈ കുഞ്ഞിനോട് സഹതാപമാണോ വിനോദ്? നീ കാരണം ഇത് പോലെ എത്രയോ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകന്ന് തെരുവിൽ കഴിയുന്നുണ്ട്….. നീ കാരണം ഉണ്ണാനും ഉടുക്കാനും ഇല്ലാതെ ആരുടെയോ ആട്ടും തുപ്പും കേട്ടു തെരുവിൽ അലയുന്ന എത്രയോ ബാല്യങ്ങൾ ഉണ്ടായിട്ടുണ്ട്….. ആ നീ ഈ കുഞ്ഞിന്റെ വിശപ്പിനെ ഓർത്തു വേദനിക്കുന്നോ? നീയൊരു നല്ല നടനാണ് വിനോദ്…. വെറുപ്പ്‌ മുഖത്ത് പ്രകടമാകാതെ ജാനി പുഞ്ചിരിച്ചു… “”””ഓഹ്….വിനോദ്… നിങ്ങൾക്ക് നല്ലൊരു മനസുണ്ട്…..”””” വിനോദ് അത് വാങ്ങി ജാനിയുടെ നേരെ നീട്ടി… “”‘”ഞാൻ തനിക്കായി വാങ്ങിയ ആദ്യത്തെ സമ്മാനം… വാങ്ങിക്കോ…””””” ജാനി അത് വാങ്ങുന്നതിനു മുന്നേ തന്നെ ആ സ്ത്രീയുടെ അപേക്ഷ പോലുള്ള ശബ്ദം വീണ്ടും അവളുടെ കാത്തിലെത്തി…

“രണ്ട് ദിവസമായി കച്ചവടമൊന്നുമില്ല.. കുഞ്ഞു പട്ടിണിയാണ്… വേറെ എന്തെങ്കിലും കൂടി തരുമോ സാറേ….” അപ്പോൾ മാത്രമാണ് ജാനി അവരെയും ഒക്കത്തിരിക്കുന്ന കുഞ്ഞിനേയും ശ്രദ്ധിക്കുന്നത്. ആ സ്ത്രീയുടെ വസ്ത്രങ്ങൾ വൃത്തി ഹീനമായിരുന്നു എങ്കിലും മുഖത്ത് ക്ഷീണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ അവസ്ഥ ദയനീയമായിരുന്നു. മൂന്ന് വയസോളം പ്രായം തോന്നുന്നു ഒരാൺ കുഞ്ഞു … ആ കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… ചെളിയും അഴുക്ക് പുരണ്ട ശരീരം… ശരീരത്തിൽ അവിടവിടെയായി മുറിവുകൾ… മുഖമാകെ കണ്ണീർ ഒലിച്ചിറങ്ങിയ പാടുകൾ… ജാനി അവനെ നോക്കുന്നത് കണ്ടാകണം അവർ ആ കുഞ്ഞിന്റെ തുടയിലായി അവൾ കാണാതെ ഒന്നമർത്തി നുള്ളിയത്… ആ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി…. ആ കരച്ചിൽ കണ്ട് കൂടുതൽ കാശ് കിട്ടട്ടെ അവർ കരുതി.

പക്ഷെ അപ്പോഴേയ്ക്കും അവളുടെ ഉള്ളിൽ ഒരു സംശയം മോട്ടിട്ടു തുടങ്ങിയിരുന്നു…. ഈ കുഞ്ഞ്…? ഞാൻ എവിടെയോ ഇവനെ കണ്ടത് പോലെ…..എവിടെയാണ്….? തലച്ചോറിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കി ഓർമകളിൽ ഒന്ന് കാര്യമായി ചികഞ്ഞു…. അതേ…. അത് തന്നെ… മഠത്തിൽ വച്ച് ടീവിയിൽ… ഒരു തമിൾ ചാനലിൽ കണ്ട ഒരു ഡോക്യൂമെന്ററിയിൽ….. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ ഭിക്ഷാടകരാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററി ആയിരുന്നു അത്… വെറുതെ ചാനൽ മാറ്റിയപ്പോൾ കണ്ടതാണ്….. അതിനിടയിൽ ആയിടയ്ക്ക് കാണാതായ കുറച്ചു കുട്ടികളേക്കൂടി കാണിച്ചിരുന്നു…. അതിലൊരു കുഞ്ഞാണ് മുന്നിൽ ഉള്ള സ്ത്രീയുടെ കയ്യിൽ ഇരിക്കുന്നത് എന്ന് തോന്നി അവൾക്ക്…. ആ കുട്ടിയ്ക്ക് അപ്പൂസുമായി നല്ല രൂപസാദൃശ്യം ഉണ്ടായിരുന്നു…. അതാണ്‌ ആ മുഖം ഓർമയിൽ ഇരുന്നത്…..

ഉറക്കെ കരയുന്ന കുഞ്ഞിന്റെ മുഖത്തേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി നിന്നു…. അപ്പോഴും കരയുന്ന കുഞ്ഞിനെ കാട്ടി ആ സ്ത്രീ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു….. ജാനകി കുട്ടിയെ സൂക്ഷിച്ചു നോക്കുന്നത് കണ്ടാണ് വിനോദും ആ കുട്ടിയെ ശ്രദ്ധിക്കുന്നത്. കുറച്ചു മാസം മുൻപ് താനും തന്റെ ആൾക്കാരും ചേർന്ന് തമിഴ്നാട്ടിൽ നിന്നും തട്ടിയെടുത്ത കുട്ടിയാണ് മുന്നിൽ ഉള്ളതെന്ന് അവനും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…. ഇവൾ എന്താണ് ഈ കുട്ടിയെ ഇങ്ങനെ നോക്കുന്നത്…? ഇനി ഇവൾക്ക് എന്തെങ്കിലും സംശയം….? പെട്ടെന്ന് തന്നെ ഇവരെ ഇവിടെ നിന്നും പറഞ്ഞയക്കണം… “”””റോസ്… പാവങ്ങൾ… എന്തെങ്കിലും കൊടുത്തേയ്ക്കാം അല്ലെ…?””””” ധൃതിയിൽ പോക്കറ്റിൽ നിന്നും കാശെടുത്തു അവർക്ക് നേരെ നീട്ടിയ വിനോദിന്റെ കയ്യിൽ ജാനകി പിടിച്ചു …. “””നിൽക്ക് വിനോദ്…. ഇത് ഈ സ്ത്രീയുടെ കുട്ടിയല്ല… ഇവര്… ഇവര് ഈ കുഞ്ഞിനെ മോഷ്ടിച്ചതാണ്….””” അവൾ തറപ്പിച്ചു പറഞ്ഞു…..

“”””താൻ എന്താ റോസ് ഈ പറയുന്നത്….?”””” വിനോദ് ഞെട്ടലോടെ അവളെ നോക്കി…. അവന്റെ ശബ്ദത്തിനൊപ്പം കയ്യിലെയും വിറയൽ അവൾക്ക് തിരിച്ചറിയാനായി…. അപ്പൊ ഇതിന് പിന്നിലും നീയാണോ വിനോദെ….? അതോ അതാരാണെന്ന് നിനക്ക് അറിയുമോ? അത് ഇനി എന്ത്‌ തന്നെ ആയാലും ഇന്ന് ഈ കുഞ്ഞിന്റെ രക്ഷകൻ ആകാൻ പോകുന്നത് നീയാണ് വിനോദെ….. ഇത് പോലെ എത്രയോ കുഞ്ഞുങ്ങളെ നീ തെരുവിൽ ആക്കിയിട്ടുണ്ട്……. എത്രയോ മാതാപിതാക്കൾ തങ്ങളുടെ പോന്നോമനകൾ എവിടെ ആണെന്ന് പോലും അറിയാനാകാതെ വേദനയാൽ ഉരുകി തീർന്നിട്ടുണ്ട്…. അതിനൊക്കെ പകരമാകില്ലെങ്കിലും ഇന്ന് ഇവനെ നീ തന്നെ പോലീസ് സ്റ്റേഷനിൽ എത്തിക്കും….

ഇവന്റെ മാതാപിതാക്കളെ കണ്ടെത്താൻ നീ കാരണമാകും…. എനിക്ക് വേണ്ടി…. ഇപ്പോൾ ഞാൻ എന്ത്‌ പറഞ്ഞാലും നീ അത് അനുസരിക്കും എന്നെനിക്ക് അറിയാം വിനോദെ….. ഇങ്ങനെ ഒരവസരം എനിക്ക് നൽകിയത് ഈശ്വരനാണ്…. നിനക്കുള്ള എന്റെ ആദ്യത്തെ ചെറിയ ശിക്ഷ…! അവന്റെ കയ്യിലെ പിടി വിടാതെ തന്നെ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി മനസ്സിൽ പറഞ്ഞു…… തുടരും

തമസ്സ്‌ : ഭാഗം 35

Share this story