യൂറോപ്പിൽ റഷ്യൻ ബന്ധമുള്ള അട്ടിമറി പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടമരണത്തിന് ഇടയാക്കുന്ന വലിയ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) പുറത്തുവിട്ട റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിലയിരുത്തൽ.
2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ യൂറോപ്പിലെ റഷ്യൻ അട്ടിമറി സംഭവങ്ങൾ 16 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തീവെപ്പ്, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയവയുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായതായും റിപ്പോർട്ടിലുണ്ട്.
യൂറോപ്പിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളാണ് ഇത്തരം നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. റെയിൽവേ, ഗതാഗത ശൃംഖലകൾ, ഊർജമേഖല, പ്രതിരോധ വ്യവസായങ്ങൾ എന്നിവയ്ക്കുനേരെയാണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത്. രേഖപ്പെടുത്തിയ സംഭവങ്ങളിൽ പകുതിയിലധികവും നിർണായക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ജർമനിയും പോളണ്ടും ഭാവിയിലും കൂടുതൽ ലക്ഷ്യമിടപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നിലേക്കുള്ള സൈനിക സഹായത്തിന്റെ പ്രധാന ഗതാഗത-വിതരണ കേന്ദ്രങ്ങളാണ് ഈ രാജ്യങ്ങൾ.
റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഇടനിലക്കാരും സംഘങ്ങളുമാണ് പല അട്ടിമറി നീക്കങ്ങൾക്കും പിന്നിലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇവരിൽ ചിലർ കൂടുതൽ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ളവരായി മാറിയതായും ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ ഇത്തരം ആക്രമണങ്ങളിൽ വലിയ തോതിലുള്ള ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വലിയ ദുരന്തത്തിന് വഴിവെച്ചേക്കാമെന്നാണ് IISS മുന്നറിയിപ്പ്. യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായ സുരക്ഷാ നയം രൂപീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. റഷ്യക്കെതിരായ ആരോപണങ്ങൾ മോസ്കോ നിഷേധിച്ചിട്ടുണ്ട്.