തോളോട് തോൾ ചേർന്ന്: ഭാഗം 32- അവസാനിച്ചു

tholodu thol chernnu

എഴുത്തുകാരി: ജിച്ചന്റെ കാവു

വർഷങ്ങൾക്കിപ്പുറം വീണ്ടും ആ വീട്ടിൽ കാലുകുത്തുമ്പോൾ ഇടതുകയ്യാൽ വീർത്തുന്തിയ വയറിനെ അവൾ താങ്ങിപിടിച്ചു... വലതുകരം അനന്ദുവിന്റെ ഇടതുകരത്തോട് കോർത്തുപിടിച്ചുകൊണ്ട് അവനെ തന്നെ നോക്കുമ്പോൾ നുണക്കുഴിവിരിയും പുഞ്ചിരിയോടെ അവനും അവളെ നോക്കി കണ്ണുചിമ്മി... പെണ്ണിന്റെ താടിച്ചുഴിയും പുഞ്ചിരിക്കും നേരം വലതുതോളിൽ ഉറങ്ങികിടക്കുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച അനന്ദുവിന്റെ കൈയ് കൂടുതൽ മുറുക്കി... നിറഞ്ഞ പുഞ്ചിരിയോടെ ഇരുവരും പടികൾ കയറി... അവരെ സ്വീകരിക്കാൻ എന്നവണ്ണം ഇറയത്തു തന്നെ കൂടിനിൽക്കുന്നവരെ അതേ പുഞ്ചിരിയോടവൾ നോക്കികണ്ടു... അമ്മക്കും ഗീതമ്മക്കും ഇടയിൽ വീൽചെയറിൽ ഇരുന്നു പുഞ്ചിരിക്കുന്ന അമ്മാവൻ... അവർക്കരികെ നിൽക്കുന്ന ഭഗതും ഭരതേട്ടനും... ഏട്ടന്റെ കൈയ്കളിൽ തൂങ്ങിക്കൊണ്ട് ദേവൂട്ടിയും... അവളുടെ നെറുകിലെ കുങ്കുമവും മാറോടോട്ടി കിടക്കുന്ന ആലിലതാലിയും ഭരതേട്ടന്റെ മാത്രം ദേവു ആയതിനെ പിന്നെയും ഓർമിപ്പിക്കുന്നു... എല്ലാവരിലും നിറഞ്ഞ സന്തോഷമാണ്... ഏറ്റവും സന്തോഷം ഭഗതിനാണ്... വർഷങ്ങളായുള്ള അവന്റെ പ്രണയത്തിന്റെ കാത്തിരുപ്പ് രണ്ട് ദിവസങ്ങൾക്കൊണ്ട് അവസാനിക്കുകയാണ്... ഇനി എന്നും അവനോടു ചേർന്നുകൊണ്ട് അവളും കാണും.. ഭഗതിന്റെ മാത്രം ശ്രീ... കല്യാണം പ്രമാണിച്ച് എത്തിച്ചേർന്നതാണ് ധ്വനിയും അനന്ദുവും...

അവനെ കൊണ്ടുവന്നു ആക്കുവാൻ അഭിയും കൃഷ്ണകുമാറും വന്നിട്ടുണ്ട്... എല്ലാവരും പരസ്പരം വിശേഷം ചോദിക്കലും പറയലുമായി സന്തോഷം പങ്കിടുമ്പോൾ ധ്വനിയൊരു പുഞ്ചിരിയോടെ വീൽചെയറിനരികിലേക്ക് നടന്നു.. അമ്മാവന്റെ മുഖത്ത് കുറ്റബോധവും മറ്റെന്തോക്കെയോ വേദനകളും നിറഞ്ഞുവരുന്നത് നോക്കികൊണ്ട് ചെറുതായി അനക്കാൻ പറ്റുന്ന അയാളുടെ കൈയ്കളിൽ കയ്യ്ചേർത്തു... പുഞ്ചിരിച്ചു... അന്ന് അവസാനമായി ഈ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ചുണ്ടിയുണ്ടായിരുന്ന അതെ പുഞ്ചിരി തന്നെയാണ് ഇന്നും അവളിലെന്ന് അയാൾക്ക് തോന്നി... കാലം പിന്നെയും അവളെ ആ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിച്ചിരിക്കുന്നു... ഒരിക്കൽ നോവോടെ പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിയിടത്തേയ്ക്ക് ജീവിതത്തിൽ വിജയിച്ച സന്തോഷംകൊണ്ടവൾ തിരികെ വന്നിരിക്കുന്നു... അനന്ദുവിന്റെ തോളിൽ മയങ്ങി കിടന്ന ദേവൂട്ടൻ ചിണുങ്ങാൻ തുടങ്ങുമ്പോൾ പുഞ്ചിരിയോടെ അനന്ദു അവനെ എണീപ്പിക്കാൻ ശ്രമിച്ചു.. കുഞ്ഞി കവിളിൽ താടികൊണ്ട് തലോടി ഇക്കിളിക്കൂട്ടികൊണ്ട് കുഞ്ഞിനെ എണീപ്പിച്ച് മടിയിൽ ഇരുത്തി... അനന്ദുവിന്റെയും ധ്വനിയുടെയും മകനാണ് രണ്ടരവയസ്സുകാരൻ 'ദേവനന്ദ് കൃഷ്ണ' എന്ന ദേവൂട്ടൻ... അച്ഛന്റെ നെഞ്ചോരം മുഖം ചേർത്തുകൊണ്ടവൻ കുഞ്ഞിക്കണ്ണുകൾ തുറന്നു ചുണ്ട് വീർപ്പിച്ചു... അച്ഛനെ തന്നെ നോക്കിയിരുന്നു... പുഞ്ചിരിയോടെ അനന്ദു അവന്റെ കുഞ്ഞിചുണ്ടിൽ മുത്തിക്കൊണ്ട് മൂക്കിൽ മൂക്കുരസി... " ദേവൂട്ടാ.. നോക്കിയേ... ഇതാരൊക്കെയാന്ന്... അച്ഛപൊന്ന് ഇപ്പൊ എവിടെയാണ് അറിയോ??... എല്ലാരേം നോക്കിയേ... " കുഞ്ഞിവയറിൽ ഇക്കിളിക്കൂട്ടിക്കൊണ്ട് അനന്ദു പറയുമ്പോൾ ദേവൂട്ടൻ അച്ഛന്റെ മടിയിൽ ഇരുന്നു ചിരിച്ചു മറഞ്ഞു...

പീലികൾ തിങ്ങിനിൽക്കും വിടർന്ന കണ്ണുകളോടെ ചുറ്റും കൂടിയിരിക്കുന്നവരെ നോക്കി കണ്ടു... പരിചിതമായ പല മുഖങ്ങളും കണ്ടുകൊണ്ട് പുഞ്ചിരിച്ചു... ആ കുഞ്ഞിതാടിയിൽ ഒരു കുഞ്ഞുചുഴി തെളിഞ്ഞു വന്നു... നാണത്തോടെ പിന്നെയും അച്ഛന്റെ നെഞ്ചിൽ മുഖമോളിപ്പിച്ചുകൊണ്ടവൻ ഇടക്കണ്ണിട്ടുകൊണ്ട് ഓരോരുത്തരെയും നോക്കികൊണ്ടിരുന്നു... പുഞ്ചിരിച്ചു... അവന്റെ അച്ഛാച്ചനിലും വല്യച്ഛനിലും കണ്ണുകൾ എത്തും നേരം ആവേശത്തോടെ അച്ഛന്റെ മടിയിൽ നിന്നുമിറങ്ങി അവർക്കരികെ ഓടി ചെന്ന് അച്ഛാച്ചന്റെ കാലിൽ ചുറ്റിപ്പിടിച്ചു... കൃഷ്ണകുമാർ ഒരു ചിരിയോടെ അവനെ പൊക്കിയെടുക്കുമ്പോൾ കയ്യ്കൊട്ടി ചിരിച്ചുകൊണ്ടവൻ അയാളുടെ കവിളിൽ ചുണ്ട് ചേർത്തു... വല്യച്ഛന്റെ മുഖത്തേക്ക് കയ്യെത്തിച്ചുകൊണ്ട് മീശയിൽ പിടിച്ചു നുള്ളി... " അവനങ്ങനെയാ... അച്ഛനും അച്ചാച്ഛനും വല്യച്ഛനും മതി.. എപ്പോഴും... " എല്ലാവരോടുമായി പറഞ്ഞുകൊണ്ട് ധ്വനി അനന്ദുവിനെ നോക്കി.. അവന്റെ കണ്ണുകളിൽ തെളിയുന്ന പ്രണയത്തിൽ അവളുടെ കവിളുകൾ ചുവന്നു വന്നു... പിന്നെയും പിന്നെയും പഴയ പ്രണയിനി മാത്രമായവൾ അവന്റെ നോട്ടത്തിൽ മാറിക്കൊണ്ടിരുന്നു... അവളെ തന്നെ നോക്കികൊണ്ടിരിക്കെ അനന്ദുവിന് മുൻപിൽ തെളിഞ്ഞു വന്നത് മൂന്ന് വർഷങ്ങൾ മുൻപുള്ള ഒരു ദിവസത്തിലെ കാഴ്ചയാണ്... ചോരയിൽ കുളിച്ചുകിടക്കുന്ന മാധവിനരികെ നിലത്തിരുന്നുകൊണ്ട് വയറും പൊത്തി ആഞ്ഞു ശ്വാസമെടുക്കുന്ന പെണ്ണ്... അവൾക്കരികെ നിന്നുകൊണ്ട് പിന്നെയും പിന്നെയും കൈയിലെ പൊട്ടിയ മരകസേരകൊണ്ട് വീണുകിടക്കുന്നവനെ അടിക്കുന്ന അച്ഛൻ...

അവളുടെ മുഖം വേദനയാൽ ചുളിയുമ്പോഴും ഇരു കയ്യാലെയും നഗ്നമായ വയറിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടവൾ കുമ്പിട്ടിരുന്നു എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു... എന്താണ് നടന്നതെന്ന് തിരിച്ചറിയും മുൻപേ തന്നെ താനന്ന് തളർന്നുപോയിരുന്നു... അഭിയേട്ടൻ ഓടി ചെന്ന് അച്ഛനെ പിടിച്ചു മാറ്റുകയും ധ്വനിയെ പൊക്കിയെടുത്തു സെറ്റിയിൽ കിടത്തുകയും ചെയ്യുന്നത് കാണുമ്പോഴാണ് പിന്നെയും സ്ഥലകാലബോധം വരുന്നത്... ഞെട്ടിപിടഞ്ഞു എഴുന്നേറ്റുകൊണ്ട് അവൾക്കരികെ പായുമ്പോൾ പലവട്ടം പാളിപ്പോയി നിലത്തുവീണിടത്തു നിന്നും പിന്നെയും പിടഞ്ഞെഴുന്നേറ്റു ഓടുകയായിരുന്നു... അപ്പോഴും വയറിനെ തഴുകി കുമ്പിട്ടിരുന്നുകൊണ്ട് എന്തെല്ലാമോ അവൾ പറയുന്നുണ്ടായിരുന്നു... പെണ്ണിനടുത്തെത്തി മുഖവും വയറിലുമെല്ലാം തൊട്ട് തലോടിക്കൊണ്ട് ചുംബനങ്ങളാൽ പൊതിയുമ്പോൾ കണ്ണീരിന്റെ നനവും അവളിലാകെ പടരുന്നുണ്ടായിരുന്നു... എന്നിട്ടും പിന്നെയും പിന്നെയും അവളെ തഴുകിയും ചുംബിച്ചും ചേർത്തുപിടിച്ചുകൊണ്ട് ഭ്രാന്തമായ ആവേശമായിരുന്നു താനന്ന് കാണിച്ചത്... " അനന്ദൂ... ന്തിനാ കരയണേ... ഒന്നുല്ല്യാ... നിക്ക് ഒന്നുല്ല്യാ... വാവക്കും ഒന്നുല്ല്യാ... ദേ നോക്ക്... നോക്ക് നന്ദാ... നമ്മൾടെ വാവ പേടിക്കൂട്ടോ... ഞാനവനെ സമാധാനിപ്പിക്കല്ലേ... ഒന്നൂല്ല്യാടാ... " അന്നേരവും അവൾ വെപ്രാളത്തോടെ തന്നെയും ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കാണിക്കുന്ന കരുതൽ... അതവളുടെ മനസിനേറ്റ ഭയത്തിന്റെ മറ്റൊരു ഭാവം ആയിരുന്നെന്നു തിരിച്ചറിയുമ്പോൾ ഒത്തിരി പിന്നെയും വേദനിച്ചു...

കുഞ്ഞിനൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന ഡോക്ടറുടെ വാക്കുകളിൽ ആണ് ആദ്യമായി ദൈവസാന്നിധ്യം കണ്മുൻപിൽ തിരിച്ചറിഞ്ഞത്... പിന്നീട് ഓരോ നിമിഷവും കൂടെ നിന്നുകൊണ്ട് അവളുടെ ഉള്ളിലെ ഭയത്തെ പതിയെ പതിയെ ഇല്ലാതാകുമ്പോൾ അത്രമേൽ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്... വേദനിച്ചിട്ടുണ്ട്... കരഞ്ഞുപോവാറുണ്ട്... ദിവസങ്ങൾ എടുത്തു പെണ്ണിന്റെ മനസ്സൊന്നു നേരെയാവാൻ... അപ്പോഴും കുഞ്ഞിനോടും തന്നോടുമുള്ള അവളുടെ സ്നേഹം കൂടിയേ ഉള്ളൂ... കരുതലും... " ഞങ്ങളെന്നാ ഇറങ്ങട്ടെ... കല്യാണത്തിന്റെ അന്ന് ശ്രീമോൾടെ ഒപ്പം ഞങ്ങളും എത്താം... അതല്ലേ നല്ലത്... ആർക്കും ഒരു വിഷമോം ആവരുതല്ലോ..." ഭാർഗവന്റെ കൈയിൽ പിടിച്ചു പറയുന്ന കൃഷ്ണകുമാറിന്റെ സ്വരമാണ് അനന്ദുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്... ദേവൂട്ടൻ അപ്പോഴും അച്ഛാച്ചന്റെ കയ്യിലിരുന്നു നരച്ച മീശയും താടിയും തൊട്ട് തലോടിയും പിടിച്ചു വലിച്ചും കളിക്കുകയാണ്... ഭരതും ഭഗതും അഭിയേട്ടനും കൂടി എന്തെല്ലാമോ സംസാരിച്ചിരിക്കുന്നുണ്ട്... ധ്വനിയുടെ ചുറ്റും കൂടി വയറിനെ തഴുകി വിശേഷം പറച്ചിലിൽ ആണ് അമ്മമാരും ദേവൂട്ടിയും... അധികം വൈകാതെ അഭിയും അച്ഛനും ഇറങ്ങുമ്പോൾ ദേവൂട്ടനെ അനന്ദുവിന്റെ കയ്യിലേക്ക് തന്നെ കൊടുത്തു... അവനച്ഛന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് തോളിൽ ചാഞ്ഞുകിടന്നു...

തനിക്കരികെ വന്നുകൊണ്ട് തലയിൽ തഴുകി ശ്രദ്ധിക്കണമെന്ന് പറയുന്ന അനന്ദുവിന്റെ അച്ഛനെ നോക്കി ധ്വനി ഒന്ന് പുഞ്ചിരിച്ചു... അയാളും പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു കാറിൽ കയറുമ്പോൾ അവളും ഓർക്കുകയായിരുന്നു അയാളിലെ മാറ്റങ്ങൾ... നോട്ടം അനന്ദുവിന്റെ കയ്യിലുള്ള ദേവൂട്ടനിൽ എത്തി നിന്നു... ഒരിക്കൽ അറിഞ്ഞോ അറിയാതെയോ ജനിക്കാൻ പോവുന്ന കുഞ്ഞിനെ വരെ വാശിയിലും ദേഷ്യത്തിലും വാക്കുകളാൽ നോവിച്ചൊരു മനുഷ്യനായിരുന്നു അനന്ദുവിന്റെ അച്ഛൻ... ആ മനുഷ്യൻ തന്നെ കുഞ്ഞിന്റെ ജീവനും രക്ഷിക്കണമെന്നുള്ളത് ദൈവനിശ്ചയമായിരിക്കാം ചിലപ്പോൾ... അതുകൊണ്ട് മാത്രമായിരിക്കാം അന്ന് മാധവിന്റെ ഉപദ്രവത്തിൽ തളർന്നുപോയികൊണ്ടിരിക്കുന്നവൾക്കരികിലേക്ക് അയാൾ രക്ഷകനായി എത്തിച്ചേർന്നത്... ഇന്ന് ദേവൂട്ടന്റെ പുഞ്ചിരിക്ക് പിന്നിൽ അവന്റെ അച്ഛാച്ചന്റെ സ്നേഹമാണ്... കരുതലാണ്... എന്നോ എപ്പോഴോ വാക്കുകൾക്കൊണ്ട് നോവിച്ച കുരുന്നിന്റെ ജീവൻ നഷ്ടപ്പെടാതെ രക്ഷിച്ചെടുത്തതും അയാൾ തന്നെ... അതിലും വലിയൊരു പ്രായശ്ചിതം അയാളുടെ തെറ്റുകൾക്കും വേണ്ടിയിരുന്നില്ല... ആ ഒരു കുരുന്നു ജീവനിലൂടെ വർഷങ്ങളായി അവഗണിച്ചിരുന്ന സ്വന്തം മകന്റെ ജീവൻ തന്നെയാണയാൾ സംരക്ഷിച്ചത്... കാര്യമായ പരുക്കുകളോടെ തന്നെ മാധവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുമ്പോൾ കൃഷ്ണകുമാറിനെ പോലീസ് റിമാൻഡ് ചെയ്തിരുന്നു... സാഹചര്യങ്ങളും സാക്ഷിമൊഴികളും മാധവിന്റെ സ്വഭാവവും അവനിൽ അന്നേരം ഉണ്ടായിരുന്ന ഡ്രഗ്സിന്റെ തോതും എല്ലാമെല്ലാം കേസിൽ കൃഷ്ണനെ പിന്താങ്ങുമ്പോൾ കുറച്ച് നാളത്തെ ജയിൽജീവിതം കൊണ്ട് തന്നെ ശിക്ഷയും തീർന്നിരുന്നു...

ഓർമ നഷ്ടപ്പെട്ട് തളർന്നുപോയ മാധവ് തന്നെയാണ് അവന്റെ അച്ഛനും അമ്മയ്ക്കുമുള്ള ശിക്ഷ... മക്കളെ ഏറ്റവും മോശമായി വളർത്തിക്കൊണ്ട് പണത്തിനും ആർഭാടത്തിനും പുറകെ പോയതിനുള്ള ദൈവത്തിന്റെ ശിക്ഷ... ജയിലിൽ നിന്നും പുറത്തിറങ്ങി കുറച്ച് നാളുകൾക്കൊണ്ട് തന്നെ കൃഷ്ണകുമാർ നാട്ടുകാരുടെ കുറ്റപ്പെടുത്തലും കളിയാക്കലുകളും കേട്ട് തളർന്നുപോയിരുന്നു... ജയിലിൽ കുറച്ചുനാൾ കിടന്നതിനെ ആളുകൾ അവർക്കുവേണ്ട രീതിയിൽ വളച്ചൊടിച്ചും അയാളുടെ പ്രവർത്തിയെ കുറ്റപ്പെടുത്തിയും മറ്റൊരു കണ്ണിലൂടെ നോക്കികാണുമ്പോൾ ഓരോ വട്ടവും അനന്ദു പലപ്പോഴായി അനുഭവിച്ചിരുന്ന വേദനകൾക്കാഴം അയാളും മനസിലാക്കുകയായിരുന്നു... ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരെയും നോവിക്കാൻ ശ്രമിച്ചുകൊണ്ട് സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം ആളുകൾ... അവരിൽ ഒരാൾ തന്നെയായിരുന്നു താനെന്നും അയാൾ മനസിലാക്കികൊണ്ടിരുന്നു... ഇതുവരെ പറഞ്ഞുപോയതും ചെയ്തുപോയതുമായ എല്ലാ തെറ്റുകൾക്കും പകരമായി വർഷങ്ങൾക്കിപ്പുറം അനന്ദുവിനെ അയാൾ ചേർത്തുപിടിക്കുമ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷത്തിൽ അവനും അച്ഛനെ പുണർന്നിരുന്നു... സ്നേഹംകൊണ്ടും വിശ്വാസം കൊണ്ടും അവരെല്ലാവരും കൂടിയൊരു ജീവിതം കെട്ടിപടുക്കുകയായിരുന്നു... ഇതുവരെ നൽകാതെ പോയ വാത്സല്യം നൽകികൊണ്ട് അച്ഛനും....എന്തിനും ഏതിനും കൂടെ നിന്നുകൊണ്ട് അഭിയും ഹരിയും.... ഏട്ടത്തിയമ്മയുടെ സ്നേഹം പകർന്നുകൊണ്ട് മധുവും.... മകളായി തന്നെ അപ്പുവും കുഞ്ഞും മിത്തുവും.... പ്രണയവും സ്നേഹവും വാത്സല്യവും കരുതലും എല്ലാമെല്ലാം നൽകികൊണ്ട് ദേവയും അനന്ദുവിന്റെ ജീവിതത്തെ സുന്ദരമാക്കിത്തീർത്തു.... അന്നേവരെ അനുഭവിച്ചതിനൊക്കെ ഇരട്ടി മധുരം അവന്റെ ജീവിതം തന്നെ പകർന്നുകൊടുത്തു... *****************

ശ്രീയുടെ കഴുത്തിൽ മഞ്ഞചരടിൽ കൊരുത്ത താലി മൂന്ന് കെട്ടിനാൽ മുറുക്കികൊണ്ട് ഭഗത് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... കൂർപ്പിച്ചൊരു നോട്ടംകൊണ്ട് രണ്ടാമതൊരു ചുംബനത്തിൽ നിന്നും അവനെ പെണ്ണ് തടഞ്ഞു നിർത്തുമ്പോൾ കൂടിനിന്നിരുന്ന പലരും ചിരിയിലായിരുന്നു... ഭൗമിമോളെയും എടുത്തുനിൽക്കുന്ന ഹരിയൊരു കള്ള ചിരിയോടെ പൊടികുഞ്ഞിനെ നെഞ്ചോരം ചേർത്തിരിക്കുന്ന അപ്പുവിനെ നോക്കി... അവളും അവനെ തന്നെ നോക്കും നേരം ചെക്കനൊന്ന് കണ്ണ് ചിമ്മി ചിരിച്ചു... അനന്ദു ധ്വനിയെ ചുറ്റിപ്പിടിച്ചു വയറിൽ ചേർന്നിരിക്കുന്ന പെണ്ണിന്റെ കൈയിൽ കൈയ് ചേർത്തു നിന്നു... ഭഗതിന്റെ ചുംബനം കണ്ടു നിൽക്കെ ഭരതിന്റെ കൈയിൽ കൊരുത്തിരുന്ന ദേവൂട്ടിയുടെ കയ്യുടെ മുറുക്കം കൂടി വന്നു... അവനൊരു ചിരിയോടെ പെണ്ണിനെ നോക്കുമ്പോൾ നാണതാലവൾ മുഖം കുനിച്ചു... " ഈ നാണമിനി എന്ന് മാറും വാവേ??.. ആരും കേൾക്കണ്ട... രണ്ട് രണ്ടര കൊല്ലായി കെട്ട് കഴിഞ്ഞിട്ട്... " അവളുടെ കാതോരം ചേർന്നുകൊണ്ട് ഭരത് സ്വകാര്യം പറയുമ്പോൾ പെണ്ണിന്റെ ഉണ്ടകവിളുകൾ കൂടുതൽ ചുവന്നു... രണ്ടര വർഷം മുൻപ് ആയിരുന്നു ദേവൂന്റെയും ഭരതിന്റെയും കല്യാണം... അവർ ഇരുവരുടെയും ജാതകപ്രകാരം കല്യാണം പെട്ടന്നു നടക്കണമെന്ന് ആയിരുന്നു.. അതും ധ്വനിയുടെ ഡെലിവറി അടുക്കെ തന്നെ... അതുകൊണ്ട് തന്നെ കല്യാണത്തിന് കൂടാൻ ധ്വനിക്കോ അനന്ദുവിനോ പറ്റിയിരുന്നില്ല... എങ്കിലും ഇടക്കിടക്ക് ദേവൂട്ടി ഭരത്തിനൊപ്പം ചേച്ചിയെ കാണാൻ പോകാറുണ്ട്...

ഇന്നും പ്രണയത്തെയും മറികടന്നുകൊണ്ട് വാത്സല്യം തന്നെ അവർക്കിടയിൽ മുന്നേറുന്നു... ഭരതിനെ സംബന്ധിച്ച് അതവന്റെ പ്രണയം തന്നെയാണ്... ഒരു കുഞ്ഞെന്നപോലെ അവളെ സ്നേഹിച്ച് അവളുടെ കുറുമ്പുകൾക്കൊപ്പം കൂടി ഓരോ നിമിഷവും ആസ്വദിക്കുകയാണ് അവൻ... പന്തലിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ മുന്നിൽ തന്നെയിരിപ്പുണ്ട് അപ്പുവും മധുവും മിത്തുമോളും അഭിയും അച്ഛനുമെല്ലാം... മധുവിന്റെയും അപ്പുവിന്റെയും കൈയിൽ ഓരോ വയസ്സുള്ള സുന്ദരികുട്ടികളുണ്ട്... രണ്ടും ആൾതിരക്കിൽ ബഹളം വച്ചു ക്ഷീണിച്ചു കിടന്നുറങ്ങുകയാണ്... അച്ഛാച്ചന്റെ മടിയിൽ ഇരുന്നുകൊണ്ട് ദേവൂട്ടൻ അവന്റെ വല്യേച്ചിക്ക് ഒപ്പം കളിയിലാണ്... സ്വന്തം സഹോദരൻ ആയിട്ട് കൂടി മാധവിന്റെ പ്രവർത്തികൾക്ക് സാക്ഷി പറയുകയും അവന്റെ സ്വഭാവത്തെയും മയക്കുമരുന്ന് ഉപയോഗത്തെയും പോലീസിന് മുൻപിൽ തുറന്നു പറയുകയും ചെയ്യുന്ന മധു പിന്നെയും പിന്നെയും അഭിയെ അതിശയിപ്പിച്ചുകൊണ്ടിരുന്നു... അവളുടെ അറിവോടെ ആയിരുന്നോ ധ്വനിക്ക് നേരെയുള്ള ആക്രമണം എന്ന് എപ്പോഴോ അവനും ഉള്ളിൽ തോന്നിയിരുന്നു... മുഖത്തിരുവശത്തും അടികൊണ്ട പാടുമായി കരഞ്ഞുകൊണ്ട് പോലീസിനോട് എല്ലാം വിശദീകരിക്കുന്നവളെ കാണുമ്പോൾ ഉള്ളിൽ തോന്നിയ സംശയമെല്ലാം പാടെ പോയിരുന്നു...

ഇതുവരെ ചെയ്തും പറഞ്ഞും പോയ തെറ്റിനെല്ലാമുള്ള പ്രായശ്ചിതം അവൾ ചെയ്തുകഴിഞ്ഞെന്ന് ബോധ്യമായതിൽ പിന്നെ അഭിയും അവളെ സ്നേഹിക്കാൻ തുടങ്ങി... ഉള്ളിനുള്ളിൽ ഒളിപ്പിച്ചു പിടിച്ചിരുന്ന സ്നേഹം അവൾക്കായി നൽകുമ്പോൾ അവനോടുള്ള പെണ്ണിന്റെ പ്രണയം ഓരോ നിമിഷവും അവനത്ഭുതമായി തീർന്നു... തമ്മിലുള്ള ബന്ധത്തെ പ്രണയത്താൽ കൂട്ടിയോജിപ്പിച്ചുകൊണ്ടവർ കൂടുതൽ ദൃഢമാക്കി... മിത്തുമോളിപ്പോൾ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്... ഇളയകുഞ്ഞായ വിധുമോൾക്ക് ഇപ്പോൾ ഒരു വയസ്സ് പ്രായം... ഹരിമാഷും അപ്പുവും ഇപ്പോഴും പഴയപോലെ തന്നെ... അപ്പുവിന്റെ കുറുമ്പുകൾക്കൊപ്പം നിൽക്കാൻ രണ്ട് കുട്ടികുറുമ്പികൾ കൂടിയുണ്ടെന്ന് മാത്രം... മൂന്നു വയസ്സുകാരി ഭൗമിക എന്ന ഭൗമിയും ഒരുവയസ്സുകാരി ഭൂമിക എന്ന പൊടിമോളും... അമ്മയുടെ കുറുമ്പും വാശിയും അതേപടി രണ്ടാളിലും ഉണ്ട്... നന്ദകൃഷ്ണനും രമയും അവരുടെ പേരക്കുട്ടികൾക്കൊപ്പം പാടത്തും പറമ്പിലും വീട്ടിനുള്ളിലും ആയി ഓരോ നിമിഷവും കളിചിരിയിൽ മുഴുകികൊണ്ട് വാർദ്ധക്യം ആഘോഷിക്കുകയാണ്... ***************** നാളുകൾക്കിപ്പുറം ഇങ്ങനെയൊരു സന്തോഷത്തിൽ ഒത്തുകൂടുമ്പോൾ വൈകുന്നേരം തിരിച്ചുപോവാൻ തുനിഞ്ഞ ഹരിയെയും അഭിയേയും വീട്ടുകാരെയും എല്ലാവരും ചേർന്നു അവിടെ പിടിച്ചു നിർത്തി... രാത്രിയിൽ വൈകും വരെ എല്ലാവരും കൂടിയിരുന്നു സംസാരങ്ങളിൽ മുഴുകി... പ്രണയം നിറയും നിമിഷങ്ങളിൽ പലരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തുകൊണ്ട് സ്നേഹം കൈമാറി...

കുട്ടികുറുമ്പുകൾ കാണിച്ചുകൊണ്ട് കളിച്ചിരിക്കുന്ന ദേവൂട്ടനും ഭൗമിമോൾക്കും ഭൂമിമോൾക്കും വിധുമോൾക്കും ഇടയിൽ ചേച്ചിപെണ്ണായി മിത്തുമോൾ വിലസിനടന്നു... കുഞ്ഞിക്കണ്ണുകൾ ഉറക്കം വന്നു മൂടിതുടങ്ങുമ്പോൾ വാശിയും ബഹളവുമായി എല്ലാവരും അമ്മമാർക്ക് പുറകെകൂടി... ദേവൂട്ടൻ മാത്രം അച്ഛന്റെ തോളിൽ ചേർന്നു... അവനെയും എടുത്തു തോളിൽ ഇട്ടുകൊണ്ട് ഉലയുന്ന ശരീരവുമായി വലതുകാൽ നീട്ടി വച്ചു നടക്കുന്നവനെ ധ്വനി പ്രണയത്തോടെ നോക്കി... കൊഞ്ചി കൊഞ്ചി ചിരിച്ചുകൊണ്ട് അച്ഛന്റെ താടിയിൽ തലോടി അവൻ ഓരോന്ന് പറയുന്നുണ്ട്... കൂടുതലും സംശയങ്ങൾ ചോദിക്കൽ ആവും... അച്ഛനും മോനും കൂടിയാൽ അങ്ങനെയാണ്... കാണുന്നതൊക്കെ എന്താണെന്നറിയണം ചെക്കന്... അവന്റെ സംസാരം പലതും മനസിലാക്കാൻ കൂടെ പറ്റുന്നില്ലെങ്കിലും അച്ഛനെല്ലാം മനസിലാക്കികൊണ്ട് അവനോടൊപ്പം കൂടും... അമ്മയുടെ വയറിലൊരു കുഞ്ഞാവയുണ്ടെന്ന് അച്ഛൻ പറഞ്ഞറിഞ്ഞതിൽ പിന്നെ എടുക്കാനായി അമ്മയോട് കയ്യ്കാണിക്കാറില്ല അവൻ... ആ കുഞ്ഞു മനവും ഒരു വാവക്ക് വേണ്ടി കൊതിക്കുന്നത് ഇടയ്ക്കിടെ അമ്മയുടെ അടുത്തു വന്നുകൊണ്ടുള്ള വയറിലെ തലോടലിലും കുഞ്ഞു മുത്തങ്ങളിലും മനസിലാക്കാമായിരുന്നു... അമ്മയുടെ വീർത്ത വയറിൽ ചുംബിച്ചുകൊണ്ട് ചെക്കാനൊരു ചിരിയാണ്... താടിച്ചുഴി തെളിഞ്ഞു നിൽക്കും പുഞ്ചിരി...

മൃദുവായൊരു താരാട്ടുപാട്ട് പാടി ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞിനെ അനന്ദു ഉറക്കികൊണ്ടിരിക്കുമ്പോൾ നാളുകൾക്കിപ്പുറവും അവന്റെ സ്വരം തന്നിൽ തീർക്കുന്ന വ്യത്യാസങ്ങളെ താലോലിക്കുകയായിരുന്നു ധ്വനി... ഒപ്പം അച്ഛന്റെ സ്വരത്തിൽ ലയിച്ചുകൊണ്ട് കയ്യും കാലും അനക്കികൊണ്ടിരിക്കുന്ന വയറ്റിലുള്ള വാവയെ അവൾ തഴുകികൊണ്ടിരുന്നു... മുറിയിലേക്ക് കടന്നുവന്ന ശ്രീമോളെ അരയിൽ കൈ ചുറ്റിപൊക്കിയെടുത്തുകൊണ്ട് വാതിൽ കുറ്റിയിട്ട് ഭഗത് കട്ടിനടുത്തേയ്ക്ക് നടന്നു... കൈയിൽ കിടന്നു പിടക്കുന്ന പെണ്ണിനെ മുറുക്കെ പിടിച്ചുകൊണ്ട് അവളുമായി ബെഡിൽ വീഴുമ്പോൾ പെണ്ണിൻറെ പിടച്ചിലിനൊപ്പം ചീത്ത വിളികളും ഉയരുന്നുണ്ടായിരുന്നു... തുടുത്തു നിൽക്കുന്ന ഉണ്ടകവിളിൽ അമർത്തി കടിച്ചുകൊണ്ടവൻ പെണ്ണിനെ ശാന്തമാക്കാൻ ശ്രമിച്ചു... അവളുടെ പിടപ്പൊന്നു നിന്നപ്പോൾ അതെ കവിളിൽ ചുംബിച്ചുകൊണ്ട് നാവിനാൽ തഴുകി കിടന്നു... " ടോ അലവലാതി... താനെവിടത്തെ കാമുകനാടോ... ഇങ്ങനെയാണോ ഒരു പെണ്ണിനോട്‌ പെരുമാറാ??.. " ഭഗതിന്റെ കൈയ്കളുടെ മുറുക്കം അഴയും നേരം അവളവനെ തള്ളിമാറ്റികൊണ്ട് ചോദിച്ചു... " മ്മ് മ്മ്... ഇങ്ങനെയല്ല... ഇതിലും നന്നായി പെരുമാറട്ടെ... ന്റെ ഉണ്ടമുളക് ഇങ്ങു വന്നെ... " എഴുനേൽക്കാൻ തുടങ്ങുന്നവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ചുറ്റിപ്പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ടവൻ പറഞ്ഞുകൊണ്ടിരുന്നു...

കഴുത്തിൽ അലഞ്ഞു നടക്കുന്ന മീശയുടെയും ചുണ്ടിന്റെയും തലോടലിൽ പെണ്ണവന്റെ കൈയിൽ കിടന്നു കുതറി... " പെടക്കല്ലെടി കോപ്പെ... അതേയ്... ദേവൂട്ടി പറഞ്ഞു തന്നിരിക്കുന്നതും കേട്ട് പൊന്നുമോൾ സമാധാനിക്കാൻ വരട്ടെ... ഞാനേ ഭരതേട്ടൻ അല്ല... ഭഗതാ... നീ ദേവൂട്ടിയും അല്ല... ന്റെ മാത്രം കാ‍ന്താരിമുളകാ... ഉണ്ടപക്ക്രു... എനിക്കിത്ര ഒക്കെ കണ്ട്രോൾ ഉള്ളൂ..." പെണ്ണിന്റെ ചെവിയിൽ ചുംബിച്ചുകൊണ്ടും പതിയെ നുണഞ്ഞുകൊണ്ടും ഭഗത് പറയുമ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരിച്ചു വിരിഞ്ഞു... അത് മറച്ചുപിടിച്ചുകൊണ്ട് അവനെ തള്ളിമാറ്റാനും ദേഷ്യപ്പെടാനും തുടങ്ങുന്നവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തുകൊണ്ട് ഭഗത് ചുറ്റിവരിഞ്ഞു... തൊട്ടടുത്ത മുറിയിൽ അന്നേരം കുഞ്ഞ് കുഞ്ഞ് ചുംബനങ്ങളാൽ തനിക്കരികെ കിടക്കുന്ന ദേവൂനെ കൂടുതൽ വിവശയാക്കുകയായിരുന്നു ഭരത്... അവളുടെ തുടുത്തു വരുന്ന കവിളിണകളും തന്നിൽ അമരുന്ന വിരലുകളും വാത്സല്യത്തെയും മറികടന്നുകൊണ്ട് പ്രണയത്തെ ഒഴുക്കുമ്പോൾ പതിയെ പതിയെ അവളുടെ നെറുകിൽ ചുംബിച്ചുകൊണ്ട് അവളിലേക്ക് അലിഞ്ഞു ചേരുകയായിരുന്നവൻ... ***************** "മ്മേന്നോട് മിന്തൂലാ... പെനക്കാ..." പിന്തിരിഞ്ഞു കിടക്കുന്ന അപ്പുവിനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് ഭൗമിമോള് കട്ടിലിൽ ഇരിക്കുന്ന ഹരിയുടെ മടിയിലേക്ക് കേറിയിരുന്നു വട്ടം കെട്ടിപിടിച്ചു... " മോക്ക് അച്ഛ മതിയെ... മ്മ ബെൻതാ... " അവന്റെ നെഞ്ചിൽ മുഖമുരസുന്നതിനിടയിൽ കുഞ്ഞി ചുണ്ട് വീർപ്പിച്ചുകൊണ്ട് പിന്നെയും പറയുന്നുണ്ട്...

അപ്പുവൊരു പുഞ്ചിരിയോടെ അവരെയിരുവരെയും തിരിഞ്ഞു നോക്കി... അച്ഛന്റെ നെഞ്ചിൽ പതുങ്ങിക്കൊണ്ടുള്ള കുഞ്ഞിപ്പെണ്ണിന്റെ കാട്ടായങ്ങൾ നോക്കി ചിരിച്ചുകൊണ്ട് പിന്നെയും പൊടിമോൾക്ക് പാലുകൊടുക്കുന്നതിൽ ശ്രദ്ധിച്ചു... അവളുടെ കുഞ്ഞിക്കണ്ണുകൾ അടഞ്ഞടഞ്ഞു പോവുന്നത് നോക്കികൊണ്ട് തന്നെ പതിയെ തലമുടിയിലൂടെ തഴുകി കൊടുത്തു... " ന്തേടി കുഞ്ഞാപ്പി... നിന്റെ അമ്മ പാവല്ലേ... നീയെന്തിനാ പിണങ്ങണെ?? " വീർപ്പിച്ചു പിടിച്ചിരിക്കുന്ന മോളുടെ കുഞ്ഞി ചുണ്ടിൽ മുത്തിക്കൊണ്ട് ഹരി ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. പിന്നെയും വിതുമ്പി... അച്ഛന്റെ നെഞ്ചോരം ചേർന്നുകൊണ്ട് പറ്റിപ്പിടിച്ചിരുന്നു... " തോ... മ്മ ഇല്ലേ... പൊടീടെ അടുത്തച്ചാ തിഞ്ഞു കെക്കനേ... ന്നെ അടുത്തേച് തിഞ്ഞു കെടന്നീല..." കുഞ്ഞുച്ചുണ്ട് കൂടുതൽ പുറത്തേക്കുന്തി വരുന്നതിനൊപ്പം ഇടർച്ചയോടെ അവളുടെ സ്വരവും വന്നു.. ഹരിയൊരു പുഞ്ചിരിയോടെ അവളെ പൊക്കി കുഞ്ഞികുടന്തയിൽ മുഖം വെച്ച് ഇക്കിളിക്കൂട്ടി... " ന്റെ കുഞ്ഞാപ്പി... നീയിങ്ങനെയായാലോ... ചേച്ചിപെണ്ണല്ലേ നീ??.. ഏഹ്?? അച്ഛന്റെ മോൾടെ അടുത്ത് അമ്മ തിരിഞ്ഞു കിടക്കുംലോ... നമ്മൾടെ പോടീ ഇല്ലേ... അവളെ പെട്ടന്നു ഒറക്കീട്ട് അമ്മ എന്നും കുഞ്ഞീനെ കെട്ടിപ്പിടിക്കാൻ വരുന്നുണ്ടല്ലോ... അതുവരെ ന്റെ മോളെ അച്ഛൻ കെട്ടിപിടിക്കാട്ടോ... ബാ... " കുഞ്ഞി ചുണ്ടിൽ പുഞ്ചിരിച്ചു വിടരും വരെ അവളെ ഇക്കിളി കൂട്ടിയും കുഞ്ഞി മുത്തങ്ങൾ നൽകിയും ആ അച്ഛൻ സന്തോഷിപ്പിക്കുന്നത് നോക്കികൊണ്ട് അപ്പുപെണ്ണിന്റെയും ഉള്ളം നിറഞ്ഞു...

തിരിഞ്ഞു കിടന്നുകൊണ്ട് പൊടിമോളെ തട്ടി ഉറക്കുമ്പോൾ അച്ഛന്റെയും മോളുടെയും സംസാരം പുറകിൽ നിന്നും കേൾക്കുന്നുണ്ടായി... പതിയെ എപ്പോഴോ കണ്ണുകളടഞ്ഞു പോവുമ്പോൾ ഇടതുചെവിയിൽ പ്രിയപെട്ടവന്റെ ചുംബനവും കിട്ടിയിരുന്നു... അപ്പുവോന്നു കുറുകികൊണ്ട് അവനെ തിരിഞ്ഞു നോക്കി... " മോളോ??.. ഉറങ്ങിയോ അവൾ??.. " കണ്ണുകൾ കുഞ്ഞാപ്പിക്ക് വേണ്ടി തിരിഞ്ഞുകൊണ്ട് ചോദിച്ചു... " ആടോ... അവൾ ഉറങ്ങി... അപ്പൂസിനെ ഉറക്കട്ടെ ഇനി..??.. " വയറിലൂടെ കൈയ്കളുടെ ചലനത്തിനൊപ്പം ചെവിയിൽ ചുംബിച്ചുകൊണ്ടുള്ള ഹരിയുടെ സ്വരവും... അപ്പുവോന്നു ചിരിച്ചുകൊണ്ടവനെ മുറുക്കെ കെട്ടിപിടിച്ചു... പെണ്ണിന്റെ പടർന്നു തുടങ്ങിയ സിന്ദൂരത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് ഹരി അവളെയും തിരിച്ചു പുൽകി... ***************** മുറിയിൽ തെളിച്ചിരിക്കുന്ന നേരിയവെട്ടത്തിൽ ധ്വനിയുടെ കുഞ്ഞുമൂക്കുത്തിയുടെ തിളക്കം നോക്കി അനന്ദു കിടന്നു... ചെരിഞ്ഞു അവനഭിമുഖമായി കിടക്കുന്നവളുടെ വീർത്തുനിൽക്കുന്ന വയറിൽ പതിയെ തലോടിക്കൊണ്ടവൻ അവളുടെ നക്ഷത്രകണ്ണുകളുടെ ആഴങ്ങളിലേക്കിറങ്ങി ചെന്നു... ആദ്യമായി കാണും പോലെ പിന്നെയും പിന്നെയും ആ കണ്ണുകളിൽ തളയ്ക്കപെടുമ്പോൾ ഓരോ വട്ടവും പ്രണയത്തിന്റെ ആഴത്തിലുള്ള തിരയിളക്കം അവനതിൽ കാണുകയായിരുന്നു... അതവനെ നിത്യകാമുകനാക്കി മാറ്റുന്നുണ്ടായിരുന്നു... അനന്ദുവിന്റെ നോട്ടത്തിൽ പെണ്ണിന്റെ തുടുത്ത കവിളുകൾ കൂടുതൽ ചുവന്നു...

നെറുകിലെ കുങ്കുമചുവപ്പിനെ തോൽപ്പിച്ചുകൊണ്ടവളുടെ കവിളുകളും മൂക്കിൻ തുമ്പും താടിത്തുമ്പുമെല്ലാം പ്രണയചുവപ്പിൽ പൂക്കുമ്പോൾ ഒരു കള്ള ചിരിയോടവൻ കുഞ്ഞുമൂക്കുത്തിയിൽ ചുണ്ട്‌ ചേർത്തു... " ദേവാ... " പ്രണയപൂർവം വിളിച്ചു... അത്രമേൽ ആർദ്രമായ്... അവളൊന്നു മൂളിക്കൊണ്ട് അവന്റെ താടിരോമങ്ങളിലൂടെ പതിയെ വിരലോടിച്ചു... പെണ്ണിന്റെ കൈയിവിരലുകൾ പിടിച്ചെടുത്തുകൊണ്ട് ഓരോ വിരൽ തുമ്പിലായി മുത്തുമ്പോൾ അവനവളുടെ നക്ഷത്രകണ്ണുകളുടെ തിളക്കം കൂടുന്നത് നോക്കികണ്ടു... ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ അനന്ദു പെണ്ണിന്റെ രണ്ടു കണ്ണിലും മാറി മാറി ചുംബിച്ചുകൊണ്ട് കണ്ണുകളുടെ പിടപ്പിനെ സ്വന്തമാക്കി... " ഈ കണ്ണുകളാണ് പെണ്ണെ ആദ്യമായ് അനന്ദുവിനെ പ്രണയത്തിൽ കുരുക്കിയത്... " പെണ്ണിനോട് ചേർന്നു കിടന്നുകൊണ്ട് കണ്ണുകളിൽ നോക്കി അവൻ പറയുമ്പോൾ അവളിൽ നാണത്തിന്റെ പുഞ്ചിരിയായിരുന്നു... പിന്നെയും പെണ്ണിന്റെ കൈയിവിരലുകൾ തിങ്ങി വളർന്ന മീശയെയും താടി രോമങ്ങളെയും പുണർന്നു... താടിയിൽ കൈയ് കുരുക്കി വലിച്ചുകൊണ്ടവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... നുണക്കുഴി കവിൾ വിരിയും നേരം പ്രണയത്തോടെ അവയെ മുകർന്നു... " നന്ദാ... " പെണ്ണിന്റെ മൃദു സ്വരം... അവനൊന്നു മൂളുമ്പോൾ മീശരോമങ്ങൾക്കിടയിലുള്ള ചുണ്ടിൽ പെണ്ണ് ചുണ്ടിൽ ചേർത്തു...

പിന്നെയും പിന്നെയും അവന്റെ പേര് ചൊല്ലി വിളിച്ചുകൊണ്ട് കുഞ്ഞി മുത്തങ്ങൾ ചുണ്ടിൽ നൽകികൊണ്ടിരിക്കുന്ന പെണ്ണിനെ അതിലും പ്രണയത്തോടെ അനന്ദു നോക്കി കിടന്നു... കൈയ് വിരലുകൾ ഇഴഞ്ഞുകൊണ്ടവളുടെ ഉദരത്തിലെ തുടിപ്പിനെ തഴുകി...പെണ്ണിന്റെ ചുണ്ടിനൊപ്പം പുഞ്ചിരിച്ചു തൂകുന്ന താടിച്ചുഴിയിൽ അമർത്തി ചുംബിച്ചു നുകർന്നുകൊണ്ടവൻ വിട്ടുമാറി... ഉദരത്തെ മറച്ചിരിക്കും മേൽമുണ്ടിനെ വകഞ്ഞുമാറ്റി... വീർത്തിരിക്കുന്ന വയറിൽ പതിയെ തഴുകിക്കൊണ്ട് ചുംബിച്ചു... തെളിഞ്ഞു കാണുന്ന ഉദരത്തിലെ വിണ്ട പാടുകളിൽ വിരലോടിച്ചുകൊണ്ട് പതിയെ അധരത്താൽ തഴുകി... അവളോടുള്ള പ്രണയത്തോടൊപ്പം ബഹുമാനവും മുന്നിട്ടു നിന്നു... ധ്വനിയൊരു പുഞ്ചിരിയോടെ അവന്റെ തലമുടിക്കുള്ളിൽ വിരൽ കടത്തി തഴുകിക്കൊണ്ടിരുന്നു... മറു കൈയ് എത്തിച്ചു ചുമരോരം കിടന്നുറങ്ങുന്ന ദേവൂട്ടനെ തഴുകി... " ഇതെന്റെ മോളാവും ദേവാ... നിന്നെപ്പോലെ പുഞ്ചിരികൊണ്ട് മറുപടി കൊടുക്കുന്ന കുഞ്ഞിപ്പെണ്ണ്... " പതിയെ പറഞ്ഞുകൊണ്ടവൻ ഉദരത്തെ തഴുകികൊണ്ടിരുന്നു... പെണ്ണിന്റെ താടിച്ചുഴി പുഞ്ചിരിച്ചു... മുഴച്ചു വരുന്ന വയറിനൊരുവശത്തെ കുഞ്ഞികാലിൽ ചുണ്ട്‌ ചേർക്കുമ്പോൾ വല്ലാത്തൊരു നിർവൃതി അവനിൽ നിറഞ്ഞു... " അച്ഛേം അമ്മേം കാത്തിരിക്കാണുട്ടോ... ചുന്ദരീടെ ദേവേട്ടനും കാത്തിരിക്കാ... വേഗം വാട്ടോ... ചുന്ദരിക്കുട്ടി... " അവളുടെ പൊക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചുകൊണ്ടവൻ മൊഴിഞ്ഞു... പെണ്ണിനെ മുഖമുയർത്തി നോക്കി...

അവളുടെ കണ്ണിലെ പ്രണയത്തോടൊപ്പം അവനോടുള്ള വാത്സല്യവും നിറഞ്ഞു കാണെ അവൾക്കരികിലേക്ക് ചേർന്നു കിടന്നു... വേദനയിലും പുഞ്ചിരികൊണ്ടവയെ മറയ്ക്കാൻ ശ്രമിക്കുന്ന ഒരു അനന്ദുവിൽ നിന്നും ഇന്നത്തെ അനന്ദുവിലേക്കുള്ള മാറ്റം... അതിനവനെ തയ്യാറാക്കിയത് പ്രണയം പകർന്നൊരു പെണ്ണ്... ആദ്യമായവളെ കണ്ടതുമുതലുള്ള ഓരോ സംഭവങ്ങളും കണ്മുന്നിലൊരു തിരശീലയില്ലെന്നപോലെ തെളിയെ ആ നിമിഷങ്ങളിലൂടെയെല്ലാം മനസ്സാൽ സഞ്ചരിക്കുകയായിരുന്നു അവൻ... പെണ്ണിനോടുള്ള പ്രണയം പിന്നെയും പിന്നെയും നിറഞ്ഞു തുളുമ്പുന്നു... ധ്വനിക്കും ദേവൂട്ടനും ഇടയിൽ മലർന്നു കിടന്നുകൊണ്ട് അനന്ദു ദേവൂട്ടനെ കോരിയെടുത്തു നെഞ്ചിൽ ചേർത്തു... കുഞ്ഞി നെറുകിൽ ചുംബിച്ചു... അവനൊന്നു ചിണുങ്ങിക്കൊണ്ട് അച്ഛന്റെ നെഞ്ചിൽ മുഖമുരസി രോമക്കാടുകളിൽ കവിൾ ചേർത്ത് പിന്നെയും ഉറക്കത്തിലാണ്ടു... മറുകയ്യ് വിരിച്ചുകൊണ്ട് കണ്ണുകളാൽ പെണ്ണിനെ ക്ഷണിക്കുമ്പോൾ പുഞ്ചിരിയോടവൾ അവനിലേക്ക് ചേർത്തുകിടന്നു...അവരെ ഇരുവരെയും ഒന്നിച്ചു കെട്ടിപിടിച്ചു... ഒരു കൈയ് വീർത്ത വയറിലും ചേർത്തുകൊണ്ട് അനന്ദുവിന്റെ കഴുത്തിടുക്കിൽ മുഖം ചേർത്തു... അവന്റെ വിയർപ്പിനെ ഉള്ളിലേക്കാവഹിച്ചു... പെണ്ണിന്റെ നെറുകിൽ ചുംബിച്ചുകൊണ്ട് അനന്ദു അവളെയും തന്നിലേക്ക് ചേർത്തു പിടിച്ചു...

വലതുപാദത്തിന്റെ പെരുവിരൽ അവളുടെ കാലുകളിൽ കൊലുസിനെ തേടി നടന്നു... " നന്ദാ...നിക്കൊരു പാട്ട് പാടി തരോ??.... " അധരങ്ങളെ കഴുത്തിടുക്കിലെ വിയർപ്പിൽ അലയാൻ വിട്ടുകൊണ്ടുള്ള അവളുടെ സ്വരം... അവനൊന്നു പുഞ്ചിരിച്ചു... """വെൺ ശിശിരമേ പതിയെ നീ തഴുകവേ... എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്... നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ... ഞാൻ വിടരുമേ വാർമയിൽപീലി പോൽ... ഒരേ ചിറകുമായ് ആയിരം ജന്മവും... കെടാതുണരണേ നമ്മളിൽ നമ്മളാവോളം... """ അവന്റെ നുണക്കുഴി കവിളും പെണ്ണിന്റെ താടിച്ചുഴിയും പുഞ്ചിരിച്ചു... വലതുപാദത്തിന്റെ പെരുവിരൽ പെണ്ണിന്റെ കൊലുസ്സിനുള്ളിൽ കടന്നുകൂടി ചുറ്റിപ്പിടിച്ചു പ്രണയം പകർന്നു.... ❤❤❤ ഒരിക്കലും നിലയ്ക്കാത്ത പ്രണയവുമായി അവരുടെയെല്ലാം ജീവിതയാത്ര ഇനിയും തുടരുന്നു... അനന്ദൂന്റെ കുഞ്ഞാവയെ ഞാൻ വല്ലോം ചെയ്യോ 😌😌😌 നിങ്ങളെന്നെ തെറ്റിദ്ധരിച്ചു.. ന്തോരം ചീത്തയാ പറഞ്ഞേ 😔 നിക്ക് ബെശമം ഉണ്ട്.. കഥ അവസാനിപ്പിക്കാൻ താല്പര്യം ഉണ്ടായിട്ടല്ല... ഒത്തിരി വിഷമത്തോടെയാണ് അവസാനിപ്പിക്കുന്നത്... ഇനിയും ഒരുപാട് വലിച്ചുനീട്ടി കഥയുടെ ഒഴുക്ക് കളയാൻ തോന്നിയില്ല... ന്റെ നന്ദനെയും ദേവയെയും സ്വീകരിച്ച എല്ലാവർക്കും നന്ദി... എത്രത്തോളം അനന്ദുവിന്റെ വിഷമവും അവരുടെ പ്രണയവും പകർത്താൻ ആയെന്ന് അറിയില്ല... എന്നെക്കൊണ്ട് കഴിയും പോലെ ശ്രമിച്ചിട്ടുണ്ട്ട്ടോ... എല്ലാ പാർട്ടും അത്രമേൽ ആകാംഷയോടെ കാത്തിരുന്നു വായിച്ചു റിവ്യൂസ് നല്കുന്ന ഒത്തിരി പേരുണ്ട്ട്ടോ... അവരുടെയെല്ലാം സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം എനിക്ക് എഴുതാൻ സാധിച്ചത് തന്നെ... ഒത്തിരി ഒത്തിരി നന്ദി....❤ Love you all ❤❤❤ Last പാർട്ടിനും വല്ല്യ റിവ്യൂ താട്ടോ... ന്റെ കണ്ണൊക്കെ നിറയാ... ന്റെ ദേവ ❤നന്ദൻ... ഞാനും ഒത്തിരി മിസ്സ്‌ ചെയ്യും... ഒരുപാട് സ്നേഹത്തോടെ ❤ ജിച്ചന്റെ കാവു

തോളോട് തോൾ ചേർന്ന്: ഭാഗം 31

തോളോട് തോൾ ചേർന്ന് എന്ന നോവൽ എല്ലാഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
 

Share this story