{"vars":{"id": "89527:4990"}}

നീറ്റ് പരീക്ഷയിൽ നിർണായക മാറ്റങ്ങളുമായി എൻടിഎ; പരീക്ഷാ സമയം 3 മണിക്കൂർ 15 മിനിറ്റാക്കി ഉയർത്തി

 

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET-UG) പരീക്ഷാ സമയത്തിൽ മാറ്റം വരുത്തി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA). വിദ്യാർഥികൾക്ക് ആശ്വാസമായി പരീക്ഷാ സമയം 15 മിനിറ്റ് കൂടി വർധിപ്പിച്ചു. ഇതോടെ ആകെ പരീക്ഷാ സമയം 3 മണിക്കൂർ 15 മിനിറ്റ് (195 മിനിറ്റ്) ആയിരിക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5:15 വരെയായിരിക്കും നടക്കുക.

​പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജർ രേഖപ്പെടുത്തൽ, ഒപ്പിടൽ തുടങ്ങിയ ഔദ്യോഗിക നടപടികൾ കാരണം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുന്നു എന്ന പരാതികൾ പരിഗണിച്ചാണ് NTA-യുടെ ഈ പുതിയ തീരുമാനം.

മറ്റ് പ്രധാന മാറ്റങ്ങൾ:

റഫ് വർക്കിനായി കൂടുതൽ പേജുകൾ: ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്ക് (Rough Work) ചെയ്യാനുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്നും നാലായി ഉയർത്തി.

പുതിയ ബുക്ക്‌ലെറ്റ് ഘടന: ഇടംകൈയ്യൻമാരായ (Left-handed) വിദ്യാർഥികൾക്ക് ഉൾപ്പെടെ എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിന് ചോദ്യപേപ്പറിന്റെ ഘടനയിൽ മാറ്റം വരുത്തി. ഇൻസ്ട്രക്ഷൻ പേജിന് തൊട്ടുപിന്നാലെ രണ്ട് പേജുകളും, ബുക്ക്‌ലെറ്റിന്റെ അവസാനം രണ്ട് പേജുകളും റഫ് വർക്കിനായി നൽകും.

​പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യവും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടില്ലാത്തതുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് NTA വ്യക്തമാക്കി.