ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മുസ്താഫാബാദ് സ്വദേശി സമീർ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനുനേരെ വെടിയുതിർക്കുകയായിരുന്നു. 20 റൗണ്ടോളം വെടിവച്ചതായാണ് വിവരം. പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തുണ്ടാകുന്ന നാലാമത്തെ സമാന സംഭവമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കേന്ദ്രമന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ വെടിവയ്പ്പ് ഗുരുതര സുരക്ഷാവീഴ്ചയാണെന്നുള്ള ആരോപണവും ശക്തമാവുകയാണ്. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.