ശ്രാവണം- ഭാഗം 3

ശ്രാവണം- ഭാഗം 3

” ഹലോ ………. ലത ടീച്ചറല്ലേ …. ” മറുവശത്ത് കാൾ എടുത്തതും ഉദയൻ ചോദിച്ചു …. ” അതേ …. ആരാണ് ….. ” ” ഉദയകുമാർ ആണ് .. പായ്പ്പാടി സ്കൂളിലുണ്ടായിരുന്ന …..” അയാൾ പരിചയപ്പെടുത്തി … ” അഹാ …. സുഖമാണോ … എന്തൊക്കെയുണ്ട് വിശേഷം …..” ലത ടീച്ചർ സന്തോഷത്തോടെ ചോദിച്ചു … കുശലാന്വേഷണങ്ങൾക്കൊടുവിൽ ഉദയൻ വിളിച്ച കാര്യം പറഞ്ഞു … ” ഞങ്ങൾ മോൾക്ക് പ്രപ്പോസൽസ് നോക്കുന്നുണ്ട് .. അന്ന് ടീച്ചർ ഒരു കാര്യം പറഞ്ഞിരുന്നല്ലോ … അതാ വിളിച്ചത് ….”

” അയ്യോ …. സർ ….. സർ പിന്നെ അതിനെ കുറിച്ച് ഒന്നും പറയാതിരുന്നത് കൊണ്ട് , ഞങ്ങളവന് മറ്റൊരു അലയൻസ് നോക്കി .. അത് ഏതാണ്ട് ഉറപ്പിച്ചിരിക്യാ…. ” ലത ടീച്ചർ പറഞ്ഞു … ” ഓ … ഒക്കെ … സാരമില്ല .. ഞങ്ങൾ അവൾക്ക് പ്രപ്പോസൽസ് നോക്കുന്നത് കൊണ്ട് ഒന്ന് വിളിച്ചു എന്നേയുള്ളു … ” പക്ഷെ ലതക്ക് വലിയ വിഷമമായി .. ” കുറച്ചു കൂടി മുന്നേ ആയിരുന്നെങ്കിൽ …….” ലത വിഷണ്ണയായി പറഞ്ഞു … ” ഏയ് … അത് സാരമില്ല ടീച്ചർ … വിധിച്ചതേ നടക്കൂ …..” ഉദയൻ ചിരിച്ചു … ” എന്നാലും നമ്മുടെ കുടുംബങ്ങൾ ബന്ധുക്കളാകുന്നതായിരുന്നു നല്ലത് …

ശരിക്കും ഇപ്പഴാ വിഷമം കൂടിയത് .. സാറ് വിളിച്ചില്ലായിരുന്നെങ്കിൽ ഇത്രേം തോന്നില്ലായിരുന്നു ….. എനിക്ക് ശ്രാവന്തി മോളെ വലിയ ഇഷ്ടമായിരുന്നു …. ” ലത ടീച്ചർ മനസിലുള്ളത് തുറന്നു പറഞ്ഞു …. ” ആ .. ഇനിയിപ്പോ പോട്ടെ ടീച്ചറെ …. ” ഉദയൻ പറഞ്ഞു … കോൾ അവസാനിപ്പിച്ചിട്ട് ഉദയൻ കാര്യങ്ങൾ ചന്ദികയോട് വിശദീകരിച്ചു … അവർക്കും വിഷമമായിപ്പോയി … ” ഇനിയിപ്പോ നമുക്ക് ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിടാം …… ” ഉദയൻ പറഞ്ഞു …..

ഫോൺ കട്ട് ചെയ്തിട്ട് ലത ടീച്ചർ ഉമ്മറത്തേക്ക് ചെന്നു … അവിടെ അവരുടെ ഭർത്താവ് സദാശിവനുണ്ടായിരുന്നു … ലത ടീച്ചർ ഒരു ചെയർ വലിച്ചിട്ട് സദാശിവന്റെ അടുത്തിരുന്നു … ” സദുവേട്ടാ ….. നമ്മുടെ ഉദയൻ സാർ വിളിച്ചിരുന്നു …..” ” ആഹാ …. എന്താ വിശേഷിച്ച് …” ” ശ്രാവന്തിയുടെ പ്രപ്പോസലുമായിട്ടാ വിളിച്ചത് …. ” സദാശിവൻ ലതയെ നോക്കി … ” നീ കാര്യം പറഞ്ഞില്ലേ …….” സദാശിവൻ ചോദിച്ചു … ” പറഞ്ഞു .. ” ” എന്താ ഒരു വിഷമം …..” ” ഏയ് …. നമ്മൾ കുറച്ചു കൂടി കാത്തിരിക്കേണ്ടതായിരുന്നു … ഇതിപ്പോ ….. ”

” ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ …..” സദാശിവനും ചെറിയൊരു നിരാശ തോന്നി .. ” എല്ലാം കൊണ്ടും നല്ല കുടുംബം … നമുക്കറിയുന്നവരും … കഷ്ടമായി പോയി ….” ലതക്ക് ഓർക്കും തോറും വിഷമം കൂടി വന്നു …. ” താനത് വിട് … ഓരോടുത്തർക്കും ഓരോ ആൾക്കാരെ വിധിച്ചിട്ടുണ്ട് … അതേ നടക്കു ……” സദാശിവൻ ലതയെ സമാധാനിപ്പിച്ചു …. ലത മൗനമായി ഇരുന്നു … ” ഞാനൊരു കാര്യം പറയട്ടെ സദുവേട്ടാ ….” കുറേ നേരത്തെ ആലോചനക്ക് ശേഷം ലത ചോദിച്ചു … ” എന്താണ് …..?” സദാശിവൻ ലതയെ നോക്കി … ”

നമുക്ക് ജിഷ്ണുവിന് വേണ്ടി ശ്രാവന്തിയെ ആലോചിച്ചാലോ …..?” സദാശിവൻ ലതയുടെ മുഖത്തേക്ക് നോക്കി … ” അത് വേണോ ലതേ … എല്ലാം അറിഞ്ഞു കൊണ്ട് നമ്മൾ ……? ” സദാശിവൻ ചോദിച്ചു … ” അതിനുമാത്രമൊന്നുമില്ലല്ലോ … വിവാഹം കഴിയുമ്പോ ഒക്കെ ശരിയായിക്കോളും … ” ” എന്നാലും …. നാളെയൊരു കാലത്ത് ഉദയൻ നമ്മളെ കുറ്റപ്പെടുത്താനിടവന്നാൽ ….. ” ” അങ്ങനെയൊന്നും വരില്ല സദുവേട്ടാ …. ” ” എന്നാലും ….. ” ” ഒരെന്നാലുമില്ല …. നമ്മൾ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ ,

എല്ലാം ശരിയാകും … ഞാൻ നോക്കിയിട്ട് ശ്രാവന്തി തന്നെയാ അതിന് ഏറ്റവും നല്ലത് … ഞാൻ ലതിക ചേച്ചിയെ വിളിച്ചൊന്നു സംസാരിക്കട്ടെ … എനിക്കെന്തോ ആ കുട്ടിയെ വിട്ടുകളയാൻ തോന്നുന്നില്ല …. ” പറഞ്ഞിട്ട് ലത തിടുക്കത്തിൽ അകത്തു പോയി ഫോണെടുത്തു കൊണ്ട് വന്നു … ഫോൺ കോൺടാക്ടിൽ നിന്ന് ചേച്ചി എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് ലത വിളിച്ചു … ” ചേച്ചി .. ഞാൻ നമ്മുടെ ജിഷ്ണുവിന് ഒരു പ്രപ്പോസലുമായിട്ടാ വിളിക്കുന്നത് …” മറുവശത്ത് കോളെടുത്തതും ലത മുഖവുരയില്ലാതെ ചേച്ചിയോട് പറഞ്ഞു …

” ചേച്ചിക്ക് എന്തു പറ്റിയമ്മേ… ഞാൻ ചെന്നു വിളിച്ചതിന് എന്നോട് തട്ടിക്കയറി ….” ശിവാനി കിച്ചണിലേക്ക് വന്ന് , ചന്ദ്രികയോട് പരാതി പറഞ്ഞു … ” നീ വെറുതെ അവളെ ശല്ല്യം ചെയ്യാൻ നിൽക്കണ്ട … യൂണിഫോം മാറ്റി ,കുളിച്ചിട്ട് പോയിരുന്ന് പഠിക്കാൻ നോക്ക് …” എണ്ണയിൽ മൂപ്പിച്ച ഉഴുന്നു വട കോരി തോരാൻ വച്ചു കൊണ്ട് ചന്ദ്രിക പറഞ്ഞു …. ശ്രാവന്തിയുടെ അനുജത്തിയാണ് ശിവാനി .. അവൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് … ശ്രാവന്തിയും അവളും തമ്മിൽ ആറേഴ് വയസിന്റെ വ്യത്യാസമുണ്ട് … അവൾ ഓടിച്ചെന്ന് ,

ഒരു ഉഴുന്നു വട കൈക്കലാക്കി … ” ശിവാ … പോയി കുളിച്ചിട്ട് വാ…. ” ചന്ദ്രിക താക്കീത് കൊടുത്തു … ” എന്താണ് അമ്മയും മകളും കൂടിയൊരു കശപിശ …..” ഉദയനും അങ്ങോട്ടു വന്നു … ” ഉഴുന്നു വട എടുത്തതിന് എന്നെ വഴക്ക് പറയുവാ അച്ഛാ .. ” ശിവ ചുണ്ടുകൂർപ്പിച്ചു പരാതി പറഞ്ഞു …. ” അതെന്തിനാടി നീ ഉഴുന്നുവട എടുത്തതിന് എന്റെ കൊച്ചിനെ വഴക്ക് പറഞ്ഞത് …” ഉദയൻ ശിവയുടെ പക്ഷം പിടിച്ച് ചോദിച്ചു … ” ഒന്ന് പോ ഉദയേട്ടാ .. ഉദയേട്ടനാ ഇവളെ വഷളാക്കുന്നത് … വട എടുത്തതിനാണോടി ഞാൻ വഴക്കു പറഞ്ഞത് …..”

ചന്ദ്രിക ശിവയെ നോക്കി കണ്ണുരുട്ടി …. ” ആ ..ആ നീ ഇനി എന്റെ മോളെ കൂടുതൽ ഭീഷണിപ്പെടുത്തണ്ട… ഒരു ഉഴുന്നുവട എടുക്കുന്നത് ക്രിമിനൽ കുറ്റമാണോ ഈ പഞ്ചായത്തിൽ … അല്ലേ മോളെ ….” ” അച്ഛാ …. ഓവറാക്കി ചളമാക്കല്ലേ …. ” ശിവ ഉദയനോട് ചേർന്നു നിന്നു പറഞ്ഞു … അപ്പോഴേക്കും ഉദയന്റെ ഫോൺ ശബ്ദിച്ചു … ഉച്ചക്ക് വിളിച്ച നമ്പറാണ് .. ലത ടീച്ചറിന്റേത് … ” ആ ലത ടീച്ചറാ വിളിക്കുന്നേ … ” പറഞ്ഞു കൊണ്ട് ഉദയൻ ഫോണെടുത്തു … ചന്ദ്രികയും കാതോർത്തു .. ” ആ ടീച്ചറേ പറ ….” ഉദയൻ പറഞ്ഞു … ” ആഹാ … അതേയോ …. പയ്യൻ എന്ത് ചെയ്യുന്നു …… ”

” ടീച്ചറിന്റെ സ്വന്തം ചേച്ചിയുടെ മകനല്ലെ … നമുക്ക്‌ നോക്കി കളയാം ….” ” അതിനെന്താ … ശ്രാവന്തിയുടെ ജാതകം ഞാനിപ്പോ തന്നെ വാട്സപ്പ് ചെയ്യാം …..” ” ഉവ്വ് … മോള് ലീവിന് വന്നിട്ടുണ്ട് … ഒരു മൂന്നാല് ദിവസം കാണുകയും ചെയ്യും … ” ” അതിനെന്താ .. ജാതകം ചേരുമെങ്കിൽ , അവൾ പോകുന്നതിന് മുൻപ് തന്നെ പെണ്ണുകാണൽ നടത്താം … ഞങ്ങൾക്ക് വിരോധമൊന്നുമില്ല …..” ഉദയൻ ചിരിയോടെ പറഞ്ഞു .. ചന്ദ്രിക ആകാംഷയോടെ എന്താണെന്ന് ഉദയനോട് ചോദിച്ചു … ‘ പറയാം ‘ എന്നയാൾ ആംഗ്യം കാട്ടി …. ”

ആ ശരി …. നമ്പർ കൊടുത്തേക്കു …. ” ” ശരി … ശരി …..” ഉദയൻ ഫോൺ കട്ട് ചെയ്തിട്ട് ചന്ദ്രികയെ നോക്കി …. ” ലത ടീച്ചറിന് നമ്മുടെ മോളെ നല്ലോണം ബോധിച്ചിട്ടുണ്ട് … സ്വന്തം മകനുമായിട്ട് നടക്കാത്തത് കൊണ്ട് ടീച്ചറിന്റെ സ്വന്തം ചേച്ചിയുടെ മകന് വേണ്ടി ആലോചിച്ചിരിക്കുകയാ …. ” ഉദയൻ ചിരിയോടെ പറഞ്ഞു .. ” ശ്രാവി ചേച്ചീടെ കല്ല്യാണക്കാര്യമാണോ അച്ഛാ പറയുന്നേ … ” ശിവ ചോദിച്ചു … ” അതേ …..” ഉദയൻ അവളെ നോക്കി തലയാട്ടി …. ” അപ്പോ പ്രവീണേട്ടൻ …? ” അവൾ സംശയിച്ചു …. അത് കേട്ടതും ഉദയന്റെയും ചന്ദ്രികയുടെയും മുഖം മങ്ങി … അൽപ സമയത്തിനു ശേഷം ,

ഉദയൻ ശിവയുടെ തോളിൽ ചേർത്തു പിടിച്ചു … ” അവൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു …. ” ” അയ്യോ …. അതെന്താ അച്ഛാ അങ്ങനെ …..” ” ചിലരങ്ങനെയാണ് മോളെ ….” ” പ്രവീണേട്ടൻ ചേച്ചിയെ തേച്ചല്ലേ …..” അവൾ ചോദിക്കുന്നത് കേട്ട് ഉദയനും ചന്ദ്രികയും പരസ്പരം നോക്കി … അവളെത്ര ലാഘവത്തോടെയാണ് അത് പറയുന്നത് … ” തേക്കലോ .. ഒട്ടിക്കലോ … എന്തായാലും ആ ബന്ധം അവസാനിച്ചു … ഇനിയൊരിക്കലും ആ പേര് നമ്മുടെയാരുടേയും നാവിൽ നിന്ന് വീഴാൻ പാടില്ല … ശ്രാവന്തിയുമായി ആ പേരിന് ഇനി യാതൊരു ബന്ധവുമില്ല … അച്ഛൻ പറഞ്ഞത് ശിവക്ക് മനസിലായോ …” ഉദയൻ ചോദിച്ചു … ഉവ്വെന്ന് അവൾ തലയാട്ടി … ”

ഉദയേട്ടൻ ആ പ്രപ്പോസലിന്റെ കാര്യം പറ ….” ” ലത ടീച്ചറിന്റെ ചേച്ചീടെ മകനാ കക്ഷി ….” ” പയ്യൻ എന്ത് ചെയ്യുന്നു …? ” കൂടുതൽ കേൾക്കാൻ നിൽക്കാതെ ശിവാനി തുളളിച്ചാടി അപ്പുറത്തേക്ക് പോയി … അവൾ വന്ന് നോക്കുമ്പോൾ ശ്രാവന്തി കണ്ണാടിയിലേക്ക് നോക്കി , നിസംഗയായി നിൽക്കുകയായിരുന്നു … ശിവാനി ഓടിച്ചെന്ന് അവളെ ചുറ്റിപ്പിടിച്ചു … വട്ടം കറക്കി വലിച്ചു .. ” ആ … എന്താ ശിവാ ഇത് ……” ശ്രാവന്തി കുതറി …. അവൾ പിടി വിട്ടു …. ” പെണ്ണേ … പെണ്ണേ … നിൻ കല്ല്യാണമായ് ….. പൊന്നും മിന്നും നിൻ മുത്താരമായി … മണിമാരനാര് മൈനേ … മണവാട്ടിയാര് മൈനേ……” ശിവാനി അവൾക്കു ചുറ്റും വട്ടം ചുറ്റി പാട്ട് പാടി നൃത്തം ചെയ്തു ….. ( തുടരും )

ശ്രാവണം- ഭാഗം 4

Share this story