{"vars":{"id": "89527:4990"}}

മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു; 11 കാരൻ മരിച്ചു: നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

 

മുംബൈ: മുംബൈ ചെമ്പൂരിൽ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് റോഡരികിലെ മരം സ്കൂൾ ബസിന് മുകളിലേക്ക് കടപുഴകി വീണ് 11 വയസുകാരൻ മരിച്ചു. നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. യൂണിവേഴ്സൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ വിഹാൻ ശ്രീവാസ്തവ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.

​ചെമ്പൂരിലെ റോഡ് നമ്പർ 11-ലൂടെ 12 വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസിന് മുകളിലേക്കാണ് വൻ പീപ്പൽ (അരയാൽ) മരം വീണത്. അപകടത്തിന് പിന്നാലെ ബസിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടികളെ ബസ് കണ്ടക്ടറും പ്രദേശവാസികളും ചേർന്നാണ് പുറത്തെടുത്തത്.

​പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ സെൻ (Zen) ആശുപത്രിയിൽ എത്തിച്ചു. നാല് കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ വിഹാൻ ശ്രീവാസ്തവയെ നാലരയോടെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.