ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് 365 സേവനങ്ങളെ ബാധിച്ച വൻ സാങ്കേതിക തടസ്സം 20 മണിക്കൂർ പിന്നിടുമ്പോൾ, സേവനങ്ങൾ വീണ്ടെടുക്കുന്നതിൽ ‘ആശാവഹമായ പുരോഗതി’ (encouraging recovery progress) ഉണ്ടായതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഔട്ട്ലുക്ക് (Outlook), മൈക്രോസോഫ്റ്റ് ടീംസ് (Teams), കോപൈലറ്റ് (Copilot), വൺഡ്രൈവ് (OneDrive) തുടങ്ങിയ സേവനങ്ങളെയാണ് വ്യാഴാഴ്ച ആരംഭിച്ച ഈ തടസ്സം പ്രധാനമായും ബാധിച്ചത്.
കെട്ടിക്കിടക്കുന്ന ഇമെയിലുകൾ നഷ്ടപ്പെടാതെ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഇമെയിൽ ടൈംഔട്ട് പരിധി (email timeout window) 48 മണിക്കൂറായി നീട്ടിയിട്ടുണ്ട്. എങ്കിലും, സെർവറുകളിൽ കുടുങ്ങിക്കിടക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായി വിതരണം ചെയ്യുന്നതിന് ഇനിയും സമയമെടുത്തേക്കാമെന്നും ചിലയിടങ്ങളിൽ ഇമെയിലുകൾ ലഭിക്കാൻ നേരിയ കാലതാമസം തുടരാൻ സാധ്യതയുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ഇന്ത്യയടക്കം 70-ലധികം രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും വിമാനക്കമ്പനികളെയും സ്വകാര്യ ഓഫീസുകളെയും ഈ തടസ്സം സാരമായി ബാധിച്ചിരുന്നു. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണങ്ങളൊന്നും തന്നെയില്ലെന്നും സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്നും മൈക്രോസോഫ്റ്റ് എക്സിലൂടെ (X) അറിയിച്ചു