തിരുവനന്തപുരം: ചലച്ചിത്ര നിർമാണരംഗത്ത് പുതുവഴി തുറന്ന് മലയാളത്തിലെ ആദ്യ സമ്പൂർണ നിർമിതബുദ്ധി (എഐ) സിനിമയായ ‘വാഗ്ദത്തഭൂമി’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും വാർത്താസമ്മേളനവും നാളെ (നവംബർ 30) രാവിലെ 9.30ന് തമ്പാനൂര്‍ കെഎസ്എഫ്ഡി സിയുടെ ലെനിൻ സിനിമാസിൽ നടക്കും. ചാലക്കുടി ആസ്ഥാനമായ വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി ഷൈജു വാലപ്പൻ നിർമിച്ച് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ചിത്രത്തിന് 72 മിനിറ്റാണ് ദൈർഘ്യം. പരമ്പരാഗത ചിത്രീകരണരീതികളോ അഭിനേതാക്കളുടെ നേരിട്ടുള്ള പ്രകടനമോ ഇല്ലാതെയാണ് ഇന്ത്യൻ സിനിമയിലെതന്നെ ശ്രദ്ധേയമായ ഈ പരീക്ഷണം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ദൃശ്യങ്ങളും കഥാപാത്രങ്ങളുമെല്ലാം പൂർണമായും എഐ സാങ്കേതികവിദ്യയിലൂടെയാണ് സൃഷ്ടിച്ചത്. കേരളത്തിലെ മലയോര ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന് ഭൂമിയോടും ഓർമകളോടും വേരുകളോടുമുള്ള ആത്മബന്ധമാണ് ‘വാഗ്ദത്തഭൂമി’യുടെ പ്രമേയം. പുതുതലമുറയുടെ വിദേശ കുടിയേറ്റം, പൂർവികരുടെ ഓർമകൾ നിറഞ്ഞ ജന്മനാടിനോടുള്ള വൈകാരികബന്ധം, പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം എന്നിവ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
പ്രത്യേക പ്രദർശനത്തിൽ കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. രാജ്മോഹൻ പിള്ള,കരുനാഗപള്ളി എംഎല്‍എ സി.ആര്‍ മഹേഷ് , സി.പി.ഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍, ഐടി വിദഗ്ധയും പീസ് സോഫ്റ്റ്‌വെയർ സിഇഒയുമായ ഗീതു ശിവകുമാർ , കെഎസ്ഐഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനില്‍ മുഹമ്മദ് എന്നിവർ പങ്കെടുക്കും. പ്രദർശനത്തിനുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ നിർമാതാവ് ഷൈജു വാലപ്പനും സംവിധായകൻ സിദ്ദിഖ് പറവൂരും സിനിമയുടെ നിർമാണവിശേഷങ്ങളും സാങ്കേതിക വെല്ലുവിളികളും പങ്കുവയ്ക്കും.