ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും ചേരും. ഡിസംബർ 3 വരെ ഇരുസഭകളുടെയും നടപടികൾ തുടർന്നേക്കുമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
അത്യാവശ്യ സർക്കാർ നടപടികൾ പരിഗണിക്കുന്നതിനായാണ് സഭകൾ വീണ്ടും ചേരാൻ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും ഇതിനായി സർക്കാർ അഭ്യർഥിച്ചതായി കിരൺ റിജിജു വ്യക്തമാക്കി. ഡിസംബർ 3ന് ഇരുസഭകളുടെയും സമ്മേളനം അവസാനിച്ചേക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വനിതാ സംവരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും മണ്ഡല പുനർനിർണയ ബില്ലും പ്രത്യേക സമ്മേളനത്തിൽ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.