🍂തൊട്ടാവാടി🥀: ഭാഗം 11

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"ആദി മോനേ.. അച്ഛൻ്റെ ആദി മോനേ" റയാൻഷ് കുഞ്ഞിൻ്റെ ഇരുകാതുകളിലും പേര് വിളിച്ചു.. "പറ... പറ... എന്താ പേര്..?" അനുവും തരുണും അവൻ്റെ ഇടവും വലവും നിന്നു കൊണ്ട് ഉത്സാഹത്തോടെ ചോദിച്ചു.. എന്താ പേരെന്നറിയാൻ ധാനിയും ആകാംഷയോടെ റയാൻഷിൻ്റെ മുഖത്തേക്ക് നോക്കി... "ആദർവ്വ്...!!" കുഞ്ഞിനെ കൈകളിൽ എടുത്തുയർത്തിക്കൊണ്ട് റയാൻഷ് പറഞ്ഞു... "ആഹ്... അത് കൊള്ളാം... അപ്പോൾ നമ്മൾ ഇവനെ ആദിയെന്ന് വിളിക്കും.." അനു കുഞ്ഞിനെ വാങ്ങിക്കൊണ്ട് പറഞ്ഞു... "Yes... അത് തന്നെ... ആദിയെന്ന് നമ്മൾ ഇവനെ വിളിക്കും.." അതും പറഞ്ഞവൻ വല്ല ഭാവവ്യത്യാസവും ധാനിയിൽ ഉണ്ടോന്ന് അറിയാൻ അവളെ നോക്കി... പക്ഷേ ധാനിയിൽ ഒരു ഭാവവ്യത്യാസവും ഇല്ലെന്നത് അവനെ അത്ഭുതപ്പെടുത്തി.. അതവൻ്റെ മനസ്സിൽ സന്തോഷം നിറച്ചു.. തരുൺ കുഞ്ഞിൻ്റെ കഴുത്തിൽ ഒരു സ്വർണ്ണ ചെയ്ൻ ഇട്ടു കൊടുത്തു... അനുവാകട്ടെ കുഞ്ഞിൻ്റെ ഇരു കൈകളിലും സ്വർണ്ണവളകളും ഇട്ട് കൊടുത്തു... ചടങ്ങുകൾ കഴിഞ്ഞതും എല്ലാവർക്കും ഒരു കൊച്ച് സദ്യ... അതോടെ പരിപാടികൾ ഒക്കെ കഴിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 കുഞ്ഞിന് പാല് കൊടുക്കേണ്ട സമയത്ത് മാത്രമാണ് ധാനിയുടെ കൈകളിൽ കുഞ്ഞിനെ ഒന്ന് കിട്ടുന്നത്... കുഞ്ഞിനെ ഒരു രാജകുമാരനെ പോലെ അനുവും തരുണും റയാൻഷും കൂടെ നോക്കി... കുഞ്ഞ് കരഞ്ഞാൽ ഓടിയെത്താൻ അനുവും തരുണും റയാൻഷും കൂടെ മത്സരമാണ്... അനു താഴെ വെയ്ക്കുമ്പോൾ തരുണിൻ്റെ കരങ്ങളിലും അവൻ താത്ത് വെച്ചാൽ റയാൻഷിൻ്റെ കരങ്ങളിലും ആണ് കുഞ്ഞ്... റയാൻഷിൻ്റെ നെഞ്ചിലെ ചൂടേറ്റാണ് കുഞ്ഞ് ഉറങ്ങുന്നതും ഉണരുന്നതും.. ജീവനാണവന് വാവയെ... കുഞ്ഞ് ആദ്യമായ് പുഞ്ചിരിച്ച് തുടങ്ങിയതും റയാൻഷിൻ്റെ മുഖം നോക്കി ആയിരുന്നു.. മോണ കാട്ടി അവൻ അതിമനോഹരമായി പുഞ്ചിരിക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും മനോഹരമായ ദൃശ്യമാണിതെന്ന് റയാൻഷിന് തോന്നി.. കുഞ്ഞ് പുഞ്ചിരിച്ചതിൻ്റെ സന്തോഷത്തിൽ തരുൺ ഹോസ്പിറ്റലിൽ എല്ലാം മിഠായി വിതരണം നടത്തി...

"ഡാ ഇങ്ങനെ പോയാൽ നീ ഒരു മിഠായി കട തുടങ്ങേണ്ടി വരുമല്ലോ..." റയാൻഷ് തരുണിനോട് പറഞ്ഞു.. "കഴിഞ്ഞ ദിവസം കുഞ്ഞ് ഇവൻ്റെ മേലെ മുള്ളിയില്ലേ അതും പറഞ്ഞ് ഞാനും എല്ലാവർക്കും മിഠായി കൊടുത്തായിരുന്നു..." അനു ചിരിച്ചു കൊണ്ട് പറഞ്ഞു... "എടീ മഹാപാപീ... വെറുതെയല്ല ആ attender ചേച്ചി എന്നെ നോക്കി ആക്കി ചിരിച്ചത്..." തരുൺ പറഞ്ഞും ഇരുവരും അവനെ നോക്കി പൊട്ടിച്ചിരിച്ചു... കുഞ്ഞിൻ്റെ ഓരോ ചലനങ്ങളും കൊഞ്ചലുകളും ചിണുക്കങ്ങളും ഒക്കെയായി ദിനങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു... ഇതിനിടയിൽ ഡിവോഴ്സിന് വേണ്ടതൊക്കെ റയാൻഷും അതിനേക്കാൾ അവേശത്തിൽ ആദർശും ചെയ്തു കൊണ്ടിരുന്നു... Legal formalities ഒക്കെ ആദർശ് തന്നെ കൈകാര്യം ചെയ്തു... പക്ഷേ ദിനങ്ങളെണ്ണി കഴിഞ്ഞത് റയാൻഷായിരുന്നു... നാല് മാസം കൂടി വേണ്ടി വന്നു legally divorce ആവാൻ... അന്നൊരു പക്ഷേ ആദർശിനെക്കാൾ കൂടുതൽ സന്തോഷിച്ചത് റയാൻഷ് ആയിരുന്നു... താൻ ചെയ്യാൻ വൈകിപ്പോയ ഒന്ന് ഇനിയും വൈകിപ്പിക്കരുത് എന്നവൻ തീരുമാനിച്ചു... ധാനിയ്ക്കാണെങ്കിൽ ഡിവോഴ്സ് കിട്ടിയതിൽ പ്രത്യേകിച്ച് സങ്കടമോ സന്തോഷമാ ഒന്നും തോന്നിയില്ല... അർഹത ഇല്ലാതിരുന്ന ഒന്ന് തനിക്ക് വന്നു ചേർന്നെന്നും അതിനേക്കാൾ വേഗത്തിൽ ഈശ്വരൻ അതിനെ തിരികെ എടുത്തെന്നും മാത്രമവൾ കരുതി... കുഞ്ഞിനെയും മടിയിലിരുത്തിയവൾ നിർവികാരതയോടെ മിഴികൾ പായിച്ചിരുന്നു.. ജീവിക്കാൻ ഇനിയും തനിക്കീ കുഞ്ഞ് മാത്രം മതിയെന്നവൾ കുഞ്ഞിനെ നെഞ്ചോടടക്കിക്കൊണ്ട് തീരുമാനിച്ചു... അല്ലെങ്കിലും ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ജീവിതം തന്നെയായിരുന്നല്ലോ... ഇപ്പോൾ ഈ കുഞ്ഞെങ്കിലും ഉണ്ട്.. അത്രയും അനുഗ്രഹം ഈശ്വരൻ കാട്ടിയല്ലോ എന്നവൾ ഓർത്തു... മടിയിലിരുന്ന കുഞ്ഞ് അതിൻ്റേതായ രീതിയിൽ മൂളുകയും അനങ്ങുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു... നീയിപ്പോൾ സങ്കടപ്പെടുന്നതിൻ്റെ ആയിരം ഇരട്ടി സന്തോഷം ഞാൻ നിൻ്റെ ജീവിതത്തിൽ നിറയ്ക്കും ധാനീ... ഇപ്പോൾ നീ എല്ലാ ബന്ധനത്തിൽ നിന്നും മോചിതയായി...

ഇനീം എൻ്റെ പ്രണയത്തിൻ്റെ ബന്ധനം നിന്നിൽ ആവരണം ചെയ്യാൻ സമയമായി... അതിൻ്റെ ആദ്യ പടി ഇവിടെ തുടങ്ങുകയാണ്... ഒരു ചിരിയോടെ അതും ഓർത്ത് റയാൻഷ് അവളുടെ അരികിലേക്ക് നടന്നു... കുഞ്ഞ് റയാൻഷിനെ കണ്ടതും തന്നെ എടുക്കാനെന്നോണം കൈകൾ ഉയർത്തി...റയാൻഷിൻ്റെ ശബ്ദവും സാമീപ്യവും ഒക്കെ കുഞ്ഞ് തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു... ധാനിയുടെ അരികത്തു നിന്നും കുഞ്ഞിനെയും എടുത്ത് പതിവു പോലെ തന്നെ റയാൻഷ് ബാൽക്കണിയിലൂടെ നടന്നു... "ആദി മോനേ... അച്ഛൻ്റെ വാവേ..." റയാൻഷ് വിളിക്കുന്നതിനനുസരിച്ച് കുഞ്ഞ് ഓരോരോ ശബ്ദങ്ങൾ ഉണ്ടാക്കി... ഇടയ്ക്ക് ചിണുങ്ങിയ വാവയെ അവൻ തോളിലിട്ട് പറ്റാവുന്ന പോലെ ഒരു തരാട്ടൊക്കെ പാടി കൊടുത്തു... കുഞ്ഞുറങ്ങിയതും അവൻ കുഞ്ഞിനെ അവളുടെ അരികിൽ കിടത്തി... റയാൻഷ് ബാൽക്കണിയിലേക്കുള്ള window തുറന്നു... രാവിൻ്റെ മനോഹാരിതയും പേറി ഒരു ഇളം തെന്നൽ റയാൻഷിനെയും ധാനിയെയും കുളിരണിയിച്ചു... ആ നിലാവിൻ്റെ വെളിച്ചത്തിൽ ധാനിയുടെ മുഖം കാണാൻ റയാൻഷിൻ്റെ ഉള്ളം തുടിച്ചു.. റയാൻഷെന്താ കുഞ്ഞുറങ്ങിയിട്ടും ഇവിടെ തന്നെ നില്ക്കുന്നത് എന്ന മട്ടിൽ ധാനി തല ചെരിച്ച് അവനെ ഒന്ന് നോക്കി.. സാധാരണ കുഞ്ഞുറങ്ങി കഴിഞ്ഞാൽ അവൻ മുറിയിലേക്ക് പോകാറാണ് പതിവ്.. "ഇങ്ങോട്ടേക്കൊന്ന് വരൂ ധാനീ..." റയാൻഷ് ജനാലയുടെ അരികിൽ നിന്നു കൊണ്ട് ധാനിയെ വിളിച്ചു... ധാനി അവൻ്റെ അരികിലേക്ക് ചെന്നു... "ഇപ്പോൾ നീ എൻ്റെ ഏട്ടൻ്റെ ഭാര്യയല്ല...വേണ്ടാത്ത ബന്ധനങ്ങൾ നിന്നിൽ നിന്നും പിഴുതെറിയപ്പെട്ടു... പക്ഷേ അനാവശ്യമായ എന്തോ ഒന്ന് നിന്നിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്..

അതിൽ നിന്നും നിന്നെ മോചിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു..." അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോട്ടമിട്ടു കൊണ്ട് റയാൻഷ് പറഞ്ഞതും പൊരുൾ മനസ്സിലാവാതെ ധാനി അവനെ നോക്കി... ധാനിക്ക് ചിന്തിക്കാൻ സമയം നൽകാതെ അവളുടെ കഴുത്തിലെ താലിയിൽ റയാൻഷ് പിടുത്തമിട്ടു... അവൻ ചൂണ്ടുവിരലാൽ അത് ഉയർത്തിയതും ധാനി അവൻ്റെ പ്രവർത്തിയിൽ സ്തംഭിച്ച് നിന്നു... "ഇത് വെറുമൊരു ലോഹം മാത്രമാണ് ധാനി...!! ഇതിൽ പ്രണയം നിറയാത്തിടത്തോളം ഇതൊരു ലോഹമായി തന്നെ അവശേഷിക്കുകയും ചെയ്യും... അത് ബന്ധങ്ങൾക്ക് പകരം ബന്ധനങ്ങൾ സൃഷ്ടിക്കും... സന്തോഷങ്ങൾക്ക് പകരം സങ്കടങ്ങൾ നിറയ്ക്കും... ആരുടെയൊക്കെയോ നിർബന്ധങ്ങൾക്ക് വഴങ്ങി താത്പര്യമില്ലായ്മയുടെ പ്രതിരൂപമായി നിൻ്റെ കഴുത്തിൽ കിടക്കേണ്ടി വന്ന ഈ താലിക്ക് യാതൊരു മൂല്യവുമില്ല... ഈ താലി നിന്നെ ഒരിക്കലും അർഹിക്കുന്നും ഇല്ല..." അത്രമാത്രം പറഞ്ഞവൻ ധാനിയുടെ കഴുത്തിൽ നിന്നും ആ താലി അഴിച്ചു മാറ്റി... താരകക്കുഞ്ഞുങ്ങൾ ആ കാഴ്ചയ്ക്ക് സാക്ഷികളെന്നോണം കൺചിമ്മുന്നുണ്ടായിരുന്നു... സ്തബ്ദയായി തന്നെ നോക്കുന്ന ധാനിയെ നോക്കി ഒന്ന് സൈറ്റടിച്ചിട്ട് ഒരു പുഞ്ചിരിയോടെ റയാൻഷ് നടന്നകന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അടുത്ത ആഴ്ച തന്നെ ആദർശിൻ്റെ കല്ല്യാണം ഉറപ്പിച്ചു.. അവൻ നേരത്തെ ഫോട്ടോ കണ്ടിഷ്ടപ്പെട്ട അതേ പെൺകുട്ടിയുമായി തന്നെ... മൂന്ന് മാസങ്ങൾക്ക് ശേഷം വിവാഹം... ഏറ്റവും സന്തോഷിച്ചത് പത്മിനി ആയിരുന്നു.. തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒക്കെ പറ്റിയ ഒരു പെണ്ണിനെ ആദർശിന് വധുവായി കിട്ടിയതിൽ....

വീട്ടിലെ ആദർശിൻ്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ റയാൻഷ് അറിയുന്നുണ്ടായിരുന്നു... പക്ഷേ അവൻ നാട്ടിലേക്ക് ചെല്ലാൻ പോലും മെനക്കെട്ടില്ല.... ആർഭാടമായി തന്നെ ആദർശിൻ്റെ വിവാഹം കഴിഞ്ഞു... വിവാഹത്തിന് റയാൻഷ് പങ്കെടുത്തില്ല... അവനെ തിരക്കിയവരോടൊക്കെ അവനും ഭാര്യയും കുഞ്ഞും ബാംഗ്ലൂരിലാണെന്നും എന്തോ തിരക്കിലാണെന്നും ഒക്കെ പറഞ്ഞ് പത്മിനി ഒഴിവാക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കുഞ്ഞിന് ചുറ്റും പലതരം കളിപ്പാട്ടങ്ങൾ വാരിയിട്ട് കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ് അനുവും തരുണും.. മുട്ടിലിഴഞ്ഞു കൊണ്ട് കുഞ്ഞ് മാറി മാറി അനുവിൻ്റെയും തരുണിൻ്റെയും അടുക്കലേക്ക് ആഹ്ലാദത്തോടെ ചെല്ലുന്നുമുണ്ട്... ധാനിയാണെങ്കിൽ അവരുടെ കളിചിരികൾ നോക്കി ബെഡിൻ്റെ ഒരു സൈഡിൽ ഇരിക്കുന്നു... റയാൻഷ് ഒരു പട്ടുസാരിയും വാങ്ങി ധാനിക്കരികിലേക്ക് നടന്നു.. കള്ളച്ചിരിയോടെ തന്നെ നോക്കുന്ന തരുണിനെയും അനുവിനെയെയും നോക്കിയവൻ കൺചിമ്മി... "ധാനീ... ഇത് വാങ്ങ്..." അതും പറഞ്ഞ് റയാൻഷ് സാരി ധാനിക്ക് നേരെ നീട്ടി.. "നാളെ നമ്മൾ രാവിലെ അമ്പലത്തിലേക്ക് പോകുന്നു... ഈ സാരിയുടുത്ത് വേണം വരാൻ...." റയാൻഷ് ധാനിയോടത് പറഞ്ഞതും തരുൺ ഒന്ന് ആക്കി ചുമച്ചു.... "പിന്നെ ഈ ആഭരണങ്ങൾ കൂടി ഇടണം..." "ഇതൊക്കെ... എന്തിനാ സർ..?" ധാനി ചോദിച്ചു.. "അത് ഒരു നേർച്ചയാണ് കുഞ്ഞിന് വേണ്ടി... നീ ഇതൊക്കെ അണിഞ്ഞ് വേണം വരാൻ..." റയാൻഷ് ധാനിയോട് പറഞ്ഞു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀 "കുഞ്ഞിന്ന് ഈ പിങ്ക് തന്നെ ഇടും..." അതും പറഞ്ഞ് തരുൺ വരുന്നതിന് മുൻപായി തന്നെ അനു കുഞ്ഞിനെ ഒരുക്കാൻ എടുത്തു... കുഞ്ഞിൻ്റെ പുരികം കൺമഷിയാൽ എഴുതി കവിളത്തൊരു കറുത്ത പൊട്ടും കുത്തി... പച്ചയുടുപ്പും എടുത്ത് തരുൺ വന്നതും അനുവിൻ്റെ കൈകളിൽ പിങ്കുടുപ്പും ഇട്ടിരിക്കുന്ന വാവയെ ആണ് അവൻ കാണുന്നത്... ഇതെങ്ങനെയുണ്ട് എന്ന മട്ടിൽ കുഞ്ഞിനെ കാട്ടി അനു അവനെ പുരികം പൊക്കിക്കൊണ്ട് നോക്കി...

"അന്നാലും എൻ്റെ ചാണക പച്ച...." തരുൺ നിരാശയിൽ പറഞ്ഞു... "പക്ഷേ കുഴപ്പമില്ല... നിൻ്റെ സെലക്ഷനും കൊള്ളാം... പിന്നെ നീ കുഞ്ഞിനെ എടുത്തിങ്ങനെ നിന്നാൽ കുഞ്ഞിനെ ആരും നോക്കില്ല നിന്നെ മാത്രമേ നോക്കൂ.... എന്നൊക്കെ ആരേലും പറയുമെന്ന് പ്രതീക്ഷിച്ചാണ് ഇത്രയും ഒരുങ്ങിയതെങ്കിൽ വേസ്റ്റായി മോളെ എല്ലാം വേസ്റ്റായി..." തരുൺ കളിയാക്കിക്കൊണ്ട് പറഞ്ഞു.. "അതിന് ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ ഞാൻ എങ്ങനെയുണ്ടെന്ന്... അല്ലേലും നല്ലതൊന്നും തിരിച്ചറിയാനുള്ള ബുദ്ധി ദൈവം നിനക്ക് തന്നിട്ടില്ലല്ലോ മോനേ.." അനു അതും പറഞ്ഞ് മുടി ഒന്നും കൂടെ വിടർത്തി ഇട്ടു കൊണ്ട് തരുണിന് മുൻപിലൂടെ നടന്ന് പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "റയാനെ നീയൊന്ന് അടങ്ങി നിൽക്ക്... ഞാനീ മുടി ഒന്നും കൂടെ ഒന്ന് ചീകട്ടെ..." റയാൻഷിൻ്റെ മുടി ചീകിക്കൊണ്ട് തരുൺ പറഞ്ഞു.. "കുറേ നേരമായല്ലോടാ നീ എൻ്റെ മുടിയിട്ടിങ്ങനെ ചീകാൻ തുടങ്ങിയിട്ട്... നിൻ്റെ ചീകൽ കണ്ടാൽ എനിക്ക് കാൽമുട്ട് വരെ മുടിയുണ്ടെന്ന് തോന്നുമല്ലോ..." ഇട്ടിരിക്കുന്ന വൈറ്റ് ഷർട്ടിൻ്റെ കൈ മുകളിലേക്ക് കയറ്റിക്കൊണ്ട് റയാൻഷ് പറഞ്ഞു.. "എൻ്റെ മോനേ ജീവിതത്തിൽ ആദ്യമായിട്ട് ഒരു കല്ല്യാണ ചെക്കനെ ഒരുക്കാൻ കിട്ടിയ അവസരമാ ഇത്... അത് maximum മുതലാക്കണം..." "മുതലാക്കി മുതലാക്കി മുഹൂർത്തം കഴിയാറാവുമ്പോഴേക്കെങ്കിലും അവിടെ ഒന്ന് എത്താൻ പറ്റിയാൽ മതിയായിരുന്നു.." "അല്ല റയാനെ ഇന്നവളുടെ കല്ല്യാണമാണെന്ന് ആ ധാനിക്കൊച്ചിനോട് ഇപ്പോഴെങ്കിലും പറയണ്ടേടാ... നേർച്ച , വഴിപാട് എന്നൊക്കെ പറഞ്ഞ് അതിനെ പറ്റിക്കണോ..?" "പറഞ്ഞാൽ അവൾ സമ്മതിക്കില്ലെടാ... എനിക്കറിയാം അവളുടെ മനസ്സ്... അതൊന്ന് കലങ്ങി തെളിയണമെങ്കിൽ ഒരുപാട് സമയം എടുക്കും..പക്ഷേ അതുവരെ എനിക്ക് കാത്തിരിക്കാൻ ആവില്ല...

അവളുടെ കഴുത്തിൽ ഒരു താലിയെങ്കിലും ചാർത്തിയെ മതിയാകൂ.. പണ്ടേ ഞാനിത് ചെയ്തിരുന്നെങ്കിൽ എൻ്റെ ധാനി ഇങ്ങനെ വിഷമിക്കേണ്ടി വരില്ലായിരുന്നു..." റയാൻഷ് പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "തലയിലെന്തിനാ ഈ മുല്ലപ്പൂ ഒക്കെ വെയ്ക്കുന്നെ..?" ധാനി അനുവിനോട് ചോദിച്ചു... "അത്... ഒരു രസം.. ഏതായാലും ഒന്നമ്പലം വരെ പോവല്ലേ... ഒരു ഐശ്വര്യം വരട്ടെ..." "അല്ല ഇത്രയ്ക്ക് ഒക്കെ ഒരുങ്ങണോ.?" ധാനി ചോദിച്ചു.. "ഒരുക്കമോ..? ഇതാണോ വല്ല്യ ഒരുക്കം..? ഇതൊന്നും ഇല്ല... ധാനിക്ക് മേക്കപ്പിനെ പറ്റി ഒന്നും അറിയാത്തോണ്ടാ ഇങ്ങനെ പറയുന്നെ.." ധാനിയുടെ മുഖത്ത്‌ പൗഡർ ഇട്ട് കൊടുത്തു കൊണ്ട് അനു പറഞ്ഞു.. "ഈ ലിപ്സ്റ്റിക് കൂടി ഇട്ടാൽ ഓക്കെ ആയി..." "അയ്യോ അത് വേണ്ട എനിക്ക്..." "അതെന്താ..?" അനു ചോദിച്ചു.. "അതെനിക്ക് ഇഷ്ടമല്ല... വീട്ടിൽ വെച്ച് നിവി ചേച്ചി ഇതിടുന്നത് കാണാം..പക്ഷേ എനിക്കിഷ്ടമല്ല..." ധാനി പറഞ്ഞു.. "ങും ശരി... വേണ്ടെങ്കിൽ വേണ്ട..." ധാനിയുടെ കൈയ്യിലും കഴുത്തിലും ഒക്കെ അനു അഭരണങ്ങൾ ഇട്ട് കൊടുത്തു... ഒരുക്കം എല്ലാം പൂർത്തിയാക്കിയിട്ടവൾ ധാനിയെ കണ്ണാടിയുടെ മുൻപിൽ നിർത്തി... ഒരത്ഭുതം ധാനിയുടെ മുഖത്ത് പ്രതീക്ഷ അനു അവളുടെ മുഖം ചുളിയുന്ന കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു.. "അത്.. ഇത് കണ്ടിട്ട് വേറാരെയോ പോലെ ഉണ്ടല്ലോ.. ഞാനാണെന്ന് തോന്നുന്നില്ല അനു ചേച്ചി... ഇത്രേം വളയൊന്നും എനിക്ക് വേണ്ട.." "ഇത് അതിനും മാത്രം ഒന്നും ഇല്ലല്ലോ... ഓവറാണെന്ന് തോന്നുന്നില്ലെന്ന് മാത്രമല്ല ധാനിക്കിത് നന്നായി ചേരുന്നും ഉണ്ട്..." അനു പറഞ്ഞതും ധാനി പുഞ്ചിരിച്ചു.. അനു അവളെ മുറിക്ക് പുറത്തേക്ക് കൊണ്ടുവന്നു... ഹാളിൽ ഇരുവരെയും പ്രതീക്ഷിച്ചിരുന്ന റയാൻഷ് ധാനിയെ കണ്ടതും എഴുന്നേറ്റു... അവൻ വിടർന്ന മിഴികളാൽ അവളിൽ തന്നെ അലിഞ്ഞ് നിന്നു... .............................................തുടരും…………

തൊട്ടാവാടി : ഭാഗം 10

Share this story