ന്യൂഡൽഹി: രാജ്യത്ത് കാൻസർ ചികിത്സ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുപ്രധാന നടപടികൾ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു.
”ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭ്യമാകുന്നതിന് സാമ്പത്തിക ശേഷി ഒരിക്കലും ഒരു തടസ്സമാകരുത്” എന്ന് ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ (X) കുറിച്ചു. കാൻസർ പ്രതിരോധ മരുന്നുകളുടെ വില കുറയ്ക്കുന്നത് മുതൽ ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നത് വരെയുള്ള കാര്യങ്ങളിലൂടെ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇന്ത്യ കൈക്കൊള്ളുന്ന നിർണ്ണായക നീക്കങ്ങളാണ് ലേഖനത്തിൽ എടുത്തുകാണിക്കുന്നത്.
രാജ്യത്തുടനീളമുള്ള കാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ നവീകരണവും മരുന്നുകളുടെ വില നിയന്ത്രണവും വഴി സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടാണ് നദ്ദ തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നത്.