തോളോട് തോൾ ചേർന്ന്: ഭാഗം 25

തോളോട് തോൾ ചേർന്ന്: ഭാഗം 25

എഴുത്തുകാരി: ജിച്ചന്റെ കാവു

ബസ്സിറങ്ങി കവലയിൽ നിന്നും ഇടവഴിയിലേക്ക് നടന്നു നീങ്ങുമ്പോൾ അനന്ദുവിന്റെ കടയിലേക്ക് അവൾ കണ്ണെത്തിച്ചു… വരാന്തയിൽ വന്നു നിന്നുകൊണ്ട് ചുമരിലേക്ക് ചാരിനിന്നു തന്നെ തന്നെ നോക്കിനിൽക്കുന്നവനെ കണ്ടതും ചുണ്ടിലെ പുഞ്ചിരിയിൽ പ്രണയം പടർന്നു…അവളെ നോക്കിയൊന്നു കണ്ണുചിമ്മി കാണിച്ചുകൊണ്ട് അനന്ദു കടയിലേക്ക് കടക്കെ അതെ പുഞ്ചിരിയോടെ മുഖം കുനിച്ചുകൊണ്ട് പെണ്ണ് മുന്നോട്ട് നടന്നു… രണ്ട് ദിവസങ്ങൾക്കൂടി കഴിഞ്ഞാൽ എക്സാം ആയതുകൊണ്ട് തന്നെ ദേവൂട്ടിയും ശ്രീയും അപ്പുവും ഒന്നും കോളേജിലേക്ക് പോയിരുന്നില്ല… ഒരാഴ്ചയോളം ആയി സ്റ്റഡി ലീവിൽ ആണ് അവരെല്ലാം…

ദേവൂട്ടിയിപ്പോൾ ധ്വനിയുടെ കൂടെയാണ്… അമ്മാവനെ കാണാൻ അനന്ദുവിനും ഹരിയ്ക്കും ഒപ്പം പോയ ഭാനുമതി പിറ്റേന്ന് മടങ്ങി വന്നെങ്കിലും രണ്ട് ദിവസം കഴിഞ്ഞതും ഹോസ്പിറ്റലിലേക്ക് തന്നെ തിരിച്ചു പോയിരുന്നു… ഹോസ്പിറ്റലിൽ ഗീതയ്ക്ക് ഒപ്പം ഭാർഗവനെ നോക്കാൻ അവർ സ്വമനസ്സാലെ മുന്നോട്ട് വരികയായിരുന്നു… അയാളുടെ അപ്പോഴത്തെ അവസ്ഥയിൽ മറ്റെല്ലാം മറന്നുകൊണ്ട് കൂടെ നിൽക്കാൻ സഹോദരൻ എന്ന സ്ഥാനവും ഭർത്താവിന്റെ മരണം വരെയുള്ള ആ സഹോദരന്റെ സ്നേഹപൂർണമായ സമീപനവും മാത്രം മതിയായിരുന്നു ഭാനുമതിക്ക്… താല്പര്യം ഇല്ലെങ്കിൽ കൂടി അമ്മയോട് സമ്മതം പറയുമ്പോൾ അച്ഛന്റെ മരണം വരെ അവരോടും സ്നേഹത്തോടെ പെരുമാറിയ അമ്മാവന്റെ ഓർമകൾ അവൾക്കുള്ളിലും നിറഞ്ഞു… വെറുപ്പിനെ പോലും തോൽപ്പിക്കുന്ന മനുഷ്യത്വം എന്ന വികാരം മുന്നിട്ട് നിന്നു…

ഇടക്ക് അമ്മയെയും ഭരതിനെയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമെങ്കിലും ഒരിക്കൽ പോലും നേരിട്ട് പോവാൻ തോന്നിയില്ല ധ്വനിക്ക്… എത്രയൊക്കെയായാലും മോശം സ്ത്രീയായി കണ്ടുകൊണ്ട് അവൾക്കുനേരെ ഉയർത്തിയ അയാളുടെ വാക്കുകൾ ഉള്ളിനുള്ളിൽ തെളിമയോടെ കിടന്നു… തുടർച്ചയായി ഉണ്ടായ ബിസിനസ്‌ നഷ്ടങ്ങളുടെ പ്രതിഫലനം മുഴുകുടിയനായി അയാളെ മാറ്റുമ്പോൾ അറിയാതെ കയ്യ്പിഴച്ചുപോയ ഒരു വാഹനാപകടം… അതിന്നു അരയ്ക്ക് കീഴെ അയാളെ തളർത്തിക്കളയുമ്പോൾ അടിമകൾ പോലെ കാൽചുവട്ടിലിട്ട് അരച്ചവർ തന്നെ കൂടെ പരിപാലിക്കാൻ ഉണ്ടായുള്ളൂ… ഇതും ദൈവത്തിന്റെ ഒരു തരത്തിലുള്ള കണക്കുകൂട്ടൽ ആവാം… ഇടവഴിയിൽ നിന്നും മുറ്റത്തേയ്ക്ക് കയറുമ്പോൾ തന്നെ അകത്തുനിന്നും ഉള്ള ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു അവൾ…

ഒന്നിച്ചിരുന്നുള്ള മൂവരുടെയും പഠിത്തം നാട്ടിലേലും കോളേജിലെയും വിശേഷങ്ങളിൽ എത്തി ചേർന്നു കാണുമെന്നു ഊഹിച്ചുകൊണ്ടവൾ ദൃതിയിൽ അകത്തേയ്ക്ക് കയറി… ” ഇതാണല്ലേ മൂന്നിന്റെയും പഠിപ്പ്??.. ” അകത്തെ മേശയ്ക്ക് ചുറ്റും കൂടിയിരിക്കുന്നവരെ നോക്കി മാറിൽ ഇരു കയ്യും കെട്ടികൊണ്ട് ചോദിക്കുമ്പോൾ മൂവരും ഒന്നിച്ച് അവളെ തിരിഞ്ഞു നോക്കി… ” ഞങ്ങളിപ്പോ വന്നുള്ളൂ ചേച്ചി… ഞാൻ… കുഞ്ഞേട്ടൻ ന്തേലും പറഞ്ഞിരുന്നോ ചേച്ചിനോട്??.. ആ മാധവിന്റെ കാര്യം??.. ” തെല്ലൊരു മടിയോടെ ധ്വനിക്കരികിലേക്ക് നടന്നുകൊണ്ട് അപ്പു ചോദിക്കുമ്പോൾ ധ്വനി ഒന്നും മനസിലാവാത്തപോലെ അവളെ തന്നെ നോക്കി നിന്നു… ഉള്ളിൽ എന്തൊക്കെയോ ഭയം വന്നു മൂടും പോലെ തോന്നിയതും വാക്കുകൾ തൊണ്ടയിൽ തടഞ്ഞു… എന്തുകൊണ്ടോ…

ഇല്ലെന്ന് അപ്പുവിനോട് തലയനക്കുമ്പോൾ അവളുടെ മുഖഭാവം എന്തെന്ന് ധ്വനിക്ക് തിരിച്ചറിയാനാവുന്നില്ലായിരുന്നു… ” അവര് വന്നിരുന്നു ഇന്ന് വീട്ടിലേക്ക്… മധുവേട്ടത്തി… അവരുടെ അനിയനെ ആരൊക്കെയൊക്കെയോ തല്ലിചതച്ചെന്നോ… ഹോസ്പിറ്റലിൽ ആയിരുന്നെന്നോ ഒക്കെ പറഞ്ഞു വീട്ടിൽ ബഹളം ആയിരുന്നു… അമ്മേം ഞങ്ങൾ രണ്ടും മാത്രേ ഉണ്ടായുള്ളൂ… എന്തൊക്കെയോ പറഞ്ഞുകൂട്ടി അവരിന്നു… ” മധുവിനോടുള്ള ദേഷ്യം മുഖത്ത് പ്രകടമാക്കികൊണ്ട് തന്നെ ശ്രീ പറയുമ്പോൾ ധ്വനി അവളുടെ വാക്കുകൾ ശ്രദ്ധിച്ചു നിന്നുപോയി… കുറച്ച് ദിവസങ്ങളായി കേൾക്കാതിരുന്ന പേരായിരുന്നു മധുവിന്റെ… ഓർക്കാൻ പോലും ഇഷ്ടപെടാത്തൊരു പേര്… ” ഹരിയേട്ടനും കുഞ്ഞേട്ടനും കൂടെ തല്ലിയെന്നാ അവര് പറയുന്നെ… നേരാണോ ന്ന് അറിയില്ല… ധച്ചേച്ചിനോട്‌ കുഞ്ഞേട്ടൻ അതേപറ്റി ന്തേലും പറഞ്ഞോന്നു അറിയാനാ ഞാൻ വന്നെ… ”

അപ്പു പിന്നെയും ധ്വനിക്കരികിലേക്ക് വന്നുനിന്നുകൊണ്ട് പറയുന്നുണ്ട്… എല്ലാം കേട്ടുകൊണ്ട് നിൽക്കുമ്പോഴും ദിവസങ്ങൾ മുൻപ് പൊട്ടിയ കയ്യ്കാലുകളും നെറ്റിയിലെ മുറിവുമായി വന്ന അനന്ദുവിന്റെ രൂപമായിരുന്നു ധ്വനിക്ക് മുൻപിൽ… മുറിവുകൾ മറയ്ക്കാൻ പാടുപെട്ടിരുന്നതും അതേപറ്റി ചോദിക്കുമ്പോൾ എല്ലാം കുസൃതികൾ കാണിച്ചു നിന്നുകൊണ്ട് വാക്കുകളെ ബന്ധിച്ചിരുന്നതും എല്ലാമെല്ലാം അവൾക്കു മുൻപിൽ തെളിയുമ്പോൾ സ്ലിപ്പായി വീണപ്പോൾ പറ്റിയ മുറിവുകളാണെന്ന് പറഞ്ഞതും ഓർമ വന്നു… ” ന്നാലും അവരെന്താ ഇവിടെ വന്നു ബഹളം വെക്കാതെ നിങ്ങൾടെ വീട്ടിലേക്ക് വന്നതെന്നാ മനസിലാവാത്തെ… ” അതിനിടയിൽ ദേവൂട്ടീ അവളുടെ സംശയം ചോദിക്കുമ്പോൾ അത് തന്നെയായിരുന്നു ധ്വനിയും ചിന്തിച്ചത്… ” ചിലപ്പോ പേടിച്ചിട്ടാവും… ഇനിയും അടി കിട്ടോന്ന്… ” അവൾ തന്നെ സംശയത്തിനുള്ള മറുപടിയും കണ്ടെത്തി… വായ പൊത്തി ചിരിച്ചു…

” അനന്ദു… അനന്ദു ന്നോട് ഒന്നും പറഞ്ഞില്ല മോളെ… പക്ഷെ എങ്ങോ വീണെന്ന് പറഞ്ഞിരുന്നു… അതും കൈയിലെയും കാലിലെയും ഒക്കെ മുറിവ് കണ്ട് ഞാൻ വിഷമിച്ചപ്പോ പറഞ്ഞതാ… ഇപ്പോ തോന്നുന്നു മധുവേട്ടത്തി പറഞ്ഞതുപോലെ… അവരങ്ങനെ വല്ലോം ചെയ്ത് കാണും.. ” അന്നത്തെ അനന്ദുവിന്റെ മുറിവുകളും വാക്കുകളും കണ്ണിൽ മായാതെ നിൽക്കുമ്പോൾ ധ്വനി അവരോടായി പറഞ്ഞു… ” ന്നാ.. അതാവും ചേച്ചി… നമ്മളോട് പറയാതെ ആവും… ആ സ്ത്രീ ന്തോക്കെയോ വെല്ലുവിളികൾ നടത്തിയിട്ടാ പോയെ… ഹരിയേട്ടനേം കുഞ്ഞേട്ടനേം… അവരുടെ മുൻപിൽ ചെന്ന് നിൽക്കാൻ പണ്ടത്തെപ്പോലെ ധൈര്യം കാണില്ല… അതാവും വീട്ടിലേക്ക് ഞങ്ങൾ മാത്രം ഉള്ളപ്പോ വന്നെ… ന്തായാലും അമ്മ നല്ല വർത്താനം പറഞ്ഞിട്ടുണ്ട് തിരിച്ചും.. ”

കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓർത്തുകൊണ്ട് അപ്പു പറഞ്ഞു… ” ഞങ്ങൾ ന്നാ ഇറങ്ങട്ടെ ചേച്ചി… ഹരിയേട്ടന് സ്പെഷ്യൽ ക്ലാസ്സിൽ ഉണ്ടെന്ന് പറഞ്ഞതുകൊണ്ടാ ഇങ്ങോട്ട് വന്നെ… കാര്യമെന്താണെന്ന് അറിയാതെ… സമാധാനം ഉണ്ടായില്ല… ” ധച്ചുവിനോടായി പറഞ്ഞുകൊണ്ട് ശ്രീ അപ്പുവിന്റെ കയ്യും പിടിച്ചു നടന്നു തുടങ്ങി… ദേവൂനോട് കണ്ണുകൊണ്ട് പോവാണെന്നും കാണിച്ചു… “ന്തായാലും മാധവിനു നല്ല പൊങ്കാല ആയിരുന്നു ലേ… ” ദേവൂട്ടീ വായപൊത്തി ചിരിച്ചുകൊണ്ട് പറയുമ്പോൾ ശ്രീമോളും അവൾക്കൊപ്പം കൂടി.. അപ്പുവിന്റെ ചിരിക്ക് അത്രത്തോളം പവർ ഉണ്ടായിരുന്നില്ല… ധ്വനി അപ്പോഴും ഉള്ളിൽ തികട്ടി വരുന്ന ഭയം എന്തെന്ന് അറിയാതെ ഉഴറികൊണ്ടിരുന്നു… ***************** ” ന്താ ന്റെ കുഞ്ഞന്റെ മുഖമിങ്ങനെ.??.. ”

മുറിയിലെ ടേബിളിൽ ഒരു ഗ്ലാസ്സ് ചായ വച്ചുകൊണ്ട് പിന്തിരിഞ്ഞുനടക്കുന്ന അപ്പുവിന്റെ മുന്നിൽ കയറി നിന്ന് ഹരി ചോദിക്കുമ്പോൾ അവൾ മുഖം വീർപ്പിച്ചു നിന്നു… ” സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് രാവിലെ പറഞ്ഞതല്ലെടാ… അതല്ലേ ഞാൻ വൈകിയത്… അതിനാണോ ഈ പിണക്കം??.. ” പെണ്ണിലേക്ക് അടുത്തുകൊണ്ട് ഹരി പിന്നെയും ചോദിക്കുമ്പോൾ അവൾ ഹരിയേ കൂർപ്പിച്ചുനോക്കി… ” എന്നുതൊട്ടാ ഹരിയേട്ടൻ കൊട്ടേഷൻ പണി തൊടങ്ങിയെ??.. ” കുറുമ്പോടെ ചോദിച്ചു തുടങ്ങിയെങ്കിലും അവസാനം പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… ഹരിയൊന്നും മനസിലാവാതെ പെണ്ണിന്റെ നിറഞ്ഞ മിഴികളെ തുടക്കാൻ വരുമ്പോഴേക്കും അപ്പു കൈയ് തട്ടിമാറ്റി പുറകോട്ട് നീങ്ങിയിരുന്നു… അത് കണ്ടതും തികട്ടി വന്ന ദേഷ്യത്തിൽ അവളുടെ കയ്യിൽപിടിച്ചു വലിച്ചടുപ്പിച്ചുകൊണ്ടവൻ പെണ്ണിനെ തന്നെ നോക്കി നിന്നു… ”

എന്താ കാര്യമെന്നു വച്ചാൽ മര്യാദക്ക് പറ അപ്പൂ… വെറുതെ ദേഷ്യം പിടിപ്പിക്കരുത് നീ… ” ദേഷ്യത്തോടെ അവളുടെ മുഖത്തുനോക്കി പറയുമ്പോൾ പെണ്ണിന്റെ കണ്ണുകൾ കൂടുതൽ നിറഞ്ഞു വന്നു… ” മധുവേടത്തി വന്നിരുന്നു… ഹരിയേട്ടനും കുഞ്ഞേട്ടനും അയാളെ.. ആ മാധവിനെ തല്ലീന്നോ കയ്യും കാലൊക്കെ ഒടിഞ്ഞു ഹോസ്പിറ്റലിലാന്നോ ഒക്കെ പറഞ്ഞു… ന്തിനാ ഹരിയേട്ടാ… വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കാൻ നിന്നത്… ” അവന്റെ നെഞ്ചോരം ചേർന്നു മുറുക്കെ കെട്ടിപിടിച്ചുകൊണ്ടവൾ പറയുമ്പോൾ ഹരിയവളെ മേത്ത് നിന്നും അടർത്തി മാറ്റി ദേഷ്യത്തോടെ നോക്കി… ” വെറുതെയോ??.. വെറുതെ ആണോ??.. നിന്നോടവൻ ചെയ്തതൊക്കെ മറന്നുകളയണോ ഞാൻ??.. ഏഹ്ഹ്??.. അവനെ ന്റെ കൈയിൽ കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം… അനന്ദു കൂടെ ഉണ്ടായത്കൊണ്ടാ… അല്ലേൽ കൊല്ലാതെ കൊന്നേനെ അവനെ… ”

വലിഞ്ഞ മുഖത്തോടെ അവൻ പറഞ്ഞതും പെണ്ണവനെ നോക്കി വിതുമ്പി… ” ഹരിയേട്ടന് അറിയാഞ്ഞിട്ടാ അവരെ… ഇനി.. ഇനിയവര് ഇതിന്റെ പേരിലാവും ഉപദ്രവം… നിക്ക് പേടിയാ ഏട്ടാ… കുഞ്ഞേട്ടനെ ആയാലും ഒറ്റക്ക് കിട്ടിയാ ഉപദ്രവിച്ചാലോ… ” ഉള്ളിലെ ആധി പെണ്ണിന്റെ മുഖത്ത് പ്രകടമാകുമ്പോൾ വാത്സല്യത്തോടെ ഹരിയവളുടെ മുഖം കയ്യ്കുമ്പിളിൽ എടുത്തു… ” അയ്യേ… ന്റെ അപ്പുകുട്ടൻ കരയുന്നോ… ന്റെ കുഞ്ഞാ നിനക്ക് തോന്നുന്നുണ്ടോ ഈ ഹരിയേട്ടൻ ഉള്ളപ്പോ നിന്റെ കുഞ്ഞേട്ടനെ അവൻ ഉപദ്രവിക്കും ന്ന്??.. മ്മ്???.. ” കൊഞ്ചിച്ചുകൊണ്ട് ഹരി സംസാരിക്കുമ്പോൾ നിറഞ്ഞ കണ്ണുകളാലെ പെണ്ണ് അവനെ നോക്കി.. ഇല്ലെന്ന് തലയാട്ടി… കൊച്ചുകുഞ്ഞിനെപോലെ വിതുമ്പി നിൽക്കും പെണ്ണിന്റെ കുഞ്ഞി ചുണ്ടിൽ ഹരിയൊന്ന് ചുംബിച്ചു… അത്രമേൽ പ്രണയത്തോടെ… പുറത്തേക്കൊഴുകാൻ നിൽക്കുന്ന കണ്ണുനീർതുള്ളികളെ അധരങ്ങളാൽ സ്വന്തമാക്കിക്കൊണ്ട് പെണ്ണിലേക്കടുത്തു…

മുഖം ഉയർത്തിപിടിച്ചിരുന്ന കൈയ്കൾ അരയിലൂടെ ഇഴഞ്ഞു തുടങ്ങുമ്പോൾ അവളൊന്ന് കുതറി… ” നമുക്കേ… കുളിച്ചിട്ട് വരാം… ” ദൃഢമായ കയ്യ്കളാൽ അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് എടുത്തുയർത്തവേ വശ്യമായ ഹരിയുടെ സ്വരം കാതിൽ പതിഞ്ഞു… ഒപ്പം ചുടു നിശ്വാസവും… പെണ്ണിന്റെ കവിളുകൾ ചുവന്നുതുടുത്തു… ***************** കട്ടിലിൽ പുറംതിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ അടുത്തേക്ക് നീങ്ങി കിടന്നുകൊണ്ട് അനന്ദു പതിയെ ചെവിയുടെ പിന്നിലായി ഊതി… അവളൊന്നു തോളുയർത്തി തടഞ്ഞുകൊണ്ട് ചുരുണ്ടുകൂടി… ” ദേവാ… ” മങ്ങിയ മഞ്ഞവെളിച്ചത്തിൽ കാണുന്ന പെണ്ണിന്റെ ഇടതുതോളിലുള്ള ചെറിയ കാക്കപ്പുള്ളിയിൽ ചുംബിച്ചുകൊണ്ടവൻ വിളിച്ചു… അവളൊന്നു കുതറിക്കൊണ്ട് നീങ്ങികിടക്കാൻ ആഞ്ഞതും അനന്ദുവിന്റെ കയ്യ്കളവളെ ചുറ്റിപ്പിടിച്ചു…

ചെരിഞ്ഞ വലതുപാദം പെണ്ണിന്റെ കാലിലെ കൊലുസ്സിനെ തിരഞ്ഞുനടന്നു… ” ന്നോട് കള്ളം പറഞ്ഞു തുടങ്ങീലെ… വിട്ടെ അനന്ദു… ” പെണ്ണിന്റെ പരിഭവം നിറഞ്ഞ വാക്കുകൾ… അവനൊന്നു ചിരിച്ചു… അതെ ചിരിയോടെ അവളുടെ തോളിൽ മുഖമമർത്തി… ” ഞാൻ പറഞ്ഞില്ലേ ടീച്ചറെ… അവനെ തല്ലാനൊന്നും പോയതല്ലന്നെ… ഇങ്ങോട്ട് വന്നു കേറി ന്റെ പെങ്ങളേം പെണ്ണിനേം പറഞ്ഞപ്പോ ഞാൻ രണ്ട് കൊടുത്തു… ബാക്കി ഹരിമാഷ്ടെ വകയായിരുന്നു… ” തോളിലമർന്ന ചുണ്ടുകളുടെ തലോടൽ തുടരവേ അവനൊരു ചിരിയോടെ പറഞ്ഞു നിർത്തി… ” നിക്ക് അറിഞ്ഞൂടെ ടീച്ചറെ… ഇതിപ്പോ ഞാനവനിട്ട് പൊട്ടിച്ചേന്റെ അല്ലല്ലോ നൊണ പറഞ്ഞതിന്റെയല്ലേ ഈ പരിഭവം??.. സത്യം പറഞ്ഞാൽ നൊണയൊന്നും അല്ലടോ…

അവസാനം ഹരിമാഷെ പിടിച്ചുമാറ്റാൻ നോക്കുന്നതിനിടെ ഞാനൊന്ന് സ്ലിപ്പ് ആയി വീഴ്യേം ചെയ്ത്… അതല്ലേ… ” അവളുടെ മൗനം തുടരവേ അനന്ദു പിന്നെയും പുഞ്ചിരിയോടെ പതിയെ പറഞ്ഞു… പെണ്ണിന്റെ ചുണ്ടിലും പുഞ്ചിരി വിരിയുമ്പോൾ അതറിഞ്ഞുകൊണ്ട് തന്നെയവൻ കഴുത്തിലെ താലിമാലയെ ചുംബിച്ചു… ” ദേവാ… ” പിന്നെയും കാതുകളിൽ അവന്റെ പ്രണയം തുളുമ്പും സ്വരം… അതിനവൾ പതിയെ മൂളുമ്പോൾ തേടിനടന്നതെന്തോ കണ്ടെത്തിയ വലതുകാലിന്റെ പെരുവിരൽ പെണ്ണിന്റെ കൊലുസ്സിനുള്ളിലേക്ക് കയറി ചുറ്റിപ്പിടിച്ചു… അവളെ പൊതിഞ്ഞ കയ്യ്കളിലൊന്ന് ഇടുപ്പിലൂടെ ഇഴഞ്ഞുകൊണ്ടേവളെ തിരിച്ചു കിടത്തി… കണ്ണടച്ചു പിടിച്ചിരുന്ന പെണ്ണിന്റെ താടിച്ചുഴി തെളിഞ്ഞു വരുന്നത് കണ്ടതും അനന്ദു പതിയെ അതിലായ് ചുംബിച്ചു… അവളവന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി…

വലതുകയ്യുയർത്തി ചുരുണ്ട മുടിയിഴകളിലൂടെ വിരലോടിച്ചു… ” വീട്ടിലേക്ക് കൊണ്ടുപോവായിത്രെ മാമനെ… ഭരത് വിളിച്ചിരുന്നു… നിന്നോട് പറഞ്ഞതാണോ??.. ” നെഞ്ചിലെ പെണ്ണിന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവൻ സംസാരം തുടങ്ങി വച്ചു… ” മ്മ്മ്… ന്നെ വിളിച്ചിരുന്നു… വൈകാതെ വീട്ടിലേക്ക് കൊണ്ടുപോവുംന്ന് പറഞ്ഞു… പിന്നെ… അച്ഛനും മാമനും തുല്ല്യ അവകാശമാണ് വീട്ടിലും ബിസിനസ്സിലും എല്ലാം… ഇനിപ്പോ ഭരതേട്ടൻ നോക്കി നടത്താവും… അമ്മേനേം ദേവൂനേം വീട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോവാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു… ” അനന്ദുവിനോട് പറഞ്ഞുകൊണ്ട് അവൾ മുഖം അവന്റെ കഴുത്തിടുക്കിലേക്ക് ചേർത്തു വച്ചു… കയ്യ്കളപ്പോഴും മുടിയിഴകളെ പുണർന്നുകൊണ്ടിരുന്നു… സംസാരങ്ങൾ തുടർന്നു… തലോടലുകളും ചുംബനങ്ങളും അവയുടെ ആഴം കൂട്ടി… വീടുമാറുന്നതിൽ അമ്മയുടെ താല്പര്യം പോലെ തീരുമാനമെടുക്കാമെന്നായി…

തുറന്നിട്ടിരിക്കുന്ന ജനലിലൂടെ തണുത്തകാറ്റ് വീശുമ്പോൾ അവളവനെയൊന്നു മുഖമുയർത്തി നോക്കി… മങ്ങിയ വെട്ടത്തിലും പെണ്ണിന്റെ നക്ഷത്രകണ്ണുകൾ തിളങ്ങി… അവയെ നോക്കികൊണ്ട് തന്നെ അനന്ദു കയ്യെത്തിച്ചു വെളിച്ചം കെടുത്തി… ഉയർത്തിപിടിച്ചിരിക്കുന്ന പെണ്ണിന്റെ മുഖത്തെ ഇരുട്ടിൽ വിരലുകളാൾ തൊട്ട് തലോടി… പതിയെ മൂളി… “””” കരിമഷിക്കണ്ണൊന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി… കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ…. പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും… കൂമ്പാളകുമ്പിളിലെ തേൻ തായോ… തൂവാനത്തുമ്പികളേ നീ വായോ ദൂരെ വിണ്ണോരം… തിങ്കൾ പൊലിയാറായ് എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ് “””………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 24

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story