{"vars":{"id": "89527:4990"}}

എംകെ കണ്ണന് കോടികളുടെ സ്വത്ത്, വൻ ഡീലിംഗുകളാണ് നേതാക്കൾ നടത്തുന്നത്; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം
 

 

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. 

സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കൻമാരാണ്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. വലിയ വലിയ ഡീലേഴ്‌സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്

അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്നയാളാണ് എ സി മൊയ്തീൻ. ഏരിയാ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് 25,000ത്തിന് മുകളിലാകും. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണെന്നും ശബ്ദസംഭാഷണത്തിൽ പറയുന്നു. അതേസമയം സംഭാഷണം അഞ്ച് വർഷം മുമ്പുള്ളതാണെന്നാണ് ശരത് പ്രസാദ് പറയുന്നത്.