ബെർലിൻ: യുക്രെയ്‌നിൽ മാത്രം ഒതുങ്ങുന്നതല്ല റഷ്യയുടെ ലക്ഷ്യമെന്നും യൂറോപ്പിന്റെ സുരക്ഷയ്ക്ക് റഷ്യ വലിയ ഭീഷണിയാണെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് മുന്നറിയിപ്പ് നൽകി. ജർമൻ പാർലമെന്റിൽ 2027ലെ ബജറ്റ് ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാൾട്ടിക് മേഖല, പോളണ്ട്, കരിങ്കടൽ, ബഹിരാകാശ മേഖല എന്നിവിടങ്ങളിൽ റഷ്യ സംഘർഷം വർധിപ്പിക്കുകയാണെന്ന് മെർസ് ആരോപിച്ചു. ജർമനിക്കുള്ളിലും റഷ്യയുടെ നീക്കങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയെ നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമായ അതിരുകൾ നിശ്ചയിക്കണമെന്നും പ്രതിരോധ മേഖല ശക്തിപ്പെടുത്തണമെന്നും മെർസ് ആവശ്യപ്പെട്ടു. യുക്രെയ്‌നെ പിന്തുണയ്ക്കുന്നത് യൂറോപ്പിന്റെ സ്വന്തം സുരക്ഷ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ അഞ്ച് മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് മെർസിന്റെ പ്രസ്താവന.