അവന്തിക: ഭാഗം 2

അവന്തിക: ഭാഗം 2

എഴുത്തുകാരി: വാസുകി വസു

കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു. കഴിഞ്ഞതൊക്കെ മറക്കാൻ ശ്രമിക്കുന്ന പൊള്ളുന്ന ഓർമ്മകളാണ്.മറക്കാൻ ശ്രമിക്കുന്തോറും ശക്തമായത് ഉയർത്തെഴുന്നേൽക്കുന്നു. ഒന്നും ചെയ്യാൻ തോന്നിയില്ല.ഞാൻ നേരെ മുറിയിൽ കയറി കിടന്നു.നല്ലതുപോലെ ക്ഷീണവും തളർച്ചയും തോന്നി. ഇടക്കെപ്പഴോ കോളിങ്ങ് ബെൽ ചിലച്ചതോടെ നടുക്കത്തോടെ പിടഞ്ഞെഴുന്നേറ്റു. “അയാളിത് വരെ പോയില്ലേ” അങ്ങനെ ചിന്തിച്ചു ചെന്ന് ഞാൻ വാതിൽ തുറന്നു. അച്ഛൻ മുന്നിൽ നിൽക്കുന്നു. എനിക്ക് ആശ്വാസം തോന്നി.ഞാൻ അച്ഛനു മുഖം കാണിക്കാതെ തിരിഞ്ഞ് നിന്ന് ഹാഫ് സാരിയുടെ തുമ്പിനാൽ കണ്ണും മുഖവും അമർത്തി തുടച്ചു.

“എന്തായി അച്ഛാ പോയ കാര്യം” എനിക്ക് മറുപടി നൽകുന്നതിനു പകരം അച്ഛൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “എന്ത് പറ്റി കണ്ണാ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ” “കണ്ണ് നിറയാൻ മാത്രം മഴയൊന്നും പെയ്തട്ടില്ലല്ലോ അച്ഛാ” ചിരിയോടെ ഞാൻ പറഞ്ഞു. “നിന്റെ തമാശ കളയ്.എന്റെ കണ്ണനെ അച്ഛൻ ആദ്യമായിട്ടല്ലല്ലോ കാണുന്നത്” അച്ഛനെ പറഞ്ഞു പറ്റിക്കാൻ ബുദ്ധിമുട്ടാണ്. കളളം പറയണത് എന്റെ കുട്ടിക്ക് ചേരൂല്ല.പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും.അച്ഛൻ അങ്ങനെയാണ് പറയാറുള്ളത്. ശിവദിന്റെ കാര്യം അച്ഛനോട് സൂചിപ്പിച്ചാലോ.അല്ലെങ്കിൽ വേണ്ട അച്ഛന്റെ സങ്കടം ഇരട്ടിക്കുകയുള്ളൂ.

“എന്റെ രാമപ്പൊതുവാളേ വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നതല്ലേ ഈ തോന്നലിനൊക്കെ കാരണം” ഞാൻ സങ്കടങ്ങൾ മറന്ന് അച്ഛനു മുമ്പിൽ ചിരിച്ചു. “വന്നേ എനിക്ക് നൂറുകൂട്ടം പണിയുണ്ട്” മെല്ലെ തിരിഞ്ഞ് ഞാൻ അടുക്കളയിലേക്ക് നടന്നു.അച്ഛന് മരുന്നു കഴിക്കാനുളളതാണ്.ഞാൻ പെട്ടെന്ന് തന്നെ മാവ് എടുത്തു ഇഡ്ഡിലിയും തയ്യാറാക്കി. ആവിയിൽ വേവുന്ന ഭക്ഷണത്തോടാണ് അച്ഛനും എനിക്കും പ്രിയം. പറമ്പിൽ നിന്നിട്ട നാളികേരത്തിൽ നിന്നൊരെണ്ണം പൊതിച്ചെടുത്തു.പിന്നെ തേങ്ങാ ചുരണ്ടി വെളള ചട്നി തയ്യാറാക്കി. “അച്ഛാ… വന്നോളൂ” ഊണ് മേശയിലേക്ക് അച്ഛനും എനിക്കുമുളള ഭക്ഷണം എടുത്ത് വെക്കുന്നതിനിടയിൽ ഞാൻ വിളിച്ചു.

“ദാ മോളേ വരുന്നൂ” അച്ഛനു പ്രഭാത ഭക്ഷണത്തോടൊപ്പം കട്ടൻ ചായ നിർബന്ധമാണ്. ഉടനെ അടുക്കളയിലേക്ക് ഓടി പോയി.കട്ടൻ ചായയിട്ട് വരുമ്പോൾ അച്ഛൻ ഡൈനിംഗ് ടേബിളിനു മുന്നിൽ ഇരിപ്പുണ്ട്. “അച്ഛൻ കഴിച്ചു തുടങ്ങിയില്ലേ” “ഇല്ല..ഇന്ന് നിന്റെ പിറന്നാളല്ലേ.ഒരുമിച്ച് കഴിക്കാമെന്ന് വെച്ചു” കട്ടൻ ചായ രണ്ടു ഗ്ലാസിലാക്കി മേശപ്പുറത്ത് വെച്ചിട്ട് ഞാനും അച്ഛന്റെ കൂടെ ഇരുന്നു.അച്ഛൻ പാതത്തിൽ നിന്ന് കുറച്ചു ഇഡ്ഡിലി പീസാക്കി ചട്നിയിൽ മുക്കി എന്റെ വായിലേക്ക് വെച്ചു തന്നു.ഒരുമിച്ച് കഴിക്കുമ്പോളിത് പതിവുളളതാണ്. “ഇന്നത്തെ ദിവസം ലക്ഷമിയും ആരാധ്യയും ഇല്ലാതായിപ്പോയല്ലോ” ഞാൻ നോക്കുമ്പോൾ അച്ഛന്റെ കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ട്.

“അച്ഛാ..ഇന്നത്തെ ദിവസവും സെന്റിയാകാനുളള മൂഡിലാണല്ലേ.അതൊക്കെ വിട്ടിട്ട് എന്റെ കൂടെ സദ്യ റെഡിയാക്കാൻ കൂടിക്കോ” ഉള്ളിലെ സങ്കടം മറച്ചു വെച്ച് സ്നേഹത്തോടെ ശ്വാസിച്ചു. പിന്നീട് എന്തായാലും അതിനെ കുറിച്ച് സംസാരം ഉണ്ടായില്ല. അച്ഛൻ കഴിച്ച പാത്രവും എടുത്തു ഞാൻ അടുക്കളയിലേക്ക് ചെന്നു.ഞാൻ ഇഡ്ഡിലി മുഴുവനും കഴിച്ചില്ല.കഴിക്കാൻ തോന്നിയില്ല.ഒരുപാതം എടുത്തു അത് മൂടിവെച്ചു. ലക്ഷ്മിയെന്ന് അച്ഛൻ പറഞ്ഞത് എന്റെയും ആരാധ്യയുടെയും അമ്മയെയാണ്.അച്ഛൻ അമ്മയെ വിവാഹം കഴിച്ച് കൊണ്ട് വന്നതിനു ശേഷമാണ് അമ്മക്ക് ഈ വിവാഹം ഇഷ്ടമല്ലായിരുന്നൂന്ന് അറിയുന്നത്.എന്നിട്ടും പാവം എല്ലാം ക്ഷമിക്കാൻ തയ്യാറായതാണ്.

പക്ഷേ ഭാര്യ കാമുകനിൽ നിന്ന് പ്രഗ്നന്റാണെന്ന് അറിഞ്ഞതോടെ അച്ഛൻ തകർന്നു പോയി. ആളുടെ കൂടെ ജീവിക്കാനാണു താല്പര്യമെന്ന് അറിയിച്ചതോടെ അച്ഛൻ അമ്മയെ ഇഷ്ടത്തിനു വിട്ടു… കാമുകന്റെ ഒപ്പം പോയ അമ്മ രണ്ടാമതും പ്രഗ്നന്റ് ആയ സമയത്ത് അയാൾ അമ്മയെ ഉപേക്ഷിച്ച് പോയി.വിവരം അറിഞ്ഞ് ചെന്ന അച്ഛൻ അമ്മയെ തിരികെ വീട്ടിലെത്തിച്ചു.ആൾ വരാനൊട്ടും കൂട്ടാക്കിയതല്ല.അച്ഛൻ നിർബന്ധിച്ച് കൂടെ കൂട്ടിയതാണ്.അതോടെ ബന്ധുക്കളെല്ലാം അകന്നു.എന്നിട്ടും അച്ഛൻ വക വെച്ചില്ല. അമ്മ ആദ്യം പ്രസവിച്ചത് ആരാധ്യയെ ആണ്. രാണ്ടാമത്തെ ഞാനും. പ്രസവത്തോടെ അമ്മ കടുത്ത വിഷാദ രോഗത്തിനു അടിമയായി.അച്ഛന്റെ സ്നേഹം കാണുമ്പോൾ ആൾക്ക് കടുത്ത കുറ്റബോധമാണ്.ഒടുവിൽ എന്റെ അഞ്ചാമത്തെ വയസ്സിൽ അമ്മ ആത്മഹത്യ ചെയ്തു.

പക്ഷേ എന്നിട്ടും അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചില്ല സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു വളർത്തി. ആരാധ്യ എന്നെപ്പോലെയല്ല സ്വഭാവം. മുൻ കോപക്കാരിയാണ്.അച്ഛനെ ഇഷ്ടമാണെങ്കിലും ആൾക്ക് സ്വന്തം തീരുമാനം ആണ് വലുത്.ഇപ്പോൾ ബാംഗ്ലൂരിൽ പഠിക്കുന്നു.. “നീയെന്താ മോളേ ആലോചിക്കുന്നത്” നോക്കുമ്പോൾ അച്ഛൻ അരികിലുണ്ട്. “ഒന്നുമില്ല അച്ഛാ.ഞാൻ വെറുതെ ഓരോന്നും” “നുണ പറയാൻ നിൽക്കണ്ട.നിനക്ക് ചേരില്ല കണ്ണാ” ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ചു.അച്ഛൻ പതിയെ എന്റെ ശിരസ്സിൽ തലോടി. “കണ്ണൻ അമ്മയെ കുറിച്ചാണ് ചിന്തിച്ചതെന്ന് എനിക്ക് അറിയാം.ലക്ഷ്മി പാവമാണ്.

മോൾക്ക് അമ്മയോട് വിരോധമൊന്നും തോന്നരുത്.മരിച്ച ആത്മാവിനെ സങ്കടപ്പെടുത്തരുത്” “അച്ഛാ.. ” ഞാനൊരു പൊട്ടിക്കരച്ചിലോടെ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു. “സാരമില്ല കുട്ടിയേ…” അച്ഛനോട് ചേർന്ന് നിന്നപ്പോൾ കുറച്ചു ആശ്വാസം ലഭിച്ചു. എനിക്ക് സങ്കടം കൂടുമ്പോൾ ഞാൻ അച്ഛന്റെ അടുത്ത് ഇരുന്ന് കരയും.അദ്ദേഹം ആശ്വസിപ്പിക്കുമ്പോൾ സങ്കടങ്ങൾ മനസിൽ നിന്ന് വിട്ടകലും.. “നിന്റെ അഡ്മിഷനൊക്കെ ഓക്കെയാണ്.നാളെ കോളേജിൽ പോയി ചേരണം” അത് കേട്ടതോടെ കുറച്ചു സമാധാനമായി.പക്ഷേ അച്ഛനെ കുറിച്ച് ഓർത്തപ്പോൾ അതും പോയി. “ഞാൻ പോയാൽ അച്ഛന്റെ കാര്യം എങ്ങനെയാണ്” “അതോർത്തൊന്നും കണ്ണൻ വിഷമിക്കേണ്ട.. പോയി പഠിക്കുക.അത്രയും ഓർത്താൽ മതി” “ഓ..ഉത്തരവ് പൊതുവാളേ” ചിരിയോടെ ഞാൻ തൊഴുതു.അച്ഛൻ മടങ്ങിയതോടെ ഞാൻ സദ്യക്കുളള ഒരുക്കങ്ങൾ തുടങ്ങി.

ഉച്ചക്ക് മുമ്പേ എല്ലാം ശരിയാക്കി ഞാനും അച്ഛനും കൂടി കഴിച്ചു.. സദ്യ കഴിഞ്ഞു ചെറിയ ഒരു മയക്കം.പിന്നീട് കുറച്ചു ബാക്കിയുള്ള പണികൾ കൂടി ചെയ്തു തീർത്തു. സന്ധ്യക്ക് മുമ്പേ മേല് കഴുകി നിലവിളക്ക് കൊളുത്തി. രാമനാമ ജപവും കഴിഞ്ഞു അച്ഛനുമായി കുറച്ചു കത്തിയും വെച്ച് ഉറങ്ങാൻ കിടന്നു.. പതിവുപോലെ പുലർച്ചെ എഴുന്നേറ്റു കുളിച്ച് ക്ഷേത്രത്തിലേക്ക് പോയി.ഭഗവതിയുടെ തിരുനടയിൽ മനസ് അർപ്പിച്ചു. “നല്ലൊരു കാര്യത്തിനായി പോവുകയാണ് തടസങ്ങളൊന്നും വരുത്തരുത്” ഭഗവതിയെ തൊഴുത് വീട്ടിലേക്ക് മടങ്ങി. വഴിയരുകിൽ ശിവദിനെ തിരെഞ്ഞെങ്കിലും കണ്ടില്ല.ആശ്വാസമായി.. രാവിലെ അച്ഛനുമായി കോളേജിലേക്ക് പോയി. അഡ്മിഷനെല്ലാം ശരിയാക്കി ഉച്ചയോടെ മടങ്ങിയെത്തി.

രണ്ടു ദിവസം കൂടി കഴിഞ്ഞു ക്ലാസ് തുടങ്ങും. മലയാളമാണ് പ്രധാന വിഷയമായി തിരഞ്ഞെടുത്തത്.കുറച്ചു എഴുത്തിന്റെയും വരയുടെയും വട്ടുണ്ടെനിക്ക്.എല്ലാം മുറിക്കുള്ളിലെ നാലു ചുവരുകളിൽ നിന്ന് അപ്പുറം പോയിട്ടില്ല. രണ്ടു ദിവസം പെട്ടെന്ന് കടന്നുപോയി.അന്നും പതിവ് തെറ്റിക്കാതെ ക്ഷേത്രദർശനം നടത്തി.ശിവദിനെ അന്നും കണ്ടില്ല. “ആളെ കുറച്ചു ദിവസമായല്ലോ കണ്ടിട്ട്.എന്ത് പറ്റിയതാണാവോ?” മനസിൽ പതിവില്ലാതെ ചെറിയൊരു വേദന. ഹേയ് ഞാനെന്തിനാ അതൊക്കെ ഓർക്കണത്.മനസിനെ ശ്വാസിച്ചു. അച്ഛനുളള ഭക്ഷണം തയ്യാറാക്കി വെച്ചിട്ട് മരുന്നും ഏൽപ്പിച്ചു. കഴിക്കേണ്ട സമയവും വിധവും പറഞ്ഞു കൊടുത്തു. എന്നിട്ട് അച്ഛന്റെ അനുഗ്രഹവും വാങ്ങി കോളേജിലേക്ക് പോയി.

പുതിയ അന്തരീക്ഷം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.ഒരുപാട് ഫ്രണ്ട്സിനെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചു. മൈൻഡ് ഫ്രീ ആയതുപോലെ.. ക്ലാസിലേക്ക് പഠിപ്പിക്കാൻ പ്രൊഫസറായൊരു ചെറുപ്പക്കാരനാണു എത്തിയത്. ഞാൻ ഞെട്ടിപ്പോയി.. “ശിവദ്.. കുറച്ചു ദിവസം മുമ്പ് എന്നെ പ്രൊപ്പോസൽ ചെയ്ത ആൾ..മുന്നിലെ നിരയിൽ ആയതിനാൽ എനിക്ക് മുഖം ഒളിപ്പിക്കാൻ കഴിഞ്ഞില്ല.. പെട്ടെന്ന് സാറിന്റെ ശ്രദ്ധ എന്നിലായി.നാലു മിഴികളും പരസ്പരമൊന്ന് കോർത്തു.ആ മുഖത്ത് പെട്ടെന്ന് പുഞ്ചിരിയും അത്ഭുതവും വിടർന്നതോടെ ഞാൻ കണ്ണുകൾ പിൻ വലിച്ചു. സാറ് എനിക്ക് അരികിലേക്കാണ് വരുന്നതെന്ന് മനസിലായതോടെ എന്റെ നെഞ്ചിടിപ്പും രക്തയോട്ടവും വർദ്ധിച്ചു. ഒപ്പം ഭയവും സംഭ്രമവും തോന്നി.ശിരസ് കുനിച്ച് ഞാൻ അങ്ങനെ ഇരുന്നു…. (തുടരും)

അവന്തിക: ഭാഗം 1

Share this story