{"vars":{"id": "89527:4990"}}

വീട്ടിൽ ബീഫ് പാകം ചെയ്തു; ഉത്തർപ്രദേശിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

 

ലക്‌നൗ: ഉത്തർപ്രദേശിൽ വീട്ടിൽ ബീഫ് പാകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ കൗശാമ്പിയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടമ്മമാരായ മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ സ്ത്രീകൾക്കെതിരെ സംസ്ഥാനത്തെ ഗോവധ നിരോധന നിയമപ്രകാരം (Prevention of Cow Slaughter Act) കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

​സംഭവസ്ഥലത്തുനിന്ന് ഒരു കിലോ വീതം പാകം ചെയ്തതും അല്ലാത്തതുമായ മാംസം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്തത് ബീഫ് ആണെന്നും തങ്ങളുടെ കുടുംബാംഗങ്ങളാണ് ഇത് പുറത്തുനിന്ന് എത്തിച്ചതെന്നും സ്ത്രീകൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

​പൊലീസ് റെയ്ഡിനിടെ വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സ്ത്രീകളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.