ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹം കഴിച്ചവർ വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരത്തിൽ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നത് ഇന്ത്യൻ നിയമം സെക്ഷൻ 494 പ്രകാരം ശിക്ഷാർഹമാണെന്നും 7 വർഷം വരെ തടവു ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര , ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
ഇന്ത്യയിൽ ജനിച്ചു വളർന്ന് വിവാഹം കഴിച്ച യുകെ പൗരത്വമുള്ള എൻ. ശ്രീധർ റെഡ്ഡി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ തന്നെ രണ്ടാമത് വിവാഹം കഴിച്ചതിന്‍റെ പേരിൽ സെക്ഷൻ 494 പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചത്. താൻ യുകെ പൗരനാണെന്നും കേംബ്രിഡ്ജ് കോടതി തനിക്ക് ആദ്യ ഭാര്യയായ എൻ. ഗീത പ്രശാന്തിയിൽ നിന്ന് വിവാഹമോചനം നൽകിയെന്നുമുള്ള വാദം കോടതി തള്ളി.
ഇന്ത്യയിൽ വച്ചു നടന്ന വിവാഹമായതിനാൽ ഇന്ത്യൻ നിയമപ്രകാരമാണ് വിവാഹമോചനം നേടേണ്ടതെന്നും കേംബ്രിഡ്ജ് കോടതിയുടെ വിധി കണക്കിൽ എടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യയുമായി ഒത്തു പോകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിലുള്ള കുടുംബകോടതിയെയാണ് റെഡ്ഡി ആദ്യം സമീപിച്ചത്. അനുകൂല ഉത്തരവ് ലഭിക്കാഞ്ഞതിനെത്തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ പിന്നീട് അപ്പീൽ പിൻവലിക്കുകയായിരുന്നു. അതിനു ശേഷമാണ് വിദേശ കോടതിയിൽ ഹർജി സമർപ്പിച്ച് വിവാഹമോചനം നേടിയത്.