ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ മിനി. 2026ൽ ഇന്ത്യയിലെ വിൽപ്പന ഏകദേശം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യമായി പൂർണ ഇലക്ട്രിക് മോഡലായ മിനി കൂപ്പർ എസ്‌ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
2025ൽ 730 കാറുകളാണ് മിനി ഇന്ത്യയിൽ വിറ്റഴിച്ചത്. 2026ന്റെ ആദ്യ ആറുമാസത്തിൽ 504 കാറുകൾ വിറ്റഴിച്ച് 70 ശതമാനം വളർച്ച നേടാനും കമ്പനിക്ക് കഴിഞ്ഞു. ഈ വർഷം വിൽപ്പനയിൽ 70 മുതൽ 100 ശതമാനം വരെ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
53.90 ലക്ഷം രൂപയാണ് പുതിയ ഇലക്ട്രിക് മിനി കൂപ്പർ എസ്‌ഇയുടെ എക്സ്ഷോറൂം വില. 54.2 kWh ബാറ്ററിയുള്ള വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ WLTP മാനദണ്ഡപ്രകാരം 402 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
ആദ്യഘട്ടത്തിൽ മിനിയുടെ ആകെ വിൽപ്പനയുടെ 15 മുതൽ 20 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിൽ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വിൽക്കുന്നത്. ഉടൻ പ്രാദേശികമായി നിർമിക്കാൻ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോൾ മോഡലായ കൺട്രിമാൻ സി പ്രാദേശികമായി അസംബിൾ ചെയ്യുന്നതും പുതിയ മോഡലുകളുടെ വരവും വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിലൂടെ ആഡംബര കാർ വിഭാഗത്തിൽ മിനിയുടെ സാന്നിധ്യം ശക്തമാക്കാനാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ നീക്കം.