{"vars":{"id": "89527:4990"}}

എൽപിജി സിലിണ്ടർ കൈകാര്യം ചെയ്യൽ എളുപ്പമാക്കാൻ എണ്ണക്കമ്പനികൾ; 10 കിലോയുടെ സിലിണ്ടറുകൾ വാണിജ്യ മേഖലയിലേക്കും വ്യാപിപ്പിക്കാൻ നീക്കം

 

ന്യൂഡൽഹി: ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ 10 കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിതരണം വിപുലമാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പരിമിതമായ തോതിൽ ലഭ്യമാകുന്ന ഈ സിലിണ്ടറുകൾ, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ വാണിജ്യ ആവശ്യങ്ങൾക്കായി വിപണിയിലെത്തിക്കാനാണ് കമ്പനികളുടെ നീക്കം.

​വലിയ 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ എടുക്കാനും കൊണ്ടുപോകാനും ബുദ്ധിമുട്ടാണെന്ന ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനാണ് ഈ പുതിയ നീക്കം. ഭാരം കുറഞ്ഞതും (Composite) ആധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ചതുമായ ഈ 10 കിലോ സിലിണ്ടറുകൾ സാധാരണ സ്റ്റീൽ സിലിണ്ടറുകളേക്കാൾ 50 ശതമാനത്തോളം ഭാരം കുറഞ്ഞവയാണ്. അതിനാൽ ഉയർന്ന കെട്ടിടങ്ങളിലേക്കും മറ്റും ഇവ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.

​വലിയ വാണിജ്യ സിലിണ്ടറുകൾ സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ള ചെറുകിട ഹോട്ടലുകൾ, തട്ടുകടകൾ, കഫേകൾ എന്നിവർക്കും, കൂടാതെ കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വാടകയ്ക്ക് താമസിക്കുന്നവർ എന്നിവർക്കും ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും. വാണിജ്യ എൽപിജി നിരക്കിലായിരിക്കും ഗ്യാസ് ഏജൻസികൾ വഴിയും തെരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഇവ ലഭ്യമാക്കുക. നിലവിൽ വിപണിയിലുള്ള 19 കിലോ, 5 കിലോ, 2 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെയായിരിക്കും ഈ 10 കിലോ സിലിണ്ടറുകളും ലഭ്യമാവുക.