ചെന്നൈ: തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾ. കോടതിയലക്ഷ്യ ഹർജി നൽകാനാണ് തീരുമാനം. അതേസമയം, ദീപത്തൂണിൽ ദീപം തെളിക്കാത്ത നടപടിയെ ന്യായീകരിച്ച് ക്ഷേത്രം ട്രസ്റ്റ് രംഗത്ത് വന്നു. ഒറ്റക്കെട്ടായുള്ള തീരുമാനമാണെന്നും, ആചാരമല്ലെന്നുമാണ് വിശദീകരണം. ക്ഷേത്രത്തിന്റെ സവിശേഷമായ ആചാരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.
തിരുപ്പറങ്കുൻറം മലയ്ക്കു മുകളിൽ ദീപം തെളിയിക്കാമെന്ന് ആദ്യം ഉത്തരവിട്ടതും മധുര ബഞ്ച് ജസ്റ്റിസ് ജി ആർ സ്വാമിനാഥനായിരുന്നു. ഹിന്ദു സംഘടനകൾ ദീപസ്തംഭം എന്നും തമിഴ്നാട് സർക്കാർ ബ്രിട്ടീഷുകാരുടെ സർവ്വേക്കല്ല് എന്നും വിളിയ്ക്കുന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നതിലാണ് വിവാദം. ബ്രിട്ടീഷ് സർക്കാരിന്റെ സർവേ കല്ലെന്ന് പറയുന്ന വിളക്ക് സ്തംഭത്തിൽ ഇതുവരെ ദീപം തെളിയിച്ചിട്ടില്ല.
ക്ഷേത്രത്തിൽ സാധാരണയായി എല്ലാ വർഷവും തെളിയിക്കുന്നതുപോലെ മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അറിയിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടർ നിശാന്ത് കൃഷ്ണ കോടതിയിലും അറിയിച്ചതായിരുന്നു.