നിനക്കായ്‌ : PART 9

നിനക്കായ്‌ : PART 9

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” ആഹ് അമ്മേ ”
ഉറങ്ങിക്കിടന്ന അനഘയിൽ നിന്നുമൊരു നിലവിളി ഉയർന്നു. സ്റ്റെയർകേസ് കയറി മുകളിലേക്ക് വരികയായിരുന്ന വിമല ഓടി മുറിയിലേക്ക് വരുമ്പോൾ ബെഡിലിരുന്ന് അടിവയറ്റിൽ കൈകളമർത്തിപ്പിടിച്ച് നിലവിളിക്കുകയായിരുന്നു അനഘ.

” അയ്യോ മോളേ എന്താ എന്തുപറ്റി ? ”
ബെഡിലേക്ക് വന്നിരുന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് വിമല ചോദിച്ചു.

” എനിക്ക് വയ്യമ്മേ വയറ് വേദനിക്കുന്നു. അടിവയറ്റിലെന്തോ കൊളുത്തി വലിക്കുന്നപോലെ ”

വിമലയുടെ കൈകളിൽ അമർത്തിപ്പിടിച്ച് കൊണ്ട് അനഘ പറഞ്ഞു. കണ്ണീരാൽ അവളുടെ മുഖം നനഞ്ഞിരുന്നു. വിമലയുടെ മുഖത്തും പരിഭ്രമം നിഴലിച്ചിരുന്നു.

” ചേട്ടാ ഒന്നോടി വാ ”

വിമലയുടെ നിലവിളി കേട്ട് വിശ്വനാഥൻ സ്റ്റെപ്പ് കയറി മുകളിലേക്ക് ഓടി.

” എന്താ എന്തുപറ്റി ? ”

കിതച്ചുകൊണ്ട് മുറിയുടെ മുന്നിലെത്തി അകത്തേക്ക് നോക്കി അയാൾ ചോദിച്ചു.

” മോൾക്ക് പെയിൻ തുടങ്ങിയെന്ന് തോന്നുന്നു. വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകണം ”

കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിമല പറഞ്ഞു. അനഘയുമായി ട്രാഫിക്കിനെ വകവയ്ക്കാതെ കാർ മുന്നോട്ട് നീങ്ങുമ്പോഴും അവളിൽ നിന്നും ദയനീയമായ നിലവിളികൾ ഉയർന്നുകൊണ്ടിരുന്നു. ഹോസ്പിറ്റൽ ക്യാഷ്വാലിറ്റിക്ക് മുന്നിലേക്ക് കാർ പ്രവേശിക്കുമ്പോഴേക്കും സ്ട്രക്ചറുമായി കാത്തുനിന്നിരുന്നവർ അനഘയുമായി അകത്തേക്ക് ഓടി.

ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അജയ്യുടെ ഫോൺ റിങ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞ വിശ്വനാഥന്റെ പേര് കണ്ട് അവൻ പെട്ടന്ന് ഫോൺ എടുത്ത് ചെവിയിൽ ചേർത്തു.

” എന്താ അച്ഛാ …? ”

” മോനേ അനഘ മോൾക്ക് പെട്ടന്ന് പെയിൻ വന്നു. ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് ”

അവന്റെ ചോദ്യത്തിന് മറുപടിയായി മറുവശത്ത് നിന്നും വിശ്വനാഥന്റെ പരിഭ്രമം കൊണ്ട് വിറയ്ക്കുന്ന സ്വരം കേട്ടു.

” ഞാനിപ്പോ വരാം അച്ഛാ ”

പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്ത് ധൃതിയിൽ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ഡ്രൈവ് ചെയ്യുമ്പോഴും അനഘയുടെ ഓർമ്മയിൽ അവന്റെ ശരീരം വിറച്ചു. അവന്റെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.

” അച്ഛാ അവൾക്കിപ്പോ…. ”

ഓപറേഷൻ തിയേറ്ററിന്റെ മുന്നിലേക്ക് ഓടിയെത്തിക്കൊണ്ട് വിശ്വനാഥന്റെ നേരെയുള്ള അജയ്യുടെ ചോദ്യം മുഴുമിപ്പിക്കും മുന്നേ വാതിൽ തുറക്കപ്പെട്ടു.

” അനഘയുടെ ആരുണ്ട് ? ”

പുറത്തേക്ക് വന്ന നേഴ്സിന്റെ ചോദ്യം കേട്ട് അജയ്യും വിശ്വനാഥനും അങ്ങോട്ട് ചെന്നു.

” ഹസ്ബൻഡ് ആണോ ? ”

ആകാംഷയും വെപ്രാളവും നിറഞ്ഞ അജയ്യുടെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.

” അതേ ”

വിറയ്ക്കുന്ന സ്വരത്തിൽ അവൻ പറഞ്ഞു.

” അനഘയുടെ ഡെലിവറി കുറച്ച് കോംപ്ലിക്കേറ്റഡാണ്. സിസേറിയൻ വേണ്ടി വരും. ഈ പേപ്പറിൽ ഒന്നൊപ്പിട്ടേക്കൂ ”

കുറേ പേപ്പറുകളും ഒരു പേനയും അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തുകൊണ്ട് നേഴ്സ് പറഞ്ഞു.

” എന്റെ മഹാദേവാ… എന്റെ കുഞ്ഞുങ്ങളേ തിരിച്ചുതരണേ ”

അത് കേട്ടതും കണ്ണീരോടെയുള്ള വിമലയുടെ സ്വരം അജയ്ടെ കാതിൽ വന്നലച്ചു. ഓപ്പറേഷന് സമ്മതിച്ചു കൊണ്ടുള്ള സമ്മതപത്രത്തിൽ ഒപ്പ് വയ്ക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ കൈകൾ വിറച്ചിരുന്നു. വീണ്ടും ഓപറേഷൻ തിയേറ്ററിന്റെ വാതിലടഞ്ഞു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങി. എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു.

മണിക്കൂറുകൾക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരും ആകാംഷയോടെ അങ്ങോട്ട്‌ നോക്കി. നിറപുഞ്ചിരിയോടെ പുറത്തേക്ക് വന്ന നഴ്സിന്റെ കയ്യിലിരുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ അജയ്ടെ കയ്യിലേക്ക് വച്ച് കൊടുക്കുമ്പോൾ ചിരിയോടെ അവർ പറഞ്ഞു..

” പെൺകുട്ടിയാണ് ”

എല്ലാവരിലും പുഞ്ചിരി നിറഞ്ഞുനിന്നു. ഇളം റോസ് നിറത്തിലുള്ള ആ പിഞ്ചു കാൽപാദങ്ങളിൽ ചുണ്ട് ചേർക്കുമ്പോൾ അജയ്ടെ കണ്ണുകളിൽ നീർപൊടിഞ്ഞിരുന്നു.

” സിസ്റ്റർ അനഘയ്ക്ക്…. ”

കുഞ്ഞിനെ ഗീതയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അജയ് ചോദിച്ചു.

” കുഴപ്പമൊന്നുമില്ല വാർഡിലേക്ക് മാറ്റുമ്പോൾ കാണാം. ”

ചിരിയോടെ പറഞ്ഞുകൊണ്ട് അവർ വീണ്ടും അകത്തേക്ക് കയറിപ്പോയി.

” അജിത്തേട്ടൻ വന്നിട്ടൊരുപാട് നേരമായോ ? ”

ഓഫീസ് ഗേറ്റ് കടന്ന് വീണയ്ക്കൊപ്പം പുറത്തേക്ക് വന്ന അഭിരാമി അജിത്തിനടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

” കുറച്ചുനേരമായി ”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് അവൻ പറഞ്ഞു.

” ബൈ ഡാ നാളെ കാണാം ”

ബൈക്കിലേക്ക് കയറുമ്പോൾ വീണയ്ക്ക് നേരെ കൈ വീശിക്കാണിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” ഇന്ന് കുറച്ച് ഓവർ വർക്ക് ഉണ്ടായിരുന്നു അതാ ലേറ്റായത്. ”

അവളത് പറയുമ്പോൾ അവൻ വെറുതേ ഒന്ന് മൂളുക മാത്രം ചെയ്തു. ഇരുട്ട് പരന്ന് തുടങ്ങിയ റോഡിലൂടെ പോകുന്ന ബൈക്കിലിരിക്കുമ്പോൾ തണുത്ത കാറ്റടിച്ച് പാറിപറന്ന മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ട് അഭിരാമി അവനോട്‌ ഒന്നുകൂടി ചേർന്നിരുന്നു. പെട്ടന്നാണ് അജിത്തിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. അവൻ വേഗം വണ്ടി സൈഡിലേക്കൊതുക്കി നിർത്തി ഫോൺ എടുത്ത് ചെവിയിൽ വച്ചു.

” ആഹ് അച്ഛാ വരുന്നു. അഭിയിറങ്ങാൻ കുറച്ച് ലേറ്റായി ഇപ്പോ എത്തും ”

” ആഹാ എങ്കിൽ ഞങ്ങൾ നേരെ അങ്ങോട്ട് വരാം . ശരിയച്ഛാ . ”

പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു.

” എന്താ അജിത്തേട്ടാ… ”

അവന്റെ തോളിൽ താടി വച്ചുകൊണ്ടിരുന്ന അഭിരാമി ചോദിച്ചു.

” അച്ഛനാ ഏടത്തി പ്രസവിചെന്ന്. പെൺകുട്ടിയാ ”

അവളെ നോക്കി നിറഞ്ഞ ചിരിയോടെ അജിത്ത് പറഞ്ഞു. അഭിരാമിയുടെ മുഖവും വെട്ടിത്തിളങ്ങി. അഭിരാമിയുമായി അജിത്ത് ഹോസ്പിറ്റലിലെത്തുമ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും അനഘയെ റൂമിലേക്ക് മാറ്റിയിരുന്നു.

” ആഹ് നിങ്ങളെത്തിയോ ? ”

മുറിക്ക് മുന്നിലെത്തിയ അവരെ കണ്ടതും ചിരിയോടെ വിമല ചോദിച്ചു. അതുകേട്ട് അഭിരാമിയും ഒന്ന് പുഞ്ചിരിച്ചു.

” അഭിചേച്ചി വാവേ നോക്കിക്കെ ”

അനഘയുടെ അടുത്ത് ബെഡിൽ കിടത്തിയിരുന്ന കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന അനു വിളിച്ചത് കേട്ട് അഭിരാമി അങ്ങോട്ട് ചെന്നു. ആ കുഞ്ഞ് നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ അവളുടെ ഉള്ളിൽ വാത്സല്യം നുരഞ്ഞുപൊങ്ങി. ഒൻപത് മണിയോടെ ഗീതയും വിമലയുമൊഴിച്ച് എല്ലാവരും ഹോസ്പിറ്റലിൽ നിന്നുമിറങ്ങി. അരവിന്ദനും വിശ്വനാഥനും അനുവും അജയ്ക്കൊപ്പം കാറിലും അഭിരാമി അജിത്തിനൊപ്പം ബൈക്കിൽ തന്നെയുമായിരുന്നു യാത്ര.

” എന്താടീ ഉണ്ടക്കണ്ണീ ഒരു റൊമാന്റിക് മൂഡ് ? ”

ഇരുട്ടിനെ കീറി മുറിച്ച് ബൈക്ക് മുന്നോട്ട് നീങ്ങുമ്പോൾ തന്റെ വയറിൽ ചുറ്റിപ്പിടിച്ച് ചേർന്നിരിക്കുന്ന അവളോടായി ചിരിയോടെ അജിത്ത് ചോദിച്ചു.

” ഇതെന്റെയൊരു സ്വപ്നമായിരുന്നു അജിത്തേട്ടാ . ഇങ്ങനെയൊരു ബൈക്ക് യാത്ര ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്. ”

അവനോട് ചേർന്നിരുന്ന് അഭിരാമിയത് പറയുമ്പോൾ അവളുടെ ചൂട് നിശ്വാസം അജിത്തിന്റെ പിൻകഴുത്തിലടിച്ചു.

” ഇതൊക്കെ നേരത്തെ പറയണ്ടേ. എന്നാൽ നമുക്കീ വണ്ടി നേരെ വല്ല ഊട്ടിക്കോ കൊടൈക്കനാലിനോ വിട്ടാലോ? നമുക്ക് പോയി ഒരാഴ്ച ഒന്ന് കറങ്ങിയടിച്ച് വരാം. ”

ഒരു ചെറുചിരിയോടെ അജിത്ത് പറഞ്ഞു.

” അയ്യടാ ഒരാഴ്ച മതിയോ ? ”

അവന്റെ താടിയിൽ പിടിച്ച് വലിച്ചുകൊണ്ട് അഭിരാമി ചോദിച്ചു.

” നിനക്കോക്കേയാണെങ്കിൽ ഒരാഴ്ചയല്ല ഒരു മാസമായാലും ഞാൻ ഹാപ്പി ” അജിത്ത് പറഞ്ഞു.

” അയ്യോടാ മോഹം കൊള്ളാമല്ലോ. തല്ക്കാലം പൊന്നുമോൻ വണ്ടി വിട് ”
” ഏഹ് ഊട്ടിക്കോ ? ”

അവൾ പറഞ്ഞത് കേട്ട് പെട്ടന്ന് ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

” അയ്യടാ ഊട്ടിക്ക് പോകാൻ റെഡിയായി നിക്കുവാണല്ലോ . തല്ക്കാലം വീട്ടിലേക്ക് പോകാൻ നോക്ക്. ”

അവന്റെ പുറത്ത് മൃദുവായിട്ട് ഇടിച്ചുകൊണ്ട് ചിരിയോടെ അവൾ പറഞ്ഞു.

” എവിടെടീ നിന്റെ അഭിചേച്ചി ? ”

ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ അങ്ങോട്ട് വന്ന അനുവിനെ നോക്കി താല്പര്യമില്ലാത്തത് പോലെ അജിത്ത് ചോദിച്ചു.

” ഓഹ് എന്റഭിചേച്ചിയോ ? അപ്പൊ ഏട്ടന്റെ ആരുമല്ലല്ലേ ? ”

അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ഊറിയ ചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ട് അജിത്തിന്റെ മുഖം വിളറി വെളുത്തു.

” പിന്നേ അവളെന്റെ അമ്മൂമ്മയല്ലേ ഒന്ന് പോടീ ഉണ്ടത്തക്കിടി ”

പറഞ്ഞുകൊണ്ട് രക്ഷപെടാനുള്ള വെപ്രാളത്തിൽ മുകളിലേക്ക് പോകാനെഴുന്നേറ്റ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് അവൾ സോഫയിലേക്ക് തന്നെ ഇരുത്തി.

” സത്യം പറ അജിത്തേട്ടാ ഏട്ടന് അഭിചേച്ചിയെ ഇഷ്ടമല്ലേ ? ”

അവനോട് ചേർന്നിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി അവൾ വീണ്ടും ചോദിച്ചു.

” ഇഷ്ടമല്ല മാങ്ങാത്തൊലി ഒന്ന് പോയിക്കിടന്നുറങ്ങ് പെണ്ണേ. ” അജിത്ത് പറഞ്ഞു.

” ഓഹ് ഓഹ് ഞാൻ കാണുന്നുണ്ട് ഒരേ കളർ ഡ്രസ്സിടുന്നു , അമ്പലത്തിൽ പോകാത്ത ആള് അമ്പലത്തിൽ പോണു , ഉറക്കത്തിൽ സ്വപ്നം കാണുന്നു എന്തൊക്കെയാണോ എന്തോ ”

എങ്ങോട്ടോ നോക്കിയിരുന്ന് അവനെ പാളി നോക്കിയിരുന്നുള്ള അവളുടെ പറച്ചിൽ കണ്ട് അജിത്ത് തലക്ക് കയ്യും കൊടുത്തിരുന്നു.

” എന്റെ പൊന്ന്മോളല്ലേ നാറ്റിക്കരുത്. ഇതിനി നോട്ടീസടിച്ച് എല്ലാർക്കും വിതരണം ചെയ്യരുത് പ്ലീസ് …. ”

അവളുടെ നേരെ നോക്കി കൈ കൂപ്പിക്കോണ്ട് അവൻ പറഞ്ഞു.

” ആഹ് ആലോചിക്കാം. പക്ഷേ , എന്നെ വേണ്ട പോലെ കാണേണ്ടി വരും ”

പറഞ്ഞുകൊണ്ട് ചിരിയോടെഅവൾ മുകളിലേക്ക് നടന്നു.

” ദൈവമേ… ഈ കുരിപ്പെന്റെ പോക്കറ്റ് കീറും ”

അവളുടെ പോക്ക് നോക്കിയിരുന്ന അജിത്ത് ആരോടെന്നില്ലാതെ മുകളിലേക്ക് നോക്കിപ്പറഞ്ഞു.

” അതേ അപ്പോ നാളെ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരും വഴി ബീച്ചിൽ പോയാലോ ? ”

അവൻ പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്ന് അനു ചോദിച്ചു. വേറെ വഴിയില്ലാതെ അജിത്ത് തല കുലുക്കി.
കാലത്ത് നല്ല മഴയുണ്ടായിരുന്നത് കൊണ്ട് അജിത്ത് എണീക്കുമ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു. പുറത്ത് വരുമ്പോൾ അഭിരാമിയുടെ മുറി തുറന്ന് കിടന്നിരുന്നു.

” ഇവളിതെങ്ങോട്ട് പോയി ? ”

മനസ്സിലോർത്തുകൊണ്ട് അവൻ പതിയെ താഴേക്ക് നടന്നു. അനുവിന്റെയും അജയ്ടെയും മുറികൾ അടഞ്ഞ് കിടന്നിരുന്നു. അച്ഛൻ മഴകൂടി ഉള്ളത് കൊണ്ട് വയലിലേക്ക് പോയിട്ടുണ്ടാകുമെന്ന് തീർച്ചയായിരുന്നു. പതിയെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അഭിരാമി തിരിഞ്ഞുനിന്ന് എന്തോ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു.

” ആഹാ അടുക്കള ഭരണമൊക്കെയങ്ങ് ഏറ്റെടുത്തോ ? ”

അവളുടെ പിന്നിൽ ചെന്നുനിന്നുകൊണ്ട് അവൻ ചിരിയോടെ ചോദിച്ചു. തിരിഞ്ഞുനോക്കിയ അഭിരാമി അവനെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് വേഗം ഒരു ഗ്ലാസ്‌ ചായ എടുത്ത് അവന് നേരെ നീട്ടി.

” ഇതെന്തുവാടീ കാടിവെള്ളമോ? ”

ചായ ഒന്ന് മൊത്തിക്കുടിച്ച് അവളെയൊന്ന് ശുണ്ഠി പിടിപ്പിക്കാനായി അവൻ ചോദിച്ചു.

” കുടിയൻമാർക്ക് അങ്ങനൊക്കെ തൊന്നും ”

അവനെ നോക്കി ചുണ്ട് കോട്ടിക്കാണിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” ആരാടീ ഒണക്കക്കൊള്ളീ കുടിയൻ ? ”
ചോദിച്ചുകൊണ്ട് അജിത്തവളുടെ അടുത്തേക്ക് ചെന്നു. അവൾ പതിയെ പിന്നിലേക്ക് നീങ്ങി ഒടുവിൽ പിന്നിലെ ഭിത്തിയിലിടിച്ച്‌ നിന്നു. അവനവളോടടുക്കും തോറും അഭിരാമിയുടെ ശ്വാസോച്വാസം വേഗതയിലായി. അവളുടെ നനുത്ത ചുണ്ടുകൾ വിറച്ചു. ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു. മൂക്കിൻതുമ്പ് ചുവന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

Share this story