🍂തൊട്ടാവാടി🥀: ഭാഗം 10

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

റയാൻഷ് വല്ലാത്ത വെപ്രാളത്തിൽ ലേബർ റൂമിന് മുൻപിൽ നിൽക്കുകയാണ്.... ഹൃദയമിടിപ്പുകൾ പലതായി വർദ്ധിക്കുമ്പോൾ ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളികളെ അവൻ കരങ്ങൾ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ടിരുന്നു... "സത്യത്തിൽ ധാനിയെക്കാളും കഷ്ടം നിൻ്റെ അവസ്ഥ ആണല്ലോ മോനേ റയാനെ... ഇങ്ങനെ ടെൻഷനടിച്ചാൽ ധാനിയും കുഞ്ഞും വരുമ്പോഴേക്കും നീ ആവിയായി പോയിട്ടുണ്ടാകുമല്ലോ..." റയാൻഷിൻ്റെ വെപ്രാളം കണ്ടതും തരുൺ തമാശ രൂപേണ പറഞ്ഞു... "ഡാ ഇതാണോ നിനക്ക് ചളിയടിക്കാൻ പറ്റിയ സമയം..? അവൻ്റെ ടെൻഷൻ അവനെ അറിയൂ..." റയാൻഷിനെ സമാധാനിപ്പിച്ചു കൊണ്ട് അനു പറഞ്ഞു... ധാനി ശരീരത്തിലെ വേദനയാൽ ഉറക്കെ കരയുമ്പോൾ റയാൻഷ് മനസ്സിലെ വെപ്രാളത്താൽ പിടയുകയായിരുന്നു... "എടാ ഇവിടുത്തെ ഏറ്റവും ബെസ്റ്റ് ഹോസ്പിറ്റൽ ആണിത്... ഏറ്റവും ബെസ്റ്റ് ഡോക്ടേഴ്സും.. ധാനിക്കോ കുഞ്ഞിനോ ഒന്നും വരില്ല... നീ സമാധാനമായി ഇരിക്ക്..." അനുവിൻ്റെ വാക്കുകൾ റയാൻഷിൽ അല്പം പോലും ആശ്വാസം വാരി വിതറിയില്ല... അവൻ സകല ദൈവങ്ങളെയും വിളിക്കുകയായിരുന്നു... അവൻ്റെ മനസ്സിൽ ധാനി മാത്രമായിരുന്നു... അവളോടുള്ള പ്രണയത്തിൻ്റെ തീവ്രത എത്രത്തോളമാണെന്ന് അവൻ ഓരോ നിമിഷവും അനുഭവിച്ചറിയുകയായിരുന്നു... സമയം കടന്ന് പോയി.... റയാൻഷ് നിന്നടുത്ത് നിന്നും അനങ്ങിയിട്ടില്ല... അല്പം നേരം കൂടി കഴിഞ്ഞതും വെള്ളവസ്ത്രം ധരിച്ച ഒരു മാലാഖ കൈയ്യിലൊരു കുഞ്ഞുമായി പുറത്തേക്ക് വന്നു.. അവർ ശരിക്കും സ്വർഗ്ഗത്തിൽ നിന്നും വന്ന മാലാഖയാണെന്ന് റയാൻഷിന് തോന്നി... അവൻ വെപ്രാളത്തിൽ അവരുടെ അടുത്തേക്ക് ചെന്നു...

"ധാ...ധാനി..." അവൻ വിറയലോടെ ചോദിച്ചു... "She is alright..." അത് കേട്ടതിന് ശേഷമാണവൻ കുഞ്ഞിനെ പോലും ഒന്ന് നോക്കിയത്... അവൻ നിറഞ്ഞ മനസ്സോടെ കുഞ്ഞിനെ കൈകളിൽ വാങ്ങി... ആദർശിനെ പറിച്ച് വെച്ചതു പോലെ ഒരാൺകുട്ടി... റയാൻഷിൻ്റെ കരങ്ങളിൽ ഇരുന്ന് ചിണുങ്ങുന്ന വാവയെ നോക്കി തരുണും അനുവും പുഞ്ചിരിച്ചു... ധാനിയെ ഒന്ന് കാണാൻ റയാൻഷിൻ്റെ മനം വെമ്പുകയായിരുന്നു... അവളെ റൂമിലേക്ക് മാറ്റിയതും റയാൻഷും തരുണും അനുവും രാധ ചേച്ചിയും ഒക്കെ അവളുടെ അരികിലേക്ക് ചെന്നു... ധാനി എല്ലാവരെയും നോക്കി തളർച്ചയോടെ ഒന്ന് പുഞ്ചിരിച്ചു... "ഇപ്പം... ഇപ്പം എങ്ങനെയുണ്ട് ധാനീ... നിനക്ക് വേദനയുണ്ടോ..?" റയാൻഷ് വെപ്രാളത്തിൽ ചോദിച്ചു.. "ഇ...ഇല്ല.." ധാനി അത് പറഞ്ഞതും ഒരു നേഴ്സ് കുഞ്ഞുമായി അകത്തേക്ക് വന്നു... അവർ കുഞ്ഞിനെ ധാനിക്കരികിൽ കിടത്തി.. ധാനി വാത്സല്യത്തോടെ കുഞ്ഞിനെ ചേർത്ത് പിടിച്ചു... കണ്ട് നിന്നവരുടെ ഒക്കെ മിഴികളിൽ നിന്നും ആനന്ദാശ്രുക്കൾ ഇറ്റിറ്റ് വീണു.. ഇത്രയും നേരം അനുഭവിച്ച ടെൻഷനിൽ നിന്നും ഒരു മോചനം കിട്ടിയ പോലെ... റയാൻഷും തരുണും അവിടുത്തെ ഡോക്ടേഴ്സിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... അനുവും രാധേച്ചിയും ധാനിയുടെ അരികിലായി ഇരുന്നു... "ഒന്നു കൊണ്ടും പേടിക്കണ്ട ധാനീ... നല്ല healthy ആയിട്ടുള്ള ഒരു ബേബിയാണ്.. എങ്ങനെ ആവാതിരിക്കും ഞാനല്ലേ നോക്കിയത്..." തരുൺ സ്വയം പുകഴ്ത്തിക്കൊണ്ട് പറഞ്ഞു..

"പിന്നെ ഞാനെന്താ തെക്കോട്ടും നോക്കി ഇരിക്കുവായിരുന്നോ...? ഞാനല്ലേ ധാനിയെ കൂടുതൽ care ചെയ്തത്.." അനു ചാടിക്കേറി പറഞ്ഞു... "ആഹാ... നീയങ്ങനെ Credit മുഴുവനും എടുക്കാൻ നിൽക്കണ്ട... ഞാനാ ധാനിയോട് എപ്പോഴും തമാശ ഒക്കെ പറഞ്ഞ് സന്തോഷിപ്പിച്ചോണ്ട് ഇരുന്നത്... അതു കൊണ്ടാ നല്ല ആരോഗ്യവാനായ ഒരു സുന്ദരക്കുട്ടപ്പൻ വാവയെ കിട്ടിയത്.." തരുൺ കോളർ പൊക്കി വല്ല്യ കാര്യത്തോടെ പറഞ്ഞു... "ഡാ ചെറുക്കാ... നിൻ്റെ തമാശയുടെ കാര്യം ഒന്നും കൂടുതൽ പറയല്ലേ... അത് കേട്ട് ധാനിയുടെ സൊയ്ര്യം പോയില്ലെന്നേ ഉള്ളൂ... ഞാനാ നിഴല് പോലെ ധാനിയുടെ കൂടെ നടന്നത്..." അനുവും വിട്ടു കൊടുത്തില്ല... ഇരുവരുടെയും തർക്കം കണ്ടതും റയാൻഷ് തലയ്ക്ക് കൈ വെച്ചു.. ധാനിയ്ക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് ചെറുതായി ചിരി വന്നു... അവൾ അറിയുകയായിരുന്നു താൻ കണ്ടിട്ടില്ലാത്ത ലോകത്തെ... അറിഞ്ഞില്ലാത്ത ആളുകളെ... അനുഭവിച്ചിട്ടില്ലാത്ത സൗഹൃദങ്ങളെ... അവൾ നന്ദിയോടെ റയാൻഷിനെ നോക്കിയതും അവൻ്റെ മിഴികളും തൻ്റെ മേൽ ആണെന്നുള്ളത് അവളെ അത്ഭുതപ്പെടുത്തി... മിഴികൾ തമ്മിൽ ഇടഞ്ഞതും പണ്ടെപ്പോഴൊ റയാൻഷിൽ മിന്നിമാഞ്ഞ കാമുകനെന്ന ഭാവം വീണ്ടും അവനിൽ ഉയർത്തെഴുന്നേൽക്കുകയായിരുന്നു... ധാനി റയാൻഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ആ പുഞ്ചിരിക്ക് പിന്നിൽ ഒരായിരം വേദനകൾ മറച്ചു പിടിച്ചിട്ടുണ്ടെന്ന് റയാൻഷിന് തോന്നിയതും നിറഞ്ഞു തൂവിയ തൻ്റെ മിഴികളെ അവളിൽ നിന്നും ഒളിപ്പിക്കാനായി അവൻ പുറത്തേക്കിറങ്ങി...

ഈറനടിയേറ്റ് ആ വരാന്തയുടെ കൈവരികളിൽ മുറുകെ പിടിക്കുമ്പോൾ അവൻ്റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു... തൻ്റെ ചേട്ടനെന്ന വ്യക്തിയോടവന് പുച്ഛവും അവജ്ഞയും തോന്നി... ഫോൺ നോക്കിയപ്പോൾ രവീന്ദ്രൻ്റെ missed calls കണ്ടു... നേരത്തെ വിളിച്ചപ്പോൾ ടെൻഷൻ കാരണം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല... അവൻ അങ്ങോട്ടേക്ക് വിളിച്ചു.. "ആഹ്.. അച്ഛാ... ആൺകുട്ടിയാണ്... ധാനിക്ക് കുഴപ്പമൊന്നും ഇല്ല.." "ഞാൻ രാവിലെ അങ്ങ് എത്താം മോനേ.." "ങും.. മതി..." 🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് രാവിലെ വാത്സല്യത്തോടെ കുഞ്ഞിനെ കൈകളിൽ വാങ്ങുമ്പോൾ വർഷങ്ങൾക്ക് മുൻപ് ആദർശിനെ കൈകളിൽ വാങ്ങിയതാണ് രവീന്ദ്രന് ഓർമ്മ വന്നത്... "ആദി മോനെ പോലെ തന്നെയുണ്ട്... അല്ലേ..?" രവീന്ദ്രൻ റയാൻഷിനോട് ചോദിച്ചതും അവനൊന്നു മൂളി.. "നെറ്റിയിലെ ഈ മറുക് കണ്ടോ... ഇതേ പോലൊന്ന് അവൻ്റെ നെറ്റിയിലും ഉണ്ട്.. നല്ല ഓമനത്തമുള്ള കുഞ്ഞ്..." കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് രവീന്ദ്രൻ പറഞ്ഞു.. "അമ്മയും ചേട്ടനും..?" റയാൻഷ് ചോദിച്ചു.. "അമ്മയും മോനും ഒരേ പോലെ തന്നെ... കുഞ്ഞ് ജനിച്ചെന്ന് പറഞ്ഞിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ല രണ്ടിനും.. എന്ത് ചെയ്യാൻ..." രവീന്ദ്രൻ നിരാശയിൽ പറഞ്ഞു... "ധാനിയെ ഞാനൊന്ന് കാണട്ടെ..." അതും പറഞ്ഞ് രവീന്ദ്രൻ ധാനിക്കരികിലേക്ക് നടന്നു... വാത്സല്യത്തോടെ അയാൾ അവൾക്കരികിൽ അല്പനേരം ഇരുന്നു... "ഇനീം എന്നാ നീ നാട്ടിലോട്ട് വരുന്നത്..?" പോകും മുൻപ് രവീന്ദ്രൻ റയാൻഷിനോട് ചോദിച്ചു.. "ങും സമയമാകട്ടെ.. വരാം.." മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ട് റയാൻഷ് പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀

ധാനിക്കും കുഞ്ഞിനും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം discharge വാങ്ങി ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു... അവിടെ വമ്പൻ സ്വീകരണമാണ് ധാനിയേയും പുതിയ അതിഥിയേയും കാത്തിരുന്നത്... അനുവും തരുണും കൂടി അപ്പാർട്ട്മെൻ്റ് മുഴുവൻ അലങ്കരിച്ചു.. കുഞ്ഞിന് വേണ്ടി പ്രത്യേകമായി ഒരുക്കിയ baby bed set ഉം മുറി നിറയെ കളിപ്പാട്ടങ്ങളും... എല്ലാം കണ്ടതും ധാനിയുടെ മനസ്സ് നിറഞ്ഞു... അവൾക്ക് ഒരു തരത്തിലുള്ള കുറവും അനുഭവപ്പെടാൻ അനുവും തരുണും റയാൻഷും അനുവദിച്ചില്ല.. കേക്ക് മുറിച്ചും അടുത്തുള്ള അപ്പാർട്ട്മെൻ്റുകളിൽ ഒക്കെ മിഠായി വിതരണം ചെയ്തും അനുവും തരുണും കൂടി പുതിയ അതിഥിയുടെ വരവ് ആഘോഷിച്ചു.... ഇത്രയും സ്നേഹവും കരുതലും തനിക്ക് ആദ്യമായാണ് കിട്ടുന്നതെന്ന് ധാനിക്ക് തോന്നി... തന്നെ പരിഗണിക്കാനും പരിചരിക്കാനും ഒക്കെ ചുറ്റിനും ആളുകൾ.... ധാനിക്ക് Complete വിശ്രമം ആണ് മൂന്ന് ഡോക്ടർമാരും കൂടി recommend ചെയ്തത്... കുഞ്ഞിനെ കുളിപ്പിക്കുന്നതും ധാനിക്ക് വേണ്ട പ്രസവ രക്ഷകളും രാധേച്ചി ഏറ്റെടുത്തു... ഹോസ്പിറ്റലിൽ നിന്നും ലീവ് എടുത്തിട്ടാണ് അനുവും തരുണും കൂടി കുഞ്ഞിനെ കളിപ്പിക്കാൻ മത്സരിക്കുന്നത്... "നീയിങ്ങനെ ഈച്ച ചക്കരയെ പൊതിയുന്ന പോലെ കുഞ്ഞിനെ പൊതിഞ്ഞു നിന്നാൽ കുഞ്ഞിന് ശ്വാസം മുട്ടൂലേ... നീ മാറ്..." അനു തരുണിനോട് പറഞ്ഞു... "ഓഹോ അപ്പോ മോള് നിന്നാൽ പിന്നെ കുഞ്ഞിന് ഇളം തെന്നൽ ആണോടീ കിട്ടുന്നത്..." തരുൺ അനുവിനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു... "വാവേ... ഇന്നാടാ ചക്കരേ..." അവൻ കൈകളിൽ കളിപ്പാട്ടം എടുത്ത് കിലുക്കിക്കൊണ്ട് പറഞ്ഞു... "ഡാ പൊട്ടാ... കുഞ്ഞ് അതൊന്നും വെച്ച് കളിക്കാറായിട്ടില്ല...

നീ വെറുതെ കോമാളി വേഷം കാട്ടി വാവയെ പേടിപ്പിക്കാതെ..." അനു പറഞ്ഞു... "അതൊക്കെ എനിക്കറിയാം... നീയെന്നെ പഠിപ്പിക്കണ്ട... മാമൻ്റെ വാവേ..." കുഞ്ഞിനെ മടിയിൽ ഇരുത്തിക്കൊണ്ട് തരുൺ പറഞ്ഞു... "മാമനോ..?" അനു ചോദിച്ചു.. "Yes... മാമൻ തന്നെ.. എന്താ Problem..?" "അപ്പോൾ എന്നെ വാവ എന്ത് വിളിക്കും..?" അനു ചോദിച്ചു... "നിന്നെ മാമിയെന്ന് വിളിക്കട്ടെ.." തരുൺ അത് പറഞ്ഞതും അനു അവനെ കൂർപ്പിച്ച് നോക്കി... "അയ്യടാ... ഒരു മ്യാമി... എന്നെ വാവ വല്യമ്മേന്ന് വിളിച്ചാൽ മതി..." അനു പറഞ്ഞു... ധാനിയാകട്ടെ ഒരു പുഞ്ചിരിയോടെ ഇരുവരുടെയും സംസാരം നോക്കിയിരുന്നു... റയാൻഷ് കൈയ്യും കെട്ടി ഭിത്തിയോട് ചേർന്ന് നിന്ന് ധാനിയെ തന്നെ ശ്രദ്ധിച്ചിരുന്നു.. ദിനങ്ങൾ കൊഴിഞ്ഞു പോയി... നാളെ കുഞ്ഞിൻ്റെ പേരിൽ ചടങ്ങാണ്... രണ്ടാഴ്ചയായി അനുവും തരുണും കൂടി കുഞ്ഞിന് വേണ്ട പേരിൻ്റെ കാര്യത്തിൽ ആലോചനയിലാണ്... ഒരു വല്ല്യ ലിസ്റ്റ് തന്നെ ഉണ്ടാക്കി അവർ ധാനിക്ക് മുൻപിൽ അവതരിപ്പിച്ചു... അനു അവൾ കണ്ടെത്തിയ പേരുകൾ വായിച്ചു... "എന്താടീ ഇത്..? ധനകാര്യ മന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പോലും ഇത്രേം കാണില്ലല്ലോ..." തരുൺ അത് പറഞ്ഞതും അനു അവൻ്റെ തലയ്ക്കിട്ട് ഒറ്റ കൊട്ട് കൊടുത്തു... "പറ...ധാനി...ഏത് പേരാ നിനക്ക് ഇഷ്ടപ്പെട്ടെ..?" അനു ഉത്സാഹത്തിൽ ചോദിച്ചു... ധാനിക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങൾ ഒന്നുമില്ലായിരുന്നു... "അതേ.. രണ്ടാളും ചെന്ന് കിടക്കാൻ നോക്ക്... രാവിലെ പോവാനുള്ളതാ.." റയാൻഷ് പറഞ്ഞതും അവർ എഴുന്നേറ്റ് അവരവരുടെ മുറികളിലേക്ക് പോയി... റയാൻഷ് കുഞ്ഞിനെയും എടുത്ത് ബാൽക്കണിയിലൂടെ നടന്നു.. നിലാവിനെയും നക്ഷത്രക്കൂട്ടങ്ങളെയും ഒക്കെ അവൻ കുഞ്ഞിന് കാട്ടിക്കൊടുത്തു... കുഞ്ഞുറങ്ങിയെന്ന് മനസ്സിലായതും അവൻ ധാനിക്കരികിലേക്ക് നടന്നു...

നിർവികാരയായി ഇരിക്കുന്ന അവളെ കണ്ടതും അവൻ്റെ മനസ്സൊന്നു പിടഞ്ഞു.. "ധാനീ... രാവിലെ പുറപ്പെടണം.." അത്ര മാത്രം പറഞ്ഞവൻ കുഞ്ഞിനെ അവളുടെ അരികിൽ കിടത്തിയിട്ട് പുറത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനിയാണെങ്കിൽ സ്വർണ്ണ കരയുള്ള സെറ്റുസാരി ആയിരുന്നു വേഷം.. റയാൻഷാണെങ്കിൽ വൈറ്റ് കുർത്തയും സ്വർണ്ണ കരയുള്ള മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്... കുഞ്ഞിനെ ഒരുക്കാൻ ഉള്ള മത്സരത്തിൽ ആയിരുന്നു അനുവും തരുണും.. "ഈ പച്ച ഡ്രസ്സ്‌ നന്നായിട്ടുണ്ട്..." തരുൺ പറഞ്ഞു... "വേണ്ട.. ആ പിങ്ക് മതി..." അനു പറഞ്ഞു.. "അല്ല എന്താ ആ ചാണക പച്ചയ്ക്ക് കുഴപ്പം..?" അവൻ എളിയിൽ കൈകൾ വെച്ച് പുരികം പൊക്കി ചോദിച്ചു.. "അത് നീയാ select ചെയ്തത്.. അത് തന്നെ..." "അപ്പോൾ എൻ്റെ selection പരമ ബോർ ആണ് അല്ലേ മോളെ..." അനുവിനെ അടിമുടി നോക്കിയിട്ട് തരുൺ പറഞ്ഞു.. "ആണന്നേ.. അത് കൊണ്ടാണല്ലോ അഞ്ച് തേപ്പ് കിട്ടിയത്..." അനു അത് പറഞ്ഞതും റയാൻഷ് പൊട്ടിച്ചിരിച്ചു... ധാനിക്കും ചിരിക്കാതിരിക്കാൻ ആയില്ല... തരുൺ ചമ്മലോടെ അവരെ നോക്കി... "അപ്പോൾ പിങ്കോ പച്ചയോ..?" അനു ധാനിയോട് ചോദിച്ചതും അവൾ റയാൻഷിൻ്റെ മുഖത്തേക്ക് നോക്കി... "പിങ്കും വേണ്ട പച്ചയും വേണ്ട നമ്മുക്ക് ഇവനെ മുണ്ട് ഉടുപ്പിക്കാം.." റയാൻഷ് പറഞ്ഞു... "അത് ശരിയാ അപ്പോൾ ധാനിയും റയാനും കുഞ്ഞും മാച്ച് ആവും...same to same..." അനു പറഞ്ഞു.. അടുത്തുള്ള ഒരു ഹാളിൽ വെച്ചായിരുന്നു കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ്.. തൊട്ടടുത്തുള്ള അപ്പാർട്ട്മെൻ്റിലെ ആൾക്കാരും രാധേച്ചിയും പിന്നെ റയാൻഷിൻ്റെ കുറച്ച് ഫ്രണ്ട്സും മാത്രം.. കുഞ്ഞ് റയാൻഷിൻ്റെ കരങ്ങളിൽ തന്നെ ആയിരുന്നു.. "എന്ത് പേരാ വിളിക്കണ്ടെ..?" സമയം ആയതും റയാൻഷ് ധാനിയോട് ചോദിച്ചു.. "സാറിൻ്റെ ഇഷ്ടം..." ധാനി പറഞ്ഞു.. റയാൻഷ് ഒരു നിമിഷം എന്തോ ആലോചിച്ചു... ശേഷം കുഞ്ഞിൻ്റെ കാതുകളിൽ പേര് വിളിച്ചു..............................................തുടരും…………

തൊട്ടാവാടി : ഭാഗം 9

Share this story