പ്രണവപല്ലവി: PART 4

പ്രണവപല്ലവി: PART 4

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

അച്ഛൻ ആരോട് ചോദിച്ചിട്ടാ അവർക്ക് വാക്ക് കൊടുത്തത്.
എന്റെ ജീവിതം ആണ് ഞാനാണ് ഡിസൈഡ് ചെയ്യേണ്ടത് അത് ആർക്കൊപ്പം വേണമെന്നുള്ളത്. എന്റെ ഓഫീസിലെ വെറുമൊരു ജോലിക്കാരിയാണ് അവൾ.
ആ അവളെ… ശേ.. പ്രണവ് കൈ ആഞ്ഞിടിച്ചു.
ഉള്ളിലെ സംഘർഷത്തിന്റെ ഭാഗമെന്നോണം സ്വതവേ വെളുത്ത അവന്റെ മുഖം ചുവന്നു.

പ്രദീപിന്റെ തീരുമാനം രമ്യയടക്കം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.
കൃഷ്ണവാര്യരുടെ മുഖത്ത് അപ്പോൾ തെളിഞ്ഞ ആശ്വാസഭാവം മകളെ നാണക്കേടിൽ നിന്നും കരകയറ്റാമെന്നായിരുന്നു.
അല്ലെങ്കിലും അങ്ങനൊരു അവസ്ഥയിൽ ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പ്രദീപിന്റെ തീരുമാനത്തെ ഇരുകൈനീട്ടി സ്വീകരിക്കാൻ മാത്രമേ അയാളിലെ അച്ഛന് ആകുമായിരുന്നുള്ളൂ.
പാർവതിയിലും ആശ്വാസഭാവമാണ് തെളിഞ്ഞത്.
മരണത്തിനെ മുഖാമുഖം കണ്ട മകളാണ്. ഇനിയവൾക്ക് നല്ലൊരു ജീവിതം ലഭിക്കുമോയെന്ന പേടി.. അതിലുപരി ഇനിയും അവളെന്തെങ്കിലും അവിവേകം പ്രവർത്തിക്കുമോയെന്ന ഉൽകണ്ഠ. അതിൽ നിന്നെല്ലാം ഒരു മോചനമായിരുന്നു അവർക്കിത്.
എന്നാൽ പല്ലവിക്ക് ഭയമായിരുന്നു.
പ്രണവിന്റെ മുഖത്ത് തെളിഞ്ഞുകണ്ട ദേഷ്യമാണ് അവളുടെ മനസ്സിൽ നിറഞ്ഞു നിന്നതും. പക്ഷേ അച്ഛന്റെയും അമ്മയുടെയും മുഖത്ത് തെളിഞ്ഞ ആശ്വാസം അതിലുപരി അച്ഛന്റെ കണ്ണുനീർ.. സാധാരണ പെൺകുട്ടി ആയ പല്ലവിക്ക് മൗനം അണിയുവാനേ കഴിഞ്ഞുള്ളു.

ഇന്ദീവരത്തിലെ പ്രദീപ്‌ വർമ്മയാണ് വാക്ക് നൽകിയതെങ്കിൽ അതേ നടക്കുള്ളൂ പ്രണവ്. മക്കൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകി തന്നെയാണ് ഞാൻ നിങ്ങളെ വളർത്തിയത്. എന്റെ നാല് മക്കളെയും ഓർത്ത് അച്ഛനെന്ന നിലയിൽ അഭിമാനിക്കുന്നുമുണ്ട്.
ആ അഭിമാനം തകരാൻ നീ കാരണമാകരുത്… പ്രദീപിന്റെ ശബ്ദം ഉറച്ചതായിരുന്നു.

അപ്പോൾ എന്റെ നന്ദുവോ.. ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ ഞാൻ മറക്കാനോ. നോ.. ഇമ്പോസ്സിബിൾ.. പ്രണവും മറുപടി നൽകി.

അതേ.. നീ സ്നേഹിക്കുന്ന പെണ്ണ്.. നിന്നെ സ്നേഹിക്കുന്ന അല്ല. ഇന്നലെ സംഭവം നടന്ന് ഇത്രയും സമയത്തിനിടെ നന്ദനയുടെ കാൾ ഏതെങ്കിലും നിന്നെ തേടി വന്നിരുന്നോ. നീ ഒരുപാട് അവളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചല്ലോ.. അവൾ വിശ്വസിക്കാൻ തയ്യാറായോ.
പണം അത് ഇതുവരെയും അച്ഛൻ നോക്കിയിട്ടില്ല മോനേ. പക്ഷേ അഭിമാനം. അത് വിട്ട് കളിക്കില്ല പ്രദീപ്‌.
മാന്യമായി പെരുമാറാനോ വസ്ത്രം ധരിക്കാനോ കഴിവില്ലാത്ത പെണ്ണിനെയാണല്ലോ എന്റെ മകന് സ്നേഹിക്കാൻ കിട്ടിയത്.
അന്തസ്സിലും അഭിമാനത്തിലും മുന്നിലുള്ള കുടുംബം തന്നെയാണ് ചെമ്പഴി ഇല്ലം.
പ്രണവിന്റെ ഭാര്യയായി ഇന്ദീവരത്തിന്റെ പടി ചവിട്ടുന്നുണ്ടെങ്കിൽ അത് പല്ലവി ആയിരിക്കും.. പ്രദീപ്‌ തന്റെ തീരുമാനം അറിയിച്ചു.

അച്ഛന് ആദ്യം മുതൽക്കേ നന്ദുവിനെ ഇഷ്ടമല്ല. അവളുടെ പിണക്കം അത് മാറാവുന്നതേയുള്ളൂ. അച്ഛൻ അച്ഛന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എനിക്ക് വലുത് എന്റെ ജീവിതം തന്നെയാണ്.
പ്രണവ് പറഞ്ഞു.

എങ്കിൽ നിനക്ക് പോകാം. എനിക്ക് മക്കൾ മൂന്നാളെ ഉള്ളുവെന്ന് ഞാൻ കരുതും. പ്രദീപ്‌ തന്റെ തീരുമാനത്തിൽ നിന്നും അണുവിട വ്യതിചലിച്ചില്ല.

പ്രദീപേട്ടാ.. ശാസന കലർന്ന സ്വരത്തിൽ കണ്ണുനീരോടെ രമ്യ വിളിച്ചു.

ഇന്നുവരെ കളിചിരികൾ മാത്രം ഉയർന്നു കേട്ട വീടാണ് ഇന്നലെ മുതൽ മൂകതയും വഴക്കും കൈയടക്കിയതെന്നവർ വേദനയോടെ ഓർത്തു.

പ്രത്യഷും പ്രരുഷും അതേ അവസ്ഥയിലായിരുന്നു.

അച്ഛാ… അച്ഛൻ എന്നെയൊന്ന് മനസ്സിലാക്കാൻ ശ്രമിക്ക്.. പ്ലീസ്.. പ്രണവിന്റെ മിഴികൾ നിറഞ്ഞിരുന്നു.

അതുകണ്ട് നെഞ്ചിൽ സൂചി കുത്തിയിറങ്ങുന്ന വേദന അയാൾക്ക് തോന്നി. എങ്കിലും തന്റെ മകന്റെ ഭദ്രമായ ജീവിതമോർത്ത് താനിപ്പോൾ തളരാൻ പാടില്ലെന്ന് അയാൾ ഉറപ്പിച്ചു.

നിന്റെ കൂടെ നിന്നെ വിശ്വസിച്ച് മീറ്റിംഗിന് ഇറങ്ങി പുറപ്പെട്ട ഒരു പെൺകുട്ടിയുടെ അഭിമാനം സംരക്ഷിക്കാൻ ആയോ നിനക്ക്. അവളിന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടക്കുന്നത് നീ കൂടി കാരണമല്ലെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ എന്റെ മോന്..
പ്രദീപിന്റെ ചോദ്യങ്ങൾക്ക് പ്രണവിന്റെ പക്കൽ ഉത്തരമില്ലായിരുന്നു.

എന്നാലും ഞാനീ ബന്ധത്തിന് സമ്മതിക്കില്ല. നന്ദന.. അവളെ ഞാൻ ചതിക്കില്ല. പ്രണവ് ഉറപ്പിച്ചു പറഞ്ഞു.

വീണ്ടും നന്ദന.. ഈ നന്ദന ഇപ്പോൾ നിന്നെയോർത്ത് കണ്ണുനീരൊഴുക്കി വീട്ടിൽ അല്ല മോനേ ഇരിക്കുന്നത് അവളുടെ കൂട്ടുകാരോടൊപ്പം എൻജോയ് ചെയ്യുകയായിരിക്കും. അയാൾ പറഞ്ഞു.

ശരി.. പോയി നോക്ക് നീ നന്ദനയെ. ഞാൻ പറഞ്ഞത് സത്യമല്ലെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം. അല്ലെങ്കിൽ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്ത പ്രദീപ് വർമ്മയുടെ മരണമായിരിക്കും നാളെ എല്ലാവരും കേൾക്കുന്നത്..
തനിക്ക് പറയാനുള്ളത് വ്യക്തമായി അറിയിച്ചശേഷം പ്രദീപ്‌ മുകളിലെ റൂമിലേക്ക് കയറിപ്പോയി.

പറഞ്ഞാൽ അതുപോലെ പ്രവർത്തിക്കുന്ന ഭർത്താവിന്റെ സ്വഭാവം നന്നായി അറിയാവുന്ന രമ്യ തറഞ്ഞു നിന്നു.

സമചിത്തത വീണ്ടെടുത്ത് അവർ പ്രണവിനരികിലേക്ക് നടന്നു.

മക്കളുടെ നന്മ മാത്രമേ മാതാപിതാക്കൾ ആഗ്രഹിക്കുള്ളൂ. തെറ്റായതൊന്നും അവർ മക്കൾക്ക് നൽകില്ല.
പല്ലവി അവൾ നിനക്ക് ചേർന്ന കുട്ടി തന്നെയാണ്. ഞങ്ങളുടെ ആദ്യത്തെ കണ്മണിയാണ് നീ. അമ്മയെന്നും അച്ഛനെന്നും ആദ്യമായി വിളിച്ചതും നീയാണ്. നിന്റെ ശരീരത്തിൽ ഒരു മുറിവ് പറ്റിയാൽ പോലും നിന്റെ അച്ഛന് സഹിക്കാൻ കഴിയില്ല. ആ അച്ഛനാണ് ഇപ്പോൾ തകർന്ന് കയറിപ്പോയത്.
നിന്റെ അച്ഛന്റെ ഭാര്യയായി ഞാൻ വരുമ്പോൾ ഇന്നീ കാണുന്ന ബിസിനസ് ഒന്നുമില്ല.
തകർച്ചയും ലാഭവും എല്ലാം ഉണ്ടായിട്ടുണ്ട്.
തകർന്ന് നിന്നിരുന്ന സമയത്ത് പോലും ഞാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
എന്നാൽ മോനേ നന്ദന മോന്റെ വിജയത്തിൽ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ എന്നും.
നിനക്ക് തന്നെ നന്നായറിയാം നന്ദന നമ്മുടെ കുടുംബവുമായി യോജിച്ചു പോകില്ലെന്ന്. എന്നിട്ടും എന്റെ മോൻ എന്തുകൊണ്ടാ അത് മനസ്സിലാക്കാൻ ശ്രമിക്കാത്തതെന്ന് മനസ്സിലാകുന്നില്ല. ഒന്ന് അമ്മ പറയാo.. കഴിഞ്ഞ ഇരുപത്തിയൊൻപത് വർഷമായി എന്റെ കൂടെയുണ്ട് നിന്റെ അച്ഛൻ.
ആ മനുഷ്യൻ ഇല്ലെങ്കിൽ പിന്നെ അമ്മയും കാണില്ല.
രമ്യ അവസാന വാക്കെന്നോണം പറഞ്ഞു നിർത്തി.

അമ്മേ… മൂന്ന് മക്കളും ഒരുമിച്ചായിരുന്നു വിളിച്ചത്.

ഒന്നും പറയാതെ പ്രണവ് കാറിന്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങി.

കാറിലേക്കിരുന്നു കൊണ്ടവൻ ആദ്യം നന്ദനയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.
അവളോട് സംസാരിക്കണമെന്ന് അവൻ വല്ലാതെ ആഗ്രഹിച്ചു.
നാല് പ്രാവശ്യവും റിംഗ് ചെയ്ത് നിന്നതല്ലാതെ കാൾ എടുത്തില്ല.
അതിനുശേഷം മറ്റൊരു നമ്പർ ഡയൽ ചെയ്തവൻ ചെവിയോട് ചേർത്തു.
ഫോൺ വച്ചവൻ കണ്ണുകൾ അമർത്തി തുടച്ചു.
ശേഷം കാർ ഹോട്ടൽ ഹിൽ പാലസ് ലക്ഷ്യമാക്കി പാഞ്ഞു.

ടാ.. അവൾ അകത്തുണ്ട്..
കാറിൽ നിന്നും വന്നിറങ്ങിയ പ്രണവിനെ നോക്കി അവന്റെ കൂട്ടുകാരൻ ദീപക് പറഞ്ഞു.

പ്രണവ് പറഞ്ഞതനുസരിച്ച് നന്ദനയെ തിരക്കി വന്നതായിരുന്നു ദീപക്.

ഞാൻ പോയി വിളിക്കാം. നീയിപ്പോൾ അങ്ങോട്ട് പോകണ്ട.. ദീപക് പ്രണവിനെ തടയാനാണ് ശ്രമിച്ചത്. കാരണം അകത്തെ കാഴ്ച അവന് താങ്ങാൻ കഴിയില്ലെന്ന് അവന്റെ അടുത്ത സുഹൃത്തായ ദീപക്കിന് വ്യക്തമായിരുന്നു.

വേണ്ട.. ഞാൻ നേരിട്ട് വിളിക്കാം അവളെ. ദീപക്കിനോടായി പറഞ്ഞുകൊണ്ട്
കാർ പാർക്ക്‌ ചെയ്യാനായി കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു കൊണ്ടവൻ അകത്തേക്ക് നടന്നു.

ഡാൻസും പാട്ടും ഡ്രിങ്ക്സുമൊക്കെയായി പാർട്ടി നടക്കുകയായിരുന്നു അവിടെ.
ഒരു ഭാഗത്ത് വെളിച്ചമുണ്ട്. അവിടെ ചിലർ ഇരുന്ന് ഫോണിൽ സംസാരിക്കുന്നു.. ചിലർ ആസ്വദിച്ച് മദ്യം കഴിക്കുന്നു.

പ്രണവിന്റെ മിഴികൾ അലഞ്ഞു നടന്നു.
ഒടുവിൽ പോപ്പ് മ്യൂസിക്കിനൊത്ത് ഡിസ്കോ ലൈറ്റിൽ കൈയിൽ ഡ്രിങ്കുമായി ചുവട് വയ്ക്കുന്ന നന്ദനയിൽ ആ നോട്ടം തങ്ങിനിന്നു.
ആദ്യമായാണ് അവളെ ഇങ്ങനൊരു കോലത്തിൽ കാണുന്നത്.

അച്ഛന്റെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.

മുട്ടിനു മുകളിൽ ഉള്ള ശരീരത്തിന്റെ ആകാരവടിവ് വ്യക്തമാക്കുന്ന ബ്ലാക്ക് പാർട്ടി വെയർ ആണ് വേഷം.
അവളുടെ കൂടെ ഡാൻസ് ചെയ്യുന്ന യുവാവിന്റെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റിയിരുന്നു.
അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലും മാറിലും പരതി കൊണ്ടിരുന്നു.

ജീവനെപ്പോലെ സ്നേഹിച്ച പെണ്ണിനെ അങ്ങനെയൊരു കോലത്തിൽ കാണേണ്ടി വന്ന കാമുകന്റെ അവസ്ഥ. തകർന്നവനെപ്പോലെ നിന്നു പ്രണവ്.
ഒരാശ്വാസത്തിനെന്നോണം ദീപക് അവനെ ചേർത്തു പിടിച്ചു.

പാഞ്ഞുചെന്ന് അവളുടെ കവിളടിച്ചു പൊട്ടിക്കണമെന്നവന് തോന്നി.
പക്ഷേ അവളുടെ അടുത്തുണ്ടായിയുന്നവൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അപ്പോഴേക്കും പൂഴ്ത്തിയിരുന്നു.

കൂടുതൽ കണ്ടു നിൽക്കാൻ ശക്തിയില്ലാതെ പ്രണവ് തിരിഞ്ഞു നടന്നു.
ചിലർ അവനെ ചൂണ്ടിക്കാട്ടി അടക്കം പറയുന്നത് അവനറിഞ്ഞു.
ഇന്നലത്തെ സംഭവത്തോടെ പൊതുവെ അറിയപ്പെടുന്ന താൻ ഒന്നുകൂടി പ്രശസ്തനായതല്ലേ.. അവന് സ്വയം പുച്ഛം തോന്നി.

ദീപക് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവന്റെ വിലക്ക് മറികടന്ന് അന്നാദ്യമായി കോർണറിലെ ബാറിൽ നിന്നും അവൻ മദ്യം കഴിച്ചു.

ഉള്ളിൽ അപ്പോഴും നന്ദനയും അവളോട് ചേർന്നു നിന്ന യുവാവുമായിരുന്നു.
താൻ ഏറെ വിശ്വാസമർപ്പിച്ചിരുന്ന പ്രണയിനി.. ഒരൊറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞ ജീവിതം… തന്റെ പ്രണയത്തിനേറ്റ ശക്തമായ പ്രഹരം.
പ്രണയത്തിലുള്ള അവന്റെ വിശ്വാസo തകർന്നടിയുകയായിരുന്നു അവിടെ..
കാരണം അതവനെ അത്രമേൽ ശക്തമായി തളർത്തിയിരുന്നു..
അവനാദ്യമായി നന്ദനയോട് വെറുപ്പ് തോന്നി.
എന്തിനെന്നറിയാതെ ആ നിമിഷം അവന്റെ മനസ്സിൽ കരഞ്ഞു ചുവന്ന ഒരു മുഖം കടന്നുവന്നു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

Share this story