തമസ്സ്‌ : ഭാഗം 9

തമസ്സ്‌ : ഭാഗം 9

എഴുത്തുകാരി: നീലിമ

“””എടി എല്ലാ പെൺകുട്ടികളെയും പോലെ എനിക്കും ഉണ്ട് ചില ഇഷ്ടങ്ങൾ….. മരണം വരെ ഒപ്പം കൂടേണ്ട ആളാണ്‌. ആ ആളിനെക്കുറിച്ച് എനിക്ക് വ്യകതമായ ചില സങ്കല്പങ്ങൾ ഉണ്ട്….”””” “”””ആഹാ… അങ്ങനെയോ എന്നാൽ കേൾക്കട്ടെ….”””” പറഞ്ഞു കൊണ്ട് അവൾക്കരികിലേയ്ക്ക് നീങ്ങി നിന്നു വിനോദ്… ഒപ്പം ജാൻവിയും നൂറയും…. ജാനകി അവർക്ക് നേരെ തിരിഞ്ഞു നിന്നു. “”””എന്നാ കേട്ടോ…… അധികം സൗന്ദര്യം ഒന്നും വേണമെന്നില്ല. പക്ഷെ,,. നല്ല വിദ്യാഭ്യാസം ഉണ്ടാകണം, തരക്കേടില്ലാത്ത സാമ്പത്തികം ഉണ്ടാകണം, പിന്നെ നല്ലൊരു ജോലിയും …. ഇത്രയൊക്കെ ഉള്ളൂ…..””””” ഒരു കള്ള ചിരിയോടെ പറഞ്ഞു നിർത്തി ജാനകി. അവരോട് അങ്ങനെ ആണ് പറഞ്ഞതെങ്കിലും തന്റെ മനസിലെ സങ്കല്പനങ്ങൾ അതിലും എത്രയോ മുകളിൽ ആണെന്ന് ഓർത്തു ജാനകി…… “”””അപ്പൊ ഫസ്റ്റ് കണ്ടിഷൻ ഓക്കേ…. അടുത്തത് വിദ്യാഭ്യാസം…. ഡിഗ്രി ഓക്കേ ആണ്… പക്ഷെ ആള് അത്രയും നന്നായി പഠിക്കുകയൊന്നുമിയില്ല… സ്പോർട്സ് ആയോണ്ട് ജയിപ്പിച്ചു വിടുന്നെ ആണെന്ന കേൾക്കണത്.

യൂണിവേഴ്സിറ്റി എക്സമിനു മിക്കവാറും പൊട്ടും…… ഹ്മ്മ്…. സാമ്പത്തികത്തേക്കുറിച്ചൊന്നും അറിയുകയുമില്ല…..”””” പകുതി കാര്യമായും പകുതി കളിയായും പറഞ്ഞു ജാൻവി. അഭിനവിന് ജാനാകിയുടെ സങ്കൽപ്പങ്ങളുമായുള്ള സാമ്യം പരിശോധിക്കുകയായിരുന്നു അവൾ. “””””അല്ല ജാനി…. നീയീ പറഞ്ഞ കണ്ടിഷൻസ് ഒക്കെ നടക്കുന്ന കാര്യം ആണോ?”””” ആലോചനയോടെ വിനോദ് ചോദിച്ചു. “”””അതെന്താ വിനോദ് ? സാമ്പത്തികം അല്പം മോശമാണ് എന്നറിയാം …… അതിന് പകരം ഞാൻ നന്നായി പടിച്ചു നല്ലൊരു ജോലി വാങ്ങും. പിന്നെ എന്റെ സ്വപ്നങ്ങളുടെ ചിറകിലേറി എനിക്ക് പറക്കാല്ലോ….?””””” മനോഹരമായി ഒന്ന് ചിരിച്ചു അവൾ. “”””അപ്പൊഴേ എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള ആദ്യപടി ജോലി ആണ്… അതിന് നന്നായി പഠിക്കണം. എനിക്ക് കളയാൻ സമയം ഇല്ല ഫ്രണ്ട്‌സ്…. ആരെങ്കിലും വരുന്നെങ്കിൽ വന്നോ… എനിക്ക് കുറച്ചു ബുക്ക്സ് എടുക്കണം.

ഞാൻ ലൈബ്രറിയിലേയ്ക്ക് പോകുവാണ് …..”””” ജാനകി തിരിഞ്ഞു ലൈബ്രറിയിലേയ്ക്ക് നടക്കുമ്പോൾ അന്തംവിട്ടു നോക്കി നിൽക്കുകയായിരുന്നു മൂവർ സംഘം. മുന്നിലേയ്ക്ക് നടക്കുമ്പോൾ ജാനകി കൂട്ടുകാരുടെ നിൽപ്പ് മനക്കണ്ണിൽ കണ്ട് ചിരിച്ചു. ഒപ്പം അവളുടെ ചിന്തകൾ തന്റെ സ്വപ്നങ്ങളോട് കൂട്ടുകൂടിതുടങ്ങിയിരുന്നു…… കൂട്ടുകാരോട് പറഞ്ഞതൊക്കെയും വെറും തമാശയായിട്ടാണ്…..തന്റെ സ്വപ്നങ്ങളിലെ ജീവിതത്തിനു വർണങ്ങൾ ഏറെയാണ്… കുന്നോളം മോഹിച്ചാലെ കുന്നിക്കുരുവിനോളം കിട്ടുള്ളൂ എന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു….. പക്ഷെ ഇപ്പോൾ മോഹങ്ങൾ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നു….. മനസ്സിൽ പലതവണയായി തോന്നിയ കുഞ്ഞ് കുഞ്ഞ് മോഹങ്ങളെ വിലയേറിയ വൈരമുത്തുകൾ പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഹൃദയത്തിൽ….. അതിനൊപ്പം പഴയ ഏതോ ഓർമയുടെ നൂലിഴകളാൽ സങ്കൽപ്പങ്ങളുടെ തറിയിൽ നെയ്തെടുത്ത ഒരു രൂപമുണ്ട് മനസ്സിൽ……

തിളങ്ങുന്ന വെള്ളാരം കണ്ണുകളും മനോഹരമായ ചിരിയുമൊക്കെയുള്ള സുന്ദരനായ ഒരു രാജകുമാരന്റെ രൂപം ….. ആ രാജകുമാരന്റെ ഒപ്പം ഈ ലോകം മുഴുവൻ ശലഭത്തെപ്പോലെ പാറി നടക്കണമെന്ന കൊതിയുണ്ട്….. ആഗ്രഹങ്ങൾ അമിതമാണെന്നറിയാം… എന്നാലും ഒന്ന് മനസ്സ് വച്ചാൽ എത്തിപ്പിടിക്കാനാകാത്ത മോഹങ്ങളുണ്ടോ? ഇടയ്ക്കിടെ സ്വപ്നത്തിലേയ്ക്ക് കടന്നു വരുന്ന ആ കണ്ണുകൾ മുന്നിൽ തെളിഞ്ഞപ്പോൾ ജാനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി കൂടു കൂട്ടി…… ജാനിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു വിനോദ്. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ മനോഹാരിത ആസ്വദിക്കുന്ന ഒരു മുഖം ഒപ്പം ഉണ്ടെന്നറിയാതെ മായാത്ത പുഞ്ചിരിയുമായി അവൾ ലൈബ്രറിയിലേയ്ക്ക് നടന്നു. 🍁🍁🍁🍁

അന്ന് ഉച്ചഭക്ഷണത്തിന് സരസ്വതിയ്ക്കും മോഹനും കൂട്ടായി ആൽവിയും മായയും ജോക്കുട്ടനും ഉണ്ടായിരുന്നു. “”””ടാ…… നീയന്ന് എന്നോട് പറഞ്ഞില്ലേ ബേക്കറിക്ക് പറ്റിയ സ്ഥലം ഉണ്ടെങ്കിൽ പറയാൻ…. നായരങ്കിളിനു പേട്ടയ്ക്കടുത്തു മൂന്ന് സെന്റ് സ്ഥലം ഉണ്ട്. രണ്ട് കടമുറിയും. റോഡ് സൈഡിൽ ആണ്…. അതിനടുത്തൊന്നും വേറെ ബേക്കറിയും ഇല്ല. എന്ത് കൊണ്ടും പറ്റിയ സ്ഥലമാ…. ഞാൻ നായരങ്കിളിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…. നിനക്ക് വേണ്ടി ആണെന്ന് പറഞ്ഞപ്പോൾ അങ്കിളും ഹാപ്പി….. നമുക്ക് ഒന്ന് പോയി കാണാം…. ഇഷ്ടമായാൽ അധികം വൈകിക്കേണ്ടല്ലോ?”””” മോഹനോട് സംസാരിച്ചു കൊണ്ട് ഒരു ഫിഷ് ഫ്രൈ കൂടി പ്ലേറ്റിലേയ്ക്ക് എടുത്തു വച്ചു ആൽവി. “”””പിന്നെന്താ പോകാല്ലോ…. നാളെ പോരെടാ?”””” “”””ഇന്ന് തന്നെ പോകുന്നതാടാ നല്ലത്. വേറൊന്നുമല്ല….. ആ ഷിഹാബ് ഇല്ലെ? അവന് ആ സ്ഥലത്തില് ചെറിയ ഒരു നോട്ടം ഉണ്ട്. നിനക്കറിയാല്ലോ അവൻ നിനക്കിട്ടു ഒരു പണി തരാൻ കാത്തിരിക്കുവാ…..””” “””ഷിഹാബ് ആരാ ആൽവി? കണ്ണനുമായി അവനെന്താ?””

“” ഊണ് കഴിക്കുന്നത് മതിയാക്കി ചോദ്യത്തോടെ സരസ്വതി ആൽവിയെ നോക്കി. “”””നമ്മുടെ ബേക്കറിയ്ക്കടുത്തുള്ള ഷിഹാബ് ബേക്കറിടെ ഓർണർ ആണമ്മേ…. നമ്മുടെ ബക്കറി വന്ന് ശേഷം അയാൾടെ ബേക്കറീലേയ്ക്ക് ആരും പോകാറില്ല. അതിന്റെ ദേഷ്യം അയാൾക്ക് മോഹനോടുണ്ട്. ആവശ്യമില്ലാത്ത ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞ തവണ കുത്തിനു പിടിച്ച മോഹൻ വാണിംഗ് കൊടുത്തു വിട്ടത്. അതിന്റെ ദേഷ്യം ഇപ്പോഴും അവനുണ്ട്. അവൻ നായരങ്കിളിനെ വിളിച്ചു എന്നാ അറിഞ്ഞത്. അങ്കിൾ നമുക്കെ തരൂ…. എന്നാലും അവൻ ഇടയ്ക്ക് വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നൊരു പേടി.”””” “”””വരുന്നെങ്കിൽ വരട്ടെടാ…. എനിക്ക് പേടിയില്ല. നമ്മൾ കളവു ചെയ്യാത്തിടത്തോളം ആരെയും പേടിക്കേണ്ട കാര്യമില്ല.”””” മോഹൻ നിസാരമായി മറുപടി പറഞ്ഞു. മോഹന്റെയും ആൽവിയുടെയും സംസാരം സരസ്വതിയുടെ ഉള്ളിൽ ആധി നിറയ്ക്കുന്നതായിരുന്നു. അവരുടെ കണ്ണുകളിൽ പോലും ഭയം നിഴലിച്ചു. “”””കണ്ണാ……””

“” ഉള്ളിൽ നിറഞ്ഞ ആധിയോടെ തന്നെ അവർ മോഹനെ നോക്കി. “”””അയ്യേ… സരസമ്മ പേടിച്ചോ? അമ്മയ്ക്ക് അറിയില്ലേ അങ്ങനെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾക്കൊന്നും ഞാൻ പോകില്ല എന്ന്. പിന്നെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണ്ടേ അമ്മേ……? എനിക്ക് ശരിയല്ല എന്ന് തോന്നിയാൽ അവിടെ ഞാൻ പ്രതികരിക്കും. അവിടെ നമ്മൾ മിണ്ടാതിരുന്നാൽ ആ മൗനം ആയിരിക്കും പിന്നീട് പ്രയാസം ഉണ്ടാക്കുന്നത്.”””” “”””അമ്മയ്ക്ക് പേടിയാണ് മോനേ… ഈ സമൂഹത്തെ…. സമൂഹത്തിലെ ആൾക്കാരെ….. ഒക്കെ പേടിയാണെനിക്ക്….. സ്വന്തം അച്ഛനെപ്പോലും മക്കള് വെറുതെ വിടുന്നില്ല. ചെറിയ വാക്കുതർക്കങ്ങളിലാണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്. ഒരു നിമിഷം മനസ്സ് പിടിവിട്ട് പോയാ എന്തൊക്കെ അനർത്ഥങ്ങളാ ഉണ്ടാകുന്നെന്നു ആർക്കാ അറിയുക?””””

“”””അങ്ങനെ ഒന്നും എന്റെ അമ്മ പേടിക്കണ്ട. ഞാൻ നല്ല കുട്ടിയാന്നു അമ്മയ്ക്ക് അറിയില്ലേ?”””” അവരെ സമാധാനിപ്പിക്കാനായി ചിരിയോടെ അങ്ങനെ പറയുമ്പോഴും പ്രതികരിക്കേണ്ടിടത്തു അങ്ങനെ തന്നെ വേണം എന്ന ചിന്ത ആയിരുന്നു മോഹന്റെ മനസ്സിൽ. “”””നമുക്ക് ഇപ്പൊ തന്നെ പോകാടാ ആൽവി. ആ സ്ഥലം ഒന്ന് നോക്കീട്ട് അത് വഴി ബേക്കറിയിലേയ്ക്ക് പോകാം.”””” ആഹാരം കഴിഞ്ഞു എഴുന്നേറ്റു കൊണ്ട് ആൾവിയോടായി പറഞ്ഞു മോഹൻ. “”””എന്നാൽ ശരി… മായയും മോനും ഇവിടെ നിക്കട്ടെ… ഞാൻ തിരികെ വന്ന്‌ അവരെ കൂട്ടിക്കോളാം ….”””” കുറച്ചു സമയം കൂടി സരസ്വതിയോടൊപ്പം നിൽക്കാൻ മായയ്ക്ക് സന്തോഷമായിരുന്നു. അതിനേക്കാൾ സന്തോഷം ആയിരുന്നു ജോക്കുട്ടന്…… 🍂🍂🍂

ഒരുമിച്ചു പോയി സ്ഥലം കണ്ട്‌ എല്ലാം പറഞ്ഞുറപ്പിച്ചതിനു ശേഷമാണ് മോഹൻ ബേക്കറിയിലേയ്ക്ക് പോയത്. സരസ്വതി പറഞ്ഞതിനെക്കുറിച്ച് തൽക്കാലം മോഹനോട് സംസാരിക്കണ്ട എന്ന് ചിന്തിച്ചു ആൽവി. ആദ്യം പ്രഭാകരനോട് സംസാരിക്കാം. അയാൾക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ മാത്രം മോഹനോട് സംസാരിക്കാം എന്നവൻ കരുതി. ആൽവി അവിടെ നിന്നും നേരെ പോയത് പ്രഭാകരന്റെ വീട്ടിലേയ്ക്കാണ്. വാതിൽ തുറന്നത് ജാനകിയാണ്. പ്രഭാകരന്റെ പരിചയക്കാരനാണെന്ന് പറഞ്ഞപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ അവനെ അകത്തേയ്ക്ക് ക്ഷണിച്ചു. സോഫയിലേയ്ക്ക് ഇരിക്കുമ്പോൾ ജാനകിയെക്കുറിച്ച് അവനോർത്തു…. “” ഐശ്വര്യമുള്ള പെൺകുട്ടി…… “” പ്രഭാകരനോട് മോഹനെക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾക്ക് നൂറ് വട്ടം സമ്മതമായിരുന്നു. അവന്റെ പ്രായമോ സൗന്ദര്യമോ അയാൾക്കൊരു പ്രശ്നമായിരുന്നില്ല. മോഹന്റെ സ്വഭാവമായിരുന്നു അയാളെ ആകർഷിച്ചത്.

എല്ലാപേരോടും സ്നേഹത്തോടെ പെരുമാറുന്ന, പ്രതികരിക്കേണ്ടിടത് പ്രതികരിക്കാൻ കഴിയുന്ന, ദുശീലങ്ങൾ ഒന്നും ഇല്ലാത്ത, സ്നേഹിക്കാനറിയുന്ന നല്ലൊരു മനസിനുടമയായ, സാധാരണക്കാരിൽ സാധാരണക്കാരനായ സൗമ്യനായ ചെറുപ്പക്കാരൻ….. അതായിരുന്നു മോഹനെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട്…. എല്ലാരിലും തീർത്തും മതിപ്പുലവാക്കുന്ന സ്വഭാവത്തിനുടമ! ഒരുപക്ഷെ മോഹനേക്കാൾ അനുയോജ്യനായ ഒരാളെ മകൾക്ക് കിട്ടില്ല എന്ന് തന്നെ അയാൾ ആലോചിച്ചു. തന്റെ പ്രശ്നങ്ങൾ ഒക്കെ അറിഞ്ഞു വളർന്ന മകൾക്ക് തന്റെ വാക്കിനൊരു മറുവാക്ക് ഉണ്ടാകില്ല എന്നയാൽ ചിന്തിച്ചു. അത് കൊണ്ട് തന്നെ മറിച്ചൊരാലോചനയ്ക്ക് നിൽക്കാതെ മകളുടെ മനസ്സും ചിന്തകളും അറിയാതെ മകളെ പൂർണമായും വിശ്വസിച്ച് ആ പിതാവ് പൂർണ സമ്മതം അറിയിച്ചു. സരസ്വതിയുടെ മനസ്സ് മുഴുവൻ സന്തോഷം നിറയ്ക്കാൻ കഴിയുന്ന ആധികളൊക്കെ ഒഴുക്കി കളയാൻ കഴിയുന്ന ആ വാർത്തയുമായാണ് ആൽവി മോഹന്റെ വീട്ടിലേയ്ക്ക് തിരിച്ചത്. 🍀🍀🍀🍀

പ്രഭാകരൻ സന്തോഷത്തോടെയാണ് ജയശ്രീയുടെ അരികിലെത്തി ആൽവി പറഞ്ഞ വിവരം അവരെ ധരിപ്പിച്ചത്. “”””എനിക്കും മോഹനെ ഇഷ്ട പ്രാഭേട്ടാ…. നമ്മുടെ മോളെ അവൻ പൊന്നു പോലെ നോക്കിക്കോളും….”””” കേട്ട പാടെ ജയ പറഞ്ഞു. “”””അതുമല്ല സരസ്വതി ചേച്ചിയെ എനിക്കറിയാം… അവർക്ക് നമ്മുടെ മോള് മരുമകൾ ആയിരിക്കില്ല മകള് തന്നെ ആയിരിക്കും. പക്ഷെ…. ജാനി… അവള് സമ്മതിക്കുമോന്നാ ?”””” ചെറിയൊരാശങ്കയോടെ ജയ മുഖം ചുളിച്ചു. “”””അതെന്താടി…? അവൾ നമ്മുടെ മോളല്ലേ? എപ്പോഴെങ്കിലും അവൾ നമ്മളെ എതിർത്തിട്ടുണ്ടോ? അവൾക്ക് മനസിലാകും നമ്മളെ…….. അവളുടെ നല്ലതിന് വേണ്ടിയെ നമ്മൾ എന്തും ചെയ്യുള്ളൂ എന്ന് അവൾക്കറിയില്ലേ?”””” “”””അതൊക്കെ ശരി തന്നെ പ്രാഭേട്ടാ… പക്ഷെ ഇപ്പോഴത്തെ കാലത്തെ കുട്ടികളാ…. അവരുടെ മനസ്സിലെ ചിന്തകളിലും താല്പര്യങ്ങളുമൊന്നും നമുക്ക് ചിന്ദിക്കാനും പ്രവചിക്കാനുമൊന്നും പറ്റില്ല….””””

“”””അതും ശെരിയാ….”””” ജയശ്രീ പറഞ്ഞത് സമ്മതിച്ചു കൊണ്ട് പ്രഭാകരൻ പതിയെ തലയാട്ടി. “”””എന്തായാലും നീ അവളെ ഒന്ന് വിളിക്ക്. നമുക്ക് ഒന്ന് സംസാരിച്ചു നോക്കാം.”””” ☘☘☘☘☘☘☘☘☘☘ അച്ഛൻ വിളിക്കുന്നു എന്ന് ജയ വന്ന്‌ പറഞ്ഞപ്പോഴും അത് എന്തിനാകും എന്നതിനെക്കുറിച്ച് ജാനകിയ്ക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല. അവൾ ജയയുടെ പിന്നാലെ ഹാളിലേയ്ക്ക് നടന്നു. ജാനകിയെ കണ്ട ഉടനെ പ്രഭാകരൻ അവളെ തന്റെ അരികിലേയ്ക്ക് പിടിച്ചിരുത്തി. “””മോളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ചാണ് അച്ഛനിപ്പോ സംസാരിക്കാൻ പോകുന്നത്. അച്ഛൻ പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ട ശേഷം വേണം മോളൊരു തീരുമാനം അറിയിക്കാൻ.”””” തന്നോട് സംസാരിക്കാൻ അച്ഛന് ഈ മുഖവുരയുടെ ആവശ്യം എന്തെ എന്ന ആലോചനയോടെ ജാനകി പ്രഭാകരനെ നോക്കി. “”””മോളുടെ ജാതകം ഞങ്ങൾ ഒരു ജ്യോൽസ്യനേക്കാണിച്ചു പരിശോധിപ്പിച്ചിരുന്നു. 21 നുള്ളിൽ വിവാഹം നടക്കണം എന്നാ കാണുന്നത്… ഇല്ലെങ്കിൽ 36 കഴിയുമത്രെ…….

പെൺകുട്ടികൾക്ക് ഈ 36 എന്നൊക്കെ പറഞ്ഞാൽ വലിയ പ്രായമാ മോളെ…”””” ജാനകി ഒരു ഞെട്ടലോടെ ഇരുവരെയും നോക്കി. 21 വയസെന്ന് പറയുമ്പോൾ അതിനിനി വെറും നാല് മാസം… അതിനുള്ളിൽ ഒരു വിവാഹം….. സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല ജാനകിയ്ക്ക്. “”””ഞങ്ങൾ കുറെ അന്വേഷിച്ചു. ഒന്നും ശരിയായില്ല. ഇപ്പൊ ദേ നല്ലൊരാലോചന ഇങ്ങോട്ട് വന്നേക്കുന്നു……”””” പ്രഭാകരൻ ആദ്യം പറഞ്ഞു വാക്കുകളുടെ ഷോക്കിൽ ആയിരുന്നു ജാനകി അപ്പോഴും……. “”””ആളിനെ മോളറിയും… നമ്മുടെ സരസ്വതി യുടെ മകൻ മോഹൻ… ഒന്ന് രണ്ട് തവണ അമ്പലത്തിൽ വച്ചു കണ്ടിട്ടില്ലേ? നല്ല ആലോചനയാ മോളെ….. ജാതകച്ചേർച്ച ഉണ്ടെങ്കിൽ ഇത് അങ്ങ് ഉറപ്പിക്കാം എന്ന അച്ഛൻ പറയുന്നത്.”””” ജയയുടെ സംസാരം കേട്ട് വിശ്വസിക്കാനാകാത്തത് പോലെ അവൾ മുഖമുയർത്തി. കറുത്തു മെലിഞ്ഞ ഒരു രൂപം അവളുടെ മനസിലേക്ക് വന്നു. പെട്ടന്ന് ആ മുഖമിരുണ്ടു . ഉള്ളിൽ സങ്കടം വന്ന് നിറഞ്ഞു. പെയ്യാൻ വെമ്പി കണ്ണിൽ നീർതുള്ളികൾ ഉരുണ്ടു കൂടി. നിറമിഴികളോടെ പ്രഭാകരനെയും ജയയെയും ഒന്ന് നോക്കി തല താഴ്ത്തി അവിടെ നിന്നും എഴുന്നേറ്റു പോയി അവൾ…. പരഭാകരനും ജയശ്രീയും പരസ്പരം നോക്കി… “”””അവൾക്ക് ഇഷ്ടായില്ല എന്ന് തോന്നുന്നു ജയെ…..””””

വിഷമത്തോടെ പ്രഭാകരൻ പറഞ്ഞു നിർത്തി. അയാളുടെ മുഖത്തിലെന്നപോലെ സ്വരത്തിലും വിഷാദം നിറഞ്ഞു നിന്നു. “”””ഏട്ടൻ വിഷമിക്കണ്ട…. ഞാൻ അവളോട് സംസാരിക്കാം……”””” “”””ഒത്തിരി നിർബന്ധിക്കണ്ട ജയേ… വിവാഹം ഒരാളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു നടത്തേണ്ടതല്ലല്ലോ…..”””” സമ്മതത്തോടെ തലയാട്ടി അവർ ജാനകിയുടെ മുറിയിലേയ്ക്ക് നടന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എപ്പോഴോ കണ്ട് മറന്ന ഒരു മുഖം ഉണ്ടായിരുന്നു. ആരാണെന്നോ എവിടെ ആണെന്നോ അറിയാത്ത ഒരു രൂപം….. മറന്നു തുടങ്ങിയതിനെ സങ്കല്പത്തിന്റെ അച്ചിൽ വാർത്തു മനോഹരമാക്കി ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു…… അത്രയൊന്നും വേണ്ട…. പക്ഷെ ഇപ്പോൾ അച്ഛൻ പറഞ്ഞ ആൾ……. മനസ്സിന് ഒരിക്കലും അംഗീകരിക്കാൻ ആകുന്നില്ല ആ രൂപം….. കണ്ണുകളെ ഒഴുകാൻ വിട്ട് ചിന്തകളുടെ മാറാപ്പു ചുമലിലേറ്റി അവൾ…. കാൽമുട്ടിൽ മുഖമോളിപ്പിച്ചു കുനിഞ്ഞിരുന്നു. 🍂🍂🍂🍂

മുടിയിഴകളിൽ തഴുകുന്ന കൈകൾ ജയയുടേതാണെന്ന് തിരിച്ചറിഞ്ഞു തലയുയർത്തി നോക്കി ജാനകി. കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല. “””””മോളൂ…. നിനക്ക് ഇഷ്ടമായില്ലേ മോഹനെ?”””” ആ ചോദ്യത്തിന് ജാനിയിൽ നിന്നും മറുപടി ഉണ്ടായില്ല. “”””നോക്ക് മോളെ പുറമെ ഉള്ള സൗന്ദര്യം നോക്കരുത് നമ്മൾ…. കാഴ്ചയിൽ ഭംഗിയും ചെകുത്താന്റെ മനസുമുള്ള ഒത്തിരി പേരെ അമ്മയ്ക്കറിയാം.”””” ജാനകിയുടെ മനസ്സ് മനസിലാക്കിയിട്ടെന്ന പോലെ ജയ പറഞ്ഞു. ജാനകി വീണ്ടും തല കുനിച്ചു നിശബ്ദയായിരുന്നു. “”””ജാനി……….. അമ്മ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം എന്റെ മോള്. നല്ല ഭംഗിയുള്ള മാമ്പഴം വില കൊടുത്തു വാങ്ങി മുറിച്ചു നോക്കുമ്പോ ഉള്ളിൽ പുഴു ആണെങ്കിൽ കഴിക്കാൻ കൊള്ളുമോ? ജീവിതവും ഏതാണ്ട് അതുപോലെയാണ്. പുറംമോടിയിൽ ഭ്രമിച്ചു സ്വന്തമാക്കുന്നത് പലതും പുഴുവരിച്ച മാമ്പഴം ആയിരുന്നു എന്ന് തിരിച്ചറിയുന്നത് വളരെ വൈകി ആകും.

മോളുടെ അച്ഛന്റെ ആലോചന വന്നപ്പോൾ പലരും പറഞ്ഞു നിനക്ക് യോജിച്ച ആളല്ല എന്ന്. പക്ഷെ പെണ്ണ് കാണാൻ വന്ന അന്ന് അദ്ദേഹം എന്നോട് സംസാരിച്ച കുറഞ്ഞ സമയം കൊണ്ട് തന്നെ ആ മനസിലെ നന്മ ഞാൻ തിരിച്ചറിഞ്ഞിരുന്നു. പൂർണ മനസോടെയാണ് വിവാഹത്തിന് ഞാൻ സമ്മതം മൂളിയത്. എന്റെ തീരുമാനം ശെരിയായിരുന്നു എന്ന് എനിക്ക് നൽകിയ സ്നേഹത്തിലൂടെ അദ്ദേഹം തെളിയിച്ചു. ആ കൈ പിടിച്ച ശേഷം മോളുടെ അച്ഛൻ കാരണം എനിക്ക് കണ്ണ് നിറയ്‌ക്കേണ്ടി വന്നിട്ടില്ല. എന്നെയും നിന്റെ ചെറിയമ്മമാരെയും പോറ്റാൻ വീട്ടുജോലിയ്ക്ക് പൊയ്ക്കൊണ്ടിരുന്ന എന്റെ അമ്മയേ വിവാഹ ശേഷം പോകാൻ അനുവദിച്ചില്ല അദ്ദേഹം. നിന്റെ ചെറിയമ്മമാരുടെ വിവാഹത്തിനുള്ള മുഴുവൻ ചിലവും വഹിക്കുമ്പോ ആ മുഖത്തും മനസ്സിലും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ… നിറഞ്ഞ മനസോടെയാണ് അദ്ദേഹം അത് ചെയ്തത്. പക്ഷെ,എനിക്ക് വിഷമം തോന്നി. ഞാൻ സങ്കടപ്പെട്ടപ്പോ എന്നെ ചേർത്തു പിടിച്ചു ആ മനുഷ്യൻ പറഞ്ഞത് എന്താന്നു അറിയുമൊ നിനക്ക്?

അവര് എന്റെ പെങ്ങമ്മാരല്ലേ ന്ന്…. പെങ്ങന്മാരുടെ കല്യാണം നടത്തേണ്ടത് ഒരാങ്ങളയുടെ കടമ അല്ലെ എന്ന്….. കണ്ണ് മാത്രമല്ല. മനസ്സും നിറഞ്ഞു മോളേ അത് കേട്ടപ്പോ ….. അവരുടെ വിവാഹം കഴിഞ്ഞ ശേഷമാ ഞങ്ങളുടെ ജീവിതത്തേക്കുറിച്ച് പോലും അദ്ദേഹം ചിന്ദിച്ചത്…. മോൾക്കറിയാല്ലോ…… ഈ വീട് വച്ചതിന്റെ കടം പോലും ഇത് വരെ മുഴുവൻ വീടിയിട്ടില്ല. ഒരുപാട് സ്ത്രീധനം ഒന്നും നൽകാനുള്ള പ്രാപ്തി മോളുടെ അച്ഛന് ഇല്ല എന്നും അറിയാല്ലോ….. ഇപ്പൊത്തന്നെ ഒത്തിരി ആലോചനകൾ നോക്കി. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഇതാകുമ്പോ……. മോളുടെ അച്ഛനെപ്പോലെ ഒത്തിരി നന്മകൾ ഉള്ള ആളാണ്‌ മോഹനും. മോഹന്റെയും സരസ്വതിയുടെയും കയ്യിലാണ് നിന്നെ ഏൽപ്പിക്കുന്നതെങ്കിൽ വിവാഹാശേഷം നിന്നെ ഓർത്തുള്ള ആധി ഞങ്ങൾക്ക് കുറഞ്ഞു കിട്ടും….എന്റെ കുഞ്ഞിന് അവിടെ സന്തോഷം മാത്രേ ഉണ്ടാവുള്ളൂ….. അച്ഛനും അമ്മയും എന്റെ മോൾക്ക് നല്ലത് മാത്രല്ലേ തരുള്ളൂ……

എന്റെ കുട്ടി സമ്മതിക്കണം… അമ്മേടേം അച്ഛന്റേം ആഗ്രഹം അതാണ്‌…..”””” ജയയുടെ വാക്കുകൾക്ക് മറുത്തൊന്നും പറയാനായില്ല ജാനകിയ്ക്ക്…. തന്റെ അച്ഛനമ്മമാരുടെ അവസ്ഥ അവൾക്കും മനസിലാകുമായിരുന്നു…..പക്ഷെ മോഹനെ ഉൾക്കൊള്ളാൻ അവളുടെ മനസ്സ് അപ്പോഴും തയ്യാറല്ലായിരുന്നു. സമ്മതത്തോടെ തലയാട്ടുമ്പോഴും സമ്മതമല്ല എന്ന് അവളുടെ മനസ്സ് ഉറക്കെ കരയുന്നുണ്ടായിരുന്നു…. മനസ്സിന്റെ വിയോജിപ്പ് ശെരിവയ്ക്കാനെന്നപോലെ കണ്ണിൽ തങ്ങി നിന്ന നീർതുള്ളികൾ കവിളിണകളെ തഴുകി താഴേയ്ക്കൊഴുകിതുടങ്ങിയിരുന്നു…. തുടരും

തമസ്സ്‌ : ഭാഗം 8

Share this story