തോളോട് തോൾ ചേർന്ന്: ഭാഗം 15

തോളോട് തോൾ ചേർന്ന്: ഭാഗം 15

എഴുത്തുകാരി: ജിച്ചന്റെ കാവു

നിർത്താതെ പെയ്യുന്ന മഴയിലേക്ക് കണ്ണുനട്ട് ഉമ്മറത്തിണ്ണയിൽ വന്നിരിക്കുകയായിരുന്നു ധ്വനി… ചുറ്റും വ്യാപിച്ച ഇരുട്ടിൽ മഴയുടെ സ്വരം മാത്രം മുഴങ്ങി കേൾക്കെ ശരീരത്തെ കുളിരണിയിപ്പിച്ചുകൊണ്ട് കടന്നുപോവുന്ന കാറ്റ് മഴ വെള്ളത്തെയും അവളിലേക്ക് ചെറുതുള്ളികളായി പതിപ്പിച്ചു… ആ കുളിരിൽ കാൽ മുട്ടിൽ മുഖം ചേർത്തു വച്ചുകൊണ്ട് അവളുടെ മാത്രം അനന്ദുവിന്റെ ഓർമകളിലേക്ക്… അവനോടൊപ്പമുള്ള നിമിഷങ്ങളിലേക്ക് ചേക്കേറുമ്പോൾ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു…

ദിവസങ്ങൾക്ക് മുൻപ് തോളിൽ ചേർത്തുപിടിച്ചുകൊണ്ട് മധുവിനോട് ദേഷ്യപ്പെട്ടതും ‘ എന്റെ പെണ്ണ് ‘ എന്ന് പറഞ്ഞു നെഞ്ചോരം ചേർത്തതും തലയിൽ തഴുകിയതുമെല്ലാം പിന്നേം പിന്നെയും ഓർത്തെടുത്തുകൊണ്ട് ഉള്ളാകെ നിറയ്ക്കുമ്പോൾ ആ നിമിഷത്തിൽ അനുഭവിച്ച വികാരങ്ങൾ നിറയുകയായിരുന്നു അവളിൽ… അന്നേരം ചേർന്ന് നിന്നതുപോലെ ഒരിക്കൽ കൂടി ആ നെഞ്ചിലേക്ക് ചായാൻ കൊതിയേറുകയായിരുന്നു പെണ്ണിന്.. അവന്റെ ഗന്ധത്തെ സിരകളിൽ നിറച്ചുകൊണ്ട് ആ തലോടലും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ട് ഒരിക്കൽ കൂടി ഹൃദയമിടിപ്പിന്റെ താളം ശ്രവിക്കാൻ….

തന്റെ ഹൃദയമിടിപ്പും അതിനോടൊപ്പം ചേർത്തുകൊണ്ട് ഒരേതാളത്തിൽ തുടിക്കുന്നതറിയാൻ എല്ലാമെല്ലാം ആവേശമേറുകയായിരുന്നവൾക്ക്… ഇടക്കിടെ കോർക്കുന്ന മിഴികളിൽ പ്രണയം മൗനമായ് കയ്യ്മാറുമ്പോൾ ഒരു നിമിഷം നിശ്ചലമായിക്കൊണ്ട് പൂർവാധികം ശക്തിയോടെ പിന്നീട് തുടിക്കുന്ന ഹൃദയം അനന്ദുവിന്റെ പേരും ചൊല്ലി അലമുറയിടുന്നത് പോലെ അവനുള്ളിലും അതെ തീവ്രത തേടുകയായിരുന്നു അവൾ… അകത്തെ ചുമരിലെ ക്ലോക്ക് എട്ടു വട്ടം ശബ്ദിക്കുമ്പോൾ ചിന്തകളിൽ നിന്നുണർന്നുകൊണ്ടവൾ ഇടവഴിയിലേക്ക് കണ്ണോടിച്ചു… മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നിലച്ചിട്ടില്ല…

പതിവിലും വൈകിയിട്ടും അനന്ദു തിരിച്ചെത്താത്തത്തിൽ ഉള്ളിനുള്ളിൽ എന്തൊക്കെയോ ഭയവും പിടപ്പും ഒരു നിമിഷംകൊണ്ട് നിറയുന്നതറിഞ്ഞു അവൾ… ഇറയത്തിന്റെ അങ്ങേ അറ്റത്തു ചെന്ന് നിന്നു ഇടവഴിയിലെവിടേലും വെട്ടം കാണുന്നോയെന്നു എത്തി നോക്കി… ***************** ” അവളെന്തേ അമ്മേ??.. കഴിക്കുന്നില്ലേ??.. ” ഊണുമേശയ്ക്ക് ചുറ്റും കൂടിയവരിൽ അപ്പുവിനെ മാത്രം കാണാതായപ്പോൾ അല്പം മടിയോടെയെങ്കിക്കും ഹരി ചോദിച്ചു… പൊട്ടിയ കൈയ് മുട്ട് മടക്കി പിടിച്ചു ഊതിക്കൊണ്ടിരിക്കുന്ന ശ്രീ പുരികമൊന്നുയർത്തി അവനെ നോക്കി… ചുണ്ടിലൊളിപ്പിച്ച ചിരിയാലെ…

” വേണ്ടാന്ന് പറയാ നന്ദാ… അമ്മ എത്ര വട്ടം വിളിച്ചെന്നോ… അതിനു കിടന്നാൽ മതിയെന്ന് പറഞ്ഞു കിടപ്പ് തന്നെയാ… വന്നപ്പോ തൊട്ട് അതെ കിടപ്പാ… ” തെല്ലൊരു വിഷമത്തോടെ രമ പറഞ്ഞു നിർത്തുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവരിലായിരുന്നു… ” കിടക്കെ??.. അപ്പൊ വന്നിട്ടിതേവരെ ഒന്നും കഴിച്ചില്ലേ മോള്??.. അതിന്റെ വയ്യായ കൊറവില്ലേ???.. ” തെല്ലു ആധിയോടെ കൃഷ്ണൻ ചോദിക്കുമ്പോൾ അതെ ചോദ്യം തന്നെയായിരുന്നു ഹരിയിലും ഉണ്ടായിരുന്നത്… ” കുറവുണ്ടെന്ന് പറഞ്ഞേ… വന്നപ്പൊ ഞാൻ നിർബന്ധിച്ചു ചായയും റസ്ക്കും കൊടുത്തു കൃഷ്ണേട്ടാ… എന്തോറം പറഞ്ഞിട്ടാന്നോ അത് വല്ലതും കഴിക്കുന്നേ… എത്രയാണ് വെച്ചാ നമുക്ക് നിർബന്ധിക്കാനാവാ…

നമ്മൾടെ മുന്നിൽ ചിരിച്ചു കളിച്ചു നടക്കുന്നതാവും… ഉള്ളിൽ സങ്കടം കാണും.. പറഞ്ഞിട്ട് കാര്യല്ല്യ… ” ഹരിയുടെ മുഖത്തുനോക്കി രമ പറഞ്ഞു നിർത്തുമ്പോൾ അറിയാതെ തന്നെയവന്റെ മുഖം താണു… അന്നേരം അച്ഛന്റെയും കണ്ണുകൾ തന്നിലേക്കാവുമെന്ന് അവനറിയാമായിരുന്നു… ദിവസങ്ങൾക്കൊണ്ട് തന്നെ അമ്മയുടെയും അച്ഛന്റെയും പ്രിയപെട്ടവളാവാൻ അവൾക്ക് സാധിച്ചത് ഉള്ളിലെ കളങ്കമില്ലാത്ത സ്നേഹംകൊണ്ട് തന്നെയാണ്… ” ഞാൻ വിളിച്ചിട്ട് വരാം… നിങ്ങൾ കഴിച്ച് തുടങ്ങിക്കോ…” മുൻപിൽ വിളമ്പിവച്ചിരിക്കുന്ന പാത്രത്തിലെ ഭക്ഷണം അതേപടി മൂടി വച്ചുകൊണ്ടവൻ പറഞ്ഞു എഴുന്നേറ്റ് മുകളിലെ മുറിയിലേക്ക് നടന്നു… ചുണ്ടിലൂറുന്ന പുഞ്ചിരിയോടെ ശ്രീമോൾ അവനെ തന്നെ നോക്കിയിരിക്കുമ്പോൾ ഏട്ടനിൽ വന്നുചേർന്ന മാറ്റത്തെ പ്രകടിപ്പിക്കാൻ തുടങ്ങിയതിലുള്ള സന്തോഷം അവളിലും നിറഞ്ഞു…

കോളേജിൽ നിന്നും വീടെത്തിയപ്പോൾ തന്നെ ഒരു നേരം ആയിട്ടുണ്ടായിരുന്നു.. വല്ലാതെ തളർന്നിരിക്കുകയായിരുന്നു അപ്പു… ഇടയ്ക്കുവെച്ചു മഴയത്തു പെട്ട് കയറി നിന്നതുകൊണ്ട് കുറെ സമയം അവിടെ പോയി… പക്ഷെ അപ്പൊ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോഴാണ് പിന്നെയും ആ മുഖത്ത് കുറച്ച് ഉന്മേഷം തോന്നിയത്… ആകെ നനഞ്ഞിരുന്നെങ്കിലും അവളുടെ ക്ഷീണം കുറഞ്ഞപോലെ… വീടെത്തിയതും തിരിഞ്ഞവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ പെണ്ണ് ശ്രീയുടെ മുറിയിലോട്ട് ഓട്ടമായിരുന്നു… അന്നേരം മുതൽ ഇതുവരെ അവളെ മുറിയ്ക്കു പുറത്ത് കണ്ടില്ല… ഹരിയുടെ ഉള്ളിൽ ഇതുവരെ ഉണ്ടായിരുന്നതിലും വ്യത്യസ്തമായൊരു വികാരം അവൾക്കായി മാത്രം വിരിഞ്ഞിരുന്നു…

അവളുടെ സാമീപ്യവും ചുടു നിശ്വാസവും ദേഹത്തുനിന്നും വിട്ടുപോവാത്തതുപോലെ… അതവനെ മുഴുവനായും കീഴടക്കും പോലെ… അവളെ കാണാനും എന്തൊക്കെയോ സംസാരിക്കുവാനും തോന്നുമ്പോഴും ഉള്ളിലെന്തോ മടിയും ചമ്മലുമൊക്കെ തോന്നുകയായിരുന്നു… ഒടുക്കം കഴിക്കും നേരം പോലും അവളെ കാണാതായപ്പോൾ അമ്മയോട് ചോദിക്കാതെ നിവർത്തിയുണ്ടായില്ല അവനു… ശ്രീയുടെ മുറിയിൽ വാതിൽ പതിയെ തുറന്നുകൊണ്ട് അകത്തേക്ക് നോക്കുമ്പോൾ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നവളെ കണ്ടു… അകത്തേയ്ക്ക് കയറി വാതിൽ അടച്ചു കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു… കുഞ്ഞല്ലേ അവള്??… ചുരുണ്ടു കൂടിയുള്ള ആ കിടപ്പിൽ പോലും കുട്ടിത്തം നിറഞ്ഞു നിൽക്കുന്നു…

അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് അവൾക്കടുത്തേയ്ക്ക് നടന്നു… കാറ്റിൽ പാറി കളിക്കുന്ന അരയിലെ ദാവണി ഷാളിനിടയിൽ സ്വർണരോമങ്ങൾ നിറഞ്ഞ അണിവയർ തെളിഞ്ഞു കാണുമ്പോൾ ഉള്ളിലൊരു തരിപ്പ് കയറുന്നതറിഞ്ഞു… ഒരു നിമിഷം മുൻപ് തോന്നിയ വാത്സല്യം മറികടന്നുകൊണ്ട് അവളിലേക്കാടുക്കുവാൻ ഹരിയുടെ ഉള്ളം കൊതിക്കുകയായിരുന്നു… ബുദ്ധിയെ മറികടന്നുപോവുന്ന ചിന്തകളെ തടഞ്ഞുകൊണ്ട് കണ്ണടച്ചു ദീർഘമായി ശ്വസിച്ചു… പതിയെ പെണ്ണിന്റെ തോളിൽ തട്ടിക്കൊണ്ടവൻ വിളിക്കുമ്പോൾ ഞെട്ടികൊണ്ട് പെണ്ണ് എഴുന്നേറ്റിരുന്നു…തിടുക്കത്തിൽ മുഖമാകെ അമർത്തി തുടച്ചു… ” നീയെന്താ കഴിക്കാൻ വരാത്തെ അപ്പൂ??.. എണീറ്റെ… എല്ലാവരും ഇരുന്നു…

വന്നു ഫുഡ് കഴിച്ചിട്ട് കിടക്ക്.. ” ഉള്ളിലെ മാറി മറഞ്ഞു വരുന്ന ഭാവങ്ങളെ മറച്ചു വയ്ക്കാൻ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞുകൊണ്ടവൻ സംസാരിക്കുമ്പോൾ അപ്പു തല കുനിച്ചിരുന്നുകൊണ്ട് വേണ്ടെന്ന് തന്നെ പറഞ്ഞു… ” അല്ലേൽ തന്നെ കോലം നോക്ക്… നിന്നെയിവിടെ ഞാൻ പട്ടിണിക്ക് ഇടാണെന്ന് പറയിക്കാനാണോ ഈ കാണിക്കണേ??… തലവേദന മാറീലെ നിന്റെ???.. ” കുനിഞ്ഞിരിക്കുന്ന പെണ്ണവനിൽ ദേഷ്യം നിറയ്ക്കുമ്പോൾ അറിയാതെ തന്നെ ശബ്ദമുയർന്നു… ” നിക്ക് വേണ്ടാതോണ്ടാ ഹരിയേട്ടാ… പ്ലീസ്… ഞാനൊന്നു കിടന്നോട്ടെ… ” നിറഞ്ഞൊഴുകാൻ വെമ്പുന്ന കണ്ണുകളെ മറച്ചുപിടിച്ചുകൊണ്ട് അവനോടായി പറഞ്ഞു പെണ്ണ് പിന്തിരിഞ്ഞു കിടന്നു… ദിവസങ്ങൾക്കുശേഷം ഇന്ന് അവനോടൊപ്പം ഒന്നിച്ചിരുന്നപ്പോഴും വണ്ടിയിൽ കൂടെ വന്നപ്പോഴും വേദനയിലും സന്തോഷം തോന്നുകയായിരുന്നു അവൾക്ക്…

അവന്റെ സാമീപ്യം പിന്നെയും അവളെ പഴയ പ്രണയിനി മാത്രമാക്കി മാറ്റുമ്പോൾ ഒരുപാട് പ്രേതീക്ഷകളും ഉള്ളിൽ നിറഞ്ഞു… ഒളിപ്പിക്കാൻ ശ്രമിക്കുന്ന പ്രണയമെല്ലാം പുറത്തേക്കൊഴുകാൻ കൊതിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെ വീട്ടിലെത്തിയതും അവനിൽ നിന്നും മാറി ശ്രീയുടെ മുറിയിൽ വന്നു കിടന്നു.. അപ്പോഴും തന്നെ തേടി അവനെത്തും എന്ന് മോഹിച്ചൊരു മനസ്സുണ്ടായിരുന്നു അവൾക്ക്… നടക്കില്ലെന്നു ബുദ്ധി പറയുമ്പോഴും പിന്നെയും എന്തിനോ മോഹങ്ങൾ നെയ്തുകൂട്ടുന്ന മനസ്സ്… രാത്രി അന്നേരം വരെ അവന്റെ സാമീപ്യം കിട്ടാതായപ്പോൾ അവളുടെ ഉള്ളം നോവുകയായിരുന്നു പിന്നെയും… കുറഞ്ഞെന്നു തോന്നിയ തലവേദന കണ്ണിലേക്കും ചെന്നിയിലേക്കും തുടങ്ങി എല്ലായിടത്തേയ്ക്കും വ്യാപിക്കും പോലെ തോന്നി പെണ്ണിന്…

ഇടതുചെവിയുടെ പുറകിൽ പതിഞ്ഞ നിശ്വാസചൂടിൽ പൊള്ളിപിടഞ്ഞുകൊണ്ട് അപ്പു തിരിയാൻ ശ്രമിക്കുമ്പോഴേക്കും അരയിലൂടെ ബലമേറിയ കൈയ്കളും അവളെ ചുറ്റിവരിഞ്ഞു… ഒരു നിമിഷത്തെ ഞെട്ടെല്ലിൽ നിന്നും മുക്തയായികൊണ്ട് പിടയാൻ തുടങ്ങിയവളിലേക്ക് അവന്റെ ശരീരവും അമർന്നു… ” കുഞ്ഞാ.. ” ഇടതുചെവിയിലെ നിശ്വാസത്തിനോടൊപ്പം അത്രമേൽ മൃദുലമായി അവന്റെ സ്വരവും… അവളൊന്നു ഏങ്ങിക്കൊണ്ട് ഉയരവേ അരക്കെട്ടിലൂടെ ചുറ്റിയ കയ്യാൽ ഹരിയവളെ മുറുക്കെ പിടിച്ചു… പെണ്ണവളുടെ ഇടതുകയ്യ് ഹരിയുടെ കൈയ്ക്കുമുകളിൽ ചേർത്തു പിടിച്ചുകൊണ്ട് അവനെ തടയാൻ വെറുതെ ശ്രമിക്കുമ്പോൾ ചെവിയിൽ അവന്റെ അധരങ്ങൾ തഴുകി തുടങ്ങിയിരുന്നു…

” ഹ.. ഹരിയേട്ടാ…” വിറയലാർന്ന സ്വരത്തിൽ അവനെ വിളിക്കുമ്പോൾ അരയിലെ പിടുത്തം അവനൊന്നു മുറുക്കി.. ഒന്നുകൂടി അവളിലേക്ക് ചേർന്ന് കിടന്നു…ഒരു കൈയാൽ ബെഡ്ഷീറ്റിൽ പിടിമുറിക്കികൊണ്ടവൾ ചുരുണ്ടു കൂടി… ” അപ്പൂസേ… ഇങ്ങു നോക്കിയേ… ” ബലമായി പെണ്ണിനെ തിരിച്ചു കിടത്തികൊണ്ട് ഹരി അവൾക്കരികിൽ കിടന്നു… മുറുക്കെ കണ്ണുകളടച്ചു കിടക്കുന്നവളുടെ കണ്ണുകളിൽ പതിയെ ഊതി… ” ഇങ്ങനെ കരഞ്ഞും പിണങ്ങിയും കിടക്കാനാനോടോ താൻ ഈ കണ്ട വർഷങ്ങളോളം എന്നേം ഉള്ളിലിട്ട് നടന്നത്..??… ഏഹ്ഹ്??.. അതോ കെട്ടിയപ്പോഴേക്കും മതിയായോടി??.. ” കുറുമ്പോടെ ചോദിക്കുന്നവനെ നോക്കി അപ്പു കണ്ണു കൂർപ്പിക്കുമ്പോൾ അവനിൽ പുഞ്ചിരിയായിരുന്നു…. ” നിക്ക് അല്ല.. ഹരിയേട്ടനല്ലേ ഇഷ്ടല്ലാത്തെ… ” വയറിൽ ചുറ്റിയ കയ്യിനെ തട്ടി മാറ്റി എണീക്കാൻ നോക്കിക്കൊണ്ട് പെണ്ണ് പറയുമ്പോൾ അവളെ കിടക്കയിലേക്കമർത്തിക്കൊണ്ടവൻ പിന്നെയും ഇടതു ചെവിയിലേക്ക് മുഖമടുപ്പിച്ചു…

” നിക്ക് ഇഷ്ടാ കുഞ്ഞാ… പണ്ടും…ഇപ്പോഴും… ഇപ്പൊ പക്ഷെ ഉള്ളത് പണ്ടത്തെപോലുള്ള ഇഷ്ടം മാത്രല്ലട്ടോ… ഹരീടെ ഉള്ളിനുള്ളിൽ കേറിക്കൂടിയില്ലേ ഈ പെണ്ണ്…” ചെവിയിൽ പതിയെ മുത്തിക്കൊണ്ട് പറയുന്നവനെ മുറുക്കെ ചേർത്തുപിടിച്ചുകൊണ്ടവൾ കിടന്നു… വര്ഷങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾ… സന്തോഷത്തിന്റെ മൂർച്ചയിലെന്നോണം കണ്ണുകൾ രണ്ടും നിറഞ്ഞു വന്നു… ഹരിയൊന്നു മുഖമുയർത്തികൊണ്ട് പെണ്ണിന്റെ കണ്ണുകളിൽ മാറി മാറി ചുംബിക്കുമ്പോൾ പെണ്ണിന്റെ കൈയ്കൾ അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചിരുന്നു… വിതുമ്പുന്ന അധരങ്ങളിൽ നോട്ടമെറിഞ്ഞുകൊണ്ടവൻ അവളുടെ മൂക്കിൻ തുമ്പിൽ പതിയെ മൂക്ക് മുട്ടിച്ചു… ” നിക്കിപ്പോ ഒരുപാട് ഇഷ്ടാടോ ഈ അപ്പുക്കുട്ടനെ…”

പെണ്ണിന്റെ മൂക്കിൻ തുമ്പിൽ മൂക്കുരസിക്കൊണ്ട് തന്നെ ഒരു കൈയാൽ അരയിൽ പിടിമുറുക്കി… ഇരു കണ്ണുകളുമടച്ചു കിടന്ന പെണ്ണിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മിന്നി മാറുമ്പോൾ അരയിലെ പിടുത്തം മുറുക്കികൊണ്ടവൻ സിന്ദൂരരേഖയിൽ അമർത്തി മുത്തി… ” ഐ ലവ് യൂ കുഞ്ഞാ… ” പ്രണയത്തോടെയുള്ള അവന്റെ വാക്കുകൾ പിന്നെയും പിന്നെയും അവളുടെ കാതുകളിൽ മുഴങ്ങി… ശരീരം വിറച്ചു… മുഖം മുഴുവൻ പ്രണയചുംബനങ്ങൾക്കൊണ്ട് മൂടുന്നവനെ ഇറുക്കി ദേഹത്തോട് ചേർത്തുപിടിച്ചുകൊണ്ടവൾ കിടന്നു…. എന്നോ കണ്ട സ്വപ്നം പോലെ…. ഇരുവരിലും നിറഞ്ഞ പ്രണയം…

***************** മഴയത്തു നനഞ്ഞുകുതിർന്ന മുണ്ട് മടക്കി കുത്തി വലതുകാൽ വലിച്ചു വച്ചുകൊണ്ട് ധൃതിയിൽ നടന്നടുക്കുന്നവനെ നോക്കി ധ്വനി ഇറയത്തു നിന്നു… ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ അനന്ദു പടിയിലേക്ക് കേറി നിന്നുകൊണ്ട് ആഞ്ഞു ശ്വസിച്ചു… ദീർഘമായൊന്നു നിശ്വസിച്ചു… പുറത്തപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു.. എന്തുകൊണ്ടോ അവന്റെ ആ രൂപവും ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടുള്ള പുഞ്ചിരി മായാത്ത നിൽപ്പും പെണ്ണിന്റെ ഉള്ളിൽ നോവുണർത്തി… മറ്റേതും ഓർക്കാതവൾ അവനിലേക്കടുത്തുകൊണ്ട് പെരുവിരലിൽ ഉയർന്ന് ദാവണി ഷാൾ ഉയർത്തി നെറുകിൽ തുടയ്ക്കാൻ തുടങ്ങി…

പെട്ടന്നുണ്ടായ അവളുടെ നീക്കത്തിൽ അനന്ദുവും ഒന്നമ്പരന്നു എങ്കിലും ഉള്ളിനുള്ളിൽ നിറയുന്ന സന്തോഷത്തിന്റെയെന്ന വണ്ണം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ പ്രണയം കലർന്നു… ഒരു കൈയാൽ തോളിൽ പിടിച്ചുകൊണ്ട് മറുകയ്യാൽ നെറുകിലെ വെള്ളത്തെ ഒപ്പുന്നവൾക്കായി ചെറുതായി തല കുനിച്ചുകൊടുക്കുമ്പോൾ മഴയത്തു ഓടികളിച്ചുകഴിഞ്ഞു അമ്മയ്ക്കടുത്തേയ്ക്ക് വരുന്ന കുസൃതികുരുന്നായി അവൻ മാറുകയായിരുന്നു… പെണ്ണിന്റെ മുഖത്തു വിഷമവും ദേഷ്യവും കൂടികലർന്നൊരു ഭാവം.. അതവന്റെ നുണക്കുഴികളെ കൂടുതൽ തെളിമയോടെ വിരിയിക്കുമ്പോൾ അവളിലേക്ക് തന്നെ നോട്ടമെറിഞ്ഞുകൊണ്ടവൻ നിന്നു… അടർത്താൻ ശ്രമിച്ചിട്ടും സാധിക്കാതെ അവളുടെ പീലി നിറഞ്ഞ കണ്ണിലും കട്ടിപുരികനിലും ചെറുതായി വിടർന്ന അധരത്തിലും എല്ലാം കണ്ണുകൾ ഓടിനടന്നു…

അത്രമേൽ അടുത്തവയെ കാണുമ്പോൾ വിരൽത്തുമ്പാൽ തലോടാൻ തോന്നുകയായിരുന്നു അവന്… അല്പം ബലത്തോടെ നെറുകിൽ തോർത്തികൊണ്ടിരിക്കുന്ന പെണ്ണിന്റെ കാൽ നിലത്തുതിർന്നു വീണ വെള്ളത്തിൽ വഴുക്കുവാൻ തുടങ്ങിയതും അവളവനെ അള്ളിപിടിച്ചുപോയി.. ഇടതുകാലിൽ ബലമേകി വലതുകാൽ പതിയെ കുത്തി നിന്ന അനന്ദു പെട്ടന്നുണ്ടായ പെണ്ണിന്റെ പ്രവർത്തിയിൽ മുൻപിലോട്ട് വീഴാൻ ആയുന്നതിനൊപ്പം കയ്യുകൾ പെണ്ണിന്റെ അരയിൽ മുറുകിയിരുന്നു… തെല്ലൊന്ന് ഉലഞ്ഞുകൊണ്ട് ഇരുവരും തൂണിൽ തട്ടി നിൽക്കുമ്പോൾ ആഞ്ഞു ശ്വാസം വലിച്ചു… വീഴാതിരുന്നതിന്റെ ആശ്വാസം ഇരുവരുടെയും മുഖത്ത് തെളിയുമ്പോൾ കണ്ണുകൾ അവയുടെ പരസ്പരമുള്ള പുണരലിൽ മുഴുകിയിരുന്നു…

വേർപെടാൻ വിസമ്മതിച്ചുകൊണ്ടവ പ്രണയം പങ്കിടുമ്പോൾ തോളിലുള്ള പെണ്ണിന്റെ കൈയ്കൾ കൂടുതൽ മുറുകി… ധ്വനിയുടെ ശരീരത്തിൽ അമർന്ന അനന്ദുവിന്റെ വലതുകയ്യ് വിറയലോടെ അവളുടെ ചൂടിനെ ഹൃദയത്തിലേക്ക് കടത്തി വിടുമ്പോൾ ശരീരം മൊത്തം ആ ചൂടുപടരുന്നതവൻ അറിഞ്ഞു… ” ന്നെ തട്ടിയിടോ ടീച്ചറെ… ” മൃദുവായി പെണ്ണിന്റെ കണ്ണുകളിൽ നോക്കി അവൻ ചോദിക്കുമ്പോൾ താനെന്താണ് ചെയ്യുന്നതെന്ന് പെട്ടന്ന് ഓർത്തെടുത്തുകൊണ്ട് ധ്വനി തെല്ലു ചമ്മലോടെ അനന്ദുവിനെ നോക്കി… പുഞ്ചിരിയിൽ ഉള്ളിലെ പിടച്ചിൽ മറയ്ക്കാൻ ശ്രമിച്ചു…ഇരുവരും പരസ്പരം അകന്നു മാറി… ” ഞാൻ… സോറി… പെട്ടന്ന്.. ആകെ നനഞ്ഞോണ്ടാ… തോർത്ത്‌… തോർത്തെടുത്തു വരാം… ” കണ്ണുകളിൽ പ്രണയം നിറച്ചുകൊണ്ടുള്ള അനന്ദുവിന്റെ നോട്ടത്തെ താങ്ങുവാനാവാതെ വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ട്

അവൾ അകത്തേയ്ക്കോടുമ്പോൾ ചുണ്ടിലൂറുന്ന പുഞ്ചിരിയോടെ പടികളിൽ നിന്നും ഇറയത്തേയ്ക്ക് കയറിയിരുന്നു അനന്ദു… ഓരോ നിമിഷവും ഭ്രാന്തമായി അവനിലേക്ക് വന്നുചേരുന്ന പെണ്ണിന്റെ പ്രണയം നഷ്ടപ്പെടുത്താനോ അടക്കിപിടിക്കുവാനോ ആവാതെ ഉഴറുകയായിരുന്നവൻ… ഒരിക്കൽ ചേർത്തുപിടിച്ചിട്ടൊടുവിൽ കയ്യ്‌വിട്ടു പോയാൽ താങ്ങാനാവില്ലെന്നു അറിയാമായിരുന്നു അവനു… അതുകൊണ്ട് തന്നെ ഉള്ളിലെ പ്രണയം പ്രകടമാക്കുവാനും ഭയന്നു… അറിയാതെ തന്നെ ഓരോ നിമിഷവും പെണ്ണിന്റെ പ്രണയം അവനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു…” തോർത്ത്‌.. ” പെണ്ണിന്റെ സ്വരം… അവനൊന്നു മുഖമുയർത്തി അവളെ നോക്കി… കൈയിൽ നിന്നും തോർത്ത്‌ വാങ്ങി മുഖത്തെ വെള്ളത്തുള്ളികൾ തുടച്ചെടുത്തു… ” ഇത്രേടം എത്തും വരെ മുഴുവൻ മഴയും കൊണ്ടൊ??.. ” തെല്ലൊരു പരിഭവവും വിഷമവും അവളുടെ വാക്കുകളിൽ തെളിയുമ്പോൾ അവൻ പിന്നെയും അവളിൽ മാത്രം കണ്ണുകൾ പതിപ്പിച്ചു… ” പിന്നെ കൊള്ളാതെ….

മഴ നിൽക്കണ്ടേ ടീച്ചറെ… ലേശം കുറഞ്ഞപ്പോ ഞാനിങ്ങു നടന്നു… അപ്പൊക്കും മഴ കൂടേം ചെയ്ത്… എന്ത് ചെയ്യാനാ… പറ്റാവുന്ന സ്പീഡിൽ നടന്നിട്ടാ ഇത്രേം നേരമെടുത്തെ…” സ്വയം തല തുടച്ചുകൊണ്ടിരിക്കെ ധ്വനിയോടായി പറയുന്നുണ്ട്… അതിനനുസരിച്ചു വാക്കുകളിലും മാറ്റം വരുന്നു… ചെറിയൊരു തുള്ളൽ പോലെ… ” ടീച്ചറൊരു മുണ്ട് പിന്നാമ്പുറത്തേയ്ക്ക് കൊണ്ടുതരോ??.. ഇനിപ്പോ പുറത്തുന്ന്‌ കുളിച്ചിട്ട് കയറാം..” ചിരിയോടെ പറഞ്ഞുകൊണ്ട് ചുറ്റിറയം നടക്കുന്നവനെ നോക്കി അവൾ നിന്നു… ഇത്രമേൽ സൗമ്യമായി സംസാരിച്ചുകൊണ്ട് ഉള്ളിനെ ഓരോ നിമിഷവും തൊട്ടുണർത്തുകയാണവൻ എന്ന് തോന്നുകയായിരുന്നു അവൾക്ക്… ഒരു നിമിഷം പുഞ്ചിരിയോടെ കണ്ണുകളടച്ചുകൊണ്ടവൾ ശ്വാസം ആഞ്ഞുവലിച്ചു… ചുറ്റും അവന്റെ ഗന്ധം മാത്രം… അത്തറിന്റെയും വിയർപ്പിന്റെയും സമ്മിശ്ര ഗന്ധം…. അവളുടെ ഉള്ളിലേക്കിറങ്ങി സിരകളിൽ പടർന്നു കയറ്റുന്ന പ്രണയത്തിന്റെ ഗന്ധം……………………  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 14

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story