{"vars":{"id": "89527:4990"}}

കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും ചീഞ്ഞ മുട്ടയും വിതരണം ചെയ്തു; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്.എസ്.എസ്.എ.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്

 

ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ദ്രുത വിതരണ ശൃംഖലയായ 'സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്' (Swiggy Instamart) ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യോത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തെന്ന വ്യാപക പരാതികളെത്തുടർന്നാണ് നടപടി.

​കാലാവധി കഴിഞ്ഞ പ്രോട്ടീൻ പൗഡറുകൾ, ചീഞ്ഞ മുട്ടകൾ, കേടായ പാൽ, ഗുണനിലവാരമില്ലാത്ത ശിശുഭക്ഷണം, പൂപ്പൽ ബാധിച്ച റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്തതായി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

പ്രധാന കണ്ടെത്തലുകളും പരാതികളും:

ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ: വിതരണം ചെയ്ത പല ഭക്ഷ്യവസ്തുക്കളും അഴുകിയ നിലയിലായിരുന്നുവെന്നും മോശം ഗന്ധം വമിച്ചിരുന്നുവെന്നും ഉപഭോക്താക്കൾ പരാതിയിൽ പറയുന്നു.

ലൈസൻസ് ലംഘനം: സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില ബ്രാൻഡുകൾക്ക് കൃത്യമായ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പരാതി പരിഹാരത്തിലെ വീഴ്ച: ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെടുമ്പോൾ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം കേവലം പണം റീഫണ്ട് ചെയ്ത് പ്രശ്നം ഒതുക്കിതീർക്കാൻ കമ്പനി ശ്രമിച്ചതായും നോട്ടീസിൽ വ്യക്തമാക്കുന്നു.

​നിശ്ചിത സമയത്തിനകം കൃത്യമായ വിശദീകരണവും തുടർനടപടികളുടെ റിപ്പോർട്ടും സമർപ്പിച്ചില്ലെങ്കിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.