തമസ്സ്‌ : ഭാഗം 5

തമസ്സ്‌ : ഭാഗം 5

എഴുത്തുകാരി: നീലിമ

ആൽവിയോടൊപ്പം മോഹൻ കാറിന്റെ മുന്നിലാണിരുന്നത്. മദറും സിസ്റ്റർ ട്രീസയും കൂടി ജാനിയെ താങ്ങിപിടിച്ചു കാറിലേയ്ക്ക് കയറ്റി. ആകെ ക്ഷീണിതയായിരുന്നു അവൾ…… അവളുടെ അവസ്ഥ കാണുംതോറും മോഹന് ഉള്ളിലെ വേദന കൂടി വരുന്നത് പോലെ തോന്നി. ക്ലിനിക്കിൽ എത്തുന്നത് വരെ ഇടയ്ക്കിയിടെ അവൻ പിറകിലേയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ആൽവിയുടെ കാർ ക്ലിനിക്കിൽ എത്തുമ്പോഴേയ്ക്കും ശരത് അദ്ദേഹത്തിന്റെ ബൈക്കിൽ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവിടെ എത്തുമ്പോൾ ജാനി അബോധാവസ്ഥയിൽ മദറിന്റെ ചുമളിലേയ്ക്ക് തളർന്നു കിടപ്പുണ്ടായിരുന്നു. മോഹൻ കാറിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങി.

പിറകിലെ ഡോർ തുറന്നു ജാനകിയെ വിളിച്ചു. അവളുടെ അവസ്ഥ അവനെ വല്ലാതെ ഭയപ്പെടുത്തി. കണ്ണുകൾ അടച്ചു മദറിന്റെ ചുമലിൽ ചാരി കിടക്കുന്നവളെ ആധിയോടെ അവൻ വിളിച്ചുകൊണ്ടേയിരുന്നു. “””ഏയ് മോഹൻ…. ഇങ്ങനെ പേടിക്കാനൊന്നുമില്ല. അൺകോൺഷിയസ് ആയിപോയതാണ്…. നമുക്ക് പെട്ടന്ന് ഉള്ളിൽ എത്തിയ്ക്കാം.””” അവനെ സമാധാനിപ്പിക്കാനെന്നോണം മദർ പറയുമ്പോഴേയ്ക്കും രണ്ട് പേർ ഒരു സ്‌ട്രെചറുമായി അവർക്കരികിലേയ്ക്ക് എത്തിയിരുന്നു. മോഹൻ അവളെ കൈകളിൽ കോരി എടുത്തു. ഒരു നിമിഷം അവളുടെ മുഖത്തേയ്ക്ക് നോക്കി അവൻ. വാടിയ പൂവ് പോലെ കയ്യിൽ തളർന്നു കിടക്കുന്നവൾ അവന്റെ ഹൃദയത്തിലാകെ വേദന പടർത്തി. അവളെ സ്‌ട്രെച്ചറിലേക്ക് കിടത്തുമ്പോഴേയ്ക്കും മോഹന്റെ കണ്ണിൽ നനവ് പടർന്നിരുന്നു. മോഹന്റെ നനവാർന്ന കണ്ണുകൾ ആൽവിയുടെ ഉള്ളിൽ ആധി നിറച്ചു.

മോഹന്റെ മനസ്സ് വീണ്ടും ജാനിയോട് അടുക്കുമോ എന്നവൻ ഭയന്നു. ഇന്നവൾ അവന്റെ ഭാര്യ അല്ല. മുൻഭാര്യ മാത്രമാണ്….. അവൾക്കിന്ന് മറ്റൊരാവകാശി ഉണ്ട്….. അവൻ എവിടെ ആണെന്നറിയില്ല. ജീവനോടെ ഉണ്ടോ? മരണപ്പെട്ടുവോ? ഒന്നും അറിയില്ല. ജാനകിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവനാണോ എന്ന് പോലും അറിയില്ല. ഒരുപക്ഷെ അവൻ വീണ്ടും അവളെ തേടി വന്നാൽ……? ജാനകിയുടെ മനസ്സിൽ ഇപ്പോഴും അവൻ ആകാനേ തരമുള്ളൂ……ഇങ്ങനെ ഒരവസ്ഥയിൽ ജാനകി വീണ്ടും മോഹന്റെ മനസ്സിൽ ഇടം നേടാൻ പാടില്ല. ആൽവി ഓർത്തു. അപ്പോഴേയ്ക്കും ജാനിയെ ക്ലിനിക്കിനുള്ളിൽ എത്തിച്ചിരുന്നു. മോഹന്റെ കണ്ണുകൾ ജാനകിയിൽ തന്നെ ആയിരുന്നു.

അവന്റ കണ്ണിൽ അപ്പോഴും നിഴലിച്ചിരുന്ന നോവ് ആൽവിയുടെ ഉള്ളിലെ ആധി വർധിപ്പിച്ചു. ഡോക്ടർ ബിജോയും ഫാദർ ആന്റണിയും അവരെക്കാത്തു ക്ലിനിക്കിനുള്ളിൽ ഉണ്ടായിരുന്നു. 50 ൽ അധികം പ്രായമുള്ള വ്യക്തികളായിരുന്നു ഇരുവരും. “”””ഞങ്ങൾ നിങ്ങളെക്കാത്തു നിൽക്കുകയായിരുന്നു.””””” ചിരിയോടെ ഫാദർ ആന്റണി അവർക്കരികിലേയ്ക്ക് വന്നു. ഡോക്ടർ ബിജോയ്‌ സ്‌ട്രെച്ചറിനടുത്തേയ്ക്ക് പോയി ജാനിയുടെ പൾസ് നോക്കി. പിന്നെ അവളുടെ അടഞ്ഞ കണ്ണുകൾ വിടർത്തി നോക്കി…. “”””ഇവരെ ഐഷ ഡോക്ടറിന്റെ റൂമിലേയ്ക്ക് കിടത്തിക്കോളൂ…..”””” നഴ്സിനോട് പറഞ്ഞിട്ട് ഡോക്ടർ മദറിനരികിലേയ്ക്ക് വന്നു. “”””ഇത് എന്റെ സുഹൃത്ത്‌ ഡോക്ടർ മുഹമ്മദിന്റെ വൈഫ്‌ ഡോക്ടർ ഐഷയുടെ ക്ലിനിക്ക് ആണ്. ഗൈനക്കോളജിക്ക് വേണ്ടി ഉള്ളത്.

11 മണി കഴിഞ്ഞേ കൺസൾട്ടേഷൻ ഉണ്ടാവുള്ളൂ. ഇപ്പൊ പേഷിയന്റ്സ് ഉണ്ടാവില്ല എന്നറിയാവുന്നത് കൊണ്ടാണ് നിങ്ങളോട് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞത്. ഞാൻ എന്തായാലും ആ കുട്ടിയെ ഒന്ന് നോക്കട്ടെ….മദർ വരൂ… നിങ്ങൾ ഇവിടെ നിന്നാൽ മതി.”””” മോഹനോടും ആൽവിയോടുമായി പറഞ്ഞിട്ട് ഡോക്ടർ റൂമിലേയ്ക്ക് നടന്നു. മോഹനെ ഒന്ന് നോക്കിയിട്ട് അദ്ദേഹത്തിന് പിന്നിലായി മദറും. ഫാദർ ആന്റണി വന്ന് മോഹനെയും അൽവിയെയും പരിചയപ്പെട്ടു. സംസാരത്തിനിടയിൽ മോഹനോടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം അവൻ ഒരു മൂലളിലോ ഒന്നോ രണ്ടോ വാക്കിലോ ഒതുക്കി. മോഹന്റെ മനസ്സും ചിന്തകളും മറ്റെങ്ങോ ആണെന്ന് ആൽവിയ്ക്ക് മനസിലായി. അതോട്ടും ശുഭകരമല്ല എന്നവന് തോന്നി. ഫാദറും ശരത്തും സംസാരിക്കുന്നതിനിടയിൽ ആൽവി മോഹനെ മാറ്റി നിർത്തി.

“”””എന്താടാ….? നിന്റെ വിഷമം എനിക്കറിയാം. എന്നാലും അവളെക്കുറിച്ച് ഇങ്ങനെ ചിന്ദിച്ചിരിക്കരുത് …..നിന്നെ കളഞ്ഞിട്ട് പോയവളുടെ വിഷമം അല്ല നീ ഓർക്കേണ്ടത്. കുഞ്ഞിയെക്കുറിച്ച് ഓർക്കു നീ ….. നോക്ക്…. ഇന്ന് അവൾ നിന്റെ ആരുമല്ല. ആരൊക്കെയോ ആയിരുന്നു എന്നത് ശെരിയാണ് . അതൊക്കെ വേണ്ടാന്ന് വച്ചത് അവൾ തന്നെയാണ്. അല്ലെങ്കിൽത്തന്നെ മദർ അവളെ സംരക്ഷിച്ചോളാം എന്ന് പറഞ്ഞല്ലോ….? മദറിന്റെ അടുത്ത് അവൾ സേഫ് ആണ്. അത്രയും മതി. കൂടുതൽ ഒന്നും നീ ഇപ്പൊ ചിന്ദിച്ചു കൂട്ടണ്ട.”””” “”””ഞാൻ ഇപ്പൊ ഓർത്തത് ജാനിയെക്കുറിച്ചല്ല ആൽവി… അവനെക്കുറിച്ചാണ്…. വിനോദിനെക്കുറിച്ച്….. സന്തോഷത്തോടെയല്ലേ അന്നവൾ അവനൊപ്പം പോയത്? ഇന്നിപ്പോ അവൾ മാത്രം ഇങ്ങനെ ഒരവസ്ഥയിൽ…..?

എവിടെയാണവൻ…? ജാനി ഈ അവസ്ഥയിൽ ആകാൻ കാരണം അവനാകുമോ ആൽവി? അവൻ….. അവൻ എന്റെ ജാനിയെ പറ്റിച്ചതാണോ? ചതിച്ചതാണോ…?”””” സംശയത്തോടെ ആൽവിയുടെ മുഖത്തേയ്ക്ക് നോക്കി മോഹൻ ചോദിച്ചു. “”””അറിയില്ലെടാ….. ഞാനും ഓർത്തു അവനെക്കുറിച്ച്. അവൾ ഇടയ്ക്കിടെ അവൻ എന്ന് പറയുന്നത് ഇനി വിനോദിനെ ആണോ? അതോ അവൻ അവളെ വേറെ ആർക്കേലും വിറ്റോ? എനിക്കും ഒന്നും മനസിലാകുന്നില്ല. ഹാ…. അത് എന്തും ആകട്ടെ….. ജാനകി ഇപ്പൊ നമുക്കൊരു തല വേദന അല്ല. മദർ അവളുടെ സംരക്ഷണം ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അത് എന്തായാലും ശരിക്കും ഒരു ആശ്വാസം തന്നെയാണ്.”””” “”””എന്റെ മനസ്സിൽ ഇപ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉണ്ട് ആൽവി.

ഉത്തരമില്ലാത്ത കുറെ ഏറെ ചോദ്യങ്ങൾ…… ജാനി… അവൾ എങ്ങനെ ആ ഹോട്ടലിൽ എത്തി? എങ്ങനെ അവൾക്ക് ഓർമ്മകൾ നഷ്ടമായി…? അവൾ എങ്ങനെ ഡ്രഗ് അടിക്ട് ആയി….?”””” ഉള്ളിൽ നിറഞ്ഞ ആസ്വസ്ഥതകൾ പ്രകടമായിരുന്നു മോഹന്റെ മുഖത്തും സ്വരത്തിലും. “”””അതൊക്കെ നമ്മുടെ ശരത് സാറും മദറും കൂടി കണ്ടു പിടിച്ചോളും….. നിനക്ക് അറിയാമോ? നമ്മുടെ മദർ ആള് ചില്ലറക്കാരി ഒന്നുമല്ല. അഡ്വക്കേറ്റ് ആണ്…. അറിയപ്പെടുന്ന ഒരു സോഷ്യൽ വർക്കറും …. ജാനകിയുടെ ഓർമ്മകൾ തിരികെ കിട്ടിയാൽ മറ്റു ചിലരിലേയ്ക്ക് എത്താനുള്ള തെളിവുകളും കിട്ടും എന്നാണ് അവർ വിശ്വസിക്കുന്നത്. ഇതൊക്കെ എന്നോട് SI പറഞ്ഞതാണ്. അത് കൊണ്ട് നീയിനി ജാനകിയെ ഓർത്തു വിഷമിക്കേണ്ട…

അവളുടെ കാര്യങ്ങളൊക്കെ മദർ നോക്കിക്കോളും. ഇവിടെ അവൾ തീർത്തും സേഫ് ആയിരിക്കും. “””” ആൽവി പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ മോഹൻ അവനെ നോക്കി. “””ആൽവി…. നീ എന്താ പറഞ്ഞത്….? അപ്പൊ അവളുടെ സംരക്ഷണം അല്ല, അവളിലൂടെ മറ്റു ചിലരെ തിരയുകയാണല്ലേ മദറിന്റെ ഉദ്ദേശം….? അപ്പൊ പിന്നെ അവൾ ഇവിടെ എങ്ങനെ സേഫ് ആയിരിക്കും…? അവര് പറഞ്ഞത് പോലെ ഇതിന് പിന്നിൽ വലിയ ഒരു ടീം ഉണ്ടെങ്കിൽ….. ജാനകി ഇവിടെ ഉണ്ടെന്നറിഞ്ഞാൽ അവര് വെറുതെയിരിക്കുമോ….?”””” ആൽവിയുടെ വാക്കുകൾ മോഹന്റെ ഉള്ളിൽ കൂടുതൽ ഭീതി നിറയ്ക്കുകയാണ് ചെയ്തത്……. “”””അതൊന്നും ആലോചിച്ചു നീ ടെൻഷൻ ആകണ്ട. അവൾക്ക് ആപത്ത് വരുന്നതൊന്നും മദറും ശരത് സാറും ചെയ്യില്ല……. അവൾക്ക് ആപത്തുണ്ടെന്നു അറിഞ്ഞപ്പോ നീ വന്നു……

ഇത്ര നേരം ഒപ്പം നിന്നു. അവൾ നോന്നോട് ചെയ്തതൊക്കെ വച്ച് നോക്കുമ്പോൾ ഇതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്…… എന്നിട്ടും നീ ഇത്രയൊക്കെ ചെയ്‌തില്ലേ? ഇപ്പൊ അവൾ സേഫ് ആണ്. ഡോക്ടറിനോട് സംസാരിച്ച ശേഷം നമുക്ക് ഇറങ്ങാം. ബാക്കിയൊക്കെ മദർ നോക്കിക്കോളും.”””” ആൽവിയുടെ വാക്കുകൾ മനസ്സിലിട്ടു പരിശോധിക്കുകയായിരുന്നു മോഹൻ. ജാനകിയെ സംരക്ഷിക്കാമെന്ന് മദർ പറഞ്ഞു . എന്നാൽ അവളിലൂടെ മറ്റുപലരും ആണ് അവരുടെ ലക്ഷ്യം….. അപ്പോൾ അവൾ ഇവിടെ സേഫ് ആണെന്ന് എങ്ങനെ ആശ്വസിക്കും ….? “”””മോഹൻ ആരാണ്?”””” നഴ്സിന്റെ ചോദ്യം കേട്ട് മോഹൻ തിരിഞ്ഞു നോക്കി. “”””ഞാനാണ്……”””” “””””ഡോക്ടർ വിളിക്കുന്നു. ഒന്നു വരൂ…..”””” നഴ്സിന് പുറകിലായി മോഹനൻ ഡോക്ടറിന്റെ റൂമിലേക്ക് നടന്നു. ഡോക്ടർ ഐഷയുടെ കൺസൾട്ടിംഗ് റൂമിൽ ആയിരുന്നു ഡോക്ടർ ബിജോയും മദറും….. റൂമിൽ എത്തിയ മോഹന്റെ കണ്ണുകൾ ഉടക്കി നിന്നത് ജാനകിയിലാണ്.

ഗർഭിണികളെ പരിശോധിക്കാനായുള്ള ബെഡിൽ കണ്ണുകളടച്ചു കിടക്കുകയായിരുന്നു അവൾ….. വലത് കയ്യിലായി ഡ്രിപ് നൽകിയിട്ടുണ്ട്….. “”””മയക്കത്തിലാണ്….. നല്ല ക്ഷീണം ഉണ്ട്… ഇപ്പൊ ആ കുട്ടി ഉറങ്ങുന്നതാണ് നല്ലത്. ഉണർന്നാൽ വീണ്ടും വയലന്റ് ആകാൻ സാധ്യതയുണ്ട്””””” ഡോക്ടർ അത് പറയുമ്പോൾ മോഹന്റെ കണ്ണുകൾ വീണ്ടും ജാനിയിലേക്കെത്തി. “”””മോഹൻ ഇരിക്കൂ…..”””” മുന്നിലെ ചെയർ ചൂണ്ടി ഡോക്ടർ പറഞ്ഞപ്പോൾ ചെയർ നീക്കിയിട്ട് മോഹൻ ഇരുന്നു. “””മദർ ജാനകിയുടെ വിവരങ്ങൾ എന്നോട് പറഞ്ഞപ്പോഴേ അവർ ഡ്രഗ് അടിക്ട് ആണെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷെ, ഇതിപ്പോ ഞാൻ ഊഹിച്ചതിനേക്കാൾ കഷ്ടമാണ് അവരുടെ അവസ്ഥ. ഡ്രഗിനോട്‌ ഇത്രയേറെ അഡിക്ഷൻ ഉണ്ടാകണമെങ്കിൽ അവർ സ്ഥിരമായി അത് ഉപയോഗിച്ചിരിക്കണം……. അതും വെയിനിലേയ്ക്ക് ഡയറക്റ്റ് ആയി ഇഞ്ചക്ട് ചെയ്തിരിക്കുന്നു. അതാണ്‌ കൂടുതൽ ഡെയ്ഞ്ജറസും…….

ഒരു ദിവസം ഡ്രഗ് ഉപയോഗിക്കാതിരുന്നപ്പോൾ അവർ ഇത്രയേറെ വയലന്റ് ആകണമെങ്കിൽ…….. അവരിപ്പോ ഡ്രഗ് അഡിക്ഷന്റെ സെക്കന്റ് or തേർഡ് സ്റ്റേജിൽ ആയിരിക്കണം. “”” “””പക്ഷെ ഡോക്ടർ….. അവൾ മയക്കുമരുന്നുമിന് അടിമ ആണെങ്കിൽ പിന്നെ ഇങ്ങനെ ഭ്രാന്തിയെപ്പോലെ പെരുമാറുന്നതെന്താണ്? “”” ഡോക്ടറിനോട് അത് ചോദിക്കുമ്പോൾ ഒരു ഭ്രാന്തിയെപ്പോലെ തന്റെ മുന്നിൽ നിന്നു മുടിയിൽ വലിച്ച് പിടിച്ചു ഉറക്കെ കരയുന്ന ജാനിയുടെ മുഖമായിരുന്നു മോഹന്റെ മനസ്സിൽ തെളിഞ്ഞത്. “”” മയക്കുമരുന്ന് ഉപയോഗം നിങ്ങൾ കരുതുന്നത്ര നിസാരമല്ല മോഹൻ. മയക്കു മരുന്ന് ഉപയോഗം കൂടുന്നതിനനുസരിച്ചു കൂടുതൽ അളവിൽ അത് ഉപയോഗിക്കേണ്ടതായി വരും. അതിനായി മനസ്സും ശരീരവും മുറവിളി കൂട്ടും….. എപ്പോഴും ചിന്ത ഡ്രഗിനെക്കുറിച്ച് മാതമാകും….

അതിന് വേണ്ടി എന്തും ചെയ്യാൻ അവർ തയാറാകും….. അങ്ങനെ ഉള്ളപ്പോൾ അബ്റപ്റ്റ് ആയ ഡിസ്കൺടിനുവേഷൻ വന്നാൽ ശരീരം റിയാക്ട് ചെയ്യും. ഒപ്പം മനസ്സും……അതാണ്‌ ജാനകിയിൽ നമ്മൾ കണ്ടത്. അപ്പോൾ പ്രകടമാക്കുന്ന അസ്വസ്ഥതകളെയും ലക്ഷണങ്ങളെയും വിട്രോവൽ സിംപ്റ്റംസ് അഥവാപിന്മാറ്റ ലക്ഷണംങ്ങൾ എന്നാണ് പറയുന്നത്….. ഒരാളിന് മയക്കുമരുന്നിനോടുള്ള ആസക്തിക്കനുസരിച്ചു അത് ലഭിക്കാതെ വരുമ്പോൾ ഉള്ള പിന്മാറ്റ ലക്ഷങ്ങളും വ്യത്യസ്തമായിരിക്കും……. ഇവിടെ ജാനകി ഇത്രയേറെ വിയലന്റ് ആകണമെങ്കിൽ അവർക്ക് മയക്കുമരുന്നിനോടുള്ള ആസക്തി അത്രയധികം ഉണ്ടാകണം. ലക്ഷണങ്ങൾ നോക്കുമ്പോൾ സെൻട്രൽ നേർവ്സ് സിസ്റ്റത്തിനെ അഫക്റ്റ് ചെയ്യുന്ന ഡ്രഗ് ആകണം അവർ ഉപയോഗിച്ചിട്ടുള്ളത്. ബാർബിറ്റുറേറ്റ് പോലെ അതിന്റെ ഫാമിലിയിൽ പെടുന്ന ഏതെങ്കിലും ഡ്രഗ്… അല്ലെങ്കിൽ ഒപിയമോ,

ഹെറോയിനോ പോലെ മൈൻഡിനെയും ബോഡിയെയും ഒരുപോലെ അഫ്ഫക്റ്റ് ചെയ്യുന്ന ഡ്രഗ്….. അങ്ങനെ എന്തോ ആണ് ജാനകി ഉപയോഗിച്ചിട്ടുള്ളത്. അതുമല്ല അവർ ഈ ഡ്രഗ് സ്വയം ഉപയോഗിച്ചതാണ് എന്നെനിക്ക് തോന്നുന്നുമില്ല. അവർക്കിത് നൽകിയവരുടെ ഉദ്ദേശം അവരെ കണ്ട സാഹചര്യത്തിൽ നിന്നും വ്യക്തമാണ്…..പക്ഷെ ആരാണെന്ന ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.””” ഡോക്ടറിന്റെ വാക്കുകൾ മോഹന്റെ ഉള്ളിൽ ഭയത്തിന്റെ വിത്തുകൾ പാകി. എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞു വന്നു. “””അപ്പൊ…. അവൾ…. അവളിനി പഴയ അവസ്ഥയിലേയ്ക്ക് എത്തില്ലേ ഡോക്ടർ?””” വേദനയോടെ മോഹൻ ചോദിക്കുമ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു. “””തീർച്ചയായും മോഹൻ…… നല്ല ട്രീറ്റ്മെന്റ് നൽകിയാൽ അവരെ നമുക്ക് പഴയ അവസ്ഥയിലേയ്ക്ക് എത്തിക്കാം……ആദ്യം ജാനകിയെ ഒരു ഡീ അഡിക്ഷൻ സെന്ററിലേയ്ക്ക് മാറ്റണം.

ഒരു ഡീറ്റൈയ്ൽഡ് ചെക്ക് അപ്പ്‌ വേണം. ഉള്ളിൽ കടന്നിട്ടുള്ള ഡ്രഗ് ഏതാണെന്നു തിരിച്ചറിയണം…. പിന്നെ ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യണം. എന്തായാലും ഡോക്ടർ മുഹമ്മദ്‌ കൂടി വരട്ടെ…. അദ്ദേഹം ഇപ്പോൾ എത്തും. എന്നിട്ട് നമുക്ക് തീരുമാനിക്കാം…….”””” ഡോക്ടർ പറയുന്നത് കേട്ട് മോഹൻ സമ്മതഭാവത്തിൽ തല കുലുക്കി. പതിയെ എഴുന്നേറ്റു പുറത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നതിനു മുൻപ് ഒന്ന് കൂടി ജാനകിയുടെ അടുത്തേയ്ക്ക് ചെന്നു…… കണ്ണുകളടച്ചു ശാന്തയായി ഉറങ്ങുന്ന ജാനിയുടെ മുഖത്തേയ്ക്ക് നോക്കി നിന്നപ്പോൾ തന്റെ ഉള്ളിലെ നീറ്റലും വേദനയും കൂടി വരുന്നതറിഞ്ഞു മോഹൻ……. നിന്നെ മാത്രം സ്നേഹിച്ചിരുന്ന എന്റെ ഹൃദയവും മനസ്സും ഉപേക്ഷിച്ചു നീ പോയത് ഇങ്ങനെ ഒരവസ്ഥയിൽ തിരികെ വരാനായിരുന്നോ ജാനി…..?

അവന്റെ മനസ്സ് നിശബ്ദമായി അവളോട് ചോദിച്ചു. നിന്റെ ഈ അവസ്ഥ എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു. അരുതെന്നു വിലക്കിയിട്ടും നിന്നെ ഓർത്തു മനസ്സ് വേദനിക്കുന്നു….. നിന്റെ വേദന കാണാനാകാതെ കണ്ണുകൾ ഈറനണിയുന്നു…… നീ മാത്രം നിറഞ്ഞു നിന്നിരുന്ന ഹൃദയം വല്ലാതെ വിങ്ങുന്നു…… ഈ ലോകത്തിന്റെ ഏതോ കോണിൽ മറ്റൊരാളിനൊപ്പം ആണെങ്കിലും നീ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകും എന്നാണ് ഇന്നലെ വരെ കരുതിയത്. ഇപ്പൊ നിന്നെ ഈ അവസ്ഥയിൽ കാണുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോലുമാകാതെ ഉറക്കെ കരയുന്നുണ്ട് എന്റെ മനസ്സ്. വർണങ്ങളാൽ ചാലിച്ച മനോഹരമായ ഒരു ചിത്രമായിരുന്നു നീ എന്റെ ഉള്ളിൽ…… വല്ലാതെ ആഴത്തിൽ പതിഞ്ഞു പോയ ചിത്രം……..!!! നീ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ആ ചായങ്ങൾ ഒക്കെയും രക്ത വർണമായി…. അപ്പോഴും ആ ചിത്രം മാഞ്ഞു പോയില്ല…..

ആർക്കും ഒന്നിനും മായ്ക്കാനാകാത്ത വിധം അത്രയേറെ ആഴത്തിൽ അതെന്റെ ഹൃദയത്തിൽ പതിഞ്ഞു പോയില്ലേ? ഇന്നലെ വരെ നിന്റെ ഓർമകളുടെ തീചൂളയിൽ എരിഞ്ഞു കൊണ്ടിരുന്ന എന്റെ മനസ്സ് ഇന്ന് നേരിൽക്കണ്ട കാഴ്ചകളിൽ നീറുകയാണ്….. വേണ്ടിയിരുന്നില്ല ജാനകി…. വീണ്ടും ഇങ്ങനെ ഒരു കൂടിക്കാഴ്ച് വേണ്ടിയിരുന്നില്ല. നിന്നെ തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ്‌ ഞാനിപ്പോൾ . വല്ലാത്ത ആശയക്കുഴപ്പത്തിൽ ആണിപ്പോ എന്റെ മനസ്സ്….. മോഹൻ പോലും അറിയാതെ അവന്റെ കൈകൾ ജാനാകിയുടെ മുടിയിഴകളെ തഴുകി. കവിളുകളെ പൊള്ളിച്ചു കണ്ണുനീർ ഒഴുകി ഇറങ്ങി. “”””മോഹൻ വരൂ…. നമുക്ക് പുറത്ത് വെയിറ്റ് ചെയ്യാം……””””

മോഹൻ പെട്ടന്ന് കൈ പിൻവലിച്ചു മദറിനെ നോക്കി. “”””മുഹമ്മദ്‌ ഡോക്ടർ കൂടി വന്ന ശേഷം എന്താണ് വേണ്ടതെന്നു നമുക്ക് തീരുമാനിക്കാം……ജാനകിക്ക് ഒന്നൂല്ല മോഹൻ …. ഒക്കെ ഭേദമാകും…..ഇപ്പൊ വരൂ….”””””. അവനെ ആശ്വസിപ്പിക്കാനെന്നോണം ഒരു പുഞ്ചിരിയോടെ മദർ പറഞ്ഞു. കുറച്ചു സമയം കൂടി ജാനകിയെ നോക്കി നിന്ന ശേഷം മദറിന് പിറകെ മോഹനും പുറത്തേയ്ക്ക് നടന്നു. അപ്പോഴും അവന്റെ ഹൃദയം ജാനകിയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു….. തുടരും

തമസ്സ്‌ : ഭാഗം 4

Share this story