തമസ്സ്‌ : ഭാഗം 44

തമസ്സ്‌ : ഭാഗം 44

എഴുത്തുകാരി: നീലിമ

“”””നിനക്ക് മരിക്കാൻ ഭയം ഇല്ല എന്നെനിക്കറിയാം വിനോദെ… ഞാൻ ഒരു തോക്ക് ചൂണ്ടി നിന്നോട് ചോദിച്ചാൽ നീ ഒരക്ഷരം മിണ്ടില്ല എന്നും അറിയാം…. അത് കൊണ്ടാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്. ശരീരത്തിന് വേദന താങ്ങുന്നതിനു ഒരു പരിധി ഉണ്ടല്ലോ… ആ പരിധിയോക്കെ നിന്നെ സംബന്ധിച്ച് കഴിഞ്ഞു….. ഇനിയും നിന്റെ ശരീരം നോവിച്ചാൽ അത് താങ്ങാൻ നിനക്ക് പറ്റില്ല… അത് കൊണ്ട് ഇപ്പൊ ഞാൻ എന്ത്‌ ചോദിച്ചാലും നീ പറയും…. അല്ലെ….???””””” ഒരു ചിരിയോടെ ശരത് കുനിഞ്ഞു വിനോദിന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു…. അസ്സഹനീയമായ വേദന കാരണം അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അപ്പോഴും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…

“”””എന്താ വിനോദെ… ഇനിയും വേദന താങ്ങാനുള്ള ശക്തി നിനക്ക് ഉണ്ടോ?””””” ഇല്ല എന്നവൻ പതിയെ തല ചലിപ്പിച്ചു…. “””””അപ്പൊ തോൽവി സമ്മതിച്ചു…..””””” ചിരിയോടെ തന്നെ അടുത്ത് കിടന്നൊരു കസേര വിനോദിനടുത്തേയ്ക്ക് വലിച്ചിട്ടിരുന്നു ശരത്…. “”””””ഞങ്ങൾക്ക് അറിയേണ്ടതൊക്കെ പറയാൻ നീ തയാറാണല്ലോ അല്ലെ?””””” മൗനമായിരുന്നു വിനോദിന്റെ മറുപടി. തല കുനിച്ചു തന്നെ അവനിരുന്നു…. കയ്യും കാലും ഒന്നു അനക്കാൻ കൂടി കഴിയുന്നില്ല… അസ്സഹനീയമായ വേദന…. വേദന കാരണം മുഖം ഇടയ്ക്കിടെ ചുളിഞ്ഞു വരുന്നുണ്ടായിരുന്നു…. “”””മരിക്കാൻ വിനോദിനു ഭയമില്ല… നിനക്കൊക്കെ വേണ്ടത് എന്നെയല്ലേ? എന്റെ ജീവനല്ലേ? കൊല്ല്….. എന്നെ കൊല്ല് ജാനകി… നിന്റെ പ്രതികാരം തീരട്ടെ…..”””””

അവൻ പതിയെ തലയുയർത്തി ജാനിയെ നോക്കി…. ജാനകി പതിയെ അവന്റെ മുന്നിലേയ്ക്ക് നീങ്ങി നിന്നു….. “””””ഇല്ല വിനോദെ… ഇപ്പൊ നിന്റെ ജീവനെടുത്താൽ എന്റെ പ്രതികാരം തീരില്ല…. എന്റെ പ്രതികാരം തീരണമെങ്കിൽ ഒന്ന് കൊന്നു തരാൻ അപേക്ഷിച്ചു നീ കരയുന്നത് എനിക്ക് കാണണം…. മരിക്കാൻ ഒരുപാട് കൊതിച്ചിട്ടും മരണം കിട്ടാക്കനി ആകുന്ന ഒരവസ്ഥ നിനക്ക് വരണം…. ഞാൻ ഉൾപ്പെടെ എത്ര പേര് കൊതിച്ചിട്ടുണ്ട് എന്നറിയുമോ…നീ കാരണം…… ഒന്ന് മരിക്കാൻ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന്…. അങ്ങനെ ആഗ്രഹിച്ചിട്ടും അതിന് പോലും കഴിയാതെ വരുന്നോരവസ്ഥ എത്ര ഭയാനകമാണെന്ന് അറിയാമോ നിനക്ക്….? ആ അവസ്ഥ നീയും അനുഭവിക്കണം……. ഒന്ന് ജീവിതം അവസാനിച്ചു കിട്ടാൻ കൊതിക്കണം നീ… അതിന് വേണ്ടി കേഴണം…. അന്നേ ഈ ജാനകിയുടെ പ്രതികാരം അവസാനിക്കൂ….”””””

പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും കിതച്ചു പോയിരുന്നു അവൾ….. “”””””നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞാൻ കൂട്ടാക്കിയില്ലെങ്കിലോ? അപ്പോഴും നിങ്ങൾ എന്നെ കൊല്ലില്ല എന്ന് തന്നെയാണോ?””””” അവന്റെ വാക്കുകളിൽ പോലും തളർച്ച ബാധിച്ചിരുന്നു….. സംസാരത്തിനിടയിൽ വേദന കാരണം മുഖം ചുളിച്ചിരുന്നു….. ആ അവസ്ഥയിലും അവൻ ഉന്നയിച്ച ചോദ്യം….! തോറ്റു തരാൻ അപ്പോഴും അവൻ തയാറാകുന്നില്ല എന്നുള്ളത് ജാനാകിയിൽപോലും ഞെട്ടൽ ഉളവാക്കി… “””””ഇല്ല.. അപ്പോഴും നിന്നെ ഞങ്ങൾ കൊല്ലില്ല… വേദനിപ്പിക്കും…. നിന്റെ ശരീരത്തെ….. ഇപ്പൊ നീ അനുഭവിച്ചതിന്റെ നൂറിരട്ടി വേദന നീ അറിയും…. ഇപ്പോൾത്തന്നെ താങ്ങാവുന്നതിലും അധികം ആയില്ലേ? ഇനിയും ഈ വേദന സഹിക്കണോ ? നീ ആലോചിക്ക്…..””””” മറുപടി നൽകാതെ വിനോദ് വീണ്ടും തല താഴ്ത്തി….. പീറ്ററേട്ടന് ദേഷ്യം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു…..

നിശബ്ദനായിരിക്കുന്ന വിനോദ് അയാളിലെ ദേഷ്യം ഇരട്ടിപ്പിച്ചു…. ശക്തിയിൽ അയാൾ മൊട്ടുസൂചി പ്രയോഗത്തിൽ ഇളകിയിരുന്ന അവന്റെ നഖം പറിച്ചെടുത്തു….. വലത് പെരുവിരലിൽ നിന്നും രക്തം തറലേയ്ക്ക് ഒഴുകി ഇറങ്ങി…. വിനോദ് അലറികരഞ്ഞു….. “””””വേണ്ട…. ഞാൻ പറയാം…””””” കൂടുതൽ താങ്ങാൻ അവന്റെ ശരീരത്തിന് കഴിയുമായിരുന്നില്ല. ഇനിയും വേദന സഹിച്ചു വായ് മൂടിക്കെട്ടി ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് അവൻ മനസിലാക്കിയിരുന്നു…. അവനിൽ നിന്നും അറിയേണ്ടത് വരുണിനേയും രുഗ്മിണി തങ്കച്ചിയെയും കുറിച്ചായിരുന്നു. ശരത്തിന്റെയും ആൽവിയുടെയും മോഹന്റെയും മാറി മാറിയുള്ള ചോദ്യങ്ങൾക്ക് ഇടയ്ക്കൊക്കെ അവൻ മറുപടി നൽകാൻ മടിച്ചു…. അപ്പോഴൊക്കെയും പീറ്ററേട്ടന് മൊട്ടു സൂചി പ്രയോഗം നടത്തേണ്ടി വന്നു….. ഇടയ്ക്കൊക്കെ അടിയും ഇടിയും മുറയ്ക്ക് വാങ്ങിക്കൂട്ടി….. ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചപ്പോൾ ഒന്ന് നിവർന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിയിരുന്നു വിനോദ്……

“””””തൽക്കാലം ഇത്രേം മതി വിനോദെ…. ബാക്കി വഴിയെ…””””” അത്രയും പറഞ്ഞു വിനോദിനരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ ആവശ്യമുള്ളതൊക്കെ കിട്ടിക്കഴിഞ്ഞതിന്റെ സംപ്തൃപ്‌തി ഉണ്ടായിരുന്നു ശരത്തിന്റെ മുഖത്ത്…. “””””ഇവനെ ഇനി എന്താ ചെയ്യേണ്ടത്….? തീർത്തു കളഞ്ഞാലോ?”””” ആവക്ഞയോടെ വിനോദിനെ ഒന്ന് നോക്കി ആൽവി…. “””””അതിനുള്ള സമയം ആയിട്ടില്ല ആൽവി… ഇവന്റെ നാവ് നമുക്ക് ഇനിയും വേണ്ടി വരും… തൽക്കാലം ഇവൻ ഇവിടെ കിടക്കട്ടെ…. പീറ്ററേട്ടൻ ഉണ്ടാകും ഇവന് കാവലായിട്ട്….””””” അതിന് മാറ്റം ഇല്ലല്ലോ എന്ന രീതിയിൽ ശരത് പീറ്ററേട്ടനെ നോക്കി…. “””””നിങ്ങൾ പൊക്കോടാ പിളരെ… ഇവനെ ഞാൻ നോക്കിക്കോളാം…. പിന്നേ ഒന്നുണ്ട് … ഇവന്റെ കയ്യും കാലം ഞാൻ അഴിച്ച് വിടില്ല… ഇങ്ങനെ കെട്ടിത്തന്നെ വച്ചേക്കും…

കയ്യും കാലും കെട്ടി ഒരു മൂലയ്ക്ക് ഇട്ടേക്കാം…ജീവൻ നിലനിർത്താൻ ഒരിത്തിരി ആഹാരം… ഇത്തിരി വെള്ളം… അതിൽ കൂടുതൽ ഒന്നും ഞാൻ ഇവന് കൊടുക്കാൻ പോകുന്നില്ല…. ശരീരത്തിന്റെ വേദന മാത്രമല്ല… വിശപ്പും ഇവൻ അറിയണമല്ലോ…? ഇവൻ കാരണം വിശന്നു വലയുന്ന എത്ര പിള്ളേരുണ്ടാകും…. തെരുവില്….. ഒരു നേരത്തെ ആഹാരത്തിനു മറ്റുള്ളവരുടെ മുന്നിൽ ഇരക്കുന്നുണ്ടാവും….. അപ്പൊ അതിന്റെ ഒരംശം എങ്കിലും ഇവൻ അറിയണ്ടേ? ഇവന്റെ ശരീരത്തിൽ ഇപ്പോഴുള്ള മുറിവുകളൊക്കെ ഇങ്ങനെ തന്നെ ഉണ്ടാകും….. അതൊക്കെ പഴുത്തു പുഴുത്തു വൃണമായി ഇവനെ വേദനിപ്പിച്ചാൽ അത്രയും സന്തോഷം….. ഇവനെപ്പോലുള്ളവരുടെ വേദന കാണുന്നതേ എനിക്ക് വല്ലാത്തൊരു മനസുഖം തരാറുണ്ട്….. ഞാൻ ഉണ്ടാകും ഇവിടെ…

ഇവൻ ഇവിടെ കിടന്ന് നരകിക്കുന്നത് കണ്ടു രസിക്കാൻ…..””””” പീറ്ററേട്ടന്റെ മുഖത്തപ്പോൾ മിന്നി മറഞ്ഞ ഭാവങ്ങൾ നോക്കി നിൽക്കുകയായിരുന്നു ജാനകി…. ആ മനുഷ്യന്റെ ഉള്ളിൽ എവിടെയോ ഒരു കനൽ എരിയുന്നുണ്ടെന്നു അവൾക്ക് തോന്നി…. “””””മോളുടെ ഈ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലാകുന്നുണ്ട്… ഇവനോട് എനിക്ക് ഇത്ര വിരോധം എന്താണ് എന്നല്ലേ? അതിന് കാരണം ദേ ഇവനാ…. “”””” പീറ്ററേട്ടൻ ശരത്തിനരികിലേയ്ക്ക് ചെന്നു….. അവനെ ചേർത്ത് നിർത്തി…. “””””കുറച്ചു വർഷങ്ങളുടെ പരിചയമേ ഉള്ളൂ എങ്കിലും എനിക്ക് ഇവൻ മകൻ തന്നെയാണ്…. അപ്പൊ ഇവന്റെ പാതിയാകേണ്ടിയിരുന്നവൾ എന്റെ മരുമകൾ അല്ലെ? ഒരു തവണ പോലും അവളെ ഞാൻ കണ്ടിട്ടില്ല…. പക്ഷെ അവളുടെ ജീവൻ ഇല്ലാതാകാൻ കാരണക്കാരായവരെ ഇരുമ്പഴിക്കുള്ളിലാക്കാനുള്ള ഇവന്റെ ഓട്ടത്തിനൊപ്പം ഞാനും ഉണ്ടായിരുന്നു….

ഓടി മുഴുമിപ്പിക്കാനാകാതെ പകുതി വഴിയിൽ ഇവൻ തളർന്നു പോയപ്പോൾ……തോറ്റു പോയപ്പോൾ ഇവന്റെ ഒപ്പം തോൽവി ഏറ്റു വാങ്ങിയവനാണ് ഞാനും…… ഇവന്റെ കൂട്ടാളികൾ തന്നെയല്ലേ എന്റെ കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കിയത്….? പ്രണവേദനയോടെ ഇവൻ പിടയുന്നത് കണ്ടാലും എനിക്ക് ചിരിയെ വരൂ മോളെ…..””””” ജാനകിയുടെ നോട്ടത്തിനുള്ള മറുപടിയായി പറഞ്ഞു നിർത്തുമ്പോൾ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ശരത് അയാളെ ഒന്ന് ഇറുകെ പുണർന്നു… കുറച്ചു സമയം അവരങ്ങനെ നിന്നു…. അച്ഛനും മകനും ആണെന്നെ തോന്നിയുള്ളൂ…. കുറച്ചു സമയം അങ്ങനെ നിന്നിട്ടാണ് ശരത് അകന്ന് മാറിയത്…. “”””””എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ പീറ്ററേട്ടാ ….. പ്ലാനിങ് ഇനിയും ബാക്കിയാണ്….”””””

പീറ്ററേട്ടന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു നിന്നു പറഞ്ഞു…നോക്കിയാൽ കരഞ്ഞു പോകുമെന്ന് കരുതിയിട്ടുണ്ടാകണം…. അവിടെ നിന്നിറങ്ങുമ്പോ മോഹൻ ഒരിക്കൽക്കൂടി തിരിഞ്ഞു വിനോദിനെ നോക്കി….. പീറ്ററേട്ടൻ അവന്റെ കാലുകൾ കൂടി കൂട്ടിക്കെട്ടി മുറിയുടെ മൂലയ്ക്ക് എടുത്ത് എറിയുന്നത് കണ്ടു…. ഒരു ചാക്ക് കെട്ടു ചുമരിൽ ഇടിച്ച് താഴേയ്ക്ക് വീഴുന്നത് പോലെ തോന്നി. എല്ലോടിയുന്നത് പോലൊരു ശബ്ദം കേട്ടു…. അവനിൽ നിന്നും നിലവിളി ഉണ്ടായില്ല. നിലത്തു ചുരുണ്ടു കൂടിയവനിൽ നിന്നും ഞരക്കവും മൂളലും മാത്രം….. മുറിവുകളിൽ നിന്നും അപ്പോഴും രക്തം പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്…. തന്റെ ജീവിതവും സന്തോഷവും കവർന്നെടുത്തവൻ….!!!!! ഭൂമിയിലെ തെറ്റുകൾക്കുള്ള ശിക്ഷ ഭൂമിയിൽ തന്നെ അനുഭവിച്ചു തീർക്കേണ്ടതല്ലേ….!!!??? ഒരു ദീർഘ നിശ്വാസമെടുത്തു മോഹൻ തിരിഞ്ഞു നടന്നു …..

🎗🎗🎗🎗🎗🎗🎗🎗🎗🎗 “”””അപ്പൊ ഇനി എന്താണ് പ്ലാൻ?”””” ആൽവിയും മോഹനും ശരത്തും കൂടി സംസാരിച്ചിരിക്കുന്നിടത്തേയ്ക്ക് മായയോടൊപ്പം ജാനക്കിയും നടന്ന് ചെന്നു….. “”””അതാണ്‌ ഞങ്ങളും ആലോചിക്കുന്നത്. എങ്ങനെ വരുണിനേയും രുഗ്മിണിയെയും കുരുക്കിലാക്കും? അത് മാത്രം പോരാ… അവിടെ ഇപ്പോഴുള്ള കുട്ടികളെ രക്ഷപെടുത്തുകയും വേണ്ടേ? അവരുടെ സേഫ്റ്റി കൂടി നോക്കി വേണം ഓരോന്ന് പ്ലാൻ ചെയ്യാൻ…..”””” ആലോചനയോടെ ശരത് പറഞ്ഞു നിർത്തി…. “”””ഞാൻ ഒന്ന് പറയട്ടെ?”””” എല്ലാപേരുടെയും ശ്രദ്ധ മോഹനിലേയ്ക്ക് തിരിഞ്ഞു…. “””””എല്ലാ ഞായറാഴ്ചകളിലും വരുണും രുഗ്മിണിയും രാവിലെ മുതൽ രാത്രി വരെ അവിടെ ഉണ്ടാവാറില്ല എന്നല്ലേ വിനോദ് പറഞ്ഞത്? നമുക്ക് അവിടെ കയറിപ്പറ്റാനുള്ള ഏറ്റവും ബെസ്റ്റ് സമയം അതാണെന്ന് എനിക്ക് തോന്നുന്നു…..”””””

“”””പക്ഷെ എങ്ങനെ? ഇത് നമ്മൾ സിനിമകളിലൊക്കെ കാണുന്നത് പോലെ ഒരു കോളനിയോ തെരിവോരത്തെ കെട്ടിടമോ അല്ല… നല്ല കെട്ടുറപ്പുള്ള വെൽ സെക്യൂരിറ്റി ഉള്ള ഒരു വീടാണ്…. രുഗ്മിണി തങ്കച്ചിയുടെ വീട്…! വരുണും രുഗ്മിണിയും അവിടെ ഇല്ലാത്തപ്പോൾ ഒന്നിന് പകരം ഗേറ്റിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകും എന്നല്ലേ വിനോദ് പറഞ്ഞത്? അത് കൂടാതെ രണ്ടോ മൂന്നോ പേര് വീടിനുള്ളിലും ഉണ്ടാകും… എന്തെങ്കിലും ആസ്വഭാവികത തോന്നിയാൽ അവര് വരുണിനെയോ രുഗ്മിണിയേയോ വിവരമറിയിക്കും എന്നുള്ളത് ഉറപ്പാണ്…. അപ്പോപ്പിന്നെ എങ്ങനെ നമ്മൾ ആരും അറിയാതെ ഉള്ളിൽ എത്തും? ഉള്ളിൽ കടന്നാൽത്തന്നെ വരുണിനേയും അവരെയും തീർത്തിട്ട് സേഫ് ആയി നമുക്ക് പുറത്ത് കടക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?”””””

ആൽവിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മോഹൻ കുറച്ചു സമയം ആലോചനയിലാണ്ടു …. “””””നമുക്ക് മറ്റൊരു വഴി ആലോചിച്ചാലോ? വിനോദ് റോസിനെ അവിടെ എത്തിക്കും എന്ന് തന്നെയല്ലേ രുഗ്മിണി ഇപ്പോഴും വിശ്വസിക്കുന്നത്…? റോസ് ആയിട്ട് ജാനകിയെ അവിടെ എത്തിച്ചാലോ? വിനോദിന് പീറ്ററേട്ടനെക്കൊണ്ട് രണ്ട് ഡോസ് കൂടി കൊടുപ്പിച്ചാൽ അവൻ തന്നെ രുഗ്മിണിയെ വിളിച്ച് സംസാരിക്കും….. റോസുമായിട്ട് അങ്ങോട്ടേക്ക് വരികയാണെന്ന് പറയും… രുഗ്മിണിയും വരുണും ഇല്ലാത്ത ദിവസം ആയതിനാൽ ജാനകിയെ വേഷം കെട്ടിച്ചു നമുക്കും അവിടെ കേറിപ്പറ്റാൻ കഴിയില്ലേ?””””” തന്റെ മനസ്സിൽ തോന്നിയ ആശയം വിശദീകരിച്ചു ആൽവി ചുറ്റുമുള്ളവരെ നോക്കി…. “””””അത് ശരിയാകില്ല ആൽവി….. വിനോദ് രുഗ്മിണിയെ വിളിക്കാൻ പാടില്ല….

ഒന്നാമത് അവനിപ്പോ നേരാവണ്ണം സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല…. പീറ്ററേട്ടന്റെ ഇടിയിൽ വായിലെ പല്ലുകൾ എത്രെണ്ണം പോയെന്നു കർത്താവിനറിയാം… നമ്മളോട് സംസാരിച്ചത് തന്നെ വിക്കി വിക്കിയാ…. അവൻ നോർമൽ ആയിട്ട് സംസാരിക്കുന്നത് വരെ കാത്തിരിക്കാൻ നമ്മുടെ പക്കൽ സമയവുമില്ല. അതും അല്ല അവൻ എങ്ങാനും അവരോട് സംസാരിക്കുമ്പോൾ നമ്മൾ പോലും അറിയാത്ത രീതിയിൽ എന്തെങ്കിലും ക്ലൂ അവർക്ക് കൊടുത്താൽ….? നമ്മൾ എല്ലാം ചിന്ദിക്കണമല്ലോ? അത് റിസ്ക് ആണ്…. നമ്മൾ ഇത്രയും ജയിച്ചു നിൽക്കുന്ന ഈ അവസരത്തിൽ റിസ്ക് എടുക്കാൻ വയ്യ….””””” ആൽവിയുടെ പ്ലാൻ നിഷേധിച്ചു പറഞ്ഞു കൊണ്ട് ശരത് എഴുന്നേറ്റു….. “””””പിന്നേ ഇപ്പൊ എന്താ ചെയ്യുക?”””” “””””ഒരു ഐഡിയ ഉണ്ട്‌…. അത് പ്രവർത്തികമാക്കണമെങ്കിൽ നമുക്ക് ഒരാളുടെ സഹായം കൂടി വേണ്ടി വരും…””””

ശരത് ആലോചനയോടെ കുറച്ചു മുന്നിലേയ്ക്ക് നടന്നു… “”””ആരുടെ?”””” “””””ആൽവിയുടെ കൂട്ടുകാരന്റെ….. വിനോദ് ഇപ്പൊ കിടക്കുന്ന വീടിന്റെ ഉടമ… ആൽവിയുടെ കൂട്ടുകാരൻ… അയാൾ ഒരു മിമിക്രി ആർട്ടിസ്റ് ആണെന്നല്ലേ ആൾവി പറഞ്ഞത്….?”””” “”””മ്മ്… അതെ…. അവൻ ഏതൊക്കെയോ മിമിക്രി ട്രൂപ്പുകളിൽ ഒക്കെ ഉണ്ട്‌… ഒന്ന് രണ്ട് സിനിമയിലും അഭിനയിച്ചിട്ടുണ്ട്… ശബ്ദനുകരണം ഒക്കെ ഉണ്ട്‌…… ഈ എന്റെ ശബ്ദം വരെ അനുകരിക്കാറുണ്ട്…. പക്ഷെ….”””” ആൽവി ഒന്ന് നിർത്തി…. “”””എന്താ ഒരു പക്ഷെ…?”””” “””””അവന് വിനോദിന്റെ ശബദം പഠിക്കണമെങ്കിൽ ഒന്നോ രണ്ടോ തവണ ചുമ്മാ കേട്ടാലൊന്നും പറ്റില്ല….. അത് പോട്ടെ… ഒരു രണ്ട് മൂന്ന് മണിക്കൂറൊക്കെ കൊടുത്താൽ അവൻ പഠിച്ചെടുക്കും…. പക്ഷെ അതല്ലലോ പ്രശ്നം….. വിനോദിന്റെ ശബ്ദം….? അവന്റെ ഇപ്പോഴുള്ള സംസാരം ഒട്ടും വ്യക്തമല്ലല്ലോ…. പിന്നേ എങ്ങനെ….?””””

ആൽവി ആശയത്തോടെ പറഞ്ഞു നിർത്തി മറ്റുള്ളവരെ നോക്കി…. മോഹനും ശരത്തും ആലോചനയോടെ പരസ്പരം നോക്കി… “””””നിങ്ങൾക്ക് വിനോദിന്റെ ശബ്ദം പോരെ? അത് ഞാൻ തരാം…”””” എല്ലാപേരുടെയും ശ്രദ്ധ ജാനകിയിലേക്കായി… “””””അവനുമായുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ റെക്കോർഡ് ചെയ്‌തിട്ടുണ്ട്….. അവന്റെ വോയിസ്‌ നല്ല ക്ലിയർ ആയിട്ട് കേൾക്കാം…””””” “””””അത് എന്തായാലും നന്നായി. അത് മതി… ധാരാളം….””””” ആൽവിയുടെ സന്തോഷം മുഖത്ത് പ്രകടമായി…. “””””ഇനിയിപ്പോ എന്താ പ്ലാൻ?””””” “””” രാജീവിനെക്കൊണ്ട് വിനോദിന്റെ ശബ്ദത്തിൽ രുഗ്മിണിയോട് സംസാരിപ്പിക്കുന്നു….. സൺ‌ഡേ റോസുമായി അവിടെ എത്തുന്നതിനുള്ള അനുവാദം വാങ്ങുന്നു…. നമ്മൾ അവിടെ കയറിപ്പറ്റുന്നു…. രുഗ്മിണിയും വരുണും ഇല്ലാത്തത് കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാകില്ല….””””” ആൽവി തന്റെ മനസിലുള്ള ആശയം വിശദമാക്കി.

“””””എന്തോ എനിക്ക് ഇതങ്ങോട്ട് ദഹിക്കുന്നില്ല…. അവിടെ രണ്ട് സെക്യൂരിറ്റിസ് ഉണ്ടാകും എന്നല്ലേ പറഞ്ഞത്…? രുഗ്മിണി പറഞ്ഞിട്ടായാലും വിനോദിന്റെ മുഖം കാണാതെ അവർ നമ്മളെ ഉള്ളിലേയ്ക്ക് വിടും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സൺഡേയ്സിൽ ഇത് പോലെ കുട്ടികളെ അവിടെ എത്തിച്ചിട്ടുണ്ട് എന്നവൻ പറഞ്ഞിട്ടുണ്ട്… അത് ശെരിയാണ്…. പക്ഷെ അവൻ ഒന്ന് കൂടി പറഞ്ഞിരുന്നു…. അവനെയും ഒപ്പമുള്ള കുട്ടിയേയും മാത്രമേ ഉള്ളിലേയ്ക്ക് കടക്കാൻ അവർ അനുവദിക്കാറുള്ളൂ എന്ന്…. അതിനിപ്പോഴും മാറ്റം ഉണ്ടായിരിക്കാൻ ഇടയില്ല…. അപ്പോപ്പിന്നെ വിനോദിന്റെ മുഖം കാണാതെ അവർ നമ്മളെ അകത്തേയ്ക്ക് വിടുമോ? റോസിന്റെ വേഷത്തിൽ ജാനകി ഒപ്പം ഉണ്ടായാൽപ്പോലും അതിന് സാധ്യത തീരെ ഇല്ല….ഇനി എങ്ങനെ എങ്കിലും ഉള്ളിൽ കയറിപ്പറ്റിയാൽത്തന്നെയും അവിടെയും അവരുടെ ആൾക്കാർ ഉണ്ടാകും എന്നല്ലേ പറഞ്ഞത്…?

അതിനുള്ളിലെ ഒരാളുടെ എങ്കിലും സഹായം ഇല്ലാതെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലും പുറത്തെത്തിക്കാൻ പറ്റും എന്ന് തോന്നുന്നില്ല…. പിന്നേ അല്ലെ വരുണിനേയും രുഗ്മിണിയെയും അപായപ്പെടുത്തി അവിടെ ഉള്ള കുട്ടികളെ മുഴുവൻ രക്ഷിച്ചു കൊണ്ട് വരുന്നത്….?”””” മോഹൻ അഴിച്ച് വച്ച സംശയങ്ങളുടെ ഭാണ്ടത്തിനു മുന്നിൽ ഒരു നിമിഷം എല്ലാപേരും പകച്ചു പോയി…. മോഹന്റെ വാക്കുകൾ ശെരി വച്ച് ശരത് ആലോചനയോടെ തലയാട്ടി…. “””””മോഹൻ പറഞ്ഞത് ശെരിയാണ്. വിനോദിന്റെ ശബ്ദത്തിൽ അവരോട് സംസാരിച്ചത് കൊണ്ട് മാത്രം കാര്യമില്ല….. അതിനുള്ളിലേയ്ക്ക് കടക്കണമെങ്കിൽ വിനോദ് നമ്മളോടൊപ്പം ഉണ്ടാകണം…. അതല്ലെങ്കിൽ നമ്മുടെ ഒപ്പം നിൽക്കാൻ ഒരാളെങ്കിലും അതിനുള്ളിൽ ഉണ്ടാകണം. ഒന്നല്ല…

ഒരുപാട് പേരെ നമുക്ക്അവിടെ കിട്ടും… അതിനുള്ളിൽ ഉള്ളവരൊക്കെ മാനസികമായി രുഗ്മിണിയ്ക്ക് എതിരായിരിക്കും….പക്ഷെ അവരെ ആരെയും കോൺടാക്ട് ചെയ്യാൻ നമുക്ക് കഴിയില്ലല്ലോ….? മിക്കവാറും രുഗ്മിണിയുടെ കയ്യിൽ മാത്രമേ അവിടെ ഫോൺ കാണാൻ സാധ്യത ഉള്ളൂ…””””” “””””അവിടെ രുഗ്മിണി തങ്കച്ചി അല്ലാതെ ഫോൺ ഉപയോഗിക്കുന്ന ഒരാൾ കൂടി ഉണ്ട്‌….”””” “”””ആര്?”””” ചോദ്യത്തോടെ എല്ലാ മുഖങ്ങളും ജാനിയുടെ നേർക്ക് തിരിഞ്ഞു… “”””””മാതു അമ്മ…. വിനോദ് പറഞ്ഞില്ലേ? ഞായറാഴ്ചകളിൽ രുഗ്മിണി ഇല്ലാത്തപ്പോൾ ഏതെങ്കിലും കുട്ടിയെ അവിടെ എത്തിക്കേണ്ടി വന്നാലോ മറ്റെങ്കിലും ആവശ്യം ഉണ്ടെങ്കിലോ വിളിക്കുന്നത് ഒരു മാതു അമ്മയെ ആണെന്ന്…. അതേ മാതു അമ്മ….!””””” “”””””പക്ഷെ…. അവര് രുഗ്മിണിയുടെ ചേച്ചി ആണെന്നല്ലേ അവൻ പറഞ്ഞത്… അവരെങ്ങനെ നമ്മളെ സഹായിക്കും….?”””””

“””””അവര് നമ്മളെ സഹായിക്കും…എനിക്ക് ഉറപ്പാണ്….”””” ഒരു തരി പോലും സംശയം ജാനാകിയ്ക്ക് ഉണ്ടായിരുന്നില്ല…. “””””ഞാൻ അവിടെ എത്തിയ ആദ്യ നാളുകളിലൊക്കെ മയക്കു മരുന്നിന്റെ എഫക്ട് കാരണം അർത്ഥ ബോധവസ്ഥയിൽ കിടക്കുമ്പോ കണ്ടിട്ടുണ്ട് മുറിയിലേയ്ക്ക് വരുന്ന അവരെ…. എന്നിലേയ്ക്ക് നീളുന്ന വേദന തിങ്ങി നിറഞ്ഞ അവരുടെ കണ്ണുകളെ…. കൺ കോണിൽ അവര് ഒളിപ്പിച്ചു വച്ചിരിക്കുന്ന കണ്ണുനീരിനെ….. ആദ്യമൊക്കെ സംശയമായിരുന്നു…. അവരെപ്പോലെ ഒരാളുടെ കണ്ണുകളിൽ ഞങ്ങളെപ്പോലെ നിസഹായരായി അവിടെ എത്തിപ്പെടുന്നവരെ കാണുമ്പോൾ എന്തിന് വേണ്ടിയാണ് ഒരു സങ്കട ഭാവം നിഴലിക്കുന്നതെന്നു ഓർത്തിട്ട് …. എന്റെ സംശയത്തിനുള്ള ഉത്തരം നൽകിയത് അന്നൊക്കെ എന്റെ മുറിയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന അവരാണ്…. എന്നോട് പേര് പോലും പറയാൻ വിസമ്മതിച്ച ആ സ്ത്രീ….

എപ്പോഴൊക്കെയോ എന്റെ അമ്മയുടെ ഓർമ്മകൾ എന്നിൽ എത്തിച്ച അവരാണ് എന്നനോട് മാതു അമ്മയെക്കുറിച്ച് പറഞ്ഞത്… രുഗ്മിണി തങ്കച്ചിയുടെ അവസാനം കാണാൻ കൊതിക്കുന്ന ഒരു മനസ്സ് അവർക്കുണ്ടെന്നും ചില പെൺ കുട്ടികളെയൊക്കെ രുഗ്മിണി അറിയാതെ രഹസ്യമായി അവർ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നുമൊക്കെ അവരന്ന് എന്നോട് പറഞ്ഞു…..”””” “””””എന്താണ് അവർക്ക് രുഗ്മിണിയോടുള്ള വിരോധം? അങ്ങനെ എന്തെങ്കിലും വിരോധം ഉണ്ടെങ്കിൽ രുഗ്മിണി അവരെ വിശ്വസിക്കുമോ?”””” ചോദ്യം വന്നത് ആൽവിന്റെ നാവിൽ നിന്നായിരുന്നുവെങ്കിലും എല്ലാ മുഖങ്ങളിലും അതേ ചോദ്യം ഉണ്ടായിരുന്നു…. “””””അതെനിക്കും അറിയില്ല…ഞാൻ ചോദിച്ചിട്ടും കൂടുതൽ ഒന്നും അവരും എന്നോട് പറഞ്ഞില്ല… മാതു അമ്മ എന്നോട് ഒരിക്കലേ സംസാരിച്ചിട്ടുള്ളൂ….

അന്നവരെന്റെ അരികിൽ വന്നു…. എന്നെക്കുറിച്ചറിഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നുന്നു എന്നും എന്റെ അവസ്ഥ അവരെ വേദനിപ്പിക്കുന്നു എന്നുമൊക്കെ പറഞ്ഞു…. എന്നെയും എന്റെ ഉള്ളിലുള്ള കുരുന്നിനെയും രക്ഷിക്കാൻ ഒരു വഴിയും കാണുന്നില്ലല്ലോ എന്ന് പറഞ്ഞു അവരെന്റെ മുന്നിലിരുന്നു വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു…..”””” ജാനകി പറഞ്ഞു നിർത്തി…. അവളുടെ അവസാന വാക്കുകൾ ഉള്ളിൽ ഒരു സ്ഫോടനം സൃഷ്ടിക്കുന്നതറിഞ്ഞു മോഹൻ….. എന്റെ ഉള്ളിലുള്ള കുരുന്ന് ……!!!!!! അതിനർത്ഥം….???? ഹൃദയം വല്ലാതെ പിടയുന്നു…. ഒരു കത്തി മുന തുളഞ്ഞു കയറുന്നത് പോലെ…… എന്തൊക്കെയോ അസ്വസ്ഥത ആകെ വന്നു മൂടുന്നു…… എന്റെ കുഞ്ഞ്….!!! അറിയാതെ പോയോ ഞാൻ…..??????

എവിടെയാണ്….? ഇപ്പോൾ എന്റെ കുഞ്ഞ് എവിടെയാണ്…..???? എന്തെ ഇത്ര നാളും അവൾ കുഞ്ഞിനെക്കുറിച്ചൊന്നും മിണ്ടിയില്ല…??? അവിടെ ആണോ എന്റെ കുഞ്ഞ്? രുഗ്മിണിയുടെ അടുത്ത്…. അവിടെ അവൾ എങ്ങനെ സുരക്ഷിതയായിരിക്കും…???? ഹൃദയത്തിലേ നോവിനും മീതെ അവന്റെ ഉള്ളിൽ നൂറ് ചോദ്യങ്ങൾ ഉയർന്നു…. അതോ എന്റെ കുഞ്ഞ്……???? ഒരു നിമിഷം മനസിൽ ഉയർന്ന ആ ചിന്ത പോലും അസ്സഹനീയമായിരുന്നു മോഹന്…. വല്ലാതെ വിയർക്കുന്നു… മനസ്സ് ആസ്വസ്ഥമാകുന്നു…. ആകെ ഒരു തളർച്ച ബാധിക്കുന്നു…… മോഹനിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ ജാനകിയും കാണുന്നുണ്ടായിരുന്നു… നാവിൽ നിന്നും അറിയാതെ പുറത്തേയ്ക്ക് ചാടിയ വാക്കുകൾ ഓർത്തവൾ ഉള്ളാലെ പരിതപിച്ചു…. ഒന്നങ്ങാൻ പോലുമാകാതെ ഇരുന്നിടത്തിരുന്നവൾ ഉരുകി………………….. തുടരും………….

തമസ്സ്‌ : ഭാഗം 43

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story