ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിനും അവധി അനുവദിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി (Paternity Leave) അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി. തമിഴ്‌നാട്ടിൽ ആദ്യമായാണ് പുരുഷ സർക്കാർ ജീവനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നത്.
വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറുമാസത്തിനുള്ളിലോ 15 ദിവസത്തെ അവധി പ്രയോജനപ്പെടുത്താം.
പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിൽ പിതാവിന്റെ പങ്ക് പ്രധാനമാണെന്ന് സർക്കാർ വ്യക്തമാക്കി. കുഞ്ഞിന്റെ ആദ്യകാല പരിചരണത്തിലും കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതിലും പിതാവിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
പുരുഷ ജീവനക്കാർക്ക് പിതൃത്വ അവധി അനുവദിക്കണമെന്ന ആവശ്യം സർക്കാർ ജീവനക്കാരിൽനിന്ന് ഉയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. പിതൃത്വ അവധി കൂടി അനുവദിച്ചതോടെ കേരളം, സിക്കിം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് തമിഴ്‌നാടും എത്തി.