വാഷിങ്ടൺ: യുഎസ് വ്യോമസേനയുടെ സുപ്രധാന ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ ക്ലൗഡ് വൺ (Cloud One) ഹാക്കർമാർ കൈയേറിയതായി റിപ്പോർട്ട്. സൈനിക നീക്കങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, സൈനിക ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നിരിക്കാമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിലെ വിവിധ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ക്ലൗഡ് വണ്ണിലേക്ക് കൂടുതൽ ആപ്ലിക്കേഷനുകൾ മാറ്റുന്നതിനുള്ള നടപടികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
സംഭവത്തിൽ അമേരിക്കൻ സൈന്യത്തിന്റെ സൈബർ വിഭാഗമായ യുഎസ് സൈബർ കമാൻഡിനെ അന്വേഷണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഉപയോക്താക്കളുടെ അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.
2017ൽ ആരംഭിച്ച ക്ലൗഡ് വൺ, മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ആൽഫബെറ്റ് എന്നീ കമ്പനികളുടെ ക്ലൗഡ് സേവനങ്ങൾ സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ശമ്പളം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, ലോജിസ്റ്റിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകൾ ഇതിന്റെ ഭാഗമാണ്.
ഹാക്കർമാർ ആരാണെന്നോ എത്രത്തോളം സംവിധാനങ്ങളിൽ കടന്നുകയറിയെന്നോ വ്യക്തമായിട്ടില്ല. വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. അമേരിക്കൻ വ്യോമസേന സംഭവത്തെക്കുറിച്ച് പ്രത്യേക പ്രതികരണം നടത്തിയിട്ടില്ല. സൈനിക സംവിധാനങ്ങളുടെയും വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് സേനയുടെ വിശദീകരണം.