കീവ്: റഷ്യയ്ക്കുള്ളിലെ എണ്ണ കേന്ദ്രങ്ങൾക്കും സൈനിക വ്യവസായ സ്ഥാപനങ്ങൾക്കും വ്യോമതാവളങ്ങൾക്കും നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിലെ 11 മേഖലകളിലും കരിങ്കടൽ മേഖലയിലുമായി യുക്രൈൻ പ്രതിരോധ സേന ആക്രമണം നടത്തിയെന്നാണ് സെലൻസ്കിയുടെ വെളിപ്പെടുത്തൽ.
സമാറ, നിഷ്നി നോവ്ഗൊറോഡ്, ക്രാസ്നോദർ, റോസ്തോവ്, വോൾഗോഗ്രാഡ്, സ്റ്റാവ്രോപോൾ, ബ്രയാൻസ്ക്, പെർം, തുല എന്നീ മേഖലകളിലും ബഷ്കോർട്ടോസ്ഥാൻ, ടാറ്റർസ്ഥാൻ റിപ്പബ്ലിക്കുകളിലുമാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, യുദ്ധപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് കേന്ദ്രങ്ങൾ, സൈനിക വ്യോമതാവളങ്ങൾ, വിമാനങ്ങൾ എന്നിവയാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളായതെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യ നടത്തുന്ന ഓരോ ആക്രമണത്തിനും യുക്രൈൻ അർഹമായ രീതിയിൽ തിരിച്ചടി നൽകുകയാണെന്നും ആക്രമണങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്ന പ്രതിരോധ സേനയെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്റെ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന നടപടികളെ ‘കൈനറ്റിക് ഉപരോധങ്ങൾ’ എന്നും സെലൻസ്കി വിശേഷിപ്പിച്ചു.
യുദ്ധം അവസാനിപ്പിക്കാനും സംഘർഷം കുറയ്ക്കാനും റഷ്യയ്ക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടും യുദ്ധം തുടരാനാണ് റഷ്യ തീരുമാനിച്ചതെന്ന് സെലൻസ്കി ആരോപിച്ചു. റഷ്യ യുദ്ധം അവസാനിപ്പിച്ച് സമാധാനം തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രൈൻ പ്രസിഡന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരമാണ് ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളോ ഓരോ കേന്ദ്രത്തിലുമുണ്ടായ ആഘാതമോ സംബന്ധിച്ച സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല.